My Strength

what do you like about this blog?

Sunday, August 24, 2014

ആന്തരിക നവീകരണം

                                                           --എം.വി.കരുണാകരന്‍ മാസ്റ്റര്‍

വടക്കേ മണക്കാടിന്റെ ഭൂമി ശാസ്ത്രത്തില്‍ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് വലിയ സ്ഥാനമുണ്ട്. "കോട്ടൂരപ്പന്‍" എന്ന് നാട്ടുകാരായ ഭക്തര്‍ വിളിക്കുന്ന ദേവനെ ദേശാധിപനായിട്ടാണ് കാണുന്നത്. കോട്ടൂര്‍ നമ്പീശന്മാരാണ് ക്ഷേത്രത്തിന്റെ ഊരാളന്മാര്‍.വര്‍ഷങ്ങളോളം ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രത്തെ നാട്ടുകാരുടെ കമ്മറ്റിയാണ് പുനരുദ്ധാരണത്തിലേക്ക് നയിച്ച്‌ കൊണ്ടിരിക്കുന്നത്. 

നെല്‍ വയലുകളും, തറവാടുകളും, തെയ്യ സ്ഥാനങ്ങളും മണക്കാടിനെ കരിവെള്ളൂരിലെ മറ്റൊരു പ്രധാന സാംസ്കാരിക കേന്ദ്രമാക്കുന്നു. കിഴക്ക് നെല്‍ വയലുകള്‍ക്കഭിമുഖമായിട്ടാണ് കൊട്ടൂരമ്പലം. ഉദയ സൂര്യ രശ്മി വിഗ്രഹത്തില്‍ നേരിട്ട് പതിക്കുന്നുവെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അടുത്തുള്ള കുളവും, നാകവും ക്ഷേത്രത്തിന് സ്വാഭാവിക പ്രകൃതി രമണീയത നല്കുന്നു. വിദ്യാര്‍ത്ഥികള്‍ ഈ സ്ഥലം വായനയ്ക്കായി ഉപയോഗിക്കുന്ന കാഴ്ച പുതിയതല്ല.

എന്റെ ചെറുപ്പകാലം മുതല്‍ കേട്ടുവന്ന ഒരു ഐതിഹ്യം ക്ഷേത്രത്തിലെ നിറമാലയെ സംബന്ധിച്ചുള്ളതാണ്. അന്നൊക്കെ മഴ പെയ്യാന്‍ പ്രധാന പ്രാര്‍ത്ഥന നിറമാലയായിരുന്നു. അത് നടത്താന്‍ സംഭാവന നല്കിയിരുന്ന നാട്ടുകാരിലൊരാള്‍ വിസമ്മതിച്ചുവത്രെ. മഴ അദ്ദേഹത്തിന്റെ വയല്‍ വിട്ട് പെയ്തുവെന്നത് കൊട്ടൂരപ്പന്റെ മാഹാത്മ്യത്തെ സ്തുതിക്കുന്ന കഥയാണ്. "കോലിടവിട്ട് മഴ പെയ്യിച്ച കൊട്ടൂരപ്പന്‍" എന്ന പേര് വന്നതങ്ങിനെ. ഐതീഹ്യം ഐതീഹ്യമായിരിക്കട്ടെ. അതിന്റെ രാഷ്ട്രീയ വിശകലനത്തിലേക്ക് കടക്കാന്‍ ഞാനിവിടെ താല്പര്യപ്പെടുന്നില്ല. 

നവീകരണ യത്നത്തില്‍ നമുക്കൊന്നിച്ച് ചേരാം. മണക്കാടിന്റെ ദേശാധിപനെ അളവറ്റ ഭക്തിയോടെ പുന:പ്രതിഷ്ഠിക്കാം. ഓരോ ശരീരത്തിലും തിളങ്ങുന്ന ഈശ്വര ചൈതന്യത്തിന്റെ പ്രതീകമായ പ്രതിഷ്ഠകളും, ദേവസ്ഥാനങ്ങളും പുനരുധ്ധരിക്കപ്പെടുമ്പോള്‍ നവീകരണം ഒരു നാടിന്റെ ആന്തരിക നവീകരണമാകുന്നു.
                                                                --- M.V. Karunakaran Master
(published in the souvenir released on the occasion of PUNA:PRATHISHTAA BRAHMAKALASHA MAHOLSAVAM FROM 08.05.2014 TO 18.05.2014)

No comments: