My Strength

what do you like about this blog?

Thursday, February 23, 2023

മാൽഗുഡിയുടെ സ്രഷ്ടാവിന്റെ വീട്ടിൽ (At MALGUDI AUTHOR'S HOUSE IN MYSORE)

മാൽഗുഡിയുടെ സ്രഷ്ടാവിന്റെ  വീട്ടിൽ 
(At MALGUDI AUTHOR'S HOUSE IN MYSORE)

മൈസൂരിലെ യാദവഗിരിയിലാണ് സാധാരണക്കാരന്റെ ആത്മകഥ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന 'മാൽഗുഡി ഡേയ്സ്' (Malgudi Days) എന്ന പുസ്തകം എഴുതിയ ആർ കെ നാരായൺ മൂന്നു നാല് പതിറ്റാണ്ടുകൾ താമസിച്ച വീട്. 1948 ൽ തുടങ്ങി 1952 ൽ പണിതീർന്ന വീട്  തൊണ്ണൂറുകളിൽ അദ്ദേഹം മദ്രാസിലേക്ക് താമസം മാറ്റിയതിനു ശേഷം ഏറെക്കാലം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. 2016 ൽ മൈസൂർ നഗര സഭ ഏറ്റെടുത്ത് ഒരു ചെറു സ്മാരകമാക്കി മാറ്റിയിരിക്കുന്നു. മൈസൂരിൽ ഈ വീട്ടിൽ മാത്രമായിരുന്നില്ല നാരായൺ തന്റെ സർഗാത്മക കാലങ്ങൾ ചെലവഴിച്ചത്. ഇതിനു മുമ്പ് ലക്ഷ്മിപുരത്തും മറ്റുമായി രണ്ടോ മൂന്നോ വീടുകളിലായാണ് സ്‌കൂൾ കാലഘട്ടം മുതൽ അദ്ദേഹം താമസിച്ചിരുന്നത്. വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ വെളുത്ത ചായം പൂശിയ ഈ ഇരുനിലക്കെട്ടിടത്തിന്റെ അകത്തും പുറത്തും ആ എഴുത്തുകാരന്റെ കാൽപാടുകളും, കൈപ്പാടുകളും തേടി നിരന്തരം എത്തിച്ചേരുന്നു. 

എൺപതുകളിൽ ദൂരദർശന്റെ പുഷ്കല കാലങ്ങളിൽ നിറഞ്ഞു നിന്ന 'മാൽഗുഡി ഡേയ്സ്' എന്ന ടി വി സീരിയൽ കണ്ടപ്പോഴാണ് ഞാൻ ആദ്യമായി ആർ കെ നാരായണന്റെ പുസ്തകങ്ങളിലേക്ക് ആകര്ഷിക്കപ്പെടുന്നത്. മുപ്പത്തിയാറാം വയസ്സിൽ ഒരപകടത്തിൽ അന്തരിച്ച ഉഡുപ്പി സ്വദേശി ശങ്കർ നാഗ് (Shankar Nag) എന്ന അതുല്യ പ്രതിഭയുടെ കാഴ്ചയിലൂടെ മാൽഗുഡി പുനർജനിച്ചപ്പോൾ അത് സാഹിത്യത്തിന്റെ അനുരൂപീകരണത്തിന് ഏറ്റവും ഉത്തമമായ ഉദാഹരണമായി. ലളിത സാധാരണമായ പരിസരങ്ങളും, മനുഷ്യരും നിറഞ്ഞു നിൽക്കുന്ന നാരായണന്റെ സാഹിത്യലോകത്തെ അതിന്റെ തനത് സൗന്ദര്യവും, ആഴവും നഷ്ടപ്പെടാതെ ദൃശ്യ ഭാഷ്യം നൽകാൻ ശങ്കർ നാഗിന് കഴിഞ്ഞു. കാന്തി മടിയ എന്ന ഗുജറാത്തി നടനും, ശങ്കർ നാഗിന്റെ ഭാര്യ അരുന്ധതി നാഗും അഭിനയിച്ച 'ഒരു കുതിരയും രണ്ട് ആടുകളും' (A Horse and two Goats)  'മാൽഗുഡി ഡേയ്സ്' (Malgudi Days) എന്ന കഥാ സമാഹാരത്തിലെ എന്നെ ഏറെ ആകർഷിച്ച കഥയാണ്. മുനി എന്ന ദരിദ്ര കർഷകനും, ഒരു വിദേശിയും തമ്മിൽ നടത്തുന്ന സംസാരം നർമത്തോടൊപ്പം, അധിനിവേശാനന്തര സാഹിത്യ പ്രത്യയശാസ്ത്രങ്ങളും, സിദ്ധാന്തങ്ങളും പ്രതിഫലിപ്പിക്കുകയും, സാഹിത്യലോകത്ത് നാരായണന്റെ സ്ഥാനം വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. മാൽഗുഡി എന്ന സാങ്കല്പിക ഭൂപ്രദേശം കോളനിവൽക്കരണത്തിന്റെ ക്ലിപ്തമായ പരിധികളെ വെല്ലുവിളിക്കുന്നു. 

'ദ മിസ്‌ഗൈഡഡ് ഗൈഡ്' (The Misguided Guide) എന്ന ലേഖനത്തിൽ. മൈസൂരിലെ യാദവഗിരിയിലെ ഈ വീട്ടിൽ വെച്ച് നടൻ ദേവാനന്ദുമായി നടത്തിയ കൂടിക്കാഴ്ച അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഈ വീട്ടിലെ ഡൈനിങ്ങ് റൂമിൽ അദ്ദേഹത്തെ സൗത്ത് ഇന്ത്യൻ പ്രാതൽ കൊണ്ട് സൽകരിച്ചതിന്റെ വിവരണം ഞാനോർത്തു. അത് 'ദ ഗൈഡ്' (The Guide) എന്ന നോവൽ സിനിമയാക്കാനുള്ള പദ്ധതിയുടെ പ്രാരംഭഘട്ട ചർച്ചകളായിരുന്നു. അറുപതുകളുടെ മധ്യത്തിൽ പുറത്തിറങ്ങിയ 'ദ ഗൈഡ്' എന്ന സിനിമ ആ നോവൽ പ്രത്യക്ഷമായും, പരോക്ഷമായും മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടുകളും, രാഷ്ട്രീയവുമൊക്കെ ഫിൽമി ഫോർമുലകൾ കൊണ്ട് വിഴുങ്ങിക്കളയുന്നു എന്നാണെന്റെ അഭിപ്രായം. അഡാപ്റ്റേഷന്റെ നിരാശപ്പെടുത്തുന്ന ദൃശ്യഭാഷ്യമാണത്. ആർ കെ നാരായൺ ആ കാലങ്ങളെ വേദനയോടെ അനുസ്മരിക്കുന്നുണ്ട്.  സാഹിത്യത്തെയും, ചരിത്രത്തെയും സിനിമയുടെ വികലമായ രസതന്ത്രങ്ങൾ പുനഃസ്ഥാപിക്കുന്ന ശോചനീയമായ പ്രവണതകളുടെ കാലത്ത് ശങ്കർ നാഗിനെപ്പോലെയുള്ള പ്രതിഭകൾ ചെറുത്തുനിൽപ്പിന്റെ പ്രബലമായ ശബ്ദമാകുന്നു.  

രാശിപുരം കൃഷ്ണസ്വാമി നാരായണൻ എന്ന ആർ കെ നാരായണന്റെ വീടന്വേഷിച്ച് ഇറങ്ങിയ എനിക്ക് വേണ്ടി സിദ്ധാർത്ഥ ലേ ഔട്ടിൽ കാത്തുനിന്നത് കൃഷ്ണസ്വാമി എന്ന ഓട്ടോ ഡ്രൈവർ ആണെന്നത് ആശ്ചര്യകരമായ യാദൃശ്ചികതയായത് എന്നിലെ ഉന്മേഷം വർധിപ്പിച്ചു. രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കെയർ ടേക്കർ നേത്രാവതി 'അമ്മ ഗേറ്റ് തുറന്ന് എന്നെ നാരായണന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തു.

കൂറ്റൻ വേപ്പുമരം തണൽ പരത്തിയ, പിങ്കും ഓറഞ്ചും നിറത്തിലുള്ള ബോഗൺവില്ല പൂക്കൾ പൂത്തുനിന്ന ആ വീടിന്റെ മുന്നിലും ചുറ്റിലുമായി ധാരാളം പച്ചപ്പുണ്ട്. ചെറു വരാന്ത കടന്ന് അകത്തേക്ക് കയറിയാൽ ആദ്യം കാണുന്നത് ഒരു ഒഴിഞ്ഞ കസേര വെച്ച വലിയ ഹാൾ ആണ്. ചുമരുകളും, തട്ടുകളും നാരായണന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ പകർത്തിയ ചിത്രങ്ങൾ, അദ്ദേഹത്തിന് ലഭിച്ച ബഹുമതികൾ എന്നിവ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. ബുക്ക് ഷെല്ഫുകളിൽ 'മൈ ഡേയ്സ്' (My Days) എന്ന അദ്ദേഹത്തിന്റെ ആത്മകഥ മുതൽ വിവിധ സാഹിത്യ കൃതികൾ അടുക്കി വെച്ചിരിക്കുന്നു. നാരായണനും, ഭാര്യയുമൊത്തുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഒരു നിമിഷം 'ദി ഇംഗ്ലീഷ് ടീച്ചർ' (The English Teacher) എന്ന നോവലിലൂടെ അദ്ദേഹം ഏറെ വിഷാദത്തോടെ അവതരിപ്പിച്ച ജീവിതത്തിലെ ദുരന്തത്തെ ഓർമിപ്പിച്ചു. വെറും ആറു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 1939 ൽ അദ്ദേഹത്തിന്റെ ഭാര്യ രാജം മരിക്കുന്നതും (അത് ഈ വീട്ടിൽ വെച്ചായിരുന്നില്ല) അതിനു ശേഷം അദ്ദേഹം അനുഭവിക്കുന്ന ഏകാന്തതയും ആ നോവൽ  തീവ്രമായി വായനക്കാരിലേക്ക് പകരുന്നു. "A profound and unmitigated loneliness is the only truth of life, all else is false" എന്നദ്ദേഹം കുറിക്കുന്നു. വർഷങ്ങൾക്ക് ശേഷം മകളുടെ മരണത്തിലൂടെ ദുരന്തങ്ങളും ദുഃഖങ്ങളും വീണ്ടും നാരായണനെ പരീക്ഷിച്ചു. എങ്കിലും അദ്ദേഹത്തിന്റെ സാഹിത്യലോകത്ത് മുഖ്യമായും നില കൊണ്ടത് മിട്ടായി വില്പനക്കാരുടെയും, ചില്ലറ കച്ചവടക്കാരുടെയും, കർഷകരുടെയും പോലെ സാഹിത്യലോകത്തിന്റെ മുഖ്യധാരാ ഭൂപ്രദേശങ്ങളിൽ നിന്ന് മാറി അരികിൽ ജീവിക്കുന്ന മനുഷ്യരുടെ നിത്യജീവിത സംഘർഷങ്ങളും, നർമങ്ങളും, ചെറുത്തു നില്പുകളുമാണ്. ഈ ഇരുനില വീടിന്റെ താഴത്തെ ബാക്കി രണ്ടു മുറികളിൽ നാരായൺ ഉപയോഗിച്ച വസ്ത്രങ്ങളും, അദ്ദേഹത്തെക്കുറിച്ച് ഖുശ്വന്ത് സിംഗ്, ഗ്രഹാം ഗ്രീൻ, എൻ റാം തുടങ്ങി വിവിധ മേഖലകളിലെ വ്യക്തികൾ  നടത്തിയ അനുസ്മരണങ്ങളും കാണാം. 

മുകളിലത്തെ നിലയിൽ മൂന്നു മുറികളിലായി വിവിധതരം സ്മരണികകൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു. 'മാൽഗുഡി ഡേയ്സ്' എന്ന സീരിയൽ ചിത്രീകരണ സമയത്തെ ലൊക്കേഷൻ ചിത്രങ്ങളും, അലമാരകളിലെ അല്പം പുസ്തകങ്ങളിൽ 'സ്വാമി ആൻഡ് ഫ്രണ്ട്‌സ്' (Swami and Friends) എന്ന നോവലിന്റെ മലയാളം തർജ്ജമയും കണ്ടു. നാഷണൽ ബുക്ക് ട്രസ്റ്റ് പുറത്തിറക്കിയ "സ്വാമിയും കൂട്ടുകാരും" എന്ന പുസ്തകം  പ്രൊഫസർ കെ എം തരകനാണ് തർജമ ചെയ്തിരിക്കുന്നത്. ഹർഭജൻ സിംഗ് ചെയ്ത പഞ്ചാബി തർജ്ജമയുമുണ്ട് കൂട്ടത്തിൽ. ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി നാരായണന്റെ സാഹിത്യത്തെ കുറിച്ചുള്ള ഒരു പ്രബന്ധവും കണ്ടു. മുകളിലത്തെ വരാന്തയിൽ നിന്ന് നോക്കിയാൽ ചെമ്പകപ്പൂക്കൾ നിറഞ്ഞ അങ്കണവും ഉന്നത മധ്യവർഗ കോളനിയായ യാദവഗിരിയിലെ വിസ്തൃതമായ വീഥിയും കാണാം.


സാഹിത്യ വിദ്യാർത്ഥികൾക്കും, സാഹിത്യ പ്രേമികൾക്കും ഒരു കാല്പനിക കൗതുകമെന്ന രീതിയിൽ സന്ദർശിക്കാൻ പറ്റിയ ഇടമാണ് ഈ വീട്. അതിൽ കവിഞ്ഞ് നാരായണന്റെ സാഹിത്യലോകത്തെക്കുറിച്ച് പഠനം നടത്തുന്നവർക്ക് ഒരുപാടൊന്നും സഹായകരമാകില്ല ഇവിടം. അതെന്നെ ചിന്തിപ്പിച്ചു, എഴുത്തുകാർക്കും, കലാകാരന്മാർക്കും സ്മാരകങ്ങൾ ഉണ്ടാകുന്നതെന്തുകൊണ്ടാണ്? അവരുടെ ഭൗതിക ജീവിത പരിസരങ്ങൾ സംരക്ഷിക്കപ്പെടുന്നത് തികച്ചും ശ്‌ളാഘനീയം തന്നെ. അത്തരം ഇടങ്ങളിലേക്ക് നടത്തുന്ന കാല്പനികവും , പ്രബോധകരവുമായ സാംസ്കാരിക തീര്ഥയാത്രകളും. പക്ഷെ, ഒരെഴുത്തുകാരന്റെ മേൽവിലാസം അന്വേഷിക്കേണ്ടത് അയാളുടെ പുസ്തകങ്ങളിലാണ്. അയാളുടെ വിരൽപാടുകളും, കാൽപാടുകളും പതിഞ്ഞിരിക്കുന്നത് വാക്കുകളുടെ മഷികൊണ്ടുണ്ടാക്കിയ പുസ്തകങ്ങളുടെ ഭാവനാസമ്പന്നമായ വിശാല ലോകത്താണ്. അവിടെ മനുഷ്യർക്കും, ഭൂപ്രദേശങ്ങൾക്കും ഒറ്റമുഖമല്ല. വായനക്കാരന്റെ ഭാവനയുടെ ഫലഭൂയിഷ്ഠമായ ലോകത്ത് ആ മനുഷ്യർ സ്വതന്ത്രമായി, ഓരോ വ്യാഖ്യാനത്തിലൂടെ ജീവിച്ചും അതിജീവിച്ചും വിഹരിക്കുന്നു. സ്മാരക നിർമിതികളും, സംരക്ഷണവുമൊക്കെ എഴുത്തിലേക്കും, എഴുത്തുകാരന്റെ ദർശനങ്ങളിലേക്കും, മനുഷ്യരിലേക്കും, അവരുടെ ജീവിത  പരിസരങ്ങളിലേക്കും, സാമൂഹിക യാഥാർഥ്യങ്ങളിലേക്കുമുള്ള യാത്രകളുടെ പ്രാഥമിക ചുവടുവെപ്പുകൾ മാത്രമാകട്ടെ എന്നും വരും കാലങ്ങളിൽ ഇതൊരു ശ്രേഷ്ഠമായ പഠന കേന്ദ്രം കൂടിയായി മാറട്ടെ എന്നും പ്രത്യാശിക്കാം. 

നാരായണന്റെ വീട്ടിൽ നിന്നും തിരിക്കുമ്പോൾ കൂടെ താല്പര്യത്തോടെ മണിക്കൂറുകൾ ചെലവഴിച്ച കൃഷ്ണസ്വാമി എന്ന ഡ്രൈവറിലും, ജഗ്മോഹൻ പാലസ് ആർട് ഗാലറിയുടെ മുന്നിലുള്ള നടപ്പാതയിൽ പഴയ ടൈപ്പ് റൈറ്റിംഗ് മെഷീനിൽ നിത്യജീവിത വ്യവഹാര പ്രമാണങ്ങൾ തയ്യാറാക്കി ഉപജീവനം നടത്തുന്ന പാണ്ഡുരംഗനിലുമൊക്കെ മാൽഗുഡി തെളിഞ്ഞു നിന്നു. എഴുത്തുകാരൻ ആ വീടിനകത്തല്ല എന്നും, അകത്തിരുന്ന് സൃഷ്ടിച്ച പുറം ലോകത്താണെന്നും അവർ ആവർത്തിച്ച് ഓർമിപ്പിക്കുന്നു. 

-സന്തോഷ് കാനാ 
 Santhosh Kana

published on Mathrubhumi.com (May 2019) 

also in English
video link

THE CONCH

Waves rushed towards you
like you were the moon.

On your insecure sunsets
you hugged me and coiled in me
like the snail in the conch

My walls
echo your voice,
your absence
rings like the empty shell
in my ears
with my heavy, insecure
persisting sunsets
                     -santhosh kana


ദേവദാരുവിന് തീപിടിച്ചപോലെ---പ്രണയവും യാത്രയും സംഗമിക്കുമ്പോൾ


ദേവദാരുവിന് തീപിടിച്ചപോലെ..
                പ്രണയവും യാത്രയും സംഗമിക്കുമ്പോൾ 

(പഞ്ചാബിലൂടെയും, ഹിമാചലിലൂടെയും പിന്നെ മനസ്സിന്റെ ഭൂപടത്തിൽ അടയാളയപ്പെടുത്താനാകാത്ത പ്രണയ പ്രദേശങ്ങളിലൂടെയും നടത്തിയ യാത്രാനുഭവം)

പിയൂഷിന്റെ കോൾ വന്നപ്പോഴാണ് ഉറക്കമറിഞ്ഞത്. എത്ര മണിക്ക് വരണം എന്ന് ചോദിക്കാനാണ്. 'നോക്കട്ടെ അറിയിക്കാം' എന്ന് പറഞ്ഞ് വെറുതെ കിടന്നു. ബാൽക്കണിയുടെ വാതിലിലൂടെ താഴ്വരയുടെ പച്ചപ്പും, പർവ്വതനിരകളുടെ ഹിമാവൃതമായ സൗന്ദര്യവും കാണാം. ഒരു ചെറു ചാറ്റൽ മഴ കഴിഞ്ഞതിനാൽ എല്ലാത്തിനും ഭംഗി കൂടിയിരിക്കുന്നു. മണാലിയിൽ എത്തിയിട്ട് രണ്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. ഷിംലയിൽ നിന്ന്‌ പിയൂഷിന്റെ സ്കോർപിയോയിൽ ഗാരി സന്ധുവിന്റെ പഞ്ചാബി പാട്ടുകൾ കേട്ട് ചുരം കയറിയിറങ്ങി മണാലിയിലെ ഈ കോട്ടേജിൽ എത്തുമ്പോൾ മിനിഞ്ഞാന്ന് രാത്രി ഏഴു മണിയായിരുന്നു. മനസ്സും ശരീരവും ഏതോ വിഷാദത്തിൽ സൂക്ഷ്മമായി, പോയിരുന്നു. ബിയാസ് നദിക്കു കുറുകെയുള്ള പണ്ടൊഹ് ഡാമിനടുത്തെത്തിയപ്പോഴായിരുന്നു പിയൂഷ് നുസ്രത് ഫത്തേഹ് അലി ഖാന്റെ പാട്ടുകളിലേക്ക് ചുവടു മാറ്റിയത്. വരണ്ട കുന്നുകളിലൂടെ നിശബ്ദമായ രക്തസ്രാവം പോലെ അതെന്നിൽ ഊർന്നിറങ്ങിക്കൊണ്ടിരുന്നു. അവനറിഞ്ഞിരുന്നില്ല പഞ്ചാബിലെ അഞ്ചു ദിവസങ്ങൾ അവളുമായുള്ള പ്രണയകാലത്തെ,  ഓർമകളെ, ഉണങ്ങാത്ത മുറിവുകളെ വീണ്ടും ഉണർത്തിയെന്ന്. "ഇക് ആഗ് കാ ദരിയാ ഹെ ഔർ ഡൂബ് കേ ജാനാ ഹെ" നുസ്രത് പാടുന്നു.

പിന്നീടങ്ങോട്ട് ചുരങ്ങളൊന്നും കണ്ണിൽപ്പെട്ടില്ല. സമുദ്രനഗരത്തിലെ ഗ്രീഷ്മം. ആദ്യമായി അവൾ വീട്ടിൽ വന്നത് കടുത്ത ചൂടുള്ള ഒരു ഉച്ച നേരത്തായിരുന്നു. ഞങ്ങൾ തമ്മിൽ പരസ്പരം ഫോണിലും, നേരിട്ടും സംസാരിച്ചിരുന്നുവെങ്കിലും അവൾ പെയ്യാത്ത മഴമേഘം പോലെ എന്തോ ഒന്ന് കാത്തുവെച്ചു. ആരോ വാതിൽ മുട്ടി. ബാല്കണിയിലേക്ക് തുറക്കുന്ന ലിവിങ് റൂമിൽ നിലത്ത് കിഴക്കൻ കാറ്റേറ്റ് അലസമായി കിടക്കുകയായിരുന്നു ഞാൻ. വാതിൽ തുറന്നതും അതാ പഴുത്ത പേരക്കയുടെ നിറമുള്ള അവൾ കുസൃതിച്ചിരിയുമായി കിതച്ചു നിൽക്കുന്നു.  "മി ആൻഡ് യു" എന്നെഴുതിയ  വെളുത്ത ടീ ഷർട്ട് കാണിക്കാൻ എന്നപോലെ ധരിച്ച പിങ്ക് ജാക്കറ്റ് അഴിച്ചുവെച്ച് അവൾ നേരെ അടുക്കളയിലേക്ക് ഒരുഅപരിചിതത്വവുമില്ലാതെ നടന്നു. ഫ്രിഡ്ജ് തുറന്ന് മുഖം ചുളിച്ച് ചിലത് പിറുപിറുത്തു. എന്തോ വീട്ടിലാകെ ഒരു സൗരഭ്യം. തിടുക്കത്തിൽ ഞാൻ ബെഡ്റൂമിലെ തുണികളും മറ്റും ഒതുക്കി വെച്ച് മുടി ചീകി കുർത്തയുമിട്ട് അടുക്കളയിലേക്ക് പോകുമ്പോഴേക്കും തിളയ്ക്കുന്ന ചായ കപ്പിലേക്ക് അവൾ പകരുന്നു. അടുത്ത പറമ്പിലെ തോട്ടത്തിലേക്ക് തുറക്കുന്ന ജനാല അവൾ തുറന്നിട്ടിരുന്നു. ലിവിങ് റൂമിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചത് പഞ്ചാബിനെക്കുറിച്ചാണ്. ഇന്നലെ രാത്രി ഫോണിൽ അവൾ പറഞ്ഞു തന്ന പഞ്ചാബി സാഹിത്യത്തെക്കുറിച്ചുള്ള കിസ്സകളുടെ തുടർച്ച. അവളുടെ നീണ്ട കൈവിരലുകളുടെ സൗന്ദര്യത്തെ ഞാൻ മുമ്പും വർണിച്ചതുകൊണ്ടായിരിക്കണം അവൾ സംസാരിക്കുമ്പോൾ  അവ എനിക്ക് നേരെ നീണ്ടു വന്നു. സുരാഹികളിൽ ചിത്രപ്പണികൾ ചെയ്ത പഞ്ചാബി സുന്ദരി സോഹ്നിയുടെയും, കാമുകൻ മഹിവാളിന്റെയും ദുരന്ത പ്രണയകഥ പറയുന്ന ചന്ദ്രഭാഗ എന്ന ചെനാബും, വസിഷ്ഠന് പാശം തകർത്ത് രക്ഷ നൽകിയ വിപാശ എന്ന ബിയാസും,  പാകിസ്ഥാനിൽ ചെനാബുമായി സംഗമിക്കുന്ന രവിയും, ഉപവാസത്തോടെയുള്ള സ്നാനം ഋഷിതുല്യമായ പരിശുദ്ധി നൽകുമെന്ന് പുരാണങ്ങളിൽ പറയുന്ന വിതസ്ത എന്ന ഝലം നദിയും, കൈലാസത്തിലെ മാനസരോവരത്തിനടുത്തുനിന്നുത്ഭവിക്കുന്ന സത്ലജ് നദിയും ചേർന്ന പഞ്ച നദികളും ആ വിരലുകളിലൂടെ എനിക്കു നേരെയുള്ള  പ്രണയപ്രവാഹമായി. അവയെ ചുംബിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾ ആലിംഗനബദ്ധരായി. അവളുടെ ചുണ്ടിലൂടെയും, കഴുത്തിലൂടെയും, നീണ്ടമുടിയിലൂടെയും ഞാൻ പഞ്ചാബിന്റെ സുഗന്ധം രുചിച്ചും മണത്തും അറിഞ്ഞു. അവൾ പോകാൻ തയ്യാറായി. 'അൽപനേരം കൂടി ഇരിക്കൂ' എന്ന് ഞാൻ പറഞ്ഞെങ്കിലും 'ഏറെ വൈകി, അച്ഛൻ തിരക്കും' എന്ന് വാത്സല്യത്തോടെ എന്നെ തലോടിക്കൊണ്ട് പറഞ്ഞ് പടികൾ ഓടിയിറങ്ങി. പിങ്കും വെള്ളയും നിറങ്ങളുള്ള സ്കൂട്ടി ഓടിച്ച് കൊന്ന പൂത്തുനിന്ന കോളണിയുടെ വളവിലേക്ക് ഒരു വണ്ടിനെപ്പോലെ അവൾ മറയുന്നത് ബാൽക്കണിയിൽ നിന്നും ഞാൻ ഏറെ നേരം നോക്കി നിന്നു.


അവൾ സ്വന്തം നാട്ടിലേക്ക്, പട്യാലയിലേക്ക് പോകുന്നതിന് ഇനി വെറും നാല് ദിവസങ്ങളേ ഉളളൂ. കഴിഞ്ഞയാഴ്ച രാത്രി ഏറെ കരഞ്ഞു കൊണ്ടാണ് അവൾ ആ കാര്യം എന്നോട് ഫോണിൽ പറഞ്ഞത്. ഇപ്പോൾ പോയാൽ ഇനി ജൂണിലേ തിരിച്ചുവരൂ. അവളുടെ അച്ഛന്റെ സഹോദരന്മാരുമായി കുടുംബ സ്വത്തിന്റെ ചില തീരുമാനങ്ങൾ, പിന്നെ സ്ഥിരം വിശേഷങ്ങൾ, ആഘോഷങ്ങൾ. ബൈശാഖി എല്ലാ വർഷവും അവൾക്ക് പ്രിയപ്പെട്ടതാണ്. ഞങ്ങൾ രണ്ടുപേരും ഏറെ നേരം കരഞ്ഞു,നെടുവീർപ്പിട്ടു. ബിസിനെസ്സ്കാരനായ അച്ഛൻ ഈ സമുദ്രനഗരിയിലേക്ക് ചേക്കേറുന്നത് അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോളാണ്. അവൾക്കിപ്പോൾ ഇരുപത്തഞ്ച് വയസ്സായി. അവളുടെ മുത്തച്ഛൻ അവിഭാജിത പഞ്ചാബിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവരിലൊരാളായിരുന്നു. ഇന്നിവിടെ പഞ്ചാബികളുടെ ഒരു ചെറു കോളനി  തന്നെയുണ്ട്. ഈ ഗ്രീഷ്മത്തിൽ ഞങ്ങളുടെ കണ്ടുമുട്ടലുകളുടെ വിവിധ രഹസ്യ ഇടങ്ങളിൽ എനിക്കെന്നും സർപ്രൈസ് നൽകാൻ ഇഷ്ടപ്പെടുന്ന അവൾ മക്കി റോട്ടിയും, സാഗ് കറിയും, ലസ്സിയും, അമൃത്‌സർ കുൽചയും, ചൂരിയുമൊക്കെ ചേർന്ന്     വിവിധ പഞ്ചാബി രുചികളുമായി കഴിഞ്ഞ രണ്ടു മാസത്തോളം എന്നെ കീഴടക്കുന്നുണ്ട്.

നാട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് അവളുടെ ഫോൺ വന്നു. എടുത്തപ്പോൾ ബാൽക്കണിയിൽ വന്ന് നോക്കാൻ പറഞ്ഞു. അതാ അവൾ പഞ്ചാബി ഘാഗ്ര ചോളി ധരിച്ച് സ്‌കൂട്ടിയിൽ ഇരിക്കുന്നു. താഴേക്ക് വരാൻ എന്നോട് ആംഗ്യം കാണിക്കുന്നു. എന്റെ കാറിൽ ഞങ്ങൾ കുന്നിൻ പുറത്തുള്ള ചർച്ചിനടുത്തേക്ക് പോയി. വഴിയിൽ മുഴുവൻ ഒരു കൈകൊണ്ട് ഞാനിടയ്ക്കിടെ അവളുടെ കൈകൾ തലോടി, കവിളുകളും. ഓരോ തവണ തലോടുമ്പോഴും ഒരു കുട്ടിയെപ്പോലെ അവൾ കവിളുയർത്തി എനിക്ക് നേരെ നീട്ടിത്തന്നു. പഞ്ചാബിനെക്കുറിച്ചുള്ളതെല്ലാം എനിക്ക് പരിചയപ്പെടുത്താൻ എന്തോ ധൃതിയുള്ളതുപോലെ അവൾ മഞ്ഞയും പച്ചയും ഇടകലർന്ന ഘാഗ്ര ചോളിയെപ്പറ്റി പറഞ്ഞു തന്നു. പച്ചപ്പ്‌ കൊണ്ട് സമ്പന്നമായ ആ മരങ്ങൾക്കിടയിൽ പഴുത്ത ഒരിലപോലെ അവൾ തെളിഞ്ഞു നിന്നു. ഞങ്ങൾ സൂര്യാസ്തമയം വരേയ്ക്കും ആ കുന്നിൻ ചരിവിലൊരിടത്ത് ഇരുന്നു. അവൾ ഇല്ലാത്ത ദിവസങ്ങളെപ്പറ്റി എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല. ഈ നഗരം മുഴുവൻ ശൂന്യമായപോലെയാകുമത്. അവളുടെ ലെഹെങ്ക ഉയർത്തി ഇടുപ്പിനു താഴെയുള്ള മറുകിൽ ഞാൻ ചുംബിച്ചു. അവൾ എന്നെ കൂടുതൽ ചേർത്ത് പിടിച്ചു.

യാത്ര തുടങ്ങിയ ചണ്ഡീഗഡിൽ നിന്ന് ആദ്യം പോയത് അമൃത്സറിലേക്കാണ്. ആ വഴിക്കാണ് ലുധിയാന. ലുധിയാന സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ എന്തോ അവളെ ഞാൻ വല്ലാതെ ഓർത്തു. ആ നഗരത്തിന്റെ സവിശേഷതകളെപ്പറ്റി അവൾ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്.   ചണ്ഡീഗഡിൽ ഒരു ഒറ്റ മുറി ലോഡ്ജിൽ രണ്ടു ദിവസം മാത്രം തങ്ങി. കാര്യമായി കാണാനൊന്നും ഉള്ളതായി തോന്നിയില്ല. പാരമ്പര്യവും, ആധുനികതയും ഒത്തുചേരുന്ന നഗരമായ പട്യാലക്കാരിക്ക് ചണ്ഡീഗഡിനോട് ഏറെ ഇഷ്ടമുണ്ടായിരുന്നില്ല. ശരിയാണ്. ചണ്ഡീഗഡിന് മറ്റ് നഗരങ്ങളുടെ തന്നെ ശീലങ്ങളും, രീതികളുമാണ് ഉപരിപ്ലവമായ സൗന്ദര്യങ്ങൾ ഉണ്ടെങ്കിലും. ഇ ഓട്ടോയും ഹോപ് ഓൺ-ഹോപ് ഓഫ് ബസിലുമായി നഗരം കണ്ടു തീർത്തു. വൈകുന്നേരം ബസിന്റെ മുകളിൽ ഒരു ചെറു പിറന്നാൾ ആഘോഷത്തിന്റെ ആരവം പുതിയ അനുഭവമായി. സുഖ്‌നാ തടാകക്കരയിൽ നേക് ചന്ദ് തീർത്ത ശില്പങ്ങളുടെയും, ഗുഹകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും ഉദ്യാനം വടക്കേ ഇന്ത്യൻ ഗ്രാമജീവിതത്തെയും, നാം വ്യർത്ഥമായി ഉപേക്ഷിക്കുന്നതിനെയുമൊക്കെ  നൂതന അർത്ഥങ്ങളിൽ പ്രതിഷ്ഠിക്കുന്നു.  ഇത് ചണ്ഡീഗഡിനെപ്പോലെ എല്ലാ നഗരങ്ങൾക്കുമുള്ളിലെ മരുപ്പച്ചപോലെ നിലകൊള്ളുന്നു. സാഹിർ ലുധിയാൻവിയെക്കുറിച്ച് അവളും ഞാനും സംസാരിച്ചിരുന്ന സമയത്ത് അവൾ നിർബന്ധിച്ചപ്പോൾ ഞാനവൾക്ക് അദ്ദേഹത്തിന്റെ പ്രണയിനി അമൃതാപ്രീതത്തിന്റെ കവിത 'മേം തേനു ഫിർ മിലാംഗി' കേൾപിച്ചുകൊടുത്തു. ആ കവിതയുടെ ഓരോ വരിയും അവൾ ഏറെ നേരം വ്യാഖ്യാനിച്ചു തന്നു. വരികൾക്കിടയിൽ പലപ്പോഴും അവളും ഞാനും വിങ്ങിപ്പൊട്ടി. ഞങ്ങൾ സത്ലജ് നദീ തടത്തിൽ നഗ്നരായി കിടന്നു.

പഞ്ചാബിലെ ദൊആബാ എന്നറിയപ്പെടുന്ന പ്രദേശത്താണ് ജലന്ധർ. സത്ലജിനും ബിയാസിനും ഇടയിൽ. സ്പോർട്സ് പ്രേമികൾക്ക് ജലന്ധർ അപരിചിതമായിരിക്കില്ല. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ഉറുദു ശായർ മിർസാ ഗാലിബിന്റെ ഹവേലി സന്ദർശിച്ചപ്പോൾ എന്റെ മനസ്സ് നിറയെ ഗുൽസാർ എഴുതി സംവിധാനം ചെയ്ത് എൺപതുകളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന മിർസാ ഗാലിബ് എന്ന സീരിയലിന്റെ ആത്മാവായി മാറിയ പാട്ടുകളായിരുന്നു. ജഗ്ജിത് സിങ്ങും ചിത്രാ സിങ്ങും ചേർന്നാലപിച്ച ഗാലിബിന്റെ ഗസലുകൾ. ജലന്ധർകാരനായ ആ മാസ്മരിക ഗായകനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുമാണ് അവൾ ഒരു രാത്രി കടൽക്കരയിലിരുന്ന് എന്നോട് പറഞ്ഞത്. അന്നവൾക്ക് വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടു. എന്റെ കൈകൾ മുറുകെപ്പിടിച്ചു. ജഗ്ജിത് സിംഗിന്റെ പാട്ടുകൾ കേട്ടാൽ അവൾ വിഷാദത്തിന് അടിമപ്പെടും. മനസ്സ് നങ്കൂരമില്ലാത്ത കപ്പൽ പോലെ കടലിൽ അലയും. പലരും ഗാലിബിന്റെ ഗസലുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്, പാടിയിട്ടുണ്ട്, പക്ഷെ, അദ്ദേഹം ആ ഗസലുകളുടെ അർത്ഥവും അർത്ഥ വിശാലതയും സംവേദനക്ഷമതയോടെ സമീപിച്ച് സംഗീതം നൽകുകയും പാടുകയും ചെയ്തയാളാണ്. അല്ലാതെ തന്റെ പാണ്ഡിത്യം ആ ഗസലുകളിൽ അടിച്ചേൽപ്പിക്കുകയല്ല ചെയ്തത്. അവൾ പെട്ടെന്ന് ഉത്സാഹവതിയായി. കണ്ണുകളിൽ ഒരു പോരാളിയുടെ തീവ്രത ജ്വലിച്ചു നിന്നു. പൗർണമി രാത്രിയിൽ തിരമാലകൾ ക്ഷുബ്ധമായി. പഞ്ചാബിന്റെ നഷ്ടങ്ങളെക്കുറിച്ചും, മുറിവുകളെക്കുറിച്ചും അവൾ വാചാലയായി. പഞ്ചാബിൽ ഇന്ന് വേരുറപ്പിച്ചിരിക്കുന്ന ലഹരിയെക്കുറിച്ചും, ഉപരിപ്ലവമായ സന്തോഷങ്ങളും സുഖങ്ങളും മാത്രം തേടുന്ന മധ്യവർഗ്ഗത്തെയും, യുവതയെയും അവൾ പുച്ഛിച്ചു. പഞ്ചാബ് എന്നാൽ വെറും കടുകുപാടങ്ങളുടെ സൗന്ദര്യവും, ട്രാക്ടറും ബോളിവുഡ് സിനിമകളിലെ കാല്പനികതയുമല്ല, കൃഷി ചെയ്യാൻ മടിച്ച് സ്വന്തം നിലത്ത് ഫ്‌ളാറ്റുകളും കൊമേർഷ്യൽ കോംപ്ലക്സ്കളും കെട്ടി വിദേശത്ത് സുഖിച്ച് താമസിക്കുന്ന ഒരു വലിയ ജനവിഭാഗം കൂടിയാണ്. "മേം അപ്ണാ പഞ്ചാബ് ഗവായിയാ" ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു. മടിയിൽ കിടത്തി തലോടിയിട്ടും ആ കണ്ണുനീർ ഏറെ നേരത്തേക്ക് നിന്നില്ല. എന്റെ അരയിൽ മുഖമർത്തി അവൾ കരഞ്ഞു കൊണ്ടേയിരുന്നു. അവളുടെ മുടിയിൽ മുഖമമർത്തി ഞാനും. പ്രണയം എത്ര വിശുദ്ധമായ യാത്രയാണ്, അതിനില്ലാത്ത വൈവിധ്യങ്ങളില്ല, എത്ര  തവണ നിർമിക്കപ്പെട്ടും, തകർക്കപ്പെട്ടും, ഉറഞ്ഞും അലിഞ്ഞുമാണ് ഈ യാത്ര.

അമൃതസർ എത്തുമ്പോഴേക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായിരുന്നു. പറഞ്ഞേല്പിച്ചതിനാൽ ഗുർദീപ് സിംഗ് എനിക്ക് വേണ്ടി കാത്തു നിന്നു. അദ്ദേഹത്തിന്റെ ബൈക്കിൽ സുവര്ണക്ഷേത്രത്തിനകത്തെ സത്രത്തിലേക്ക്. കുളിച്ച് തയ്യാറാകാനുള്ള സമയത്തിനുള്ളിൽ ഗുർദീപ് പുറത്തെവിടെയോ പോയി വന്നു. നല്ല ചൂടുണ്ട്. അമൃതസർ പഞ്ചാബിലെ ഏറ്റവും ചൂടുള്ള പ്രവിശ്യകളിൽ ഒന്നാണ്. നാട്ടിലെത്തി അവളെനിക്ക് രണ്ടു കയ്യിലും മൈലാഞ്ചിയിട്ട ചിത്രങ്ങൾ അയച്ചു തന്നു. വിവാഹവേളയിൽ വധു ധരിക്കുന്ന ചുവപ്പും വെളുപ്പും നിറമുള്ള ചൂട (വളകൾ) കൈ നിറയെ ധരിച്ച അവളുടെ ചിത്രം ഒരു നിമിഷം എനിക്ക് ഞെട്ടലുണ്ടാക്കിയെങ്കിലും ആ കൈകൾ അവളുടെ ബന്ധുവിന്റെ വിവാഹവേളയിലേതാണെന്ന് അടുത്ത ചിത്രത്തിലൂടെ അവൾ വിശദീകരിച്ചു. 'കിലാ മുബാറക്' എന്നെഴുതിയ മെസേജ് എന്നെ കുഴപ്പിച്ചു. ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടവൾ പറഞ്ഞു ആ വിവാഹം നടക്കുന്നത് പട്യാലയിലാണെന്ന്. രാജകീയമായതിനെ ഗൗരവത്തോടെയും, പരിഹസിച്ചും സൂചിപ്പിക്കാൻ പട്യാല ഒരു രൂപകമാകുന്നു പഞ്ചാബിൽ. അവളുടെ ശിരസ്സിൽ കലിരേ കൊണ്ട് അനുഗ്രഹിക്കുന്ന വധുവിന്റെ ചിത്രവും അയച്ചു തന്നു. കലിരയിലെ ഒരു കഷണം ശിരസ്സിൽ വീണാൽ അടുത്ത വിവാഹം അവളുടേതായിരിക്കുമത്രേ. നീല പട്യാല സ്യൂട്ട് ധരിച്ച അവൾ ഏറെ ഉല്ലാസവതിയായി കാണപ്പെട്ടു. വീട്ടിലെ പഴയ ആൽബത്തിൽ നിന്നും അവളുടെ കുഞ്ഞു നാളിലെ ചിത്രങ്ങൾ പിറ്റേ ദിവസം രാവിലെ എന്റെ ഫോണിൽ ഒന്നൊന്നായി വന്നു. 'പ്രെസെന്റിങ് യു ഡാഡ്‌സ് പ്രിൻസസ്' എന്ന മെസേജും.സുവർണ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഞാൻ ധരിച്ചത് അവളെനിക്ക് കൊണ്ടുവന്ന നീല നിറത്തിലുള്ള പഠാനി സ്യൂട്ട് ആണ്. ഗുർദീപ് എനിക്ക് ക്ഷേത്രത്തിന്റെ ചരിത്രവും, രീതികളും പറഞ്ഞു തന്നു. അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച സുവർണ ക്ഷേത്രം ഹർമന്ദർ സാഹിബ് എന്നറിയപ്പെടുന്നു. പ്രസിദ്ധമായ ലംഗർ കഴിച്ച്, വിശുദ്ധ ഗ്രന്ഥം 'ഗുരു ഗ്രന്ഥ സാഹിബ്' അകാൽ തക്തിലേക്ക് കൊണ്ടുപോകുന്ന 'സുഖാസൻ' എന്ന ചടങ്ങു തീരുന്നതുവരെ അവിടുത്തെ ശുദ്ധമായ കാറ്റേറ്റ് തടാകക്കരയിലിരുന്നു. രാത്രി മുറിയിലേക്ക് കയറുമ്പോൾ ഗുർദീപ് എന്റെ കയ്യിൽ സ്നേഹത്തോടെ സിഖുകാരുടെ 'കട' ഇട്ടു തന്നു. അവൾ വിഭജനത്തെക്കുറിച്ചും, അതുണ്ടാക്കിയ മുറിവുകളെക്കുറിച്ചും, ബ്ലൂസ്റ്റാർ ഓപ്പറേഷനെക്കുറിച്ചും അധികം സംസാരിച്ചിരുന്നില്ല. ഒന്നോ രണ്ടോ തവണ സംസാരിച്ചപ്പോൾ അതവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പഞ്ചാബിൽ എല്ലാവരും സിഖുകാരല്ല. അവൾ ഹിന്ദുവാണ്, പഞ്ചാബി ബ്രാഹ്മിൺ. വെടിയുണ്ടകളുടെ അടയാളങ്ങൾ പതിഞ്ഞ ജാലിയൻവാലാബാഗിൽ ഇന്നും ആയിരക്കണക്കിനാളുകളുടെ രോദനങ്ങൾ അലയടിക്കുന്നതുപോലെ തോന്നി.  അടുത്തുള്ള പാർട്ടീഷൻ മ്യൂസിയത്തിൽ പോയി ഏറെ നേരം ചിലവഴിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് വേദനയുണ്ടാക്കുന്നതാണ് ആ ചരിത്രരേഖകൾ. വിവിധതരം ലസ്സികളോ, അമൃത്‌സറി കുൽച്ചയോ ഒന്നും ആസ്വദിക്കാനുള്ള മനസ്സുണ്ടായില്ല. വാഗാ ബോർഡറിലേക്ക് വിശാലിന്റെ ടാക്സിയിൽ എത്തുമ്പോൾ വൈകീട്ട് നാലര മണി. അതിർത്തിയുടെ രണ്ടു ഭാഗത്തും രണ്ടു രാജ്യങ്ങളിലെയും ആളുകൾ വന്നു ചേരുന്നു. ദേശസ്നേഹം ഉണർത്തുന്ന ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ ഒരു കൂട്ടുകുടുംബത്തിന്റെ വിഭജനവും, രക്തച്ചൊരിച്ചിലും, അനാഥത്വവും മനസിനെ വല്ലാതെ ഉലച്ചു.

ഇന്ന് വൈകുന്നേരം എവിടെക്കുമില്ല എന്ന് പിയൂഷിനെ വിളിച്ചുപറഞ്ഞ് കോട്ടേജിന്റെ ബാൽക്കണിയിൽ ഒരു ചായ കുടിച്ചുകൊണ്ടിരുന്നു. വീണ്ടും മഴ പെയ്യുന്നു. കൊക്കോ അടുത്തു വന്നു. അവന്റെ നെറുകയിൽ തലോടിയിരിക്കാൻ എന്ത് സുഖം. പഹാഡിലെ (കുന്നിൻ പ്രദേശങ്ങൾ) പട്ടികൾ അല്പം മൂഡിയായിരിക്കുമത്രെ. ശരിയാണ്, അവന് ഒരുന്മേഷമില്ല, ആ കണ്ണുകളിൽ എന്തോ ഒരു വിഷാദം. നല്ല മഴയുള്ള ഒരു പ്രഭാതത്തിലാണ് സ്‌കൂളിൽ വഴക്കുകേട്ട കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ മുറിയിലേക്ക് കയറി വന്നത്. ഞാനാകെ തരിച്ചുനിന്നു. അവളുടെ വിവാഹാലോചന നടക്കുന്നു. ഡൽഹിയിൽ ആർമിയിൽ ഓഫീസറാണ് അയാൾ. അവളുടെ അച്ഛന്റെ കുടുംബത്തിലെ ഒരകന്ന ബന്ധു കൂടിയാണ്. പട്യാലയിലെ വിവാഹത്തിൽ അയാളുടെ അച്ഛനമ്മമാർ ഉണ്ടായിരുന്നത്രെ. പക്ഷെ അവൾ  നാട്ടിലേക്ക് പുറപ്പെടുന്നതിനു തലേദിവസം വരെ അറിഞ്ഞിരുന്നില്ല ഈ വിഷയം. പല സാധ്യതകളെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തു. കെട്ടിപ്പിടിച്ച് നിസ്സഹായരായി കരഞ്ഞു. വിഭജനങ്ങൾ മണ്ണിലല്ല, മനസ്സിലാണ് മുറിവുകളുണ്ടാക്കുന്നത്. നമ്മുടെ കല്യാണത്തിന് അവളുടെ കുടുംബം ഒരിക്കലും സമ്മതിക്കില്ല, പ്രത്യേകിച്ചും ഒരു പ്രണയ വിവാഹം. അവളുടെ "നിനക്കോര്മയില്ലേ അന്ന് പട്യാലയിൽ വെച്ച് ഞാൻ ഒരു വധുവിനെപ്പോലെ ആഹ്ളാദിച്ചത്? അന്ന് രാത്രി ഒരു നിമിഷം ഞാൻ എന്റെ വിവാഹം വിഭാവനം ചെയ്തു. ഒരു പെൺകുട്ടി പ്രണയത്തിന്റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ബാല്യകാലത്തെപ്പോലെ സ്വാതന്ത്രയാകുന്നു, പട്ടം പറത്തിയും, ഷ്ഠാപൂ കളിച്ചും ഉല്ലസിച്ച കാലങ്ങൾ തിരിച്ചുപിടിച്ച സുഖം. പക്ഷെ."



ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എനിക്ക് ഒരു കോൾ വന്നു. അതവളായിരുന്നു. അവളുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണത്രെ. അതുകൊണ്ടു തന്നെ ഇനി ആ പഴയ നമ്പറിലേക്ക് വിളിക്കരുത് എന്നവൾ വേദനയോടെ പറഞ്ഞു. എപ്പോഴും സൈലന്റ് മോഡിൽ വെച്ച് അവൾ പുതിയ മൊബൈലും നമ്പറും സൂക്ഷിച്ചു. "പ്രണയത്തെ പരിഹാസ്യമായ ഒരു മുറിവുപോലെ മറച്ചുവെക്കേണ്ടി വരുന്നത് എത്ര അപഹാസ്യമാണല്ലേ?" അവൾ ചോദിച്ചു. രാത്രിയും പകലും ഒറ്റയ്ക്ക് കിട്ടുന്ന അപൂർവം സമയങ്ങളിൽ മാത്രം ഞങ്ങൾ സംസാരിച്ചു. അവളുടെ മെസേജുകളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അത് ശരിയായിരുന്നു. പട്യാലയിൽ നിന്ന് അവളുടെ സഹപാഠിയായ പെൺകുട്ടി എന്നെ വിളിച്ചു. കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഞാനാകെ തകർന്നു. അവളിലേക്കെത്താൻ ഓരോ തവണ പുതു പുതു  പാലങ്ങൾ  പണിയുമ്പോഴും നദിയുടെ വീതി കൂടി വന്നു.


ഒരുച്ചനേരത്ത് അവൾ വീട്ടിൽ വന്നു. മുഖമൊക്കെ വല്ലാതെ വിളറിയിരിക്കുന്നു. മുടി അലസമായിട്ടിരിക്കുന്നു. വന്നയുടനെ സോഫയിലിരുന്ന് എന്നെ കെട്ടിപ്പിടിച്ച്  കരഞ്ഞു കൊണ്ടിരുന്നു. പിന്നീട് കണ്ട വിചിത്രമായ മുഖഭാവങ്ങളും പെരുമാറ്റങ്ങളും എന്നിൽ ആഘാതവും ഭീതിയും വർധിപ്പിച്ചു. രണ്ടു കൈകളും പരസ്പരം തിരുമ്മി,കണ്ണ് മിഴിച്ച്, അതിവേഗത്തിൽ ശ്വാസമെടുത്ത് അവൾ മാറിയിരുന്നു. ഒരു കുട്ടിയെപ്പോലെ അവളെ മടിയിലിരുത്തി ഞാൻ തലയിൽ തലോടിക്കൊണ്ടിരുന്നു. അവളുടെ ബാഗിൽ ഡിപ്രെഷനുള്ള ഗുളികകളും, കുറിപ്പും ഞാൻ കണ്ടു. 'എന്റെ ഹൃദയം ഇടയ്ക്കിടെ കാണാക്കയങ്ങളിലേക്ക് ആണ്ടുപോകുന്നു. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ തോന്നാറില്ലേ? അതിന്റെ പത്തിരട്ടി, നൂറിരട്ടി. ഈ ഗുളികകൾ ആ അവസ്ഥയെ തരണം ചെയ്യാനാണ്.' 'പക്ഷെ എത്ര നാൾ?' എന്ന എന്റെ ചോദ്യത്തിന് ഒരു ചിരിമാത്രം. അവളുടെ അകത്ത് എന്തോ ഒന്ന് ശക്തി പ്രാപിക്കുന്നുണ്ട്. വേദനകളെ അവൾ ഭയക്കുന്നില്ല. ആ മുഖത്ത് ഒരു നിസ്സംഗത വർധിച്ചുവരുന്നു.

പിറ്റേന്ന് രാവിലെ അവളുടെ പഴയ ഫോണിൽ നിന്നും ഒരു കോൾ വന്നു. അതവളുടെ അച്ഛനായിരുന്നു. സൗമ്യമായി സംസാരിച്ച അദ്ദേഹം എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങൾ കടൽക്കരയിലെ ഒരു റെസ്റ്റോറന്റിൽ ഇരുന്നു. "അവൾ ട്രീട്മെന്റിൽ ആണ്. അതിന്റെ ഭാഗമായി ആദ്യം അവൾ ചെയ്യേണ്ടത് നിങ്ങളിൽ നിന്നും, നിങ്ങളുടെ ഓർമകളിൽ നിന്നും അകലങ്ങളിലേക്ക് പോവുക എന്നതാണ്. ഞങ്ങൾ അവളെയും കൂട്ടി കുറച്ചു നാളത്തേക്ക് പട്യാലയിലേക്ക് പോകുന്നു. അവിടെ ട്രീറ്റ്മെന്റ് തുടരും. എനിക്കും കുടുംബത്തിനും അവളെ വേണം. അവളുടെ ചേച്ചിയുടെ പ്രണയ വിവാഹം ഒരു മോചനത്തിൽ അവസാനിച്ച് രണ്ടു വർഷങ്ങളെ ആയുള്ളൂ. ആ കാലങ്ങളിലെ ഞങ്ങളുടെ വേദനകൾ, ദുഃഖങ്ങൾ എല്ലാം അവൾ അറിഞ്ഞതാണ്. പക്ഷേ, നിങ്ങൾ വന്നപ്പോൾ അവൾ ധർമസങ്കടത്തിലായി. നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്തു, പിരിയാതിരിക്കാനും കഴിയില്ല എന്ന അവസ്ഥ. നിങ്ങൾ സഹകരിക്കണം. എനിക്കറിയാം നിങ്ങളുടെ വേദന. ഒരു യാത്രയൊക്കെ പോയി വരൂ എവിടേക്കെങ്കിലും. എല്ലാം ശരിയാവും. അവളുടെ വിവാഹം നിശ്‌ചയം ചില കാരണങ്ങൾ പറഞ്ഞ് കുറച്ചു മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. പയ്യന്റെ വീട്ടുകാർ നല്ലവരാണ്. എന്റെ ഒരകന്ന ബന്ധുവും."

രണ്ടു മാസങ്ങൾ കടന്നു പോയി. മനോവേദന സഹിക്കാൻ കഴിയാതെ ഞാനും കൗൺസിലിംഗിലും, ഏകാന്ത യാത്രകളിലും അഭയം പ്രാപിച്ചു.
"പ്രണയത്തിൽ രോഗിയാവുക എന്നതിൽ കവിഞ്ഞ് എന്ത് പാരിതോഷികമാണ് പ്രണയത്തിന് നൽകാനുള്ളത്? ഞാൻ നിനക്ക് വേണ്ടി രോഗിയായി. കണ്ടില്ലേ?" അവളുടെ വാക്കുകൾ എനിക്ക് ചുറ്റും പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു.

എനിക്ക് ചുറ്റും, എന്നിലും അവൾ പെയ്തുകൊണ്ടേയിരുന്നു. അങ്ങിനെയിരിക്കെ അവളുടെ കത്ത് വന്നു. "എന്നോട് ക്ഷമിക്കുക. നീ എന്റെ കൂടെയില്ല എന്ന സത്യം ഞാൻ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ നീ എന്റേതല്ല എന്നെനിക്കൊരിക്കലും ഉൾകൊള്ളാൻ കഴിയില്ല. എന്റെ അവിഭാജ്യ പഞ്ചാബിന്റെ സുരഭിലമായ കാലം പോലെയും, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുപോലെയും ഈ പ്രണയം എന്നിൽ എന്നും ജീവനോടെ നിൽക്കും. പ്രണയത്തോളം ജീവനുള്ള ഒരു കവിതയുമില്ല." അവൾക്കേറെ പ്രിയപ്പെട്ട, പഞ്ചാബിന്റെ കീറ്റ്സ് എന്നറിയപ്പെടുന്ന ശിവകുമാർ ബടാൽവിയുടെ 'തുസ്സി കെഹ്‌രി രുതീ ആയോ മേരെ രാം ജിയോ' എന്ന കവിത സ്വന്തം കൈപ്പടയിൽ എഴുതി ചേർത്ത് അവൾ ആ കത്ത് അവസാനിപ്പിക്കുന്നു. കണ്ടുമുട്ടലിന്റെ, പ്രണയ പ്രയാണത്തിന്റെ ദുരന്തപൂർണമായ പരിണാമത്തെ, നിസ്സഹായതകളെ ആ കത്തിൽ ഞാൻ വായിച്ചറിഞ്ഞു.



ഒരു ദിവസം പട്യാലയിൽ  നിന്നവളുടെ സഹപാഠി വിളിച്ച് കാര്യം അറിയിച്ചു. ഈ വരുന്ന ശിശിരത്തിൽ അവളുടെ കൈകൾ ചൂടയും, മെഹന്ദിയും അണിയും. ഞാൻ ഒരു കുട്ടിയെപ്പോലെ വീട്ടിലെ ഒരു ഇരുണ്ട മുറിയിലിരുന്ന് ആർത്തു കരഞ്ഞു. ഒന്നിനോടും താല്പര്യമില്ലാതായി. ആളുകളെ കാണുന്നത് തന്നെ വെറുക്കാൻ തുടങ്ങി. പട്യാലയിലേക്ക് പോയാലോ, അവളുടെ അച്ഛനോടും അമ്മയോടും ഒന്നുകൂടി സംസാരിച്ചാലോ എന്നൊക്കെയുള്ള സന്ദേഹങ്ങളിലും, അവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പേരിൽ അവൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള കാരുണ്യത്തിലും മനസ്സ് അസന്തുലിതമായി. അവൾക്ക് വേണ്ടി കവിതകൾ എഴുതി. ഞാനും അവളും നദിയുടെ ഇരു കരകളിലുമായി. കുറുകെയുള്ള ഏക പാലം തകർന്ന് ഒഴുകിപ്പോയിരിക്കുന്നു. പ്രണയം ഒരു പ്രകൃതിക്ഷോഭമാണ്, അതെന്തൊക്കെ പിഴുതെറിയുമെന്നാർക്കറിയാം !

നാളെ രാവിലെ നാല് മണിക്കെങ്കിലും തയ്യാറായാൽ മാത്രമേ റോഹ്‌തങ് പാസിലേക്കുള്ള യാത്ര സുഗമമാകൂ എന്ന് പിയൂഷ് വീണ്ടും വിളിച്ചോർമിപ്പിച്ചു. വിശപ്പില്ല. സൂപ്പ് മാത്രം കുടിച്ച് ഉറങ്ങാൻ കിടന്നു. നാല് മണിക്ക് പിയൂഷിന്റെ കൂടെ ഗുലാബ വരെയെത്തി. അവിടെ നിന്നും മറ്റൊരു വാഹനത്തിൽ മാടി വരെ. റോഹ്‌തങ് പാസിലേക്കുള്ള പ്രവേശനം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണത്രെ. മാടിയിലെ മഞ്ഞിൽ ഏറെ നേരം ചെലവഴിച്ചു. ഉച്ചയോടെ മുറിയിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച് അൽപനേരം മയങ്ങി. വൈകുന്നേരം മണാലിയിലെ ഏറ്ററ്വും മനോഹരമായ ഹഡിംബ ക്ഷേത്രം സന്ദർശിച്ചു. ഭീമാകാരമായ ദേവദാരുക്കളുടെ നിബിഢവനത്തിനു നടുവിലായി എന്തോ അതീന്ദ്രിയാനുഭൂതി തരുന്ന ക്ഷേത്രം. മൃഗങ്ങളെ ബലി കൊടുക്കുന്ന ആചാരങ്ങൾ ഇപ്പോഴുമുണ്ട്. ക്ഷേത്രത്തിന്റെ ചുവരിൽ മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ കാണാം. മരത്തിൽ പണിത ക്ഷേത്രത്തിന് കേരളത്തിന്റെ വാസ്തു രീതിയോട് എന്തോ സാമ്യമുള്ളതുപോലെ തോന്നി. അധികം ദൂരത്തല്ലാതെ ഘടോത്കച ക്ഷേത്രവുമുണ്ട്. ആ പരിസരത്ത് കേസർ (ഡ്യൂപ്ലിക്കേറ്റ് ആകാനാണ് സാധ്യത) കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ധാരാളം പേരുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ വേരുകളും മറ്റും വിൽക്കുന്ന രാജസ്ഥാനികളും. കാലം സ്പർശിക്കാത്ത വന്യത, പൗരാണികതയുടെ അത്ഭുതാവഹമായ സാന്നിധ്യം ഉളവാക്കുന്ന ചുറ്റുപാടുകൾ...എന്തോ ഞാൻ ഏറെക്കാലത്തിനു ശേഷമാണ് ഒരു ക്ഷേത്രത്തിൽ വന്ന് അവാച്യമായ എന്തോ ഒന്ന് അനുഭവിക്കുന്നത്.

രാത്രിയായപ്പോഴേക്കും തണുപ്പ് കൂടി വന്നു. നാളെ രാവിലെ തിരിച്ചു പുറപ്പെടേണ്ടതാണ്. അവൾ ഈ മുറിയിൽ എന്റെ കൂടെയുണ്ട്. ഓരോ നിമിഷവും ഞാനവളോട് സംസാരിക്കുന്നുണ്ട്. ഓർത്തു നോക്കൂ. നാം നടത്തുന്ന നിശബ്ദമായ എത്ര സംഭാഷണങ്ങൾ ഗഹനമായ അർത്ഥങ്ങളുള്ളവയാണ്! പാശ് എന്ന പഞ്ചാബി കവിയുടെ കവിതകൾ ഫോണിലൂടെ കേൾപ്പിച്ച രാത്രിയിൽ ഞങ്ങൾ രണ്ടുപേരും ഏറെ നേരം കരഞ്ഞിരുന്നു. എന്തിനാണെന്നറിയില്ല. ഒരു പക്ഷെ, ഒന്നിനും നിശബ്ദമാക്കാനാകാത്ത ആത്മാർത്ഥതയുടെ ഹൃദയഭേദകമായ ശക്തിയെ ഓർത്തിട്ടാകാം, അല്ലെങ്കിൽ ആ കവിയുടെ കണ്ണുകളിലെ തീജ്വാല ഒരായിരം ചോദ്യങ്ങളായി അനശ്വരമായി ഉയർന്നു വരുന്നത് കണ്ടിട്ടാവാം. പിന്നീടൊരിക്കൽ പാശിന്റെ കവിതാ സമാഹാരം എനിക്ക് സമ്മാനിച്ച അവൾ അതിലേതോ പേജിൽ നമ്മുടെ പ്രണയത്തിന്റെ അനശ്വരതയെക്കുറിച്ച് എന്തോ കുറിച്ചിട്ടിരുന്നുവത്രേ. അതേതു പേജിലാണെന്നും, എന്താണെന്നും ഞാനിന്നും തിരയുന്നു.


ഈ തണുപ്പിലും തിളയ്ക്കുന്ന ജലസ്രോതസ്സ് കൊണ്ട് വിചിത്രമായ മണികർണയിൽ നിന്ന് പുറപ്പെടുമ്പോൾ വഴിനീളെ കണ്ട ദേവദാരുക്കളെക്കുറിച്ച്, അവ കൊണ്ടുണ്ടാക്കിയ വീടുകളെക്കുറിച്ച്  ഞാൻ പിയൂഷിന്റെ അമ്മാവൻ വിനോദിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു "ദേവദാരുക്കൾക്ക് മരണമില്ല എന്ന് തന്നെ പറയാം. അവയുടെ ആയുസ്സ് ആര് കണ്ടു? ദേവദാരുവിന് തീ പിടിച്ചാൽ അതണയ്ക്കാൻ ഒരു ശക്തിക്കും കഴിയില്ല."
                                                                  -സന്തോഷ് കാനാ




























നീയും ഞാനും (NEEYUM NJAANUM) You & I



നീയും ഞാനും

നമ്മൾ പിരിഞ്ഞിട്ടും നമ്മുടെ ചുവടുകൾക്ക് അൽപായുസ്സെന്തുകൊണ്ടെന്ന് നീ അറിയുന്നില്ലേ?
നിന്നിലും എന്നിലും അങ്ങോട്ടും ഇങ്ങോട്ടും ഇന്നും എന്തോ ഒന്ന് നിർത്താതെ തിരയടിക്കുന്നുണ്ട്.

എൻ്റെ സഹയാത്രികരുടെ തോണികൾ ചക്രവാളങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. നിന്റെ ഓർമകളിൽ നങ്കൂരമിട്ട് ഞാൻ ദൂരങ്ങളെ ശൂന്യതയോടെ നോക്കുന്നു.

നമ്മൾ പിരിയുന്നത് കൊണ്ട് മാത്രം എല്ലാം മാറുന്നില്ല. നിന്റെയും എന്റെയും നെഞ്ചിൻ കൂടിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആ ചിറകടി പുതിയ ആകാശങ്ങളിൽ മോചനം തേടുന്നതുവരെ നിത്യജീവിത വൃത്തികളിൽ നമുക്ക് അലസതയുടെ ദൂരം താണ്ടാനുണ്ട്.

ഉത്സവങ്ങൾ, ആഘോഷങ്ങൾ, പുഞ്ചിരി കൊണ്ടുള്ള മര്യാദകൾ എല്ലാം എന്നെ കൈപിടിച്ച് കൂടെ ചേർക്കുന്നുണ്ട്. പക്ഷെ, എല്ലാ ആഘോഷങ്ങളുടെയും ഒടുവിലത്തെ ശൂന്യത നീയാണ്. ബാഹ്യലോകങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഞാൻ നീയെന്ന സത്യഗേഹത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു.

ഭൂതകാലങ്ങൾക്ക് സ്മരണകുടീരങ്ങൾ പണിത് പലരും പുതു പ്രത്യാശകളുടെ ആടകളണിഞ്ഞ് ദിനചര്യാചരണപഥങ്ങളിൽ അദ്ധ്വാനിക്കുന്നു, സന്തോഷിക്കുന്നു. ഞാനാണെങ്കിൽ നീയില്ലാത്ത ഞാനോ ഞാനില്ലാത്ത നീയോ എന്ന് ഇഴപിരിച്ചും, കുരുക്കഴിച്ചും ദിനരാത്രങ്ങളുടെ അപര്യാപ്തതയിൽ പലതും പുലമ്പുന്നു.

കുന്നുകൾ കയറുന്നവരും, നദികൾ താണ്ടുന്നവരും ശക്തിയെക്കുറിച്ചും, നേട്ടങ്ങളെക്കുറിച്ചും ചിത്രങ്ങളിലൂടെയും, നിറങ്ങളിലൂടെയും ഉദ്‌ഘോഷിക്കുന്നുണ്ട്. നിൻറെ അസാന്നിധ്യത്തെ സഹിക്കാനും, വഹിക്കാനുമുള്ള ശക്തിയെയും, സംയമനത്തെയും നേട്ടമെന്നോർത്ത് ഞാൻ ആശ്വസിക്കുന്നു.

നീ ഏതു ദൂരത്താണെന്നെനിക്കറിയില്ല. നിൻറെ ദൂരങ്ങൾ താണ്ടുവാൻ വാക്കുകൾ കൊണ്ട് ഞാനുണ്ടാക്കുന്ന ചങ്ങാടങ്ങളും, ശകടങ്ങളും അറ്റകുറ്റപ്പണികളിൽ എൻ്റെ സമയങ്ങളെ അപഹരിക്കുന്നുണ്ട്. എൻ്റെ മിടുക്കിനെ ആരൊക്കെയോ പരിഹസിക്കുന്നുണ്ട്.

നീയില്ലായ്മയാണെന്റെ ദാരിദ്ര്യം
നീയുണ്ടെന്നതാണെന്റെ സാഹിത്യം

നിന്റെ നിശബ്ദ പടയേറ്റങ്ങളിൽ
എനിക്കെന്റെ പദവിയും, പ്രദേശങ്ങളും നഷ്ടപ്പെട്ടു
എന്റെ അധികാരമണ്ഡലങ്ങളും, സാമ്രാജ്യവും നഷ്ടപ്പെട്ടു
പക്ഷെ നിന്റേതാവുകയെന്നതാണെനിക്ക് രാജത്വം
പ്രണയത്തിന്റെ സാമ്രാജ്യത്തിന് അതിരുകളില്ല, ഭൂപടങ്ങളും.

നീയെന്ന സത്യത്തിന്റെ അനന്ത ജലാശയങ്ങൾ താണ്ടി
ഞാനെത്തുന്ന ഓരോ തുരുത്തും നീ വിഴുങ്ങുന്നു
ഞാൻ നിന്നിലലിയുന്നു, നഷ്ടപ്പെടുന്നു.

വഴി തെറ്റി എന്നെന്നെ എല്ലാവരും പരിഹസിക്കുന്നുണ്ട്
നിന്ദിക്കുന്നുണ്ട്
അപ്പോഴും ആരും കാണാതെ, അറിയാതെ
നിന്നെ ഞാൻ നെഞ്ചോടു ചേർത്ത് ഒളിപ്പിക്കുന്നുണ്ട്
രക്ഷിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ ആണി കൊണ്ടെന്നെ തറക്കുമ്പോഴും
ഞാൻ നിന്നെ മാത്രം കാണും, നിന്നോട് മാത്രം മൊഴിയും.

നീ പിരിയുമ്പോൾ എന്തോ എഴുതി സമ്മാനിച്ച പാഷിന്റെ പുസ്തകം ഞാൻ തിരിച്ചും മറിച്ചും തിരഞ്ഞു കൊണ്ടേയിരിക്കുന്നു
ഇന്നും ആ വാക്കുകൾ തേടിക്കൊണ്ടേയിരിക്കുന്നു

ഈ അടുപ്പിലെ തീ അണഞ്ഞുവെന്നവർ
ആവർത്തിച്ചു.
പക്ഷെ
വാക്കുകൾ നീരാളികൈകൾ പോലെ 
പുകയായി പുറത്തുവന്നതും
എന്നിലെ അണയാത്ത നീ/തീ
അവരെ നിശ്ശബ്ദരാക്കി.

നിന്റെ മണ്ണിൽ കുഴിച്ച് കുഴിച്ച്
ഞാനെന്റെ വേരുകൾ തേടുന്നു
തളർന്നു മണ്ണിലടിയുന്നു

എന്നോട് പറയാൻ മാത്രം നീ കരുതിവെച്ച
കഥകളുടെ വൻകരകളിലേക്കും, ദ്വീപുകളിലേക്കുമുള്ള
നിരന്തര വിഫല പ്രയാണങ്ങളാണ് എന്റെ ജീവിതം

ആത്മീയത അലൗകികമായ പ്രണയമാണ്
പ്രണയം ലൗകിക ആത്മീയതയും. ഞാനും നീയും പോലെ
ഇഴപിരിക്കാനാകാതെ.

ഓരോ തവണയും കടൽക്കരയിൽ നമ്മുടെ കാലുകളിലേക്ക്
ഓടിയെത്തിയ തിരമാലകളെ നോക്കി നമ്മൾ എത്ര ചിരിച്ചു, കരഞ്ഞു
ഇന്നേതോ കരയിൽ നിന്റെ കാലുകളെ തേടുന്ന, തഴുകുന്ന
തിരമാലയിൽ നീയെന്നെ അറിയുന്നുണ്ടോ?


ഈ മുറിവുമായി ഞാൻ തേടാത്ത ചികിത്സയില്ല
ഹൃദയമിടിപ്പറിയാത്ത വൈദ്യരില്ല, ഭിഷഗ്വരന്മാരില്ല
അകവും പുറവും പഠിച്ചും പരിശോധിച്ചും
പറഞ്ഞും പരീക്ഷിച്ചും ഒന്നും കാണാതെ
ഞാൻ തിരിച്ചയക്കപ്പെട്ടു
ഒരു സൂക്ഷ്മപ്രകാശത്തിനും കണ്ടുപിടിക്കാനാകാതെ
നീയെന്ന മുറിവ് എന്നിൽത്തന്നെ തുടരുന്നു
പടരുന്നു.

നിന്റെ ദേവാലയത്തിൽ (പുണ്യസങ്കേതത്തിൽ)
എല്ലാ മണിനാദങ്ങളും നിനക്കായി ഉയരുമ്പോൾ
നിന്നെ വിളിച്ചുകൊണ്ടുള്ള എന്റെ ദുർബല ശബ്ദം
പക്ഷിയുടെ കൊക്കിലെ അവസാനത്തെ
ജീവന്റെ തുള്ളിപോലെ കേൾക്കപ്പെടാതെ വീണടിയും.

നീ തന്ന ഉണങ്ങാത്ത മുറിവിൽ വിരൽ മുക്കിയാണ്
ഞാനെഴുതുന്നത്
പൊക്കിളുണങ്ങാത്ത കുട്ടി
കടൽക്കരയിൽ കരഞ്ഞലയുന്നുണ്ട്
പറയാതെ വച്ച വാക്കുകൾ നിന്നെ തിരയുന്നുണ്ട്
നിന്റെ ഓർമകളുടെ കടലിൽ
എന്റെ ഹൃദയത്തിന്റെ കപ്പൽച്ചേതം.
നീയല്ലാതായ നിന്നെ
വിസമ്മതിച്ച്‌
താരതമ്യങ്ങളിൽ ഞാൻ തകരുന്നുണ്ട്
എത്ര ആവർത്തി നിരസിച്ചാലും
നീ തന്നെയെന്നാവർത്തിച്ച്
ഞാൻ
നരച്ച ചിത്രങ്ങളിൽ തലോടി
പരിഹസിക്കപ്പെടുന്നുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയിൽ ഞാൻ
എന്നും
നിന്നെ ഉരുവിടുന്നുണ്ട്.

 ഹൃദയം പൊട്ടി നീ വിങ്ങി  വിതുമ്പുമ്പോൾ
പിടഞ്ഞുപിടഞ്ഞൊരു ചുമലിനായ് നീ പരിതപിക്കുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ ഹൃദയം നിനക്കായി ഞാനെന്നും തുറന്നിട്ടിരിക്കും
ഇന്ന് നിന്നെ സ്നേഹം കൊണ്ടാരാധിക്കാൻ
ആഡംബരങ്ങളിലാറാടിക്കാൻ
എത്രയോ പേരുണ്ട്
നിന്റെ യൗവനസൗന്ദര്യ തടാകങ്ങളിൽ
താമരകളേറെ വിരിയട്ടെ
നിന്റെ പുഷ്പിതയൗവന വസന്തം വഴിമാറുമ്പോൾ
കണ്ണാടി നിന്നെ ഭയപ്പെടുത്തുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ വാതിൽ ഞാൻ നിനക്കായി തുറന്നിട്ടിരിക്കും
ഈ ദീപം നിനക്കായെന്നും എരിഞ്ഞുകൊണ്ടിരിക്കും.

ഇന്നലെകളെ അരിച്ചെടുത്തപ്പോൾ
കോപ്പയിൽ
നീ മാത്രം !!

 പാതി ജീവൻ വെച്ച് തുരുമ്പെടുക്കുന്ന
ഗിറ്റാറുണ്ട് ഒരു മൂലയിൽ

തൊടുക്കുവാൻ ധനുസ്സില്ലാതെ
സ്നേഹത്തിന്റെ ആവനാഴിയുണ്ട് കുനിയുന്ന ചുമലിൽ

ഒന്നു തട്ടിയാലുണരുന്ന സ്വപ്നങ്ങളുണ്ട്
ആലസ്യത്തിന്റെ കമ്പിളിക്കുള്ളിൽ

ജ്വലിക്കുന്ന വാക്കുകളും, ചിന്തകളും
രജസ്വലയെപ്പൊലെ പുറത്തു നില്ക്കുന്നുണ്ട്
തല താഴ്ത്തി

എത്ര സുരഭില സ്പർശങ്ങൾക്കും
ഇല്ലാതാക്കാനാവാത്ത ദുർഗന്ധ വിധിയുണ്ട്
നിർഭാഗ്യമുണ്ട് ഉണങ്ങാ വ്രണം പോലെ

നിനക്ക് വേണ്ടി എഴുതിയ വാക്കുകൾ
ശരീരം വിട്ട ആത്മാവുപോലെ
സ്വന്തം ഗൃഹത്തിനു ചുറ്റും
കരുണ യാചിച്ചലയുന്നുണ്ട്

ഈ നെഞ്ചിൻ കൂടിലെ
ഒരായിരം പ്രാവുകളുടെ ചിറകടി നീ കേൾക്കുന്നില്ലേ ??

ഞാൻ വീണ്ടും ചെറിയ വാതിലുകളിലേയ്ക്കും
ജനാലകളിലേയ്ക്കും മടങ്ങും
ഒന്നുമുണർത്താൻ കഴിയാത്ത കാറ്റേറ്റ് ശൂന്യനായിരിക്കും. 

ചോര പതിഞ്ഞ ചുമരുകളും
എന്റെ പേര് മൈലാഞ്ചിയിൽ
പകർത്തിയ നിന്റെ കൈയുടെ ചിത്രവും
ഉണർത്തിയ നിശ്വാസങ്ങളും
തപ്ത പ്രേമ ധൂമങ്ങളും കെട്ടടയും
തുറന്ന വാതിൽ പോലെ ഞാൻ ബാക്കിയാവും.

പക്ഷെ ചിലപ്പോളെങ്കിലും
നിന്റെ ഓർമ്മകൾ, നിന്റെ നനുത്ത കൈകൾ
അടക്കി വച്ചൊരഗ്നിപർവതം പോലെ
എന്റെ നെഞ്ച് പൊട്ടിയൊഴുകും
എന്റെ കണ്ണുകളിൽ പ്രവഹിക്കും

ഓരോ ഇടനാഴിയിലും
സൂര്യന്റെ മാറുന്ന നിഴൽ കാഴ്ചകൾ പോലെ നീയുണ്ട്
നിന്റെ അഗ്രസ്തമായ ഭാവഭേദങ്ങളുണ്ട്
ഓരോ നിമിഷത്തിലും പരന്നു കിടക്കുന്ന സമയ വ്യാപ്തി പോലെ
നീയുണ്ട്
നിന്നിൽ പ്രച്ഛന്നമായി മാറാരോഗം പോലെ ഞാനുണ്ട്
നമ്മുടെ പ്രേമമുണ്ട്
പ്രണയം കൊണ്ട് രോഗിയാകുന്നതിൽ
കവിഞ്ഞ്
പ്രണയത്തിന് നൽകാനൊന്നുമില്ല

നിന്റെ രക്തവും, ശ്വാസവും, ആത്മാവുമൊക്കെ ചേർത്ത് കുഴച്ചാണ്
ചൂരി കൊണ്ട് നീയെന്നെ ഊട്ടിയത്.
സ്നേഹവും, കാരുണ്യവും, പ്രണയത്തിന്റെ ഏതൊക്കെ നിഗൂഢ മാസ്മരിക ചേരുവകളും ചേർത്താണ് നിന്നെ എനിക്കായ് സൃഷ്ടിച്ചത്?

രതിയുടെ ചുവന്ന ജാലകങ്ങൾ എന്നെ മാടി വിളിക്കുന്നുണ്ട്. പ്രലോഭനങ്ങളുടെ ആ മട്ടുപ്പാവുകളിലേക്കുള്ള ഗോവണികൾ തകർത്തും, ആകസ്മികമായി എന്നിൽ നിസ്സംഗത്വം നിറച്ചും നിൻറെ പ്രത്യക്ഷ അപ്രാപ്യതകളിൽ ദുർബലമാകുന്ന എന്നെ നീ പുനരുജ്ജീവിപ്പിക്കുന്നു, എനിക്ക് ചുറ്റും പ്രണയത്തിൻറെ ഉദാത്ത സൗരഭ്യം പരത്തുന്നു.

ആളുകൾ എത്ര സന്തുഷ്ടരാണ്? ഏത് ഇല്ലായ്മകളെയും, ദുഖങ്ങളെയും, നഷ്ടങ്ങളെയും ആത്മഗതങ്ങളിലൂടെ അനുരഞ്ജനം ചെയ്ത് യാന്ത്രികതകളുടെ ഓരോ നിമിഷവും മിനുപ്പാക്കി നിർത്താനുള്ള ആ വിദ്യ നമുക്കെങ്ങിനെ കൈമോശം വന്നു? അതോ അത് ജന്മസിദ്ധമാണോ? നീയില്ലായ്മയാണെൻറെ നഷ്ടം. ബാഹ്യചലനങ്ങൾക്കുള്ള എല്ലാ പ്രേരണകളും തുരുമ്പെടുക്കുന്നു. എന്നിൽ ഞാൻ മാത്രമായി അവശേഷിക്കുന്നില്ല. ഞാനും നീയും മാത്രമായ എനിക്ക് ആത്മഗതമില്ല.
                                            -സന്തോഷ് കാനാ 

https://www.youtube.com/watch?v=TTHNy0jaGx0



പ്രണയം അവസാനിക്കുമ്പോൾ



പ്രണയം അവസാനിക്കുമ്പോൾ

വാമൊഴിയിൽ മാത്രം നില നിന്ന വർഗത്തിന്  വംശനാശം സംഭവിക്കുന്നു.
അവസാനകണ്ണി മരിക്കുന്നു

കൈമാറിയതൊന്നും പകർത്താൻ ആകാതെ ഇരുവരും പകച്ചു നിൽക്കുന്നു 
ഒരന്യഗ്രഹ സംപ്രേഷണം അറ്റുപോകുന്നു

രണ്ടുപേർക്കിടയിലെ തർജമ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നു 

മഴയ്ക്കും മണ്ണിനും രാവിനും രഥ്യയ്ക്കും വിരസതയിലേക്ക് മടങ്ങേണ്ടി വരുന്നു

ആൾക്കൂട്ടത്തിൽ തിരഞ്ഞുപിടിച്ച  മുഖം അതല്ലെന്നറിയുന്നു

കൊക്കൂണിൽ നിന്ന് പുറത്തുവന്ന ശലഭം തിരിച്ച് കൊക്കൂണിൽ തന്നെ അഭയം തേടുന്നു

പ്രണയം അവസാനിക്കുന്നത് വലിയ സ്ഫോടനങ്ങളോടെയല്ല,

ശബ്ദകോലാഹലങ്ങളുടെ, സ്ഥൂല ശബ്ദങ്ങളുടെ വാക്കുകൂട്ടത്തിൽ ഒരു നേർത്ത നിശ്വാസമായി, നെടുവീർപ്പായി മാത്രം
സഹസഞ്ചാരിക്കുപോലും അശ്രാവ്യമായ, അദൃശ്യമായ ഒരു സ്ഫോടനം, രക്തച്ചൊരിച്ചിൽ. 
                -സന്തോഷ് കാനാ 

മീനാ കുമാരിയുടെ കവിതകൾ (Poems of Meena Kumari translated by Santhosh Kana)



നിമിഷങ്ങൾ (ലംഹേ) 

നിമിഷങ്ങൾ
മഴത്തുള്ളികൾ പോലെയാണ്
കൈപ്പിടിയിലൊതുങ്ങാത്തവ.

നെഞ്ചിൽ വന്നാഞ്ഞു പതിക്കുന്നു,
കൈ നീട്ടിയാലോ
വഴുതി, ചിതറിത്തെറിച്ച് നഷ്ടമാകുന്നു.



ഒഴിഞ്ഞ കട (ഖാലി ദൂകാൻ) 

ലോകം എന്ന ഈ വ്യാപാര ശാല എന്തിനാണെനിക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നത്?

കൃത്രിമ ആഹ്ളാദത്തിന്റെ കളിപ്പാട്ടങ്ങൾ,
ഖ്യാതിയുടെ ഈ കടലാസുപൂക്കൾ,
ഒരു മൃദു സ്പർശത്തിൽ ഉരുകിപ്പോകാവുന്ന,
കണ്ണാടിക്കൂടിനുള്ളിൽ അടച്ചുവെച്ച
സമ്പത്തിന്റെ ഈ മെഴുക് രൂപങ്ങൾ.

ഞാൻ വാങ്ങാൻ വന്നത് ഇതൊന്നുമല്ല

എന്റെ സന്തപ്ത നയനങ്ങളിൽ അല്പം കുളിരു
പകരുന്ന പ്രണയത്തിന്റെ രമണീയ സ്വപ്നം

എന്റെ  നീറുന്ന ആത്മാവിൽ ശാന്തി
പകരുന്ന ഹൃദ്യമായ ഒരു അനുരാഗ നിമിഷം

ഇത്ര മാത്രം

ഇത്ര മാത്രമേ ഞാൻ വാങ്ങാൻ വന്നുള്ളൂ
പക്ഷെ,
ലോകമെന്ന ഈ വാണിഭ ശാലയിൽ നിന്ന്
ഞാൻ വെറും കയ്യോടെ മടങ്ങി.

(മീനാ കുമാരിയുടെ കവിതകൾ)
തർജമ: സന്തോഷ് കാനാ

(മലയാളനാട് എന്ന ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

മധുമിതയും ടാഗോറും

മധുമിതയും ടാഗോറും 
(മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചോക്കുപൊടി എന്ന കോളത്തിൽ പ്രസിദ്ധീകരിച്ചത്) 17 .7 .2018 



ഒരു ക്ലാസ് മുറിയെ അതീവ സുന്ദരവും ആവേശജനകവുമാക്കുന്നത് അവിടെ അധ്യാപകനെ കാത്തിരിക്കുന്ന പ്രവചനാതീതമായ നിരന്തരാത്ഭുതങ്ങളാണ്. എത്രത്തോളം അതിനെ വാച്യതയുടെ കാർക്കശ്യങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവോ അത്രത്തോളം സർഗാത്മകതയുടെ അനന്ത സാധ്യതകളെ അയാൾ നഷ്ടപ്പെടുത്തുകയാണ്. അങ്ങിനെയുള്ള അനേകം വെളിപാടുകളുടെ പറുദീസയിലേക്കുള്ള എന്റെ യാത്രകളുടെ കഥകളിലൊന്ന് ഇവിടെ പറയാം. 

പശ്ചിമ ബംഗാളിലെ ഖരഗ്‌പൂർ  എന്ന സ്ഥലത്തെ ഒരു കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന കാലം. പ്ലസ് വൺ കുട്ടികൾക്ക് പഠിക്കാനുള്ള ഇംഗ്ലീഷ് കവിതകളിലൊന്ന് ടാഗോറിന്റെ ഗീതാഞ്ജലിയിലെ അൻപതാമത് ഗീതകമായ "എ ലിറ്റിൽ ഗ്രേയ്ൻ ഓഫ് ഗോൾഡ്" (ഒരു കൊച്ചു സുവർണ ധാന്യം) ആയിരുന്നു. അറിവില്ലാത്തവനും, സ്വാർത്ഥനുമായ ഒരു യാചകന് അനന്തമായ ദൈവകാരുണ്യത്തിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിട്ടാണ് ഈ കവിത മുഖ്യമായും, അധികമായും വായിച്ചു കണ്ടിട്ടുള്ളത്. ദിവസം മുഴുവൻ യാചിച്ച് കിട്ടിയ ധാന്യശേഖരവുമായി വഴിവക്കിലിരിക്കുമ്പോൾ സുവർണരഥത്തിൽ ആ വഴി വന്ന രാജാവിനെക്കാണുന്ന അയാളുടെ പ്രതീക്ഷകളുയരുന്നു. പക്ഷേ, അയാളോട് യാചിക്കുന്ന രാജാവിന്റെ 'രാജകീയ ഫലിതം' മനസിലാകാതെ അയാൾ ഒരു കൊച്ചുധാന്യം നൽകുന്നു. ദിനാന്ത്യത്തിൽ തന്റെ ഭാണ്ഡത്തിൽ ഒരു 'കൊച്ചു സുവർണ ധാന്യം' കാണുന്ന യാചകൻ ഖേദിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. "എനിക്കുള്ളതെല്ലാം അങ്ങേയ്ക്ക് നൽകാൻ എനിക്ക് മനസ്സു വന്നില്ലല്ലോ" എന്നോർത്ത് കരയുന്ന അയാൾ രാജാവിനെ ദൈവകാരുണ്യത്തിന്റെ ആൾരൂപമായി കാണുന്നു എന്നാണീ വായനകൾ ഊന്നിപ്പറയുന്നത്. പുസ്തകത്തിലെ ചോദ്യങ്ങളും വ്യാഖ്യാനങ്ങളും ഇതേ കാഴ്ചപ്പാടിലായിരുന്നു. 

പക്ഷേ, ആ ദിവസം ക്ലാസ് മുറിയിൽ ഈ വ്യാഖ്യാനങ്ങളിലൂടെ ഞാൻ കെട്ടിപ്പടുത്ത ബാബേൽ ഗോപുരം തകർന്നുവീണു. മധുമിത, അതെ, ആ ബംഗാളി പെൺകുട്ടിയുടെ ഒറ്റച്ചോദ്യത്തിൽ ആ കവിത അപനിർമിക്കപ്പെട്ടു. 

യാചകന്റെ ഭാണ്ഡത്തിലെ 'കൊച്ചുസുവർണ ധാന്യ'ത്തിന് രാജാവിന് നൽകിയ 'കൊച്ചു ധാന്യമണി'യുമായി ആത്മീയബന്ധമുണ്ടെന്നതിന് കവിതയിൽ എന്തു തെളിവാണുള്ളതെന്ന് ചോദിച്ച് എന്റെ നിർമിതിയുടെ വ്യർത്ഥതയെ മധുമിത തുറന്നുകാട്ടി. അപ്പോഴേക്കും കവിതയിലെ വിള്ളലുകൾ ദൃശ്യമായി. ഞാനും, മറ്റു കുട്ടികളും മധുമിതയെ കയ്യടിച്ച് അഭിനന്ദിച്ചു. മനോഹരം!! ഒരു കവിതയുടെ കാലാകാലങ്ങളായ വായനയെ, കാഴ്ചയുടെ കേന്ദ്രബിന്ദുവിനെ അവൾ തകിടം മറിച്ചിരിക്കുന്നു. ആ കവിതയെ ഞങ്ങൾ വിശദമായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിശകലനങ്ങൾക്ക് വിധേയമാക്കി. അത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഒരു പുതുപ്രയാണത്തിന് തുടക്കം കുറിച്ചതിന്റെ സന്തോഷം മധുമിത മറച്ചുവെച്ചില്ല. 

അന്ന് ഞാൻ വീട്ടിലേക്ക് നടന്നപ്പോൾ എന്റെ അധ്യാപനജീവിതത്തിലെ ഏറ്റവും മനോഹരദിനങ്ങളിലൊന്നായി അതിനെ മനസ്സിൽ കുറിച്ചു. ഞാൻ എന്നും ആത്മാർത്ഥമായി വിശ്വസിക്കുന്നു, അദ്ധ്യാപകൻ കുട്ടിയെ മാത്രമല്ല കുട്ടി അധ്യാപകനെയും പ്രചോദിപ്പിക്കുന്നു, സർഗാത്മകതയുടെ നൂതനാനുഭവങ്ങൾ കൊണ്ട്. വർഷങ്ങൾക്ക് ശേഷം ഞാൻ ആ ക്ലാസ്മുറിയിൽ തുടങ്ങിയ ചർച്ചയെ ഒരു വിശദമായ പഠനമായി 'എതിർദിശ' എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു. മധുമിതയെ വിവരമറിയിച്ചു. അവൾ ഏറെ സന്തോഷിച്ചു. 

ഒരു അദ്ധ്യാപകൻ നിരന്തരം നവീകരിക്കപ്പെടുന്ന മാസ്മരികതകളുടെ ലോകമാണെനിക്ക് അന്നും ഇന്നും ക്ലാസ്മുറിയിലേക്കുള്ള ഓരോ പ്രവേശനവും. ഞാൻ ആവർത്തിക്കട്ടെ, ഒരേ ക്ലാസ് മുറിയിൽ നിങ്ങൾക്ക് ഒന്നിലധികം തവണ പ്രവേശിക്കാനാകില്ല! 

-സന്തോഷ് കാനാ 





















Sunday, February 19, 2023

സ്വപ്നങ്ങളുടെ ആയുസ്സ് : ഒരു സിനിമയുടെ പിന്നിലെ കഥ (In Search of Gandhi)

 

എട്ടോളം ഓസ്കാർ അവാർഡുകൾ ലഭിച്ച സിനിമയാണ്, റിച്ചാർഡ് ആറ്റൻബറോ (Richard Attenborough) സംവിധാനം ചെയ്ത 'ഗാന്ധി'. 1982 ൽ പുറത്തുവന്ന ഈ സിനിമ അഭിനയം കൊണ്ടും, സംഗീതം കൊണ്ടും, ഛായാഗ്രഹണം കൊണ്ടും ഏറെ സവിശേഷതകൾ ഉള്ള ഒരു മാസ്റ്റർപീസ് ആണ്. കുറച്ചു നാളുകൾക്ക് മുമ്പ് ഞാൻ ആറ്റൻബറോ എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം വാങ്ങി വായിച്ചു, 'ഇൻ സെർച്ച് ഓഫ് ഗാന്ധി' (ഗാന്ധിയെ തേടി). തന്റെ സ്വപ്ന ചിത്രമായ 'ഗാന്ധി' സഫലമാകാൻ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്ന ദുർഘടങ്ങളുടെ, നിരാശകളുടെ, പ്രതീക്ഷകളുടെ, മോഹഭംഗങ്ങളുടെ നീണ്ട ഇരുപത് വർഷങ്ങളെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിക്കുന്നത്. ഇരുപത് വർഷങ്ങളോ??? എന്ന് ആരും അത്ഭുതത്തോടെ ചോദിച്ചുപോകും. അതെ, ആ മനുഷ്യന്റെ ഇച്‌ഛാശക്തിയെ, സഹിഷ്ണുതയെ, ആത്മവീര്യത്തെ പ്രശംസിച്ചേ മതിയാകൂ. 

നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി നിങ്ങൾ എത്ര കാലം നൽകാൻ തയ്യാറാണ്? ആഗ്രഹിച്ചതൊക്കെ ഉടൻ നടക്കണമെന്ന് വാശി പിടിക്കുന്ന, നടന്നില്ലെങ്കിൽ അക്രമാസക്തമാവുകയും, നിരാശരാവുകയും ചെയ്യുന്ന മനസ്സുകളെയാണ് നമ്മൾ കൂടുതലും കണ്ടു വരുന്നത്. ഒരു തരം ഇൻസ്റ്റന്റ് കോഫി ആറ്റിട്യൂഡ്. വർധിച്ചുവരുന്ന പല ക്രൂര കൃത്യങ്ങളും ഇതിനുദാഹരണമാണ്. എല്ലാം ഉടൻ നേടാനുള്ള വ്യഗ്രത. അതിനുവേണ്ടി എന്ത് കുറുക്കു വഴികളും അന്വേഷിക്കാൻ മടിയില്ലാത്ത മനോഭാവം. 

കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ എന്തും നേടാൻ കഴിയൂ എന്ന സത്യത്തെ മനസ്സിലാക്കുമ്പോൾ നമ്മളിൽ ഇച്ഛാശക്തിയും, മനോബലവും ഉണ്ടാകുന്നു. കാരുണ്യത്തോടെ, വിശാലമായ മനസ്സോടെ കാത്തിരിക്കാൻ മനസ്സ് പാകപ്പെടുന്നു. ഒരു കടുവ ഒരിക്കലും ഒരു സിംഹമാകാനോ, കാക്ക കൊക്കാകാനോ (അങ്ങനെയൊരു ചൊല്ലുണ്ടെങ്കിലും) ശ്രമിക്കാറില്ല, ശ്രമിക്കേണ്ടതുമില്ല. നമ്മളുടെ ജീവിതത്തിനു അർത്ഥം നൽകാൻ നമുക്ക് കഴിയുക എന്നത് തന്നെയാണ് ജീവിത ലക്ഷ്യവും. സ്വന്തം സർഗാത്മകതയെയും, സ്വപ്നങ്ങളെയും തിരിച്ചറിയാനും അവയെ സംസ്കരിച്ചെടുക്കാനും, സാക്ഷാത്കരിക്കാനുമുള്ള ശ്രമങ്ങൾ തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. അതേ സമയം, ഒന്നും നടന്നില്ലെങ്കിലും അതിനെയൊക്കെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാനും തയ്യാറാകുമ്പോൾ നമ്മൾ 'എന്തെങ്കിലും ആകൂ, എന്തെങ്കിലും നേടൂ' എന്ന നെട്ടോട്ടത്തിൽ നിന്നും സ്വതന്ത്രരാകുന്നു. ജീവിതത്തെ, അത് നൽകുന്ന ദുഖങ്ങളോടെ, നിരാശകളോടെ, പരാജയങ്ങളോടെ സ്വീകരിക്കാൻ തയ്യാറാകുക എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം. 

                            -by സന്തോഷ് കാനാ / Santhosh Kana 

പുസ്തകത്തെക്കുറിച്ചുള്ള എന്റെ യൂട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

https://www.youtube.com/watch?v=hIVl5NNoX8s

കന്മദം സിനിമയുടെ ലൊക്കേഷനിലേക്ക് ഒരു യാത്ര (Kanmadam Movie location)


ആ കുന്നിൻ ചരിവിൽ എത്തിയപ്പോൾ എനിക്കാ സ്ഥലം അപരിചിതമായി തോന്നിയില്ല. വിശ്വനാഥനും, ഭാനുമതിയും, സഹോദരിമാരും, സ്വാമി വേലായുധയും, മുത്തശ്ശനും, മുത്തശ്ശിയും, ജോണിയുമൊക്കെ ജീവനോടെ ചുറ്റുമുണ്ടെന്ന് ആവർത്തിച്ച് തോന്നിപ്പിക്കുന്ന എഴുത്തിന്റെ മാസ്മരിക ശക്തി ലോഹിതദാസിന് സ്വന്തം. 1998-ൽ കന്മദം എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് ഈ ഭൂപ്രദേശവും, മനുഷ്യരും. രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. കന്മദത്തിന്റെ കഥാകാരൻ പഞ്ചഭൂതങ്ങളിൽ ലയിച്ചു. ഇന്നീ ജനുവരിയിൽ, മഞ്ഞുള്ള പ്രഭാതത്തിൽ ഈ പാറക്കെട്ടുകളുടെ താഴ്വരയിൽ എത്തിച്ചേരാനുള്ള നിയോഗം ഈ സ്ഥലത്തേക്കുള്ള ഒരു പ്രേക്ഷകന്റെ ആദ്യ യാത്രയാണെന്നത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. 

മെല്ലെ താഴ്വരയിൽ വെയിൽ പരക്കുന്നു, ശക്തമായ പാലക്കാടൻ കാറ്റ് വീശുന്നു. കൊല്ലക്കുടിയുടെ മുന്നിൽ നിന്ന് ഭാനുമതി ആരോടോ കയർക്കുന്നുണ്ട്. ദൂരെ വയലിനപ്പുറം മറ്റൊരു കുന്നിൽ സ്വാമി വേലായുധയുടെ വീട്ടിൽ വിശ്വനാഥൻ വേലായുധയോട് കുശലം പറയുന്നു. 

അൽപനേരം ആ ചിന്തകളിൽ വ്യാപൃതനായി നിൽക്കുമ്പോഴേക്കും പിന്നിൽ നിന്നും ആരോ വിളിച്ചു. ആ താഴ്വാരത്തിൽ കാണാവുന്ന വീട്ടിലെ ചേട്ടനാണ്, പേര് സച്ചിദാനന്ദൻ. ശൂന്യമായ ആ കുന്നിൻ പുറത്ത് ആലോചനയിൽ മുഴുകി നിന്ന എന്നോട് അദ്ദേഹം ചോദിച്ചു, "കന്മദത്തിലെ വീടാണോ അന്വേഷിക്കുന്നത്? അതിന്നില്ല. എന്റെ വീടായിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു. ഇപ്പോഴതാ, ആ കാണുന്ന വീട്ടിലാണ് താമസം". ഞങ്ങൾ ആ കുന്നിൻ പുറത്തിരുന്നു. മുമ്പ് വയൽ വരെ സമമായി കിടന്ന താഴ്വാരമായിരുന്നു. ഇപ്പോഴവിടെ വലിയൊരു പാറമടയാണ്. ചുറ്റും തെങ്ങും, കവുങ്ങും ഇടതിങ്ങി നിൽക്കുന്നു. ഇന്ന് ഭാനുമതിയുടെ കൊല്ലക്കുടിയിൽ നിന്ന് നോക്കിയാൽ വിശ്വനാഥന്റെ വീട് കാണില്ല. ആ വീടും ഇന്നില്ല. 
"ഈ മൂന്നു കുന്നുകളിലാണ് കന്മദത്തിലെ മുഖ്യമായ എല്ലാ രംഗങ്ങളും ചിത്രീകരിച്ചത്." എതിർ വശത്തുള്ള മറ്റൊരു പാറമേലേക്ക് ചൂണ്ടി സച്ചിദാനന്ദൻ ചേട്ടൻ ഓർമ്മകൾ പങ്കുവെച്ചു. "ഷൂട്ടിങ് സമയത്ത് ലാലേട്ടനും, മഞ്ജുവാര്യരും, മറ്റു നടീ നടന്മാരും, ആ ചിത്രത്തിന്റെ ഭാഗമായ എല്ലാവരും ഞങ്ങളെ ഏറെ സ്നേഹത്തോടെ, കരുതലോടെ കൂടെ നിർത്തി. ഞാനന്ന് കണ്ണൂരിൽ ജോലി ചെയ്യുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇവിടെ വരും. ഇന്നും ആ സിനിമ കാണുമ്പോൾ ഒരു കൂട്ടു കുടുംബത്തോടൊപ്പം അമ്പത് ദിവസം ചെലവഴിച്ച ഹൃദ്യമായ ഓർമ്മകൾ ഉണരും". 

അൽപനേരം കുശലം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. ഞാൻ എതിർവശത്തുള്ള കുന്നിൻ മേലേക്ക് പോയി. ഇവിടെയാണ് ആ സിനിമയിലെ ആദ്യ ക്ലൈമാക്സ് എന്ന് വേണമെങ്കിൽ പറയാം. ഒരു സന്ധ്യാ നേരത്ത് ഭാനുമതി ഇവിടെ വച്ച് വിശ്വനാഥനോട് തന്റെ ചേട്ടനെക്കുറിച്ച് ചോദിക്കുന്നു. അതുവരെ, വിശ്വനാഥനോടൊപ്പം പ്രേക്ഷകരും മനസ്സിൽ അടക്കിപ്പിടിച്ച ആ തിക്തമായ സത്യം വിശ്വനാഥൻ വെളിപ്പെടുത്തുന്നു, "ദാമു ഒരാക്സിഡന്റിൽ പെട്ട് മരിച്ചുപോയി". ഓരോ സായാഹ്‌നത്തിലും ആ താഴ്വരയിൽ വെന്തുരുകി കനലാകുന്ന സൂര്യനെ നോക്കി നെടുവീർപ്പിട്ട്  ദാമുവിന് വേണ്ടി കാത്തിരിക്കുന്ന മുത്തശ്ശിയെപ്പോലെ എല്ലാ പ്രാരാബ്ധങ്ങൾക്കും ഒരു പരിഹാരമുണ്ടാകുമെന്ന ഭാനുമതിയുടെയും, കുടുംബത്തിന്റെയും പ്രതീക്ഷകൾ തകർന്ന് വീഴുന്ന നിമിഷം. മഞ്ജു വാര്യരുടെ മുഖത്ത് അതെല്ലാമുണ്ട്. ഭാവ തീവ്ര്യമായ ആ രംഗം ചിത്രീകരിച്ച ഈ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ കൊല്ലക്കുടി നിന്ന കുന്ന് കാണാം. 

പിന്നീട് ഞാൻ പോയത് സ്വാമി വേലായുധയും, വിശ്വനാഥനും ജോണിയും താമസിച്ച വീട്ടിലേക്കാണ്. പക്ഷെ, ആ വീടിന്റെ തറ മാത്രമേയുള്ളൂ ഇന്ന്. അരികിൽ ഒരു ചെറു തോടുണ്ട്. അതിന് കുറുകെ ഒരു പാലം പോലെ വളഞ്ഞു നീണ്ടു നിൽക്കുന്ന ഒരു തെങ്ങും. സ്വന്തം അമ്മയെ കാണാനും, അറ്റുപോയ എല്ലാ ബന്ധങ്ങളെയും വിളക്കി ചേർക്കാനുമായി വിശ്വനാഥൻ പോകുന്നതിന് മുമ്പ് ഭാനുമതിയെ കാണുന്നത് ഈ തെങ്ങിനടുത്താണ്. കന്മദം എന്ന സിനിമയുടെ മറ്റൊരു സവിശേഷത അതിലെ മനം മയക്കുന്ന ഗാനങ്ങളും, അവയുടെ ചിത്രീകരണങ്ങളുമാണ്. 'മൂവന്തി താഴ്വരയിൽ..' എന്ന ഗാന രംഗത്ത് ഈ തെങ്ങിനടുത്ത് നിൽക്കുന്ന മഞ്ജുവിന്റെയും, ലാലേട്ടന്റെയും ദൃശ്യം ഓർത്തെടുക്കാൻ ഏതൊരു മലയാളിക്കും എളുപ്പം സാധിക്കും.

ഈ താഴ്വരയിൽ ഇന്നും മനുഷ്യ ബന്ധങ്ങളുടെ അനേകം സങ്കീർണ സമവാക്യങ്ങളെ ഉരുക്കിയെടുത്ത ഒരെഴുത്തുകാരന്റെ മനസിന്റെ അദൃശ്യമായ പണിപ്പുരയുണ്ടെന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. അതായിരിക്കാം കഥയുടെ ഭൂപ്രദേശങ്ങളിലേക്ക് ഒരു പ്രേക്ഷകനെ നയിക്കുന്നത്.

ആ താഴ്വാരത്തിൽ നിന്ന് ഞാൻ പിന്നെ പോയത് കരിങ്കൽ ക്വാറിയിലേക്കാണ്. ഇവിടെ നിന്ന് ഏറെ ദൂരമുണ്ട് കുമാരനെ അടിച്ചു പഞ്ചറാക്കിയ ശേഷം വിശ്വനാഥൻ താക്കീത് കൊടുത്ത് വിട്ട ആ കരിങ്കൽ ക്വാറി. ഇവിടെ പാറപൊട്ടിക്കൽ നിർത്തിയിട്ട് ഏറെ വർഷങ്ങളായി. പാറമടയിലൊക്കെ ധാരാളം വെള്ളമുണ്ട്. ആ പ്രദേശത്തിരുന്നാൽ ആദ്യം മനസ്സിൽ വരുന്നത് ജോണിയും, വിശ്വനാഥനുമാണ്. മോഹൻലാലും, ലാലും മത്സരിച്ചഭിനയിച്ച കഥാപാത്രങ്ങൾ. സ്നേഹരഹിതമായ ബാല്യത്തിന്റെ ഇരയാണ് ജോണി. അതുകൊണ്ടു തന്നെ കിട്ടുന്ന സ്നേഹത്തോട് വല്ലാത്ത പിടിവാശിയും. ജോണിയും, വിശ്വനാഥനും ചേരുമ്പോൾ ഒരു മനസ്സിൻന്റെ ചിത്രം പൂർണമാകുന്നു. ജോണിയില്ലാതെ വിശ്വനാഥനില്ല, വിശ്വനാഥനില്ലാതെ ജോണിയും.



കടുത്ത വേനലിലാണത്രെ കന്മദം ചിത്രീകരിച്ചത്. "കന്മദം ഉരുകുന്നത്ര ചൂടുള്ള സമയം" എന്നാണ് സച്ചിദാനന്ദൻ ചേട്ടൻ പറഞ്ഞത്. എത്ര അർത്ഥവത്തായ പേരാണ് ആ സിനിമയ്ക്ക് എന്ന് ചിന്തിച്ചപ്പോൾ എന്തോ ഒരു കുളിർമ. പ്രത്യക്ഷത്തിൽ പാറപോലെ പരുക്കരായ കുറച്ചു മനുഷ്യരുടെ  ഉള്ളിൽ സൂക്ഷിച്ചു വെച്ച സ്നേഹത്തിന്റെ കന്മദം വിശ്വനാഥന്റെ വരവോടെ കണ്ടെത്തപ്പെടുന്ന ജീവിതഗന്ധിയായ കഥയാണ് കന്മദം. ലോഹിതദാസിന്റെ കഥകളും, കഥാപാത്രങ്ങളും ഇന്നും ജീവിക്കുന്നത് പച്ചയായ സ്വഭാവ രീതികൾ  കൊണ്ടും, ജീവിതത്തിൽ വേരൂന്നി നില്കുന്നതുകൊണ്ടുമാണ്. 

കന്മദം ലൊക്കേഷന് എന്തോ ഒരു അവാച്യമായ സൗന്ദര്യമുണ്ട്. വീട്ടിലെത്തി  ആ ചിത്രം ഒരു തവണ കൂടി കണ്ടു.  സ്നേഹത്തിന്റെ ആർദ്രത യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ലോകത്ത് വറ്റാത്തൊരു ജലാശയം പോലെ, കണ്ണിനും മനസ്സിനും കുളിർമയേകുന്ന  മരുപ്പച്ച പോലെ ആ ജീവിതനാടകം വീണ്ടും അരങ്ങേറി. ഇതെല്ലാം കണ്ട് ധ്യാനനിരതനായ ഒരു യോഗിയെപ്പോലെ പുഞ്ചിരി തൂകി ആ പാലക്കാടൻ കുന്നുകളിലൊന്നിൽ ലോഹിതദാസ് ഇരുന്നു. 
   -- സന്തോഷ് കാനാ 
(ലൊക്കേഷൻ വീഡിയോ കാണാൻ 'സന്തോഷ് കാനാ' എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുക)

Saturday, February 11, 2023

ഭാലോ ബാംഗ്ലാ - ബംഗാൾ യാത്രകൾ, അനുഭവങ്ങൾ (Bhaalo Bangla-Bengal Memories)


രബീന്ദ്രനാഥ് ടാഗോറിന്റെ 'ഗീതാഞ്ജലി' ആദ്യമായി വായിക്കുന്നത്   1993 ലോ 1994 ലോ ആണ്. പയ്യന്നൂർ കോളേജിൽ (Payyanur College) പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ തീരുമാനമെടുത്ത സമയം. ആദ്യ വായനയിൽത്തന്നെ ആ പുസ്തകവുമായി പ്രണയത്തിലായി.  എനിയ്ക്കന്ന് പ്രഭാത കൃത്യങ്ങൾക്ക് ശേഷം വിളക്കു വെച്ച് ഭഗവദ് ഗീതയിലെയും, ഉപനിഷദിലെയുമൊക്കെ ഒരു ശ്ലോകം വീതം വായിക്കുന്ന ദിനചര്യ ഉണ്ടായിരുന്നു. അക്കൂട്ടത്തിലേക്ക് ഞാൻ 'ഗീതാഞ്ജലി'-യെയും ചേർത്തു. മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞപ്പോൾ 'ഗീതാഞ്ജലി' ഹൃദിസ്ഥമായി. അതിലെ ഓരോ ഗീതകവും ഓരോ വായനയിലും പുതിയ ഉൾക്കാഴ്ചകളുടെ കാണാപ്പടവുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശ്രീ ജയകുമാർ ചെയ്ത ഗീതാഞ്ജലിയുടെ മലയാള വിവർത്തനം കാവ്യാത്മകമായ ഗദ്യത്തിന്റെ ആത്മീയ തലങ്ങളിൽ നിന്ന് അത്യുൽകൃഷ്ടമായ ആനന്ദം പകരുന്നു. 

"എന്റെ ദൈവമേ, ഒറ്റ പ്രണാമത്തിൽ എന്റെ ഇന്ദ്രിയങ്ങളാകെ ചിറകു വിരിച്ച് അങ്ങയുടെ ചരണങ്ങളിലെ ഈ ലോകത്തെ സ്പർശിക്കട്ടെ. 
പെയ്യാമഴയുടെ ഭാരത്താൽ ചാഞ്ഞ ആഷാഢ മേഘം പോലെ അങ്ങയുടെ വാതിൽക്കൽ എന്റെ ചിത്തമാകെ ഒരൊറ്റ പ്രണാമത്തിൽ കുമ്പിടട്ടെ" (ഗീതാഞ്ജലി-103) 

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ദെബോശ്രീ എന്ന ബംഗാളി പെൺകുട്ടിയാണ് രബീന്ദ്ര സംഗീതത്തിന്റെ വിശാല ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോയത്. ഒരു വെക്കേഷനിൽ നാട്ടിൽ പോയി വന്നപ്പോൾ ഇന്ദ്രനീൽ സെൻ-ഉം, ലോപമുദ്ര മിത്രയും ആലപിച്ച രബീന്ദ്ര സംഗീതത്തിന്റെ കാസറ്റുകൾ എനിക്ക് സ്‌നേഹോപഹാരമായി അവൾ നൽകി. അതൊരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. രാമാനുജൻ ഹോസ്റ്റലിലെ അറുപതാം നമ്പർ മുറി വംഗ സംഗീതത്തിന്റെ മാസ്മരിക ഭാവം നിറച്ചതാസ്വദിക്കാൻ പലരും അതിഥികളായെത്തി. പ്ലാവിൻ തോട്ടത്തിലേക്ക് തുറക്കുന്ന മുറിയുടെ ജനാലയിലൂടെ ദൂരെ ബംഗാളിലെ ചുവന്ന ഗ്രാമ പാതകളും, കുളങ്ങളും ചാരുതയാർന്ന ഭാവനയുടെ മിഴിവുറ്റ ദൃശ്യങ്ങളായി തെളിഞ്ഞു വന്നു. 
"ഗ്രാം ചരാ ഒയി രാംഗാർ മാഠിർ പൊഥ്.."  (രബീന്ദ്ര സംഗീതം)

യൂണിവേഴ്‌സിറ്റിയിലെ 'ശങ്കര സ്വാമികൾ പെർഫോമിംഗ് ആർട്സ്' (SOPA) എന്ന നാടക വിഭാഗത്തിൽ ഒരു കൂട്ടം മലയാളികൾ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കാനെത്തിയത് എനിക്ക് നാടകത്തിന്റെ നൂതനാനുഭവങ്ങളിലേക്കുള്ള വാതായനങ്ങൾ തുറന്നു തന്നു. ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ' എന്ന നോവലിന് ദൃശ്യഭാഷ്യം നൽകപ്പെട്ടപ്പോൾ അതിൽ ബുദ്ധനായി അഭിനയിക്കാനുള്ള അസുലഭാവസരം ലഭിച്ചത് ഒരു നിയോഗമായി മാത്രമേ കാണാൻ കഴിയൂ. എന്നെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച പുസ്തകങ്ങളിൽ തീർച്ചയായും ഈ നോവൽ എന്നുമുണ്ട്. നാടകം അവതരിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ ആത്മാവും, ജീവവായുവും, ഊർജവുമായി ഓരോരുത്തരെയും സ്വാധീനിച്ചത് അതിൽ ഉപയോഗിച്ച 'ഷൊനാ ബൊന്ധുരെ...അമി തുമാർ നാം ലൊയിയാ കാന്തി' (പ്രിയ സ്നേഹിതാ, ഞാൻ നിന്നെ വിളിച്ച് കരയുന്നു) എന്ന ഭാട്ടിയാലി ഗാനമായിരുന്നു. ആ പാട്ടിന്റെ താളത്തിന്, ശബ്ദത്തിന് 'സിദ്ധാർത്ഥ' യിലെ അവിഭാജ്യ സാന്നിധ്യമായ നദിയെയും, അതിന്റെ രൂപ ഭാവഭേദങ്ങളെയും അതി ശക്തമായി സംവേദിപ്പിക്കാൻ കഴിഞ്ഞു. നാടകം കണ്ടവരും, കേട്ടവരും  ദൂരെ മറ്റൊരു ദേശത്ത് പത്മാ നദിയിലൂടെ ഒരു തോണിയിൽ നിശബ്ദരായി മന്ദം മന്ദം ഇഴഞ്ഞു നീങ്ങി. ബംഗാളിനോടുള്ള എന്റെ അഭിനിവേശം ഇരട്ടിച്ചുവന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം ബംഗാൾ എന്നെ വിളിച്ചു. കൽക്കത്തയിൽ നിന്ന് 200 കി.മീ. അപ്പുറത്ത് ജാർഖണ്ഡിന്റെ അതിർത്തിയിൽ കൽക്കരി ഖനികളുടെ മണ്ണിലേക്ക്, റാണിഗംജ് (Raniganj). 
"ഈ കൊച്ചു പുല്ലാംകുഴലിനെ അങ്ങ് കുന്നുകൾക്കും താഴ്വരകൾക്കും മേൽ സംവഹിച്ച്, ഇതിലൂടെ നിത്യനവങ്ങളായ രാഗങ്ങൾ ഊതിയുണർത്തുന്നു.
ആ കരങ്ങളുടെ അനശ്വര സ്പർശത്തിൽ എന്റെ ഈ കൊച്ചു ഹൃദയം അതിരറ്റ ആനന്ദത്തിൽ അവാച്യസ്വരങ്ങളുതിർക്കുന്നു" (ഗീതാഞ്ജലി-1)
 
ചുട്ടുപൊള്ളുന്ന ഒരുച്ചനേരത്താണ് ഇന്ത്യയിലെ കൽക്കരി ഖനനത്തിന്റെ ജന്മഭൂമിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലിക്ക് ചേരാൻ അമ്മാവനോടൊപ്പം എത്തിയത്. ദാമോദർ നദിക്കരയിലെ ഒരു ചെറു ഗ്രാമത്തിലായിരുന്നു ആ സ്കൂൾ. ആകെ നാലോ അഞ്ചോ കടകൾ മാത്രമുള്ള ഒരു ചെറിയ കവലയാണ് പശ്ചിമ ബർധമാൻ ജില്ലയിലെ ഈ ഉൾഗ്രാമത്തിലാകെ ഉണ്ടായിരുന്നത്. മൊണ്ഡൽ കുടുംബത്തിന്റെ മിഠായി കടയും, റൂജ് കുടുംബത്തിന്റെ ചായക്കടയും, ബൈദ്യനാഥ് മൊണ്ഡലിന്റെ പലചരക്ക് കടയും, ടെലിഫോൺ ബൂത്തും, സിറോക്സ്, സ്റ്റേഷനറി എന്നിവ ചേർന്ന ജിതേന്ദ്ര കുണ്ടുവിന്റെ കടയും തുടങ്ങി വളരെ ചെറിയ ഒരു ഗ്രാമം. ഗ്രാമത്തിന്റെ ഉൾഭാഗങ്ങിലേക്ക് പോയാൽ സത്യജിത് റേയുടെ സിനിമകളിൽ കണ്ട മുളങ്കൂട്ടങ്ങൾ, വീടിനോട് ചേർന്ന ചെറു കുളം എന്നിവ കാണാം. റാണിഗംജിൽ നിന്നും ഈ ഗ്രാമത്തിലേക്ക് വരുന്ന വഴി ഏഷ്യയിലെ തന്നെ ഏറ്റവും വലുതും, പഴയതുമായ സഡക്-എ-ആസം എന്നറിയപ്പെട്ടിരുന്ന ഗ്രാൻഡ് ട്രങ്ക് റോഡ് കടന്നിട്ടുവേണം വരാൻ. 

ആ ഗ്രാമത്തിലെ എന്റെ വൈകുന്നേരങ്ങൾ ബംഗാളി പാട്ടുകളുടെയും, സാഹിത്യ ചർച്ചകളുടെയും നിത്യ സാന്നിധ്യം കൊണ്ട് സജീവമായി. ഈസ്റ്റേൺ കോൾ ഫീൽഡ്‌സ്-ൽ ജോലി ചെയ്തിരുന്ന രണ്ടു ജീവനക്കാർ, ഹരഥൻ ബാനർജിയും, അമിതാഭ് ബാനർജിയും എന്റെ ക്വാർട്ടേഴ്‌സ്-ൽ വന്ന് ബാംഗ്‌ള സ്നേഹത്തെ അതിശയത്തോടെ പ്രകീർത്തിച്ചു. ഞങ്ങളുടെ സായാഹ്‌ന നടത്തങ്ങളിൽ അവർ ബംഗാളിന്റെ ചരിത്രവും, സാഹിത്യവും, സിനിമയുമൊക്കെ എന്നോട് സ്നേഹത്തോടെ പങ്കുവെച്ചു. പിന്നെ, സന്ധ്യയ്ക്ക് ടെലിഫോൺ ബൂത്തിലെ ജിതേന്ദ്ര കുണ്ടുവിനോട് അൽപ നേരം സംസാരം. ടാഗോറിനെക്കുറിച്ചും (അദ്ദേഹം, പൊതുവെ ബംഗാളികൾ എല്ലാം, ടാഗോർ എന്നല്ല, ഠാക്കുർ എന്നാണ് ഉച്ചരിക്കുക. രബീന്ദ്ര ഠാക്കൂർ. 'ടാഗോർ' ഇംഗ്ലീഷ് ഉച്ചാരണത്തിലൂടെ വന്നതാണ്), ഹിന്ദി സിനിമകളെക്കുറിച്ചുമൊക്കെ ധാരാളം സംസാരിക്കാൻ ഇഷ്ടമുള്ള കുണ്ടുദാ നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഒരിക്കൽ സ്വന്തം വീട്ടിൽ സ്നേഹത്തോടെ അത്താഴത്തിന് എന്നെ ക്ഷണിച്ച് ഞാൻ കഴിച്ച് ക്ഷീണിക്കുന്നതുവരെ വിവിധതരം മിഠായികളും മറ്റുമായി എന്നെ സൽക്കരിച്ചു. എന്നെ 'മാസ്റ്റർ മൊഷായ്' എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. കുണ്ടുദായുടെ കടയിൽ ചെലവഴിച്ച സന്ധ്യകളും, വൈകിയ രാത്രിവേളകളും സംഗീതമയമാക്കാൻ ഇടയ്ക്കിടയ്ക്ക് വന്നെത്തിയിരുന്ന മൃണാൾ മാജി "അമായ് ഏക് ടു ജായ്‌ഗാ ദാവോ മായേർ മൊന്ദിരേ ബൊസി" (ഈ മന്ദിരത്തിൽ ഇരിക്കാൻ എനിക്ക് ചെറിയൊരിടം തരൂ, അമ്മേ) എന്ന ഭക്തിയും, കുറ്റബോധവും, കൃതജ്ഞതയുമൊക്കെ ചേർന്ന വികാരനിർഭരമായ ഗാനം പാടി കണ്ണീരൊഴുക്കിയ ഓർമ്മകൾ! ആ പാട്ട് എഴുതിയ പുളക് ബന്ദോപാധ്യായ് എന്ന പ്രശസ്തനായ ഗാന രചയിതാവ് ഹൂഗ്ലി നദിയിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്ത കഥയും അറിഞ്ഞു. കുണ്ടുദാ ഇടയ്ക്കിടെ ബംഗാളി ജാത്ര (ഫോക്ക് നാടകം)-യെക്കുറിച്ച് പറയുമ്പോൾ തന്റെ കസേരയിൽ നിന്നെഴുന്നേറ്റ് ചില നാടകരംഗങ്ങൾ അഭിനയിച്ചു കാണിക്കും. അതിലൊന്നായ 'മാ മാഠി മാനുഷ്' (ഇപ്പോൾ തൃണമൂലിന്റെ മുദ്രാവാക്യം) എന്ന ജാത്രയിലെ ഒരു ഡയലോഗ് കുണ്ടുദാ ശബ്ദ വ്യത്യാസത്തോടെ, ആവർത്തിച്ച് നാടകീയമായി അവതരിപ്പിക്കും, 

"മായേർ ദൂദ് ഖാബെൻ, മാഠി ഥെക്കെ ഫസൽ തുൽബെൻ, മാനുഷ് മോദ്ധ്യേ വാസ് കോർബെൻ. കിന്തു മാ, മാഠി, മാനുഷേർ ഭാലോ ഭാഷാ കോർബെന. താ കോനു ഹോയ്?" (അമ്മയുടെ മുലപ്പാൽ കുടിച്ച്, മണ്ണിൽ പണി ചെയ്ത് , മനുഷ്യർക്കിടയിൽ ജീവിച്ച് ...അമ്മയെയോ, മണ്ണിനെയോ, മനുഷ്യനേയോ സ്നേഹിക്കാത്ത ആരെങ്കിലുമുണ്ടോ?)

ആ ചോദ്യത്തിന്റെ മാറ്റൊലി കൂടി ചേർത്തുള്ള അവതരണം ഞാനേറെ ആസ്വദിച്ചു. ശരീരഭാഷകൊണ്ടും, ശബ്ദം കൊണ്ടും, ഭാവം കൊണ്ടും ആ ചെറു കടയിലെ ഇടുങ്ങിയ ഇടം ഒരു ബൃഹദ് രംഗവേദിയാക്കി മാറ്റാൻ കുണ്ടുദായ്ക്ക് കഴിഞ്ഞു. അത്ഭുതസ്തബ്ധനായ പ്രേക്ഷകനായി ഞാനും.
കുണ്ടുദായുടെ കൂടെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ജാത്ര കാണാൻ പോയ രാത്രി ഇപ്പോഴും ഓർക്കുന്നു. വിക്ടർ ബാനെർജി അഭിനയിച്ച 'ബാബാ ഠാക്കുറെർ ലാഠി' എന്ന  നാടകം. നിലാവുള്ള ആ അർദ്ധരാത്രിയിൽ  വിശാലമായ നെൽപാടങ്ങൾക്കിടയിലൂടെ തിരികെയുള്ള യാത്രയിൽ കുണ്ടുദായുടെ സൈക്കിളിന്റെ പുറകിലുരുന്ന് ഞാൻ ഭൂപെൻ ഹസാരികയുടെ 'ഓ ഗംഗാ ബോയ്‌ച്ചോ കെനോ..' (ഗംഗാ, നീയെന്തിനാണ് ഒഴുകുന്നത്?) എന്ന പാട്ട് അതിന്റെ മുഴുവൻ വേദനയും, ദുഖവും ആവാഹിച്ച് അദ്ദേഹം പാടിയത് കേട്ട് വികാരഭരിതനായി. ഒരു നിമിഷം ബഹാദൂർപൂറിലെ ആ നെൽപാടങ്ങൾ അനന്ത വിസ്തൃതമായ ഗംഗയായി പരിണമിച്ചു.

ഭൂപെൻ ഹസാരിക പാടിയ 'അമി ഏക് ജാജബോർ', 'സബാർ ഹൃദയേ റൊബീന്ദ്രനാഥ്, ചേതന തേ നസ്‌റുൽ' എന്ന ഗാനങ്ങളും, രബീന്ദ്ര സംഗീതത്തിൽ ഹേമന്ത് മുഖോപാധ്യായ്, കണികാ ബന്ദോപാധ്യായ്,ദേബബ്രൊതോ ബിശ്വാസ്,ശ്രീകാന്തോ എന്നീ പാട്ടുകാരും, നസ്‌റുൽ ഗീതയിൽ മാനബേന്ദ്ര മുഖോപാധ്യായ്, ഭാട്ടിയാലിയിൽ ഹേമംഗോ ബിശ്വാസ്, അബ്ബാസുദ്ദിൻ അഹമ്മദ്, സോഗതോ, ലോക് ഗീതിയിൽ അമർ പാൽ, കാലിക പ്രസാദ് ഭട്ടാചാര്യ, ബാവുൾ സംഗീതത്തിൽ പൂർണോ ദാസ് ബാവുൾ, കാർത്തിക് ദാസ് ബാവുൾ, പാർവതി ബാവുൾ  തുടങ്ങി ഒരു വലിയ ശേഖരം തന്നെ എന്റെ കയ്യിലുണ്ടായിരുന്നു. 'തൊബു മൊനെ രാഖോ' എന്ന പാട്ട് ടാഗോറിന്റെ തന്നെ ശബ്ദത്തിൽ കേട്ടത് ഏറെ അത്ഭുതപ്പെടുത്തി. നീണ്ട താടിയും, മുടിയുമായി യോഗിതുല്യമായ ആ ഗാംഭീര്യത്തിന് പ്രത്യക്ഷത്തിൽ ചേരുന്ന ശബ്ദമല്ല, അദ്ദേഹത്തിന്റെ ലോലവും, സ്ത്രൈണവുമായ ശബ്ദം.  നസ്‌റുൽ ഗീതിയ്ക്ക് ഹിന്ദുസ്ഥാനി ഗസലുകളുടെ സ്വഭാവമാണ്. മാനബേന്ദ്ര മുഖോപാധ്യായ് പാടിയ 'കേനോ കാദെ പൊറാൺ കീ ബേദൊനാ' ഒരു ഗുലാം അലി ഗസൽ കേൾക്കുന്ന സുഖം നൽകും. അസൻസോളിനടുത്താണ് കാസി നസ്‌റുൽ തന്റെ ജീവിതം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമുള്ള ചുരുളിയ എന്ന സ്ഥലത്ത് ഓരോ വർഷവും സംഗീത പരിപാടികൾ നടക്കാറുണ്ട്. നസ്‌റുൽ വിപ്ലവ കവിയെന്നും, ബംഗാളിന്റെ ദേശീയ കവിയെന്നും അറിയപ്പെടുന്നു. ഭൂപെൻ ഹസാരികയുടെ പാട്ടിൽ പറയുന്ന വരികൾ ഇത് വ്യക്തമാക്കുന്നു,
"സബാർ ഹൃദോയെ റൊബിന്ദ്രനാഥ്, ചേതന തെ നസ്‌റുൽ" അതായത്
"രബീന്ദ്രനാഥ് എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നു, നസ്‌റുൽ ചേതനയിലും.
ഒരു കയ്യിൽ അഗ്നിവീണയും (നസ്‌റുൽ), മറ്റേ കയ്യിൽ ഗീതാഞ്ജലിയും (ടാഗോർ) ഏന്തി ഞങ്ങൾ ജീവിത പാതയിലെ വിഘ്നങ്ങളെ നേരിടുന്നു".
 

മിക്കവാറും എല്ലാ മാസങ്ങളിലും ഒന്നോ രണ്ടോ തവണ കൊൽക്കത്തയ്ക്ക് ഞാൻ പോകാറുണ്ടായിരുന്നു. റാണിഗംജിൽ നിന്ന് ട്രെയിനിലോ, ബസിലോ ആയിരുന്നു മിക്ക യാത്രകളും.  ഡൽഹി-കൊൽക്കത്ത റൂട്ടിലാണ് റാണിഗഞ്ജ്, അതുകൊണ്ടുതന്നെ ട്രെയിനിൽ പൊതുവെ നല്ല തിരക്കായിരിക്കും. ഏറ്റവും പരിചിതമായ കാഴ്ച ഇതിലെ ഡെയിലി യാത്രക്കാരുടെ പെരുമാറ്റമാണ്. സ്ലീപ്പർ കോച്ച് മുതൽ തങ്ങൾക്ക് തോന്നിയ ഇടത്ത് കയറി ഇരുന്ന് 'ഞങ്ങൾ ഡെയിലി പാസ്സഞ്ചേഴ്‌സ്' ആണെന്ന് പറഞ്ഞു അനങ്ങാപ്പാറ പോലെയിരിക്കും. സീറ്റ് ബുക്ക് ചെയ്തവരിൽ ചിലർ ഇതിനെതിരെ പ്രതികരിക്കും, പിന്നെ ഒരു ടിപ്പിക്കൽ ബംഗാളി രീതിയിലുള്ള വഴക്ക് കാണാം. വടക്കേ ഇന്ത്യയിൽ കാണുന്ന പച്ചത്തെറികളോ, കയ്യേറ്റമോ കാണില്ല ഇവിടെ. ചിലപ്പോൾ വഴക്ക് യാത്ര മുഴുവൻ നീളും. ആ നിത്യജീവിതബഹളങ്ങളുടെ ആൾക്കൂട്ടത്തിലേക്ക്  നിരർത്ഥകമായ അന്വേഷണങ്ങളെയും, ബന്ധങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് പെട്ടെന്നൊരു ബാവുൾ പ്രത്യക്ഷപ്പെടും. ഏക് താരയിലൂടെ ഏക സത്യത്തിന്റെ ദിവ്യസന്ദേശ ഗാനമാലപിച്ചുകൊണ്ട്: 

"ഏക് ദിൻ മാട്ടിർ ഭിതോരെ ഹൊബേ ഘൊർ ...." (ഒരിക്കൽ ഈ മണ്ണിനടിയിലായിരിക്കും നിന്റെ വീട്)  

ബംഗാളിലെ ലോക്കൽ ട്രെയിനുകളിലെ യാത്ര അനുഭവിച്ചറിയേണ്ടത് തന്നെയാണ്. ഒരു സാധാരണക്കാരന്റെ സൂപ്പർമാർക്കെറ്റ് പോലെയാണത്. ഉടുപ്പുകളും, കളിപ്പാട്ടങ്ങളും, സോപ്പും, ചീപ്പും, കണ്ണാടിയും തുടങ്ങി നിരവധി സാധന സാമഗ്രികളുമായി വില്പന നടത്തുന്ന ധാരാളം പേർ. ചനാചൂർ, കടുകെണ്ണ, പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത മുരിയുടെ സ്വാദറിയാത്ത ബംഗാൾ ജീവിതം അപൂർണമെന്ന് നിസ്സംശയം പറയാം. ബംഗാളിന്റെ മധുര മുഖമുദ്രയായ റൊസോഗുലയും, ഷൊന്ദേശും, രസ്മലായിയുമൊക്കെയായി പരിണമിക്കാൻ 'ഛെന' ഈ ലോക്കൽ ട്രെയിനുകളിലാണ് വിവിധ ഗ്രാമങ്ങളിൽ നിന്നും കൊല്കത്തയിലേക്കെത്തുന്നത്.  

വയനാട് ജില്ലയിൽ വയനാട് എന്നൊരു സ്ഥലമില്ല എന്ന പോലെ കൊൽക്കത്തയിൽ കൊൽക്കത്ത എന്ന റെയിൽവേ സ്റ്റേഷൻ ഇല്ല, ഉള്ളത് ഹൂഗ്ലി നദിക്കിപ്പുറം ഹൗറ സ്റ്റേഷനും, നദിക്കപ്പുറത്ത് മുഖ്യമായും വടക്കൻ ബംഗാളിലേക്കും, ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ട്രെയിൻ സർവീസ് ഉള്ള സിയാൽദാ സ്റ്റേഷനും. രണ്ടിടത്ത് പോയാലും നമ്മുടെ നാട്ടിലെ ഒരു പെരുങ്കളിയാട്ടത്തിനുള്ള ആൾത്തിരക്ക് അനുഭവിച്ചറിയാം.  അതൊക്കെയാകട്ടെ, പക്ഷെ, നിങ്ങൾക്കൊരിക്കലും ബംഗാളിനെ വെറുക്കാൻ കഴിയില്ല. പ്രത്യക്ഷമായ കോലാഹലത്തിന്റെ അടിയൊഴുക്കായി സന്തോഷവും, സംതൃപ്തിയും, ശുഭാപ്തി വിശ്വാസവുമുള്ള ഒരു ജനതയാണ് ബംഗാളികൾ. മറ്റു നഗരങ്ങളുടെ മാത്സര്യങ്ങളില്ലാത്ത പ്രശാന്തമായ ഒരു മനസ്സുണ്ട് കൊൽക്കത്തയ്ക്ക്. ട്രാമിന്റെയും, ഹൂഗ്ലിയ്ക്ക് കുറുകെ പോകുന്ന തീവണ്ടിയുടെയും വിളംബിത താളമാണ് ആ ജനജീവിതത്തിന്. 

ഒരിക്കൽ സിയാൽദായിൽ നിന്ന് ലോക്കൽ ട്രെയിനിൽ അതിരാവിലെ ഞാൻ റാണി ഗംജിലേക്ക് വരാനായി നൈഹാട്ടി വഴി ബാൻഡേലിൽ എത്തി. ഏകദേശം രാവിലെ ഏഴുമണിയോടടുത്ത് ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് എന്ന ഹൗറ-ധൻബാദ് ട്രെയിനിൽ കയറിയാൽ ഏകദേശം ഒമ്പതരയോടടുത്ത് റാണിഗംജിൽ എത്താം. സെക്കന്റ് ഹാഫ് ജോലിക്ക് കയറുകയും ചെയ്യാം. ഞാൻ പലതവണ അങ്ങിനെ യാത്ര ചെയ്തിട്ടുള്ളതാണ്. വേഗത കൊണ്ടും, സമയ സൗകര്യം കൊണ്ടും ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് ഈ റൂട്ടിലെ ഏറ്റവും അധികം ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനാണ്. ബാൻഡേലിൽ പതിവുപോലെ ഞാൻ ബ്ലാക്ക് ഡയമണ്ടിനായി കാത്തു നിന്നു. ട്രെയിൻ അല്പം നേരത്തേ വന്നു. തിരക്ക് കുറവാണ്. ഞാൻ ഒരിടത്തിരുന്നു. നല്ല കുളിരുള്ള കാറ്റ് കൊണ്ട് ഞാൻ ഒന്ന് മയങ്ങിപ്പോയി. ഉണർന്നപ്പോൾ സ്ഥലം ബർധമാൻ ജംഗ്ഷൻ. ഇനിയും ഒരു മണിക്കൂറിനടുത്തുണ്ട്. വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. അൽപനേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ പരിചിതമായ സ്ഥലങ്ങളോ, സ്റ്റേഷനുകളോ കാണാൻ കഴിഞ്ഞില്ല! ഒരു ഞെട്ടലോടെ ഞാൻ അടുത്തിരുന്ന ആളിനോട് ചോദിച്ചു, ഇതെന്താ, പുതിയ റൂട്ട് ആണോ? അദ്ദേഹം പറഞ്ഞു, അല്ല ഇത് ബർധമാനിൽ നിന്ന് മാറി ബോൽപൂർ വഴി അസിംഗംജിലേക്ക് പോകുന്ന ഗണദേവത എക്സ്പ്രസ്സ് ആണെന്ന്. എനിക്കൊന്നും മനസിലായില്ല, ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് ബാൻഡേലിൽ എത്തുന്ന സമയത്തോടടുത്താണ് ഗണദേവതയും എത്തുന്നത്, അതുകൊണ്ട് തന്നെ ഇത്തരം അബദ്ധങ്ങൾ സംഭവിച്ച എന്റെ പിന്മുറക്കാരെക്കുറിച്ച് അദ്ദേഹം പറഞ്ഞു തന്ന് ചിരിച്ചു. മനസ്സിൽ തരുൺ മജുൻദാർ സംവിധാനം ചെയ്ത പ്രശസ്തമായ 'ഗണദേവത' എന്ന സിനിമ ഒരു നിമിഷം മിന്നിമാഞ്ഞു. സഹയാത്രികനായ 'ബൊദ്രോലോക്' പറഞ്ഞു തന്നത് പോലെ ബോൽപൂരിൽ ഇറങ്ങാൻ തീരുമാനിച്ചു. എന്തായാലും റാണിഗംജിൽ എത്തി ഇന്ന് ജോലിക്ക് പോകാൻ കഴിയില്ല, റോഡ് മാർഗം പോകാൻ രണ്ടുമണിക്കൂറിലധികം വേണം, ട്രെയ്‌നിലാണെങ്കിൽ തിരിച്ച് ബർധമാനിൽ പോയി അവിടെനിന്ന് വീണ്ടും മെയിൻ ലൈനിൽ അടുത്ത വണ്ടി പിടിക്കണം, അതിനിതിനേക്കാളും സമയം എടുക്കും. സ്നേഹത്തോടെ മൺ പാത്രത്തിൽ ഒരു ചായ കുടിച്ച് ഞങ്ങൾ പിരിഞ്ഞു. അപ്പോഴേക്കും അടുത്ത പരിപാടിക്കുള്ള പദ്ധതി തയാറായിരുന്നു എന്റെ മനസ്സിൽ. ബോൽപൂർ ബംഗാളിന്റെയും, ഇന്ത്യയുടേയും ഭൂപടത്തിൽ തലയുയർത്തി നിൽക്കുന്നത് രബീന്ദ്രനാഥ് ടാഗോറിന്റെ 'ശാന്തി നികേതൻ'-ന്റെ പേരിലാണ്. ഇന്നത്തെ ദിവസം ശാന്തി നികേതൻ കാണാം, ഈ അറിയാതെ വന്ന ഭാഗ്യം തുറന്ന മനസ്സോടെ സ്വീകരിക്കാം. ജീവിതം അങ്ങനെയാണ് പലപ്പോഴും, നമ്മുടെ അബോധ മനസ്സിന്റെ ആഴങ്ങളിൽ നമ്മൾ കരുതി വെച്ച ചില ആഗ്രഹങ്ങളെയും, ബന്ധങ്ങളെയും തികച്ചും അപ്രതീക്ഷിതമായ രീതിയിൽ കാലത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തിൽ ആകസ്മികമായി മുന്നിൽ കൊണ്ട് നിർത്തും. അപരിചിതമായ ഒരാൾക്കൂട്ടത്തിൽ പരിചിതമായ ഒരു മുഖം തെളിഞ്ഞുവരുന്നതുപോലെയാണത്. എത്രയോ വർഷങ്ങൾ ഗീതാഞ്ജലിയിലൂടെ, രബീന്ദ്ര സംഗീതാസ്വാദനത്തിലൂടെ നടത്തിയ യാത്രകൾക്ക് പുതിയൊരൂർജം പകരാനും, ലക്‌ഷ്യം നൽകാനും കിട്ടിയ ഈ അവസരം നന്ദിയോടെ ഞാനോർത്തു. 

"ബസൊന്തോ ആജ് ഉഛാഷേ ബിലാഷേ ഏലോ അമാർ  ബാതായോനെ..." 
"ഇന്നിതാ വസന്തം എന്റെ ജനാലയ്ക്കരികിൽ നിശ്വാസങ്ങളും, മർമരങ്ങളുമായി വന്നണഞ്ഞു. പൂമ്പാറ്റകളിതാ പുഷ്പിതവനികയിൽ അവരുടെ സംഘഗാനം മുഴക്കുന്നു. 
അങ്ങയോട് മുഖാമുഖമിരുന്ന് ഈ മൗനത്തിന്റെ തുളുമ്പുന്ന വിശ്രാന്തിയിൽ ജീവിത സമർപ്പണ ഗാനം ആലപിക്കേണ്ട മുഹൂർത്തമാണിപ്പോൾ" (ഗീതാഞ്ജലി-5)

തപൻ ദാസിന്റെ സൈക്കിൾ റിക്ഷയിൽ വിവിധ തരം ഹാൻഡിക്രാഫ്റ്റ് കടകൾ ഇരുവശവും അലങ്കരിക്കുന്ന വീഥിയിലൂടെ യാത്ര തുടങ്ങിയതേയുള്ളൂ, ഒരത്ഭുതകരമായ കാഴ്ച കണ്ടു. മണ്ണിൽ സ്വന്തം തല പൂഴ്ത്തിവെച്ച് ചമ്രം പടഞ്ഞിരുന്ന് ധ്യാനിക്കുന്ന ഒരു യോഗിയെ. ശ്രീ രാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും ജീവ ചരിത്രങ്ങൾ വായിച്ച സമയത്ത് ബംഗാളിൽ ഗംഗയുടെ തീരത്തുള്ള അത്ഭുതസിദ്ധിയുള്ള സന്യാസിമാരെക്കുറിച്ച് വായിച്ചതോർത്തുപോയി.

മനുഷ്യന്റെ ധൈഷണികവും, വൈകാരികവും, ആത്മീയവുമായ വളർച്ച പ്രകൃതിയിൽ സമന്വയിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന ദർശനം  സാക്ഷാത്കരിക്കുന്ന ഒരു ജീവിത-വിദ്യാഭ്യാസ രീതിക്ക് തുടക്കമിട്ട ടാഗോറിന്റെ ലോക സങ്കല്പത്തിലേക്ക്, ശാന്തിനികേതനിലേക്ക്. ധാരാളം വൃക്ഷങ്ങൾ കൊണ്ട് സമ്പന്നമായ ആ തപോവനത്തിൽ മരച്ചുവട്ടിൽ അധ്യാപനം നടക്കുന്നു, വാകപ്പൂക്കൾ പരവതാനി വിരിച്ച വഴിയിൽ കമിതാക്കൾ കൈകോർത്ത് നടക്കുന്നു, ബുദ്ധന് ബോധോദയത്തിന് ശേഷം ഭക്ഷണം നൽകിയ സുജാതയുടെ ശിൽപം രാംകിങ്കർ ബൈജിന്റെ പ്രശസ്തമായ അനേകം ശില്പങ്ങളിലൊന്നായി നിറഞ്ഞു നിൽക്കുന്നു.....ശാന്തി നികേതൻ കലയുടെയും, സംഗീതത്തിന്റെയും, ഫിലോസോഫിയുടെയും, പ്രണയത്തിന്റെയും, പ്രകൃതിയുടെയും, സാഹിത്യത്തിന്റെയും യാഥാർത്ഥവും, പ്രതീകാത്മകവുമായ ഒരു സംഗമമാണ്, വെറുതെയല്ല ഈ സാർവദേശീയ സങ്കൽപ്പത്തിന് വിശ്വഭാരതി സർവകലാശാല എന്ന പേര് നൽകിയത്. ഓരോ വർഷവും ശാന്തി നികേതനിൽ വൃക്ഷതൈകൾ നടുന്ന വിപുലമായ ചടങ്ങുണ്ട്. ടാഗോർ ദേശ ദേശാന്തരങ്ങളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷങ്ങൾ ഇന്നും ആ കാമ്പസിൽ തലയുയർത്തി നില്കുന്നു. അദ്ദേഹം തുടങ്ങി വെച്ച 'ബ്രിക്ഷാരോപണ ഉത്‌സബ്' ഇന്നും അതിന്റെ എല്ലാ പ്രൗഢിയോടെയും പിന്തുടരുന്നു. അങ്ങിനെയൊരു ഉത്സവകാലത്ത് ടാഗോർ എഴുതിയ കവിതയാണ് 'ബ്രിക്ഷ ബന്ദന' (In Praise of Trees). സാന്താൾ വിഭാഗത്തിൽ പെട്ട ഗ്രാമീണരുമായി ചേർന്ന് കാർഷിക സംസ്കാരത്തിന്റെയും, കരകൗശല വിദ്യയുടെയും സാധ്യതകൾ ഉൾപ്പെടുത്തി 'ഹലാകർഷൺ' എന്ന ഉത്സവവും നടത്താറുണ്ട്, ശ്രീനികേതനിൽ. ശാന്തിനികേതനും, ശ്രീനികേതനും ഒത്തു ചേരുന്നതാണ് വിശ്വഭാരതി. 'സംഗീത ഭവന' യുടെ പരിസരത്തു നിന്നപ്പോൾ അത്യന്തം ഹൃദയസ്പർശിയായ ശബ്ദത്തിൽ ആ പാട്ട് ഒഴുകി വരുന്നതുപോലെ തോന്നി, 

"അമി മാരെർ ഷാഗോർ പാഡി ദെബോ ഗോ..."
(സംഘർഷങ്ങളുടെ ഈ കടൽ എന്റെ നിർഭയമായ കൊച്ചുതോണിയിൽ ഞാൻ താണ്ടും")

രബീന്ദ്ര സംഗീതത്തിലെ വാനമ്പാടിയെന്നും, ആശ്രമ കന്യാ എന്നും അറിയപ്പെട്ട കണികാ ബന്ദോപാധ്യായുടെ ശബ്ദം. ടാഗോറിൽ നിന്നും നേരിട്ട് സംഗീതം പഠിക്കാൻ ഭാഗ്യം ലഭിച്ച അവരെ സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത് 'മൊഹോർ' അഥവാ സ്വർണ നാണയം എന്നാണ്. 

"കൃഷ്ണകലി അമി താരൈ ബോലി" എന്ന ടാഗോറിന്റെ കവിത ബംഗാളിയിൽ എഴുതിയ ഒരു കുർത്ത വാങ്ങി, നാടൻ ബംഗാളി ഭക്ഷണം കൂടെ കഴിച്ചിട്ടാണ് റാണിഗംജിലേക്ക് ബസ് കയറിയത്. വൈകുന്നേരത്ത് സുഖാന്വേഷണത്തിനിടയിൽ ഒറീസ്സക്കാരനായ സഹപ്രവർത്തകൻ മൊഹന്തി സാറിനോട് എന്റെ വഴി തെറ്റിയ യാത്രയെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "അത് രബീന്ദ്രനാഥിന്റെ ക്ഷണം ആയിരുന്നു, ചിലപ്പോൾ ചില വഴിതെറ്റിയ യാത്രകൾ പുതിയ ലക്ഷ്യത്തിലേക്കുള്ള വാതിലുകളാണ്". അന്നത്തെ സായാഹ്‌ന യാത്രയിൽ മണ്ണിലും, മാനത്തും, മനസ്സിലും, സകല ചരാചരങ്ങളിലും അജ്ഞേയമായ ഒരു മാസ്മരിക സാന്നിധ്യത്തിന്റെ ശക്തി ഞാൻ വീണ്ടുമറിഞ്ഞു. 

"ജനനത്തിലൂടെയും, മരണത്തിലൂടെയും, ഈ ലോകത്തും പരലോകങ്ങളിലും അങ്ങെന്നെ എവിടെയെല്ലാം ആനയിച്ചാലും ആനന്ദത്തിന്റെ ചരടുകളാൽ എന്റെ ഹൃദയത്തെ അപരിചിതത്വങ്ങളുമായി ബന്ധിപ്പിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളിലെ എന്റെ ഏക നിതാന്ത സ്നേഹിതൻ അങ്ങുമാത്രമാണല്ലോ" (ഗീതാഞ്ജലി-63)

വർഷങ്ങൾ ഏറെ കഴിഞ്ഞു. നേപ്പാളിൽ ജോലി ചെയ്യുന്ന കാലത്ത്, 2013 ൽ ഇന്ത്യൻ എംബസ്സിയുടെ സാംസ്കാരിക പരിപാടികളുടെ വിഭാഗത്തിൽ നിന്നും അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ വന്നു. അടുത്ത ദിവസം വൈകുന്നേരം അവരുടെ പരിപാടിയിൽ 'ഗീതാഞ്ജലി' യ്ക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചതിന്റെ നൂറാം വാർഷികാഘോഷമാണ്. നല്ല ഗായികയും, ടാഗോറിന്റെ കൃതികളിലും, സംഗീതത്തിലും ഡോക്ടറേറ്റും അടക്കമുള്ള ശ്രീമതി രേബ സോം ആണ് അരങ്ങിൽ. അവർ ചെയ്ത ഡോക്യുമെന്ററി കൂടി പ്രദര്ശിപ്പിക്കുന്നുണ്ടത്രേ. ആ പരിപാടിയിൽ അവരുടെ പാട്ടുകൾക്ക് ഗീതാഞ്ജലിയിൽ നിന്നുമുള്ള തിരഞ്ഞെടുത്ത വരികൾ ഇംഗ്ളീഷിൽ തത്സമയം അരങ്ങിൽ ഞാൻ വായിക്കണമത്രേ!!! എന്നെ ഇതിനായി തെരഞ്ഞെടുത്തത് ഏതു ശക്തിയാണ്? വിനയവും, ആശ്ചര്യവും കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് ഇതിലും വലിയൊരു ഭാഗ്യം ഗീതാഞ്ജലിയോടും, ടാഗോറിനോടുമൊത്തുള്ള യാത്രയിൽ ഇനി വരാനുണ്ടോ? ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അതേ സമയം മനസ്സിന്റെ നാനാ കോണിലും, കൃതജ്ഞതയുടെ നനുത്ത സ്പർശം കൊണ്ട് "ഞാൻ" എന്ന  തോന്നലിന്റെ സൈകതങ്ങൾ ഉടഞ്ഞു, 

"സിംഹാസനത്തിൽ നിന്നിറങ്ങി അങ്ങെന്റെ വീട്ടുവാതിൽക്കൽ വന്നു നിന്നു. ഞാനൊരു കോണിലിരുന്ന് ഒറ്റയ്ക്ക് പാടുകയായിരുന്നു. ആ രാഗം അങ്ങയുടെ ചെവികളിലണഞ്ഞു. അങ്ങിറങ്ങി എന്റെ വീട്ടുവാതിൽക്കൽ വന്നു നിന്നു. 
അവിടത്തെ മണ്ഡപത്തിൽ വിദ്വാന്മാരാനവധിയാണ് . ഈ അശിക്ഷിത ഗായികയുടെ ലഘു സങ്കീർത്തനം അങ്ങയുടെ പ്രണയത്തെ സ്പർശിച്ചുവെന്നോ? ഒരു കൊച്ചു  ശോകഗാനശകലം ഈ പ്രപഞ്ചത്തിന്റെ മഹാസംഗീതത്തിൽ ലയിച്ചുവല്ലോ. നീയൊരു പുഷ്പപാരിതോഷികവുമായി എന്റെ വാതിൽക്കൽ വന്നുവല്ലോ". (ഗീതാഞ്ജലി-49)

ആ ഹിമാലയൻ താഴ്വരയിൽ ശക്തമായ കാറ്റുവീശി. മനസ്സും ശരീരവും കുളിരുകൊണ്ടു. ബംഗാൾ ഉൾക്കടൽ തീരത്തു നിന്ന് ദെബോശ്രീയും, തോണിക്കാരന്റെ പാട്ടിന്റെ താളവുമായി ഹേമംഗോ ബിശ്വാസിന്റെ മാസ്മരിക ശബ്ദത്തിലെ ഭാട്ടിയാലിയും, ആഷാഢത്തിലെ ശാന്തി നികേതനിലേക്കുള്ള വഴിതെറ്റിയ യാത്രയും, റാണി ഗംജിലെ സായാഹ്ന സംഗീതയാത്രകളും, എല്ലാം എന്റെ മനസ്സിൽ വീണ്ടും ജീവൻ വെച്ചു. എല്ലാത്തിനും മുകളിലായി, സർവ്വതിലും പ്രസരിച്ചു നിൽക്കുന്ന മാസ്മരിക മന്ദഹാസത്തോടെ രബീന്ദ്രനാഥ് എന്നെ നോക്കി. 

"മാരി പെയ്യുന്ന ജൂലൈ രാത്രികളുടെ മൂകതയിലൂടെ,മേഘ ഗർജനങ്ങളുടെ രഥമേറി അദ്ദേഹം വരികയാണ്, വരികയാണ്, സദാ വരികയാണ്" (ഗീതാഞ്ജലി-45)

കാഠ്‌മണ്ഡു നഗരത്തിലെ കമൽ പൊഖ്‌രി എന്ന സ്ഥലത്തെ റഷ്യൻ കൾച്ചറൽ സെന്ററിൽ ടാഗോറിന്റെ പാട്ടുകൾ പാടാൻ ശ്രീമതി രേബ സോം തയ്യാറായി നിന്നു.  ടാഗോറുമായും, ഗീതാഞ്ജലിയുമായുള്ള ബന്ധം ഞങ്ങൾക്കിടയിലെ  അപരിചിതത്വത്തെ തൽക്ഷണം ഭേദിച്ചു. അരങ്ങിൽ അവർ ടാഗോറിന്റെ ഗീതാഞ്ജലി പാടിയപ്പോൾ, വർഷങ്ങൾക്കപ്പുറത്ത് നിന്ന് പ്രഭാതത്തിലെ വിളക്ക്‌ വെച്ചൊരു പൂജാമുറിയുടെ ചിത്രം തെളിഞ്ഞു വന്നു, ഗീതാഞ്ജലിയിലെ വാക്കുകൾക്കുളിലെ ആത്മീയ ജ്യോതിർപ്രവാഹത്തിന്റെ ആ ആദ്യനാളുകൾ തന്ന അതേ ഊർജം എന്നിൽ വീണ്ടും നിറഞ്ഞു. ഈറനണിഞ്ഞ കണ്ണുകളിലൂടെ യോഗിവര്യനായ കവിയുടെ കരുണാർദ്രമായ കടാക്ഷം ഞാനറിഞ്ഞു. മാതൃ വാത്സല്യത്തോടെ ഗീതാഞ്ജലിയുടെ ഒരു കോപ്പി എനിക്ക് സമ്മാനിച്ച് അവർ എഴുതിയ വാക്കുകളിൽ ആ ഗ്രന്ഥവുമായും, ആ കവി ശ്രേഷ്ഠനുമായും ഞാൻ നടത്തിയ യാത്രകളുടെ പൊരുൾ പ്രതിഫലിച്ചത് വിസ്മയങ്ങളുടെ അക്ഷയമായ എന്റെ അനുഭവങ്ങളുടെ മറ്റൊരു സാക്ഷ്യമായി:
"ദൈവനിശ്ചയം നമ്മുടെ ജീവിതത്തെ എങ്ങിനെ രൂപപ്പെടുത്തുന്നുവെന്ന് ടാഗോർ പറഞ്ഞു തന്നു. ഇന്നീ ദിവസം എന്റെ കൂടെ അരങ്ങിൽ ഗീതാഞ്ജലി വായിക്കാൻ നിങ്ങളെ തിരഞ്ഞെടുത്തത് മറ്റാരുമല്ല, ഗുരുദേവൻ തന്നെയാണ്".

  -സന്തോഷ് കാനാ 
Santhosh Kana














കുടജാദ്രിയിലെ അവധൂതൻ (The Avadhuta of Kodachadri)




                                                              
 
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എം.ഏയ്ക്ക് പഠിച്ച കാലങ്ങൾ സാഹിത്യ പഠനത്തെ വെറും അക്കാഡമിക്ക് നടവഴികളിൽ നിന്നും മാറ്റി ബഹുവിധ  വിഷയങ്ങളുമായും, കലാ-സാംസ്കാരിക പ്രവർത്തനങ്ങളുമായും ബന്ധപ്പെടുത്തി സമ്പന്നമാക്കിയ അനേകം അനുഭവങ്ങളുടെ കാലങ്ങളായിരുന്നു. യാത്രകൾ, വിവിധ ഭാഷാ രീതികൾ, സാഹിത്യങ്ങൾ, സിനിമകൾ, സംഗീതം തുടങ്ങി ഭാരതത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾ എന്നിവയൊക്കെ മനസ്സിന്റെ ബൗദ്ധികവും, പരിചിതവുമായ സകല സങ്കുചിത പരിധികളെയും ഭേദിക്കാൻ സഹായിച്ചു. തമിഴ് ഭാഷയോടും, കവിതകളോടുമുള്ള താല്പര്യത്തെ പ്രകീർത്തിച്ച് നാടക വിഭാഗത്തിലെ എന്റെ സുഹൃത്ത് വേലു സ്നേഹത്തോടെ എനിക്ക് തന്ന പാരിതോഷികം:
"അറിയെ വന്തത് എന്നെമോ ആംഗിലത്തൈ താൻ
ആനാൽ ഉയിരോടെ തഴുവിക്കൊണ്ടത് തമിഴൈ താൻ" 

രമണ മഹർഷിയുടെ തിരുവണ്ണാമലൈയിലെ ആശ്രമം ചുട്ടുപൊള്ളുന്ന  ഒരു വേനൽക്കാലത്താണ് ഒരു ഫ്രഞ്ച് സുഹൃത്തിന്റേയും, തമിഴ് സഹപാഠിയുടെയും കൂടെ ആ ആത്മീയ സാന്നിധ്യം പാദങ്ങൾക്ക് നൽകിയ  കുളിർമയോടെ കുന്ന് കയറി കണ്ടത്. ആർതർ ഓസ്ബോൺ എഴുതിയ രമണ മഹർഷിയുടെ ജീവ ചരിത്രം ഞാൻ ആദ്യം വായിച്ചത് ബി.എയ്ക്ക് പയ്യന്നുർ കോളേജിൽ പഠിക്കുമ്പോഴായിരുന്നു. ആത്മാന്വേഷണം മാത്രമാണ് എല്ലാത്തിനും പരിഹാരം എന്ന സന്ദേശം ഒരു തരത്തിലുള്ള ആലങ്കാരികതകളുമില്ലാതെ, അതേ സമയം നിത്യജീവിത ഉദാഹരങ്ങളിലൂടെ സ്പഷ്ടമായി പറഞ്ഞു തരുന്ന അപൂർവം ഗുരുക്കന്മാരിൽ ശ്രേഷ്ഠനാണ് രമണ മഹർഷി. ആശ്രമ പരിസരത്തിരിക്കുമ്പോൾ അതു വഴി വന്ന ഒരു സന്ന്യാസി എന്നെ നോക്കി ചില ഭാവി പ്രവചനങ്ങൾ നടത്തുകയും, ഒരു രുദ്രാക്ഷ മാല സ്നേഹത്തോടെ സമ്മാനിക്കുകയും ചെയ്തു. ഞാൻ തിരിച്ച് എന്ത് നൽകണം എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ടാ എന്ന് വാത്സല്യത്തോടെ നിരസിച്ച് ഒരു പുഞ്ചിരിയോടെ കടന്നുപോവുകയും ചെയ്തു. അതിശയമെന്നു പറയട്ടെ, ഒരു വർഷത്തിനുശേഷം  പോണ്ടിച്ചേരിയിലെ ഒരു തെരുവിൽ വെച്ച് "എന്നെ മനസിലായോ" എന്ന് ചോദിച്ച് അടുത്തുവന്ന സന്യാസി തിരുവണ്ണാമലയിൽ കണ്ട 'ഗണപതി' എന്ന് പേരുള്ള അതേ സന്യാസിയായിരുന്നു!!

ക്ലാസ്സ് മുറിയിൽ ഇരുന്നാൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ക്യാമ്പസ് എന്നതുകൊണ്ട് തന്നെ പോണ്ടിച്ചേരിയിൽ പുസ്തകപ്പുഴുക്കളാകാൻ വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. മിക്കവാറും അവധിക്കാലങ്ങൾ യാത്രകൾക്കായി കരുതിവെച്ച് തമിഴ് നാടിന്റെയും, ആന്ധ്രയുടെയും മണ്ണിലൂടെയും, മനസിലൂടെയും നടത്തിയ യാത്രകൾ തന്ന അളവറ്റ അനുഭവ സമ്പത്തിന് കാലത്തോട് നന്ദി പറയുന്നു. പുസ്തകങ്ങളിലെ വാക്കുകൾക്കും, പാത്രങ്ങൾക്കും ജീവൻ പകരുന്നത് ജീവിത പരിജ്ഞാനങ്ങളാകുമ്പോൾ മാത്രമാണ് സാഹിത്യ-കലാ പഠനം സമഗ്രമാകുന്നത്.

അങ്ങിനെ ഒരു വേനലവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ  കൊല്ലൂരിലേയ്ക്ക്, കുടജാദ്രിയിലേയ്ക്ക് നടത്തിയ സാഹസിക-സാംസ്കാരിക തീർത്ഥാടനത്തിന്റെ  കഥ പറയാം.

ആവർത്തിച്ച് ഉടയ്ക്കപ്പെട്ട മനസ്സിന്റെ സ്ഫടിക മന്ദിരത്തിന്റെ തുണ്ടു കഷണങ്ങൾ ശേഖരിച്ച് തിരിച്ചറിവുകളുടെയും, തീരുമാനങ്ങളുടെയും കഠിനമായ  ചുടുകല്ലുകൾ കൊണ്ട് നാം നമ്മെത്തന്നെ സുരക്ഷിതമാക്കിനിർത്തുന്ന കവചങ്ങളുണ്ട്. അപൂർവം ചിലർ ഈ കവചങ്ങളെ ഒരു നിശബ്ദമായ തലോടൽ പോലെ തകർക്കും. നമ്മളതറിയുന്നത് അവർ നമുക്ക് വേണ്ടി ചെയ്യുന്ന ചെറുതോ വലുതോ ആയ കാര്യങ്ങളിലൂടെയാണ്, തികച്ചും അവിശ്വസനീയമായ ആ നിമിഷത്തിലാണ് സമാഗമങ്ങളുടെ ചാരുത, ജീവിതത്തിന്റെ അപരിമിതമായ സൗന്ദര്യം എന്നു തുടങ്ങി ഈ പ്രപഞ്ചം നമുക്ക് മുന്നിൽ തുറന്നു തരാൻ തീവ്രമായി കൊതിക്കുന്ന അഗണ്യമായ വിസ്മയങ്ങളെ നാം തിരിച്ചറിയുന്നത്. 

കുടജാദ്രിയിലേക്കുള്ള യാത്ര പൂർവ സന്നാഹങ്ങളോടെ ആയിരുന്നില്ല. മൂകാംബിക ദേവി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് "ഇനിയെന്ത്" എന്നാലോചിച്ചു നിന്നപ്പോഴാണ് ദൂരെ മൂടൽ മഞ്ഞ് ഒരു മാന്ത്രികനെപ്പോലെ കുന്നുകളുടെയും, കാടുകളുടെയും മോഹിപ്പിക്കുന്ന സൗന്ദര്യം ഇടയ്ക്കിടെ തുറന്നു കാണിച്ചും, അടച്ചു വെച്ചും  കൊണ്ട് എന്നെയും, എന്റെ യൂണിവേഴ്സിറ്റി സഹപാഠികളായ ആന്ധ്രക്കാരൻ രാമനെയും, തമിഴ് നാട്ടുകാരൻ മുരുകനെയും അടക്കിവെക്കാനാകാത്ത വിധം കൊതിപ്പിച്ചത്.

ചോദിച്ചറിഞ്ഞതുപ്രകാരം സൗപർണികാ തീരത്തെ താടിക്കാരനെ അന്വേഷിച്ച് ഞങ്ങൾ  നീങ്ങി. നദീ തീരത്തെ ഒരു മണ്ഡപത്തിൽ കാവി മുണ്ടും കറുത്ത ഷർട്ടുമിട്ട് ഒരാൾ കൈത്തണ്ടകൊണ്ട് കണ്ണുകൾ മറച്ച് കിടക്കുന്നു. "വിജയേട്ടാ" എന്ന് വിളിച്ചപ്പോൾ ഉടൻ എഴുന്നേറ്റു. സ്നേഹത്തോടെ സംസാരം തുടങ്ങി. കുടജാദ്രിയിലേക്ക് കൂടെ വരാൻ തയ്യാറായി, അല്ല, കുടജാദ്രിയിലേക്ക് ഞങ്ങളെ കൊണ്ട് പോകാൻ തയ്യാറായി. "പാന്ഥർ പെരുവഴിയമ്പലം തന്നിലെ..." എന്ന പോലെ അതാ അല്പനേരത്തിനുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവർ കൂടെ ചേർന്നൊരു  സംഘമാകുന്നു! 

"मैं अकेला ही चला था जानिब-ए-मंज़िल मगर
लोग साथ आते गये और कारवां बनता गया" 

(ഞാൻ പുറപ്പെട്ടത് ഒറ്റയ്ക്കായിരുന്നു ലക്ഷ്യത്തിലേക്ക് ,
മെല്ലെ ..ഓരോരുത്തരായി കൂടെക്കൂടി അതൊരു സഞ്ചാരിക്കൂട്ടമായി)
മജ്‌റൂഹ് സുൽത്താൻ പുരിയുടെ പ്രസിദ്ധമായ ശായറി പോലെ.

കാട്ടിലൂടെയുള്ള യാത്ര തികച്ചും ആവേശജനകമായിരുന്നു. വിജയേട്ടൻ ആ സൗഹൃദ തീവണ്ടിയുടെ ഇന്ധനം നിറച്ച എൻജിൻ പോലെ പുകവിട്ടുകൊണ്ട് മുന്നിൽ നടന്നു. സ്നേഹ സംഭാഷണങ്ങളിലെവിടെയോ എന്നോട് വാത്സല്യം കൂടുതലായി. "മോനേ" എന്ന് വിളിക്കുകയും സാഹിത്യ-കലാ രംഗങ്ങളെക്കുറിച്ച് വാചാലനാകുകയും ചെയ്തു. വിജയേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ എം. ടി. യാണ്. കോട മഞ്ഞു മൂടി വന്ന ആ രാത്രിയെ ചൂട് പിടിപ്പിക്കും പോലെ വിജയേട്ടൻ എം. ടി. യുടെ രചനകളെക്കുറിച്ച് ഉന്മേഷത്തോടെ സംസാരിക്കുകയും, 'മഞ്ഞ്' എന്ന നോവൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. സ്വന്തം ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും പറയാൻ വിജയേട്ടൻ ഇഷ്ടപ്പെട്ടില്ല. "വിവാഹം ഒരാളുടെ മരണമാണ്" എന്ന്, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്ന ഞങ്ങളോട് പറഞ്ഞ് ഒരു കനത്ത പുക നമുക്ക് നേരെ വിട്ട് ഞങ്ങൾ തങ്ങിയ "സന്തോഷ് ഹോട്ടൽ" -ന്റെ പിന്നാമ്പുറത്ത് എവിടെയോ പോയി ഒറ്റയ്ക്കിരുന്നു. തങ്കപ്പൻ ചേട്ടന്റെ കടയിൽ  രാത്രി നമ്മുടെ സഞ്ചാരി സംഘം പാട്ടും, നൃത്തവുമായി സജീവമായപ്പോൾ വിജയേട്ടൻ എന്തോ  ഒന്നാവേശിച്ച ഒരലൗകിക ആനന്ദത്തിന്റെ മൂർദ്ധന്യതയിൽ നീണ്ട താടിയും മുടിയും കാറ്റിൽ പറത്തി മറ്റൊരാളായി.

"ഹരം  സർപഹാരം ചിതാഭൂവിഹാരം 
ഭവം വേദസാരം സദാ നിർവ്വികാരം

ശ്മശാനേ വസന്തം മനോജം ദഹന്തം

ശിവം ശങ്കരം ശംഭുമീശാനമീഡേ "

ശിവസ്തുതിയുടെ ഓജസ്സുറ്റ താളവും, ചൈതന്യവും ഒരു പക്ഷെ എനിക്കും വിജയേട്ടനും മാത്രം കേൾക്കാൻ കഴിയുംപോലെ ആ കാനനനിശീഥിനിയിൽ മാറ്റൊലി കൊണ്ടു. 

പിറ്റേന്ന് പുലർച്ചെ തുടങ്ങിയ മലകയറ്റം കുടജാദ്രിയിൽ ലക്‌ഷ്യം കണ്ടത് ഉച്ചയോടെയായിരുന്നു. വഴിയിലൊരിടത്ത് വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിച്ച് ഏറെ നേരം ചെലവഴിച്ചു. പിന്നെ ഗണേശ ഗുഹയിൽ അൽപനേരം. സർവജ്ഞ പീഠം കയറിയ ശങ്കരന്റെ ക്ഷേത്രപീഠത്തിനടുത്ത് മൂടൽ മഞ്ഞും, മേഘങ്ങളും കൈകാലുകൾക്കിടയിലൂടെ തഴുകിയൊഴുകി. താഴ്വരയും, കുന്നും ആകാശവും ഒന്നാകുന്ന സ്വർഗീയ പ്രതീതി. 

തിരിച്ചു വരുമ്പോൾ 'സന്തോഷ് ഹോട്ടലിൽ' നിന്നും ഭക്ഷണം കഴിച്ചു. മൂകാംബിക ക്ഷേത്രത്തിലെത്തുകയും പൂജ കഴിക്കാനും, ദർശനത്തിനുമായി കാത്തു നിൽക്കുകയും ചെയ്‍തപ്പോൾ "ശ്രീകരം" എന്ന വിശേഷ പൂജയെക്കുറിച്ച് വിജയേട്ടൻ എന്നോട് പറഞ്ഞു. 

"ശ്രീകരം ച പവിത്രം ച
ശോക രോഗ നിവാരണം

ലോകേ വശീകരം പുംസാം

ഭസ്മം ത്ര്യൈലോക്യ പാവനം" എന്നല്ലേ? 

സകല ഐശ്വര്യങ്ങളുടെയും, അറിവിന്റെയും കുടജാദ്രികൾ, പീഠങ്ങൾ കയറാൻ പ്രാപ്തമാക്കുന്ന പൂജയാണത്രെ "ശ്രീകരം". പക്ഷെ, അതാവശ്യപ്പെടുന്ന ചില ശീല നിബന്ധനകളുണ്ട്. കൃത്യമായി പാലിക്കണം. 
വിദ്യാർത്ഥിയായിരുന്ന എന്റെ കയ്യിൽ അപ്പോൾ ആ പൂജ കഴിക്കാനുള്ള കാശ് ഇല്ലായിരുന്നു. അല്പം വില കൂടിയ പൂജയാണ്. "ധൃതി പിടിക്കേണ്ട, സമയമാവട്ടെ" എന്ന് വിജയേട്ടൻ ആശ്വസിപ്പിച്ചു. ദർശനം കഴിഞ്ഞ് ഞങ്ങൾ തിരിച്ച് പുറപ്പെടാനിറങ്ങി. അതിനും ഏറെ മുമ്പേ തന്നെ യാത്രാ സംഘത്തിലെ മറ്റുള്ളവർ അവരുടെ താമസസ്ഥലത്തേക്ക് പോയിരുന്നു. "വിജയേട്ടന് എന്ത് കൊടുക്കണം" എന്ന ചർച്ചയുടെ ഫലമായി ഞങ്ങൾ മൂന്നു പേർ കുറച്ച് കാശ് കൊടുത്തെങ്കിലും അത് വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. "ഞാൻ കൂടെ വന്നത് എന്റെ ഒരു സന്തോഷത്തിനു കൂടിയാണ്" എന്ന് പറഞ്ഞ അദ്ദേഹത്തെ ഒരു ചെറിയ പോക്കറ്റ് മണിയെങ്കിലും വാങ്ങിക്കാൻ ഏറെ നിർബന്ധിക്കേണ്ടി വന്നു. കെ.എസ്.ആർ.ടി.സി. ബസിൽ നമുക്ക് വേണ്ടി സീറ്റ് ഉറപ്പിച്ചു വെച്ചിരുന്നു വിജയേട്ടൻ. പുഞ്ചിരിച്ചുകൊണ്ട് കൈവീശി അദ്ദേഹം ഞങ്ങളെ യാത്രയാക്കി. 

ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം എന്റെ കൂട്ടുകാർ മദ്രാസിലേക്ക് തിരിച്ചുപോയി. വിജയേട്ടനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങളെക്കുറിച്ചും ഞങ്ങൾ ഏറെ സംസാരിച്ചു. വിജയേട്ടന് ഞാൻ ഒരു കത്തെഴുതി. കൊല്ലൂരിലെ വാത്സല്യത്തിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട്. അൽപ ദിവസത്തിനകം മറുപടി വന്നു. കയ്യെഴുത്ത് ഒരുപാട് നല്ലതൊന്നുമല്ലെങ്കിലും "മോനേ" എന്ന് വിളിച്ചുള്ള സ്നേഹമസൃണമായ വാക്കുകൾ ദൂരങ്ങളെ നിമിഷനേരം കൊണ്ടില്ലാതാക്കി. "ഞാൻ പൂർണചന്ദ്രനുമുന്നിലെ വെറുമൊരു മിന്നാമിനുങ്ങ് മാത്രം" എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. എന്റെ കത്തിന്റെ ഭാഷ വിജയേട്ടന് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നുവെന്നും എഴുതിയാണ് കത്തവസാനിക്കുന്നത്. 

വേനലവധി കഴിഞ്ഞ് ജൂണിൽ ഞാൻ പോണ്ടിച്ചേരിക്ക് തിരിച്ചുപോയി. വീണ്ടും പൽകലൈകഴക വൃത്തികളിൽ വ്യാപൃതനായി. ജൂലൈയിലോ മറ്റോ ഒരിക്കൽ വീട്ടിലേയ്ക്ക് ഫോൺ ചെയ്തപ്പോൾ അച്ഛൻ പറഞ്ഞു, "നിന്നെ തിരക്കി വിജയൻ എന്നൊരാൾ വന്നിരുന്നു"!!! ഞാൻ ഞെട്ടിപ്പോയി!! "അതെ കൊല്ലൂരിൽ നിന്നാണ്. കൂടുതൽ ഒന്നും പറഞ്ഞില്ല. നീ പോണ്ടിച്ചേരിയിലാണ് എന്നറിയിച്ചപ്പോൾ തിരിച്ചുപോയി." ഞാൻ ഒരു നിമിഷം അത്ഭുതത്തോടെ മരവിച്ചിരുന്നു. ചോദ്യങ്ങൾ പലതും മനസ്സിനെ ആശ്ചര്യപ്പെടുത്തുകയും, അലട്ടുകയും ചെയ്തു. 

ഒരു ദിവസം മെസ്സിൽ നിന്ന് പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഹോസ്റ്റലിൽ താമസിക്കുന്ന ഒറീസ്സക്കാരനായ ഒരു എം ബി എ വിദ്യാർത്ഥി വന്നറിയിച്ചു, "സന്തോഷ് നിന്നെ അന്വേഷിച്ച് ഒരാൾ ഹോസ്റ്റലിൽ നില്പുണ്ട്, നാട്ടിൽ നിന്ന് വന്നതാണ്". "നാട്ടിൽ നിന്നോ? എന്നെ അന്വേഷിച്ചോ?" എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. "കാണാൻ എങ്ങിനെ?" എന്ന് ഞാൻ അതി വ്യഗ്രതയോടെ ചോദിച്ചപ്പോൾ "നീണ്ട താടിയും മുടിയും, കാവി ലുങ്കിയും, ഷർട്ടും". എന്റമ്മേ !! വിജയേട്ടനായിരിക്കുമോ !! എനിക്ക് അത്ഭുതത്തെക്കാളും ഭയം കൂടി വന്നു. ഞാൻ ഉടൻ  ഹോസ്റ്റലിലേക്ക് തിരിച്ചു. അതാ, എന്റെ സുഹൃത്ത് ആന്ധ്രക്കാരൻ മൂർത്തിയുടെ മുറിയിൽ വിജയേട്ടൻ സംസാരിച്ചിരിക്കുന്നു!!!! കൊല്ലൂരിൽ, സൗപർണികാ തീരത്ത്. കുടജാദ്രിയിൽ കണ്ട അതേ മനുഷ്യൻ, വിജയേട്ടൻ. സ്നേഹത്തോടെ കെട്ടിപ്പിടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശത്തെപ്പറ്റി ചോദ്യോത്തരങ്ങളുടെ കുന്നുകൾ താണ്ടിയും, കയറിയും മനസ്സ് അസ്വസ്ഥമായി.

കുളി കഴിഞ്ഞു വന്ന അദ്ദേഹത്തെ ഞാനും മൂർത്തിയും പ്രാതലിനായി മെസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭാഷാ വൈവിധ്യങ്ങളുടെ ചെറു ഘർഷണങ്ങളെ സ്നേഹസ്നിഗ്ദ്ധതകൊണ്ട് നിസ്സാരമാക്കി  വിജയേട്ടനും, മൂർത്തിയും അൽപ നേരത്തിനുള്ളിൽ തന്നെ മാനസിക സഹയാത്രികരായി. സ്വതസിദ്ധമായ വാചാലതയോടെ അദ്ദേഹത്തോട് പലതും പറഞ്ഞും ചോദിച്ചും മൂർത്തി എന്റെ ആതിഥേയത്വം വിപുലവും, ബഹുലവുമാക്കി. ഒരു രാത്രി കഴിഞ്ഞു. വിജയേട്ടനെയും കൂട്ടി വൈകുന്നേരം ബീച്ചിൽ ഞങ്ങൾ ഏറെ സമയം ചെലവഴിച്ചു. വിജയേട്ടൻ അധികമൊന്നും സംസാരിച്ചില്ല. മൂർത്തിയാകട്ടെ തന്റെ നാടിനെയും, യൂണിവേഴ്സിറ്റിയെയും, വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് പലതും പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ കൂടെ നാട്ടിലേക്കും, കൊല്ലൂരിലേയ്ക്കും വന്ന കൂട്ടുകാരിൽ മൂർത്തി ഉണ്ടായിരുന്നില്ല. അവർ രണ്ടു പേരും ചില തിരക്കുകൾ കാരണം അൽപ നേരം ഹോസ്റ്റലിൽ വന്ന് വിജയേട്ടനോട് സംസാരിച്ച് തിരിച്ചുപോയി. രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം മൂർത്തിയും വിജയേട്ടനും തങ്ങി. "ഈ രാത്രി ത്രിമൂർത്തി സംഗമത്തിന്റേതാണ്" എന്ന് പറഞ്ഞ് വിജയേട്ടൻ മുറിയിൽ കൂട്ടച്ചിരി ഉയർത്തി. മൂർത്തിയും ഞാനും അദ്ദേഹത്തിന്റെ സന്ദർശന കാരണം പരസ്പരം ചർച്ച ചെയ്‌തെങ്കിലും ഒന്നും ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ല. 

പിറ്റേ ദിവസം രാവിലെ കുളി കഴിഞ്ഞ് വിജയേട്ടൻ പോകാൻ പുറപ്പെട്ടു. കുളി കഴിഞ്ഞെത്തിയ എന്നോട് മുറിയിൽ ഞാൻ വെച്ചിരുന്ന വിളക്ക് കത്തിക്കാൻ ആവശ്യപ്പെട്ടു. മിക്കവാറും എല്ലാ ദിവസവും രാവിലെ കുളി കഴിഞ്ഞ് വിളക്ക് കത്തിച്ച് ചില ശ്ലോകങ്ങൾ ചൊല്ലുന്ന ശീലമുണ്ടെനിക്ക്. തന്റെ കയ്യിലുള്ള ചെറിയ ബാഗിൽ നിന്നും ഒരു പൊതി എടുത്ത് എനിക്കുനേരെ നീട്ടി രണ്ടു കയ്യോടെ ഏറ്റുവാങ്ങാൻ പറഞ്ഞു. തുറന്നു നോക്കിയപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. "ശ്രീകരം"!!!

"സന്തോഷ് മോന് വേണ്ടി ഞാൻ പൂജ കഴിപ്പിച്ചതാണ്. പ്രസാദം വേറെ ആരുടെ കയ്യിലും കൊടുക്കാൻ പാടില്ല . അതാണ് ഞാൻ മോനെത്തേടി നാട്ടിൽ പോയത്. അച്ഛൻ പറഞ്ഞു പോണ്ടിച്ചേരിയിലേക്ക് പോയി എന്ന്. അതുകൊണ്ടാണ്  ഇങ്ങോട്ട് വന്ന് നേരിട്ട് ഏല്പിക്കാൻ തീരുമാനിച്ചത്". 

എന്റെ മനസ്സിന്റെ സംശയങ്ങൾ ഹ്രസ്വകായമാക്കിയ പ്രപഞ്ച കാരുണ്യത്തിന്റെ മൂർത്ത രൂപത്തിന് മുമ്പിൽ ഞാൻ ലജ്ജയോടെ തല താഴ്ത്തി. രാമാനുജൻ ഹോസ്റ്റലിന്റെ അറുപതാം നമ്പർ മുറിയിലേക്ക് കയറി വന്ന നിസ്സീമമായ കാരുണ്യത്തിനു എത്ര ചെറിയ വാതിലാണ് എന്റെ മനസ്സ് തുറന്നുകൊടുത്തത്!!! ഞാൻ വിജയേട്ടന്റെ ആ സാന്നിധ്യത്തിന്, എന്റെ ഗ്രാഹ്യത്തിനതീതമായ സന്ദർശനകാരണത്തിന് നന്ദി പറഞ്ഞും, മാപ്പ് പറഞ്ഞും കരഞ്ഞു. വിജയേട്ടൻ ചിരിച്ചു കൊണ്ട് അതിനെയെല്ലാം  നിസ്സാരമാക്കി. 

"എനിക്കറിയാമായിരുന്നു മോനെ. അന്ന് നീ എത്ര ആഗ്രഹിച്ചിരുന്നതാണ് ആ പൂജ എന്ന്. നിന്റെ മനസ്സ് ഞാൻ വായിച്ചു, അന്നും ഇന്നും. എപ്പോഴും സ്നേഹവും, അനുഗ്രഹവും മാത്രം." 

ഒന്നും വാങ്ങാൻ തയ്യാറാകാതിരുന്നിട്ടും നിർബന്ധിച്ച് ജാള്യതയോടെ ഒരു ഷർട്ടും അല്പം കാശും നൽകി വിജയേട്ടനെ ഞാൻ യാത്രയാക്കി. ഒരു ദിവസം കൂടി താമസിക്കാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ചില തിരക്കുകളുണ്ടത്രേ. ബസിൽ കയറി കൊല്ലൂരിലെ രാത്രിയിൽ ഞങ്ങളെ യാത്രയയച്ച അതേ പുഞ്ചിരിയോടെ, കൈവീശി വിജയേട്ടൻ യാത്രയായി. 

അൽപ ദിവസങ്ങൾക്കുശേഷം വിജയേട്ടന് ഞാൻ വീണ്ടും കത്തെഴുതി. ഒരു മറുപടിയും വന്നില്ല. 

ഏറെ നാളുകൾക്ക് ശേഷം ഒരു സ്വപ്നം എന്നെ വല്ലാതെ അലട്ടി. സ്വപ്നത്തിൽ വിജയേട്ടൻ എന്നെ നോക്കി എന്തോ പറഞ്ഞ് ദേഷ്യത്തോടെ നോക്കുന്നു. ഉറക്കമുണർന്നപ്പോൾ ആ സ്വപ്നത്തിന്റെ ഭാരം അസഹ്യമായി തുടർന്നു. മനസ്സ് തുറന്ന് നന്ദി പറഞ്ഞ് ഞാൻ വീണ്ടുമൊരു കത്തെഴുതി. ഇന്നും അതിനുള്ള മറുപടി കിട്ടിയിട്ടില്ല. വിജയേട്ടനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. ഏറെ അന്വേഷിച്ചു. കൊല്ലൂരിൽ പോകാൻ പല തവണ പദ്ധതി ഇട്ടെങ്കിലും നടന്നില്ല. കഴിഞ്ഞ വര്ഷം ഒരു സുഹൃത്തിന്റെ കുടുംബവുമായി പോയെങ്കിലും തിരക്കുപിടിച്ച സന്ദർശനത്തിനിടയിൽ ആരോടും ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല.

മൂർത്തി അന്നും ഇന്നും നല്ല സുഹൃത്തായി തന്നെ തുടരുന്നു. മൂർത്തിയെ പറ്റി ഹോസ്റ്റൽ മുറിയിലിരുന്ന് പ്രവചനസിദ്ധിയോടെ വിജയേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞ രണ്ട് കാര്യങ്ങൾ പിന്നീട് സത്യമായി എന്നത് ഇന്നും എന്നെ അത്ഭുദപ്പെടുത്തുന്നു. 

എഴുത്തിലൂടെയും, കലാ പ്രവർത്തനങ്ങളിലൂടെയും നടത്തി വരുന്ന എന്റെ ഓരോ ചുവടുവെപ്പിലും, യാത്രയിലും ആ അനുഗ്രഹീത സാന്നിധ്യത്തിന്റെ അസാധാരണമായ  ശക്തിയുണ്ടെന്ന് ഞാനറിയുന്നു. എന്റെ മനസ്സ് വായിച്ച് "ശ്രീകര"-വുമായി സമയ-സ്ഥല-കാല-ചിന്താ പരിമിതികളെ ഭേദിച്ച് പ്രത്യക്ഷപ്പെടുകയും, അപ്രത്യക്ഷമാവുകയും ചെയ്ത അവധൂത സമാനമായ ആ പ്രഹേളികയ്ക്ക് മുന്നിൽ ഞാൻ ഇന്നും മറുപടികൾക്കായി കാത്തു നിൽക്കുന്നു. 
                                             --by സന്തോഷ് കാനാ 
Santhosh Kana