നമ്മൾ ഒരേ തീവണ്ടിയുടെ
അടുത്തടുത്ത ബോഗികളിൽ
യാത്ര ചെയ്തിരുന്നിരിയ്ക്കാം !
ഒരേ മഴയിൽ നനഞ്ഞിരുന്നിരിയ്ക്കാം
അതേ മഴയിൽ വിവിധ മേൽക്കൂരകളിൽ
അഭയം തേടിയിരുന്നിരിയ്ക്കാം!
ഒരേ ഇരുണ്ട മുറിയിൽ
വെളുത്ത തിരശ്ശീലയിൽ സ്വപ്നങ്ങൾക്കൊപ്പം
ധമനികളിൽ നുരപൊങ്ങിയിരുന്നിരിയ്ക്കാം
കവിളുകൾ നനഞ്ഞിരുന്നിരിയ്ക്കാം !
നഗരത്തിലെ ചവിട്ടുപാതയിൽ
ഏതോ ചിന്തയിൽ, സംസാരത്തിൽ
മുഴുകി കടന്നുപോയിരുന്നിരിയ്ക്കാം !
എത്രയോ ദുഃഖ നിശീഥിനികളിൽ
നിന്റേതുപോലൊരു സാന്ത്വന
സാന്നിധ്യം കൊതിച്ചിരുന്നിരിയ്ക്കാം !
സമയത്തിന്റെ അനന്ത വ്യോമ വിശാലതകളിൽ
ഒരപ്രതീക്ഷിത നിമിഷത്തിലാണ്
എല്ലാ പരികല്പനകളും അവസാനിയ്ക്കുന്നത്
നീയും, ഞാനും ഒന്നാകുന്നത് .
നീ പറഞ്ഞില്ലേ,
മേഘങ്ങൾക്കിടയിലൂടെ ഞാൻ
പറന്നിറങ്ങിയ രാത്രിയിൽ
നിന്റെ ഗാഢനിദ്രയിൽ
എന്തോ നിന്നെ തട്ടിയുണർത്തിയിരുന്നെന്ന് !!
--- സന്തോഷ് കുമാർ കാനാ
No comments:
Post a Comment