My Strength

what do you like about this blog?

Friday, June 7, 2013

ചീസോപാനിയിലേക്ക് ഒരു അപൂര്‍ണമായ യാത്ര

                                                                   -an incomplete journey to Chisapani, Nepal
നേപ്പാളി പുതുവര്‍ഷ രാത്രിയില്‍ Kathmanduവിലെ തമേലില്‍ New Orleans Cafe യില്‍ രൂപേഷ് ഖനാലുമായി സംസാരിചിരുന്നപ്പോളാണ് Trekking-ന് ചീസോപാനിയിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്‌ . തമേല്‍ Kathmandu-വിലെ വിദേശികളുടെ പ്രിയ വിഹാര കേന്ദ്രമാണ്. ചുവന്ന തെരുവെന്ന പേരും തമേലിനുതന്നെ.

ഏപ്രില്‍ 13, 2012.
നേപ്പാളി നവ വല്‍സരത്തിന്റെ ആഘോഷങ്ങള്‍ എല്ലാ ഭക്ഷണ ശാലകളിലും. നേപ്പാളികള്‍ ആഘോഷങ്ങളില്‍ പിശുക്ക് കാണിക്കാത്തവരാണ്‌. കല്യാണ ഘോഷയാത്രകള്‍ റോഡിലൂടെ പോകുന്ന കാഴ്ച്ച കാണേണ്ടതുതന്നെ. ആണും, പെണ്ണും പ്രായഭേദമന്യേ നൃത്തം ചവിട്ടി പോകുന്ന കാഴ്ച്ച ഖുര്‍സനിറ്റാറിലെ എന്റെ മുറിയുടെ ജനാലയിലൂടെ പല തവണ ഞാന്‍ ഉത്സാഹത്തോടെ നോക്കി നിന്നിട്ടുണ്ട്. എന്റെ വീട്ടുടമയുടെ കല്യാണാഘോഷത്തില്‍ പങ്കെടുത്തപ്പോള്‍ നൃത്തം ചവിട്ടാന്‍ ഞാനും ചേര്‍ന്നു. ആരും മാറി നില്ക്കുന്നില്ല. മദ്യവും, മാംസവും, നൃത്തവും ഒത്തു ചേരുന്ന ഒരു മനോഹര കോക്ടെയില്‍!! New Orlean-സില്‍ പാട്ടും, നൃത്തവും നടക്കുന്നു. ഒരു പഴയ തറവാടിന്റെ മാതൃകയിലുള്ള ഭക്ഷണശാലയുടെ പല മുറികളിലായി വിദേശികളും, നേപ്പാളി കുടുംബങ്ങളും ഉച്ചത്തില്‍ സംസാരിച്ച് ഭക്ഷണം കഴിക്കുന്നു. പല നിറത്തിലുള്ള ബള്‍ബുകളുടെ നീണ്ട നിര.

നാളെയാണ് വിഷു. April, 14. പെട്ടെന്ന് Carlsburg-ന്റെ ലഹരി ദൂരങ്ങളുടെ പരിഭവങ്ങളെ നിശബ്ദമാക്കി. ഞാനതാ പടക്കം പൊട്ടിക്കാന്‍ തയ്യാറെടുക്കുന്നു. അകത്ത്‌ ഉണ്ണിയപ്പം തയ്യാറാകുന്നു. എണ്ണയുടെ ഗന്ധം!! പൂജാമുറിയില്‍ അമ്മ വരച്ച കോലത്തിനടുത്ത് പ്രകൃതിയുടെ പാരിതോഷികങ്ങള്‍ നാളത്തെ കണിയായി ഒരുക്കുന്ന അച്ഛന്‍. രാത്രിയുടെ ഇരുട്ടിനെ ഭേദിച്ചുകൊണ്ട് പടക്കങ്ങളുടെ നിരന്തര നിറ ഭേദങ്ങള്‍. കണികാണാന്‍ കണ്ണു പൊത്തി വന്നിരുന്ന കുട്ടിക്കാലം!! നാണയത്തിന്റെ ശീതള സ്പര്‍ശം കണ്‍ പോളകളില്‍. "കണി കണിയോ " എന്ന് വിളിച്ച് വീടുകള്‍ തോറും വന്നിരുന്ന കുട്ടികള്‍. അവര്‍ തന്നെയല്ലേ ഏറ്റവും മഹത്തായ കണി???!! അതിന്ന് നഷ്ടപെട്ട കണിയാണ്. ആ നിഷ്കളങ്കത!!
"നാളെ നേരത്തേ എഴുന്നേറ്റ് തയ്യാറാകണം ഞാന്‍ വരാം" എന്ന് രൂപേഷ് പറഞ്ഞപ്പോഴാണ് New Orleans-ന്റെ ദീപ വര്‍ണങ്ങളിലേക്ക് തിരിച്ച് വന്നത് .
"നമ്മള്‍ നാളെ ചീസോപാനിയിലേക്ക് പോകുന്നു. നമ്മള്‍ രണ്ടു പേര്‍ മാത്രം".

April, 14th. വിഷു.

രാവിലെ ഏഴു മണിയോടുകൂടി രൂപേഷ് എന്റെ വീട്ടിലെത്തി. ആവശ്യമുള്ള സാധനങ്ങള്‍ ഒരു ബാഗിലാക്കി നമ്മള്‍ രത്നാ പാര്‍ക്കിലേക്ക് പുറപ്പെട്ടു. Kathmandu-വിലെ ബസ് സ്റ്റാന്റാണ് രത്നാ പാര്‍ക്ക്. നഗര മധ്യത്തിലുള്ള മൈതാനത്തിനു എതിര് വശം. ആപ്പിളും, മറ്റ് fruits-ഉം വാങ്ങി നമ്മള്‍ ഭക്തപൂരിലേക്കുള്ള ബസില്‍ കയറി. തിരക്കുണ്ടെങ്കിലും നേപ്പാളി പാട്ടുകള്‍ പാടി നമ്മള്‍ സഹ യാത്രികരെ അമ്പരപ്പിച്ചു. ഭക്തപൂരിലെത്തിയപ്പോഴേക്കും നല്ല വിശപ്പ്‌.


നേപ്പാളികളുടെ ഭക്ഷണ ശീലം അറിഞ്ഞിരിക്കേണ്ടതാണ് . രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ ചോറും, പരിപ്പും, ഇലക്കറിയും വയറ് നിറയെ കഴിക്കും. പിന്നെ ഉച്ചയ്ക്ക് ലഘു ഭക്ഷണം. വൈകുന്നേരം വീണ്ടും ലഘു ഭക്ഷണം. പിന്നെ രാത്രിയില്‍ എട്ടു മണിയോടടുത്ത് അത്താഴം. നേരത്തെ ഉറങ്ങുകയും, നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണ് നേപ്പാളികള്‍. കര്‍ഷക പൈതൃകത്തിന്റെ ബാക്കിയായ ചില ശീലങ്ങളായിരിക്കാം. എങ്കിലും "പുലര്‍ന്നാലും പുലരാത്ത കണ്ണുകള്‍". അതാണ്‌ നേപ്പാളികളുടെ കണ്ണുകളെപ്പറ്റി വര്‍ണിക്കാന്‍ തോന്നുന്നത് . ബസ്‌ സ്റ്റാന്റില്‍ നിന്നും അല്പം ദൂരെ നടന്ന് ഒരു ഭക്ഷണ ശാലയില്‍ കയറി. ചോറും, പരിപ്പും, ഇലക്കറിയും വയറ് നിറയെ കഴിച്ചപ്പോള്‍ ഒന്നു മയങ്ങിയാലോ എന്നൊരു ചിന്ത.പക്ഷേ, യാത്രയുടെ തുടക്കം പോലുമായില്ല, രൂപേഷ് താക്കീത് നല്‍കി. നഗര്‍കോട്ടിലെക്കുള്ള ബസുകളിലാണെങ്കില്‍ ഇരിക്കാന്‍ സ്ഥലമില്ല. ഒന്നു രണ്ടു ബസുകളില്‍ മുകളില്‍ ആളുകള്‍ ഇരിക്കുന്നു.

നല്ല ചൂടും, പൊടിയുമുള്ളതുകൊണ്ട് മാത്രം ആ പദ്ധതി ഉപേക്ഷിച്ചു. നിന്നു കൊണ്ട് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ഈ ബസ്സ് പോയാല്‍ അടുത്തത് അര മണിക്കൂറെങ്കിലും കഴിയും. ബസില്‍ കയറി. നല്ല തിരക്കുണ്ട്. ഗ്രാമങ്ങളിലൂടെയുള്ള യാത്ര. നഗര്‍കോട്ട് ഒരു കുന്നിന്‍ പ്രദേശമാണ് . നല്ല ഒരു ഹില്‍ സ്റ്റേഷന്‍. ഊട്ടിയെയൊ, കൊടൈക്കനാലിനെയൊപോലെ. നഗര്‍കോട്ടില്‍ ഞാന്‍ ഇതിനു മുമ്പ് പോയിട്ടുണ്ട്. മനസ്സിന് ഒരുപാട് ഉന്മേഷം തരുന്ന ഒരു സ്ഥലമാണ് നഗര്‍കോട്ട് .

ദൂരത്ത് വെളുത്ത ഹിമാലയ സാനുക്കളുടെ നിര നോക്കി നില്‍ക്കാന്‍ എന്തൊരു സുഖമാണ് !!! മതിവരാത്ത മനോഹാരിത. ഇവിടുത്തെ പല റിസോര്‍ട്ടുകളിലും വൈകുന്നേരം നാടന്‍ പാട്ടുകള്‍ ഉണ്ടാകും. നേപ്പാളി നാടന്‍ പാട്ടുകളുടെ നിഷ്കളങ്കത എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ദേവ് ആനന്ദിന്റെ സിനിമയിലെ "കാഞ്ചി രേ കാഞ്ചി രേ ... " എന്ന പാട്ടിന്റെ സുഖം ഒരു ചെറിയ ഉദാഹരണം മാത്രം. "രേസം ഫിരീരി രേസം ഫിരീരി" എന്ന നാടന്‍ പാട്ട് നേപ്പാളില്‍ ഏറെ പ്രസിദ്ധമാണ്. എന്റെ പ്രിയപ്പെട്ട നേപ്പാളി പാട്ടുകളില്‍ ഒന്ന് തീര്ച്ചയായും ഇത് തന്നെ. നഗര്‍കോട്ട് ഒരുപാട് ചെലവു കൂടിയ ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല. Kathmandu-വില്‍ നിന്ന് ബസിന് നൂറു രൂപയ്ക്കുള്ളില്‍ നഗര്‍കോട്ടെത്താം. ടാക്സിയിലാണെങ്കില്‍ രണ്ടായിരം രൂപ മിനിമം. നഗര്‍കോട്ടിലെക്കുള്ള ചുരം പ്രകൃതി ഭംഗിയുടെ അനിര്‍വചനീയ അനുഭവമാണ്. ക്യാമറയ്ക്ക് പോലും ഒപ്പിയെടുക്കാന്‍ പറ്റാത്ത സൌന്ദര്യം. ആളുകള്‍ അധികം തിങ്ങിപ്പാര്‍ക്കാത്തതിനാല്‍ ഈ സൌന്ദര്യം നഷ്ടപ്പെടാതിരിക്കുന്നു. സൂര്യോദയത്തിന്റെയും, അസ്ത്തമയത്തിന്റെയും ദൃശ്യ ചാരുതയ്ക്ക് നഗര്‍കോട്ട്  പ്രസിദ്ധമാണ് . തട്ടുകളായി കൃഷി ചെയ്യുന്ന ഗോതമ്പും, നെല്ലും, ചോളവുമൊക്കെ പ്രകൃതിയുടെ പുസ്തകത്തിലെ മാറുന്ന ഋതുക്കളുടെ താളുകളാണ്. നെല്ല് കൊയ്ത്ത് കഴിഞ്ഞ് നിറച്ചുവെക്കുന്ന "ടഹാറാ" എന്ന വൈക്കോല്‍പ്പുരകള്‍ രൂപത്തില്‍ ഇഗ്ലൂ മഞ്ഞു കൂടാരങ്ങളെ അനുസ്മരിപ്പിച്ചു. വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പു മണികളുടെ സ്വര്‍ണ വര്‍ണ ഭംഗി വാക്കുകള്‍ക്കതീതം. കൊയ്ത്തിന് തൊട്ടുമുമ്പുള്ള നിറമാണത് . സ്വര്‍ണ വര്‍ണമായാല്‍   കൊയ്ത്തിനടുത്തു  എന്നാണ്. സ്വരം നന്നായാല്‍ പാട്ട് നിര്‍ത്തണം എന്നപോലെ !!! മലയാളിക്ക് ഇത് അധികം പരിചിതമായ കാഴ്ചയല്ല. മലനിരകളില്‍ ജീവിതത്തിന് വേഗം കുറയുമെങ്കിലും മനസ്സിന് ഏകാഗ്രത കൂടും. കാരണം മാലിന്യം കുറവാണ് , അകത്തും പുറത്തും. മലകളില്‍ മഞ്ഞും, മഴയും മനസ്സിനെ നവീകരിക്കുന്ന അനുഭവമാണ്. നനഞ്ഞ പുല്‍ക്കളുടെ രോമാഞ്ചം മനസ്സിനെ സര്‍ഗാത്മകമാക്കും.


ബസ്സില്‍ സ്ത്രീകളും, കുട്ടികളും, നാടന്‍ എണ്ണയുടെയും, മണ്ണിന്റെയും ഗന്ധമുള്ള പെണ്‍കുട്ടികളും തിങ്ങി നിന്നു. കുറെ ഹിന്ദിപ്പാട്ടുകള്‍ യാത്രയുടെ ദൂരം അനുഭവപ്പെടാതെ സഹായിച്ചു. ചില പാട്ടുകള്‍ക്കൊത്ത് ചുണ്ടനയ്ക്കുന്ന സ്ത്രീകളെയും കണ്ടു. നഗര്‍കോട്ടെത്തിയപ്പോള്‍ ഉച്ചയ്ക്ക് 12.30 മണി. ഞങ്ങള്‍ ഒരു കടയില്‍ കയറി വെള്ളവും,ബിയറും, സ്നാക്സും വാങ്ങി. നേപ്പാളില്‍ മദ്യം ഏതു കടകളിലും കിട്ടും. അതു കൊണ്ട് ബീവറേജ് കോര്‍പറേഷന്റെ ക്യൂ ഇവിടെ കാണില്ല. ഞങ്ങള്‍ ട്രെക്കിംഗ് ആരംഭിച്ചു. വഴിയില്‍ കല്ല്‌ പൊട്ടിക്കുന്നവരെയും, അവ കൊട്ടകളിലാക്കി തലയിലൂടെ ചുറ്റിയ കയറില്‍ ചുമന്നു കൊണ്ടുപോകുന്നവരെയും കണ്ടു. ഇവിടെ ഭാരം ചുമക്കുന്നത് നെറ്റിയില്‍ വരിഞ്ഞ കയറിന്റെ അറ്റത്ത് കെട്ടിയ കൊട്ടകളിലാണ് . തലയുടെ ഏറ്റവും കാര്യമായ ഉപയോഗം ഈ ഒരു കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത്!! ചില ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത് മനോഹരമായ ചിത്രം സമ്മാനിക്കുമെങ്കിലും ഈ കാഴ്ച എന്നെ പലപ്പോഴും വിഷാദവാനാക്കിയിട്ടുണ്ട് . എന്തോ ഒരു കീഴടങ്ങലിന്റെ ശരീര ഭാഷ.


പത്ത് കിലോ മീറ്ററിലധികം നടന്ന് അല്പം വിശ്രമിക്കാന്‍ പാതയില്‍ നിന്ന് വിട്ട് ഒരു കാട്ടിലേക്ക് കയറി. അവിടെ നിന്ന് നോക്കിയാല്‍ കുന്നുകള്‍ കാണാം. അടുത്തു തന്നെ കാബേജ് കൃഷി ചെയ്യുന്ന ഒരു കുടുംബത്തെ കണ്ടു. ഞങ്ങള്‍ പുല്ലിലിരുന്ന് ബിയര്‍ കഴിക്കാന്‍ തുടങ്ങി. പുല്ലില്‍ നിറയെ ലേഡി ബേഡ്സ് . "അച്ഛാ, എന്നെ ലേഡി ബേഡ് കടിച്ചു " എന്ന് പറഞ്ഞ് കരഞ്ഞ് ഉറക്കമറിയുന്ന മകളെ ഓര്‍ത്തപ്പോള്‍ മനസ്സ് ആര്‍ദ്രമായി. അവളുടെ ഈ വിചിത്രമായ പ്രതികരണം എന്നെ ചിന്താകുലനാക്കിയിട്ടുണ്ട്. സ്വപ്നങ്ങളുടെ ഉറവിടങ്ങളെ കണ്ടെത്താന്‍ എത്ര ബുദ്ധിമുട്ടാണ്. പെട്ടെന്നാണ് ഒരു കനേഡിയന്‍ ദമ്പതിമാര്‍ ആ വഴി വന്നത് . സംസാരിച്ചപ്പോള്‍ സ്നേഹം അറ്റ്ലാന്റിക്കിന്റെ ദൂരം അതിവേഗം താണ്ടി. ആത്മീയതയെക്കുറിച്ചുള്ള സംസാരത്തില്‍ അദ്ദേഹം പൊട്ടികരഞ്ഞു. കണ്ണുനീരിന്റെ ആര്ദ്രതയില്ലാത്ത ആത്മീയതയ്ക്കെന്തു പ്രയോജനം?! ആ കാട്ടില്‍ നമ്മള്‍ ആദി മാനവ സൌഹൃദം പങ്കുവെച്ചു. സംസ്കാരവും, ഭാഷയുമൊക്കെ വന്നു ചേര്‍ന്നതാണെന്ന വെളിപാടോടെ. അവരോട് യാത്ര പറഞ്ഞ് യാത്ര തുടര്‍ന്നു.കുന്നുകളിറങ്ങി അടുത്ത ഗ്രാമത്തിലേക്ക്. വഴിയില്‍ ആലിംഗനബദ്ധരായ കമിതാക്കളെ കണ്ടു. ബിയര്‍ ബോട്ടില്‍ കാലിയായപ്പോള്‍ വലിച്ചെറിയാന്‍ തുനിഞ്ഞ എന്നെ രൂപേഷ് വിലക്കി ഉപദേശിച്ചു, ഭദ്രമായി ഒരിടത്ത് വെയ്ക്കുക. അടുത്തുള്ള ഗ്രാമത്തിലെ കുട്ടികള്‍ ശേഖരിച്ച് അല്പം കാശുണ്ടാക്കിക്കോട്ടെ. ഉപദേശം അനുസരിച്ചു.


ആദ്യത്തെ ഗ്രാമം കാര്‍ത്തികെ. റോഡിന്റെ ഇരു വശത്തും വീടുകളും, കടകളും. റോഡരികില്‍ ചെറുപ്പക്കാര്‍ കാരംസ് കളിക്കുന്നു. എങ്ങും ഒരലസത. നേപ്പാളികള്‍ പൊതുവെ സമാധാനപ്രിയരാണ് . ഒന്നിനെതിരെയും ഒരുപാട് പ്രതികരിക്കാത്ത പ്രകൃതം. നഗരത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ പരസ്പരം ഉരസിയാലോ, വഴിപോക്കര്‍ വണ്ടിക്കു മുന്നില്‍ അറിയാതെ ചാടിയാലോ കയര്‍ത്തു സംസാരിക്കില്ല. അങ്ങിനെയൊന്ന് ബിഹാറിലോ, യു. പി. യിലോ മറ്റോ ആണെങ്കില്‍ "നൂറു ഹിന്ദി തെറികള്‍" എന്ന ഒരു പുസ്തകം എഴുതാനുള്ളത്ര ശബ്ദങ്ങള്‍ ശേഖരിക്കാം!!! ഞങ്ങള്‍ കുന്നുകള്‍ താണ്ടി യാത്ര തുടര്‍ന്നു. എവറസ്റ്റ്‌ കയറാനുള്ള എന്റെ ആഗ്രഹത്തെ രൂപേഷ്  ഉദ്ദീപിപ്പിച്ചു. ദൂരെ താഴ്വരകളില്‍ ചെറിയ മണ്‍ വീടുകള്‍ കാണാം. ചുവപ്പും, വെള്ളയും നിറത്തിലുള്ള വീടുകള്‍ താഴ്‌വരയുടെ നിറത്തിന് ഭംഗി കൂട്ടി. കുറേ നടന്ന് തളര്‍ന്നപ്പോള്‍ ഒരു പുല്‍ മൈതാനത്ത് വിശ്രമിക്കാന്‍ തീരുമാനിച്ചു. അല്പനേരം അവിടെകിടന്ന് മയങ്ങി.

സമയ ബോധവും, സ്ഥല ബോധവും നഷ്ടപ്പെട്ട അവസ്ഥ.എങ്ങോട്ടാണീ യാത്ര? എന്തിന് ? ആ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അവയ്ക്ക് ദീര്‍ഘായുസ്സുണ്ടായില്ല. യാത്ര തുടര്‍ന്നു. വഴിയില്‍ കാട്ടില്‍ നിന്നും ഇലകള്‍ കൊട്ടകളിലായി ശേഖരിച്ച് വരുന്ന സ്ത്രീകളെ കണ്ടു. കന്നുകാലികള്‍ക്കുള്ള തീറ്റയാകാം. ഭൂരിഭാഗവും ചെറു പ്രായത്തിലുള്ള പെണ്‍ കുട്ടികള്‍. കുന്നിന്‍ പുറത്തുകൂടി നടന്നകലുന്ന കൊട്ടകളുടെ   ദൃശ്യം സമയത്തിന്റെ അനന്തതയിലെ ഒരു ചെറിയ നിമിഷം!! നമ്മുടെ കണ്ടുമുട്ടലുകളും, വേര്‍പിരിയലുകളുമൊക്കെപ്പോലെ!! ഈ കൊട്ടകളെ നേപ്പാളിയില്‍ "ഡോക്കോ" എന്നാണ് വിളിക്കുന്നത്‌. "ഡോക്കൊമോ" പരസ്യം ഓര്‍മ വന്നു. കാലിയായ ഡോക്കൊയുമായി ഇലകള്‍ ശേഖരിക്കാന്‍ പോകുന്ന ദമ്പതികളെയും കണ്ടു. പാതയുടെ ഇരു വശത്തും കുന്നുകളും, താഴ്വരകളും . ചിലയിടങ്ങളില്‍ ആടുകള്‍, തൊഴുത്ത് . വീടുകള്‍ ഉണ്ടെങ്കില്‍ത്തന്നെ ഒരു വിജനത. നേപ്പാളി തൊപ്പി ധരിച്ച ഒരാളെ പരിചയപ്പെട്ടു. കര്‍ഷകനാണ് . കയ്യില്‍ ഒരു വടിയും. രൂപേഷ് അദ്ദേഹവുമായി നേപ്പാളിയില്‍ കുശലം പങ്കുവെച്ചു. അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ എടുത്തു. നേപ്പാളി ഗ്രാമീണരുടെ ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഒന്ന് , അനുമതി ചോദിക്കണം. സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും. ചിലപ്പോള്‍ ചിലര്‍ ഫോട്ടോയെടുത്തു കഴിഞ്ഞാല്‍ പൈസ ചോദിക്കാനും സാധ്യതയുണ്ട്. അല്പം ദൂരെ നടന്നപ്പോള്‍ ട്യൂഷന്‍ പഠിക്കാന്‍ പോകുന്ന ഒരു കൂട്ടം കുട്ടികളെ കണ്ടു. കയ്യില്‍ പുസ്തകമൊന്നുമില്ല. വടിയും മറ്റുമായി ഒരു വിനോദ യാത്രയ്ക്കെന്ന പോലെ!! പരസ്പരം കുസൃതി കാണിച്ചു വന്ന അവരോട് കുശലം പറയാന്‍ ശ്രമിച്ച എന്റെ നേരെയും ഒരു കുസൃതിക്കുടുക്ക ശാരീരിക മുറകള്‍ കാണിച്ചു. ഞാന്‍ ഭവ്യതയോടെ കീഴടങ്ങി. "നേപ്പാളിയാണെങ്കിലും അവന്‍ എരപ്പാളി തന്നെ"!!!


                         http://www.youtube.com/watch?v=7zJFShHa4Sw
വഴിയില്‍ ഒഴിഞ്ഞുകിടന്ന മണ്‍ കെട്ടിടങ്ങള്‍ നമ്മുടെ നാടന്‍ ചായക്കടകളുടെ ചിത്രം മനസ്സിലുയര്‍ത്തി. ബസ് സര്‍വീസുള്ള ഒരു കവലയില്‍ ചായ കഴിക്കാന്‍ ഒരു കടയില്‍ കയറി.ചായയും, മാല്‍ പുവയും(മൈദ കൊണ്ടുണ്ടാക്കുന്ന പലഹാരം)  കഴിച്ചു. ചില കോളേജ് വിദ്യാര്‍ത്‌ഥി-വിദ്യാര്‍ത്‌ഥിനികള്‍ ഒരു വശത്ത് പലതും പറഞ്ഞ് ചിരിക്കുന്നു.

ഈ കവലയ്ക്കടുത്ത് ഒരു സ്കൂളും കണ്ടു.ഈ കുട്ടികള്‍ക്ക് മലയാളിയുടെ ചെവിയില്‍ മുഴങ്ങുന്ന തിരമാലയുടെ ശബ്ദം അപരിചിതം. എന്തിനത്ര ദൂരം? Kathmandu-വിന്റെ പരിഷ്കാരം പോലും!! യാത്രയില്‍ അല്പദൂരം പിന്നിട്ടപ്പോള്‍ നേപ്പാളിത്തൊപ്പി ധരിച്ച ഒരു കര്‍ഷകനും കൂടെ ചേര്‍ന്നു. രൂപേഷ് അദ്ദേഹവുമായി സംസാരിച്ചു കൊണ്ടിരുന്നു. അത്യാവശ്യകാര്യങ്ങള്‍ എനിക്കായി തര്‍ജമ ചെയ്തു തന്നു.

ഏക്കറു കണക്കിന് കുന്നിന്‍ പ്രദേശങ്ങള്‍ ബുദ്ധിസ്റ്റ് മൊണാസ്ടറികള്‍ക്കായി വാങ്ങിയിട്ടിരിക്കുകയാണെന്നറിഞ്ഞു. നേപ്പാളില്‍ ബുദ്ധിസം വളരാന്‍ ഒരു കാരണം ജാതി ഭേദമായിരിക്കാം. എണ്ണിത്തിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളത്ര ജാതികളും, വിശ്വാസങ്ങളും. വഴിവക്കിലെ ഒരു വീട്ടു പറമ്പില്‍ പച്ചക്കറികള്‍ ശേഖരിക്കുന്ന അച്ഛനെയും, മക്കളെയും കണ്ടു. മണ്ണില്‍ മതത്തെക്കാളും നല്ലത് പച്ചക്കറി കൃഷി തന്നെ!! തന്റെ ഗ്രാമമെത്തിയപ്പോള്‍ കൂടെ നടന്ന കര്‍ഷകന്‍ യാത്ര പറഞ്ഞു. ഇനിയും ഒരുപാട് ദൂരമുണ്ട് താണ്ടാന്‍. രൂപേഷും, ഞാനും വീണ്ടും നേപ്പാളിപ്പാട്ടുകളുടെ കൂട്ടുപിടിച്ച് നടത്തത്തിന് ഊര്‍ജം പകര്‍ന്നു.

കുന്നുകള്‍ താണ്ടിയെത്തിയത്‌ ലാപ്സെഫെടിയിലാണ്(Lapsephedi). സമയം 6.10. ആ കുന്നിന്‍ മുകളില്‍ വീടിനോട് ചേര്‍ന്ന് ഒരു ചായക്കട കണ്ടു. പുറത്ത് വെച്ച ബെഞ്ചിലിരുന്ന് ചായ കുടിച്ചു കൊണ്ട് നമ്മള്‍ താണ്ടിയ അനേകം കുന്നുകളെയും, താഴ്വരകളെയും നോക്കി അതിശയിച്ചു.  താണ്ടി വന്ന ഗ്രാമങ്ങളില്‍ ചിലത് ബോജനി, ദുക്സാന്‍, ചൗകി ഭാന്ജ്യാംഗ് . ചീസോപാനിയിലേക്ക് തുടര്‍ യാത്രയുടെ സാധ്യതകളെപ്പറ്റി രൂപേഷ് അന്വേഷിച്ചപ്പോള്‍ കിട്ടിയത്  അനുകൂലമായ ഒരു സൂചനയല്ല. ചീസോപാനിയിലെത്താന്‍ കുറഞ്ഞത് അഞ്ചോ, ആറോ മണിക്കൂര്‍ വേണം. ഇനിയങ്ങോട്ട് കൊടും കാടാണ്. രാത്രിയാത്ര തീരെ സുരക്ഷിതമല്ല. വന്യ മൃഗങ്ങളുടെയും, കാട്ടുകള്ളന്‍മാരുടെയും ഭീഷണി. ഇന്ന് ഈ വീട്ടില്‍ തങ്ങി പുലര്‍ച്ചെ പുറപ്പെട്ടാല്‍ മതിയെന്ന് രൂപേഷ് ഉപദേശിച്ചു. ഞാന്‍ സമ്മതിച്ചില്ല. രാത്രിയില്‍ കാട്ടിലൂടെയുള്ള യാത്രയുടെ ഹരമറിയാനും, സമയം നഷ്ടപ്പെടാതെ ലക്ഷ്യ സ്ഥാനത്തെത്താനും ആഗ്രഹിച്ച് ഞാന്‍ പറഞ്ഞു, "നമ്മള്‍ ഇപ്പോള്‍ തന്നെ പുറപ്പെടുന്നു. കാട്ടിലൂടെ". രൂപേഷ് ഒന്നമ്പരന്ന് എന്നെ നോക്കി.അത്യാവശ്യം ബിസ്കറ്റും, വെള്ളവുമൊക്കെ വാങ്ങി നമ്മള്‍ യാത്ര തുടങ്ങി. ആ കുന്നിന്റെ മുകളില്‍, ആകാശത്തെ തൊടുന്ന അസുലഭ സൌന്ദര്യ സാന്ധ്യ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന നിമിഷങ്ങളെ ഞാന്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.

കാട് തുടങ്ങുന്നിടത്ത് ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുമതി വാങ്ങാന്‍ രൂപേഷ് സെക്യൂരിറ്റി ഓഫീസിലേക്ക് പോയി. പേരും, മറ്റു വിവരങ്ങളും  നല്‍കി വന്നു. യാത്രയിലെ ദുര്‍ഘടങ്ങള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രമേ  അനുമതി നല്‍കൂ എന്ന നിബന്ധന അംഗീകരിച്ച് നമ്മള്‍ നടന്നു.
കാട്ടിലൂടെയുള്ള ആ യാത്ര ജീവിതത്തിലെ ഏറ്റവും ഭീതികരമായ അനുഭവമായി. എങ്ങോട്ടാണ് പോകുന്നതെന്നോ, എപ്പോള്‍ എവിടെ എത്തുമെന്നോ ഒരു നിശ്ചയവുമില്ല. ഞാനും, രൂപേഷും ആ യാത്രയ്ക്ക് ഒരു തയ്യാറെടുപ്പുമില്ലാതെയാണ് പുറപ്പെട്ടതെന്ന് മനസ്സിലായി. കയ്യില്‍ ടോര്‍ച്ച് പോലുമില്ല. ആ ഘോര വനത്തിന്റെ ഇരുട്ടും, പടരുന്ന രാത്രിയുടെ ഇരുട്ടും കൂടിയപ്പോള്‍ ഭീതി ഉള്ളില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഒരു നിമിഷം "ഇത് വേണമായിരുന്നോ?" എന്ന ചോദ്യം നമ്മള്‍ പരസ്പരം നോക്കി പങ്കുവെച്ചു. വഴിയില്‍  ഒരിടത്ത് എന്തോ കിടക്കുന്നത് കണ്ടു. നമ്മള്‍ മുന്നോട്ട് പോകാന്‍ മടിച്ച് നിന്നു. മെല്ലെ എന്റെ മൊബൈലിന്റെ വെളിച്ചമുപയോഗിച്ച് അതിനടുത്തേക്ക് നടന്നു. ഹൃദയമിടിപ്പ്‌ കൂടി വന്നു. രൂപേഷ് എന്റെ കൈ പിടിച്ചിരുന്നു. അടുത്തെത്തിയപ്പോള്‍ അത് കെട്ടിനില്‍ക്കുന്ന വെള്ളമാണെന്ന ആശ്വാസത്തോടെ മനസ്സിലാക്കി. നമ്മള്‍ ഒന്നു ചിരിച്ചെങ്കിലും എന്തോ ഒരു ഭയം മനസ്സിനെ ആഴത്തില്‍ അലട്ടിക്കൊണ്ടിരുന്നു.
"എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഇങ്ങനെ ഒരു ട്രെക്കിങ്ങിന് ഗൈഡായി പോകുന്നത്!!", രൂപേഷ് ദയനീയതയോടെ എന്നെ നോക്കി പറഞ്ഞു.നമ്മള്‍ കൈ പിടിച്ച് ഒരാള്‍ മുന്നോട്ട് നോക്കിയും, മറ്റെയാള്‍ ഇടയ്ക്കിടെ പിന്നോട്ട് നോക്കിയും നടന്നു. തേടിയത് വെളിച്ചം മാത്രം.വെളിച്ചമെന്നാല്‍ ആളുകള്‍, വീടുകള്‍, ജീവിതം. രണ്ടര മണിക്കൂര്‍ കടുത്ത ഹൃദയമിടിപ്പോടെ നടന്നൊരിടത്തെത്തി. വഴികള്‍ രണ്ടായി പിരിയുന്നിടം. ഏതു വഴി പോകും? റോബര്‍ട്ട് ഫ്രോസ്റ്റിന്റെ "ദ റോഡ്‌ നോട്ട് ടേക്കന്‍" എന്ന കവിത ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. നമ്മള്‍ ചിന്താകുലരായി നിന്നു. ഒടുവില്‍ "വരുന്നിടത്ത് വച്ച് കാണാം" എന്ന് തീരുമാനിച്ച് ഒരു വഴി തെരഞ്ഞെടുത്തു. താഴ്വരയിലെക്കുള്ള ഇറക്കമാണ്. കുറച്ചു ദൂരം താണ്ടിയപ്പോള്‍ ഒരു വീട്ടിലെ വെളിച്ചം കണ്ടു. സമാധാനമായി!!! ആ ദിശയിലേക്ക് നടന്നു നീങ്ങിയപ്പോള്‍ മനസ്സിലായി ആ വീട് കുന്നിന്‍ മുകളിലാണെന്നും, നമ്മള്‍ അവിടെ നിന്നും വളരെ ദൂരം താഴെയെത്തിയെന്നും!! രാത്രിയുടെ ഓരോ വികൃതികള്‍! തിരിച്ച് പോകുന്നതിനെക്കാള്‍ നല്ലത് മുന്നോട്ട് നടന്ന് മറ്റൊരു വീട് കണ്ടെത്തുന്നതാണ്. അങ്ങിനെ ഒരു വീടിന്റെ ഉമ്മറത്ത്‌ നിന്ന് വിളിച്ചു ചോദിച്ചു. അകത്ത് വെളിച്ചമുണ്ട്. "കതക് തുറക്കില്ല, വേറെയിടം നോക്കൂ" എന്നൊരു സ്ത്രീ അകത്തു നിന്ന് രൂപേഷിനോട്‌ നേപ്പാളിയില്‍ പറഞ്ഞു. അങ്ങിനെ പ്രതീക്ഷയുടെ ആ വെളിച്ചം അകന്നു പോയി. പക്ഷെ, ആ സ്ത്രീ കുറച്ചു ദൂരമുള്ള ഗ്രാമപഞ്ചായത്ത് സചിവിന്റെ വീട്ടിലന്വേഷിക്കാന്‍ പറഞ്ഞു. നമ്മള്‍ നടന്ന് ഇരുട്ടിലൂടെ വഴി തിരഞ്ഞ് ആ വീട് കണ്ടെത്തി. ഗുറുങ് വിഭാഗത്തില്‍പ്പെട്ടവരാണ്.
ഇത് ഒഖ്രേനി എന്ന ഗ്രാമം. ഇഷ്ടികകള്‍ കൊണ്ടുണ്ടാക്കിയ ആ വീടിന്റെ ഉമ്മറത്ത്‌ നൂറ്റി നാല് വയസ്സുള്ള ഒരു മനുഷ്യനിരിക്കുന്നു. കയ്യില്‍ പിടിച്ച വടി നീട്ടി നമ്മളെ ചോദ്യം ചെയ്തു. അകത്ത് വെളിച്ചമുണ്ട്. ആരൊക്കെയോ സംസാരിക്കുന്നു. രൂപേഷ് ആ വൃദ്ധനുമായി നേപ്പാളിയില്‍ ഒരു രാത്രി തങ്ങാനുള്ള അനുമതി ആവശ്യപ്പെടുന്നത് കേട്ടവരില്‍ ഒരാള്‍ അകത്തു നിന്ന് പുറത്തു വന്ന് നമ്മളെ ക്ഷണിച്ചു. ഗ്യാന്‍ ഗുരുങ്ങ് എന്ന ആ യുവാവിന്റെ മുത്തച്ഛനാണ് ഈ വൃദ്ധന്‍. ഗ്യാന്‍ ഗുരുങ്ങ് മുത്തച്ഛനെ പറഞ്ഞു മനസ്സിലാക്കി നമുക്ക് തങ്ങാനുള്ള അനുവാദം വാങ്ങി. 
അകത്ത് തൊഴുത്തും, അടുക്കളയും അടുത്തടുത്ത്.

ഗ്യാന്‍ ഗുരുങ്ങ് Kathmandu-വില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്നു. അയാളുടെ സുഹൃത്തുക്കള്‍ കൂടെ വന്നിട്ടുണ്ട്. എല്ലാവരും അത്താഴത്തിനിരിക്കുന്നു. നാല് പേരുണ്ട്. പിന്നെ ഗ്യാന്‍ ഗുരുങ്ങിന്റെ സഹോദരി ലക്ഷ്മി ഗുരുങ്ങ്. അവരുടെ അച്ഛന്‍ ഗ്രാമസചിവ് Kathmandu-വില്‍ എന്തോ ആവശ്യത്തിന് പോയിരിക്കുകയാണ്.Kathmandu-വില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു സഹോദരനും ഇപ്പോള്‍ വീട്ടില്‍ വന്നിട്ടുണ്ട്. ലക്ഷ്മി നമുക്കും അത്താഴം വിളമ്പി. ഗ്യാനും, സുഹൃത്തുക്കളും ഇംഗ്ലീഷിലും, ഹിന്ദിയിലുമായി നമ്മളോട് സംസാരിച്ചു. അത്താഴത്തിന് ചോറും, പരിപ്പും, ഇല ഉപ്പേരിയും. വിശപ്പ്‌ കൊണ്ട് കണ്ണു കാണാത്ത അവസ്ഥയിലായിരുന്നു നമ്മള്‍. മേലാസകലം വേദനയും. ഞാന്‍ ആര്‍ത്തിയോടെ കഴിക്കുന്നത്‌ കണ്ട അവര്‍ക്കെല്ലാം നമ്മളുടെ യാത്രയുടെ ദൂരവും, ക്ഷീണവും വായിച്ചെടുക്കാന്‍ വിഷമമുണ്ടായില്ല. ബഹാദൂര്‍ ഗുരുങ്ങെന്ന ആ മുത്തച്ഛന്‍ ഇടയ്ക്കിടെ അകത്തു വന്ന് നമ്മളെ നോക്കി. അത്താഴം കഴിഞ്ഞപ്പോള്‍ ഒന്ന് കിടന്നാല്‍ മതിയെന്നായി. രൂപേഷ് എന്നെ കെട്ടിപ്പിടിച്ച്‌ പറഞ്ഞു: "സാറിനും, ദൈവത്തിനും ഒരായിരം നന്ദി."

എനിക്കും, രൂപേഷിനും കിടക്കാന്‍ മുകളിലെ മുറിയില്‍ സൌകര്യമൊരുക്കിയിരുന്നു. കട്ടിലില്‍ പുതച്ചുറങ്ങാന്‍ കട്ടിയുള്ള പുതപ്പുകളും. ഏപ്രില്‍ മാസമാണെങ്കിലും ചൂട് തുടങ്ങിയിട്ടില്ല. കാടിന്റെ മധ്യത്തിലായതിനാല്‍ തണുപ്പുണ്ട്. "കുതിര വിറ്റുറങ്ങി" എന്ന ഹിന്ദിയിലെ ചൊല്ലുപോലെ നമ്മള്‍  ഉറക്കത്തിന്റെ ആരോഹണാവരോഹണ നിശ്വാസങ്ങളിലലിഞ്ഞു. നിദ്രയുടെ കുന്നുകളും, താഴ്വരകളും അനായാസമായി താണ്ടി.
                                               http://www.youtube.com/watch?v=CBN6YnNeV04
രാവിലെ എഴുന്നേറ്റ് സൂര്യോദയത്തിന്റെ ഭംഗി ആസ്വദിച്ച് ഏറെ നേരം നിന്നു. മനോഹരമായ താഴ്വര. ഗ്യാന്‍ ഗുരുങ്ങും, സുഹൃത്തുക്കളും ഈ സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങാന്‍ പദ്ധതിയിടുന്നു. അതിനാണ് അവരൊക്കെ വന്നിരിക്കുന്നത്. കുന്നുകളുടെ നേരെ നോക്കിയപ്പോള്‍ നമ്മള്‍ രാത്രി വന്ന കാടുകള്‍ കണ്ടു പേടിച്ചുപോയി. ആരും, ഈ ഗ്രാമീണര്‍ പോലും രാത്രി ആ വഴി വരാറില്ലത്രേ. "ഇത് രണ്ടും വട്ട് കേസാണെന്ന് " ഈ കുടുംബത്തിലുള്ളവര്‍ക്ക് തോന്നിയിരിക്കാം.

ചീസോപാനിയിലേക്ക് നാല് മണിക്കൂറെങ്കിലും വേണം നടന്നെത്താന്‍. ഇന്ന് വൈകുന്നേരം Kathmandu-വില്‍ തിരിച്ചെത്തേണ്ടതുണ്ട്. ചീസോപാനി യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഹിമാലയ പര്‍വത നിരകളുടെ മനോഹാരിത അടുത്ത് നിന്ന് കാണാനുള്ള ഒരു മുഖ്യ സ്ഥലമാണ് ചീസപാനി. ട്രെക്കിങ്ങിന് ധാരാളം ആളുകളെത്തുന്ന കേന്ദ്രം.

ലക്ഷ്മി ഗുരുങ്ങുണ്ടാക്കിയ ഇഞ്ചി ചായ കുടിച്ച് 7.30 മണിക്ക് ഞാനും, രൂപേഷും ഗ്യാന്‍ ഗുരുങ്ങിന്റെ കൂടെ പുറപ്പെട്ടു.ഗ്യാന്‍ Kathmandu-വിലേക്ക് പോകുന്നു. സുഹൃത്തുക്കള്‍ ഒന്നു രണ്ടു ദിവസം ഇവിടെ കാണും. പുറപ്പെടുന്നതിനു മുമ്പ് ഞങ്ങള്‍ ലക്ഷ്മിക്കും, കുടുംബത്തിനും നന്ദി പറഞ്ഞു. ഞാന്‍ കൊടുത്ത തുക വാങ്ങാന്‍ മടിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ സ്വീകരിച്ചു. നേപ്പാളില്‍ Home Stay അഥവാ  "ബാസ് ബസ്നി" പ്രസിദ്ധമാണ്. ഈ വീട്ടില്‍ മുമ്പൊരിക്കല്‍ സന്യാസിയെന്നവകാശപ്പെടുന്ന ഒരാള്‍ രാത്രി തങ്ങാന്‍ അനുവാദം ചോദിച്ചു വന്നതും, ലക്ഷ്മിയുമായി മോശമായി പെരുമാറാന്‍ ശ്രമിച്ചതും മുത്തച്ഛന്‍ രോഷത്തോടെ ഓര്‍ക്കുന്നു. അതാണ്‌ നമ്മളെ രാത്രിയില്‍ തടഞ്ഞു നിര്‍ത്തിയത്. ഈ ആതിഥ്യ മര്യാദയുടെ നിഷ്കളങ്കതയെ നശിപ്പിക്കാന്‍ അങ്ങിനെ ഒന്നോ രണ്ടോ സംഭവങ്ങള്‍ മതി. ലക്ഷ്മി മുറ്റമടിക്കാനും, ആടുകള്‍ക്ക് തീറ്റ കൊടുക്കാനും തുടങ്ങി. വീടിനും, പരിസരത്തിനും ആകെ ഒരു  "ഭരതന്‍ ടച്ച്"!! ഹോട്ടലില്‍ താമസിച്ചല്ല ഒരു സ്ഥലത്തെ അറിയേണ്ടത്. ഗുരുങ്ങിന്റെ വീട് ഒരു സാംസ്കാരിക താവളമാണ്, a cultural abode. പുറപ്പെടുമ്പോള്‍ ഇവിടെ കുറച്ചു ദിവസങ്ങള്‍ കൂടി തങ്ങാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നാശിച്ചു. ശുദ്ധ വായു. വെറുതെയല്ല മുത്തച്ഛന്‍ സെഞ്ച്വറി അടിച്ചത്!! ഈ ശുദ്ധ വായു ഒരു ബാഗില്‍ നിറച്ച് Kathmandu-വിലേക്ക് കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍!! മലിനീകരിക്കപ്പെടാത്ത ഈ വായുവില്‍ മുഖം മൂടി ആവശ്യമില്ല. Kathmandu നഗരത്തില്‍ മുഖം മൂടി ധരിക്കാത്ത യാത്രക്കാരെ കാണാന്‍ ബുദ്ധിമുട്ടാണ്--യഥാര്‍ത്ഥത്തിലും, ആലങ്കാരികമായി പറഞ്ഞാലും!!


നമ്മുടെ യാത്ര ഇനി കാടുകളുടെ വേറൊരു ഭാഗത്തുകൂടി കുന്നിറങ്ങി Kathmandu-വിലെക്കാണ്. വഴിയിലെ അരുവിയില്‍ നിന്നും ഞാനും, രൂപേഷും വെള്ളം കുടിച്ചു. കാലിയായ ബോട്ടിലില്‍ നിറച്ചു. ആ വെള്ളം ഒരു വയറു നിറച്ചു കഴിച്ച പ്രാതലിന്റെ ശക്തി നല്കി. ഗ്യാന്‍ വഴിയിലെ കാഴ്ചകളെപ്പറ്റിയും, ഗ്രാമത്തെപ്പറ്റിയും പറഞ്ഞു തന്നു. വഴിയില്‍ നേപ്പാളിന്റെ ദേശീയ പുഷ്പം Rhododendron (കാട്ടുപൂവരശ്) പൂത്തു നില്ക്കുന്നു. നേപ്പാളിയില്‍ ഈ പൂവിനെ "ലാലി ഗുറാസ് " എന്ന് പറയും. ചുവന്ന നിറത്തിലുള്ള ഈ പുഷ്പത്തിന് ഔഷധ ഗുണമുണ്ട്. തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ ഈ പൂവിന്റെ ഇതളുകള്‍ വിഴുങ്ങിയാല്‍ മതി.രോഗികളെ സന്ദര്‍ശിക്കുന്നവര്‍ ഈ പൂച്ചെണ്ടുമായി പോകുന്നത് നല്ല ഫലം നല്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഓരോ നേപ്പാളി ഗൃഹത്തിലും ഒരു കാട്ടുപൂവരശ് ഉണ്ടായിരിക്കണം എന്നാണ് പ്രമാണം.


സുന്ദരി ജല്‍ വഴി Kathmandu-വിലെക്കാണിനി നമ്മുടെ യാത്ര. സുന്ദരി ജലിലേക്ക് ഇനിയും ദൂരമുണ്ട്. വഴിയില്‍ സല്ല മരങ്ങളുടെ ഇലകളുടെ നൈര്‍മല്യം തൊട്ടറിഞ്ഞു. തീപ്പെട്ടിക്കൊള്ളിയുണ്ടാക്കാനും, മറ്റ് ഫര്‍ണിച്ചറുകളുണ്ടാക്കാനും ഈ മരം ഉപയോഗിക്കുന്നു.

ഒമ്പത് മണി കഴിഞ്ഞപ്പോള്‍ മുല്‍ക്കര്‍ക്ക എന്ന ഗ്രാമത്തിലെത്തി.ചായ, ഓംലെറ്റ്‌, കടല പുഴുക്ക് പിന്നെ ഡുന്ഗ്രോ(കുഴല്‍ എന്ന് വിളിക്കുന്ന നമ്മുടെ ആ മഞ്ഞ പലഹാരം..പാലക്കാട്‌ ഭാഗത്ത് കുടല്‍ എന്നും പറയും) എന്നിവ ഒരു ചായക്കടയില്‍ക്കയറി കഴിച്ചു. ഓരോ വിരലിലും മദ്ദള വാദ്യക്കാരനെപ്പോലെ മഞ്ഞ നിറത്തിലുള്ള ഡുന്ഗ്രോ ധരിച്ച് ഓരോന്നായി മെല്ലെ കഴിച്ചിരുന്ന കുട്ടിക്കാലം. ആ ഉപ്പുരസം നിഷ്കളങ്കതയുടേതായി.

ദൂരെ Kathmandu താഴ്വര കാണാം. ആ കടയില്‍ ക്യാമറ ബാറ്ററിക്ക് ഊര്ജം പകരാന്‍ വെച്ചു. ആ മുറ്റത്ത് ആട്, കോഴി, പട്ടികള്‍ എല്ലാമുണ്ട്. ഈ ഗ്രാമത്തില്‍ കൂടുതലും നേവാരികളും, തമാങ്ങുകളുമാണ്. യാത്രാ വഴിയില്‍ തമാങ്ങ് സ്ത്രീകള്‍ ചോളം (മക്കായി) കൃഷി സ്ഥലത്ത് വടി കൊണ്ട് കിളക്കുന്നത് കണ്ടു.

മദ്യമില്ലാതെ എന്ത് നേപ്പാള്‍? "സൂര്യാസ്ത് നേപ്പാള്‍ മസ്ത്" എന്നൊരു ചൊല്ലുണ്ട് .വഴിയിലെ വീടുകളില്‍ വാറ്റു ചാരായം കണ്ടു. "രക്സി" എന്ന മദ്യത്തിന് നേവാരികളുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. Kathmandu-വിലെ ഒരു ഭക്ഷണ ശാലയില്‍ ഒരു ചെറിയ മണ്‍ പാത്രത്തില്‍ കുടിച്ച രക്സി ഇറങ്ങിപ്പോയ വഴികള്‍ ഒരു അനാട്ടമി ക്ലാസിനും സംവേദിപ്പിക്കാന്‍ കഴിയാത്തതാണ്!! ചോളത്തില്‍ നിന്നാണ് രക്സി ഉണ്ടാക്കുന്നത്. തമാങ്ങുകളുടെ ഇടയിലെ ഒരു പ്രസിദ്ധ മദ്യം "തുംഗ്ബ" യാണ്. പക്ഷെ, അത് ശിശിര കാലത്തെ മദ്യമാണ്. സ്ട്രോ ഉപയോഗിച്ച് ഒരു വലിയ പാത്രത്തില്‍ നിന്ന് വലിച്ചു കുടിക്കുക. രക്സിയുടെ തീഷ്ണതയില്ലെങ്കിലും തുംഗ്ബ അനുഭവിച്ചറിയേണ്ടതുതന്നെ.
വഴിയില്‍ ചില വീടുകളില്‍ ചാരായ വാറ്റ് കണ്ടു.

സുന്ദരിജലിലേക്കുള്ള യാത്ര കുത്തനെയാണ്. പടവുകള്‍ ഉണ്ടെങ്കിലും കാല് വേദനിക്കുന്നു. ഇറക്കമാണ് കയറ്റത്തെക്കാള്‍ ബുദ്ധിമുട്ട്!! ശരീരത്തിന്റെ മുഴുവന്‍ ഭാരവും കാല്‍ മുട്ടിന്മേലാണല്ലോ.സുന്ദരി ജല്‍ പേരു പോലെ സൌന്ദര്യമുള്ള സ്ഥലം. തടാകവും, ഡാമും, പ്രകൃതിയുടെ പച്ചയും ഒത്തു ചേരുന്ന മനോഹര സ്ഥലം. ഉത്തര-പശ്ചിമ Kathmandu-വിന്റെയും, ശിവപുരി നാഷണല്‍ പാര്‍ക്കിന്റെയും മധ്യത്തിലാണ്‌ സുന്ദരി ജല്‍.

സുന്ദരി മായി(ദേവി)യുടെ ക്ഷേത്രം ഉള്ളതുകൊണ്ടാണ് സ്ഥലത്തിനീ പേര്. ബാഗ്മതി നദിയുടെ സ്രോതസ്സാണിവിടം. പശുപതി നാഥ് ക്ഷേത്രത്തിനു ചേര്‍ന്ന് Kathmandu-വിലൂടെ ഒഴുകുന്ന ബാഗ്മതി ഇന്നൊരുപാട് മലിനമാണ്‌. പക്ഷെ ഈ ഉറവിടം കണ്ടാല്‍ അത് വിശ്വസിക്കാനാവില്ല. സ്രോതസ്സിലെ പരിശുദ്ധി പല കൈകളിലെത്തുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്ന സത്യത്തെപ്പോലെ!!!

വടക്കന്‍ Kathmandu താഴ്‌വരയുടെ കുടിവെള്ളം പോകുന്നത് ഇവിടെ നിന്നാണ്. ജല സ്രോതസ്സിനെ നേപ്പാളിയില്‍ "മൊഹാന്‍" എന്ന് പറയും. ഇന്ന് Kathmandu-വിന്റെ പല ഭാഗത്തും വെള്ളമെത്തുന്നത് ശിവപുരിയില്‍ നിന്നാണ്. ബാഗ്മതി, ബിഷ്ണുമതി, മനോഹര, രുദ്രമതി, മഹാദേവ് കൊലാ, ഹനുമന്ത കൊലാ തുടങ്ങി ഏഴോ എട്ടോ നദികള്‍ നേപ്പാളിന്റെ പല ഭാഗത്തു നിന്നും കീര്‍ത്തിപൂറിലെ "ചോബാര്‍" എന്ന സ്ഥലത്ത് ഒത്തു ചേര്‍ന്ന് ഒറ്റ നദിയായി ഇന്ത്യയിലേക്ക് ഒഴുകുന്നു.

ശിവപുരി വര്‍ഷങ്ങള്‍ക്ക് മുമ്പ് National Wildlife Reserve ആയിരുന്നു. ഇന്ന് നാഷണല്‍ പാര്‍ക്ക് മാത്രം. കാട്ടിലൂടെ യാത്ര തുടര്‍ന്നു. വീതിയുള്ള പാതകള്‍. വഴിയില്‍ ട്രെക്കിങ്ങിനായി പോകുന്ന വിദേശി സംഘങ്ങളെ കണ്ടു. കുന്നിറങ്ങി നമ്മള്‍ റോഡിലെത്തി. Kathmandu-വിലേക്കുള്ള ബസ് കയറി. ബസ്സില്‍ ഇരുന്നപ്പോള്‍ കാലുകള്‍ക്ക് പെട്ടെന്ന് ഒരു തരിപ്പ്. ഇപ്പോഴാണ്‌ കാലുകളെപ്പറ്റി  ചിന്തിച്ചത്. കുറെ നേരം ട്രെയിനില്‍ യാത്ര ചെയ്ത് ഇറങ്ങി നടക്കുംപോലെ!! സമയം പതിനൊന്നര.തിരക്കുണ്ടെങ്കിലും ബസ്സിലിരുന്ന് അല്പം മയങ്ങി.

മഹാരാജ് ഗന്ജ് വഴി ലാസിം പാത്തിലെത്തി. രൂപേഷ് പിരിഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ഒരു മണി. കുളിച്ച്, ഭക്ഷണമുണ്ടാക്കിക്കഴിച്ച് കിടന്നുറങ്ങി. വൈകീട്ട് ട്രെക്കേഴ്സ് മസാജിനായി ഒരു സ്പായില്‍ പോയി. "സ്പാ" എന്ന വാക്ക് പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു ആട്ടലിന്റെ പ്രതീതിയുണ്ടെങ്കിലും!!! സിന്ധുലിക്കാരി പെണ്‍കുട്ടി എന്റെ മിക്കവാറും നഗ്ന ശരീരത്തിലെ വേദനകളെ തടവി മാറ്റി. നല്ല സുഖം. Kathmandu-വിലെ മസാജ് പാര്‍ലറുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലായിടവും "നിങ്ങളുദ്ദേശിക്കുന്ന പരിപാടികള്‍" നടക്കുന്നില്ല. അതൊക്കെ സംസാരത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും. മസാജ് മാത്രമാണ് ഉദ്ദേശമെങ്കില്‍ നല്ല "സ്പാ"കളില്‍ പോവുക.രണ്ടു മണിക്കൂറിനടുത്തുള്ള ആ തടവലില്‍ ഞാന്‍ വീണ്ടും ഉന്മേഷവാനായി.
അടുത്ത യാത്രക്കിതാ റെഡി !!!!

---- സന്തോഷ്‌ കുമാര്‍ കാനാ No comments: