കേരളത്തിന് വിവാദങ്ങളെ വലിയ ഇഷ്ടമാണ്. ഒരു പക്ഷേ, വിവാദങ്ങളിൽ മാത്രമാണ് അവിടെ പലരും ജീവൻ വെയ്ക്കുന്നത്. അമിത പ്രത്യയശാസ്ത്രവും, വിമർശനബുദ്ധിയും, കുറേ പഴഞ്ചൻ കാല്പനിക ചിന്തകളും, സ്വാഭിമാനത്തെക്കുറിച്ചുള്ള വികലമായ ധാരണകളും ഒരു വലിയ വിഭാഗം മലയാളിയുടെ മനസ്സിനെ രൂപെപ്പെടുത്തുന്നു. പശ്ചിമ ബംഗാൾ എന്നാൽ രാഷ്ട്രീയ പ്രഭുദ്ധതയെന്നും, കൽകട്ട എന്നാൽ മൃണാൾ സെന്നും, സത്യജിത് റായ് എന്നും, ഋത്വിക് ഘട്ടക് എന്നും ആത്മാർഥമായി, വികാരാവേശത്തോടെ വിശ്വസിക്കുന്ന ഈ വിഭാഗം ബംഗാളിലോ, കൽകട്ടയിലൊ ജീവിച്ച അനുഭവങ്ങളിൽ നിന്ന് ഉണ്ടാക്കിയ അഭിപ്രായങ്ങളല്ല ഇതൊന്നും.
ദാരിദ്ര്യത്തെ കാല്പനികമായി കണ്ട്, അതിനെ കുറിച്ചുള്ള ഉപരിപ്ലവ ചർച്ചകളിൽ സുഖം കണ്ട് സ്വന്തമായി രൂപപ്പെടുത്തിയ ഒരു അയഥാർത്ഥ സ്വത്വമുണ്ട് മലയാളിയ്ക്ക്. സ്വന്തം നാടിനോടും, സംസ്കാരത്തോടും പുച്ഛവും, അതേ സമയം അഭിമാനവും പ്രകടിപ്പിക്കുന്ന ഒരു ദ്വന്ദ്വ വ്യക്ത്വിത്വം. "തമിഴത്തി", "തെൽങ്കത്തി" എന്ന് മറ്റു ഭാഷക്കാരെപ്പറ്റി പറയുമ്പോൾ അതിലുള്ള പുച്ഛവും, വൃത്തിയും, വെടിപ്പിനെയും കുറിച്ചുള്ള ആഡ്യത്ത മനോഭാവവും വ്യക്തമാണ്. പ്രതിഭകൾ ദരിദ്രരോ, പരാജിതരോ (ആത്മഹത്യ ചെയ്തവരോ) ആയാൽ മാത്രമേ യഥാർത്ഥ പ്രതിഭകൾ ആകുന്നുള്ളൂ എന്നും ഒരു വലിയ പക്ഷം മലയാളിയും വിശ്വസിക്കുന്നു!!!
നമ്മുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾ പലതും നമ്മുടെ അനുഭവങ്ങളിൽ നിന്നും, ജീവിത സാഹചര്യങ്ങളിൽ നിന്നും ഉടലെടുത്തതല്ല എന്നതും, നാം തന്നെ ഈ കാല്പനിക വിഭ്രാന്തികളിൽ നിന്നും നമുക്കുമേൽ അടിച്ചേൽപ്പിച്ചതാണെന്നും കാലം ദുഖത്തോടെ വെളിപ്പെടുത്തുന്നു. ഗുജറാത്ത് എന്നാൽ അതിന് ഒരു രാഷ്ട്രീയ കളങ്കിത സ്വഭാവം മാത്രമേയുള്ളൂ എന്നും പല ആവർത്തി ഉച്ചത്തിൽ പറഞ്ഞ് നമ്മൾ നമ്മെത്തന്നെ വിശ്വാസങ്ങളുടെ തുറുങ്കിലടക്കുകയാണ്. അല്പം കൂടി സാവകാശത്തോടെ, അനുകമ്പയോടെ സംസ്കാരങ്ങളെയും, ഭാഷകളെയും, മനുഷ്യരെയും മനസ്സിലാക്കേണ്ടതുണ്ട്. കേരളം എപ്പോഴും എന്തോ ഒന്ന് ആവേശത്തോടെ, ക്രോധത്തോടെ പറഞ്ഞുറപ്പിയ്ക്കാൻ വെപ്രാളം പിടിച്ചു നില്ക്കുന്ന പോലെ !!!
തമിൾ നാട്ടിൽ ഒരു വലിയ വിഭാഗം സാധാരണക്കാർ മലയാള സിനിമയെന്നാൽ "അശ്ലീല" സിനിമയാണെന്ന് വിശ്വസിക്കുന്നത് വേദനയോടെ ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്!!
ഒന്ന് തീർച്ചയാണ്.. കേരളത്തിന് അതിന്റെ സ്വാഭാവിക മാനസിക വളർച്ചയിൽ എവിടെയോ ഒരു തടസ്സം വന്നിട്ടുണ്ട്. എന്ത് കേവല വിഷയങ്ങളെയും, പ്രശ്നങ്ങളെയും ഉടനെ പരസ്യമായി ചർച്ച ചെയ്യുകയും, ഉച്ചത്തിൽ പ്രതികരിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റേണ്ടിയിരിക്കുന്നു. പല സങ്കീർണമായ പ്രശ്നങ്ങളും അവഗണിക്കപ്പെടുന്നു എന്നു മാത്രമല്ല സ്വന്തം വ്യക്തിത്വത്തിന് സ്ഥായീ ഭാവം നഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു പാട് പ്രതികരിക്കുന്നത് അശാന്തമായ മനസ്സാണ്. അനുമോദനത്തിനും, അനുശോചനത്തിനും ഒരേ സ്വഭാവം ഉണ്ടാകുന്നത് ആതുരമായ സാംസ്കാരിക അവസ്ഥയാണ്.
തമിൾ കവി സുബ്രഹ്മണ്യ ഭാരതി ഒരു രാത്രിയിൽ ഉറങ്ങാതെയിരുന്ന് കരയുന്നത് കണ്ട് മകളോടൊപ്പം വിശന്നുറങ്ങിയ ഭാര്യ എഴുന്നേറ്റു വന്ന് അതിശയത്തോടെ, പ്രതീക്ഷയോടെ കരയുന്നതിന്റെ കാരണം ചോദിക്കുന്നുണ്ട്. തന്റെ ഭർത്താവിന് സാഹിത്യവും, കലയും, സാമൂഹിക പ്രതിഷേധങ്ങളും അൽപ നേരം മാറ്റി വെച്ച് പട്ടിണിയാകുന്ന മകളെയും, ഭാര്യയേയും പറ്റി ചിന്തിച്ച് ദുഃഖം വന്നു എന്ന് സന്തോഷത്തോടെ പ്രതീക്ഷിക്കുന്ന അവർ ഞെട്ടലോടെ കേൾക്കുന്ന വാക്കുകൾ ഇവിടെ ചേർക്കട്ടെ : "നാൻ ഫിജി ദീവിൽ കഷ്ടപ്പെടറ മക്കള്കാകി ഒരു പാട്റെഴുതിയിട്ടിരിക്ക്" !!!!
----സന്തോഷ് കുമാർ കാനാ
No comments:
Post a Comment