ആ കുന്നിൻ ചരിവിൽ എത്തിയപ്പോൾ എനിക്കാ സ്ഥലം അപരിചിതമായി തോന്നിയില്ല. വിശ്വനാഥനും, ഭാനുമതിയും, സഹോദരിമാരും, സ്വാമി വേലായുധയും, മുത്തശ്ശനും, മുത്തശ്ശിയും, ജോണിയുമൊക്കെ ജീവനോടെ ചുറ്റുമുണ്ടെന്ന് ആവർത്തിച്ച് തോന്നിപ്പിക്കുന്ന എഴുത്തിന്റെ മാസ്മരിക ശക്തി ലോഹിതദാസിന് സ്വന്തം. 1998-ൽ കന്മദം എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് ഈ ഭൂപ്രദേശവും, മനുഷ്യരും. രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. കന്മദത്തിന്റെ കഥാകാരൻ പഞ്ചഭൂതങ്ങളിൽ ലയിച്ചു. ഇന്നീ ജനുവരിയിൽ, മഞ്ഞുള്ള പ്രഭാതത്തിൽ ഈ പാറക്കെട്ടുകളുടെ താഴ്വരയിൽ എത്തിച്ചേരാനുള്ള നിയോഗം ഈ സ്ഥലത്തേക്കുള്ള ഒരു പ്രേക്ഷകന്റെ ആദ്യ യാത്രയാണെന്നത് എന്നെ ഏറെ സന്തോഷവാനാക്കുന്നു.
മെല്ലെ താഴ്വരയിൽ വെയിൽ പരക്കുന്നു, ശക്തമായ പാലക്കാടൻ കാറ്റ് വീശുന്നു. കൊല്ലക്കുടിയുടെ മുന്നിൽ നിന്ന് ഭാനുമതി ആരോടോ കയർക്കുന്നുണ്ട്. ദൂരെ വയലിനപ്പുറം മറ്റൊരു കുന്നിൽ സ്വാമി വേലായുധയുടെ വീട്ടിൽ വിശ്വനാഥൻ വേലായുധയോട് കുശലം പറയുന്നു.
അൽപനേരം ആ ചിന്തകളിൽ വ്യാപൃതനായി നിൽക്കുമ്പോഴേക്കും പിന്നിൽ നിന്നും ആരോ വിളിച്ചു. ആ താഴ്വാരത്തിൽ കാണാവുന്ന വീട്ടിലെ ചേട്ടനാണ്, പേര് സച്ചിദാനന്ദൻ. ശൂന്യമായ ആ കുന്നിൻ പുറത്ത് ആലോചനയിൽ മുഴുകി നിന്ന എന്നോട് അദ്ദേഹം ചോദിച്ചു, "കന്മദത്തിലെ വീടാണോ അന്വേഷിക്കുന്നത്? അതിന്നില്ല. എന്റെ വീടായിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു. ഇപ്പോഴതാ, ആ കാണുന്ന വീട്ടിലാണ് താമസം". ഞങ്ങൾ ആ കുന്നിൻ പുറത്തിരുന്നു. മുമ്പ് വയൽ വരെ സമമായി കിടന്ന താഴ്വാരമായിരുന്നു. ഇപ്പോഴവിടെ വലിയൊരു പാറമടയാണ്. ചുറ്റും തെങ്ങും, കവുങ്ങും ഇടതിങ്ങി നിൽക്കുന്നു. ഇന്ന് ഭാനുമതിയുടെ കൊല്ലക്കുടിയിൽ നിന്ന് നോക്കിയാൽ വിശ്വനാഥന്റെ വീട് കാണില്ല. ആ വീടും ഇന്നില്ല.
"ഈ മൂന്നു കുന്നുകളിലാണ് കന്മദത്തിലെ മുഖ്യമായ എല്ലാ രംഗങ്ങളും ചിത്രീകരിച്ചത്." എതിർ വശത്തുള്ള മറ്റൊരു പാറമേലേക്ക് ചൂണ്ടി സച്ചിദാനന്ദൻ ചേട്ടൻ ഓർമ്മകൾ പങ്കുവെച്ചു. "ഷൂട്ടിങ് സമയത്ത് ലാലേട്ടനും, മഞ്ജുവാര്യരും, മറ്റു നടീ നടന്മാരും, ആ ചിത്രത്തിന്റെ ഭാഗമായ എല്ലാവരും ഞങ്ങളെ ഏറെ സ്നേഹത്തോടെ, കരുതലോടെ കൂടെ നിർത്തി. ഞാനന്ന് കണ്ണൂരിൽ ജോലി ചെയ്യുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇവിടെ വരും. ഇന്നും ആ സിനിമ കാണുമ്പോൾ ഒരു കൂട്ടു കുടുംബത്തോടൊപ്പം അമ്പത് ദിവസം ചെലവഴിച്ച ഹൃദ്യമായ ഓർമ്മകൾ ഉണരും".
അൽപനേരം കുശലം പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. ഞാൻ എതിർവശത്തുള്ള കുന്നിൻ മേലേക്ക് പോയി. ഇവിടെയാണ് ആ സിനിമയിലെ ആദ്യ ക്ലൈമാക്സ് എന്ന് വേണമെങ്കിൽ പറയാം. ഒരു സന്ധ്യാ നേരത്ത് ഭാനുമതി ഇവിടെ വച്ച് വിശ്വനാഥനോട് തന്റെ ചേട്ടനെക്കുറിച്ച് ചോദിക്കുന്നു. അതുവരെ, വിശ്വനാഥനോടൊപ്പം പ്രേക്ഷകരും മനസ്സിൽ അടക്കിപ്പിടിച്ച ആ തിക്തമായ സത്യം വിശ്വനാഥൻ വെളിപ്പെടുത്തുന്നു, "ദാമു ഒരാക്സിഡന്റിൽ പെട്ട് മരിച്ചുപോയി". ഓരോ സായാഹ്നത്തിലും ആ താഴ്വരയിൽ വെന്തുരുകി കനലാകുന്ന സൂര്യനെ നോക്കി നെടുവീർപ്പിട്ട് ദാമുവിന് വേണ്ടി കാത്തിരിക്കുന്ന മുത്തശ്ശിയെപ്പോലെ എല്ലാ പ്രാരാബ്ധങ്ങൾക്കും ഒരു പരിഹാരമുണ്ടാകുമെന്ന ഭാനുമതിയുടെയും, കുടുംബത്തിന്റെയും പ്രതീക്ഷകൾ തകർന്ന് വീഴുന്ന നിമിഷം. മഞ്ജു വാര്യരുടെ മുഖത്ത് അതെല്ലാമുണ്ട്. ഭാവ തീവ്ര്യമായ ആ രംഗം ചിത്രീകരിച്ച ഈ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ കൊല്ലക്കുടി നിന്ന കുന്ന് കാണാം.
പിന്നീട് ഞാൻ പോയത് സ്വാമി വേലായുധയും, വിശ്വനാഥനും ജോണിയും താമസിച്ച വീട്ടിലേക്കാണ്. പക്ഷെ, ആ വീടിന്റെ തറ മാത്രമേയുള്ളൂ ഇന്ന്. അരികിൽ ഒരു ചെറു തോടുണ്ട്. അതിന് കുറുകെ ഒരു പാലം പോലെ വളഞ്ഞു നീണ്ടു നിൽക്കുന്ന ഒരു തെങ്ങും. സ്വന്തം അമ്മയെ കാണാനും, അറ്റുപോയ എല്ലാ ബന്ധങ്ങളെയും വിളക്കി ചേർക്കാനുമായി വിശ്വനാഥൻ പോകുന്നതിന് മുമ്പ് ഭാനുമതിയെ കാണുന്നത് ഈ തെങ്ങിനടുത്താണ്. കന്മദം എന്ന സിനിമയുടെ മറ്റൊരു സവിശേഷത അതിലെ മനം മയക്കുന്ന ഗാനങ്ങളും, അവയുടെ ചിത്രീകരണങ്ങളുമാണ്. 'മൂവന്തി താഴ്വരയിൽ..' എന്ന ഗാന രംഗത്ത് ഈ തെങ്ങിനടുത്ത് നിൽക്കുന്ന മഞ്ജുവിന്റെയും, ലാലേട്ടന്റെയും ദൃശ്യം ഓർത്തെടുക്കാൻ ഏതൊരു മലയാളിക്കും എളുപ്പം സാധിക്കും.
ഈ താഴ്വരയിൽ ഇന്നും മനുഷ്യ ബന്ധങ്ങളുടെ അനേകം സങ്കീർണ സമവാക്യങ്ങളെ ഉരുക്കിയെടുത്ത ഒരെഴുത്തുകാരന്റെ മനസിന്റെ അദൃശ്യമായ പണിപ്പുരയുണ്ടെന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. അതായിരിക്കാം കഥയുടെ ഭൂപ്രദേശങ്ങളിലേക്ക് ഒരു പ്രേക്ഷകനെ നയിക്കുന്നത്.
ആ താഴ്വാരത്തിൽ നിന്ന് ഞാൻ പിന്നെ പോയത് കരിങ്കൽ ക്വാറിയിലേക്കാണ്. ഇവിടെ നിന്ന് ഏറെ ദൂരമുണ്ട് കുമാരനെ അടിച്ചു പഞ്ചറാക്കിയ ശേഷം വിശ്വനാഥൻ താക്കീത് കൊടുത്ത് വിട്ട ആ കരിങ്കൽ ക്വാറി. ഇവിടെ പാറപൊട്ടിക്കൽ നിർത്തിയിട്ട് ഏറെ വർഷങ്ങളായി. പാറമടയിലൊക്കെ ധാരാളം വെള്ളമുണ്ട്. ആ പ്രദേശത്തിരുന്നാൽ ആദ്യം മനസ്സിൽ വരുന്നത് ജോണിയും, വിശ്വനാഥനുമാണ്. മോഹൻലാലും, ലാലും മത്സരിച്ചഭിനയിച്ച കഥാപാത്രങ്ങൾ. സ്നേഹരഹിതമായ ബാല്യത്തിന്റെ ഇരയാണ് ജോണി. അതുകൊണ്ടു തന്നെ കിട്ടുന്ന സ്നേഹത്തോട് വല്ലാത്ത പിടിവാശിയും. ജോണിയും, വിശ്വനാഥനും ചേരുമ്പോൾ ഒരു മനസ്സിൻന്റെ ചിത്രം പൂർണമാകുന്നു. ജോണിയില്ലാതെ വിശ്വനാഥനില്ല, വിശ്വനാഥനില്ലാതെ ജോണിയും.
കടുത്ത വേനലിലാണത്രെ കന്മദം ചിത്രീകരിച്ചത്. "കന്മദം ഉരുകുന്നത്ര ചൂടുള്ള സമയം" എന്നാണ് സച്ചിദാനന്ദൻ ചേട്ടൻ പറഞ്ഞത്. എത്ര അർത്ഥവത്തായ പേരാണ് ആ സിനിമയ്ക്ക് എന്ന് ചിന്തിച്ചപ്പോൾ എന്തോ ഒരു കുളിർമ. പ്രത്യക്ഷത്തിൽ പാറപോലെ പരുക്കരായ കുറച്ചു മനുഷ്യരുടെ ഉള്ളിൽ സൂക്ഷിച്ചു വെച്ച സ്നേഹത്തിന്റെ കന്മദം വിശ്വനാഥന്റെ വരവോടെ കണ്ടെത്തപ്പെടുന്ന ജീവിതഗന്ധിയായ കഥയാണ് കന്മദം. ലോഹിതദാസിന്റെ കഥകളും, കഥാപാത്രങ്ങളും ഇന്നും ജീവിക്കുന്നത് പച്ചയായ സ്വഭാവ രീതികൾ കൊണ്ടും, ജീവിതത്തിൽ വേരൂന്നി നില്കുന്നതുകൊണ്ടുമാണ്.
കന്മദം ലൊക്കേഷന് എന്തോ ഒരു അവാച്യമായ സൗന്ദര്യമുണ്ട്. വീട്ടിലെത്തി ആ ചിത്രം ഒരു തവണ കൂടി കണ്ടു. സ്നേഹത്തിന്റെ ആർദ്രത യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ലോകത്ത് വറ്റാത്തൊരു ജലാശയം പോലെ, കണ്ണിനും മനസ്സിനും കുളിർമയേകുന്ന മരുപ്പച്ച പോലെ ആ ജീവിതനാടകം വീണ്ടും അരങ്ങേറി. ഇതെല്ലാം കണ്ട് ധ്യാനനിരതനായ ഒരു യോഗിയെപ്പോലെ പുഞ്ചിരി തൂകി ആ പാലക്കാടൻ കുന്നുകളിലൊന്നിൽ ലോഹിതദാസ് ഇരുന്നു.
-- സന്തോഷ് കാനാ
(ലൊക്കേഷൻ വീഡിയോ കാണാൻ 'സന്തോഷ് കാനാ' എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുക)
രബീന്ദ്രനാഥ് ടാഗോറിന്റെ 'ഗീതാഞ്ജലി' ആദ്യമായി വായിക്കുന്നത് 1993 ലോ 1994 ലോ ആണ്. പയ്യന്നൂർ കോളേജിൽ (Payyanur College) പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ തീരുമാനമെടുത്ത സമയം. ആദ്യ വായനയിൽത്തന്നെ ആ പുസ്തകവുമായി പ്രണയത്തിലായി. എനിയ്ക്കന്ന് പ്രഭാത കൃത്യങ്ങൾക്ക് ശേഷം വിളക്കു വെച്ച് ഭഗവദ് ഗീതയിലെയും, ഉപനിഷദിലെയുമൊക്കെ ഒരു ശ്ലോകം വീതം വായിക്കുന്ന ദിനചര്യ ഉണ്ടായിരുന്നു. അക്കൂട്ടത്തിലേക്ക് ഞാൻ 'ഗീതാഞ്ജലി'-യെയും ചേർത്തു. മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞപ്പോൾ 'ഗീതാഞ്ജലി' ഹൃദിസ്ഥമായി. അതിലെ ഓരോ ഗീതകവും ഓരോ വായനയിലും പുതിയ ഉൾക്കാഴ്ചകളുടെ കാണാപ്പടവുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശ്രീ ജയകുമാർ ചെയ്ത ഗീതാഞ്ജലിയുടെ മലയാള വിവർത്തനം കാവ്യാത്മകമായ ഗദ്യത്തിന്റെ ആത്മീയ തലങ്ങളിൽ നിന്ന് അത്യുൽകൃഷ്ടമായ ആനന്ദം പകരുന്നു.
"എന്റെ ദൈവമേ, ഒറ്റ പ്രണാമത്തിൽ എന്റെ ഇന്ദ്രിയങ്ങളാകെ ചിറകു വിരിച്ച് അങ്ങയുടെ ചരണങ്ങളിലെ ഈ ലോകത്തെ സ്പർശിക്കട്ടെ.
പെയ്യാമഴയുടെ ഭാരത്താൽ ചാഞ്ഞ ആഷാഢ മേഘം പോലെ അങ്ങയുടെ വാതിൽക്കൽ എന്റെ ചിത്തമാകെ ഒരൊറ്റ പ്രണാമത്തിൽ കുമ്പിടട്ടെ" (ഗീതാഞ്ജലി-103)
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ദെബോശ്രീ എന്ന ബംഗാളി പെൺകുട്ടിയാണ് രബീന്ദ്ര സംഗീതത്തിന്റെ വിശാല ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോയത്. ഒരു വെക്കേഷനിൽ നാട്ടിൽ പോയി വന്നപ്പോൾ ഇന്ദ്രനീൽ സെൻ-ഉം, ലോപമുദ്ര മിത്രയും ആലപിച്ച രബീന്ദ്ര സംഗീതത്തിന്റെ കാസറ്റുകൾ എനിക്ക് സ്നേഹോപഹാരമായി അവൾ നൽകി. അതൊരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. രാമാനുജൻ ഹോസ്റ്റലിലെ അറുപതാം നമ്പർ മുറി വംഗ സംഗീതത്തിന്റെ മാസ്മരിക ഭാവം നിറച്ചതാസ്വദിക്കാൻ പലരും അതിഥികളായെത്തി. പ്ലാവിൻ തോട്ടത്തിലേക്ക് തുറക്കുന്ന മുറിയുടെ ജനാലയിലൂടെ ദൂരെ ബംഗാളിലെ ചുവന്ന ഗ്രാമ പാതകളും, കുളങ്ങളും ചാരുതയാർന്ന ഭാവനയുടെ മിഴിവുറ്റ ദൃശ്യങ്ങളായി തെളിഞ്ഞു വന്നു.
യൂണിവേഴ്സിറ്റിയിലെ 'ശങ്കര സ്വാമികൾ പെർഫോമിംഗ് ആർട്സ്' (SOPA) എന്ന നാടക വിഭാഗത്തിൽ ഒരു കൂട്ടം മലയാളികൾ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കാനെത്തിയത് എനിക്ക് നാടകത്തിന്റെ നൂതനാനുഭവങ്ങളിലേക്കുള്ള വാതായനങ്ങൾ തുറന്നു തന്നു. ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ' എന്ന നോവലിന് ദൃശ്യഭാഷ്യം നൽകപ്പെട്ടപ്പോൾ അതിൽ ബുദ്ധനായി അഭിനയിക്കാനുള്ള അസുലഭാവസരം ലഭിച്ചത് ഒരു നിയോഗമായി മാത്രമേ കാണാൻ കഴിയൂ. എന്നെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച പുസ്തകങ്ങളിൽ തീർച്ചയായും ഈ നോവൽ എന്നുമുണ്ട്. നാടകം അവതരിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ ആത്മാവും, ജീവവായുവും, ഊർജവുമായി ഓരോരുത്തരെയും സ്വാധീനിച്ചത് അതിൽ ഉപയോഗിച്ച 'ഷൊനാ ബൊന്ധുരെ...അമി തുമാർ നാം ലൊയിയാ കാന്തി' (പ്രിയ സ്നേഹിതാ, ഞാൻ നിന്നെ വിളിച്ച് കരയുന്നു) എന്ന ഭാട്ടിയാലി ഗാനമായിരുന്നു. ആ പാട്ടിന്റെ താളത്തിന്, ശബ്ദത്തിന് 'സിദ്ധാർത്ഥ' യിലെ അവിഭാജ്യ സാന്നിധ്യമായ നദിയെയും, അതിന്റെ രൂപ ഭാവഭേദങ്ങളെയും അതി ശക്തമായി സംവേദിപ്പിക്കാൻ കഴിഞ്ഞു. നാടകം കണ്ടവരും, കേട്ടവരും ദൂരെ മറ്റൊരു ദേശത്ത് പത്മാ നദിയിലൂടെ ഒരു തോണിയിൽ നിശബ്ദരായി മന്ദം മന്ദം ഇഴഞ്ഞു നീങ്ങി. ബംഗാളിനോടുള്ള എന്റെ അഭിനിവേശം ഇരട്ടിച്ചുവന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം ബംഗാൾ എന്നെ വിളിച്ചു. കൽക്കത്തയിൽ നിന്ന് 200 കി.മീ. അപ്പുറത്ത് ജാർഖണ്ഡിന്റെ അതിർത്തിയിൽ കൽക്കരി ഖനികളുടെ മണ്ണിലേക്ക്, റാണിഗംജ് (Raniganj).
"ഈ കൊച്ചു പുല്ലാംകുഴലിനെ അങ്ങ് കുന്നുകൾക്കും താഴ്വരകൾക്കും മേൽ സംവഹിച്ച്, ഇതിലൂടെ നിത്യനവങ്ങളായ രാഗങ്ങൾ ഊതിയുണർത്തുന്നു.
ആ കരങ്ങളുടെ അനശ്വര സ്പർശത്തിൽ എന്റെ ഈ കൊച്ചു ഹൃദയം അതിരറ്റ ആനന്ദത്തിൽ അവാച്യസ്വരങ്ങളുതിർക്കുന്നു" (ഗീതാഞ്ജലി-1)
ചുട്ടുപൊള്ളുന്ന ഒരുച്ചനേരത്താണ് ഇന്ത്യയിലെ കൽക്കരി ഖനനത്തിന്റെ ജന്മഭൂമിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലിക്ക് ചേരാൻ അമ്മാവനോടൊപ്പം എത്തിയത്. ദാമോദർ നദിക്കരയിലെ ഒരു ചെറു ഗ്രാമത്തിലായിരുന്നു ആ സ്കൂൾ. ആകെ നാലോ അഞ്ചോ കടകൾ മാത്രമുള്ള ഒരു ചെറിയ കവലയാണ് പശ്ചിമ ബർധമാൻ ജില്ലയിലെ ഈ ഉൾഗ്രാമത്തിലാകെ ഉണ്ടായിരുന്നത്. മൊണ്ഡൽ കുടുംബത്തിന്റെ മിഠായി കടയും, റൂജ് കുടുംബത്തിന്റെ ചായക്കടയും, ബൈദ്യനാഥ് മൊണ്ഡലിന്റെ പലചരക്ക് കടയും, ടെലിഫോൺ ബൂത്തും, സിറോക്സ്, സ്റ്റേഷനറി എന്നിവ ചേർന്ന ജിതേന്ദ്ര കുണ്ടുവിന്റെ കടയും തുടങ്ങി വളരെ ചെറിയ ഒരു ഗ്രാമം. ഗ്രാമത്തിന്റെ ഉൾഭാഗങ്ങിലേക്ക് പോയാൽ സത്യജിത് റേയുടെ സിനിമകളിൽ കണ്ട മുളങ്കൂട്ടങ്ങൾ, വീടിനോട് ചേർന്ന ചെറു കുളം എന്നിവ കാണാം. റാണിഗംജിൽ നിന്നും ഈ ഗ്രാമത്തിലേക്ക് വരുന്ന വഴി ഏഷ്യയിലെ തന്നെ ഏറ്റവും വലുതും, പഴയതുമായ സഡക്-എ-ആസം എന്നറിയപ്പെട്ടിരുന്ന ഗ്രാൻഡ് ട്രങ്ക് റോഡ് കടന്നിട്ടുവേണം വരാൻ.
ആ ഗ്രാമത്തിലെ എന്റെ വൈകുന്നേരങ്ങൾ ബംഗാളി പാട്ടുകളുടെയും, സാഹിത്യ ചർച്ചകളുടെയും നിത്യ സാന്നിധ്യം കൊണ്ട് സജീവമായി. ഈസ്റ്റേൺ കോൾ ഫീൽഡ്സ്-ൽ ജോലി ചെയ്തിരുന്ന രണ്ടു ജീവനക്കാർ, ഹരഥൻ ബാനർജിയും, അമിതാഭ് ബാനർജിയും എന്റെ ക്വാർട്ടേഴ്സ്-ൽ വന്ന് ബാംഗ്ള സ്നേഹത്തെ അതിശയത്തോടെ പ്രകീർത്തിച്ചു. ഞങ്ങളുടെ സായാഹ്ന നടത്തങ്ങളിൽ അവർ ബംഗാളിന്റെ ചരിത്രവും, സാഹിത്യവും, സിനിമയുമൊക്കെ എന്നോട് സ്നേഹത്തോടെ പങ്കുവെച്ചു. പിന്നെ, സന്ധ്യയ്ക്ക് ടെലിഫോൺ ബൂത്തിലെ ജിതേന്ദ്ര കുണ്ടുവിനോട് അൽപ നേരം സംസാരം. ടാഗോറിനെക്കുറിച്ചും (അദ്ദേഹം, പൊതുവെ ബംഗാളികൾ എല്ലാം, ടാഗോർ എന്നല്ല, ഠാക്കുർ എന്നാണ് ഉച്ചരിക്കുക. രബീന്ദ്ര ഠാക്കൂർ. 'ടാഗോർ' ഇംഗ്ലീഷ് ഉച്ചാരണത്തിലൂടെ വന്നതാണ്), ഹിന്ദി സിനിമകളെക്കുറിച്ചുമൊക്കെ ധാരാളം സംസാരിക്കാൻ ഇഷ്ടമുള്ള കുണ്ടുദാ നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഒരിക്കൽ സ്വന്തം വീട്ടിൽ സ്നേഹത്തോടെ അത്താഴത്തിന് എന്നെ ക്ഷണിച്ച് ഞാൻ കഴിച്ച് ക്ഷീണിക്കുന്നതുവരെ വിവിധതരം മിഠായികളും മറ്റുമായി എന്നെ സൽക്കരിച്ചു. എന്നെ 'മാസ്റ്റർ മൊഷായ്' എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. കുണ്ടുദായുടെ കടയിൽ ചെലവഴിച്ച സന്ധ്യകളും, വൈകിയ രാത്രിവേളകളും സംഗീതമയമാക്കാൻ ഇടയ്ക്കിടയ്ക്ക് വന്നെത്തിയിരുന്ന മൃണാൾ മാജി "അമായ് ഏക് ടു ജായ്ഗാ ദാവോ മായേർ മൊന്ദിരേ ബൊസി" (ഈ മന്ദിരത്തിൽ ഇരിക്കാൻ എനിക്ക് ചെറിയൊരിടം തരൂ, അമ്മേ) എന്ന ഭക്തിയും, കുറ്റബോധവും, കൃതജ്ഞതയുമൊക്കെ ചേർന്ന വികാരനിർഭരമായ ഗാനം പാടി കണ്ണീരൊഴുക്കിയ ഓർമ്മകൾ! ആ പാട്ട് എഴുതിയ പുളക് ബന്ദോപാധ്യായ് എന്ന പ്രശസ്തനായ ഗാന രചയിതാവ് ഹൂഗ്ലി നദിയിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്ത കഥയും അറിഞ്ഞു. കുണ്ടുദാ ഇടയ്ക്കിടെ ബംഗാളി ജാത്ര (ഫോക്ക് നാടകം)-യെക്കുറിച്ച് പറയുമ്പോൾ തന്റെ കസേരയിൽ നിന്നെഴുന്നേറ്റ് ചില നാടകരംഗങ്ങൾ അഭിനയിച്ചു കാണിക്കും. അതിലൊന്നായ 'മാ മാഠി മാനുഷ്' (ഇപ്പോൾ തൃണമൂലിന്റെ മുദ്രാവാക്യം) എന്ന ജാത്രയിലെ ഒരു ഡയലോഗ് കുണ്ടുദാ ശബ്ദ വ്യത്യാസത്തോടെ, ആവർത്തിച്ച് നാടകീയമായി അവതരിപ്പിക്കും,
"മായേർ ദൂദ് ഖാബെൻ, മാഠി ഥെക്കെ ഫസൽ തുൽബെൻ, മാനുഷ് മോദ്ധ്യേ വാസ് കോർബെൻ. കിന്തു മാ, മാഠി, മാനുഷേർ ഭാലോ ഭാഷാ കോർബെന. താ കോനു ഹോയ്?" (അമ്മയുടെ മുലപ്പാൽ കുടിച്ച്, മണ്ണിൽ പണി ചെയ്ത് , മനുഷ്യർക്കിടയിൽ ജീവിച്ച് ...അമ്മയെയോ, മണ്ണിനെയോ, മനുഷ്യനേയോ സ്നേഹിക്കാത്ത ആരെങ്കിലുമുണ്ടോ?)
ആ ചോദ്യത്തിന്റെ മാറ്റൊലി കൂടി ചേർത്തുള്ള അവതരണം ഞാനേറെ ആസ്വദിച്ചു. ശരീരഭാഷകൊണ്ടും, ശബ്ദം കൊണ്ടും, ഭാവം കൊണ്ടും ആ ചെറു കടയിലെ ഇടുങ്ങിയ ഇടം ഒരു ബൃഹദ് രംഗവേദിയാക്കി മാറ്റാൻ കുണ്ടുദായ്ക്ക് കഴിഞ്ഞു. അത്ഭുതസ്തബ്ധനായ പ്രേക്ഷകനായി ഞാനും.
കുണ്ടുദായുടെ കൂടെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ജാത്ര കാണാൻ പോയ രാത്രി ഇപ്പോഴും ഓർക്കുന്നു. വിക്ടർ ബാനെർജി അഭിനയിച്ച 'ബാബാ ഠാക്കുറെർ ലാഠി' എന്ന നാടകം. നിലാവുള്ള ആ അർദ്ധരാത്രിയിൽ വിശാലമായ നെൽപാടങ്ങൾക്കിടയിലൂടെ തിരികെയുള്ള യാത്രയിൽ കുണ്ടുദായുടെ സൈക്കിളിന്റെ പുറകിലുരുന്ന് ഞാൻ ഭൂപെൻ ഹസാരികയുടെ 'ഓ ഗംഗാ ബോയ്ച്ചോ കെനോ..'(ഗംഗാ, നീയെന്തിനാണ് ഒഴുകുന്നത്?) എന്ന പാട്ട് അതിന്റെ മുഴുവൻ വേദനയും, ദുഖവും ആവാഹിച്ച് അദ്ദേഹം പാടിയത് കേട്ട് വികാരഭരിതനായി. ഒരു നിമിഷം ബഹാദൂർപൂറിലെ ആ നെൽപാടങ്ങൾ അനന്ത വിസ്തൃതമായ ഗംഗയായി പരിണമിച്ചു.
ഭൂപെൻ ഹസാരിക പാടിയ 'അമി ഏക് ജാജബോർ', 'സബാർ ഹൃദയേ റൊബീന്ദ്രനാഥ്, ചേതന തേ നസ്റുൽ' എന്ന ഗാനങ്ങളും, രബീന്ദ്ര സംഗീതത്തിൽ ഹേമന്ത് മുഖോപാധ്യായ്, കണികാ ബന്ദോപാധ്യായ്,ദേബബ്രൊതോ ബിശ്വാസ്,ശ്രീകാന്തോ എന്നീ പാട്ടുകാരും, നസ്റുൽ ഗീതയിൽ മാനബേന്ദ്ര മുഖോപാധ്യായ്, ഭാട്ടിയാലിയിൽ ഹേമംഗോ ബിശ്വാസ്, അബ്ബാസുദ്ദിൻ അഹമ്മദ്, സോഗതോ, ലോക് ഗീതിയിൽ അമർ പാൽ, കാലിക പ്രസാദ് ഭട്ടാചാര്യ, ബാവുൾ സംഗീതത്തിൽ പൂർണോ ദാസ് ബാവുൾ, കാർത്തിക് ദാസ് ബാവുൾ, പാർവതി ബാവുൾ തുടങ്ങി ഒരു വലിയ ശേഖരം തന്നെ എന്റെ കയ്യിലുണ്ടായിരുന്നു. 'തൊബു മൊനെ രാഖോ' എന്ന പാട്ട് ടാഗോറിന്റെ തന്നെ ശബ്ദത്തിൽ കേട്ടത് ഏറെ അത്ഭുതപ്പെടുത്തി. നീണ്ട താടിയും, മുടിയുമായി യോഗിതുല്യമായ ആ ഗാംഭീര്യത്തിന് പ്രത്യക്ഷത്തിൽ ചേരുന്ന ശബ്ദമല്ല, അദ്ദേഹത്തിന്റെ ലോലവും, സ്ത്രൈണവുമായ ശബ്ദം. നസ്റുൽ ഗീതിയ്ക്ക് ഹിന്ദുസ്ഥാനി ഗസലുകളുടെ സ്വഭാവമാണ്. മാനബേന്ദ്ര മുഖോപാധ്യായ് പാടിയ 'കേനോ കാദെ പൊറാൺ കീ ബേദൊനാ'ഒരു ഗുലാം അലി ഗസൽ കേൾക്കുന്ന സുഖം നൽകും. അസൻസോളിനടുത്താണ് കാസി നസ്റുൽ തന്റെ ജീവിതം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമുള്ള ചുരുളിയ എന്ന സ്ഥലത്ത് ഓരോ വർഷവും സംഗീത പരിപാടികൾ നടക്കാറുണ്ട്. നസ്റുൽ വിപ്ലവ കവിയെന്നും, ബംഗാളിന്റെ ദേശീയ കവിയെന്നും അറിയപ്പെടുന്നു. ഭൂപെൻ ഹസാരികയുടെ പാട്ടിൽ പറയുന്ന വരികൾ ഇത് വ്യക്തമാക്കുന്നു,
"സബാർ ഹൃദോയെ റൊബിന്ദ്രനാഥ്, ചേതന തെ നസ്റുൽ" അതായത്
"രബീന്ദ്രനാഥ് എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നു, നസ്റുൽ ചേതനയിലും.
ഒരു കയ്യിൽ അഗ്നിവീണയും (നസ്റുൽ), മറ്റേ കയ്യിൽ ഗീതാഞ്ജലിയും (ടാഗോർ) ഏന്തി ഞങ്ങൾ ജീവിത പാതയിലെ വിഘ്നങ്ങളെ നേരിടുന്നു".
മിക്കവാറും എല്ലാ മാസങ്ങളിലും ഒന്നോ രണ്ടോ തവണ കൊൽക്കത്തയ്ക്ക് ഞാൻ പോകാറുണ്ടായിരുന്നു. റാണിഗംജിൽ നിന്ന് ട്രെയിനിലോ, ബസിലോ ആയിരുന്നു മിക്ക യാത്രകളും. ഡൽഹി-കൊൽക്കത്ത റൂട്ടിലാണ് റാണിഗഞ്ജ്, അതുകൊണ്ടുതന്നെ ട്രെയിനിൽ പൊതുവെ നല്ല തിരക്കായിരിക്കും. ഏറ്റവും പരിചിതമായ കാഴ്ച ഇതിലെ ഡെയിലി യാത്രക്കാരുടെ പെരുമാറ്റമാണ്. സ്ലീപ്പർ കോച്ച് മുതൽ തങ്ങൾക്ക് തോന്നിയ ഇടത്ത് കയറി ഇരുന്ന് 'ഞങ്ങൾ ഡെയിലി പാസ്സഞ്ചേഴ്സ്' ആണെന്ന് പറഞ്ഞു അനങ്ങാപ്പാറ പോലെയിരിക്കും. സീറ്റ് ബുക്ക് ചെയ്തവരിൽ ചിലർ ഇതിനെതിരെ പ്രതികരിക്കും, പിന്നെ ഒരു ടിപ്പിക്കൽ ബംഗാളി രീതിയിലുള്ള വഴക്ക് കാണാം. വടക്കേ ഇന്ത്യയിൽ കാണുന്ന പച്ചത്തെറികളോ, കയ്യേറ്റമോ കാണില്ല ഇവിടെ. ചിലപ്പോൾ വഴക്ക് യാത്ര മുഴുവൻ നീളും. ആ നിത്യജീവിതബഹളങ്ങളുടെ ആൾക്കൂട്ടത്തിലേക്ക് നിരർത്ഥകമായ അന്വേഷണങ്ങളെയും, ബന്ധങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് പെട്ടെന്നൊരു ബാവുൾ പ്രത്യക്ഷപ്പെടും. ഏക് താരയിലൂടെ ഏക സത്യത്തിന്റെ ദിവ്യസന്ദേശ ഗാനമാലപിച്ചുകൊണ്ട്:
"ഏക് ദിൻ മാട്ടിർ ഭിതോരെ ഹൊബേ ഘൊർ ...."(ഒരിക്കൽ ഈ മണ്ണിനടിയിലായിരിക്കും നിന്റെ വീട്)
ബംഗാളിലെ ലോക്കൽ ട്രെയിനുകളിലെ യാത്ര അനുഭവിച്ചറിയേണ്ടത് തന്നെയാണ്. ഒരു സാധാരണക്കാരന്റെ സൂപ്പർമാർക്കെറ്റ് പോലെയാണത്. ഉടുപ്പുകളും, കളിപ്പാട്ടങ്ങളും, സോപ്പും, ചീപ്പും, കണ്ണാടിയും തുടങ്ങി നിരവധി സാധന സാമഗ്രികളുമായി വില്പന നടത്തുന്ന ധാരാളം പേർ. ചനാചൂർ, കടുകെണ്ണ, പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത മുരിയുടെ സ്വാദറിയാത്ത ബംഗാൾ ജീവിതം അപൂർണമെന്ന് നിസ്സംശയം പറയാം. ബംഗാളിന്റെ മധുര മുഖമുദ്രയായ റൊസോഗുലയും, ഷൊന്ദേശും, രസ്മലായിയുമൊക്കെയായി പരിണമിക്കാൻ 'ഛെന' ഈ ലോക്കൽ ട്രെയിനുകളിലാണ് വിവിധ ഗ്രാമങ്ങളിൽ നിന്നും കൊല്കത്തയിലേക്കെത്തുന്നത്.
വയനാട് ജില്ലയിൽ വയനാട് എന്നൊരു സ്ഥലമില്ല എന്ന പോലെ കൊൽക്കത്തയിൽ കൊൽക്കത്ത എന്ന റെയിൽവേ സ്റ്റേഷൻ ഇല്ല, ഉള്ളത് ഹൂഗ്ലി നദിക്കിപ്പുറം ഹൗറ സ്റ്റേഷനും, നദിക്കപ്പുറത്ത് മുഖ്യമായും വടക്കൻ ബംഗാളിലേക്കും, ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ട്രെയിൻ സർവീസ് ഉള്ള സിയാൽദാ സ്റ്റേഷനും. രണ്ടിടത്ത് പോയാലും നമ്മുടെ നാട്ടിലെ ഒരു പെരുങ്കളിയാട്ടത്തിനുള്ള ആൾത്തിരക്ക് അനുഭവിച്ചറിയാം. അതൊക്കെയാകട്ടെ, പക്ഷെ, നിങ്ങൾക്കൊരിക്കലും ബംഗാളിനെ വെറുക്കാൻ കഴിയില്ല. പ്രത്യക്ഷമായ കോലാഹലത്തിന്റെ അടിയൊഴുക്കായി സന്തോഷവും, സംതൃപ്തിയും, ശുഭാപ്തി വിശ്വാസവുമുള്ള ഒരു ജനതയാണ് ബംഗാളികൾ. മറ്റു നഗരങ്ങളുടെ മാത്സര്യങ്ങളില്ലാത്ത പ്രശാന്തമായ ഒരു മനസ്സുണ്ട് കൊൽക്കത്തയ്ക്ക്. ട്രാമിന്റെയും, ഹൂഗ്ലിയ്ക്ക് കുറുകെ പോകുന്ന തീവണ്ടിയുടെയും വിളംബിത താളമാണ് ആ ജനജീവിതത്തിന്.
ഒരിക്കൽ സിയാൽദായിൽ നിന്ന് ലോക്കൽ ട്രെയിനിൽ അതിരാവിലെ ഞാൻ റാണി ഗംജിലേക്ക് വരാനായി നൈഹാട്ടി വഴി ബാൻഡേലിൽ എത്തി. ഏകദേശം രാവിലെ ഏഴുമണിയോടടുത്ത് ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് എന്ന ഹൗറ-ധൻബാദ് ട്രെയിനിൽ കയറിയാൽ ഏകദേശം ഒമ്പതരയോടടുത്ത് റാണിഗംജിൽ എത്താം. സെക്കന്റ് ഹാഫ് ജോലിക്ക് കയറുകയും ചെയ്യാം. ഞാൻ പലതവണ അങ്ങിനെ യാത്ര ചെയ്തിട്ടുള്ളതാണ്. വേഗത കൊണ്ടും, സമയ സൗകര്യം കൊണ്ടും ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് ഈ റൂട്ടിലെ ഏറ്റവും അധികം ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനാണ്. ബാൻഡേലിൽ പതിവുപോലെ ഞാൻ ബ്ലാക്ക് ഡയമണ്ടിനായി കാത്തു നിന്നു. ട്രെയിൻ അല്പം നേരത്തേ വന്നു. തിരക്ക് കുറവാണ്. ഞാൻ ഒരിടത്തിരുന്നു. നല്ല കുളിരുള്ള കാറ്റ് കൊണ്ട് ഞാൻ ഒന്ന് മയങ്ങിപ്പോയി. ഉണർന്നപ്പോൾ സ്ഥലം ബർധമാൻ ജംഗ്ഷൻ. ഇനിയും ഒരു മണിക്കൂറിനടുത്തുണ്ട്. വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. അൽപനേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ പരിചിതമായ സ്ഥലങ്ങളോ, സ്റ്റേഷനുകളോ കാണാൻ കഴിഞ്ഞില്ല! ഒരു ഞെട്ടലോടെ ഞാൻ അടുത്തിരുന്ന ആളിനോട് ചോദിച്ചു, ഇതെന്താ, പുതിയ റൂട്ട് ആണോ? അദ്ദേഹം പറഞ്ഞു, അല്ല ഇത് ബർധമാനിൽ നിന്ന് മാറി ബോൽപൂർ വഴി അസിംഗംജിലേക്ക് പോകുന്ന ഗണദേവത എക്സ്പ്രസ്സ് ആണെന്ന്. എനിക്കൊന്നും മനസിലായില്ല, ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് ബാൻഡേലിൽ എത്തുന്ന സമയത്തോടടുത്താണ് ഗണദേവതയും എത്തുന്നത്, അതുകൊണ്ട് തന്നെ ഇത്തരം അബദ്ധങ്ങൾ സംഭവിച്ച എന്റെ പിന്മുറക്കാരെക്കുറിച്ച് അദ്ദേഹം പറഞ്ഞു തന്ന് ചിരിച്ചു. മനസ്സിൽ തരുൺ മജുൻദാർ സംവിധാനം ചെയ്ത പ്രശസ്തമായ 'ഗണദേവത' എന്ന സിനിമ ഒരു നിമിഷം മിന്നിമാഞ്ഞു. സഹയാത്രികനായ 'ബൊദ്രോലോക്' പറഞ്ഞു തന്നത് പോലെ ബോൽപൂരിൽ ഇറങ്ങാൻ തീരുമാനിച്ചു. എന്തായാലും റാണിഗംജിൽ എത്തി ഇന്ന് ജോലിക്ക് പോകാൻ കഴിയില്ല, റോഡ് മാർഗം പോകാൻ രണ്ടുമണിക്കൂറിലധികം വേണം, ട്രെയ്നിലാണെങ്കിൽ തിരിച്ച് ബർധമാനിൽ പോയി അവിടെനിന്ന് വീണ്ടും മെയിൻ ലൈനിൽ അടുത്ത വണ്ടി പിടിക്കണം, അതിനിതിനേക്കാളും സമയം എടുക്കും. സ്നേഹത്തോടെ മൺ പാത്രത്തിൽ ഒരു ചായ കുടിച്ച് ഞങ്ങൾ പിരിഞ്ഞു. അപ്പോഴേക്കും അടുത്ത പരിപാടിക്കുള്ള പദ്ധതി തയാറായിരുന്നു എന്റെ മനസ്സിൽ. ബോൽപൂർ ബംഗാളിന്റെയും, ഇന്ത്യയുടേയും ഭൂപടത്തിൽ തലയുയർത്തി നിൽക്കുന്നത് രബീന്ദ്രനാഥ് ടാഗോറിന്റെ 'ശാന്തി നികേതൻ'-ന്റെ പേരിലാണ്. ഇന്നത്തെ ദിവസം ശാന്തി നികേതൻ കാണാം, ഈ അറിയാതെ വന്ന ഭാഗ്യം തുറന്ന മനസ്സോടെ സ്വീകരിക്കാം. ജീവിതം അങ്ങനെയാണ് പലപ്പോഴും, നമ്മുടെ അബോധ മനസ്സിന്റെ ആഴങ്ങളിൽ നമ്മൾ കരുതി വെച്ച ചില ആഗ്രഹങ്ങളെയും, ബന്ധങ്ങളെയും തികച്ചും അപ്രതീക്ഷിതമായ രീതിയിൽ കാലത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തിൽ ആകസ്മികമായി മുന്നിൽ കൊണ്ട് നിർത്തും. അപരിചിതമായ ഒരാൾക്കൂട്ടത്തിൽ പരിചിതമായ ഒരു മുഖം തെളിഞ്ഞുവരുന്നതുപോലെയാണത്. എത്രയോ വർഷങ്ങൾ ഗീതാഞ്ജലിയിലൂടെ, രബീന്ദ്ര സംഗീതാസ്വാദനത്തിലൂടെ നടത്തിയ യാത്രകൾക്ക് പുതിയൊരൂർജം പകരാനും, ലക്ഷ്യം നൽകാനും കിട്ടിയ ഈ അവസരം നന്ദിയോടെ ഞാനോർത്തു.
"ബസൊന്തോ ആജ് ഉഛാഷേ ബിലാഷേ ഏലോ അമാർ ബാതായോനെ..."
"ഇന്നിതാ വസന്തം എന്റെ ജനാലയ്ക്കരികിൽ നിശ്വാസങ്ങളും, മർമരങ്ങളുമായി വന്നണഞ്ഞു. പൂമ്പാറ്റകളിതാ പുഷ്പിതവനികയിൽ അവരുടെ സംഘഗാനം മുഴക്കുന്നു.
അങ്ങയോട് മുഖാമുഖമിരുന്ന് ഈ മൗനത്തിന്റെ തുളുമ്പുന്ന വിശ്രാന്തിയിൽ ജീവിത സമർപ്പണ ഗാനം ആലപിക്കേണ്ട മുഹൂർത്തമാണിപ്പോൾ" (ഗീതാഞ്ജലി-5)
തപൻ ദാസിന്റെ സൈക്കിൾ റിക്ഷയിൽ വിവിധ തരം ഹാൻഡിക്രാഫ്റ്റ് കടകൾ ഇരുവശവും അലങ്കരിക്കുന്ന വീഥിയിലൂടെ യാത്ര തുടങ്ങിയതേയുള്ളൂ, ഒരത്ഭുതകരമായ കാഴ്ച കണ്ടു. മണ്ണിൽ സ്വന്തം തല പൂഴ്ത്തിവെച്ച് ചമ്രം പടഞ്ഞിരുന്ന് ധ്യാനിക്കുന്ന ഒരു യോഗിയെ. ശ്രീ രാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും ജീവ ചരിത്രങ്ങൾ വായിച്ച സമയത്ത് ബംഗാളിൽ ഗംഗയുടെ തീരത്തുള്ള അത്ഭുതസിദ്ധിയുള്ള സന്യാസിമാരെക്കുറിച്ച് വായിച്ചതോർത്തുപോയി.
മനുഷ്യന്റെ ധൈഷണികവും, വൈകാരികവും, ആത്മീയവുമായ വളർച്ച പ്രകൃതിയിൽ സമന്വയിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന ദർശനം സാക്ഷാത്കരിക്കുന്ന ഒരു ജീവിത-വിദ്യാഭ്യാസ രീതിക്ക് തുടക്കമിട്ട ടാഗോറിന്റെ ലോക സങ്കല്പത്തിലേക്ക്, ശാന്തിനികേതനിലേക്ക്. ധാരാളം വൃക്ഷങ്ങൾ കൊണ്ട് സമ്പന്നമായ ആ തപോവനത്തിൽ മരച്ചുവട്ടിൽ അധ്യാപനം നടക്കുന്നു, വാകപ്പൂക്കൾ പരവതാനി വിരിച്ച വഴിയിൽ കമിതാക്കൾ കൈകോർത്ത് നടക്കുന്നു, ബുദ്ധന് ബോധോദയത്തിന് ശേഷം ഭക്ഷണം നൽകിയ സുജാതയുടെ ശിൽപം രാംകിങ്കർ ബൈജിന്റെ പ്രശസ്തമായ അനേകം ശില്പങ്ങളിലൊന്നായി നിറഞ്ഞു നിൽക്കുന്നു.....ശാന്തി നികേതൻ കലയുടെയും, സംഗീതത്തിന്റെയും, ഫിലോസോഫിയുടെയും, പ്രണയത്തിന്റെയും, പ്രകൃതിയുടെയും, സാഹിത്യത്തിന്റെയും യാഥാർത്ഥവും, പ്രതീകാത്മകവുമായ ഒരു സംഗമമാണ്, വെറുതെയല്ല ഈ സാർവദേശീയ സങ്കൽപ്പത്തിന് വിശ്വഭാരതി സർവകലാശാല എന്ന പേര് നൽകിയത്. ഓരോ വർഷവും ശാന്തി നികേതനിൽ വൃക്ഷതൈകൾ നടുന്ന വിപുലമായ ചടങ്ങുണ്ട്. ടാഗോർ ദേശ ദേശാന്തരങ്ങളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷങ്ങൾ ഇന്നും ആ കാമ്പസിൽ തലയുയർത്തി നില്കുന്നു. അദ്ദേഹം തുടങ്ങി വെച്ച 'ബ്രിക്ഷാരോപണ ഉത്സബ്' ഇന്നും അതിന്റെ എല്ലാ പ്രൗഢിയോടെയും പിന്തുടരുന്നു. അങ്ങിനെയൊരു ഉത്സവകാലത്ത് ടാഗോർ എഴുതിയ കവിതയാണ് 'ബ്രിക്ഷ ബന്ദന' (In Praise of Trees). സാന്താൾ വിഭാഗത്തിൽ പെട്ട ഗ്രാമീണരുമായി ചേർന്ന് കാർഷിക സംസ്കാരത്തിന്റെയും, കരകൗശല വിദ്യയുടെയും സാധ്യതകൾ ഉൾപ്പെടുത്തി 'ഹലാകർഷൺ' എന്ന ഉത്സവവും നടത്താറുണ്ട്, ശ്രീനികേതനിൽ. ശാന്തിനികേതനും, ശ്രീനികേതനും ഒത്തു ചേരുന്നതാണ് വിശ്വഭാരതി. 'സംഗീത ഭവന' യുടെ പരിസരത്തു നിന്നപ്പോൾ അത്യന്തം ഹൃദയസ്പർശിയായ ശബ്ദത്തിൽ ആ പാട്ട് ഒഴുകി വരുന്നതുപോലെ തോന്നി,
"അമി മാരെർ ഷാഗോർ പാഡി ദെബോ ഗോ..."
(സംഘർഷങ്ങളുടെ ഈ കടൽ എന്റെ നിർഭയമായ കൊച്ചുതോണിയിൽ ഞാൻ താണ്ടും")
രബീന്ദ്ര സംഗീതത്തിലെ വാനമ്പാടിയെന്നും, ആശ്രമ കന്യാ എന്നും അറിയപ്പെട്ട കണികാ ബന്ദോപാധ്യായുടെ ശബ്ദം. ടാഗോറിൽ നിന്നും നേരിട്ട് സംഗീതം പഠിക്കാൻ ഭാഗ്യം ലഭിച്ച അവരെ സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത് 'മൊഹോർ' അഥവാ സ്വർണ നാണയം എന്നാണ്.
"കൃഷ്ണകലി അമി താരൈ ബോലി" എന്ന ടാഗോറിന്റെ കവിത ബംഗാളിയിൽ എഴുതിയ ഒരു കുർത്ത വാങ്ങി, നാടൻ ബംഗാളി ഭക്ഷണം കൂടെ കഴിച്ചിട്ടാണ് റാണിഗംജിലേക്ക് ബസ് കയറിയത്. വൈകുന്നേരത്ത് സുഖാന്വേഷണത്തിനിടയിൽ ഒറീസ്സക്കാരനായ സഹപ്രവർത്തകൻ മൊഹന്തി സാറിനോട് എന്റെ വഴി തെറ്റിയ യാത്രയെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "അത് രബീന്ദ്രനാഥിന്റെ ക്ഷണം ആയിരുന്നു, ചിലപ്പോൾ ചില വഴിതെറ്റിയ യാത്രകൾ പുതിയ ലക്ഷ്യത്തിലേക്കുള്ള വാതിലുകളാണ്". അന്നത്തെ സായാഹ്ന യാത്രയിൽ മണ്ണിലും, മാനത്തും, മനസ്സിലും, സകല ചരാചരങ്ങളിലും അജ്ഞേയമായ ഒരു മാസ്മരിക സാന്നിധ്യത്തിന്റെ ശക്തി ഞാൻ വീണ്ടുമറിഞ്ഞു.
"ജനനത്തിലൂടെയും, മരണത്തിലൂടെയും, ഈ ലോകത്തും പരലോകങ്ങളിലും അങ്ങെന്നെ എവിടെയെല്ലാം ആനയിച്ചാലും ആനന്ദത്തിന്റെ ചരടുകളാൽ എന്റെ ഹൃദയത്തെ അപരിചിതത്വങ്ങളുമായി ബന്ധിപ്പിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളിലെ എന്റെ ഏക നിതാന്ത സ്നേഹിതൻ അങ്ങുമാത്രമാണല്ലോ" (ഗീതാഞ്ജലി-63)
വർഷങ്ങൾ ഏറെ കഴിഞ്ഞു. നേപ്പാളിൽ ജോലി ചെയ്യുന്ന കാലത്ത്, 2013 ൽ ഇന്ത്യൻ എംബസ്സിയുടെ സാംസ്കാരിക പരിപാടികളുടെ വിഭാഗത്തിൽ നിന്നും അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ വന്നു. അടുത്ത ദിവസം വൈകുന്നേരം അവരുടെ പരിപാടിയിൽ 'ഗീതാഞ്ജലി' യ്ക്ക് നൊബേൽ പുരസ്കാരം ലഭിച്ചതിന്റെ നൂറാം വാർഷികാഘോഷമാണ്. നല്ല ഗായികയും, ടാഗോറിന്റെ കൃതികളിലും, സംഗീതത്തിലും ഡോക്ടറേറ്റും അടക്കമുള്ള ശ്രീമതി രേബ സോം ആണ് അരങ്ങിൽ. അവർ ചെയ്ത ഡോക്യുമെന്ററി കൂടി പ്രദര്ശിപ്പിക്കുന്നുണ്ടത്രേ. ആ പരിപാടിയിൽ അവരുടെ പാട്ടുകൾക്ക് ഗീതാഞ്ജലിയിൽ നിന്നുമുള്ള തിരഞ്ഞെടുത്ത വരികൾ ഇംഗ്ളീഷിൽ തത്സമയം അരങ്ങിൽ ഞാൻ വായിക്കണമത്രേ!!! എന്നെ ഇതിനായി തെരഞ്ഞെടുത്തത് ഏതു ശക്തിയാണ്? വിനയവും, ആശ്ചര്യവും കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് ഇതിലും വലിയൊരു ഭാഗ്യം ഗീതാഞ്ജലിയോടും, ടാഗോറിനോടുമൊത്തുള്ള യാത്രയിൽ ഇനി വരാനുണ്ടോ? ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അതേ സമയം മനസ്സിന്റെ നാനാ കോണിലും, കൃതജ്ഞതയുടെ നനുത്ത സ്പർശം കൊണ്ട് "ഞാൻ" എന്ന തോന്നലിന്റെ സൈകതങ്ങൾ ഉടഞ്ഞു,
"സിംഹാസനത്തിൽ നിന്നിറങ്ങി അങ്ങെന്റെ വീട്ടുവാതിൽക്കൽ വന്നു നിന്നു. ഞാനൊരു കോണിലിരുന്ന് ഒറ്റയ്ക്ക് പാടുകയായിരുന്നു. ആ രാഗം അങ്ങയുടെ ചെവികളിലണഞ്ഞു. അങ്ങിറങ്ങി എന്റെ വീട്ടുവാതിൽക്കൽ വന്നു നിന്നു.
അവിടത്തെ മണ്ഡപത്തിൽ വിദ്വാന്മാരാനവധിയാണ് . ഈ അശിക്ഷിത ഗായികയുടെ ലഘു സങ്കീർത്തനം അങ്ങയുടെ പ്രണയത്തെ സ്പർശിച്ചുവെന്നോ? ഒരു കൊച്ചു ശോകഗാനശകലം ഈ പ്രപഞ്ചത്തിന്റെ മഹാസംഗീതത്തിൽ ലയിച്ചുവല്ലോ. നീയൊരു പുഷ്പപാരിതോഷികവുമായി എന്റെ വാതിൽക്കൽ വന്നുവല്ലോ". (ഗീതാഞ്ജലി-49)
ആ ഹിമാലയൻ താഴ്വരയിൽ ശക്തമായ കാറ്റുവീശി. മനസ്സും ശരീരവും കുളിരുകൊണ്ടു. ബംഗാൾ ഉൾക്കടൽ തീരത്തു നിന്ന് ദെബോശ്രീയും, തോണിക്കാരന്റെ പാട്ടിന്റെ താളവുമായി ഹേമംഗോ ബിശ്വാസിന്റെ മാസ്മരിക ശബ്ദത്തിലെ ഭാട്ടിയാലിയും, ആഷാഢത്തിലെ ശാന്തി നികേതനിലേക്കുള്ള വഴിതെറ്റിയ യാത്രയും, റാണി ഗംജിലെ സായാഹ്ന സംഗീതയാത്രകളും, എല്ലാം എന്റെ മനസ്സിൽ വീണ്ടും ജീവൻ വെച്ചു. എല്ലാത്തിനും മുകളിലായി, സർവ്വതിലും പ്രസരിച്ചു നിൽക്കുന്ന മാസ്മരിക മന്ദഹാസത്തോടെ രബീന്ദ്രനാഥ് എന്നെ നോക്കി.
"മാരി പെയ്യുന്ന ജൂലൈ രാത്രികളുടെ മൂകതയിലൂടെ,മേഘ ഗർജനങ്ങളുടെ രഥമേറി അദ്ദേഹം വരികയാണ്, വരികയാണ്, സദാ വരികയാണ്" (ഗീതാഞ്ജലി-45)
കാഠ്മണ്ഡു നഗരത്തിലെ കമൽ പൊഖ്രി എന്ന സ്ഥലത്തെ റഷ്യൻ കൾച്ചറൽ സെന്ററിൽ ടാഗോറിന്റെ പാട്ടുകൾ പാടാൻ ശ്രീമതി രേബ സോം തയ്യാറായി നിന്നു. ടാഗോറുമായും, ഗീതാഞ്ജലിയുമായുള്ള ബന്ധം ഞങ്ങൾക്കിടയിലെ അപരിചിതത്വത്തെ തൽക്ഷണം ഭേദിച്ചു. അരങ്ങിൽ അവർ ടാഗോറിന്റെ ഗീതാഞ്ജലി പാടിയപ്പോൾ, വർഷങ്ങൾക്കപ്പുറത്ത് നിന്ന് പ്രഭാതത്തിലെ വിളക്ക് വെച്ചൊരു പൂജാമുറിയുടെ ചിത്രം തെളിഞ്ഞു വന്നു, ഗീതാഞ്ജലിയിലെ വാക്കുകൾക്കുളിലെ ആത്മീയ ജ്യോതിർപ്രവാഹത്തിന്റെ ആ ആദ്യനാളുകൾ തന്ന അതേ ഊർജം എന്നിൽ വീണ്ടും നിറഞ്ഞു. ഈറനണിഞ്ഞ കണ്ണുകളിലൂടെ യോഗിവര്യനായ കവിയുടെ കരുണാർദ്രമായ കടാക്ഷം ഞാനറിഞ്ഞു. മാതൃ വാത്സല്യത്തോടെ ഗീതാഞ്ജലിയുടെ ഒരു കോപ്പി എനിക്ക് സമ്മാനിച്ച് അവർ എഴുതിയ വാക്കുകളിൽ ആ ഗ്രന്ഥവുമായും, ആ കവി ശ്രേഷ്ഠനുമായും ഞാൻ നടത്തിയ യാത്രകളുടെ പൊരുൾ പ്രതിഫലിച്ചത് വിസ്മയങ്ങളുടെ അക്ഷയമായ എന്റെ അനുഭവങ്ങളുടെ മറ്റൊരു സാക്ഷ്യമായി:
"ദൈവനിശ്ചയം നമ്മുടെ ജീവിതത്തെ എങ്ങിനെ രൂപപ്പെടുത്തുന്നുവെന്ന് ടാഗോർ പറഞ്ഞു തന്നു. ഇന്നീ ദിവസം എന്റെ കൂടെ അരങ്ങിൽ ഗീതാഞ്ജലി വായിക്കാൻ നിങ്ങളെ തിരഞ്ഞെടുത്തത് മറ്റാരുമല്ല, ഗുരുദേവൻ തന്നെയാണ്".
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എം.ഏയ്ക്ക് പഠിച്ച കാലങ്ങൾ സാഹിത്യ പഠനത്തെ വെറും അക്കാഡമിക്ക് നടവഴികളിൽ നിന്നും മാറ്റി ബഹുവിധ വിഷയങ്ങളുമായും, കലാ-സാംസ്കാരിക പ്രവർത്തനങ്ങളുമായും ബന്ധപ്പെടുത്തി സമ്പന്നമാക്കിയ അനേകം അനുഭവങ്ങളുടെ കാലങ്ങളായിരുന്നു. യാത്രകൾ, വിവിധ ഭാഷാ രീതികൾ, സാഹിത്യങ്ങൾ, സിനിമകൾ, സംഗീതം തുടങ്ങി ഭാരതത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾ എന്നിവയൊക്കെ മനസ്സിന്റെ ബൗദ്ധികവും, പരിചിതവുമായ സകല സങ്കുചിത പരിധികളെയും ഭേദിക്കാൻ സഹായിച്ചു. തമിഴ് ഭാഷയോടും, കവിതകളോടുമുള്ള താല്പര്യത്തെ പ്രകീർത്തിച്ച് നാടക വിഭാഗത്തിലെ എന്റെ സുഹൃത്ത് വേലു സ്നേഹത്തോടെ എനിക്ക് തന്ന പാരിതോഷികം:
"അറിയെ വന്തത് എന്നെമോ ആംഗിലത്തൈ താൻ
ആനാൽ ഉയിരോടെ തഴുവിക്കൊണ്ടത് തമിഴൈ താൻ"
രമണ മഹർഷിയുടെ തിരുവണ്ണാമലൈയിലെ ആശ്രമം ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്താണ് ഒരു ഫ്രഞ്ച് സുഹൃത്തിന്റേയും, തമിഴ് സഹപാഠിയുടെയും കൂടെ ആ ആത്മീയ സാന്നിധ്യം പാദങ്ങൾക്ക് നൽകിയ കുളിർമയോടെ കുന്ന് കയറി കണ്ടത്. ആർതർ ഓസ്ബോൺ എഴുതിയ രമണ മഹർഷിയുടെ ജീവ ചരിത്രം ഞാൻ ആദ്യം വായിച്ചത് ബി.എയ്ക്ക് പയ്യന്നുർ കോളേജിൽ പഠിക്കുമ്പോഴായിരുന്നു. ആത്മാന്വേഷണം മാത്രമാണ് എല്ലാത്തിനും പരിഹാരം എന്ന സന്ദേശം ഒരു തരത്തിലുള്ള ആലങ്കാരികതകളുമില്ലാതെ, അതേ സമയം നിത്യജീവിത ഉദാഹരങ്ങളിലൂടെ സ്പഷ്ടമായി പറഞ്ഞു തരുന്ന അപൂർവം ഗുരുക്കന്മാരിൽ ശ്രേഷ്ഠനാണ് രമണ മഹർഷി. ആശ്രമ പരിസരത്തിരിക്കുമ്പോൾ അതു വഴി വന്ന ഒരു സന്ന്യാസി എന്നെ നോക്കി ചില ഭാവി പ്രവചനങ്ങൾ നടത്തുകയും, ഒരു രുദ്രാക്ഷ മാല സ്നേഹത്തോടെ സമ്മാനിക്കുകയും ചെയ്തു. ഞാൻ തിരിച്ച് എന്ത് നൽകണം എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ടാ എന്ന് വാത്സല്യത്തോടെ നിരസിച്ച് ഒരു പുഞ്ചിരിയോടെ കടന്നുപോവുകയും ചെയ്തു. അതിശയമെന്നു പറയട്ടെ, ഒരു വർഷത്തിനുശേഷം പോണ്ടിച്ചേരിയിലെ ഒരു തെരുവിൽ വെച്ച് "എന്നെ മനസിലായോ" എന്ന് ചോദിച്ച് അടുത്തുവന്ന സന്യാസി തിരുവണ്ണാമലയിൽ കണ്ട 'ഗണപതി' എന്ന് പേരുള്ള അതേ സന്യാസിയായിരുന്നു!!
ക്ലാസ്സ് മുറിയിൽ ഇരുന്നാൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ക്യാമ്പസ് എന്നതുകൊണ്ട് തന്നെ പോണ്ടിച്ചേരിയിൽ പുസ്തകപ്പുഴുക്കളാകാൻ വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. മിക്കവാറും അവധിക്കാലങ്ങൾ യാത്രകൾക്കായി കരുതിവെച്ച് തമിഴ് നാടിന്റെയും, ആന്ധ്രയുടെയും മണ്ണിലൂടെയും, മനസിലൂടെയും നടത്തിയ യാത്രകൾ തന്ന അളവറ്റ അനുഭവ സമ്പത്തിന് കാലത്തോട് നന്ദി പറയുന്നു. പുസ്തകങ്ങളിലെ വാക്കുകൾക്കും, പാത്രങ്ങൾക്കും ജീവൻ പകരുന്നത് ജീവിത പരിജ്ഞാനങ്ങളാകുമ്പോൾ മാത്രമാണ് സാഹിത്യ-കലാ പഠനം സമഗ്രമാകുന്നത്.
അങ്ങിനെ ഒരു വേനലവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ കൊല്ലൂരിലേയ്ക്ക്, കുടജാദ്രിയിലേയ്ക്ക് നടത്തിയ സാഹസിക-സാംസ്കാരിക തീർത്ഥാടനത്തിന്റെ കഥ പറയാം.
ആവർത്തിച്ച് ഉടയ്ക്കപ്പെട്ട മനസ്സിന്റെ സ്ഫടിക മന്ദിരത്തിന്റെ തുണ്ടു കഷണങ്ങൾ ശേഖരിച്ച് തിരിച്ചറിവുകളുടെയും, തീരുമാനങ്ങളുടെയും കഠിനമായ ചുടുകല്ലുകൾ കൊണ്ട് നാം നമ്മെത്തന്നെ സുരക്ഷിതമാക്കിനിർത്തുന്ന കവചങ്ങളുണ്ട്. അപൂർവം ചിലർ ഈ കവചങ്ങളെ ഒരു നിശബ്ദമായ തലോടൽ പോലെ തകർക്കും. നമ്മളതറിയുന്നത് അവർ നമുക്ക് വേണ്ടി ചെയ്യുന്ന ചെറുതോ വലുതോ ആയ കാര്യങ്ങളിലൂടെയാണ്, തികച്ചും അവിശ്വസനീയമായ ആ നിമിഷത്തിലാണ് സമാഗമങ്ങളുടെ ചാരുത, ജീവിതത്തിന്റെ അപരിമിതമായ സൗന്ദര്യം എന്നു തുടങ്ങി ഈ പ്രപഞ്ചം നമുക്ക് മുന്നിൽ തുറന്നു തരാൻ തീവ്രമായി കൊതിക്കുന്ന അഗണ്യമായ വിസ്മയങ്ങളെ നാം തിരിച്ചറിയുന്നത്.
കുടജാദ്രിയിലേക്കുള്ള യാത്ര പൂർവ സന്നാഹങ്ങളോടെ ആയിരുന്നില്ല. മൂകാംബിക ദേവി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് "ഇനിയെന്ത്" എന്നാലോചിച്ചു നിന്നപ്പോഴാണ് ദൂരെ മൂടൽ മഞ്ഞ് ഒരു മാന്ത്രികനെപ്പോലെ കുന്നുകളുടെയും, കാടുകളുടെയും മോഹിപ്പിക്കുന്ന സൗന്ദര്യം ഇടയ്ക്കിടെ തുറന്നു കാണിച്ചും, അടച്ചു വെച്ചും കൊണ്ട് എന്നെയും, എന്റെ യൂണിവേഴ്സിറ്റി സഹപാഠികളായ ആന്ധ്രക്കാരൻ രാമനെയും, തമിഴ് നാട്ടുകാരൻ മുരുകനെയും അടക്കിവെക്കാനാകാത്ത വിധം കൊതിപ്പിച്ചത്.
ചോദിച്ചറിഞ്ഞതുപ്രകാരം സൗപർണികാ തീരത്തെ താടിക്കാരനെ അന്വേഷിച്ച് ഞങ്ങൾ നീങ്ങി. നദീ തീരത്തെ ഒരു മണ്ഡപത്തിൽ കാവി മുണ്ടും കറുത്ത ഷർട്ടുമിട്ട് ഒരാൾ കൈത്തണ്ടകൊണ്ട് കണ്ണുകൾ മറച്ച് കിടക്കുന്നു. "വിജയേട്ടാ" എന്ന് വിളിച്ചപ്പോൾ ഉടൻ എഴുന്നേറ്റു. സ്നേഹത്തോടെ സംസാരം തുടങ്ങി. കുടജാദ്രിയിലേക്ക് കൂടെ വരാൻ തയ്യാറായി, അല്ല, കുടജാദ്രിയിലേക്ക് ഞങ്ങളെ കൊണ്ട് പോകാൻ തയ്യാറായി. "പാന്ഥർ പെരുവഴിയമ്പലം തന്നിലെ..." എന്ന പോലെ അതാ അല്പനേരത്തിനുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവർ കൂടെ ചേർന്നൊരു സംഘമാകുന്നു!
മെല്ലെ ..ഓരോരുത്തരായി കൂടെക്കൂടി അതൊരു സഞ്ചാരിക്കൂട്ടമായി)
മജ്റൂഹ് സുൽത്താൻ പുരിയുടെ പ്രസിദ്ധമായ ശായറി പോലെ.
കാട്ടിലൂടെയുള്ള യാത്ര തികച്ചും ആവേശജനകമായിരുന്നു. വിജയേട്ടൻ ആ സൗഹൃദ തീവണ്ടിയുടെ ഇന്ധനം നിറച്ച എൻജിൻ പോലെ പുകവിട്ടുകൊണ്ട് മുന്നിൽ നടന്നു. സ്നേഹ സംഭാഷണങ്ങളിലെവിടെയോ എന്നോട് വാത്സല്യം കൂടുതലായി. "മോനേ" എന്ന് വിളിക്കുകയും സാഹിത്യ-കലാ രംഗങ്ങളെക്കുറിച്ച് വാചാലനാകുകയും ചെയ്തു. വിജയേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ എം. ടി. യാണ്. കോട മഞ്ഞു മൂടി വന്ന ആ രാത്രിയെ ചൂട് പിടിപ്പിക്കും പോലെ വിജയേട്ടൻ എം. ടി. യുടെ രചനകളെക്കുറിച്ച് ഉന്മേഷത്തോടെ സംസാരിക്കുകയും, 'മഞ്ഞ്' എന്ന നോവൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. സ്വന്തം ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും പറയാൻ വിജയേട്ടൻ ഇഷ്ടപ്പെട്ടില്ല. "വിവാഹം ഒരാളുടെ മരണമാണ്" എന്ന്, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്ന ഞങ്ങളോട് പറഞ്ഞ് ഒരു കനത്ത പുക നമുക്ക് നേരെ വിട്ട് ഞങ്ങൾ തങ്ങിയ "സന്തോഷ് ഹോട്ടൽ" -ന്റെ പിന്നാമ്പുറത്ത് എവിടെയോ പോയി ഒറ്റയ്ക്കിരുന്നു. തങ്കപ്പൻ ചേട്ടന്റെ കടയിൽ രാത്രി നമ്മുടെ സഞ്ചാരി സംഘം പാട്ടും, നൃത്തവുമായി സജീവമായപ്പോൾ വിജയേട്ടൻ എന്തോ ഒന്നാവേശിച്ച ഒരലൗകിക ആനന്ദത്തിന്റെ മൂർദ്ധന്യതയിൽ നീണ്ട താടിയും മുടിയും കാറ്റിൽ പറത്തി മറ്റൊരാളായി.
"ഹരം സർപഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവ്വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ "
ശിവസ്തുതിയുടെ ഓജസ്സുറ്റ താളവും, ചൈതന്യവും ഒരു പക്ഷെ എനിക്കും വിജയേട്ടനും മാത്രം കേൾക്കാൻ കഴിയുംപോലെ ആ കാനനനിശീഥിനിയിൽ മാറ്റൊലി കൊണ്ടു.
പിറ്റേന്ന് പുലർച്ചെ തുടങ്ങിയ മലകയറ്റം കുടജാദ്രിയിൽ ലക്ഷ്യം കണ്ടത് ഉച്ചയോടെയായിരുന്നു. വഴിയിലൊരിടത്ത് വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിച്ച് ഏറെ നേരം ചെലവഴിച്ചു. പിന്നെ ഗണേശ ഗുഹയിൽ അൽപനേരം. സർവജ്ഞ പീഠം കയറിയ ശങ്കരന്റെ ക്ഷേത്രപീഠത്തിനടുത്ത് മൂടൽ മഞ്ഞും, മേഘങ്ങളും കൈകാലുകൾക്കിടയിലൂടെ തഴുകിയൊഴുകി. താഴ്വരയും, കുന്നും ആകാശവും ഒന്നാകുന്ന സ്വർഗീയ പ്രതീതി.
തിരിച്ചു വരുമ്പോൾ 'സന്തോഷ് ഹോട്ടലിൽ' നിന്നും ഭക്ഷണം കഴിച്ചു. മൂകാംബിക ക്ഷേത്രത്തിലെത്തുകയും പൂജ കഴിക്കാനും, ദർശനത്തിനുമായി കാത്തു നിൽക്കുകയും ചെയ്തപ്പോൾ "ശ്രീകരം" എന്ന വിശേഷ പൂജയെക്കുറിച്ച് വിജയേട്ടൻ എന്നോട് പറഞ്ഞു.
"ശ്രീകരം ച പവിത്രം ച ശോക രോഗ നിവാരണം
ലോകേ വശീകരം പുംസാം
ഭസ്മം ത്ര്യൈലോക്യ പാവനം" എന്നല്ലേ?
സകല ഐശ്വര്യങ്ങളുടെയും, അറിവിന്റെയും കുടജാദ്രികൾ, പീഠങ്ങൾ കയറാൻ പ്രാപ്തമാക്കുന്ന പൂജയാണത്രെ "ശ്രീകരം". പക്ഷെ, അതാവശ്യപ്പെടുന്ന ചില ശീല നിബന്ധനകളുണ്ട്. കൃത്യമായി പാലിക്കണം.
വിദ്യാർത്ഥിയായിരുന്ന എന്റെ കയ്യിൽ അപ്പോൾ ആ പൂജ കഴിക്കാനുള്ള കാശ് ഇല്ലായിരുന്നു. അല്പം വില കൂടിയ പൂജയാണ്. "ധൃതി പിടിക്കേണ്ട, സമയമാവട്ടെ" എന്ന് വിജയേട്ടൻ ആശ്വസിപ്പിച്ചു. ദർശനം കഴിഞ്ഞ് ഞങ്ങൾ തിരിച്ച് പുറപ്പെടാനിറങ്ങി. അതിനും ഏറെ മുമ്പേ തന്നെ യാത്രാ സംഘത്തിലെ മറ്റുള്ളവർ അവരുടെ താമസസ്ഥലത്തേക്ക് പോയിരുന്നു. "വിജയേട്ടന് എന്ത് കൊടുക്കണം" എന്ന ചർച്ചയുടെ ഫലമായി ഞങ്ങൾ മൂന്നു പേർ കുറച്ച് കാശ് കൊടുത്തെങ്കിലും അത് വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. "ഞാൻ കൂടെ വന്നത് എന്റെ ഒരു സന്തോഷത്തിനു കൂടിയാണ്" എന്ന് പറഞ്ഞ അദ്ദേഹത്തെ ഒരു ചെറിയ പോക്കറ്റ് മണിയെങ്കിലും വാങ്ങിക്കാൻ ഏറെ നിർബന്ധിക്കേണ്ടി വന്നു. കെ.എസ്.ആർ.ടി.സി. ബസിൽ നമുക്ക് വേണ്ടി സീറ്റ് ഉറപ്പിച്ചു വെച്ചിരുന്നു വിജയേട്ടൻ. പുഞ്ചിരിച്ചുകൊണ്ട് കൈവീശി അദ്ദേഹം ഞങ്ങളെ യാത്രയാക്കി.
ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം എന്റെ കൂട്ടുകാർ മദ്രാസിലേക്ക് തിരിച്ചുപോയി. വിജയേട്ടനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങളെക്കുറിച്ചും ഞങ്ങൾ ഏറെ സംസാരിച്ചു. വിജയേട്ടന് ഞാൻ ഒരു കത്തെഴുതി. കൊല്ലൂരിലെ വാത്സല്യത്തിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട്. അൽപ ദിവസത്തിനകം മറുപടി വന്നു. കയ്യെഴുത്ത് ഒരുപാട് നല്ലതൊന്നുമല്ലെങ്കിലും "മോനേ" എന്ന് വിളിച്ചുള്ള സ്നേഹമസൃണമായ വാക്കുകൾ ദൂരങ്ങളെ നിമിഷനേരം കൊണ്ടില്ലാതാക്കി. "ഞാൻ പൂർണചന്ദ്രനുമുന്നിലെ വെറുമൊരു മിന്നാമിനുങ്ങ് മാത്രം" എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. എന്റെ കത്തിന്റെ ഭാഷ വിജയേട്ടന് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നുവെന്നും എഴുതിയാണ് കത്തവസാനിക്കുന്നത്.
വേനലവധി കഴിഞ്ഞ് ജൂണിൽ ഞാൻ പോണ്ടിച്ചേരിക്ക് തിരിച്ചുപോയി. വീണ്ടും പൽകലൈകഴക വൃത്തികളിൽ വ്യാപൃതനായി. ജൂലൈയിലോ മറ്റോ ഒരിക്കൽ വീട്ടിലേയ്ക്ക് ഫോൺ ചെയ്തപ്പോൾ അച്ഛൻ പറഞ്ഞു, "നിന്നെ തിരക്കി വിജയൻ എന്നൊരാൾ വന്നിരുന്നു"!!! ഞാൻ ഞെട്ടിപ്പോയി!! "അതെ കൊല്ലൂരിൽ നിന്നാണ്. കൂടുതൽ ഒന്നും പറഞ്ഞില്ല. നീ പോണ്ടിച്ചേരിയിലാണ് എന്നറിയിച്ചപ്പോൾ തിരിച്ചുപോയി." ഞാൻ ഒരു നിമിഷം അത്ഭുതത്തോടെ മരവിച്ചിരുന്നു. ചോദ്യങ്ങൾ പലതും മനസ്സിനെ ആശ്ചര്യപ്പെടുത്തുകയും, അലട്ടുകയും ചെയ്തു.
ഒരു ദിവസം മെസ്സിൽ നിന്ന് പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഹോസ്റ്റലിൽ താമസിക്കുന്ന ഒറീസ്സക്കാരനായ ഒരു എം ബി എ വിദ്യാർത്ഥി വന്നറിയിച്ചു, "സന്തോഷ് നിന്നെ അന്വേഷിച്ച് ഒരാൾ ഹോസ്റ്റലിൽ നില്പുണ്ട്, നാട്ടിൽ നിന്ന് വന്നതാണ്". "നാട്ടിൽ നിന്നോ? എന്നെ അന്വേഷിച്ചോ?" എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. "കാണാൻ എങ്ങിനെ?" എന്ന് ഞാൻ അതി വ്യഗ്രതയോടെ ചോദിച്ചപ്പോൾ "നീണ്ട താടിയും മുടിയും, കാവി ലുങ്കിയും, ഷർട്ടും". എന്റമ്മേ !! വിജയേട്ടനായിരിക്കുമോ !! എനിക്ക് അത്ഭുതത്തെക്കാളും ഭയം കൂടി വന്നു. ഞാൻ ഉടൻ ഹോസ്റ്റലിലേക്ക് തിരിച്ചു. അതാ, എന്റെ സുഹൃത്ത് ആന്ധ്രക്കാരൻ മൂർത്തിയുടെ മുറിയിൽ വിജയേട്ടൻ സംസാരിച്ചിരിക്കുന്നു!!!! കൊല്ലൂരിൽ, സൗപർണികാ തീരത്ത്. കുടജാദ്രിയിൽ കണ്ട അതേ മനുഷ്യൻ, വിജയേട്ടൻ. സ്നേഹത്തോടെ കെട്ടിപ്പിടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശത്തെപ്പറ്റി ചോദ്യോത്തരങ്ങളുടെ കുന്നുകൾ താണ്ടിയും, കയറിയും മനസ്സ് അസ്വസ്ഥമായി.
കുളി കഴിഞ്ഞു വന്ന അദ്ദേഹത്തെ ഞാനും മൂർത്തിയും പ്രാതലിനായി മെസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭാഷാ വൈവിധ്യങ്ങളുടെ ചെറു ഘർഷണങ്ങളെ സ്നേഹസ്നിഗ്ദ്ധതകൊണ്ട് നിസ്സാരമാക്കി വിജയേട്ടനും, മൂർത്തിയും അൽപ നേരത്തിനുള്ളിൽ തന്നെ മാനസിക സഹയാത്രികരായി. സ്വതസിദ്ധമായ വാചാലതയോടെ അദ്ദേഹത്തോട് പലതും പറഞ്ഞും ചോദിച്ചും മൂർത്തി എന്റെ ആതിഥേയത്വം വിപുലവും, ബഹുലവുമാക്കി. ഒരു രാത്രി കഴിഞ്ഞു. വിജയേട്ടനെയും കൂട്ടി വൈകുന്നേരം ബീച്ചിൽ ഞങ്ങൾ ഏറെ സമയം ചെലവഴിച്ചു. വിജയേട്ടൻ അധികമൊന്നും സംസാരിച്ചില്ല. മൂർത്തിയാകട്ടെ തന്റെ നാടിനെയും, യൂണിവേഴ്സിറ്റിയെയും, വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് പലതും പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ കൂടെ നാട്ടിലേക്കും, കൊല്ലൂരിലേയ്ക്കും വന്ന കൂട്ടുകാരിൽ മൂർത്തി ഉണ്ടായിരുന്നില്ല. അവർ രണ്ടു പേരും ചില തിരക്കുകൾ കാരണം അൽപ നേരം ഹോസ്റ്റലിൽ വന്ന് വിജയേട്ടനോട് സംസാരിച്ച് തിരിച്ചുപോയി. രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം മൂർത്തിയും വിജയേട്ടനും തങ്ങി. "ഈ രാത്രി ത്രിമൂർത്തി സംഗമത്തിന്റേതാണ്" എന്ന് പറഞ്ഞ് വിജയേട്ടൻ മുറിയിൽ കൂട്ടച്ചിരി ഉയർത്തി. മൂർത്തിയും ഞാനും അദ്ദേഹത്തിന്റെ സന്ദർശന കാരണം പരസ്പരം ചർച്ച ചെയ്തെങ്കിലും ഒന്നും ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ല.
പിറ്റേ ദിവസം രാവിലെ കുളി കഴിഞ്ഞ് വിജയേട്ടൻ പോകാൻ പുറപ്പെട്ടു. കുളി കഴിഞ്ഞെത്തിയ എന്നോട് മുറിയിൽ ഞാൻ വെച്ചിരുന്ന വിളക്ക് കത്തിക്കാൻ ആവശ്യപ്പെട്ടു. മിക്കവാറും എല്ലാ ദിവസവും രാവിലെ കുളി കഴിഞ്ഞ് വിളക്ക് കത്തിച്ച് ചില ശ്ലോകങ്ങൾ ചൊല്ലുന്ന ശീലമുണ്ടെനിക്ക്. തന്റെ കയ്യിലുള്ള ചെറിയ ബാഗിൽ നിന്നും ഒരു പൊതി എടുത്ത് എനിക്കുനേരെ നീട്ടി രണ്ടു കയ്യോടെ ഏറ്റുവാങ്ങാൻ പറഞ്ഞു. തുറന്നു നോക്കിയപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. "ശ്രീകരം"!!!
"സന്തോഷ് മോന് വേണ്ടി ഞാൻ പൂജ കഴിപ്പിച്ചതാണ്. പ്രസാദം വേറെ ആരുടെ കയ്യിലും കൊടുക്കാൻ പാടില്ല . അതാണ് ഞാൻ മോനെത്തേടി നാട്ടിൽ പോയത്. അച്ഛൻ പറഞ്ഞു പോണ്ടിച്ചേരിയിലേക്ക് പോയി എന്ന്. അതുകൊണ്ടാണ് ഇങ്ങോട്ട് വന്ന് നേരിട്ട് ഏല്പിക്കാൻ തീരുമാനിച്ചത്".
എന്റെ മനസ്സിന്റെ സംശയങ്ങൾ ഹ്രസ്വകായമാക്കിയ പ്രപഞ്ച കാരുണ്യത്തിന്റെ മൂർത്ത രൂപത്തിന് മുമ്പിൽ ഞാൻ ലജ്ജയോടെ തല താഴ്ത്തി. രാമാനുജൻ ഹോസ്റ്റലിന്റെ അറുപതാം നമ്പർ മുറിയിലേക്ക് കയറി വന്ന നിസ്സീമമായ കാരുണ്യത്തിനു എത്ര ചെറിയ വാതിലാണ് എന്റെ മനസ്സ് തുറന്നുകൊടുത്തത്!!! ഞാൻ വിജയേട്ടന്റെ ആ സാന്നിധ്യത്തിന്, എന്റെ ഗ്രാഹ്യത്തിനതീതമായ സന്ദർശനകാരണത്തിന് നന്ദി പറഞ്ഞും, മാപ്പ് പറഞ്ഞും കരഞ്ഞു. വിജയേട്ടൻ ചിരിച്ചു കൊണ്ട് അതിനെയെല്ലാം നിസ്സാരമാക്കി.
"എനിക്കറിയാമായിരുന്നു മോനെ. അന്ന് നീ എത്ര ആഗ്രഹിച്ചിരുന്നതാണ് ആ പൂജ എന്ന്. നിന്റെ മനസ്സ് ഞാൻ വായിച്ചു, അന്നും ഇന്നും. എപ്പോഴും സ്നേഹവും, അനുഗ്രഹവും മാത്രം."
ഒന്നും വാങ്ങാൻ തയ്യാറാകാതിരുന്നിട്ടും നിർബന്ധിച്ച് ജാള്യതയോടെ ഒരു ഷർട്ടും അല്പം കാശും നൽകി വിജയേട്ടനെ ഞാൻ യാത്രയാക്കി. ഒരു ദിവസം കൂടി താമസിക്കാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ചില തിരക്കുകളുണ്ടത്രേ. ബസിൽ കയറി കൊല്ലൂരിലെ രാത്രിയിൽ ഞങ്ങളെ യാത്രയയച്ച അതേ പുഞ്ചിരിയോടെ, കൈവീശി വിജയേട്ടൻ യാത്രയായി.
അൽപ ദിവസങ്ങൾക്കുശേഷം വിജയേട്ടന് ഞാൻ വീണ്ടും കത്തെഴുതി. ഒരു മറുപടിയും വന്നില്ല.
ഏറെ നാളുകൾക്ക് ശേഷം ഒരു സ്വപ്നം എന്നെ വല്ലാതെ അലട്ടി. സ്വപ്നത്തിൽ വിജയേട്ടൻ എന്നെ നോക്കി എന്തോ പറഞ്ഞ് ദേഷ്യത്തോടെ നോക്കുന്നു. ഉറക്കമുണർന്നപ്പോൾ ആ സ്വപ്നത്തിന്റെ ഭാരം അസഹ്യമായി തുടർന്നു. മനസ്സ് തുറന്ന് നന്ദി പറഞ്ഞ് ഞാൻ വീണ്ടുമൊരു കത്തെഴുതി. ഇന്നും അതിനുള്ള മറുപടി കിട്ടിയിട്ടില്ല. വിജയേട്ടനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. ഏറെ അന്വേഷിച്ചു. കൊല്ലൂരിൽ പോകാൻ പല തവണ പദ്ധതി ഇട്ടെങ്കിലും നടന്നില്ല. കഴിഞ്ഞ വര്ഷം ഒരു സുഹൃത്തിന്റെ കുടുംബവുമായി പോയെങ്കിലും തിരക്കുപിടിച്ച സന്ദർശനത്തിനിടയിൽ ആരോടും ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല.
മൂർത്തി അന്നും ഇന്നും നല്ല സുഹൃത്തായി തന്നെ തുടരുന്നു. മൂർത്തിയെ പറ്റി ഹോസ്റ്റൽ മുറിയിലിരുന്ന് പ്രവചനസിദ്ധിയോടെ വിജയേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞ രണ്ട് കാര്യങ്ങൾ പിന്നീട് സത്യമായി എന്നത് ഇന്നും എന്നെ അത്ഭുദപ്പെടുത്തുന്നു.
എഴുത്തിലൂടെയും, കലാ പ്രവർത്തനങ്ങളിലൂടെയും നടത്തി വരുന്ന എന്റെ ഓരോ ചുവടുവെപ്പിലും, യാത്രയിലും ആ അനുഗ്രഹീത സാന്നിധ്യത്തിന്റെ അസാധാരണമായ ശക്തിയുണ്ടെന്ന് ഞാനറിയുന്നു. എന്റെ മനസ്സ് വായിച്ച് "ശ്രീകര"-വുമായി സമയ-സ്ഥല-കാല-ചിന്താ പരിമിതികളെ ഭേദിച്ച് പ്രത്യക്ഷപ്പെടുകയും, അപ്രത്യക്ഷമാവുകയും ചെയ്ത അവധൂത സമാനമായ ആ പ്രഹേളികയ്ക്ക് മുന്നിൽ ഞാൻ ഇന്നും മറുപടികൾക്കായി കാത്തു നിൽക്കുന്നു.
വിടുതലിനായി വെമ്പുന്ന കൈകൾ കൊണ്ട് കുന്നുകൾ വരച്ചു
വിഷാദത്തിന്റെ നിറം കൊണ്ടാകാശവും
നിലകാണാതെ താഴുന്ന ഹൃദയം കൊണ്ട് അസ്തമയ സൂര്യനെ വരച്ചു
അദൃശ്യമായ അടിയൊഴുക്കുകൾ കൊണ്ട് നദി വരച്ചു
മറുകരയുടെ പ്രത്യാശകൊണ്ട് തോണി വരച്ചു
കൂടണയാൻ വെമ്പുന്ന ചിറകുകൾ കൊണ്ട് പക്ഷികളെ വരച്ചു
തളരുന്ന കാലുകൾക്കഭയമായി ഒരു കുടിലും വരച്ചു.
കുടിലിനു മുന്നിൽ
അമ്മയുടെ കൈപിടിച്ച് ഒരു കുട്ടി നിന്നു,
അപൂർണമായ ചിത്രം പോലെ
മലയാള സിനിമയിൽ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഇടം എവിടെയാണ്? എൺപതുകളുടെ അവസാനത്തിലാണ് 'തനിയാവർത്തനം' എന്ന സിനിമയുടെ തിരക്കഥയെഴുതി ലോഹിതദാസ് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. തിരക്കഥയുടെ കൃത്യമായതും, സഹജമായതുമായ വികാസം അദ്ദേഹത്തിന്റെ എഴുത്തിൽ കാണാം.അതുകൊണ്ടു തന്നെ അവയിൽ പലതും തിരക്കഥാ പഠനത്തിന് ഉപയോഗപ്രദവുമാണെന്നു ഞാൻ വിശ്വസിക്കുന്നു.
ലോഹിയുടെ നായകന്മാർ എല്ലാം തികഞ്ഞ മാതൃകാ പുരുഷന്മാരല്ല, മറിച്ച് ദുർബലരും, മാനുഷികമായ സകല ഗുണദോഷങ്ങളും കലർന്ന പച്ചയായ മനുഷ്യരാണ്. ജീവിതമെന്ന ഉരകല്ലിൽ മിനുക്കപ്പെടുകയും തേഞ്ഞു തേഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്ന ചിലർ. ലോഹിയുടെ കഥാ തന്തു പരിചിത ജീവിത സന്ദർഭങ്ങളിൽ നിന്നും ഉടലെടുക്കുകയും, അതിൽ വൈകാരികതയും, അതിവൈകാരികതയും ചേരുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളും കലർന്നുണ്ടായതാണ്. കന്മദത്തിലെയോ, ഭൂതക്കണ്ണാടിയിലെയോ നായകന്മാരെ നോക്കൂ അവരൊക്കെ ഏതോ ദൗർബല്യങ്ങളും സംഘർഷങ്ങളും, സന്ദേഹങ്ങളും വേട്ടയാടുന്നവരാണ്. അവർ അഭിമുഖീകരിക്കുന്ന ജീവിത സന്ദർഭങ്ങൾ തന്നെയാണ് വില്ലൻ. പലപ്പോഴും അതൊരു കഥാപാത്രം പോലുമാകേണ്ടതില്ല.കന്മദത്തിലെ നായകനെപ്പോലെ തന്നെ സ്വന്തമായ കാഴ്ചപ്പാടും സ്നേഹവും മനുഷ്യത്വവുമൊക്കെ ഉള്ള ആൾ തന്നെയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ജോണി. ജോണിയുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ അദ്ദേഹത്തിന്റെ ബാല്യകാലവുമായും, ജീവിത സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാതെ പറയുന്നിടത്താണ് ലോഹിയുടെ പാത്രസൃഷ്ടി സ്ഥിരം ശൈലിയിൽ നിന്ന് മാറുന്നത്. പിന്നീട് നാം കാണുന്നത് രണ്ടു വ്യക്തികളെയല്ല, പരസ്പര വിരുദ്ധവും, തന്നിടത്തിൽ സത്യസന്ധവുമായ രണ്ടു വിശ്വാസങ്ങളെയാണ്. ലോഹിയുടെ നായകനും, നായികയും, കഥയും ഇത്തരം വൈരുധ്യങ്ങളോട് മല്ലടിച്ച് നന്മയുടെ ജീവിത സന്ദേശം പകരുന്നവയാണ്. ആ സംഘർഷങ്ങളിൽ പ്രേക്ഷകനും സ്വന്തം സങ്കല്പങ്ങളെ വിലയിരുത്താൻ നിര്ബന്ധിക്കപ്പെടുകയാണ്. അതിന്റെ പാരമ്യതയിൽ പ്രേക്ഷകൻ യഥാർത്ഥ വികാര വിരേചനം അനുഭവിക്കുന്നു. നന്മ തിന്മകളുടെ തീവ്രമായ ഘർഷണം ആണ് ലോഹിയുടെ രചനകൾ എന്ന് പറയാം. വാത്സല്യം, ദശരഥം എന്ന സിനിമകളിലൊന്നും ഒരു സ്ഥിരം വില്ലൻ പോലുമില്ല. നായകൻറെ പരമ്പരാഗത നായകത്വത്തെ 'രാജ്യമില്ലാത്ത രാജാക്കന്മാരെ'ക്കൊണ്ട് മനുഷ്യഗന്ധിയാക്കി സിനിമാ ഇതിവൃത്തങ്ങളുടെ, നായികാ-നായക സങ്കല്പങ്ങളുടെ തനിയാവർത്തനങ്ങൾ ഭേദിച്ച കലാകാരനാണദ്ദേഹം.
സിനിമയെ മനുഷ്യജീവിതത്തിനോട് ചേർത്തുവെയ്ക്കാനുള്ള ആത്മാർത്ഥമായ സർഗാത്മക പ്രവർത്തനമാണ് ലോഹിയുടേത്. ഇന്ന് നമ്മുടെ സിനിമകളിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന നിത്യ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ അഭാവം അടയാളപ്പെടുത്തുന്നു. തനിയാവർത്തനത്തിൽ ബാലൻ മാഷിന് സ്വന്തം വീട്ടിലേക്ക് കയറി വന്ന് അതിഥികളോട് സ്വയം അയൽപക്കക്കാരനായി പരിചയപ്പെടുത്തേണ്ടിവരുന്ന സന്ദർഭം, കിരീടത്തിൽ മകൻ ആൾക്കൂട്ടത്തിൽ ഒരു ഭ്രാന്തനെപ്പോലെ കത്തിയൂന്നി നിൽക്കുന്നത് കാണേണ്ടി വരുന്ന അച്ഛന്റെ അവസ്ഥ, കന്മദത്തിൽ താൻ ചെയ്ത തെറ്റ് ഭാനുമതിയുടെ കുടുംബത്തെ അറിയിക്കേണ്ടി വരികയും അതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് വിരാമം ഇടുകയും ചെയ്യേണ്ട വിഷമ സന്ധി തുടങ്ങി അസംഖ്യം ഉദാഹരങ്ങളുണ്ട് ഓരോ ചിത്രത്തിലും. ഒരിടത്തുപോലും പ്രേക്ഷകന് ഇത് തനിക്ക് പരിചയമില്ലാത്ത കൃത്രിമ ജീവിത സന്ദര്ഭങ്ങളാണെന്ന് തോന്നുകയില്ല എന്നത് ആ രചനയുടെ ആഴത്തെ, സംവേദനക്ഷമതയെ കാണിച്ചു തരുന്നു. തന്റെ കഥാപാത്രങ്ങളുടെ മുന്നിലേക്ക് തികച്ചും ആകസ്മികമായ വിഷമഘട്ടങ്ങൾ നൽകി അവരുടെ നന്മ തിന്മകളെ പരീക്ഷണവിധേയമാക്കുന്ന രീതിയാണ് ലോഹിയുടെ തിരക്കഥകൾ. അതുകൊണ്ടു തന്നെ ആ കഥാപാത്രങ്ങൾക്കും, സന്ദര്ഭങ്ങൾക്കും, പരിഹാരങ്ങൾക്കുമൊക്കെ മനുഷ്യമനസ്സിന്റെ വിവിധ വ്യാകുലതകൾക്ക് സാന്ത്വനം നൽകാൻ കഴിഞ്ഞു എന്നത് ഒരു കലാസൃഷ്ടി എന്ന നിലയിൽ മഹത്തായ സാമൂഹിക സേവനമാണ്. പ്രേക്ഷകനെ കംഫോര്ട് സോണിൽ നിർത്തിയുള്ള കഥാ പുരോഗതിയോ കഥാപാത്ര സ്വഭാവമോ നൽകാതെ സമ്മർദങ്ങളിലൂടെ പ്രേക്ഷകനെ തീവ്ര ജീവിത യാഥാർഥ്യങ്ങളിലൂടെ നടത്തിക്കുന്ന രീതി. ഹൃദയമിടിപ്പുകളില്ലാതെ, കണ്ണുനീരില്ലാതെ ഈ സിനിമകൾ കാണാൻ കഴിയുകയില്ല. ആകസ്മികതകളുടെ മുൾമുനകളിൽ നിർത്താതെ കഥ പറയുന്ന രീതി ലോഹിക്കറിയില്ല. എത്ര കാലങ്ങളായി മലയാളികൾ തീയേറ്ററിൽ ഒന്ന് കരഞ്ഞിട്ട്?
ഉന്മാദമുള്ള ഒരു കഥാപാത്രമെങ്കിലും ലോഹിയുടെ ഏറെക്കുറെ തിരക്കഥകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരക്കഥാകൃത്തായ താൻ തന്നെ സൃഷ്ടിക്കുന്ന ജീവിത പരിസരങ്ങളോട് പരിഹാസത്തോടെയും, നർമത്തോടെയും പ്രതികരിക്കാൻ കെല്പുള്ള ഇത്തരം കഥാപാത്രങ്ങൾ ഒരു ബൃഹദാഖ്യാനത്തിന്റെ സ്വഭാവം ഉണ്ടാക്കുന്നു എന്നത് ആ എഴുത്തുകാരന്റെ ആഖ്യാന നൈപുണ്യവും, അലൗകിക കാഴ്ചപ്പാടും വെളിവാക്കുന്നു. മച്ചിലെ ഭ്രാന്തിയെപ്പോലെ (Madwoman in the attic) 'മച്ചിലെ ശ്രീധരമ്മാമ(Madman in the attic-തനിയാവർത്തനം)യും, ഭ്രാന്തുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങളും ഭ്രാന്തിന്റെ ഉൾപ്രവാഹത്തെ (Madness in the attic/an undercurrent of insanity-എന്ന് പറയാം) അദ്ദേഹത്തിന്റെ രചനകളിൽ അടയാളപ്പെടുത്തുന്നു. ഭ്രാന്ത് എന്ന ഒരു വിഷയത്തെ മുഖ്യ വിഷയമാക്കി എഴുതിയ 'തനിയാവർത്തനം' മുതൽ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് മാനസികമായി പരിണമിക്കുന്ന 'ഭൂതക്കണ്ണാടി'യിലെ നായകനിൽ വരെ ഭ്രാന്തിന്റെ വിവിധ ഭാവങ്ങൾ കാണാം. ഭ്രാന്ത് എന്ന സാമൂഹിക നിർമിതിയെ തീവ്രമായി വരച്ചുകാട്ടുന്ന തനിയാവർത്തനം, നഷ്ടപ്പെട്ട മകനെയോർത്ത് ഭ്രാന്തായ അമ്മ(ഹിസ് ഹൈനെസ്സ് അബ്ദുള്ള), മകൻ വിശ്വംഭരനെ കാത്തിരിക്കുന്ന വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭ്രാന്തിയായ 'അമ്മ തുടങ്ങി ഒരുപാട് കഥാപാത്രങ്ങൾ മാതൃ-പുത്ര/പിതൃ-പുത്ര ദുഃഖങ്ങളും, സംഘർഷങ്ങളും ആവർത്തിക്കുന്നു എന്നത് എഴുത്തുകാരന്റെ മനസ്സിന്റെ ലോകത്തേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സൃഷ്ടിയിൽ സൃഷ്ടാവിന്റെ അംശം തീർച്ചയായും ഉണ്ടാകുമല്ലോ. അത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാവാം, ചുറ്റും കണ്ടു പരിചയിച്ച ജീവിതങ്ങളാവാം. ഒന്നുറപ്പാണ്, ഈ തിരക്കഥകൾ മനഃശാസ്ത്ര പഠനത്തിന് ഏറെ സാധ്യതകൾ ഒരുക്കുന്നു. ഭ്രാന്തിന്റെ വൈകാരികവും, ദാര്ശനികവുമായ സമീപനമാണ് ചിലതിലെങ്കിൽ മറ്റു ചിലതിൽ ഭ്രാന്തുള്ള കഥാപാത്രങ്ങളെക്കൊണ്ട് മറ്റു കഥാപാത്രങ്ങളുടെ ജീവിതരീതികളെയും, ചിന്തകളെയും പരിഹസിക്കാൻ ശ്രമിക്കുന്നു. ഇത് ആർക്കാണ് ഭ്രാന്ത് എന്ന പ്രസക്തമായ ചോദ്യവും സന്ദേഹവും പ്രേക്ഷകനിൽ ഉയർത്തുന്നു.
പാത്രസൃഷ്ടിയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന അനേകം ഘടകങ്ങളിലൊന്ന് സംഭാഷണങ്ങളാണ്. കഥാപാത്രഘടന നല്ലതെങ്കിലും സംഭാഷണങ്ങൾ അതിനെ ദുര്ബലമാക്കുന്നത് സിനിമയിൽ പലപ്പോഴും കാണാവുന്നതാണ്. സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ ജീവിതപരിസരങ്ങളുമായി ബന്ധമില്ലാതാകുകയോ, അത്തരം ജീവിതപരിസരങ്ങളെക്കുറിച്ചോ കഥാപാത്രത്തിന്റെ മാനസികഘടനയെക്കുറിച്ചോ എഴുത്തുകാരന് വേണ്ടത്ര പരിജ്ഞാനം ഇല്ലാതാകുമ്പോഴോ ആണ് അത് സംഭവിക്കുന്നത്. വെറും പൊള്ളയായ പാത്രസൃഷ്ടി. ലോഹിതദാസിന്റെ കഥാപാത്രങ്ങളുടെ കരുത്ത് അവരുടെ അനന്യമായ വ്യക്തിത്വമാണ്. ഒരു ചെറു കഥാപാത്രം പോലും മൗലികമായ ജീവിതാനുഭവം പകർന്നു നൽകുന്നു. സംഭാഷണങ്ങളുടെ വേര് കഥയുടെയും കഥാപാത്രങ്ങളുടെയും മാനസിക, സാമൂഹിക പരിസരവുമായി അഭേദ്യമായി നിലകൊള്ളുന്നു എന്നത് അവരെ ശക്തരാക്കുന്നു. അവയിൽ പുരാണം, ഇതിഹാസം, മുത്തശ്ശിക്കഥകൾ, നാട്ടുഭാഷ തുടങ്ങിയവയുടെ സമൃദ്ധിയും മാനുഷികമായ ദാർശനികതയുടെ സ്വാധീനവും തെളിഞ്ഞുകാണാം. "പട്ടവും കുട്ടിയും" എന്ന കഥ, "ചോക്കുമലയിൽ ഇരുന്നവൻ ചോക്ക് തേടിപ്പോയ കഥ" തുടങ്ങി ഒരുപാട് ഉദാഹരണങ്ങൾ.
ഒരുപക്ഷെ, എം.ടി.യ്ക്ക് ശേഷം മലയാള സിനിമ എഴുത്തിന്റെ ശക്തിയിൽ അറിയപ്പെട്ടത് ലോഹിതദാസിന്റെ രചനകളിലൂടെയാണ്. വിവര സാങ്കേതിക വിദ്യ എത്ര വളർന്നാലും മനുഷ്യസ്പര്ശത്തിന്റെ മാസ്മരികതയെ ഒന്നിനും പകരം വെയ്ക്കാൻ കഴിയില്ല എന്ന് നിരന്തരം ഓര്മപ്പെടുത്തുന്നുണ്ട് ലോഹിയുടെ രചനകൾ. ഒരു യോഗിയുടെ ശരീരഭാഷ കൊണ്ട്, പ്രബോധകരമായ ഉൾക്കാഴ്ചകളോടെ നമ്മളോട് സംവദിക്കാൻ (അദ്ദേഹവുമായുള്ള ഇന്റർവ്യൂകൾ ഉദാഹരണം) അദ്ദേഹത്തിന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ തന്നെ സഹജമായ ദാര്ശനികതയുള്ള വാക്കുകളിൽ ആവർത്തിക്കാം "തീവ്രമായ മനുഷ്യത്വം ഉണ്ടായാൽ കലാകാരനായി". ഇത് മലയാള സിനിമയോട് ഇന്ന് വീണ്ടും ചിലത് പ്രസക്തമായി ഓർമ്മപ്പെടുത്തുന്നു.
-സന്തോഷ് കാനാ / Santhosh Kana
അതീന്ദ്രിയവും, സാധാരണ മനസ്സുകൾക്ക് അഗ്രാഹ്യവുമായ ദിവ്യപ്രണയത്തിന്റെ ഇരകളാണ് ഗന്ധർവനും ഭാമയും. ശിക്ഷകളുടെ ഓർമ്മപ്പെടുത്തലുകൾ കൊണ്ടും, പാപ-പുണ്യ ദ്വന്ദ്വങ്ങളുടെ പരമ്പരാഗത ബോധം കൊണ്ടും വേട്ടയാടപ്പെട്ട രണ്ടു മനസ്സുകൾ. 'ഞാൻ ഗന്ധർവൻ' എന്ന സിനിമ വീണ്ടും കാണുമ്പോൾ സദാചാര പോലീസിന്റെയും, അഭിമാന ഹത്യയുടേയും ഇടുങ്ങിയ പൊതുബോധത്തെ അത് ശക്തമായി വരച്ചുകാട്ടുന്നത് പോലെ തോന്നുന്നു. അവിടെ ദേവലോകവും, ദേവലോകത്തു നിന്നുള്ള ആജ്ഞകളും, ഭീഷണികളും, ഉഗ്രശാസനകളും പ്രണയത്തിന് വിലക്ക് കല്പിച്ച സാംസ്കാരിക അധഃപതനത്തിന്റെ ലോകത്തെ പ്രതിനിധാനം ചെയ്യുന്നു.
ഗന്ധർവനെ മാത്രം കേന്ദ്രീകരിച്ചുള്ള ആസ്വാദനം ആയിരുന്നു കൂടുതലും എന്നെനിക്കു തോന്നുന്നു. എന്നാൽ ഭാമയുടെ വീക്ഷണകോണിൽ ഈ സിനിമ വീണ്ടും കാണേണ്ടിയിരിക്കുന്നു. തനിക്കു ചുറ്റുമുള്ള ഒരു സമൂഹത്തെ, അതിന്റെ ചട്ടക്കൂടുകളെ നിർഭയം നേരിടേണ്ടിവരുന്നത് ഭാമയ്ക്കാണ്. മറ്റുള്ളവവർക്ക് അദൃശ്യനായ ഗന്ധർവന് ആ വിഷമഘട്ടങ്ങൾ ഇല്ല. ഏറ്റവും ഒടുവിൽ താൻ പ്രണയിച്ച പുരുഷനെ വേർപിരിയേണ്ടി വരുന്ന ഭാമയുടെ ദുഃഖം തീവ്രവും ഗഹനവുമാണ്. ശാശ്മല നരകത്തിലെ പീഡനത്തിൽ നിന്ന് അല്പം പോലും ചെറുതല്ല തന്റെ കന്യകാത്വം എന്ന പീഡനം എന്ന് പറഞ്ഞ് ഗന്ധർവന് സ്വയം സമർപ്പിക്കുന്ന ഭാമയുടെ വ്യവസ്ഥിതികളോടുള്ള പ്രതിഷേധം, പ്രണയത്തിനായുള്ള ത്യാഗം വാഴ്ത്തപ്പെടാതെ പോകരുത്. ഗന്ധർവന്റെ ശിക്ഷകളുടെ കാഠിന്യം കുറയ്ക്കാൻ ഓർമയറ്റ മനസ്സ് യാചിക്കുന്ന ഭാമ യാഥാസ്ഥിതിക സമൂഹത്തിനുമുന്നിൽ പ്രണയത്തിന്റെ ശാശ്വതമായ വെല്ലുവിളിയായി സധൈര്യം നിലകൊള്ളുന്നു.
"ഞാൻ ഗന്ധർവ്വൻ" എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം ഇതാ ഇവിടെ:
ഗന്ധർവ്വൻ: ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്ന് കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ ശലഭം. ഞാൻ ഗന്ധർവ്വൻ.
ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴു പകലും ഏഴു രാത്രിയും നീണ്ടു നിന്ന കൊടും പീഡനങ്ങൾക്കു ശേഷം അവരെനിക്ക് ശബ്ദം തിരിച്ചു തന്നു. ഒരു വ്യവസ്ഥയിൽ: എന്റെ ഈ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷെ നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്?
ഇനി ശിക്ഷ വന്നാൽ അത് വരുന്നത് ദേവേന്ദ്രന്റെ കൊട്ടാരത്തിൽ നിന്നായിരിക്കും.
ഭാമ : എന്തിനായിരുന്നു ശിക്ഷ? എന്ത് തെറ്റുകൾ?
ഗന്ധർവ്വൻ : തെറ്റുകൾ. തെറ്റുകൾ. അവർ പറയുമ്പോൾ എല്ലാം തെറ്റുകളാണ്. സ്വർഗത്തെ സംബന്ധിച്ച സത്യങ്ങൾ അറിയേണ്ടവനായ ഗന്ധർവ്വൻ മനുഷ്യനാകാൻ മോഹിച്ചു. മരണം കാംക്ഷിച്ചു. ആദ്യ ദർശനത്തിൽ തന്നെ അവളുടെ കന്യകാത്വം ചോർത്തിയെടുത്ത് അവളെ ദാസിയും പരിചാരികയും ഇരയും അടിമയുമാക്കാതെയിരുന്നത് ഗന്ധർവ്വന്റെ തെറ്റ്.
നിശാസഞ്ചാരിയായി, അടിമയ്ക്ക് മാത്രം ദൃശ്യനായി അന്തരീക്ഷത്തിൽ തെന്നിനടക്കേണ്ട ഗന്ധർവ്വൻ അവളുടെ കല്പനപ്രകാരം സൂര്യസാന്നിധ്യമുള്ള പകലുകളിലേക്കിറങ്ങി വന്ന് മറ്റ് സാധാരണ മനുഷ്യർക്കുംകൂടി ദൃശ്യനാകാൻ തുനിഞ്ഞത് തെറ്റ്. അവരുടെ കർണ്ണങ്ങൾക്ക് അമൃതാകാൻ തീരുമാനിച്ചത് ധിക്കാരം.
അടിമയുടെ അടിമയായി മാറിയ ഗന്ധർവ്വൻ അവളുടെ ഇച്ഛയ്ക്കൊത്തോടിയെത്താൻ വേണ്ടി വിധിപ്രകാരം മാറിടത്തിലണിഞ്ഞു നടക്കേണ്ട രുദ്രാക്ഷം എന്ന ഈ അപൂർവ രത്നത്തെ അവൾക്ക് സമ്മാനിച്ചത് അഹങ്കാരം.
അങ്ങിനെ അങ്ങിനെ ഓരോ തെറ്റിനുമുണ്ടായിരുന്നു ശിക്ഷകൾ. മനസ്സും ശരീരവും മുറിക്കുന്ന ശിക്ഷകൾ. ശിക്ഷയിലൂടെ പ്രായശ്ചിത്തം തന്ന് എന്നെ വീണ്ടും ഭൂമിയിൽ സ്വതന്ത്രനാക്കിയിരിക്കുകയാണ്. ഒരിക്കലും നിന്നെ കാണാനോ നിന്നെക്കുറിച്ചോർക്കാനോ പാടില്ലെന്ന ഉഗ്ര ശാസനയോടെ.
ഭാമ : കണ്ടു എന്നറിഞ്ഞാൽ?
ഗന്ധർവ്വൻ : അറിയില്ല. എല്ലാവരുടെയും കണ്ണ് വെട്ടിച്ചാണ് ഞാൻ നിന്റെയടുത്തെത്തിയത്. പ്രകൃതിയുടെ ചാരന്മാർക്ക് എന്നെ ഗ്രഹിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു പകലും രണ്ടു രാത്രിയും നിന്നെ കാണാൻ വേണ്ടി ഞാൻ ശ്രമിക്കുകയായിരുന്നു. ചാരന്മാരുടെ കണ്ണുവെട്ടിക്കാൻ ഇന്നേ കഴിഞ്ഞുള്ളു. ഈ രാത്രി അവരുടെ കണ്ണിൽ പെടാതിരുന്നാൽ ഈ ചന്ദ്രൻ അസ്തമിക്കും വരെ നമ്മൾ ഒന്നിച്ചു കഴിഞ്ഞാൽ ഞാനവരെ ജയിച്ചു.എനിക്ക് പിന്നെ മനുഷ്യനാകാം. കെണിയുടെയും, ചതിയുടെയും ക്രൂരതയുടെയും ലോകത്തോട് വിടപറയാം. സിദ്ധിയുടെയും ശാപത്തിന്റെയും ശല്ക്കങ്ങൾ ഈ രാത്രികൊണ്ട് കുഴിച്ചുകളയാം.നാളെ മുതൽ നിന്റേതാകാം.
ദേവലോകശബ്ദം: സൂര്യനിലെ അഗ്നിയുടെ മൂർത്തിമത്ഭാവമായ ഗന്ധർവാ... നീ വീണ്ടും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള അധമമോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷകളുടെ ആരംഭമായിരിക്കുന്നു.
ഗന്ധർവ്വൻ : ആരാണാണിത്?
ദേവലോകശബ്ദം: നിന്നെ ചൂഴ്ന്നുനിൽക്കുന്ന കൊടിയ വിപത്തുകളെപ്പറ്റി നിനക്ക് മുന്നറിയിപ്പ് തരാൻ വേണ്ടി എത്തിയ ത്രികാലജ്ഞനായ ഞാൻ.
ഗന്ധർവ്വൻ : എന്റെ പിതാവും മാതാവുമായ എന്റെ ബ്രഹ്മദേവന്റെ സാന്നിധ്യം ഞാനറിയുന്നു.
ദേവലോകശബ്ദം : നിനക്ക് തെറ്റിയിട്ടില്ല മകനേ
വാശിവെക്കും പോലെ ഗന്ധർവ്വന്റെ പാപങ്ങളുടെ പട്ടിക പെരുകിക്കൊണ്ടിരിക്കുന്നു.
ഗന്ധർവ്വൻ : എന്ത് പാപങ്ങൾ?
ദേവലോകശബ്ദം : ചിന്താശേഷിയിൽ വിഷം വ്യാപിച്ചുകൊണ്ടിരിക്കുന്ന നിന്നോട് തർക്കിക്കാൻ മകനേ ഞാനാളല്ല. നീ നിന്റെ വരും വിധി അറിയുക.
സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തിക്കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും.
നിനക്കിനി ആകെ ഉള്ളത് ഇന്നത്തെ ഈ രാത്രി മാത്രം.
ഇന്നത്തെ രാത്രി, രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാകും. ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര.
ഒന്നിനും നിന്നെ തിരികെവിളിക്കാനാവില്ല. നീ സമ്മാനിച്ച രുദ്രാക്ഷം ഈ നിമിഷം മുതൽ അവളുടെ കഴുത്തിൽ ശക്തിഹീനമായ വെളുത്ത മണൽക്കട്ട.
മഹാദാവിസ്സ് നരകത്തിലെ വിഷശൂലങ്ങളും സർപ്പങ്ങളും ചോര പരത്തുന്ന തറയിൽ ഗന്ധർവനുവേണ്ടി ദാഹിച്ചു നിൽക്കുന്നു.
ഒരു പോംവഴി. ഒരേ ഒരു പോംവഴി ത്രികാലജ്ഞനായ നിന്റെ പിതാവ് നിന്നെ അറിയിക്കുന്നു. നിന്റെ പാപിയാകാൻ വെമ്പി നിൽക്കുന്ന ഈ ഭൂമികന്യകയുടെ ഉള്ളിൽ നിന്ന് നിന്റെ ഓർമയും നിന്റെ ഉള്ളിൽ നിന്ന് അവളുടെ ഓർമയും മായ്ച്ച് കളഞ്ഞിട്ട് ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധമറിഞ്ഞിട്ട് ഇവിടെ നിന്ന് യാത്ര ആരംഭിച്ചാൽ നിന്റെ ശിക്ഷകളുടെ കാഠിന്യം കുറഞ്ഞുകിട്ടും.
ഭൂമി ഉപേക്ഷിക്കുന്നതിനു മുമ്പ് ഇവളെ പങ്കിലയാക്കി തള്ളിയില്ലെങ്കിൽ മനുഷ്യനോ ഗന്ധർവനോ അല്ലാത്ത ദുർഗന്ധം വമിക്കുന്ന വികൃത ജീവിയായി കോടി കല്പങ്ങൾ നിനക്ക് കഴിയേണ്ടി വരും.
ഗന്ധർവ്വൻ : സാരമില്ലച്ഛാ...എനിക്കീ ഓർമ മതി
ദേവലോകശബ്ദം : ഒന്നുകൂടി ഓർക്കുക. നീ ഇവളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷത്തിനുമൊപ്പം ശാശ്മല നരകത്തിൽ ഇരുമ്പുകൊണ്ടും കല്ലുകൊണ്ടുമുണ്ടാക്കിയ ചുട്ടുപഴുപ്പിച്ച സ്ത്രീരൂപങ്ങളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽ അവശേഷിപ്പിച്ച ഓർമയ്ക്ക് വിലയായി അവയെയെല്ലാം നീ ആലിംഗനം ചെയ്യേണ്ടി വരും. അവയോടൊപ്പം രാത്രികൾ ശയിക്കേണ്ടിവരും.
ഈ രാത്രി തീരാറാകുന്നു. നിനക്ക് പിൻവാങ്ങാനുള്ള നേരമടുക്കുന്നു. ഓർത്തോളൂ, ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ എന്റെ പുത്രന് ഇനി കുറച്ചു നാഴികകൾ മാത്രം.
ഗന്ധർവ്വൻ: അവിടെ പഴുപ്പിച്ച സ്ത്രീ പ്രതിമകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതാണോ? ഉണ്ടാവട്ടെ. നിന്റെ ഓർമ എന്റെയൊപ്പം ഉണ്ടെങ്കിൽ എനിക്ക് ഭയമില്ല. പുൽകുന്ന ഓരോ തീ പ്രതിമയെയും ഞാൻ നീയാക്കി മാറ്റും. എനിക്ക് പൊള്ളില്ല.
ഭാമ: പക്ഷെ എനിക്ക് പൊള്ളും. എന്റെ പകലുകളിൽ ശിക്ഷയുടെ ചാട്ടയടികൾ മുഴങ്ങി കേട്ടുകൊണ്ടിരിക്കും. അത് കേൾക്കാൻ പാടില്ല. അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അതും നിസ്സാരയായ ഈ ഞാൻ കാരണം.
ഗന്ധർവ്വൻ : പക്ഷെ എനിക്ക് ....
ഭാമ : അങ്ങനെയല്ല. ഈ ഓർമ എനിക്കും വിലപ്പെട്ടതാണ്. ഇതിനപ്പുറത്ത് ഭൂമിയിലൊരു പെണ്ണിനും ഒന്നും കിട്ടാനില്ല. ഇതും കൊണ്ട് മരിക്കാനാഗ്രഹിക്കുന്നവളാണ് ഞാനും. പക്ഷെ അതിന്റെ പേരിൽ അങ്ങ് ശിക്ഷിക്കപ്പെടാൻ പാടില്ല. അത് ഞാൻ സമ്മതിക്കയില്ല. ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള ബന്ധത്തിന്റെ ഈ കണ്ണി അറ്റുപൊയ്ക്കോട്ടെ. പക്ഷെ സദാ തീയും പുകയും വമിയ്ക്കുന്ന ഒരു ഓർമയായി എന്നിലവശേഷിക്കാൻ ഞാനനുവദിക്കില്ല. വേർപാടിന്റെ ഈ രാത്രി കഴിഞ്ഞാൽ ഞാനൊറ്റയ്ക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാനറിയുന്നു. എനിക്കതാവശ്യമില്ല. നരകങ്ങളുടെയും ശിക്ഷകളുടെയും കാഠിന്യം കുറയുമെങ്കിൽ അടിമയും പരിചാരികയും ദാസിയും പേറുന്ന ഓര്മയറ്റ മനസ്സ് എനിക്ക് തരൂ.