My Strength

what do you like about this blog?

Sunday, July 9, 2017

Woh Apne Chehre Mein (ghazal) : my translation into Malayalam

वो अपने चेहरे में सौ आफ़ताब रखते हैं
इसीलिये तो वो रुख़ पे नक़ाब रखते हैं
वो पास बैठें तो आती है दिलरुबा ख़ुश्बू
वो अपने होठों पे खिलते गुलाब रखते हैं
हर एक वर्क़ में तुम ही तुम हो जान-ए-महबूबी
हम अपने दिल की कुछ ऐसी किताब रखते हैं
जहान-ए-इश्क़ में सोहनी कहीं दिखाई दे
हम अपनी आँख में कितने चेनाब रखते हैं 



                                       My translation of this ghazal into Malayalam:

അവൾ മുഖത്ത് നൂറു സൂര്യനെ സൂക്ഷിക്കുന്നു
അതാണവൾ മുഖം മറച്ചുപിടിക്കുന്നത്

അവൾ അടുത്തിരിക്കുമ്പോൾ പ്രണയത്തിന്റെ മാസ്മരിക സൗരഭ്യം പരക്കുന്നു
അവൾ ജീവൻ തുടിക്കുന്ന ആ ചുണ്ടുകളിൽ
വിടർന്ന പനിനീർ പുഷ്പം സൂക്ഷിക്കുന്നു

ഓരോ താളിലും നീ മാത്രമാണ് പ്രിയേ
എന്റെ ഹൃദയത്തിൽ ഞാൻ നീയെന്നൊരു പുസ്തകം സൂക്ഷിക്കുന്നു

പ്രണയത്തിന്റെ പുതു ലോകത്ത്ഞാൻ അവളെ കണ്ടുമുട്ടിയേക്കാം
അതിനായി ഞാനെന്റെ കണ്ണുകളിൽ എത്രയോ ചെനാബ് കൊണ്ടുനടക്കുന്നു
                                             --സന്തോഷ് കാനാ/santhosh kana
 
ചെനാബ്/ Chenab: reference to Sohni Mahiwal story.



Wednesday, July 5, 2017

കാല്പനികതയുടെ കെട്ടഴിക്കുമ്പോൾ : ശ്രീനിവാസൻ മലയാള സിനിമയിൽ ചെയ്യുന്നത്/Sreenivasan and his films


മലയാളിയുടെ പ്രശ്നങ്ങൾ ഉപരിപ്ലവമായ കാല്പനിക പ്രശ്നങ്ങൾ മാത്രമാണെന്നും, തീവ്ര ജീവിത യാഥാർഥ്യങ്ങൾ അവർക്ക് അന്യമാണെന്നും ശ്രീനിവാസന്റെ സിനിമകൾ (അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ) പറയുന്നു. മലയാളിയുടെ സ്വത്വാന്വേഷണം ധൈഷണിക ഇറക്കുമതി മാത്രമാണ്, അതൊരു ജീവിത പരിണാമത്തിന്റെ അടിയന്തിരാവസ്ഥയല്ല. മലയാളിക്ക് തിരിച്ചു പിടിക്കേണ്ടത് നഷ്ടപ്പെട്ട സ്വാഭാവികതയാണ്. അങ്ങിനെയൊരു സ്വാഭാവികതയുണ്ടോ എന്ന അന്വേഷണമെങ്കിലും നടത്തേണ്ടതാണ്. മലയാളിയുടെ സാംസ്കാരിക, കലാ-സാഹിത്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിലെല്ലാം ഈ കൃത്രിമത്വവും, വൈരുധ്യവും ഉണ്ടെന്ന് ശ്രീനിവാസന്റെ കഥകൾ, കഥാപാത്രങ്ങൾ കാണിച്ചു തരുന്നു. രണ്ടു സിനിമയിലെയും പ്രധാന കഥാപാത്രങ്ങൾ സഹജതയിൽ നിന്നും പലായനം ചെയ്യുന്നവരാണ്. സ്ഥായിയായി നില്കുന്നത് സ്ത്രീയും. 

ഒന്നിൽ സൗന്ദര്യത്തെയും, ദാമ്പത്യത്തെയും കുറിച്ചുള്ള അസ്വാഭാവികവും, വിവേക ശൂന്യവുമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന കഥാപാത്രത്തിന്റെ കോമാളിത്തരങ്ങൾ ആണെങ്കിൽ മറ്റേതിൽ സകല സാമൂഹിക-രാഷ്ട്രീയ-ആത്മീയ പ്രവർത്തനങ്ങളെയും കാല്പനികമായി സമീപിക്കുന്ന ആത്മബോധമില്ലാത്ത ഒരാളുടെ കോമാളിത്തരങ്ങളുടെ കഥയാണ്. തീവ്രമായ ജീവിതാനുഭവങ്ങളോ, സ്പഷ്ടവും, വിശാലവുമായ ജീവിത-ലോക കാഴ്ചപ്പാടുകളോ ഇല്ലാതെ കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സമൂഹത്തിന് നിരന്തരം വരുത്തുന്ന അപകടങ്ങൾക്ക് നേരെ "ടോർച്ച് ലൈറ്റ്" അടിക്കുകയാണ് അദ്ദേഹം. മറ്റു സാമൂഹിക വ്യവഹാരങ്ങൾപോലെ സിനിമയും നിർമ്മിച്ചെടുത്ത ആലങ്കാരിക-ആഢ്യ-കാൽപനിക നായക സങ്കൽപങ്ങളെ അസംസ്കൃതവും, നിർലജ്ജവുമായ ഭാഷയിൽ നൈസർഗികമായ മാനുഷിക അവിവേകങ്ങളുടെ നായകന്മാരെക്കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് ശ്രീനിവാസൻ. ഈ രണ്ടു സിനിമകളിലെയും നായകന്മാർ തിരിച്ചു വരുന്നത് സ്ത്രീയിലേക്കാണ്. സ്ത്രീയിൽ അലിഞ്ഞില്ലാതാകുന്ന പുരുഷന്റെ സ്വത്വം. കുതിച്ചു ചാടിയും, കുത്തിയൊഴുകിയും ഒടുവിൽ കടലിന്റെ ശാന്തതയിൽ ഒടുങ്ങുന്നത് പോലെ. 
എല്ലാ അറിവിന്റെ സാധ്യതകളെയും വിവരങ്ങളാക്കി സംഭരിക്കുകയും, സമാഹരിക്കുകയും ചെയ്യുന്ന ഒരു മനസ്സിന് ആത്മാവലോകനം എളുപ്പമല്ല. ശ്രീനിവാസന്റെ സിനിമകൾ ആത്മാർത്ഥമായ ആത്മാവലോകനത്തിനുള്ള ഘോഷണങ്ങളാണ്. ആത്മാവലോകനം എന്നതിവിടെ സവർണ്ണ ആത്മീയ സങ്കല്പമല്ല, മറിച്ച് കുലീന നാട്യങ്ങളിലൂടെ നാം സ്ഥാപിച്ചെടുത്ത സകല നിർമിതികളെയും തകർക്കലാണ്. പക്ഷെ, അദ്ദേഹം അത് ചെയ്യുന്നത് വിരസമായ ധർമ്മോപദേശത്തിലൂടെയോ, കണ്ടു പരിചയിച്ച കണ്ഠക്ഷോഭങ്ങളിലൂടെയോ അല്ല, സ്വയം വിശകലനത്തിന് പ്രേരിപ്പിക്കുന്ന നിശിത പരിഹാസങ്ങളിലൂടെയാണ്. സ്വന്തം സ്വത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ജാള്യതയോടെ, നിശബ്ദമായെങ്കിലും പ്രേരിപ്പിക്കുന്ന കറുത്ത ഹാസ്യത്തിന്റെ മർമഭേദകമായ ദംശനങ്ങളാണവ. 
                                        (giving a copy of this article to Sreenivasan)
മൂർത്തമായ വിഷയങ്ങൾ സിനിമയ്ക്കോ സാഹിത്യത്തിനോ വിഷയമാക്കുക എന്നത് താരതമ്യേന ശ്രമകരമായ ജോലിയല്ല. എന്നാൽ അമൂർത്തമായ വിഷയങ്ങളെയും, പ്രത്യക്ഷത്തിൽ ചലനാത്മകമായ വിവിധ വിഷയങ്ങളുടെ സ്ഥായിയായ അന്തർധാരകളെയും കണ്ടെത്തുക എന്നത് ശാശ്വതവും, അർത്ഥപൂർണവുമായ കലാ-സാംസ്കാരിക പ്രവർത്തനമാണ്. അതുകൊണ്ട് തന്നെയായിരിക്കാം ശ്രീനിവാസന്റെ കലാസൃഷ്ടികളിൽ എണ്ണം കൊണ്ടുള്ള ധാരാളിത്തമില്ലാത്തത്. "വടക്കു നോക്കി യന്ത്രവും", "ചിന്താവിഷ്ടയായ ശ്യാമളയും" തമ്മിൽ ഒമ്പത് വർഷങ്ങളുടെ ഇടവേള കാണാൻ കഴിയുന്നത്. ഈ ഇടവേളകളോ, ഇവയ്ക്ക് ശേഷമുള്ള നീണ്ട കാലങ്ങളോ സർഗാത്മക ക്ഷാമത്തിന്റെ കാലങ്ങളല്ല. സംഭവങ്ങളോ, വാർത്തകളോ മാറി മാറി വന്നേക്കാം പക്ഷെ ഇവയുടെയൊക്കെ കാരണമായ സ്രോതസിന് ഗണ്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണവ പറയുന്നത്. ശ്രീനിവാസൻ അഭിസംബോധന ചെയ്യുന്നത് ലക്ഷണങ്ങളെയല്ല, രോഗ കാരണങ്ങളെയാണ്. 
                                                                    ---സന്തോഷ് കാനാ/ santhosh kana