My Strength

what do you like about this blog?

Wednesday, June 29, 2016

കാവൽക്കാർ (KAAVALKKAAR)


അന്നത്തെ മീറ്റിംഗിൽ വിഷയം
"ചൂലുകൾ എങ്ങിനെ സംരക്ഷിക്കണം" എന്നതായിരുന്നു
വിഷയം വന്ന വഴി
"മാലിന്യം കൊണ്ട് രക്ഷയില്ല" എന്ന പരാതിയിൽ നിന്നായിരുന്നു!!!!

ഓരോ ജോലിക്കാരനും ദിവസവും
ചൂൽ പരിശോധിക്കണം
കെട്ടഴിയാതെ നോക്കണം
ഒരു രെജിസ്റ്റരിൽ നിരീക്ഷണങ്ങൾ കുറിക്കണം

ഏറെ നേരം ക്യൂ നിന്ന്
മൂപ്പനിൽ നിന്ന് ആ രജിസ്റ്റരിൽ 
ഒപ്പ് വാങ്ങിക്കണം

അങ്ങിനെ രജിസ്റ്ററുകൾ വെക്കാൻ
അലമാര വാങ്ങി
അലമാരയുടെ താക്കോൽ സൂക്ഷിക്കാനൊരാളെ നിയമിച്ചു
ഓരോ ജോലിക്കാരനും വൈകുന്നേരം രജിസ്റ്റർ ഏല്പിച്ചാൽ
സൂക്ഷിപ്പുകാരന്റെ അടുത്തുള്ള രജിസ്റ്റരിൽ ഒപ്പ് വെയ്ക്കണം
താൻ രജിസ്റ്റർ എല്പിച്ചു എന്ന ഉറപ്പിന്
സൂക്ഷിപ്പുകാരൻ രജിസ്റ്റരും, അലമാര പൂട്ടി താക്കോലും  മൂപ്പനെ ഏല്പിക്കും
മൂപ്പന്റെ പക്കലുള്ള രജിസ്റ്റരിൽ ഒപ്പ് വെയ്ക്കും
എല്ലാം  ഏല്പ്പിച്ചു എന്നതിന്
മൂപ്പൻ ആ രജിസ്റ്റരും, താക്കോലും തന്റെ പക്കലുള്ള
അലമാരയിൽ വെക്കും
ആ അലമാര പൂട്ടി താക്കോൽ
മേശയ്ക്കുള്ളിൽ
മേശയുടെ താക്കോൽ ഒരു കവറിലിട്ട് സീൽ ചെയ്ത് ഒപ്പ് വെയ്ക്കും
പിന്നെ മുറിയുടെ താക്കോൽ കാവല്ക്കാരനെ എല്പ്പിക്കും
മൂപ്പൻ ഒരു രജിസ്റ്റരിൽ കാവൽക്കാരന്റെ ഒപ്പ് വാങ്ങും
താക്കോൽ കൊടുത്തതിന്!!!

എല്ലാ താക്കോലുകൾക്കും കാവലായി
മാലിന്യങ്ങളുടെ ദുർഗന്ധം സഹിച്ച്
കാവൽക്കാരൻ. 
                         -സന്തോഷ്‌ കാന



ഫേസ്ബുക്ക് "ചാറ്റൽ" (Facebook Chaattal)


രാപകലില്ലാതെ പച്ച നിറത്തിൽ തിളങ്ങി വിരസ ചാറ്റൽ
ഗന്ധർവ യാമങ്ങളിൽ നിശബ്ദമായി, ചെവിയിലോതും പോലെ ചില ചാറ്റൽ
ലിങ്ക്/ലിംഗ് പങ്ക് വെച്ച് സുരതാവേഗത്തോടെ ചാറ്റൽ
കുളത്തിൽ മൃദുലമായ് കല്ലെറിഞ്ഞ് ഉള്ളിൽ നുര പതഞ്ഞുയരുന്ന പ്രണയ ചാറ്റൽ
രണ്ടുപേർക്കിടയിൽ മാത്രം തിമിർത്തു പെയ്യുന്ന എക്സ്ട്രാ മാരിറ്റൽ ചാറ്റൽ
അടഞ്ഞ വാതിലിനു നേരെ വൃഥാ കല്ലെറിഞ്ഞുല്ലസിക്കുന്ന ഭോഗ ഭംഗ ചാറ്റൽ
അപരിചിത മുഖങ്ങളെ തൊട്ടറിയുന്ന മണ്ണിന്റെ ഗന്ധമുള്ള ചാറ്റൽ
നിർത്താതെ പെയ്യാനാശിച്ച് ഒന്നോ രണ്ടോ തുള്ളികളിൽ വറ്റിപ്പോയ ചാറ്റൽ
മുഖമില്ലാതെ പ്രണയിക്കുന്ന "മതിലുകൾ"ക്കപ്പുറത്തിപ്പുറത്തുള്ള ചാറ്റൽ
ചാറ്റൽ കൊണ്ടെൻ ബോക്സ്‌ നിറഞ്ഞു
മനസ് നിറഞ്ഞു
കവിഞ്ഞൊഴുകി കവല നിറഞ്ഞു
കണ്ണു നിറഞ്ഞു
താളുകൾ  നിറഞ്ഞു
വീണ്ടും ശബ്ദമായി
കവിതയായി
കാണാറായി
കേൾക്കാറായി
-----സന്തോഷ്‌ കാന








Wednesday, June 8, 2016

അടയാളങ്ങൾ (ADAYAALANGAL)


ഞാൻ വീണ്ടും ചെറിയ വാതിലുകളിലേയ്ക്കും
ജനാലകളിലേയ്ക്കും മടങ്ങും
ഒന്നുമുണർത്താൻ കഴിയാത്ത കാറ്റേറ്റ് ശൂന്യനായിരിക്കും. 

ചോര പതിഞ്ഞ ചുമരുകളും
എന്റെ പേര് മൈലാഞ്ചിയിൽ
പകർത്തിയ നിന്റെ കൈയുടെ ചിത്രവും
ഉണർത്തിയ നിശ്വാസങ്ങളും
തപ്ത പ്രേമ ധൂമങ്ങളും കെട്ടടയും
തുറന്ന വാതിൽ പോലെ ഞാൻ ബാക്കിയാവും.

പക്ഷെ ചിലപ്പോളെങ്കിലും
നിന്റെ ഓർമ്മകൾ, നിന്റെ നനുത്ത കൈകൾ
അടക്കി വച്ചൊരഗ്നിപർവതം പോലെ
എന്റെ നെഞ്ച് പൊട്ടിയൊഴുകും
എന്റെ കണ്ണുകളിൽ പ്രവഹിക്കും

ഓരോ ഇടനാഴിയിലും
സൂര്യന്റെ മാറുന്ന നിഴൽ കാഴ്ചകൾ പോലെ നീയുണ്ട്
നിന്റെ അഗ്രസ്തമായ ഭാവഭേദങ്ങളുണ്ട്
ഓരോ നിമിഷത്തിലും പരന്നു കിടക്കുന്ന സമയ വ്യാപ്തി പോലെ
നീയുണ്ട്
നിന്നിൽ പ്രച്ഛന്നമായി മാറാരോഗം പോലെ ഞാനുണ്ട്
നമ്മുടെ പ്രേമമുണ്ട്
പ്രണയം കൊണ്ട് രോഗിയാകുന്നതിൽ
കവിഞ്ഞ്
പ്രണയത്തിന് നൽകാനൊന്നുമില്ല
                      --സന്തോഷ്‌  കാന