ഓരോ തവണയും ചിത്രം വരയ്ക്കാനൊരുങ്ങുമ്പോൾ
ഞാനവർ പറഞ്ഞതോർക്കും--
കൈയിൽ നിറം പുരളരുത്
വസ്ത്രത്തിൽ ഒന്നും പതിയരുത്
വഴുതിപ്പോകരുത് കൈകൾ
ഞരമ്പുകൾ വലിഞ്ഞു മുറുകരുത്
ചോര പൊടിയരുത്
ഭ്രാന്തമാകരുത്
മാറി നിന്ന് വരയ്ക്കുക
ഒന്നും ചിതറാതെ
ഒട്ടും പതറാതെ
സ്വയം പതിയാതെ പതിക്കണം, പകർത്തണം
മുറിയാതെ വരയ്ക്കണം--
ഓരോ തവണയും
ചിത്രം വരയ്ക്കുമ്പോൾ
ഞാനെല്ലാം മറക്കുന്നു, എല്ലാ നിബന്ധനകളും.
നിറങ്ങൾ ഉന്മാദം പോലെ കൂടിക്കലങ്ങിയ
പാലറ്റ് പോലെ ഞാൻ
മുറിവോടെ,
ഭ്രാന്തോടെ
ബാക്കിയാവുന്നു.
--- സന്തോഷ് കുമാർ കാനാ
No comments:
Post a Comment