My Strength

what do you like about this blog?

Sunday, December 21, 2014

ഒരു നഗരം ഒരു മുറിവ് (ORU NAGARAM, ORU MURIVU)



ആകാശം മുഴുവൻ പരന്ന സ്നേഹത്തിന്റെ ചിറകുകളോടെയാണ്
ആ തടാക നഗരത്തിൽ പറന്നിറങ്ങിയത്
തടാകക്കരയിലെ ചായക്കോപ്പയിലെ
ഊഷ്മളത, ചുംബനം.

രാത്രിയിൽ ശ്വാന സാക്ഷ്യത്തിൽ
പരസ്പരംപങ്കുവെയ്ക്കൽ.

കൈകോർത്തൊരു നഗര, നയന പ്രദക്ഷിണം

പിന്നെ ആ രാത്രി
ആലിംഗന,  ചുംബനങ്ങൾക്ക്
ശ്രവണ രഹസ്യങ്ങൾക്ക്
ഹൃദയ ഭേദ്യ സാക്ഷ്യത്തോടെ ഞാൻ.

എന്റെ ശ്വാന വിശ്വാസ്യതയുടെ
വാലറുത്ത സത്യം

എന്റെ വിലാപങ്ങൾ
മുറിയുടെ ചുമരുകളിൽ തട്ടി
മുറിവേറ്റ്
നിശബ്ദമായടങ്ങി
അല്പനേരത്തെയ്ക്ക് .

                                    -സന്തോഷ്‌ കുമാർ കാനാ


 

മരണത്തെ നോക്കുമ്പോൾ (MARANATHE NOKKUMPOL)



ചലനത്തെ നിശ്ചലതയുമായി

വാക്കുകളെ നിശബ്ദതയുമായി
ചേർത്തു വെയ്ക്കാനുള്ള സങ്കീർണ ശ്രമം

വാക്കുകളുടെ അജ്ഞാത സ്രോതസ്സിനെ
നോക്കിയുള്ള അതിശയിച്ചുള്ള നില്പ്
അതേ സ്രോതസ്സിൽ നിന്നും വീണ്ടും വീണ്ടും
വാക്കുകൾ വരുമെന്ന പ്രതീക്ഷയുടെ വാശി

കൈകളിൽ, വാക്കുകളിൽ ഒതുങ്ങാത്ത സാന്നിധ്യം
ഒരു ചെറു പായയിൽ ഒതുങ്ങുന്നതിന്റെ
അവിശ്വാസം  !!!
                                        --- സന്തോഷ്‌ കുമാർ കാനാ


Friday, December 19, 2014

കുട (KUDA)


കവിത 
മടക്കി വെച്ച കുടയായിരുന്നു.
കടുത്ത വെയിലിലും
കനത്ത മഴയിലുമാണ് 
നിവർത്തിയത് 

                         --- സന്തോഷ്‌ കുമാർ കാനാ

Thursday, December 18, 2014

Gandhi and our times of India

In these complex times, the easiest to compromise with, is unfortunately, a great ideology. The one who doesn't do so gets isolated or eliminated. That's what the assassination of Gandhi shows. That's why the mysterious death of Rajiv Dixit goes deliberately ignored by media. Those were the days when you knew where the bullet came from. Those were the days of the visible enemy, an unmasked rival. We live in times where bullets come from unseen and unknown guns, aeroplanes disappear, an air crash, a road accident, a poisoned food served royally, a friendly invitation to a lecture and lots more can turn fatal. You disappear and the pernicious arms of power you rival against gains more and more strength. 
                                    --- by Santhosh Kumar Kana

Wednesday, December 17, 2014

ഒരു ബീഹാര്‍ യാത്ര (Nepal to Bihar)

                                                                                                          Kathmandu, Nepal.
                                                                                                             12.08.2012

പ്രിയപ്പെട്ട അച്ഛനും, അമ്മയ്ക്കും,

ആറ്  ദിവസത്തെ യാത്ര കഴിഞ്ഞു ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്ക് Kathmandu വില്‍ തിരിച്ചെത്തി. കേന്ദ്രീയ വിദ്യാലയങ്ങളുടെ റീജണല്‍ സ്പോര്‍ട്സ് മീറ്റ്‌-ല്‍ പങ്കെടുക്കാന്‍ നമ്മുടെ സ്കൂളിലെ ബാസ്കറ്റ് ബാള്‍ ടീമിനെയും കൂട്ടി (മൊത്തം 12 കുട്ടികള്‍) ബീഹാറിലെ ഭാഗല്പൂര്‍ (Bhagalpur) ജില്ലയിലെ കേന്ദ്രീയ വിദ്യാലയ കഹല്‍ഗാവ്-ലേക്കാണ് (Kendriya Vidyalaya, Kahalgaon) ഞാനും, നമ്മുടെ സ്കൂളിലെ ലാബ് അറ്റന്‍ഡന്റ് കൃഷ്ണാ ആര്യാലും (Krishna Aryal) ആഗസ്ത് 7 ന് വൈകുന്നേരം ബസില്‍ ഗോരക് പൂരേക്ക് (Gorakhpur) പുറപ്പെട്ടത്. രണ്ടു മിനി ബസുകളിലായി അമ്പതിനടുത്ത് കുട്ടികളും, എഴ് എസ്കോര്‍ട്ട് അധ്യാപകരും. ചിലര്‍ ഫുട്ബാള്‍ ടീമിന്റെ കൂടെ, ചിലര്‍ നീന്തല്‍, മറ്റു ചിലര്‍ ചെസ്സ്‌, അത്ലറ്റിക്സ് തുടങ്ങിയവ.


Kathmandu-വില്‍ നിന്ന് ഇന്ത്യാ അതിര്‍ത്തിയിലേക്ക് പത്ത് മണിക്കൂര്‍ റോഡ്‌ മാര്‍ഗം യാത്ര. ചുര സഞ്ചാരം വയനാടന്‍ യാത്രകളെ ഓര്‍മിപ്പിച്ചു. അവധിക്കാലങ്ങള്‍ക്ക് കാപ്പിയുടെയും ,യൂക്കാലിയുടെയും ഗന്ധമായിരുന്നു കുട്ടിക്കാലത്ത്. ചുരക്കാഴ്ചകള്‍ ആസ്വദിച്ചത് ഛര്‍ദിച്ചവശനായി അമ്മയുടെ മടിയില്‍ കിടന്നുറങ്ങി തീര്‍ത്ത അനേകം യാത്രകളുടെ, വര്‍ഷങ്ങളുടെ ഒടുവിലെപ്പോഴോ ആയിരുന്നു. എച്ച്. ഐ. എം. യു.പി സ്കൂളിന്റെ പ്രധാനാധ്യാപകന്റെ കസേരയിൽ നിന്നെഴുന്നേറ്റു വന്നച്ഛൻ എതിരേറ്റ നാളുകൾ. കാപ്പിയുടെ സുഗന്ധം അച്ഛന്റെതായി മാറി. ഇന്നും ആ സുഗന്ധം ആ സാന്നിധ്യമറിയിക്കുന്നു.

ബസ് ചുരം ഇറങ്ങുകയാണ്. 250 ൽ അധികം കിലോ മീറ്റർ ഉണ്ട് സൊനൗലി എന്ന അതിർത്തി പ്രദേശത്തെത്താൻ. യാത്രയുടെ വിരസതയെ വെല്ലാൻ ഭക്ഷണ സാധനങ്ങളും, പാട്ടുകളും സജീവമായി. ഒരു വശം വൻ മല നിരകളും, മറു വശം മുപ്പതോ, നാല്പതോ അടി താഴെ ത്രിശൂലി നദിയും. നല്ല ഒഴുക്കുണ്ട്. നദിക്കപ്പുറത്ത് കുന്നുകളിൽ ചിലയിടങ്ങളിൽ ഒന്നോ, രണ്ടോ വീടുകൾ കാണാം. അപ്പുറത്തേക്ക് കാൽ നട പോകാൻ തൂക്കു പാലം ഉണ്ട്. ത്രിശൂലി ഒരിടത്ത് "സേതി" എന്ന നദിയുമായി ചേർന്നു. ഒഴുക്കിന്റെ ശക്തി കണ്ടാൽ ഭയന്നു പോകും. ഈ നദിയിലാണ് കഴിഞ്ഞ വർഷം ബോട്ടിങ്ങിന് വന്നപ്പോൾ ഞാൻ എടുത്തു ചാടി നീന്തിയത് !! ചിത്വൻ (Chitwan) വന്യ മൃഗ സംരക്ഷണ കേന്ദ്രം കഴിഞ്ഞെവിടെയോ ഭക്ഷണത്തിന് നിർത്തി. ഞാൻ ഒരു ചായ മാത്രം കഴിച്ചു. ചായക്കടയ്ക്കരുകിൽ രണ്ടു സ്ത്രീകൾ ബീഡി വലിച്ചിരിക്കുന്നു. നദി കൂടെത്തന്നെയുണ്ട്, സമയം പോലെ.

പുലർച്ചെ 3.30 നാണ് അതിർത്തിയിലിറങ്ങിയത്. അതിർത്തി കവാടം തുറന്നിട്ടില്ല. അഞ്ചു മണി കഴിയും. സാധനങ്ങൾ ഇറക്കി എല്ലാവരും ചായ കുടിച്ചു. അഞ്ചു മണിയോടു കൂടി അതിർത്തി കടന്നു. അധികം ദൂരമൊന്നുമില്ല, നമ്മുടെ മജീദിന്റെ പീടികയിൽ നിന്ന് കൃഷ്ണഭവനിലേയ്ക്ക് നടക്കുന്നതു പോലെ!!! WELCOME TO INDIA എന്ന ബോർഡ് സ്വാഗതം ചെയ്തു. വീട്ടിലേയ്ക്കെന്ന പോലെ!! അവിടെ Pandey Travels എന്ന മിനി ബസും, ഒരു ജീപ്പും കാത്തു നില്ക്കുന്നു. പുറപ്പെട്ടു, ഗോരഖ് പൂരിലേയ്ക്ക്(Gorakhpur). ഗോരഖ് പൂർ യു.പി. യിലാണ്. 110 കിലോ മീറ്റർ യാത്ര ചെയ്യണം. ക്ഷീണിച്ചതിനാൽ എല്ലാവരും ഉറങ്ങി. ഇടയ്ക്കെഴുന്നേറ്റപ്പോൾ ചുറ്റും പച്ച പിടിച്ച നെല്പാടങ്ങൾ മാത്രം. വഴിയിലൊരിടത്ത് ചായ കുടിക്കാൻ നിർത്തി. ഗോരഖ് പൂരെത്തിയപ്പോൾ സമയം 7.45 a.m. HOTEL MALKIN ന്റെ മുന്നിൽ ബസ് നിർത്തി എല്ലാവരും ഇറങ്ങി സ്റ്റേഷനിലേയ്ക്ക് നടന്നു. രണ്ടാം നമ്പർ പ്ലാറ്റ്ഫൊമിലെ ഭക്ഷണ ശാലയിൽ പ്രാതൽ കഴിച്ച് പിരിഞ്ഞു. ഇനി ഓരോരുത്തർക്കും വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകാം. Vaishali Express-ന്റെ എ.സി. കോച്ചിൽ ഞാനും, കൃഷ്ണാ ആര്യാലും പന്ത്രണ്ട് കുട്ടികളും ഇടം പിടിച്ചു. ഹാജിപൂരിലെയ്ക്കാണ് (Hajipur) യാത്ര. 250 കിലോ മീറ്റർ ദൂരം. അൽപനേരം ഉറങ്ങി.


ഉച്ചയ്ക്ക് രണ്ടര മണിയോടെ ഹാജിപൂരിലെത്തി. ബീഹാർ (Bihar). രണ്ടു വാഹനങ്ങളിലായി റോഡ്‌ മാർഗം പറ്റ്നാ റെയിൽവേ സ്റ്റേഷനിലേയ്ക്ക്. പത്തോ പതിനഞ്ചോ കിലോ മീറ്റർ ദൂരം വരും. ഡ്രൈവറോട് ധൈര്യപൂർവ്വം കയർത്തതിനാൽ സാമ്പത്തികമായി വലിയ പരിക്കൊന്നുമേൽക്കാതെ പറ്റ്നാ റെയിൽവേ സ്റ്റേഷനിലെത്തി (Patna Railway station). വൃത്തിയും, വെടിപ്പും തൊട്ടു തീണ്ടിയിട്ടില്ല. നല്ല തിരക്കുണ്ട്. waiting room-ൽ ലഗേജുകൾ ഇറക്കി വെച്ച് അല്പം വിശ്രമിയ്ക്കാൻ ശ്രമിച്ചു. തീരെ വൃത്തിയില്ലാത്തതിനാൽ അടുത്തുള്ള നളന്ദ എ.സി. ഭക്ഷണ ശാലയിൽ അഭയം തേടി. അടുത്ത ട്രെയിൻ രാത്രി ഒമ്പത് മണിയ്ക്കാണ്. അഞ്ചു മണിക്കൂർ കാത്തിരിപ്പ്!! നന്നേ വിശന്നതിനാൽ കുട്ടികൾ മത്സരിച്ച് ഭക്ഷിച്ചു. ഞാൻ പുറത്തിറങ്ങി അടുത്തുള്ള ഹനുമാൻ ക്ഷേത്രം നോക്കി നിന്നു. ദൂരങ്ങൾ അനായാസമായി താണ്ടിയ ജിതേന്ദ്രിയനായ സ്നേഹിതൻ, ശിഷ്യൻ, ഭക്തൻ. "മനോജവം മാരുത തുല്യ വേഗം...".

ഭക്ഷണ ശാലയിൽ ഞങ്ങൾക്ക് ഭക്ഷണം വിളമ്പിയ വെയിറ്റരോട് കയർക്കേണ്ടി വന്നു. പെരുമാറ്റത്തിൽ മര്യാദ കാണിയ്ക്കാൻ അവനെ കോപത്തോടെ പഠിപ്പിക്കേണ്ടി വന്നു.

ഒമ്പത് മണിയ്ക്ക് പട്നയിൽ നിന്ന് ഭാഗൽപൂരിലെ കഹല്ഗാവിലേയ്ക്ക്, കൽക്കത്ത വരെ പോകുന്ന പൂർബാഞ്ചൽ എക്സ്പ്രെസ്സിൽ കയറി. കുട്ടികളെ അവരവരുടെ സ്ഥാനത്ത് കിടത്തി ഞാൻ അല്പം മയങ്ങി. പക്ഷെ, നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല. ഇത് ബീഹാറാണ്, എന്തും സംഭവിയ്ക്കാം!! രാത്രി ഒന്നര രണ്ടു മണിയോട് കൂടി ഞാൻ ഉണർന്നിരുന്നു. ഭാഗൽ പൂരിൽ 1980 ൽ നടന്ന ആസിഡ് ആക്രമണത്തെപ്പറ്റി പ്രകാശ് ജ്ഹായുടെ "ഗംഗാ ജൽ" എന്ന സിനിമയിൽ പ്രതിപാദിയ്ക്കുന്നുണ്ട്.

ട്രെയിൻ കഹൽ ഗാവിലെത്താൻ പുലർച്ചെ മൂന്നു മണി കഴിയും. ഭാഗല്പൂർ എത്തിയപ്പോൾ കുട്ടികളെ വിളിച്ചുണർത്തി. ഏകദേശം നാല് മണിയോട് കൂടി സ്റ്റേഷനിൽ ഇറങ്ങി. നമ്മുടെ ചെറുവത്തൂരൊക്കെ പോലെ ഒരു ചെറിയ സ്റ്റേഷൻ. വേണ്ടത്ര വെളിച്ചമില്ല. ഓട്ടോക്കാരോട് പോകാനുള്ള സ്ഥലം ചോദിച്ചപ്പോൾ വലിയ തുക ആവശ്യപ്പെട്ടു. പെട്ടെന്നാണ് അടുത്ത് നിർത്തിയിരുന്ന NTPC യുടെ ബസ് ശ്രദ്ധയിൽ പെട്ടത്. കഹൽഗാവ് NTPC Township (Kahalgaon NTPC Township) ആണ്. അതിനകത്താണ് കേന്ദ്രിയ വിദ്യാലയം. ആ ബസിൽ കയറി. ഒരാൾക്ക് ഒരു രൂപ മാത്രം.

സെക്യൂരിറ്റി ഗാർഡ് താമസിയ്ക്കാനുള്ള ക്ലാസ് മുറി കാണിച്ചു തന്നു. കിടക്കയും, തലയിണയും മറ്റുമുണ്ട്. വേഗം കിടന്നുറങ്ങി. രാവിലെ എട്ടു മണിയോടുകൂടി ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. സ്കൂളിലെ പ്രിൻസിപ്പൽ ശ്രീ പാണ്ഡെ ഞങ്ങളെ സ്നേഹത്തോടെ എതിരേറ്റു.

ഞങ്ങളുടെ ടീമിന്റെ മത്സരം വൈകീട്ട് ആറ് മണിയ്ക്കെയുള്ളൂ. പ്രാതൽ കഴിച്ച് ഞങ്ങൾ മുറിയിൽ വന്ന് വിശ്രമിച്ചു. മൂന്നു ദിവസത്തെ മത്സരങ്ങൾ കഴിഞ്ഞ് പതിനൊന്നാം തീയതി ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടി തിരിച്ച് യാത്ര പുറപ്പെട്ടു. ഫൈനലിൽ ഞങ്ങളുടെ ടീം ആറ് പോയിന്റിനാണ് തോറ്റത്. മത്സര സമയത്തും മറ്റും ഞാൻ കാണിച്ച കായിക താല്പര്യം എന്നെ ടീമിന്റെ കൊച്ചാണെന്ന് വരെ പലർക്കും തോന്നിച്ചു. അമ്മയുടെ പരിശീലനത്തിൽ കപ്പുകളും, മെഡലുകളും നേടിയ കുട്ടികളെ ഓർത്തു. സ്കൂളിന് വേണ്ടി അമ്മയൊഴുക്കിയ വിയര്പ്പിന്റെ ഗന്ധം എന്റെ സ്കൂൾ കാലത്തെ സായാഹ്ന ഓർമയാണ്. അന്നൊക്കെ വൈകുന്നേരങ്ങളിൽ അമ്മ സ്കൂളിൽ നിന്നെത്തുമ്പൊഴെയ്ക്കും വീട് മുഴുവൻ ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കി, രണ്ടു കപ്പ് ചായയും ഉണ്ടാക്കി ഞാൻ കാത്തിരുന്നിരുന്നു. അമ്മ പഠിപ്പിച്ച ആ ശീലങ്ങൾ എത്ര വലിയ നന്മകളാണ്‌ എന്ന് എപ്പോഴും ഓർക്കുന്നു.


കൃഷ്ണ ജന്മാഷ്ടമി ദിവസം രാവിലെ രണ്ടു വണ്ടികളിലായി "വിക്രം ശില" യൂനിവേർസിറ്റിയുടെ അവശിഷ്ടങ്ങൾ സന്ദർശിച്ചു. പിന്നെ അവിടെ നിന്നല്പം മാറി ഉത്തര വാഹിനിയായ ഗംഗയുടെ കരയിൽ  "ജാനകി രാം" മന്ദിർ സന്ദര്ശിച്ചു. അച്ചടക്കമില്ലാതൊഴുകുന്ന ഭീകരമായ ഗംഗയുടെ കാഴ്ച വെള്ളപ്പൊക്കത്തിലൊടുങ്ങിയ വയലുകളുടെ പ്രതീതിയാണ് ഉണർത്തിയത്. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചതും, നൂറു കണക്കിന് അധ്യാപകർ വിദ്യ പകർന്നതുമായ എട്ടാം നൂറ്റാണ്ടിലെ ഒരു മഹത്തായ, ബൃഹത്തായ സർവകലാശാലയെ വിഴുങ്ങിയ സമയത്തിന്റെ നദിയെപ്പോലെ!! കാള വണ്ടിയും, കുതിര വണ്ടിയും, ഇഷ്ടിക നിർമാണ ശാലകളും, ഇഷ്ടിക വിദഗ്ധമായി മോഷ്ടിക്കുന്നവരും, പശുത്തൊഴുത്തുകളും, നഗ്നരായി തോടുകളിൽ എടുത്തു ചാടി നീന്തുന്ന കുട്ടികളും. യാത്ര റോഡിലൂടെ മാത്രമല്ല, ബീഹാറിന്റെ സിരകളിലൂടെയാണ്. റോഡിലൂടെ, പാളങ്ങളിലൂടെ ചക്രങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. മനസിന്റെ ചക്രങ്ങൾക്ക് വേർതിരിച്ച പാതകളില്ല. അവ സമയത്തിന്റെ നദിയെപ്പൊലെ, ത്രിശൂലിയെപ്പോലെ, ഗംഗയെപ്പോലെ സംസ്കാരങ്ങളിലൂടെ നിർവിഘ്നം, നിരന്തരം പ്രവഹിയ്ക്കുന്നു, സഞ്ചരിക്കുന്നു.

NTPC യിലെ സബ് എന്ജിനീയരായ ശ്രീ പ്രദീപ്‌ കുമാറിന്റെ ക്വാർട്ടെഴ്സിൽ പ്രാതലിന് എനിക്ക് ക്ഷണം ലഭിച്ചു. പ്രദീപ്ജിയുടെ ഭാര്യ ഒരുക്കിയ റവ ഇഡ്ഡലിയുടെയും, സാമ്പാറിന്റെയും രുചിയേക്കാൾ ഒട്ടും കുറഞ്ഞില്ല അദ്ദേഹത്തിന്റെ പിതാവിന്റെ നിരന്തര സംസാരത്തിലെ നിത്യ യൗവന ഊർജം. "കാന" യെ സ്വാഗതം ചെയ്തു കൊണ്ട് ഒരു ഭക്തി ഗീതം ആ കോളനിയിലെ ഉച്ച ഭാഷിണിയിൽ നിന്നുയർന്നത്‌ ഒരു മധുര യാദൃശ്ചികത. "കാന്ഹ" എന്നാൽ  സാക്ഷാൽ  ശ്രീ കൃഷ്ണൻ ആണല്ലോ ഉത്തരേന്ത്യയിൽ.

Township നകത്തെ Indian Coffe House ൽ കാപ്പിയും, മസാല ദോശയും കഴിച്ചതും, സെന്റ്‌ ജോസഫ്‌ സ്കൂളിലെ മലയാളി അദ്ധ്യാപകൻ എന്നെ കാണാൻ സ്കൂളിലെത്തിയതും കടുത്ത ചൂടുള്ള ബീഹാറിന്റെ കാലാവസ്ഥയിലെ സ്നേഹ വർഷമായിരുന്നു.

പതിനൊന്നാം തീയതി റെയിൽവേ സ്റ്റേഷനിലെയ്ക്ക് പോകാൻ ഒരു ബസ് പ്രിൻസിപ്പൽ സർ ഏർപ്പാടാക്കി തന്നു. കഹല്ഗാവ് സ്റ്റേഷനിൽ നല്ല തിരക്കുണ്ട്. ഹൌറ - പട്ന ഇന്റർ സിറ്റി എക്സ്പ്രസ്സ്‌ മൂന്നര മണിയോട് കൂടിയെത്തി. എ സി ചെയർ കാറിലായിരുന്നു ഞങ്ങളുടെ ബുക്കിംഗ്. എല്ലാ സീറ്റിലും ടിക്കറ്റില്ലാതെ ആളുകൾ കയറി ഇരിക്കുന്നു!!! കുട്ടികൾ അപേക്ഷിച്ചിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ ബലം പ്രയോഗിച്ച് എനിയ്ക്കത് ചെയ്യേണ്ടി വന്നു. ഭാഗൽ പൂരിലെത്തിയപ്പോൾ ഒരു കുട്ടിയുടെ ബന്ധു കൊടുത്തയച്ച ഭക്ഷണ സാധനങ്ങൾ ഞങ്ങളുടെ കോച്ചിന്റെ വാതിലിൽ ഞാൻ സ്വീകരിച്ചു.

പട്നയിൽ എത്തുമ്പോൾ രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. തീരെ സുരക്ഷിതമല്ല എന്ന് തോന്നിയ്ക്കുന്ന സ്ഥലം. ഒരു കുട്ടിയുടെ ബന്ധു രണ്ടു വാഹനങ്ങൾ ഞങ്ങൾക്കായി അയച്ചിരുന്നു. കാരണം പട്നയിൽ നിന്ന് രാത്രി തന്നെ ഹാജിപൂരിലെയ്ക്ക് റോഡ്‌ മാർഗം പോകേണ്ടതുണ്ട്. ഞങ്ങളെ നേരിടാൻ വന്ന ഒരു ഗുണ്ടാ സംഘത്തിന്റെ കയ്യിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നു പറയാം. ഹാജിപൂരിൽ എത്തിയത് രാത്രി പന്ത്രണ്ടര മണിയോടെയാണ്. ഗോരഖ് പൂരിലെയ്ക്കുള്ള ഞങ്ങളുടെ ട്രെയിൻ രാത്രി രണ്ടര മണിയ്ക്കാണ്. സ്ലീപ്പർ ക്ലാസിലാണ് ബുക്കിംഗ്. ഞങ്ങളുടെ ബെർത്തിൽ കിടന്നുറങ്ങുന്നവരെ ഉണർത്തി ഇടം പിടിച്ചു.

രാവിലെ എട്ടു മണിയോടടുത്താണ് ഗോരഖ്പൂരിൽ എത്തിയത്. മറ്റു ടീമുകളും, അധ്യാപകരും അവിടെ കാത്തു നിൽക്കുന്നു. ആശ്വാസമായി. പ്രാതലിനു ശേഷം 110 കിലോ മീറ്റർ ദൂരെയുള്ള സുനൌളിയിലേയ്ക്ക്. പതിനൊന്നരയോടെ സുനൌളിയിലെത്തി. ഊണ് കഴിച്ച് കാട്മണ്ടു വിലെയ്ക്കുള്ള ബസിൽ കയറി. അതിർത്തി കടന്ന് നേപ്പാളിലേയ്ക്ക്.


ബസിൽ മുഴങ്ങിയ നേപ്പാളി നാടൻ പാട്ടുകൾ വിദൂര പർവതങ്ങളെ അടുപ്പിച്ചു. കാലാവസ്ഥ തണുത്തു വന്നു. വീണ്ടും ത്രിശൂലിയും, സേതിയും സംഗമിച്ചു. കുന്നുകളിൽ മേഘങ്ങൾ പലയിടത്തായി തങ്ങി നിന്നു. "അത് ആന ചോറുണ്ടാക്കുന്നതിന്റെ പുകയാണ്" എന്ന് ഗൂഡലായിലെ ഉമ്മറത്ത്‌ വെച്ച മരപ്പത്തായത്തിന്റെ മുകളിലിരുന്ന് ഒരു മധ്യാഹ്നത്തിന്റെ ആലസ്യത്തിൽ അച്ഛൻ പറഞ്ഞതോർക്കുന്നു.

Kathmandu വിലെത്തിയപ്പോൾ രാത്രി ഒരു മണി. പ്രിൻസിപ്പൽ മാഡവും, ചില രക്ഷിതാക്കളും കാത്തു നില്ക്കുന്നു. എല്ലാവരെയും സുരക്ഷിത സ്ഥാനത്തെയ്ക്കയച്ച് വീട്ടിലേയ്ക്ക് നടന്നു. യാത്രയുടെ ഗന്ധമുള്ള വസ്ത്രങ്ങൾ പുറത്തെടുത്ത് ബാഗ് കാലിയാക്കി. ഉറങ്ങാൻ കിടന്നു.

കത്തെഴുതാം എന്ന് തോന്നി. നാട്ടിലെല്ലാവർക്കും സുഖമല്ലേ. അമ്മയുടെ കാലിന്റെ വേദന മാറിയോ? എല്ലാവരോടും അന്വേഷണം പറയുക.

തത്കാലം നിർത്തുന്നു .

                                         ------സന്തോഷ്‌ കുമാർ കാനാ

      (a travelogue from Nepal to Bihar in the form of a letter to parents)




Tuesday, December 9, 2014

പറയാതിനി വയ്യ (PARAYAATHINI VAYYA)


കേരളത്തിന്‌ വിവാദങ്ങളെ വലിയ ഇഷ്ടമാണ്. ഒരു പക്ഷേ, വിവാദങ്ങളിൽ മാത്രമാണ് അവിടെ പലരും ജീവൻ വെയ്ക്കുന്നത്. അമിത പ്രത്യയശാസ്ത്രവും, വിമർശനബുദ്ധിയും, കുറേ പഴഞ്ചൻ കാല്പനിക ചിന്തകളും, സ്വാഭിമാനത്തെക്കുറിച്ചുള്ള വികലമായ ധാരണകളും ഒരു വലിയ വിഭാഗം മലയാളിയുടെ മനസ്സിനെ രൂപെപ്പെടുത്തുന്നു. പശ്ചിമ ബംഗാൾ എന്നാൽ രാഷ്ട്രീയ പ്രഭുദ്ധതയെന്നും, കൽകട്ട എന്നാൽ മൃണാൾ സെന്നും, സത്യജിത് റായ് എന്നും, ഋത്വിക് ഘട്ടക് എന്നും ആത്മാർഥമായി, വികാരാവേശത്തോടെ വിശ്വസിക്കുന്ന ഈ വിഭാഗം ബംഗാളിലോ, കൽകട്ടയിലൊ ജീവിച്ച അനുഭവങ്ങളിൽ നിന്ന് ഉണ്ടാക്കിയ അഭിപ്രായങ്ങളല്ല ഇതൊന്നും.

ദാരിദ്ര്യത്തെ കാല്പനികമായി കണ്ട്, അതിനെ കുറിച്ചുള്ള ഉപരിപ്ലവ ചർച്ചകളിൽ സുഖം കണ്ട് സ്വന്തമായി രൂപപ്പെടുത്തിയ ഒരു അയഥാർത്ഥ സ്വത്വമുണ്ട് മലയാളിയ്ക്ക്. സ്വന്തം നാടിനോടും, സംസ്കാരത്തോടും പുച്ഛവും, അതേ സമയം അഭിമാനവും പ്രകടിപ്പിക്കുന്ന ഒരു ദ്വന്ദ്വ വ്യക്ത്വിത്വം. "തമിഴത്തി", "തെൽങ്കത്തി" എന്ന് മറ്റു ഭാഷക്കാരെപ്പറ്റി പറയുമ്പോൾ അതിലുള്ള പുച്ഛവും, വൃത്തിയും, വെടിപ്പിനെയും കുറിച്ചുള്ള ആഡ്യത്ത മനോഭാവവും വ്യക്തമാണ്. പ്രതിഭകൾ ദരിദ്രരോ, പരാജിതരോ (ആത്മഹത്യ ചെയ്തവരോ) ആയാൽ മാത്രമേ യഥാർത്ഥ പ്രതിഭകൾ ആകുന്നുള്ളൂ എന്നും ഒരു വലിയ പക്ഷം മലയാളിയും വിശ്വസിക്കുന്നു!!!

നമ്മുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾ പലതും നമ്മുടെ അനുഭവങ്ങളിൽ നിന്നും, ജീവിത സാഹചര്യങ്ങളിൽ നിന്നും ഉടലെടുത്തതല്ല എന്നതും, നാം തന്നെ ഈ കാല്പനിക വിഭ്രാന്തികളിൽ നിന്നും നമുക്കുമേൽ അടിച്ചേൽപ്പിച്ചതാണെന്നും കാലം ദുഖത്തോടെ വെളിപ്പെടുത്തുന്നു. ഗുജറാത്ത് എന്നാൽ അതിന് ഒരു രാഷ്ട്രീയ കളങ്കിത സ്വഭാവം മാത്രമേയുള്ളൂ എന്നും പല ആവർത്തി ഉച്ചത്തിൽ പറഞ്ഞ് നമ്മൾ നമ്മെത്തന്നെ വിശ്വാസങ്ങളുടെ തുറുങ്കിലടക്കുകയാണ്. അല്പം കൂടി സാവകാശത്തോടെ, അനുകമ്പയോടെ സംസ്കാരങ്ങളെയും, ഭാഷകളെയും, മനുഷ്യരെയും മനസ്സിലാക്കേണ്ടതുണ്ട്. കേരളം എപ്പോഴും എന്തോ ഒന്ന് ആവേശത്തോടെ, ക്രോധത്തോടെ പറഞ്ഞുറപ്പിയ്ക്കാൻ വെപ്രാളം പിടിച്ചു നില്ക്കുന്ന പോലെ !!! 

തമിൾ നാട്ടിൽ ഒരു വലിയ വിഭാഗം സാധാരണക്കാർ മലയാള സിനിമയെന്നാൽ "അശ്ലീല" സിനിമയാണെന്ന് വിശ്വസിക്കുന്നത് വേദനയോടെ ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്!! 

ഒന്ന് തീർച്ചയാണ്.. കേരളത്തിന്‌ അതിന്റെ സ്വാഭാവിക മാനസിക വളർച്ചയിൽ എവിടെയോ ഒരു തടസ്സം വന്നിട്ടുണ്ട്. എന്ത് കേവല വിഷയങ്ങളെയും, പ്രശ്നങ്ങളെയും ഉടനെ പരസ്യമായി ചർച്ച ചെയ്യുകയും, ഉച്ചത്തിൽ പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റേണ്ടിയിരിക്കുന്നു. പല സങ്കീർണമായ പ്രശ്നങ്ങളും അവഗണിക്കപ്പെടുന്നു എന്നു മാത്രമല്ല സ്വന്തം വ്യക്തിത്വത്തിന് സ്ഥായീ ഭാവം നഷ്ടപ്പെടുകയും ചെയ്യുന്നു.  ഒരു പാട് പ്രതികരിക്കുന്നത് അശാന്തമായ മനസ്സാണ്. അനുമോദനത്തിനും, അനുശോചനത്തിനും ഒരേ സ്വഭാവം ഉണ്ടാകുന്നത് ആതുരമായ സാംസ്കാരിക അവസ്ഥയാണ്. 

തമിൾ കവി സുബ്രഹ്മണ്യ ഭാരതി ഒരു രാത്രിയിൽ ഉറങ്ങാതെയിരുന്ന് കരയുന്നത് കണ്ട് മകളോടൊപ്പം വിശന്നുറങ്ങിയ ഭാര്യ എഴുന്നേറ്റു വന്ന് അതിശയത്തോടെ, പ്രതീക്ഷയോടെ കരയുന്നതിന്റെ കാരണം ചോദിക്കുന്നുണ്ട്. തന്റെ ഭർത്താവിന് സാഹിത്യവും, കലയും, സാമൂഹിക പ്രതിഷേധങ്ങളും അൽപ നേരം മാറ്റി വെച്ച് പട്ടിണിയാകുന്ന മകളെയും, ഭാര്യയേയും പറ്റി ചിന്തിച്ച് ദുഃഖം വന്നു എന്ന് സന്തോഷത്തോടെ പ്രതീക്ഷിക്കുന്ന അവർ ഞെട്ടലോടെ കേൾക്കുന്ന വാക്കുകൾ ഇവിടെ ചേർക്കട്ടെ : "നാൻ ഫിജി ദീവിൽ കഷ്ടപ്പെടറ മക്കള്കാകി ഒരു പാട്റെഴുതിയിട്ടിരിക്ക്" !!!!

                         ----സന്തോഷ്‌ കുമാർ കാനാ