My Strength

what do you like about this blog?

Tuesday, December 27, 2016

സായാഹ്നയാത്രാ പാഠങ്ങൾ-ഡോ:വി.വി.ബാലകൃഷ്ണൻ

പയ്യന്നൂർ കോളേജിൽ ബി.എ.യ്ക്ക് പഠിക്കുമ്പോഴാണ് ശ്രീ. വി.വി. ബാലകൃഷ്ണൻ മാഷുമായി (Dr.V.V.Balakrishnan, Payyanur College) അടുത്തിടപഴകാനുള്ള ഭാഗ്യം ഉണ്ടാകുന്നത്. എന്റെ വീടിനടുത്തു തന്നെയാണ് മാഷിന്റെയും വീട്. ആർ. കെ. നാരായൺ-ന്റെ 'ദ ഗൈഡ്' എന്ന നോവൽ ആണ് മാഷ് പഠിപ്പിച്ചിരുന്നത്. സാഹിത്യത്തോടും, രാഷ്ട്രീയ, സാംസ്കാരിക സാഹചര്യങ്ങളോടും മാഷ് എടുത്തുപോന്ന നിലപാടുകൾ, മനുഷ്യൻ, സമൂഹം, മതം, ആത്മീയത എന്നിങ്ങനെ അനേകായിരം വിഷയങ്ങളുടെ വിസ്തൃതമായ ലോകമാണ് മാഷിന്റേതെന്ന് മെല്ലെ ഞാൻ മനസ്സിലാക്കി. ഒരു അദ്ധ്യാപകൻ-വിദ്യാർത്ഥി എന്ന പരമ്പരാഗത അകൽച്ചകളെ ഭേദിച്ചുകൊണ്ട് ഇടപെടാൻ സാർ കാണിച്ച ആത്മാർത്ഥമായ താല്പര്യം ഒരു വിദ്യാർത്ഥി എന്ന നിലയിൽ വിദ്യാഭ്യാസ രീതികളോടും, അതോടൊപ്പം എഴുത്തുകാരൻ-കൃതി-വായനക്കാരൻ എന്ന ബന്ധത്തിന്റെ ലോകത്തോടുമുള്ള പരമ്പരാഗത സമീപനങ്ങൾ പൊളിച്ചെഴുതാൻ എന്നെ പ്രാപ്തനാക്കി. വിട്ടുവീഴ്ചയ്ക്ക് എളുപ്പം വഴങ്ങാത്ത മാഷിന്റെയുള്ളിലെ ചിന്തകൻ ഒരു പക്ഷേ ആരിലും അല്പം നീരസം ഉണ്ടാക്കിയേക്കാം. പക്ഷെ, മൗലികതയെയും (എന്താണ് മൗലികത എന്നത് ചർച്ചാവിഷയമാണെങ്കിലും), ആത്മാർത്ഥതയെയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മാഷ്. അതുകൊണ്ടുതന്നെ എന്നെക്കൊണ്ട് സിലബസിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള അവലോകനങ്ങൾ എത്രയോ ആവർത്തി എഴുതിച്ച് സ്പഷ്ടതയും, വ്യക്തതയും വരുത്താൻ മാഷ് മഹാമനസ്കതയോടെ നൽകിയ സമയങ്ങൾ, ശിക്ഷണങ്ങൾ എത്ര രീതികളിൽ പറയാൻ ശ്രമിച്ചാലും അപൂർണ്ണമാണ്‌. അതാണതിന്റെ കാവ്യ ഭംഗിയും. മാഷുമായി നടത്തിയ നീണ്ട സായാഹ്ന യാത്രകൾ ഈ ലോകത്തെ കാരുണ്യത്തോടും, സ്നേഹത്തോടും, അഗമ്യമായ ചിന്താ ശക്തിയോടും കൂടി കാണാൻ ഏറെ സഹായിക്കുന്നു.
മാഷുമായി നിരന്തരബന്ധം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും വാഴ്ത്തപ്പെടുന്ന പല അസംബന്ധങ്ങളുടെ ആൾക്കൂട്ടത്തിൽ നിരവയവമായി തെളിഞ്ഞു നിൽക്കുന്ന സാമാന്യ ബുദ്ധിയുടെയും, യുക്തിയുടെയും തിരിച്ചറിയലുകളിൽ മാഷുണ്ട്, പിതൃ വാത്സല്യത്തോടെ മാഷ് പകർന്നു തന്ന വിവേകമുണ്ട്, കാരുണ്യമുണ്ട്. ഒ.വി.വിജയൻറെ എഴുത്തുകളെ ആധാരമാക്കിയുള്ള ഗവേഷണത്തിലാണ് മാഷിന് മംഗലാപുരം യൂണിവേഴ്സിറ്റി ഇംഗ്ളീഷിൽ ഡോക്ടറേറ്റ് നൽകിയത്.
                                           --സന്തോഷ് കാനാ (santhosh kana)






No comments: