My Strength

what do you like about this blog?

Wednesday, April 20, 2016

അമ്മ മുറ്റമടിക്കുന്നു (AMMA MUTTAMADIKKUNNU)


അമ്മ വർഷങ്ങളായി
മുറ്റമടിക്കുന്നു,
കുനിഞ്ഞും, നിവർന്നും, മുറ്റത്തിന്റെയറ്റം  നോക്കിയും,
നിശ്വസിച്ചും
അയഞ്ഞു പോകുന്ന ചൂലിനെ ചേർത്തു പിടിച്ചും
അമ്മ മുറ്റമടിക്കുന്നു.


ഓരോ പ്രഭാതവും
ഓരോ കാല്പാടിന്റെ,
കാലൊച്ചയുടെ പ്രതീക്ഷയാണ്.

ഉണങ്ങി, കൊഴിഞ്ഞ ഇലകൾ
കൊണ്ട് കാല്പാടുകൾ മറഞ്ഞ,
പൂക്കളങ്ങൾ ചിതറിയ
മുറ്റമടിക്കുന്നു അമ്മ.

മുറ്റമടിക്കൽ ഒരു മുഖപുസ്തക
ചുവരെഴുത്താണ്, ചിത്രമാണ്
അമ്മയെഴുന്നേൽക്കുന്നത് തന്നെ
മുറ്റമടിക്കാനാണ് !
                            -സന്തോഷ്‌ കാന

Sunday, April 17, 2016

ബാബേലുകൾ (Babel)


അവർ ഒന്നിച്ചു ചേർന്ന് ഒരു ഗോപുരം പണി തുടങ്ങി
വികാരം എന്ന ഗോപുരം
മതം, ജാതി, ഭാഷ, പ്രദേശം
എന്നീ ഇഷ്ടികകൾ കൊണ്ടവർ
അധ്വാനിച്ചു
വിയർപ്പ് വീണു വൃഥാവിലായ
മണ്ണിലേയ്ക്ക് ദൈവത്തിന്റെ കണ്ണുനീർ പതിച്ചു
അവരെ ദൈവം ശാസിച്ചു
അവരുടെ വികാരം വ്രണപ്പെട്ടു
ഒന്നോ രണ്ടോ ഇഷ്ടികകൾ തകർന്നു വീണു
വാശിയോടെ, ക്രോധത്തോടെ
ഭക്തിയോടെ അവർ പണി തുടർന്നു.

ആ കാലിൽ ചില കൊതുക്കൾ
വികാരത്തിന്റെ അണു പടർത്തി
അത് വളർന്ന് കാലിൽ തൂങ്ങി നിന്നു
മന്തിനെ ശുശ്രൂഷിക്കാൻ ശ്രമിച്ചവരൊക്കെ
അയാളുടെ ശത്രുക്കളായി
അവരുടെ ഉപദേശങ്ങളിൽ അയാളുടെ
മന്ത് വ്രണപ്പെട്ടു
ആ വ്രണം പൊട്ടിയൊലിച്ചു
മന്തുകാലുകളുടെ കൂട്ടായ്മ ശക്തമായി,
അവർ ഭരണ സ്ഥാനങ്ങളിൽ
ഇടം കണ്ടു.
അസഹ്യ ദുർഗന്ധവുമായി
ആ വികാരങ്ങൾ വ്രണങ്ങളെ താലോലിച്ചു
                             ---സന്തോഷ്‌ കാന




Thursday, April 14, 2016

ഓൺലൈൻ കാലം (online times)


Felt like rewriting those lines from the poem, "Safalamee Yathra" by N.N.Kakkad, in the modern times:

കാലമിനിയുമുരുളും, ഫേസ് ബുക്ക്‌ വരും, വാട്സാപ്പ് വരും, പുതു പുതു ആപ്സ് വരും, ഓരോ വികാരത്തിനും, ഭാവത്തിനും ലഘു ചിത്രങ്ങൾ വരും, ഓൺലൈനിൽ വിഷു വരും, ഓണം വരും, കൊന്ന പൂക്കും, തുമ്പയും, ചെമ്പകവും സ്ക്രീനിൽ നിറഞ്ഞു നില്ക്കും, അച്ഛനും അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും വെബ്‌ ക്യാമറകളിലൂടെ പിഞ്ചു കവിളുകളെ താലോലിക്കാൻ "കൈ നീട്ടും", പിന്നെ പച്ച നിറമുള്ള പ്ലാസ്റ്റിക്കിന്റെ ഇലകളിൽ ചിതറിയ ബന്ധങ്ങൾ പോലെ വിഭവങ്ങൾ ഒരുങ്ങും. അപ്പോളാരെന്നും, എന്തെന്നും ആർക്കറിയാം!!! അരികെ നില്ക്കൂ കാലമേ, സഖീ, ഈ യാത്രയിൽ കാലിന്നടിയിലെ മണ്ണൊലിച്ചു പോകുന്നതിന്റെ ഭയം എന്നെ പിടികൂടുന്നു, അറിയില്ല എത്ര സഫലമാകുമീ യാത്ര ! (Santhosh Kana)