Pages

Friday, March 29, 2013

കവിയും കാവിയും (KAVIYUM KAAVIYUM)

കവിയില്‍ അപൂര്‍ണതയുടെ വൈവിധ്യം
കാവിയില്‍ ഏക വര്‍ണത്തിന്റെ മുഷിപ്പ്

കവിയില്‍ പ്രതീക്ഷയുടെ ഉലയുന്ന നാളം
കാവിയില്‍ മുരടിച്ച സംതൃപ്തി

കവി മനുഷ്യനാണ്, ചലനമാണ്
കാവി നിശ്ചല ചിത്രം

കവി ആര്‍ത്തിരമ്പുന്ന തിരമാല
കാവി കടല്‍ മധ്യത്തെ ശാന്തത


കവിയില്‍ ജിജ്ഞാസയുടെ കുത്തിയൊഴുക്ക് 
കാവിയില്‍ അറിഞ്ഞതിന്റെ  ആലസ്യം 

കവിയില്‍ അസ്വാരസ്യങ്ങളുടെ മധുര സംഗീതം 
കാവിയില്‍ സ്വരച്ചേര്‍ച്ചയുടെ വിരസത 

കവിയില്‍ ഋതുക്കളുടെ ഭാവഭേദം 
കാവിയില്‍ പുറ്റ് കെട്ടിയ സമ ഭാവം 

കവിയില്‍ വിയര്‍പ്പിന്റെ ജീവിത ഗന്ധം 
കാവിയില്‍ ധൂപ ഗന്ധത്തിന്റെ വീര്‍പ്പുമുട്ടല്‍ 

കവിയില്‍ വളര്‍ച്ച, പരിണാമം 
കാവിയില്‍ വരണ്ട തത്വ ശാസ്ത്രം 

കവിയില്‍ തെറ്റിയ സമവാക്യങ്ങള്‍ 
കാവിയില്‍ ഒറ്റ സമവാക്യത്തിന്റെ വിരസാവര്‍ത്തനം 

കവി കൊയ്തത് ചോദ്യങ്ങളുടെ ധാന്യം 
ചോദ്യങ്ങളെ മെതിച്ചത് കാവിയിലെ ധ്യാനം 

കവി കാവിയാകേണ്ടതില്ല 
കാവിയില്‍ കവിയുണ്ടായാല്‍ മതി 

---സന്തോഷ്‌ കുമാര്‍ കാനാ 

1 comment:

  1. ഒന്നിനോടൊന്നു സാദ്രിശ്യം ചെന്നലുപമയാമതു നന്നായിരിക്കുന്നു

    ReplyDelete