ഒരു നടന്റെ ശരീരം കൃത്രിമമായ ആയാസ മുറകൾ കൊണ്ട് വടിവൊത്ത്
നിര്മിച്ചെടുക്കേണ്ടതല്ല. ഓരോ കഥാപാത്രവും, കഥയും, വികാരങ്ങളും അനായാസമായി
പ്രയാണം ചെയ്യേണ്ട പ്രദേശമാണത്. കുപ്പായമിട്ടാൽ ഒരു പ്രായവും, അഴിച്ചാൽ
മറ്റൊരു പ്രായവും ഒരു നടന്റെ ശരീരം കാണിച്ചു തരുന്നത് അങ്ങിനെയാണ്.
കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ ഇങ്ങനെ പ്രതിഫലിപ്പിക്കാൻ കഴിയുന്നത്
അത്ഭുതം തന്നെയാണ്. നെടുമുടി വേണു എന്ന നടൻ തന്റെ ശരീരം കൊണ്ടും, ശബ്ദം
കൊണ്ടും കഥാപാത്രങ്ങളിലേക്ക് നടത്തുന്ന യാത്രകൾ അദ്ദേഹം സിനിമയ്ക്ക് ഒരു
നടനെന്ന രീതിയിൽ നൽകുന്ന അതുല്യ
സംഭാവനയാണ്. അദ്ദേഹത്തിന് അംഗീകാരങ്ങൾ അർഹിക്കും വിധം ലഭിച്ചില്ല എന്ന
പരാതി ഇവിടെ ശക്തമായി രേഖപ്പെടുത്തട്ടെ.
കമൽ ഹാസന് ഏറ്റവും നല്ല നടനുള്ള
ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ നെടുമുടി വേണുവിന് ഒരു സ്പെഷ്യൽ ജൂറി
അവാർഡെങ്കിലും കൊടുക്കാമായിരുന്നു.
സർവീസിൽ നിന്നും വിരമിച്ച രാവുണ്ണി നായർ എന്ന അധ്യാപകനായി (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം) അദ്ദേഹം വാർദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥകളെയും, ഏകാന്തതയെയും വെറും മുപ്പത്തിഒമ്പത് വയസ്സുള്ളപ്പോളാണ് ഹൃദയഭേദകമായി
അഭിനയിച്ച് ഫലിപ്പിച്ചതെന്ന വസ്തുത ആ നടന്റെ അഭിനയ സാധ്യതകളുടെ വ്യാപ്തിയെ
അടയാളപ്പെടുത്തുന്നു. കാരുണ്യവും, ക്രൂരതയും ഒരു കഥകളി ആശാന്റെ ഭാവ
സൗന്ദര്യത്തോടെ മുഖത്തും ശരീരത്തിലും കൊണ്ടുവരാൻ അദ്ദേഹത്തിന് ചായങ്ങളുടെ ആവശ്യമില്ല.
--സന്തോഷ് കാനാ (santhoshkana)
1 comment:
Very true!!
Post a Comment