My Strength

what do you like about this blog?

Tuesday, June 23, 2015

വിൽക്കുന്നവർ (VILKKUNNAVAR)


മെത്ത വിൽക്കുന്നവർ പറഞ്ഞു
നീണ്ടു നിവർന്ന് കിടക്കണം
അച്ചടക്കത്തോടെ          

ഉറക്കം കെടുത്തുന്നവർ തന്നെയാണ്
ഉറക്കം വിൽക്കുന്നതും
മുറിവും, മരുന്നും ഒരുപോലെ വിൽക്കുന്നവർ

ഞാനെന്നും
കട്ടിലിൽ  നിന്ന് താഴെ വീണു
ഉറക്കത്തിൽ ഞെട്ടിയുണർന്നു
തല വേണ്ടിടത്ത് കാലും
കാല് വേണ്ടിടത്ത് തലയും
കുറുകെയും
ചുരുണ്ടും
ചരിഞ്ഞും
മെത്താ നിയമങ്ങളിൽ
ഒതുങ്ങാനാവാതെ !
             --- സന്തോഷ്‌ കുമാർ കാനാ

Wednesday, June 3, 2015

പ്രേമം (PREMAM)


ഈ പ്രേമുണ്ടല്ല
ചെലപ്പം
അങ്ങ് പഞ്ചാബിലെ കടുക്‌ പാടത്ത്ന്നോ
നേപ്പാളിലെ കുന്നിന്റെ മേലേന്നോ
തമിൾ നാട്ട് ലെ കുഗ്രാമത്ത് ന്നോ
അങ്ങനെ ബെരും
നാട്ട് കണ്ട
മതിലും
ചൊമരും എല്ലം പൊളിച്ചിറ്റ്
കണ്ണ്‍ കണ്ട പള്ളീലച്ഛന്യും, മൊല്ലാക്കെന്യും, ഉമ്ബ്രാശന്യും
എല്ലം തട്ടിത്തെറിപ്പിച്ചിറ്റ്
നിങ്ങ പറീന്ന വേദാന്തും, ബഡായ്യും
ഒന്നും കേക്കാണ്ട്
രാഷ്ട്രീയും, ഭരണപക്ഷും, പ്രതിപക്ഷും
ചോപ്പും, കാവ്യും , പച്ച്യും
ഒരു തെങ്ങാക്കൊല്യും നോക്കാണ്ട്
താമരശ്ശേരി ചൊരം വയി
നമ്മളെ വാത്ക്ക ബെന്ന് ന്ക്കും
അന്നേരം
ഞാൻ ഒറപ്പായ്റ്റും പറയും:
"നീ സുലൈമാനല്ല
ഹനുമാനാണ്" ന്ന്
                    --- സന്തോഷ്‌ കുമാർ കാനാ  

Monday, June 1, 2015

പഴയ കാമുകി (PAZHAYA KAAMUKI)

                                                       (picture taken by me at Nagarkot, Nepal)

പഴയ കാമുകി
ഞാൻ പണ്ടു താമസിച്ചിരുന്ന വീടാണ്
വിറ്റുപോയ എന്റെ കാർ
പഴയ കാമുകി
ചില വരികളിലെ, വഴികളിലെ നെടുവീർപ്പാണ്
പഴയ കാമുകി
എനിക്ക് സുഗന്ധമില്ലാത്ത പൂവാണ്
എനിക്കിന്ന് പാകമാവാത്ത എന്റെ വസ്ത്രം
പഴയ കാമുകി
മുറിവുണങ്ങിയ ഒരു പഴയ അപകടം
ഇന്ന് പൊള്ളയായ ഒരു പഴയ വാക്കസർത്ത്
പഴയ കാമുകി
വിസ്മൃതിയിലായ ഒരു പഴയ പാതയാണ്
പണ്ട് മയക്കിയ, ഭയക്കിയ ഒരു പ്രേത കഥ
പഴയ കാമുകി
മനപ്പാഠമായ ഒരു വിരസ കാവ്യം
അതിജീവിച്ചൊരാത്മഹത്യ, പ്രതികാരം.

പഴയതുപോലെ പഴയതായി മറ്റൊന്നില്ല !

                                -- സന്തോഷ്‌ കുമാർ കാനാ