My Strength

what do you like about this blog?

Saturday, March 16, 2013

എഴുതുന്നത്......(EZHUTHUNNATHU)


കണ്ടതിനെ കാണുന്നതു പോലെയാണ്‌ എഴുതുന്നത്.
ഒരു ദൃശ്യം, ഒരു വേദന, ഒരു നിഗൂഡത
ഒരുപാട് മനുഷ്യരിലൂടെ, ദൃശ്യ ങ്ങളിലൂടെ  ജീവൻ വെച്ച്
വ്യക്തമാകുമ്പോളാണ് എഴുതുന്നത് .

ഒരു കുടുംബത്തിന്റെ പലവിധ ദിനചര്യകളെ
പലതരം കുക്കർ വിസിലുകളിലൂടെ
പല ട്രാക്കുകളിലേക്ക് തയ്യാറാക്കാൻ
അലാറത്തിന്റെ സഹായമില്ലാതെ ഒരു സ്ത്രീയെ
തട്ടിയെഴുന്നെൽപ്പിക്കുന്നതു പോലെയാണ് എഴുതുന്നത്.

കനത്ത മഴയുള്ള ഒരു പ്രഭാതത്തിൽ
അൽപനേരം കൂടി പുതപ്പിനടിയിൽ ചുരുളാൻ കൊതിക്കുമ്പോൾ
പാഠശാലാ നിയമങ്ങൾ
പുതപ്പുമാറ്റി പുറത്തുവരാൻ നിർബന്ധിക്കുന്നതു പോലെയാണ്
എഴുതുന്നത്‌.

തിരക്കുപിടിച്ചൊരു ദിവസത്തിനൊടുവിൽ
വിയർപ്പിൽ ഒട്ടിയ കോട്ടും, സ്യൂട്ടും അഴിച്ചു വെച്ച്
ശരീരത്തിന്റെ ജനാലകൾ തുറന്നിട്ടാശ്വസിക്കുന്നതുപോലെയാണ്
എഴുതുന്നത്.

ഒരു വേദന ചീന്തിയ രക്തം
മഷിയായി പുറത്തു വരുമ്പോഴാണ്
എഴുതുന്നത്.

പലയിടത്തായി ചിതറിക്കിടന്ന ചിന്തകളുടെ ഇരുമ്പിൻ ശകലങ്ങൾ
ഒരു അദ്ഭുത നിമിഷത്തിന്റെ കാന്തിക സാന്നിധ്യത്തിൽ
ഒരുമിച്ച് ചേരുമ്പോളാണ്  എഴുതുന്നത്.

ഒരു പേനയുടെ സിരകളിൽ ഉറഞ്ഞു കൂടിയ
ചിന്തകളും, വികാരങ്ങളും
പ്രേരണയുടെ സന്തപ്തതയിൽ
താളുകളിലേക്ക് അലിഞ്ഞൊഴുകുമ്പോളാണ്
എഴുതുന്നത്.

ചിന്തയുടെ ഒരു വിത്ത് പരിചിതമായ  ഉർവര ഭൂമി(ക)യിൽ പതിക്കുമ്പോഴാണ് എഴുതുന്നത്

ഒറ്റവാക്കിൽ അത് പറയാനാവില്ല
എന്ന് തിരിച്ചറിയുമ്പോളാണ്
എഴുതുന്നത്.

                                                     -- സന്തോഷ്‌ കുമാർ കാനാ 

No comments: