My Strength
what do you like about this blog?
Thursday, January 30, 2014
Thursday, January 23, 2014
തീവണ്ടി (THEEVANDI)
എല്ലാവരും വഴി മാറിക്കൊടുക്കേണ്ട ജന്മിയാണ് തീവണ്ടി
അച്ഛന്റെ നെഞ്ച് തകര്‍ത്തോടിയ
നീണ്ട ചോദ്യമാണവന് തീവണ്ടി
അച്ഛന്‍ ഏറ്റുവാങ്ങിയ ചക്രഗര്‍ജനം
നെഞ്ചിടിപ്പായി അവനെ അലട്ടുന്നു
ഗൃഹാതുരത്വത്തിന്റെ തുരുമ്പെടുക്കുന്ന
ഇരുമ്പിന്‍ മണമാണ് തീവണ്ടി
തിരിച്ചു വരവിന്റെ പ്രതീക്ഷയാണ് തീവണ്ടി
പതിവ് ശീലമാണ് തീവണ്ടി
നഷ്ടപ്പെട്ട ആല്‍ത്തറ ചര്‍ച്ചകളുടെ,
ഉദ്യോഗസ്ഥരുടെ, യാചകരുടെ, വില്പനക്കാരുടെ...
എല്ലാം കൂട്ടി യോജിപ്പിക്കലാണ് തീവണ്ടി
ചിലപ്പോള്‍ ശിരസ്സ് കാത്തിരിക്കുന്ന ഉടലാണ് തീവണ്ടി
ഒരേ സമയം മുന്നോട്ടും, പിന്നോട്ടുമുള്ള യാത്രയാണ് തീവണ്ടി
പാളങ്ങള്‍ എടുത്തുമാറ്റിയ സ്ഥലം
പല്ല് പോയ മോണയാണ്
നട്ടുച്ച വെയിലില്‍ പാടത്തിനപ്പുറത്ത് പായുന്ന തീവണ്ടി
പിരിയലിന്റെ വേദനയാണ്
തീവണ്ടിക്കൊരിക്കലും മോഡേണ്‍ ആകാന്‍ കഴിയില്ല!!
പാളം തെറ്റി കുതിക്കുന്ന തീവണ്ടി മദം പൊട്ടിയ ആനയാണ്
അതി വേഗത്തില്‍ പാഞ്ഞു വരുന്ന തീവണ്ടി
കഥകളിയിലെ ചുവപ്പു വേഷമാണ് , രൗദ്ര ഭാവമാണ്, ദുശ്ശാസനനാണ്
തീവണ്ടിയിലെ പരുക്കന്‍ വില്പന വിളികളില്‍ പാളത്തില്‍ ചക്രത്തിന്റെ ഉരസലുണ്ട്
പൊള്ളുന്ന കരിങ്കല്‍ക്കഷണങ്ങളില്‍ പൊള്ളുന്ന കണ്ണീരിന്റെ ഓര്‍മയുണ്ട്
ചുവന്ന ഗുഡ്സ് തീവണ്ടി മൂടിക്കെട്ടിയ ചരിത്രമാണ്
അതി രാവിലത്തെ തീവണ്ടിക്ക്
അമ്മാവന് ഉണ്ടാക്കിയ ചപ്പാത്തിയുടെ മണമാണ്
സന്ധ്യയ്ക്ക് നദി കടക്കുന്ന തീവണ്ടിയുടെ ശബ്ദം , ദൃശ്യം
ആത്മീയ യാത്രയാണ്
ഞാന്‍ താമസിച്ച വീടുകള്‍ക്കടുത്തൊക്കെ ഒരു തീവണ്ടിപ്പാതയുണ്ട്
എന്റെ കൂടെ എന്നുമുണ്ട് തീവണ്ടി
അവസാനിക്കുന്ന തീവണ്ടിപ്പാളങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല
അതൊരലട്ടുന്ന കാഴ്ചയായിരിക്കും !!!
---സന്തോഷ് കുമാര്‍ കാനാ
Thursday, January 2, 2014
നഷ്ടപ്പെട്ടത് (NASHTAPPETTATHU)
ഒരിക്കൽ വാക്കുകൾ എഴുതാൻ ഒരു ചുമരുണ്ടായിരുന്നു
ചന്ദനം തൊടാൻ ഒരു നെറ്റി
വിരൽ ചൂണ്ടിയാൽ ഭയക്കുന്ന തിന്മയുടെ നന്മ
പെട്ടെന്നുണങ്ങാത്ത പ്രണയ മുറിവുകൾ
കാത്തിരിപ്പിന്റെ ആശ്വാസ നിശ്വാസം
അല്പാല്പമായി ഇറ്റുവീണ അറിവിന്റെ സ്രോതസ്സിനോടുള്ള ആദരവ്
ഒന്നാകാൻ മാത്രമുള്ള കൂട്ടായ്മകൾ
ഊഞ്ഞാലാടാനൊരു മരക്കൊമ്പ്
കയ്യറിയുന്ന പണത്തിന്റെ ഓർമപ്പെടുത്തലുകൾ
മദ്യത്തിന്റെ ഹൃദയ സ്പർശം
വേഗത കുറഞ്ഞ മറവി
പണം മണക്കാത്ത മൈതാനം
കൈപ്പിടിക്കാൻ എന്തെങ്കിലുമൊന്ന്....
ഒന്നുകിൽ ഒരു തുണിസഞ്ചി, ഒരു നിലവിളക്ക്, ഒരു പതാക
ഒരു നീല ഞരമ്പോടിയ കൈ
പകച്ചു നിൽക്കുന്നു ഞാൻ
ഭ്രാന്തനായി,
ചെറുജീവിയായി.
-- സന്തോഷ് കുമാർ കാനാ
Subscribe to:
Posts (Atom)