My Strength

what do you like about this blog?

Tuesday, May 31, 2016

ഉഴുതു മറിക്കും "കമ്മട്ടിപ്പാടം" സിനിമാ സങ്കല്പങ്ങളെ (KAMMATTIPAADAM film review)





തമ്പുരാനും,തമ്പുരാട്ടിക്കുട്ടിയും, നാലുകെട്ടും, നടുമുറ്റവുമായി മലയാള സിനിമാ പ്രദേശങ്ങൾക്ക്, സ്വഭാവങ്ങൾക്ക് പരിധി നിർണയിക്കുകയും അതുവഴി കഥ-ആശയ ദാരിദ്ര്യം എന്നൊരു പ്രതിസന്ധിയുടെ രൂക്ഷതെയെക്കുറിച്ച് ആവലാതിപ്പെടുകയും, വേവലാതിപ്പെടുകയും ചെയ്യുന്നിടത്താണ്  രാജീവ്‌ രവി സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ മലയാള സിനിമയുടെ പുറം പോക്കുകളിൽ അനാഥമായി, അന്യവല്കരിക്കപ്പെട്ടു നില്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയൊരു പുതു ഭാഷയുമായി വന്നത്(അന്നയും റസൂലും).  

ഹിന്ദിയിൽ മുഖ്യധാരാ സിനിമകൾക്ക് ഇത്തരത്തിൽ ഒരു നൂതന ഭാഷ ചമച്ചത് രാം ഗോപാൽ വർമയും, അനുരാഗ് കശ്യപ്-ഉം ചേർന്നാണ്. 1998-ൽ "സത്യ", 1999-ൽ "ശൂൽ" (വർമ നിര്മാതാവ്), 2002-ൽ "കമ്പനി" (ജയ ദീപ്സാഹ്നിയുടെ കൂടെ) തുടങ്ങിയ ചിത്രങ്ങൾ ഹിന്ദി സിനിമാ രംഗത്തെ ചോക്ലേറ്റ് നായകന്മാർക്കും, അതി ഭാവുകത്വമുള്ള കഥ സന്ദർഭങ്ങൾക്കും ബദലായി പരുക്കൻ ആകാരങ്ങളും, ഭാഷകളുമായി ജീവിത ഗന്ധിയായ കഥാ പാത്രങ്ങളെ പരിചയപ്പെടുത്തി. ഇന്ന് രാംഗോപാൽ വർമ എന്ത് തരം ചിത്രങ്ങളെടുക്കുന്നു എന്ന വിഷയം വേറെ. അദ്ദേഹത്തിന്റെ സംഭാവനകൾ ഹിന്ദി സിനിമാ രംഗത്തിന്, മുഖ്യ ധാരാ സിനിമാ സങ്കല്പങ്ങള്ക്ക് ഒരു പുത്തനുണർവ് തന്നെയാണ്. ഈ സങ്കേതത്തിൽ നിന്നാണ് രാജിവ് രവിയും വരുന്നത്, അത് കൊണ്ട് തന്നെയാണ് മലയാള സിനിമയുടെ സ്ഥിരം കാഴ്ചകളിൽ നിന്നും വേറിട്ട്‌ തികച്ചും റിയലിസ്റ്റിക് ആയ സമീപനത്തിലൂടെ സമൂഹത്തിന്റെയും, മലയാള സിനിമയുടെയും മുഖ്യധാരയിൽ നിന്നന്യം നിന്നു പോയ വിഷയങ്ങളെയും, പ്രതിഭാധനരായ നടീ നടന്മാരെയും, കഥാ പാത്രങ്ങളെയും കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുന്നത്‌. നിഷ്ക്രിയമായ പ്രേക്ഷകനെയല്ല "കമ്മട്ടിപ്പാട"-ത്തിന്റെ സംവിധായകൻ കാത്തിരിക്കുന്നത്. കാലഘട്ടങ്ങളുടെ നേർവരയിലല്ലാത്ത, മാറി മാറിയുള്ള പോക്കും വരവും, പരിവർത്തനങ്ങളും സർഗശക്തിയും, ജാഗരൂകതയുമുള്ള ഒരു പ്രേക്ഷകന്റെ മനസ്സിലാണ് സിനിമ പൂർണ രൂപം പ്രാപിക്കുന്നത്. ഒരു എഡിറ്ററെ പോലെ പ്രേക്ഷകൻ വേണ്ടതിനെ വേണ്ടരീതിയിൽ വേണ്ടിടത്ത് ചേർത്ത് വെക്കുന്നു. ഇനാരിട്ടുവിന്റെ  "21 ഗ്രാംസ്" എന്ന സിനിമ കണ്ട അനുഭവം.

"കമ്മട്ടിപ്പാടം" വെളുത്ത്, കൊഴുത്ത് തടിച്ച നായകന്മാരെയോ, മുഖ്യ കഥാ പാത്രങ്ങളെയോ, തുളസിക്കതിർ ചൂടിയ ശാലീന സൌന്ദര്യത്തെയോ അല്ല മുന്നിൽ നിർത്തുന്നത്. കറുത്ത, പല്ലുന്തിയ, ചൂഷണം ചെയ്യപ്പെട്ട, ഗതകാല ഭൂതങ്ങൾ വേട്ടയാടുന്ന മനസ്സോടെ ഭീതിതരായി, പരാജയപ്പെട്ട് ജീവിക്കുന്ന ഇവർ നമ്മൾ കണ്ടു പരിചയിച്ച സവർണ "നവരസ"ങ്ങളോട് പല്ലിളിച്ച് കാട്ടുന്നുണ്ട്, "നവ" രസങ്ങളിലൂടെ പൊള്ളയായ ആത്മ സംതൃപ്തിയെ കുലുക്കിയുണർത്തുന്നുണ്ട്. പാണ്‌ഡിത്യ ഗർവിന്റെ സംഗീത സഭകളോട് വാറ്റിന്റെ വീര്യമുള്ള, യഥാർത്ഥ, മനുഷ്യഗന്ധിയായ പാട്ടുകൾ, ചൊല്ലലുകൾ അട്ടഹസിക്കുന്നുണ്ട്, സംവദിക്കുന്നുണ്ട്. 
 
കൊച്ചിയിൽ ഇന്ന് രാത്രി നല്ല മഴ പെയ്യുന്നു...തെരുവു വിളക്കിന്റെ ഓറഞ്ച് വർണത്തിന്റെ കാൽപനിക ദൃശ്യത്തിൽ രമിച്ചിരിക്കുമ്പോൾ ഒരു നിഴൽ നീണ്ടു വരുന്നുണ്ട്...ഗംഗ...നീയെന്റെ ഉറക്കം കെടുത്തുന്നു.

                                                                        --- സന്തോഷ്‌ കുമാർ കാന

No comments: