Pages

Monday, March 6, 2023

ഒരു 'ഓട്ടോ' ബയോഗ്രഫി (An AUTO biography) Santhosh Kana

ഒരു 'ഓട്ടോ' ബയോഗ്രഫി  

സുൽത്താൻ പേട്ടയിൽ നിന്ന് കയറുമ്പോൾ ഓട്ടോ ഡ്രൈവറുടെ കൂടെ മറ്റൊരാളും ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു. വീട് കെട്ടുന്നതിന്റെ ചെലവുകളെക്കുറിച്ചാണ്. കല്മണ്ഡപത്ത് അയാൾ ഇറങ്ങിയപ്പോൾ ഡ്രൈവർ ആവേശത്തോടെ ആ വിഷയത്തിന്റെ കുരുക്കഴിച്ച് എനിക്ക് തന്നു. 

"അയാളേ, ഒരു വീട് വെച്ചിട്ടുണ്ട്. മൂന്നു നാല് ലക്ഷത്തിലൊതുക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. പൂർത്തിയായപ്പോൾ പതിമൂന്ന് ലക്ഷമായി. വീട് നല്ലതാണ് ട്ടോ.."

"അത് ശരി"

"ആഹ് ... നമ്മളെപ്പോലെയൊക്കെ സാധാരണക്കാരനാണ്. വല്യ പണോന്നുള്ള ആളല്ലാ. പക്ഷേ എന്താ ചെയ്യാ...വീട് എല്ലാർക്കും ഒരാഗ്രഹല്ലേ"

"പിന്നെ?"

"അതോണ്ടാണ് .. മൂപ്പര് കൊറച്ച് മനസ്സ് വെഷമത്തിലാണ്. ഞാൻ ഇങ്ങനെ സമാധാനിപ്പിച്ചു കൊടുക്ക്കായിരുന്നു...... ഇടത്തോട്ടല്ലേ?"

"അതെ"

"വല്യ കഷ്ടാ"

"എന്ത്?"

"അല്ലാ പണൂല്ലെങ്കി.."

"ഓ.."

"പിന്നെ നമ്മക്കൊക്കെ എത്ര കിട്ടാനാ അല്ലെ സാറേ?"

"വലിയ കഷ്‍ടം തന്നെ...അതാ...ആ വളവിൽ നിന്ന് ഇടത്തോട്ട് "

"ഞാൻ വീട് വെച്ചൂ ട്ടോ...രണ്ട് കൊല്ലായി. പിന്നെ ഒരു കാര്യം...അന്ന് തന്നെ എനിക്ക് അഞ്ച് ലക്ഷായി. സാധനങ്ങക്കൊക്കെ എത്ര പെട്ടെന്നാ വെല കൂടുന്നത് ..ഓ എന്റമ്മോ."

വണ്ടി വേഗത കുറച്ച് അയാൾ എന്റെ നേരെ തിരിഞ്ഞ് പതിയെ പറഞ്ഞു,

"ചെലപ്പൊക്കെ രാത്രി മൂത്രോഴിക്കാൻ എണീറ്റാ പിന്നെ ഒറക്കൂല്ലാ. ഇങ്ങനെ വെർതേ ആലോചിച്ചോണ്ട് കെടക്കും. ഭാര്യ ചോദിക്കും, "എന്താ? എന്ത് പറ്റി?" അവളോട് "ഏയ്..ഒന്നൂല്ലാന്ന് പറയും. 

ഇവിടെ നിർത്താം അല്ലേ?

"മതി .. ഇവിടെ നിർത്തിയാൽ മതി"

"ശരി...കാണാം"

വീടിനു മുന്നിൽ ഇറക്കി വിട്ട്, തിരിച്ച് കുലുങ്ങി കുലുങ്ങി കയറ്റം കയറി പോകുന്ന ഓട്ടോയെ ഞാൻ കുറച്ചുനേരം നോക്കി നിന്നു. അറിയില്ല, എന്തിനായിരുന്നു എന്ന്. 

-സന്തോഷ് കാനാ 

by Santhosh Kana 

 

4 comments: