My Strength

what do you like about this blog?

Sunday, June 23, 2013

നമോ ബുദ്ധ: ത്യാഗൌന്നത്യത്തിന്റെ കഥ

                                                              -- NamoBuddha: the Height of Sacrifice                  

Kathmandu-വില്‍ നിന്ന് നാല്പതിലധികം കിലോ മീറ്റര്‍ ദൂരെ തെക്കു കിഴക്കായി ധൂളിഖേലിനടുത്ത് കാവ്രേ ജില്ലയിലാണ് ബുദ്ധമത വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്കരമായ ത്യാഗ ഭൂമി, നമോ ബുദ്ധ. ഒരു ഒക്ടോബറിലും, ഒരു ജൂണിലും ആണ് ഞാന്‍ നമോ ബുദ്ധ സന്ദര്‍ശിച്ചത്. ആദ്യ സന്ദര്‍ശനം ധൂളിഖേലില്‍ താമസിച്ച് പനൗതി വഴിയായിരുന്നു. സാന്ഗ്ഖു എന്ന സ്ഥലത്തുകൂടി ഏകദേശം എട്ടു കിലോമീറ്റര്‍ നടന്നാണ് അന്ന് നമോ ബുദ്ധയിലെത്തിയത്. ഗ്രാമങ്ങളിലൂടെ നടന്ന്, കുന്നു കയറി കാട്ടിലൂടെ ഒരു നീണ്ട യാത്ര.

കുന്നുകള്‍ക്കുമുകളില്‍ നമോബുദ്ധയിലെ പ്രാര്‍ത്ഥനാ പതാകകള്‍ പല നിറങ്ങളിലായി കാണാം. ആദ്യം എത്തുന്നിടം Main Temple എന്നറിയപ്പെടുന്ന ബുദ്ധ സ്തൂപമാണ്. എല്ലാ ബുദ്ധമത ക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും വെണ്ണ ഒഴിച്ച വിളക്ക് കത്തിച്ച് സമര്‍പ്പിക്കാം. അതാണ്‌ പ്രാര്‍ത്ഥനാ രീതി. വിളക്കുകള്‍ പല വലിപ്പത്തില്‍ പൈസ കൊടുത്ത് വാങ്ങാം. ഈ സ്തൂപത്തിനടുത്തായി ചെറിയ കടകളും, ലോഡ്ജുകളും ഉണ്ട്. ഇവിടെ നിന്നാണ് നമോബുദ്ധയിലെ പ്രധാന തീര്‍ത്ഥ സ്ഥലത്തേക്കുള്ള കയറ്റം ആരംഭിക്കുന്നത്. കാട്ടിലൂടെ പോകാ ന്‍ ഒരു വഴി. മറ്റൊന്ന് റോഡിലൂടെ കുന്നിനെ വലം വെച്ച് മുകളിലേക്ക്. മാര്‍ഗമേതായാലും ലക്‌ഷ്യം ഒന്നുതന്നെ.

Kathmandu-വില്‍ നിന്ന് നമോബുദ്ധയിലെത്താന്‍ ഏറ്റവും എളുപ്പ മാര്‍ഗം ബനെപാ(Banepa) വഴിയാണ്. ബസ്സില്‍ ചെലവു കുറയുമെങ്കിലും ടാക്സിയാണ് നല്ലത്. റോഡ്‌ മോശമായതിനാലും, തിങ്ങിനിറഞ്ഞ ബസ്സുകളായതിനാലും അപകടം സാധാരണമാണ്.  ജൂണ്‍ മാസത്തിലെ എന്റെ യാത്ര ടാക്സിയിലായിരുന്നു. അല്പം വിലപേശിയാല്‍ അങ്ങോട്ടും, ഇങ്ങോട്ടും മൂവായിരം രൂപയ്ക്കടുത്ത് കൊടുത്താല്‍ മതി.

മുകളിലെത്തിയാല്‍(1750 മീറ്റര്‍ ഉയരത്തില്‍) കാണുന്നത് മനോഹരമായ ഒരു കെട്ടിടം. പ്രസിദ്ധ ബുദ്ധിസ്റ്റ് മോണാസ്ടറി Thrangu Tashi Yangste Monastery (വായിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ്  ഇതിന്റെ മലയാളം ഒഴിവാക്കിയത്!!) ഖെന്‍ചെന്‍ ത്രാങ്കു റിമ്പോച്ചേ (Khenchen Thrangu Rinpoche) ആണ് 1978 -ല്‍ ഈ മൊണാസ്ടറിയും, മൊണാസ്റ്റിക് കോളേജും മറ്റും നമോബുദ്ധയില്‍ നിര്‍മിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മൊണാസ്ടറികളും, വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട് അദ്ദേഹം.ഇന്നിവിടെ മുന്നൂറിനടുത്ത് ബുദ്ധ സന്യാസിമാരുണ്ട്. ഖെന്‍ചെന്‍ ത്രാങ്കു റിമ്പോച്ചെ 1959-ല്‍ ചൈനാധിനിവേശ കാലത്ത് സ്വന്തം രാജ്യമായ ടിബറ്റ്‌ വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്ന അനേകം സന്യാസിമാരില്‍ ഒരാളാണ്. 80 വയസ്സുള്ള മഹാ പണ്ഡിതനായ ഈ ലാമ ഗെലുഗ്പ പരമ്പരയിലെ ഏറ്റവും ഉന്നതമായ ഡോക്ടറേറ്റ്‌ ഡിഗ്രി ഗെഷെ ലാറംപാ (Geshe degree:Doctorate of Buddhist philosophy) നേടിയ ആളാണ്‌. ടിബറ്റന്‍ ബുദ്ധിസ്റ്റ് രീതികളെയും, പരമ്പരകളെയും മനസ്സിലാക്കാന്‍ ഒരു ജന്മം മതിയാകുമോ എന്ന് സംശയം!! അത്രയും വൈവിധ്യമുള്ളതാണ് ഓരോന്നും. കെട്ടിട സമുച്ചയങ്ങളില്‍ നടുവില്‍ Main Temple Building. ഇത് ആറ് നില കെട്ടിടമാണ്. ഇതിന്റെ നാലാമത്തെ നിലയിലാണ് പ്രാര്‍ത്ഥനാ ഹാള്‍. 36 തൂണുകളുള്ള ഈ ക്ഷേത്രത്തിന്റെ മുന്നിലായി ബുദ്ധന്റെ ഏഴു തലമുറകളുടെ പ്രതിമകള്‍ കാണാം. മറ്റു കെട്ടിടങ്ങളില്‍ ബുദ്ധ സന്യാസിമാരുടെ പാഠശാലയും, ക്വാര്‍ട്ടെഴ്സും, the Protector Temple-ഉം, Retreat Centre-ഉം, The Temple of the Pure Land of Bliss-ഉം(അമിതാഭ ബുദ്ധയുടെ ക്ഷേത്രം).
                                                         (in October)

                                                            (in June)
നമോബുദ്ധയില്‍ താമസത്തിന് ഗസ്റ്റ് ഹൌസുകളുണ്ട്. നേരത്തെ ബുക്ക് ചെയ്താല്‍ നന്ന്. ഒരാള്‍ ക്ക് 800 രൂപ. ഇതില്‍ അത്താഴവും, പ്രാതലും പെടും. ബാത്ത് റൂം കോമണ്‍ ആണ്. വരുന്ന വഴിയില്‍ നല്ല ടൂറിസ്റ്റ് റിസോര്‍ട്ടുകളുണ്ടെങ്കിലും ഇവിടെ താമസിക്കുനത് വേറിട്ടൊരു അനുഭവമാണ്. Main Temple-ന്റെ കിഴക്കു വശത്തായി അഞ്ചു നിലയുള്ള കെട്ടിടത്തിലാണ് അടുക്കളയും, ഭക്ഷണശാലയും.വൈകീട്ട് എഴുമണിക്കോ മറ്റോ ആണ് അത്താഴം. ഒരു വലിയ ഹാളില്‍ പല നിരകളിലായി മരത്തിന്റെ ബെഞ്ചും, ഡെസ്കും കാണാം. സന്യാസിമാരിരിക്കുന്ന വരികള്‍ക്ക് മറ്റൊരു വശത്തായി സന്ദര്‍ശകര്‍ക്കിരിക്കാം. ചുറ്റും ചില്ല് അലമാരകളില്‍ ചെറിയ ബുദ്ധ പ്രതിമകള്‍. ഭക്ഷണത്തിനു മുമ്പ് ഒരു ചെറു പ്രാര്‍ത്ഥന. ഒരു ഭാഗത്ത് മനോഹരമായി അടുക്കി വെച്ച പാത്രങ്ങലോരോന്നായി ബുദ്ധസന്യാസിമാര്‍ നമുക്ക് മുന്നില്‍ കൊണ്ടു വെയ്ക്കും. ഇതൊക്കെ ശരി, എന്താണ് ഭക്ഷണം എന്നറിയണ്ടേ? നൂഡ്‌ല്‍സ് പോലൊരു സാധനം, കൂടെ അല്പം രാജ്മായും. കഴിഞ്ഞു!! ഇതുകൊണ്ടെന്താകാന്‍??!! പ്രാതലിന്റെ കാര്യമാണെങ്കില്‍ ഇതിലും വിചിത്രം! മൈദ കുഴച്ച് വേവിച്ചെടുത്ത ഉണ്ടകള്‍!! കൂടെ രാജ്മായും പിന്നെ ടിബറ്റന്‍ ചായയും. ടിബറ്റന്‍ ചായ കുടിക്കാന്‍ ശരിക്ക് ബുദ്ധിമുട്ടും. കാരണം നെയ്യിട്ട് ഉണ്ടാക്കിയ ഒരു പ്രത്യേകതരം ചായയാണ്. ഞാന്‍  ഒരു ബുദ്ധ സന്യാസിയോട് ചോദിച്ചു: "ഇതൊക്കെക്കൊണ്ട് എങ്ങിനെ ഒപ്പിക്കുന്നു?" ഒരു ചിരിയിലൂടെ ആ പയ്യന്‍ പറഞ്ഞു: "ഇത് ധാരാളം". ഞാന്‍ അതിശയിച്ചുപോയി. ബുദ്ധിസം അല്പം ബുദ്ധിമുട്ടിസവുമാണെന്ന് മനസ്സിലായി. അടുത്തുള്ള ചായക്കടയില്‍ പോയി വിശപ്പ് തീര്‍ക്കാന്‍ തീരുമാനിച്ചപ്പോളല്ലേ ടെക്നിക്ക് പിടി കിട്ടിയത്. എല്ലാ സന്യാസി പയ്യന്‍മാരും അതാ ചായക്കടയില്‍ ഓംലെറ്റും, ചപ്പാത്തിയും മറ്റും വയറു നിറച്ചു കഴിക്കുന്നു!!! അപ്പോള്‍ നേരത്തെ കഴിച്ചത് ഒരു മതപരമായ ചടങ്ങ് മാത്രം!! 

താഴ്വരകളുടെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം നമോബുദ്ധയെ ആകര്‍ഷണീയമാക്കുന്നു. ജൂണില്‍ ഈ കുന്നിലിരുന്ന് മഴ പെയ്യുന്നത് കാണാന്‍ എന്തൊരു സുഖം! ഇവിടത്തെ പൂന്തോട്ടങ്ങള്‍ ഈ സ്ഥലത്തിന്റെ മനോഹാരിത കൂട്ടുന്നു.


Main Temple-ന് പടിഞ്ഞാറു വശത്തായി എട്ടു സ്തൂപങ്ങള്‍ കാണാം. കൂടാതെ ഒന്ന് റിമ്പോച്ചേയുടെ അമ്മയ്ക്കായിട്ടുള്ളതും. ഈ വഴിയിലാണ് കല്ലില്‍ തീര്‍ത്ത ഒരു ബുദ്ധ പ്രതിമയും, മുന്നിലായി കാലില്‍ വീഴുന്ന അഞ്ച് ശിഷ്യന്മാരും. മുന്നിലുള്ള പാത്രത്തില്‍ നമോബുദ്ധയുടെ ത്യാഗത്തിന്റെ കഥയിരിക്കുന്നു. പറയാം. പണ്ടു പണ്ടൊരിക്കല്‍ Great Charioteer എന്ന പേരിലൊരു രാജാവ് ഇവിടെയടുത്ത്‌ ഒരു രാജ്യം ഭരിച്ചിരുന്നു. അദ്ദേഹത്തിന് മൂന്ന് ആണ്‍ മക്കളായിരുന്നു. മൂത്തയാള്‍: 
Great Sound, രണ്ടാമത്തെയാള്‍ Great Deity, ഏറ്റവും ഇളയവന്‍ Great Mind. ചെറുപ്പം മുതലേ ഏറ്റവും ഇളയവനായ Great Mind മറ്റു രണ്ടു പേരില്‍ നിന്നും വ്യത്യസ്തനായിരുന്നു. മറ്റുള്ളവരുടെ ദുഖത്തിലും, വേദനയിലും മനസ്സലിയുന്ന പ്രകൃതം. അങ്ങിനെ ഒരിക്കല്‍ രാജാവും, കുടുംബവും ഗ്രാമങ്ങളിലേക്ക് അല്പദിവസത്തെ സുഖവാസത്തിനും, നായട്ടിനുമായി പോയി. അവിടെവെച്ച് മൂന്ന് സഹോദരന്മാരും മറ്റുള്ളവര്‍ വിശ്രമിക്കുമ്പോള്‍ നായാട്ടിനിറങ്ങി. ഒരു ഗുഹയില്‍ കണ്ട ഒരു കടുവയെ കൊല്ലാന്‍ അമ്പും വില്ലും ഉയര്‍ത്തിയ സഹോദരന്മാരെ ഏറ്റവും ഇളയവന്‍ വിലക്കി. അഞ്ചു കുട്ടികളെ പ്രസവിച്ച് അവശയായിരിക്കുന്ന ആ കടുവയുടെ കണ്ണിലെ ദയനീയതയില്‍ മനസ്സലിഞ്ഞ്‌ അവന്‍ കടുവയ്ക്ക് ഭക്ഷണമായി സ്വയം സമര്‍പ്പിച്ചുവത്രെ. ആ രാജകുമാരനാണ്  പിന്നീട് കപിലവസ്തുവില്‍ ശ്രീ ബുദ്ധനായി പിറന്നതത്രേ. രാജകുമാരന്റെ ത്യാഗമുണര്‍ത്തുന്ന ഭൂമിയാണ്‌ നമോബുദ്ധ. ആ വനത്തിലൂടെ പോകുന്നവര്‍ വന്യ മൃഗങ്ങളില്‍ നിന്ന് രക്ഷയ്ക്കായി "നമോ ബുദ്ധ" (ഞാന്‍ ബുദ്ധനില്‍ ശരണം പ്രാപിക്കുന്നു. അഥവാ ബുദ്ധം ശരണം) എന്നുരുവിടുമായിരുന്നത്രേ.നേരത്തെ പറഞ്ഞ പ്രതിമയുടെ മുന്നിലുള്ള പാത്രത്തില്‍ ആ രാജകുമാരന്റെ എല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ടത്രെ. (രാജകുമാരന്റെ ത്യാഗസ്ഥലം കൃത്യമായി ആരും രേഖപ്പെടുത്തിയിട്ടില്ല.) ഈ സ്ഥലത്തും വെണ്ണ വിളക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.


രാവിലെ ആറു മണിക്ക് മൊണാസ്റ്ററിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. എല്ലാ മന്ത്രങ്ങളും ടിബറ്റന്‍ ഭാഷയിലായതിനാല്‍ ഒന്നും മനസ്സിലായില്ല. പക്ഷെ ശബ്ദ തരംഗം ഉണ്ടാക്കുന്ന വികാരം അനുഭവിച്ചറിയേണ്ടതുതന്നെയാണ്. 

തിരിച്ചു വരുമ്പോള്‍ ടാക്സിയില്‍ രണ്ടു ബുദ്ധ സന്യാസിമാരും ചേര്‍ന്നു. ഒരാള്‍ മുന്നില്‍ ഡ്രൈവറുടെ അടുത്തിരുന്ന് നല്ല ഉറക്കം. മറ്റെയാള്‍ എന്റെ കൂടെ പിന്നിലും. സംസാരത്തില്‍ ബുദ്ധിസത്തെയും, ടിബറ്റ്‌-ചൈന-നേപ്പാള്‍ രാഷ്ട്രീയത്തെയും പറ്റി അദ്ദേഹം വാചാലനായി. ഒപ്പം സൌത്ത് ഇന്ത്യന്‍  സിനിമകളെപ്പറ്റിയും!! ഒരു വിധം സന്യാസിമാരൊക്കെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരാണ്. ഇദ്ദേഹത്തിന്റെ കയ്യിലും കണ്ടു വിലകൂടിയ ഒരു ടാബ്ലെറ്റ്. മൊണാസ്റ്റിക്  പാഠശാലയില്‍ പഠന വിഷയങ്ങളായി ബുദ്ധമത തത്വങ്ങള്‍ക്കൊപ്പം കണക്കും, സയന്‍സും, ഇന്ഗ്ലീഷും, നേപ്പാളിയും, കമ്പ്യൂട്ടറുമൊക്കെ പഠിപ്പിക്കുന്നു. മഴ കാരണം റോഡിന്റെ അവസ്ഥ വളരെ മോശമാണ്. Kathmandu-വിലെത്തിയപ്പോള്‍ യാത്ര പറഞ്ഞ് ഞാനിറങ്ങി.

വീടെത്തിയിട്ടും മനസ്സില്‍ നിറഞ്ഞത്‌ അല്പം നാളുകള്‍ക്കു മുമ്പ് Kathmandu-വിലെ പ്രസിദ്ധ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമായ ബൌദ്ധനാഥ് ക്ഷേത്രത്തിനു മുന്നില്‍ സ്വയം തീ കൊളുത്തി മരിച്ച ടിബറ്റന്‍ ബുദ്ധ സന്യാസിയുടെ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ത്യാഗമാണ്.
http://www.ibtimes.com/burning-freedom-crisis-nepal-tibetan-monks-self-immolate-china-cracks-down-1175079
                                                                             -സന്തോഷ്‌ കുമാര്‍ കാനാ 

Monday, June 3, 2013

रौशनी सी याद (ROSHNI SI YAAD)



बंद कमरों की अंधेरों में रौशनी सी याद आती है 

चुपके चुपके गले लगाने की 

आहें आहट से बचाकर भरने की 


इन कमरों में अब तुम्हारी हसी की खुशबू नहीं 

या तुम्हारी सुरीली आवाज़ की ताजगी 

मैं इन अंधेरों में खोजता हूँ 

उन रोशन पलों को 

खुदको ! 

                                                                                          - संतोष कुमार कान्हा 
                                                                                              (काठमांडू , 2013)