My Strength

what do you like about this blog?

Saturday, February 11, 2023

ഭാലോ ബാംഗ്ലാ - ബംഗാൾ യാത്രകൾ, അനുഭവങ്ങൾ (Bhaalo Bangla-Bengal Memories)


രബീന്ദ്രനാഥ് ടാഗോറിന്റെ 'ഗീതാഞ്ജലി' ആദ്യമായി വായിക്കുന്നത്   1993 ലോ 1994 ലോ ആണ്. പയ്യന്നൂർ കോളേജിൽ (Payyanur College) പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ തീരുമാനമെടുത്ത സമയം. ആദ്യ വായനയിൽത്തന്നെ ആ പുസ്തകവുമായി പ്രണയത്തിലായി.  എനിയ്ക്കന്ന് പ്രഭാത കൃത്യങ്ങൾക്ക് ശേഷം വിളക്കു വെച്ച് ഭഗവദ് ഗീതയിലെയും, ഉപനിഷദിലെയുമൊക്കെ ഒരു ശ്ലോകം വീതം വായിക്കുന്ന ദിനചര്യ ഉണ്ടായിരുന്നു. അക്കൂട്ടത്തിലേക്ക് ഞാൻ 'ഗീതാഞ്ജലി'-യെയും ചേർത്തു. മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞപ്പോൾ 'ഗീതാഞ്ജലി' ഹൃദിസ്ഥമായി. അതിലെ ഓരോ ഗീതകവും ഓരോ വായനയിലും പുതിയ ഉൾക്കാഴ്ചകളുടെ കാണാപ്പടവുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശ്രീ ജയകുമാർ ചെയ്ത ഗീതാഞ്ജലിയുടെ മലയാള വിവർത്തനം കാവ്യാത്മകമായ ഗദ്യത്തിന്റെ ആത്മീയ തലങ്ങളിൽ നിന്ന് അത്യുൽകൃഷ്ടമായ ആനന്ദം പകരുന്നു. 

"എന്റെ ദൈവമേ, ഒറ്റ പ്രണാമത്തിൽ എന്റെ ഇന്ദ്രിയങ്ങളാകെ ചിറകു വിരിച്ച് അങ്ങയുടെ ചരണങ്ങളിലെ ഈ ലോകത്തെ സ്പർശിക്കട്ടെ. 
പെയ്യാമഴയുടെ ഭാരത്താൽ ചാഞ്ഞ ആഷാഢ മേഘം പോലെ അങ്ങയുടെ വാതിൽക്കൽ എന്റെ ചിത്തമാകെ ഒരൊറ്റ പ്രണാമത്തിൽ കുമ്പിടട്ടെ" (ഗീതാഞ്ജലി-103) 

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ദെബോശ്രീ എന്ന ബംഗാളി പെൺകുട്ടിയാണ് രബീന്ദ്ര സംഗീതത്തിന്റെ വിശാല ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോയത്. ഒരു വെക്കേഷനിൽ നാട്ടിൽ പോയി വന്നപ്പോൾ ഇന്ദ്രനീൽ സെൻ-ഉം, ലോപമുദ്ര മിത്രയും ആലപിച്ച രബീന്ദ്ര സംഗീതത്തിന്റെ കാസറ്റുകൾ എനിക്ക് സ്‌നേഹോപഹാരമായി അവൾ നൽകി. അതൊരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. രാമാനുജൻ ഹോസ്റ്റലിലെ അറുപതാം നമ്പർ മുറി വംഗ സംഗീതത്തിന്റെ മാസ്മരിക ഭാവം നിറച്ചതാസ്വദിക്കാൻ പലരും അതിഥികളായെത്തി. പ്ലാവിൻ തോട്ടത്തിലേക്ക് തുറക്കുന്ന മുറിയുടെ ജനാലയിലൂടെ ദൂരെ ബംഗാളിലെ ചുവന്ന ഗ്രാമ പാതകളും, കുളങ്ങളും ചാരുതയാർന്ന ഭാവനയുടെ മിഴിവുറ്റ ദൃശ്യങ്ങളായി തെളിഞ്ഞു വന്നു. 
"ഗ്രാം ചരാ ഒയി രാംഗാർ മാഠിർ പൊഥ്.."  (രബീന്ദ്ര സംഗീതം)

യൂണിവേഴ്‌സിറ്റിയിലെ 'ശങ്കര സ്വാമികൾ പെർഫോമിംഗ് ആർട്സ്' (SOPA) എന്ന നാടക വിഭാഗത്തിൽ ഒരു കൂട്ടം മലയാളികൾ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കാനെത്തിയത് എനിക്ക് നാടകത്തിന്റെ നൂതനാനുഭവങ്ങളിലേക്കുള്ള വാതായനങ്ങൾ തുറന്നു തന്നു. ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ' എന്ന നോവലിന് ദൃശ്യഭാഷ്യം നൽകപ്പെട്ടപ്പോൾ അതിൽ ബുദ്ധനായി അഭിനയിക്കാനുള്ള അസുലഭാവസരം ലഭിച്ചത് ഒരു നിയോഗമായി മാത്രമേ കാണാൻ കഴിയൂ. എന്നെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച പുസ്തകങ്ങളിൽ തീർച്ചയായും ഈ നോവൽ എന്നുമുണ്ട്. നാടകം അവതരിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ ആത്മാവും, ജീവവായുവും, ഊർജവുമായി ഓരോരുത്തരെയും സ്വാധീനിച്ചത് അതിൽ ഉപയോഗിച്ച 'ഷൊനാ ബൊന്ധുരെ...അമി തുമാർ നാം ലൊയിയാ കാന്തി' (പ്രിയ സ്നേഹിതാ, ഞാൻ നിന്നെ വിളിച്ച് കരയുന്നു) എന്ന ഭാട്ടിയാലി ഗാനമായിരുന്നു. ആ പാട്ടിന്റെ താളത്തിന്, ശബ്ദത്തിന് 'സിദ്ധാർത്ഥ' യിലെ അവിഭാജ്യ സാന്നിധ്യമായ നദിയെയും, അതിന്റെ രൂപ ഭാവഭേദങ്ങളെയും അതി ശക്തമായി സംവേദിപ്പിക്കാൻ കഴിഞ്ഞു. നാടകം കണ്ടവരും, കേട്ടവരും  ദൂരെ മറ്റൊരു ദേശത്ത് പത്മാ നദിയിലൂടെ ഒരു തോണിയിൽ നിശബ്ദരായി മന്ദം മന്ദം ഇഴഞ്ഞു നീങ്ങി. ബംഗാളിനോടുള്ള എന്റെ അഭിനിവേശം ഇരട്ടിച്ചുവന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം ബംഗാൾ എന്നെ വിളിച്ചു. കൽക്കത്തയിൽ നിന്ന് 200 കി.മീ. അപ്പുറത്ത് ജാർഖണ്ഡിന്റെ അതിർത്തിയിൽ കൽക്കരി ഖനികളുടെ മണ്ണിലേക്ക്, റാണിഗംജ് (Raniganj). 
"ഈ കൊച്ചു പുല്ലാംകുഴലിനെ അങ്ങ് കുന്നുകൾക്കും താഴ്വരകൾക്കും മേൽ സംവഹിച്ച്, ഇതിലൂടെ നിത്യനവങ്ങളായ രാഗങ്ങൾ ഊതിയുണർത്തുന്നു.
ആ കരങ്ങളുടെ അനശ്വര സ്പർശത്തിൽ എന്റെ ഈ കൊച്ചു ഹൃദയം അതിരറ്റ ആനന്ദത്തിൽ അവാച്യസ്വരങ്ങളുതിർക്കുന്നു" (ഗീതാഞ്ജലി-1)
 
ചുട്ടുപൊള്ളുന്ന ഒരുച്ചനേരത്താണ് ഇന്ത്യയിലെ കൽക്കരി ഖനനത്തിന്റെ ജന്മഭൂമിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലിക്ക് ചേരാൻ അമ്മാവനോടൊപ്പം എത്തിയത്. ദാമോദർ നദിക്കരയിലെ ഒരു ചെറു ഗ്രാമത്തിലായിരുന്നു ആ സ്കൂൾ. ആകെ നാലോ അഞ്ചോ കടകൾ മാത്രമുള്ള ഒരു ചെറിയ കവലയാണ് പശ്ചിമ ബർധമാൻ ജില്ലയിലെ ഈ ഉൾഗ്രാമത്തിലാകെ ഉണ്ടായിരുന്നത്. മൊണ്ഡൽ കുടുംബത്തിന്റെ മിഠായി കടയും, റൂജ് കുടുംബത്തിന്റെ ചായക്കടയും, ബൈദ്യനാഥ് മൊണ്ഡലിന്റെ പലചരക്ക് കടയും, ടെലിഫോൺ ബൂത്തും, സിറോക്സ്, സ്റ്റേഷനറി എന്നിവ ചേർന്ന ജിതേന്ദ്ര കുണ്ടുവിന്റെ കടയും തുടങ്ങി വളരെ ചെറിയ ഒരു ഗ്രാമം. ഗ്രാമത്തിന്റെ ഉൾഭാഗങ്ങിലേക്ക് പോയാൽ സത്യജിത് റേയുടെ സിനിമകളിൽ കണ്ട മുളങ്കൂട്ടങ്ങൾ, വീടിനോട് ചേർന്ന ചെറു കുളം എന്നിവ കാണാം. റാണിഗംജിൽ നിന്നും ഈ ഗ്രാമത്തിലേക്ക് വരുന്ന വഴി ഏഷ്യയിലെ തന്നെ ഏറ്റവും വലുതും, പഴയതുമായ സഡക്-എ-ആസം എന്നറിയപ്പെട്ടിരുന്ന ഗ്രാൻഡ് ട്രങ്ക് റോഡ് കടന്നിട്ടുവേണം വരാൻ. 

ആ ഗ്രാമത്തിലെ എന്റെ വൈകുന്നേരങ്ങൾ ബംഗാളി പാട്ടുകളുടെയും, സാഹിത്യ ചർച്ചകളുടെയും നിത്യ സാന്നിധ്യം കൊണ്ട് സജീവമായി. ഈസ്റ്റേൺ കോൾ ഫീൽഡ്‌സ്-ൽ ജോലി ചെയ്തിരുന്ന രണ്ടു ജീവനക്കാർ, ഹരഥൻ ബാനർജിയും, അമിതാഭ് ബാനർജിയും എന്റെ ക്വാർട്ടേഴ്‌സ്-ൽ വന്ന് ബാംഗ്‌ള സ്നേഹത്തെ അതിശയത്തോടെ പ്രകീർത്തിച്ചു. ഞങ്ങളുടെ സായാഹ്‌ന നടത്തങ്ങളിൽ അവർ ബംഗാളിന്റെ ചരിത്രവും, സാഹിത്യവും, സിനിമയുമൊക്കെ എന്നോട് സ്നേഹത്തോടെ പങ്കുവെച്ചു. പിന്നെ, സന്ധ്യയ്ക്ക് ടെലിഫോൺ ബൂത്തിലെ ജിതേന്ദ്ര കുണ്ടുവിനോട് അൽപ നേരം സംസാരം. ടാഗോറിനെക്കുറിച്ചും (അദ്ദേഹം, പൊതുവെ ബംഗാളികൾ എല്ലാം, ടാഗോർ എന്നല്ല, ഠാക്കുർ എന്നാണ് ഉച്ചരിക്കുക. രബീന്ദ്ര ഠാക്കൂർ. 'ടാഗോർ' ഇംഗ്ലീഷ് ഉച്ചാരണത്തിലൂടെ വന്നതാണ്), ഹിന്ദി സിനിമകളെക്കുറിച്ചുമൊക്കെ ധാരാളം സംസാരിക്കാൻ ഇഷ്ടമുള്ള കുണ്ടുദാ നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഒരിക്കൽ സ്വന്തം വീട്ടിൽ സ്നേഹത്തോടെ അത്താഴത്തിന് എന്നെ ക്ഷണിച്ച് ഞാൻ കഴിച്ച് ക്ഷീണിക്കുന്നതുവരെ വിവിധതരം മിഠായികളും മറ്റുമായി എന്നെ സൽക്കരിച്ചു. എന്നെ 'മാസ്റ്റർ മൊഷായ്' എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. കുണ്ടുദായുടെ കടയിൽ ചെലവഴിച്ച സന്ധ്യകളും, വൈകിയ രാത്രിവേളകളും സംഗീതമയമാക്കാൻ ഇടയ്ക്കിടയ്ക്ക് വന്നെത്തിയിരുന്ന മൃണാൾ മാജി "അമായ് ഏക് ടു ജായ്‌ഗാ ദാവോ മായേർ മൊന്ദിരേ ബൊസി" (ഈ മന്ദിരത്തിൽ ഇരിക്കാൻ എനിക്ക് ചെറിയൊരിടം തരൂ, അമ്മേ) എന്ന ഭക്തിയും, കുറ്റബോധവും, കൃതജ്ഞതയുമൊക്കെ ചേർന്ന വികാരനിർഭരമായ ഗാനം പാടി കണ്ണീരൊഴുക്കിയ ഓർമ്മകൾ! ആ പാട്ട് എഴുതിയ പുളക് ബന്ദോപാധ്യായ് എന്ന പ്രശസ്തനായ ഗാന രചയിതാവ് ഹൂഗ്ലി നദിയിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്ത കഥയും അറിഞ്ഞു. കുണ്ടുദാ ഇടയ്ക്കിടെ ബംഗാളി ജാത്ര (ഫോക്ക് നാടകം)-യെക്കുറിച്ച് പറയുമ്പോൾ തന്റെ കസേരയിൽ നിന്നെഴുന്നേറ്റ് ചില നാടകരംഗങ്ങൾ അഭിനയിച്ചു കാണിക്കും. അതിലൊന്നായ 'മാ മാഠി മാനുഷ്' (ഇപ്പോൾ തൃണമൂലിന്റെ മുദ്രാവാക്യം) എന്ന ജാത്രയിലെ ഒരു ഡയലോഗ് കുണ്ടുദാ ശബ്ദ വ്യത്യാസത്തോടെ, ആവർത്തിച്ച് നാടകീയമായി അവതരിപ്പിക്കും, 

"മായേർ ദൂദ് ഖാബെൻ, മാഠി ഥെക്കെ ഫസൽ തുൽബെൻ, മാനുഷ് മോദ്ധ്യേ വാസ് കോർബെൻ. കിന്തു മാ, മാഠി, മാനുഷേർ ഭാലോ ഭാഷാ കോർബെന. താ കോനു ഹോയ്?" (അമ്മയുടെ മുലപ്പാൽ കുടിച്ച്, മണ്ണിൽ പണി ചെയ്ത് , മനുഷ്യർക്കിടയിൽ ജീവിച്ച് ...അമ്മയെയോ, മണ്ണിനെയോ, മനുഷ്യനേയോ സ്നേഹിക്കാത്ത ആരെങ്കിലുമുണ്ടോ?)

ആ ചോദ്യത്തിന്റെ മാറ്റൊലി കൂടി ചേർത്തുള്ള അവതരണം ഞാനേറെ ആസ്വദിച്ചു. ശരീരഭാഷകൊണ്ടും, ശബ്ദം കൊണ്ടും, ഭാവം കൊണ്ടും ആ ചെറു കടയിലെ ഇടുങ്ങിയ ഇടം ഒരു ബൃഹദ് രംഗവേദിയാക്കി മാറ്റാൻ കുണ്ടുദായ്ക്ക് കഴിഞ്ഞു. അത്ഭുതസ്തബ്ധനായ പ്രേക്ഷകനായി ഞാനും.
കുണ്ടുദായുടെ കൂടെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ജാത്ര കാണാൻ പോയ രാത്രി ഇപ്പോഴും ഓർക്കുന്നു. വിക്ടർ ബാനെർജി അഭിനയിച്ച 'ബാബാ ഠാക്കുറെർ ലാഠി' എന്ന  നാടകം. നിലാവുള്ള ആ അർദ്ധരാത്രിയിൽ  വിശാലമായ നെൽപാടങ്ങൾക്കിടയിലൂടെ തിരികെയുള്ള യാത്രയിൽ കുണ്ടുദായുടെ സൈക്കിളിന്റെ പുറകിലുരുന്ന് ഞാൻ ഭൂപെൻ ഹസാരികയുടെ 'ഓ ഗംഗാ ബോയ്‌ച്ചോ കെനോ..' (ഗംഗാ, നീയെന്തിനാണ് ഒഴുകുന്നത്?) എന്ന പാട്ട് അതിന്റെ മുഴുവൻ വേദനയും, ദുഖവും ആവാഹിച്ച് അദ്ദേഹം പാടിയത് കേട്ട് വികാരഭരിതനായി. ഒരു നിമിഷം ബഹാദൂർപൂറിലെ ആ നെൽപാടങ്ങൾ അനന്ത വിസ്തൃതമായ ഗംഗയായി പരിണമിച്ചു.

ഭൂപെൻ ഹസാരിക പാടിയ 'അമി ഏക് ജാജബോർ', 'സബാർ ഹൃദയേ റൊബീന്ദ്രനാഥ്, ചേതന തേ നസ്‌റുൽ' എന്ന ഗാനങ്ങളും, രബീന്ദ്ര സംഗീതത്തിൽ ഹേമന്ത് മുഖോപാധ്യായ്, കണികാ ബന്ദോപാധ്യായ്,ദേബബ്രൊതോ ബിശ്വാസ്,ശ്രീകാന്തോ എന്നീ പാട്ടുകാരും, നസ്‌റുൽ ഗീതയിൽ മാനബേന്ദ്ര മുഖോപാധ്യായ്, ഭാട്ടിയാലിയിൽ ഹേമംഗോ ബിശ്വാസ്, അബ്ബാസുദ്ദിൻ അഹമ്മദ്, സോഗതോ, ലോക് ഗീതിയിൽ അമർ പാൽ, കാലിക പ്രസാദ് ഭട്ടാചാര്യ, ബാവുൾ സംഗീതത്തിൽ പൂർണോ ദാസ് ബാവുൾ, കാർത്തിക് ദാസ് ബാവുൾ, പാർവതി ബാവുൾ  തുടങ്ങി ഒരു വലിയ ശേഖരം തന്നെ എന്റെ കയ്യിലുണ്ടായിരുന്നു. 'തൊബു മൊനെ രാഖോ' എന്ന പാട്ട് ടാഗോറിന്റെ തന്നെ ശബ്ദത്തിൽ കേട്ടത് ഏറെ അത്ഭുതപ്പെടുത്തി. നീണ്ട താടിയും, മുടിയുമായി യോഗിതുല്യമായ ആ ഗാംഭീര്യത്തിന് പ്രത്യക്ഷത്തിൽ ചേരുന്ന ശബ്ദമല്ല, അദ്ദേഹത്തിന്റെ ലോലവും, സ്ത്രൈണവുമായ ശബ്ദം.  നസ്‌റുൽ ഗീതിയ്ക്ക് ഹിന്ദുസ്ഥാനി ഗസലുകളുടെ സ്വഭാവമാണ്. മാനബേന്ദ്ര മുഖോപാധ്യായ് പാടിയ 'കേനോ കാദെ പൊറാൺ കീ ബേദൊനാ' ഒരു ഗുലാം അലി ഗസൽ കേൾക്കുന്ന സുഖം നൽകും. അസൻസോളിനടുത്താണ് കാസി നസ്‌റുൽ തന്റെ ജീവിതം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമുള്ള ചുരുളിയ എന്ന സ്ഥലത്ത് ഓരോ വർഷവും സംഗീത പരിപാടികൾ നടക്കാറുണ്ട്. നസ്‌റുൽ വിപ്ലവ കവിയെന്നും, ബംഗാളിന്റെ ദേശീയ കവിയെന്നും അറിയപ്പെടുന്നു. ഭൂപെൻ ഹസാരികയുടെ പാട്ടിൽ പറയുന്ന വരികൾ ഇത് വ്യക്തമാക്കുന്നു,
"സബാർ ഹൃദോയെ റൊബിന്ദ്രനാഥ്, ചേതന തെ നസ്‌റുൽ" അതായത്
"രബീന്ദ്രനാഥ് എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നു, നസ്‌റുൽ ചേതനയിലും.
ഒരു കയ്യിൽ അഗ്നിവീണയും (നസ്‌റുൽ), മറ്റേ കയ്യിൽ ഗീതാഞ്ജലിയും (ടാഗോർ) ഏന്തി ഞങ്ങൾ ജീവിത പാതയിലെ വിഘ്നങ്ങളെ നേരിടുന്നു".
 

മിക്കവാറും എല്ലാ മാസങ്ങളിലും ഒന്നോ രണ്ടോ തവണ കൊൽക്കത്തയ്ക്ക് ഞാൻ പോകാറുണ്ടായിരുന്നു. റാണിഗംജിൽ നിന്ന് ട്രെയിനിലോ, ബസിലോ ആയിരുന്നു മിക്ക യാത്രകളും.  ഡൽഹി-കൊൽക്കത്ത റൂട്ടിലാണ് റാണിഗഞ്ജ്, അതുകൊണ്ടുതന്നെ ട്രെയിനിൽ പൊതുവെ നല്ല തിരക്കായിരിക്കും. ഏറ്റവും പരിചിതമായ കാഴ്ച ഇതിലെ ഡെയിലി യാത്രക്കാരുടെ പെരുമാറ്റമാണ്. സ്ലീപ്പർ കോച്ച് മുതൽ തങ്ങൾക്ക് തോന്നിയ ഇടത്ത് കയറി ഇരുന്ന് 'ഞങ്ങൾ ഡെയിലി പാസ്സഞ്ചേഴ്‌സ്' ആണെന്ന് പറഞ്ഞു അനങ്ങാപ്പാറ പോലെയിരിക്കും. സീറ്റ് ബുക്ക് ചെയ്തവരിൽ ചിലർ ഇതിനെതിരെ പ്രതികരിക്കും, പിന്നെ ഒരു ടിപ്പിക്കൽ ബംഗാളി രീതിയിലുള്ള വഴക്ക് കാണാം. വടക്കേ ഇന്ത്യയിൽ കാണുന്ന പച്ചത്തെറികളോ, കയ്യേറ്റമോ കാണില്ല ഇവിടെ. ചിലപ്പോൾ വഴക്ക് യാത്ര മുഴുവൻ നീളും. ആ നിത്യജീവിതബഹളങ്ങളുടെ ആൾക്കൂട്ടത്തിലേക്ക്  നിരർത്ഥകമായ അന്വേഷണങ്ങളെയും, ബന്ധങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് പെട്ടെന്നൊരു ബാവുൾ പ്രത്യക്ഷപ്പെടും. ഏക് താരയിലൂടെ ഏക സത്യത്തിന്റെ ദിവ്യസന്ദേശ ഗാനമാലപിച്ചുകൊണ്ട്: 

"ഏക് ദിൻ മാട്ടിർ ഭിതോരെ ഹൊബേ ഘൊർ ...." (ഒരിക്കൽ ഈ മണ്ണിനടിയിലായിരിക്കും നിന്റെ വീട്)  

ബംഗാളിലെ ലോക്കൽ ട്രെയിനുകളിലെ യാത്ര അനുഭവിച്ചറിയേണ്ടത് തന്നെയാണ്. ഒരു സാധാരണക്കാരന്റെ സൂപ്പർമാർക്കെറ്റ് പോലെയാണത്. ഉടുപ്പുകളും, കളിപ്പാട്ടങ്ങളും, സോപ്പും, ചീപ്പും, കണ്ണാടിയും തുടങ്ങി നിരവധി സാധന സാമഗ്രികളുമായി വില്പന നടത്തുന്ന ധാരാളം പേർ. ചനാചൂർ, കടുകെണ്ണ, പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത മുരിയുടെ സ്വാദറിയാത്ത ബംഗാൾ ജീവിതം അപൂർണമെന്ന് നിസ്സംശയം പറയാം. ബംഗാളിന്റെ മധുര മുഖമുദ്രയായ റൊസോഗുലയും, ഷൊന്ദേശും, രസ്മലായിയുമൊക്കെയായി പരിണമിക്കാൻ 'ഛെന' ഈ ലോക്കൽ ട്രെയിനുകളിലാണ് വിവിധ ഗ്രാമങ്ങളിൽ നിന്നും കൊല്കത്തയിലേക്കെത്തുന്നത്.  

വയനാട് ജില്ലയിൽ വയനാട് എന്നൊരു സ്ഥലമില്ല എന്ന പോലെ കൊൽക്കത്തയിൽ കൊൽക്കത്ത എന്ന റെയിൽവേ സ്റ്റേഷൻ ഇല്ല, ഉള്ളത് ഹൂഗ്ലി നദിക്കിപ്പുറം ഹൗറ സ്റ്റേഷനും, നദിക്കപ്പുറത്ത് മുഖ്യമായും വടക്കൻ ബംഗാളിലേക്കും, ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ട്രെയിൻ സർവീസ് ഉള്ള സിയാൽദാ സ്റ്റേഷനും. രണ്ടിടത്ത് പോയാലും നമ്മുടെ നാട്ടിലെ ഒരു പെരുങ്കളിയാട്ടത്തിനുള്ള ആൾത്തിരക്ക് അനുഭവിച്ചറിയാം.  അതൊക്കെയാകട്ടെ, പക്ഷെ, നിങ്ങൾക്കൊരിക്കലും ബംഗാളിനെ വെറുക്കാൻ കഴിയില്ല. പ്രത്യക്ഷമായ കോലാഹലത്തിന്റെ അടിയൊഴുക്കായി സന്തോഷവും, സംതൃപ്തിയും, ശുഭാപ്തി വിശ്വാസവുമുള്ള ഒരു ജനതയാണ് ബംഗാളികൾ. മറ്റു നഗരങ്ങളുടെ മാത്സര്യങ്ങളില്ലാത്ത പ്രശാന്തമായ ഒരു മനസ്സുണ്ട് കൊൽക്കത്തയ്ക്ക്. ട്രാമിന്റെയും, ഹൂഗ്ലിയ്ക്ക് കുറുകെ പോകുന്ന തീവണ്ടിയുടെയും വിളംബിത താളമാണ് ആ ജനജീവിതത്തിന്. 

ഒരിക്കൽ സിയാൽദായിൽ നിന്ന് ലോക്കൽ ട്രെയിനിൽ അതിരാവിലെ ഞാൻ റാണി ഗംജിലേക്ക് വരാനായി നൈഹാട്ടി വഴി ബാൻഡേലിൽ എത്തി. ഏകദേശം രാവിലെ ഏഴുമണിയോടടുത്ത് ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് എന്ന ഹൗറ-ധൻബാദ് ട്രെയിനിൽ കയറിയാൽ ഏകദേശം ഒമ്പതരയോടടുത്ത് റാണിഗംജിൽ എത്താം. സെക്കന്റ് ഹാഫ് ജോലിക്ക് കയറുകയും ചെയ്യാം. ഞാൻ പലതവണ അങ്ങിനെ യാത്ര ചെയ്തിട്ടുള്ളതാണ്. വേഗത കൊണ്ടും, സമയ സൗകര്യം കൊണ്ടും ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് ഈ റൂട്ടിലെ ഏറ്റവും അധികം ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനാണ്. ബാൻഡേലിൽ പതിവുപോലെ ഞാൻ ബ്ലാക്ക് ഡയമണ്ടിനായി കാത്തു നിന്നു. ട്രെയിൻ അല്പം നേരത്തേ വന്നു. തിരക്ക് കുറവാണ്. ഞാൻ ഒരിടത്തിരുന്നു. നല്ല കുളിരുള്ള കാറ്റ് കൊണ്ട് ഞാൻ ഒന്ന് മയങ്ങിപ്പോയി. ഉണർന്നപ്പോൾ സ്ഥലം ബർധമാൻ ജംഗ്ഷൻ. ഇനിയും ഒരു മണിക്കൂറിനടുത്തുണ്ട്. വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. അൽപനേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ പരിചിതമായ സ്ഥലങ്ങളോ, സ്റ്റേഷനുകളോ കാണാൻ കഴിഞ്ഞില്ല! ഒരു ഞെട്ടലോടെ ഞാൻ അടുത്തിരുന്ന ആളിനോട് ചോദിച്ചു, ഇതെന്താ, പുതിയ റൂട്ട് ആണോ? അദ്ദേഹം പറഞ്ഞു, അല്ല ഇത് ബർധമാനിൽ നിന്ന് മാറി ബോൽപൂർ വഴി അസിംഗംജിലേക്ക് പോകുന്ന ഗണദേവത എക്സ്പ്രസ്സ് ആണെന്ന്. എനിക്കൊന്നും മനസിലായില്ല, ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ് ബാൻഡേലിൽ എത്തുന്ന സമയത്തോടടുത്താണ് ഗണദേവതയും എത്തുന്നത്, അതുകൊണ്ട് തന്നെ ഇത്തരം അബദ്ധങ്ങൾ സംഭവിച്ച എന്റെ പിന്മുറക്കാരെക്കുറിച്ച് അദ്ദേഹം പറഞ്ഞു തന്ന് ചിരിച്ചു. മനസ്സിൽ തരുൺ മജുൻദാർ സംവിധാനം ചെയ്ത പ്രശസ്തമായ 'ഗണദേവത' എന്ന സിനിമ ഒരു നിമിഷം മിന്നിമാഞ്ഞു. സഹയാത്രികനായ 'ബൊദ്രോലോക്' പറഞ്ഞു തന്നത് പോലെ ബോൽപൂരിൽ ഇറങ്ങാൻ തീരുമാനിച്ചു. എന്തായാലും റാണിഗംജിൽ എത്തി ഇന്ന് ജോലിക്ക് പോകാൻ കഴിയില്ല, റോഡ് മാർഗം പോകാൻ രണ്ടുമണിക്കൂറിലധികം വേണം, ട്രെയ്‌നിലാണെങ്കിൽ തിരിച്ച് ബർധമാനിൽ പോയി അവിടെനിന്ന് വീണ്ടും മെയിൻ ലൈനിൽ അടുത്ത വണ്ടി പിടിക്കണം, അതിനിതിനേക്കാളും സമയം എടുക്കും. സ്നേഹത്തോടെ മൺ പാത്രത്തിൽ ഒരു ചായ കുടിച്ച് ഞങ്ങൾ പിരിഞ്ഞു. അപ്പോഴേക്കും അടുത്ത പരിപാടിക്കുള്ള പദ്ധതി തയാറായിരുന്നു എന്റെ മനസ്സിൽ. ബോൽപൂർ ബംഗാളിന്റെയും, ഇന്ത്യയുടേയും ഭൂപടത്തിൽ തലയുയർത്തി നിൽക്കുന്നത് രബീന്ദ്രനാഥ് ടാഗോറിന്റെ 'ശാന്തി നികേതൻ'-ന്റെ പേരിലാണ്. ഇന്നത്തെ ദിവസം ശാന്തി നികേതൻ കാണാം, ഈ അറിയാതെ വന്ന ഭാഗ്യം തുറന്ന മനസ്സോടെ സ്വീകരിക്കാം. ജീവിതം അങ്ങനെയാണ് പലപ്പോഴും, നമ്മുടെ അബോധ മനസ്സിന്റെ ആഴങ്ങളിൽ നമ്മൾ കരുതി വെച്ച ചില ആഗ്രഹങ്ങളെയും, ബന്ധങ്ങളെയും തികച്ചും അപ്രതീക്ഷിതമായ രീതിയിൽ കാലത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തിൽ ആകസ്മികമായി മുന്നിൽ കൊണ്ട് നിർത്തും. അപരിചിതമായ ഒരാൾക്കൂട്ടത്തിൽ പരിചിതമായ ഒരു മുഖം തെളിഞ്ഞുവരുന്നതുപോലെയാണത്. എത്രയോ വർഷങ്ങൾ ഗീതാഞ്ജലിയിലൂടെ, രബീന്ദ്ര സംഗീതാസ്വാദനത്തിലൂടെ നടത്തിയ യാത്രകൾക്ക് പുതിയൊരൂർജം പകരാനും, ലക്‌ഷ്യം നൽകാനും കിട്ടിയ ഈ അവസരം നന്ദിയോടെ ഞാനോർത്തു. 

"ബസൊന്തോ ആജ് ഉഛാഷേ ബിലാഷേ ഏലോ അമാർ  ബാതായോനെ..." 
"ഇന്നിതാ വസന്തം എന്റെ ജനാലയ്ക്കരികിൽ നിശ്വാസങ്ങളും, മർമരങ്ങളുമായി വന്നണഞ്ഞു. പൂമ്പാറ്റകളിതാ പുഷ്പിതവനികയിൽ അവരുടെ സംഘഗാനം മുഴക്കുന്നു. 
അങ്ങയോട് മുഖാമുഖമിരുന്ന് ഈ മൗനത്തിന്റെ തുളുമ്പുന്ന വിശ്രാന്തിയിൽ ജീവിത സമർപ്പണ ഗാനം ആലപിക്കേണ്ട മുഹൂർത്തമാണിപ്പോൾ" (ഗീതാഞ്ജലി-5)

തപൻ ദാസിന്റെ സൈക്കിൾ റിക്ഷയിൽ വിവിധ തരം ഹാൻഡിക്രാഫ്റ്റ് കടകൾ ഇരുവശവും അലങ്കരിക്കുന്ന വീഥിയിലൂടെ യാത്ര തുടങ്ങിയതേയുള്ളൂ, ഒരത്ഭുതകരമായ കാഴ്ച കണ്ടു. മണ്ണിൽ സ്വന്തം തല പൂഴ്ത്തിവെച്ച് ചമ്രം പടഞ്ഞിരുന്ന് ധ്യാനിക്കുന്ന ഒരു യോഗിയെ. ശ്രീ രാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും ജീവ ചരിത്രങ്ങൾ വായിച്ച സമയത്ത് ബംഗാളിൽ ഗംഗയുടെ തീരത്തുള്ള അത്ഭുതസിദ്ധിയുള്ള സന്യാസിമാരെക്കുറിച്ച് വായിച്ചതോർത്തുപോയി.

മനുഷ്യന്റെ ധൈഷണികവും, വൈകാരികവും, ആത്മീയവുമായ വളർച്ച പ്രകൃതിയിൽ സമന്വയിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന ദർശനം  സാക്ഷാത്കരിക്കുന്ന ഒരു ജീവിത-വിദ്യാഭ്യാസ രീതിക്ക് തുടക്കമിട്ട ടാഗോറിന്റെ ലോക സങ്കല്പത്തിലേക്ക്, ശാന്തിനികേതനിലേക്ക്. ധാരാളം വൃക്ഷങ്ങൾ കൊണ്ട് സമ്പന്നമായ ആ തപോവനത്തിൽ മരച്ചുവട്ടിൽ അധ്യാപനം നടക്കുന്നു, വാകപ്പൂക്കൾ പരവതാനി വിരിച്ച വഴിയിൽ കമിതാക്കൾ കൈകോർത്ത് നടക്കുന്നു, ബുദ്ധന് ബോധോദയത്തിന് ശേഷം ഭക്ഷണം നൽകിയ സുജാതയുടെ ശിൽപം രാംകിങ്കർ ബൈജിന്റെ പ്രശസ്തമായ അനേകം ശില്പങ്ങളിലൊന്നായി നിറഞ്ഞു നിൽക്കുന്നു.....ശാന്തി നികേതൻ കലയുടെയും, സംഗീതത്തിന്റെയും, ഫിലോസോഫിയുടെയും, പ്രണയത്തിന്റെയും, പ്രകൃതിയുടെയും, സാഹിത്യത്തിന്റെയും യാഥാർത്ഥവും, പ്രതീകാത്മകവുമായ ഒരു സംഗമമാണ്, വെറുതെയല്ല ഈ സാർവദേശീയ സങ്കൽപ്പത്തിന് വിശ്വഭാരതി സർവകലാശാല എന്ന പേര് നൽകിയത്. ഓരോ വർഷവും ശാന്തി നികേതനിൽ വൃക്ഷതൈകൾ നടുന്ന വിപുലമായ ചടങ്ങുണ്ട്. ടാഗോർ ദേശ ദേശാന്തരങ്ങളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷങ്ങൾ ഇന്നും ആ കാമ്പസിൽ തലയുയർത്തി നില്കുന്നു. അദ്ദേഹം തുടങ്ങി വെച്ച 'ബ്രിക്ഷാരോപണ ഉത്‌സബ്' ഇന്നും അതിന്റെ എല്ലാ പ്രൗഢിയോടെയും പിന്തുടരുന്നു. അങ്ങിനെയൊരു ഉത്സവകാലത്ത് ടാഗോർ എഴുതിയ കവിതയാണ് 'ബ്രിക്ഷ ബന്ദന' (In Praise of Trees). സാന്താൾ വിഭാഗത്തിൽ പെട്ട ഗ്രാമീണരുമായി ചേർന്ന് കാർഷിക സംസ്കാരത്തിന്റെയും, കരകൗശല വിദ്യയുടെയും സാധ്യതകൾ ഉൾപ്പെടുത്തി 'ഹലാകർഷൺ' എന്ന ഉത്സവവും നടത്താറുണ്ട്, ശ്രീനികേതനിൽ. ശാന്തിനികേതനും, ശ്രീനികേതനും ഒത്തു ചേരുന്നതാണ് വിശ്വഭാരതി. 'സംഗീത ഭവന' യുടെ പരിസരത്തു നിന്നപ്പോൾ അത്യന്തം ഹൃദയസ്പർശിയായ ശബ്ദത്തിൽ ആ പാട്ട് ഒഴുകി വരുന്നതുപോലെ തോന്നി, 

"അമി മാരെർ ഷാഗോർ പാഡി ദെബോ ഗോ..."
(സംഘർഷങ്ങളുടെ ഈ കടൽ എന്റെ നിർഭയമായ കൊച്ചുതോണിയിൽ ഞാൻ താണ്ടും")

രബീന്ദ്ര സംഗീതത്തിലെ വാനമ്പാടിയെന്നും, ആശ്രമ കന്യാ എന്നും അറിയപ്പെട്ട കണികാ ബന്ദോപാധ്യായുടെ ശബ്ദം. ടാഗോറിൽ നിന്നും നേരിട്ട് സംഗീതം പഠിക്കാൻ ഭാഗ്യം ലഭിച്ച അവരെ സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത് 'മൊഹോർ' അഥവാ സ്വർണ നാണയം എന്നാണ്. 

"കൃഷ്ണകലി അമി താരൈ ബോലി" എന്ന ടാഗോറിന്റെ കവിത ബംഗാളിയിൽ എഴുതിയ ഒരു കുർത്ത വാങ്ങി, നാടൻ ബംഗാളി ഭക്ഷണം കൂടെ കഴിച്ചിട്ടാണ് റാണിഗംജിലേക്ക് ബസ് കയറിയത്. വൈകുന്നേരത്ത് സുഖാന്വേഷണത്തിനിടയിൽ ഒറീസ്സക്കാരനായ സഹപ്രവർത്തകൻ മൊഹന്തി സാറിനോട് എന്റെ വഴി തെറ്റിയ യാത്രയെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "അത് രബീന്ദ്രനാഥിന്റെ ക്ഷണം ആയിരുന്നു, ചിലപ്പോൾ ചില വഴിതെറ്റിയ യാത്രകൾ പുതിയ ലക്ഷ്യത്തിലേക്കുള്ള വാതിലുകളാണ്". അന്നത്തെ സായാഹ്‌ന യാത്രയിൽ മണ്ണിലും, മാനത്തും, മനസ്സിലും, സകല ചരാചരങ്ങളിലും അജ്ഞേയമായ ഒരു മാസ്മരിക സാന്നിധ്യത്തിന്റെ ശക്തി ഞാൻ വീണ്ടുമറിഞ്ഞു. 

"ജനനത്തിലൂടെയും, മരണത്തിലൂടെയും, ഈ ലോകത്തും പരലോകങ്ങളിലും അങ്ങെന്നെ എവിടെയെല്ലാം ആനയിച്ചാലും ആനന്ദത്തിന്റെ ചരടുകളാൽ എന്റെ ഹൃദയത്തെ അപരിചിതത്വങ്ങളുമായി ബന്ധിപ്പിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളിലെ എന്റെ ഏക നിതാന്ത സ്നേഹിതൻ അങ്ങുമാത്രമാണല്ലോ" (ഗീതാഞ്ജലി-63)

വർഷങ്ങൾ ഏറെ കഴിഞ്ഞു. നേപ്പാളിൽ ജോലി ചെയ്യുന്ന കാലത്ത്, 2013 ൽ ഇന്ത്യൻ എംബസ്സിയുടെ സാംസ്കാരിക പരിപാടികളുടെ വിഭാഗത്തിൽ നിന്നും അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ വന്നു. അടുത്ത ദിവസം വൈകുന്നേരം അവരുടെ പരിപാടിയിൽ 'ഗീതാഞ്ജലി' യ്ക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചതിന്റെ നൂറാം വാർഷികാഘോഷമാണ്. നല്ല ഗായികയും, ടാഗോറിന്റെ കൃതികളിലും, സംഗീതത്തിലും ഡോക്ടറേറ്റും അടക്കമുള്ള ശ്രീമതി രേബ സോം ആണ് അരങ്ങിൽ. അവർ ചെയ്ത ഡോക്യുമെന്ററി കൂടി പ്രദര്ശിപ്പിക്കുന്നുണ്ടത്രേ. ആ പരിപാടിയിൽ അവരുടെ പാട്ടുകൾക്ക് ഗീതാഞ്ജലിയിൽ നിന്നുമുള്ള തിരഞ്ഞെടുത്ത വരികൾ ഇംഗ്ളീഷിൽ തത്സമയം അരങ്ങിൽ ഞാൻ വായിക്കണമത്രേ!!! എന്നെ ഇതിനായി തെരഞ്ഞെടുത്തത് ഏതു ശക്തിയാണ്? വിനയവും, ആശ്ചര്യവും കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് ഇതിലും വലിയൊരു ഭാഗ്യം ഗീതാഞ്ജലിയോടും, ടാഗോറിനോടുമൊത്തുള്ള യാത്രയിൽ ഇനി വരാനുണ്ടോ? ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അതേ സമയം മനസ്സിന്റെ നാനാ കോണിലും, കൃതജ്ഞതയുടെ നനുത്ത സ്പർശം കൊണ്ട് "ഞാൻ" എന്ന  തോന്നലിന്റെ സൈകതങ്ങൾ ഉടഞ്ഞു, 

"സിംഹാസനത്തിൽ നിന്നിറങ്ങി അങ്ങെന്റെ വീട്ടുവാതിൽക്കൽ വന്നു നിന്നു. ഞാനൊരു കോണിലിരുന്ന് ഒറ്റയ്ക്ക് പാടുകയായിരുന്നു. ആ രാഗം അങ്ങയുടെ ചെവികളിലണഞ്ഞു. അങ്ങിറങ്ങി എന്റെ വീട്ടുവാതിൽക്കൽ വന്നു നിന്നു. 
അവിടത്തെ മണ്ഡപത്തിൽ വിദ്വാന്മാരാനവധിയാണ് . ഈ അശിക്ഷിത ഗായികയുടെ ലഘു സങ്കീർത്തനം അങ്ങയുടെ പ്രണയത്തെ സ്പർശിച്ചുവെന്നോ? ഒരു കൊച്ചു  ശോകഗാനശകലം ഈ പ്രപഞ്ചത്തിന്റെ മഹാസംഗീതത്തിൽ ലയിച്ചുവല്ലോ. നീയൊരു പുഷ്പപാരിതോഷികവുമായി എന്റെ വാതിൽക്കൽ വന്നുവല്ലോ". (ഗീതാഞ്ജലി-49)

ആ ഹിമാലയൻ താഴ്വരയിൽ ശക്തമായ കാറ്റുവീശി. മനസ്സും ശരീരവും കുളിരുകൊണ്ടു. ബംഗാൾ ഉൾക്കടൽ തീരത്തു നിന്ന് ദെബോശ്രീയും, തോണിക്കാരന്റെ പാട്ടിന്റെ താളവുമായി ഹേമംഗോ ബിശ്വാസിന്റെ മാസ്മരിക ശബ്ദത്തിലെ ഭാട്ടിയാലിയും, ആഷാഢത്തിലെ ശാന്തി നികേതനിലേക്കുള്ള വഴിതെറ്റിയ യാത്രയും, റാണി ഗംജിലെ സായാഹ്ന സംഗീതയാത്രകളും, എല്ലാം എന്റെ മനസ്സിൽ വീണ്ടും ജീവൻ വെച്ചു. എല്ലാത്തിനും മുകളിലായി, സർവ്വതിലും പ്രസരിച്ചു നിൽക്കുന്ന മാസ്മരിക മന്ദഹാസത്തോടെ രബീന്ദ്രനാഥ് എന്നെ നോക്കി. 

"മാരി പെയ്യുന്ന ജൂലൈ രാത്രികളുടെ മൂകതയിലൂടെ,മേഘ ഗർജനങ്ങളുടെ രഥമേറി അദ്ദേഹം വരികയാണ്, വരികയാണ്, സദാ വരികയാണ്" (ഗീതാഞ്ജലി-45)

കാഠ്‌മണ്ഡു നഗരത്തിലെ കമൽ പൊഖ്‌രി എന്ന സ്ഥലത്തെ റഷ്യൻ കൾച്ചറൽ സെന്ററിൽ ടാഗോറിന്റെ പാട്ടുകൾ പാടാൻ ശ്രീമതി രേബ സോം തയ്യാറായി നിന്നു.  ടാഗോറുമായും, ഗീതാഞ്ജലിയുമായുള്ള ബന്ധം ഞങ്ങൾക്കിടയിലെ  അപരിചിതത്വത്തെ തൽക്ഷണം ഭേദിച്ചു. അരങ്ങിൽ അവർ ടാഗോറിന്റെ ഗീതാഞ്ജലി പാടിയപ്പോൾ, വർഷങ്ങൾക്കപ്പുറത്ത് നിന്ന് പ്രഭാതത്തിലെ വിളക്ക്‌ വെച്ചൊരു പൂജാമുറിയുടെ ചിത്രം തെളിഞ്ഞു വന്നു, ഗീതാഞ്ജലിയിലെ വാക്കുകൾക്കുളിലെ ആത്മീയ ജ്യോതിർപ്രവാഹത്തിന്റെ ആ ആദ്യനാളുകൾ തന്ന അതേ ഊർജം എന്നിൽ വീണ്ടും നിറഞ്ഞു. ഈറനണിഞ്ഞ കണ്ണുകളിലൂടെ യോഗിവര്യനായ കവിയുടെ കരുണാർദ്രമായ കടാക്ഷം ഞാനറിഞ്ഞു. മാതൃ വാത്സല്യത്തോടെ ഗീതാഞ്ജലിയുടെ ഒരു കോപ്പി എനിക്ക് സമ്മാനിച്ച് അവർ എഴുതിയ വാക്കുകളിൽ ആ ഗ്രന്ഥവുമായും, ആ കവി ശ്രേഷ്ഠനുമായും ഞാൻ നടത്തിയ യാത്രകളുടെ പൊരുൾ പ്രതിഫലിച്ചത് വിസ്മയങ്ങളുടെ അക്ഷയമായ എന്റെ അനുഭവങ്ങളുടെ മറ്റൊരു സാക്ഷ്യമായി:
"ദൈവനിശ്ചയം നമ്മുടെ ജീവിതത്തെ എങ്ങിനെ രൂപപ്പെടുത്തുന്നുവെന്ന് ടാഗോർ പറഞ്ഞു തന്നു. ഇന്നീ ദിവസം എന്റെ കൂടെ അരങ്ങിൽ ഗീതാഞ്ജലി വായിക്കാൻ നിങ്ങളെ തിരഞ്ഞെടുത്തത് മറ്റാരുമല്ല, ഗുരുദേവൻ തന്നെയാണ്".

  -സന്തോഷ് കാനാ 
Santhosh Kana














No comments: