My Strength

what do you like about this blog?

Sunday, September 28, 2014

A CLASS APART…. An offering to my idol, my teacher, Santhosh Kana Sir

Once through the mists of a dizzy DARK morning,

Came a new ray which wasn’t spotted before…

The arrival was through unexpected holes of blocked hopes,

Till then, the “blank thoughts” in a room, used to flutter in unfilled nooks…

From the moment of its incoming, it kept on searching for something with its

“wandering luminant” eyes….

And also had an ignited shine far beyond…

The thoughts and looks weren’t linked with the same thread,

But within a blink, its shine used to find the key to hold the bare thinkings, still..

Day by day its brightness within the room grew to mammoth heavenlier,

To uproot the dormant past!!!

OH !!!!! WHAT HEAVENLY HAVE WE DONE????

The doctrines of teaching, that emerges from each quantum of the ray,

Marks the fine texture of its purity..

If one can read, feel and realize it, “he” makes “it” a class apart…
                                        BY- a seedling of the ray

(Hemand Harikumar, class xii-Kendriya Vidyalaya, No.1, Vasco, Goa)

Thursday, September 11, 2014

വിവേകാനന്ദപ്പാറയിൽ (കവിത) VIVEKANANDA PAARAYIL-Malayalam poem

                                                        --മഹാകവി പി. കുഞ്ഞിരാമൻ നായർ
                                                           (Mahakavi P.Kunhiraman Nair)

നിശബ്ദം തുറന്നിട്ടൂ
ഞൊടി നേരത്തേയ്ക്കാരോ
വിശ്വ സൌന്ദര്യത്തിന്റെ ഈടുവെപ്പുകളൊന്നായ്‌.
ആകാശ മലർവാടി തളിരും താരും ചൂടി
ആയിരം വസന്തങ്ങളൊരുമിച്ചതുപോലെ
കിഴക്കും, പടിഞ്ഞാറുമൊപ്പമായ് നടമാടും
അഴകിൻ പാവാടത്തുമ്പിഴഞ്ഞൂ തിരച്ചാർത്തിൽ.
പകലിൻ പൊന്നിൻ കിണ്ണം മോറുവാനിട്ടൂ നീരിൽ
ഇരവിൻ വെള്ളിത്താലം നിറഞ്ഞൂ മുല്ലപ്പൂവാൽ.

പുഞ്ചിരി തൂകി ശരദ്യാമിനി വരും വഴി
കാഞ്ചനച്ചെരാതുകളോരോന്നായ് തെളിയുന്നു
ഭൌതിക ചിന്താ വീഥിയ്ക്കപ്പുറം
അനന്തമാം ആദി തേജസ്സിൻ കല കളിക്കും കളിത്തോപ്പിൽ
പൂവിറുക്കുവാൻ കൈകൾ നീട്ടി പിൻവലിയ്ക്കുന്നു
പൂർണത നീരാടുന്ന മൂന്നലക്കടലുകൾ.

മലരിന്നിര ചിന്നും മധുരക്കടലിന്റെ
മടിയിൽ ചാഞ്ചാടിയ തോണികളുറക്കമായ്
ഭിന്ന വർണമാം മൂന്നു നാഗത്തിൻ ഫണനിര പൊങ്ങവേ
നവരത്ന രശ്മികൾ ചിതറുന്നു
നിത്യ മൌനത്തിൻ മണിവീണയിങ്ങുണരുന്നു
മൃത്യുവിൻ ചിപ്പിക്കകം ജീവിതം വിളയുന്നു
ഉന്നിദ്രം നിലകൊൾവൂ രാവിലിങ്ങപാരതതൻ നേർക്ക്
വിരൽ ചൂണ്ടി നില്ക്കുമാക്ഷേത്ര ധ്വജം
അന്തിക്ക് കടലോരത്തുയരും തിരച്ചാർത്തിൽ
ചെന്താരിൽ കുളിച്ചൊരു കന്യകയുറക്കമായ്
താണിറങ്ങിയ കൊച്ചു താരമായ്
പൊൻ കോവിലിൻ കോണിലായൊരു ദീപം
ധ്യാന ലീനമായ് നില്പ്പൂ
താമരത്താരിൽ വണ്ടായ്
കന്യക കുമാരിയെ താലോലമാട്ടും
തങ്കത്തൊട്ടിൽ തെങ്കടലോരം.

നീങ്ങി പാതിര ദൂരേയ്ക്കമ്പിളി ബിംബം മങ്ങി
നീളുമുൾശ്വാസയാമാൽ ജപിപ്പൂ കടൽ താനേ
അന്തിമ യാമത്തിന്റെ ശംഖൊലി കേൾക്കായ് ദൂരെ
പൊന്തീ പൊൻ പുലരി തൻ ആദിമ ദൂതൻ വീണ്ടും
കടലിൽ നീരാടിയ ഗിരിമസ്തകങ്ങളിലണിയിക്കയായ്
പട്ടമുണരും തങ്കത്തിര
നീരാളമുടുത്ത്, ഇളം കുങ്കുമപ്പൊട്ടും തൊട്ട്
നീരവം പകലിനെയുണർത്താനവൾ വന്നൂ
പാവന കിരണത്തിൻ കമ്പിയിൽ വീണ്ടും
നവ്യ ജീവിത ഗാനമാലാപിക്കുവാനവൾ വന്നൂ
ശ്രീ കന്യാകുമാരിതൻ ഓമന മാറിൽ ചാർത്താൻ
നാക സൌന്ദര്യമാല്യമേന്തുമാ സഖി വന്നൂ.

ഉദിയ്ക്കും ദിനകരൻ ദർശിച്ചൂ
പാറക്കെട്ടിന്നുപരി തിളങ്ങുന്നൊരുജ്ജ്വല രവി ബിംബം
ആർത്തിരമ്പീടും മഹാ സാഗര മധ്യത്തിങ്കൽ
പേർത്തുമിങ്ങചഞ്ചല ശാന്തമാം സമുദ്രമോ
ചഞ്ചല മേഘ മനോവൃത്തികളടങ്ങീ
നിശ്ചഞ്ചല പ്രകാശത്തിൽ കുളിയ്ക്കുമാകാശമോ
ആൽ വിത്തിൽ മഹാ വൃക്ഷമെന്നപോൽ
ആത്മാവിൽതാൻ ആയത പ്രപഞ്ചത്തെ ആവാഹിച്ചിരിപ്പവൻ
ആഹാര നിദ്രാദീന ലോകത്ത് നിരീഹനായ്
ആദിമമമൃതം താൻ നുകർന്നുരമിപ്പവൻ
ഭാവനാമയനാകുമീ യുവ യോഗീന്ദ്രനീ ഭാരത സംസ്കാരത്തിൻ
ഭാസുര പ്രതിബിംബം
നിർജരാമരണമായ്‌ ജ്വലിക്കും
വാ വൈഖരീ ഗർജനം മുഴക്കിയ ഭാരത നരസിംഹം
കൂമ്പിയ ചെന്താമരത്താരിതളിനുചുറ്റും
മണ്‍പുറ്റുവലം വെയ്ക്കും പരിവേഷത്തിനുള്ളിൽ
ദിവ്യമാം സൌന്ദര്യത്തിൻ പൊൻ നാളമെരിയുന്നു
ഭവ്യമാമൊരാത്മീയ സൗരഭം ചുഴലുന്നു.

ഭാഗ്യപൂർണമീക്കടലിടുക്കിൻ പാറക്കെട്ട്
ഭാരത വിദ്യാക്ഷേത്ര സോപാന ശിലയിപ്പോൾ
മർത്യ ലോകത്തിലചഞ്ചലമാമാദർശമായ്
മൃത്യുവിൻ നടുക്കനശ്വരതാ സന്ദേശമായ്
ഭാരതമിതാണിതാണ് ഭാരത വിദ്യാ പീഠം
ഭാവനാ ദൃഷ്ടിയൊന്നു തുറക്കൂ യുവാക്കളേ.

ഏകാന്തം സമാധിസ്ഥനാകുമീ യോഗീന്ദ്രൻ തൻ പാദമർപ്പിക്കെ
വീണ്ടും തെങ്കടലല പാടീ

ഓർക്കുവിൻ സൂര്യോദയത്തോടൊപ്പം
അനശ്വര സംസ്കാരത്തിടമ്പിനെ
ജീവിത നേതാവിനെ
ഈ വീര യുവാവിനെ ക്ഷണിയ്ക്കൂ
സമുന്നത ജീവിത സൌധ ശിലാസ്ഥാപനത്തിനു നിങ്ങൾ.

                                                    -----------

വായന
 ഏതൊന്നിന്റെയും ഉണ്മയെയും, ആഴത്തെയും നാം മനസ്സിലാക്കുന്നത് അത് വിപരീത സാഹചര്യങ്ങളിൽ അതിന്റെ തന്മയത്വം നിലനിർത്തുന്നതിൽ എത്രത്തോളം വിജയം കൈവരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇത് ഒരു ആദർശത്തിന്റെ കാര്യത്തിലാണെങ്കിൽ അതിന്റെ ശരണ്യതയെക്കുറിച്ച് അദ്ഭുതപ്പെടാനേയില്ല. ആത്മീയാദർശം ഇന്നും അനശ്വരമായി നിലകൊള്ളുന്നത് ഈയൊരു കാരണത്താലാണെന്ന് അതിന്റെ പ്രവാചകന്മാരായ മഹദ് വ്യക്തികളുടെ ജീവിത സംഭാവനകൾ പരിശോധിക്കുമ്പോൾ മനസ്സിലാകും. 
മഹാകവി പി. കുഞ്ഞിരാമൻ നായർ ഈ കവിതയിലൂടെ ശ്രമിക്കുന്നത് ആത്മീയതയുടെ അനശ്വരതയും, ഉത്കൃഷ്ടതയും കണ്ടെത്തുകയും അതിന്റെ വെളിച്ചത്തിൽ ഭാരതത്തിന്റെ ഹൃദയത്തുടിപ്പുകൾ കണ്ടെത്തി, "വാ വൈഖരീ ഗർജനം" മുഴക്കി നവോത്ഥാനത്തിന്റെ പാതയിലേയ്ക്ക് സമൂഹത്തെ ഉയർത്തിയ സ്വാമി വിവേകാനന്ദന്റെ വ്യക്തി വൈശിഷ്ട്യത്തെ പ്രകീർത്തിക്കുകയുമാണ്. ആ ധീരതയും, ആത്മീയ ചൈതന്യവും ഉൾക്കൊണ്ട് ഒരു നവ ജീവിതം പടുത്തുയർത്താൻ യുവാക്കളോട് ആഹ്വാനം ചെയ്യുകയാണ് കവി. കന്യാകുമാരിയുടെ സാന്ധ്യ സൌന്ദര്യത്തിന്റെ ചിത്രങ്ങളിലൂടെ തുടങ്ങുന്ന കവിത ഈ ആഹ്വാനത്തിൽ അവസാനിക്കുന്നു.
വിവേകാനന്ദപ്പാറയെ ഒരു വെറും പാറക്കെട്ടെന്നതിനുപരി സനാതനമായ ഒരാദർശത്തിന്റെ മൂർത്തരൂപമായി കവി കാണുന്നു. മൂന്നു സമുദ്രങ്ങളുടെ നടുവിൽ മൃത്യുഞ്ജയത്തിന്റെ നിത്യനിദാനമായി നില നിൽക്കുന്ന ഈ പാറക്കെട്ടുപോലെത്തന്നെയാണ് ഈ ആത്മീയാദർശത്തിന്റെ അനശ്വരതയും. ഈ പാറക്കെട്ട് ഈ ആദര്ശത്തിന്റെ മൂർത്ത രൂപം മാത്രമല്ല, ഇതു തന്നെയാണ് ഭാരതം എന്ന നിഗമനത്തിലെയ്ക്ക് കവി എത്തുന്നു.യുവാക്കൾക്ക് ജീവിത ഉന്നമനത്തിന് മാതൃകയാവേണ്ടത് ഈ ആദർശമാണെന്നും കവി പറയുന്നു. ആത്മീയ തലത്തിലുള്ള ആസ്വാദനത്തിന്റെ നിസ്തുല സൌന്ദര്യം വിളിച്ചോതുന്ന അനേകം കാഴ്ചകൾ കവി വിവരിക്കുന്നു. സനാതനമായ ഈ ആദര്ശത്തിന്റെ ജീവ നിദാനമായ ഈ യുവ യോഗി ഈ പാറക്കെട്ടിൽ മറ്റൊരുജ്വല രവി ബിംബമായും, ആത്മ ശക്തിയുടെ പ്രതീകമായും നില കൊള്ളുന്നു. പ്രപഞ്ചത്തെ മുഴുവൻ തന്റെ ആത്മാവിൽ ആവാഹിച്ചിരിക്കുന്ന ഈ യോഗീന്ദ്രനെ "ചഞ്ചല മനോ വൃത്തികളടങ്ങീ" നിശ്ചഞ്ചലമായ പ്രകാശത്തിൽ തിളങ്ങുന്ന ആകാശമായും, ആർത്തിരമ്പുന്ന മഹാ സാഗരത്തിന്റെ മധ്യത്തിൽ ശാന്തമായി നിൽക്കുന്ന മറ്റൊരു സമുദ്രമായും കവി വർണിക്കുന്നു. മൂന്നു സാഗരങ്ങളും പാടുന്നത് ഈ യോഗീന്ദ്രന്റെ വീര ഗാഥകളാണ്, ഈ ആദർശത്തിന്റെ അനശ്വരതയെക്കുറിച്ചുള്ള സ്തുതി ഗീതങ്ങളാണ്, ഒരു സമുന്നത ജീവിതത്തിന് ഇതിന്റെ അനിവാര്യതയെക്കുറിച്ചാണ്. 
                                                                          ---സന്തോഷ്‌ കുമാർ കാനാ

"At the Vivekananda Rock" Malayalam poem by Mahakavi P.Kunhiraman Nair

This post on the blog coincides with the date of Swami Vivekananda's Chicago Address at the Parliament of Religions (Sept. 11, 1893)