My Strength

what do you like about this blog?

Saturday, August 30, 2014

മട്ടന്നൂരിന്റെ തായമ്പക


കുതിച്ചു വരുന്ന കുതിരപ്പട
തിമിർത്തു പെയ്യുന്ന മഴ
ചെറു ഒഴുക്കിൽ ആടിയുലയുന്ന സുഖം
സാമജസഞ്ചാര സുഖം
ആനപ്പുറത്തെഴുന്നള്ളത്ത്
ചടുല തെയ്യത്താളം
ആനന്ദ നിർവൃതിയുടെ നിശ്ചല പരമകാഷ്ഠ
ഒരു മൃദു മയക്കം
വിദൂരത്തു നിന്നടുക്കും ഘോഷയാത്ര

ഈ തായമ്പകയിൽ നാം യാത്രയിലാണ്,
യാത്രികരാണ്
ആരോഹണ അവരോഹണങ്ങളിൽ
നമ്മെ ലയിപ്പിച്ച്
സഞ്ചരിപ്പിച്ച്
അയത്നലളിത പുഞ്ചിരിയോടെ
കിരീടമഴിച്ചു വെയ്ക്കുംപോലെ
ഒഴിയുന്നു...
                                      --സന്തോഷ്‌ കുമാർ കാനാ 

(ശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ തായമ്പക കേട്ട അനുഭവം---- കരിവെള്ളൂർ ശ്രീ കോട്ടൂർ മഹാവിഷ്ണു ക്ഷേത്രം, 2014)
Mattanur Shankarankutty, the renowned Indian percussionist.

Thursday, August 28, 2014

അഴീക്കോടിന്റെ ഗാന്ധി പ്രഭാഷണം: ഓർക്കുന്നത്



ശ്രീ. സുകുമാർ അഴീക്കോടിന്റെ "ഗാന്ധി പ്രഭാഷണ പരമ്പര" കേരളത്തിലെ പല ജില്ലകളിലായി അങ്ങോളമിങ്ങോളം നടക്കുന്ന കാലം. എന്റെ നാടായ കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ അദ്ദേഹമെത്തി. കരിവെള്ളൂരിലെ ഒരു പ്രധാന സാംസ്കാരിക, സാഹിത്യ സാന്നിധ്യമായ ഏവണ്‍ ക്ലബ് ആയിരുന്നു വേദി. 1996 -ലോ മറ്റോ ആയിരുന്നു.

സാറിന്റെ "പ്രഭാഷണ കല" എന്ന ലേഖനം സ്കൂളിൽ പഠിച്ചിരുന്നു. അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞതിന്റെ അളവറ്റ സന്തോഷം അറിയിക്കാനാണ് ഞാൻ അദ്ദേഹം നടത്തിയ പ്രഭാഷണത്തിലെ എനിക്ക് ഓർമയുള്ള ഭാഗങ്ങൾ ഇവിടെ കുറിക്കുന്നത്. അന്ന് ഇന്നത്തെപ്പോലെ മൊബൈലിലോ മറ്റോ ആ പ്രഭാഷണം മുഴുവൻ റെക്കോർഡ്‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വല്ലാതെ ആശിച്ചു പോകുന്നു. എന്റെ ഓർമയിൽ ഉള്ള ഭാഗങ്ങൾ മാത്രമാണ് ഇവിടെ ചേർക്കുന്നത്. അതിൽ ഒരു തുടർച്ച ഉണ്ടാകില്ല, പല പ്രധാന ഭാഗങ്ങളും ഞാൻ മറന്നു പോയിരിക്കാം. ശിഥിലമെങ്കിലും ഈ കുറച്ച് വാക്കുകൾ മാത്രം മതി അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ സർഗാത്മകതയും, പ്രചോദന ശക്തിയും മനസ്സിലാക്കാൻ, അനുഭവിയ്ക്കാൻ. ഈ വാക്കുകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് എന്റേതു മാത്രം.

അദ്ദേഹം പ്രഭാഷണം തുടങ്ങുമ്പോൾ മഴയുണ്ടായിരുന്നു. അധ്യക്ഷൻ സ്വാഗത പ്രസംഗത്തിൽ വർത്തമാന രാഷ്ട്രീയത്തിലെ അഴിമതികളെയും, മൂല്യ ച്യുതികളെയും കുറിച്ച് പറഞ്ഞു.

അഴീക്കോട്‌ സാർ ഇവിടെ തുടങ്ങുന്നു:

നാലു മണിയ്ക്കാണ് മീറ്റിംഗ് എന്നാണ് എന്നെ അറിയിച്ചിരുന്നത്. നമ്മൾ എങ്ങിനെ സമയം നിശ്ചയിച്ചാലും, തീവണ്ടിയുടെ സമയമാണല്ലോ അവസാനത്തെ സമയം. ഇപ്പോൾ ഇത് മഴയുടെ സമയമാണ്. മഴയുടെ സമയത്ത് മഴ പെയ്യണം. കരിവെള്ളൂരിലെ നല്ലവരായ നാട്ടുകാരെ സ്വാഗതം  ചെയ്യുന്നതോടൊപ്പം കൂടെയെത്തിയ വർഷ ദേവതയെ ഞാൻ നമിക്കുന്നു.

ഇവിടെ അധ്യക്ഷൻ പറഞ്ഞതുപോലെ ജീവിച്ചിരിക്കുമ്പോൾ സംഭവിക്കുന്ന അനേകം മരണങ്ങൾ. ഈ anticipatory bail എന്നൊക്കെ പറഞ്ഞാൽ മരിച്ചതിനു തുല്യമാണ്. നമ്മുടെ പല രാഷ്ട്രീയ നേതാക്കന്മാരും ഇന്ന് മരിച്ചതിന് തുല്യരാണ്. ഈ അവസരത്തിലാണ് നാം മരിച്ചിട്ടും ജീവിതം തുടരുന്ന ഒരു മഹാനെ സ്മരിക്കാൻ ഇവിടെ ഒത്തു ചേർന്നിരിക്കുന്നത്.

ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോൾ ഒരാൾ കരഞ്ഞു കൊണ്ട് സരോജിനി നായിഡുവിന്റെ അടുത്തു വന്നു. സരോജിനി നായിഡു പറഞ്ഞു, "എടോ മണ്ടാ..." (അന്നൊക്കെ ഒരു മണ്ടനെ ഉണ്ടായിരുന്നുള്ളൂ കേട്ടോ.., ഇന്നിപ്പോൾ മണ്ടന്മാർ ഒരുപാടായപ്പോൾ സരോജിനി നായിഡു അപ്രത്യക്ഷയായി) "താൻ എന്തിനാണ് ഇങ്ങനെ കരയുന്നത്? ബാപ്പുജിയുടേത് രാജകീയ മരണമാണ്. കുളിമുറിയിൽ വഴുതി വീണോ, ജലദോഷം പിടിച്ചോ ആണ് മരിച്ചിരുന്നതെങ്കിൽ നമുക്ക് അത് ചരിത്രത്തിൽ എഴുതി വെയ്ക്കാൻ പറ്റുമോ?!!!"

ഗോഡ്സേയുടെ വെടിയുണ്ട ഒരു മുന്നറിയിപ്പായിരുന്നു, "നീയും നിന്റെ അനുയായികളും കരുതിയിരിക്കുക".

ഗാന്ധിജി ഒരിക്കൽ ടാഗോറിന്റെ വിശ്വഭാരതി സന്ദർശിക്കുകയുണ്ടായി. അതു വരെ വലാക പക്ഷികൾ മാനസ സരസ്സിലൂടെ തേടിപ്പോകുന്ന സ്വർഗീയ സരണി ഏത് എന്ന് വേദങ്ങളിലൂടെയും, ഉപനിഷദുകളിലൂടെയും നോക്കി കണ്ട ടാഗോറിന്റെ കുട്ടികൾ ഗാന്ധിജി ഒരു പാത്രവും, ചൂലുമായി കക്കൂസ് വൃത്തിയാക്കാൻ പുറപ്പെട്ടപ്പോൾ ആശ്ചര്യചകിതരായി നിന്നുപോയി.

വിദേശ സർവകലാശാലകളിലെ പഠനം കഴിഞ്ഞെത്തിയ നേതാക്കളോട് അദ്ദേഹം പറഞ്ഞതിതാണ് :
"Don't come here, don't come here to occupy the power seats in India, Go back to the villages"

നമ്മൾ സ്വാതന്ത്ര്യത്തിന്റെ മധുരം നുണയുന്ന രാത്രിയിൽ അദ്ദേഹം നവ്ഖാലിയിലെ വർഗീയ കലാപങ്ങളില്ലാതാക്കാൻ നിരാഹാര സത്യാഗ്രഹത്തിലായിരുന്നു!!! മഹാകവി പി. യുടെ പാവപ്പെട്ടവന് വേണ്ടിയുള്ള വരികളിൽ ശാപാക്ഷരങ്ങളുടെ സന്തപ്തത കാണാം. അതു കൊണ്ടാണദ്ദേഹം മഹാകവിയായത്. നമ്മൾ ചിലപ്പോൾ വെള്ളത്തിനായി പൈപ്പ് തുറന്നാൽ കേൾക്കുന്ന തുമ്മലും, ചീറ്റലുമൊക്കെ ഒരു തുള്ളി വെള്ളത്തിനായി ദാഹിക്കുന്ന അനേകം ജനങ്ങളുടെ രോദനമാണ്.

ഗാന്ധിജി ഭൂമിയിലൂടെ നടന്ന നേതാവാണ്‌. ഭൂമിയിൽ നിന്നും അകലുമ്പോൾ ശക്തി നഷ്ടപ്പെടുന്ന ഒരു ദേവനെപ്പറ്റി ഗ്രീക്ക് മിത്തോലജിയിൽ പറയുന്നുണ്ട്. ഹെലികോപ്ടറിൽ വന്ന് ആകാശത്ത് നിന്ന് വെള്ളപ്പോക്കക്കെടുതികൾ നോക്കി പോകുന്ന നേതാവല്ല ഗാന്ധിജി. അന്ന് ഇന്ത്യ മുഴുവൻ ഒരു ഖാദി വസ്ത്രാലയമായിരുന്നു. ഞാനിവിടെ സംസാരിയ്ക്കുമ്പോൾ എന്റെ വായ മാത്രമല്ല സംസാരിയ്ക്കുന്നത്. എന്റെ ശരീരം മുഴുവൻ സംസാരിയ്ക്കുന്നുണ്ട്. വായ കൊണ്ട് മാത്രം പ്രസംഗിക്കുന്നവരുമുണ്ട് കേട്ടോ. "നമ്മുടെ പാർട്ടിയുടെ നൂറാം ശതാബ്ദി" എന്നാണ് ഒരു പഹയൻ ഇതിനിടെ പ്രസംഗിച്ചത് കേട്ടോ!!

ഗാന്ധിജി ഒരിക്കൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയി. ദർശനത്തിനല്ല കേട്ടോ. ബ്രിട്ടീഷ്‌ വൈസ്രോയിയെ സ്വീകരിയ്ക്കാൻ വിഗ്രഹത്തെ സിൽക്കിൽ പൊതിഞ്ഞലങ്കരിച്ചു വെച്ചത് കണ്ട അദ്ദേഹം ഉടൻ ചോദിച്ചു: "ഇതെന്താണ്...??!! ഈ രാജ്യത്തെ കോടിക്കണക്കിന് ജനത ധരിക്കാൻ വേണ്ടത്ര വസ്ത്രം പോലും ഇല്ലാതിരിക്കുമ്പോൾ വിശ്വനാഥൻ സിൽക്കിന്റെ വസ്ത്രം ധരിക്കുകയോ? ഇതു ശരിയല്ല. വിശ്വനാഥനും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കേണ്ടവനാണ്!!" ഇത് കേട്ടവരൊക്കെ ഒരു നിമിഷം സ്തബ്ധരായി. ഗാന്ധിജിയുടെ sense of humour കൂടിയാണിത് കേട്ടോ. മാത്രമല്ല സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം എത്താത്ത ഒരു ഗുഹ പോലും ഈ രാജ്യത്തുണ്ടാവരുതെന്ന് അദ്ദേഹം വാശി പിടിച്ചു.

ഞാൻ ഈയിടെ  "ഭൂമി വാതിൽക്കൽ" എന്ന ഒരു സ്ഥലത്ത് പോയി. അതു വരെ ഭൂമിയേ കണ്ടിട്ടുള്ളൂ കേട്ടോ, അന്നാദ്യമായാണ് ഭൂമിയുടെ വാതിൽക്കൽ എത്തിയത്. ഒരുപാട് ദൂരം സഞ്ചരിച്ചാണ് എത്തിയത്. ഭൂമിയുടെ വാതില്ക്കലേക്കുള്ള വഴി അത്ര എളുപ്പമല്ല എന്ന് കാണിക്കാനായിരിക്കും!!! അവിടെ എത്തിയപ്പോൾ നല്ല മഴ. എന്നിട്ടും എന്നെ സ്വീകരിക്കാൻ കുടകളുമായി കുറേ പേർ കൂടി നില്ക്കുന്നു. ഗാന്ധിജി അവർക്കൊരു കുടയാണ്‌. അനീതിയുടെ ഈ ഘോര വർഷത്തിൽ നിന്നും അവർക്ക് രക്ഷ നല്കുകയാണ് ഗാന്ധിജി!!

നമ്മുടെ നേതാക്കൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഏറ്റവും മുന്നിലെ വരികളിൽ ഇരിക്കേണ്ടത് ഈ രാജ്യത്തെ പാവപ്പെട്ടവരും, കർഷകരുമാണ്. എന്നിട്ട് മതി വി ഐ പി- കൾ.

ഇതാ മഴപോലും അവസാനിച്ചിരിക്കുന്നു. ഗാന്ധിജിയിലേയ്ക്കുള്ള വഴി തുറന്നു കിട്ടിയിരിക്കുന്നു. ഇന്ന്  നിങ്ങൾ നടന്നു പോകുന്ന വഴികളിൽ നിങ്ങളുടെ ജീവിതത്തിന് പുതിയ ആരാമങ്ങളുണ്ടാകും.

                                                                      -സന്തോഷ്‌ കുമാർ കാനാ
                                                                           Santhosh Kumar Kana
    (Excerpts from the series of speeches on Gandhiji by Dr. Sukumar Azhikode)
    I had the good fortune to listen to the speech at AVON CLUB, Karivellur, Kannur District, Kerala.
















Sunday, August 24, 2014

ആന്തരിക നവീകരണം

                                                           --എം.വി.കരുണാകരന്‍ മാസ്റ്റര്‍

വടക്കേ മണക്കാടിന്റെ ഭൂമി ശാസ്ത്രത്തില്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് വലിയ സ്ഥാനമുണ്ട്. "കോട്ടൂരപ്പന്‍" എന്ന് നാട്ടുകാരായ ഭക്തര്‍ വിളിക്കുന്ന ദേവനെ ദേശാധിപനായിട്ടാണ് കാണുന്നത്. കോട്ടൂര്‍ നമ്പീശന്മാരാണ് ക്ഷേത്രത്തിന്റെ ഊരാളന്മാര്‍.വര്‍ഷങ്ങളോളം ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രത്തെ നാട്ടുകാരുടെ കമ്മറ്റിയാണ് പുനരുദ്ധാരണത്തിലേക്ക് നയിച്ച്‌ കൊണ്ടിരിക്കുന്നത്. 

നെല്‍ വയലുകളും, തറവാടുകളും, തെയ്യ സ്ഥാനങ്ങളും മണക്കാടിനെ കരിവെള്ളൂരിലെ മറ്റൊരു പ്രധാന സാംസ്കാരിക കേന്ദ്രമാക്കുന്നു. കിഴക്ക് നെല്‍ വയലുകള്‍ക്കഭിമുഖമായിട്ടാണ് കൊട്ടൂരമ്പലം. ഉദയ സൂര്യ രശ്മി വിഗ്രഹത്തില്‍ നേരിട്ട് പതിക്കുന്നുവെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അടുത്തുള്ള കുളവും, നാകവും ക്ഷേത്രത്തിന് സ്വാഭാവിക പ്രകൃതി രമണീയത നല്കുന്നു. വിദ്യാര്‍ത്ഥികള്‍ ഈ സ്ഥലം വായനയ്ക്കായി ഉപയോഗിക്കുന്ന കാഴ്ച പുതിയതല്ല.

എന്റെ ചെറുപ്പകാലം മുതല്‍ കേട്ടുവന്ന ഒരു ഐതിഹ്യം ക്ഷേത്രത്തിലെ നിറമാലയെ സംബന്ധിച്ചുള്ളതാണ്. അന്നൊക്കെ മഴ പെയ്യാന്‍ പ്രധാന പ്രാര്‍ത്ഥന നിറമാലയായിരുന്നു. അത് നടത്താന്‍ സംഭാവന നല്കിയിരുന്ന നാട്ടുകാരിലൊരാള്‍ വിസമ്മതിച്ചുവത്രെ. മഴ അദ്ദേഹത്തിന്റെ വയല്‍ വിട്ട് പെയ്തുവെന്നത് കൊട്ടൂരപ്പന്റെ മാഹാത്മ്യത്തെ സ്തുതിക്കുന്ന കഥയാണ്. "കോലിടവിട്ട് മഴ പെയ്യിച്ച കൊട്ടൂരപ്പന്‍" എന്ന പേര് വന്നതങ്ങിനെ. ഐതീഹ്യം ഐതീഹ്യമായിരിക്കട്ടെ. അതിന്റെ രാഷ്ട്രീയ വിശകലനത്തിലേക്ക് കടക്കാന്‍ ഞാനിവിടെ താല്പര്യപ്പെടുന്നില്ല. 

നവീകരണ യത്നത്തില്‍ നമുക്കൊന്നിച്ച് ചേരാം. മണക്കാടിന്റെ ദേശാധിപനെ അളവറ്റ ഭക്തിയോടെ പുന:പ്രതിഷ്ഠിക്കാം. ഓരോ ശരീരത്തിലും തിളങ്ങുന്ന ഈശ്വര ചൈതന്യത്തിന്റെ പ്രതീകമായ പ്രതിഷ്ഠകളും, ദേവസ്ഥാനങ്ങളും പുനരുധ്ധരിക്കപ്പെടുമ്പോള്‍ നവീകരണം ഒരു നാടിന്റെ ആന്തരിക നവീകരണമാകുന്നു.
                                                                --- M.V. Karunakaran Master
(published in the souvenir released on the occasion of PUNA:PRATHISHTAA BRAHMAKALASHA MAHOLSAVAM FROM 08.05.2014 TO 18.05.2014)