പ്രിയപ്പെട്ട പൃഥ്‌വിരാജ്,
സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലായെന്നും അത്തരം ഡയലോഗുകൾ പറയുകയില്ല എന്നും ഉറച്ച തീരുമാനമെടുത്തപ്പോൾ അതൊരു ആവേശത്തിന്റെ പുറത്താണോ എന്ന് ഞാൻ സംശയിക്കുന്നു. ഒരു നടൻ എന്ന നിലയിൽ താങ്കളുടെ ധർമം അഭിനയിക്കുക എന്നതാണ്. താങ്കൾ എടുത്ത തീരുമാനത്തിൽ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ഏത് കഥാപാത്രം ചെയ്യണം, ചെയ്യേണ്ട എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം അങ്ങയ്ക്കുണ്ട്. ആ തെരഞ്ഞെടുപ്പാണ് ഏതൊരാളുടെയും രാഷ്ട്രീയം. പക്ഷെ കലാരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ താങ്കളെടുത്ത തീരുമാനത്തിൽ കലയെ മനസ്സിലാക്കുന്നതിലുള്ള ചില പോരായ്മകൾ പതിയിരിക്കുന്നുണ്ട് എന്ന് ഓർമിപ്പിക്കട്ടെ:
1 . ഒരു കലാസൃഷ്ടിയുടെ ടോട്ടാലിറ്റി ആണ് അതിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത്. ഒരു സിനിമയിൽ സ്ത്രീവിരുദ്ധരായ കഥാപാത്രങ്ങളുണ്ടായിരിക്കാം, പക്ഷെ ആ സിനിമ സ്ത്രീ വിരുദ്ധമാകണമെന്നില്ല. ഒരു നടൻ ഒരു കലാസൃഷ്ടിയുടെ ടോട്ടാലിറ്റിക്കുള്ള അനേകം ഉപാധികളിൽ ഒന്ന് മാത്രമാണ്.
2 . ഒരു കലാസൃഷ്ടി സ്ത്രീവിരുദ്ധമാണോ, സവർണമാണോ, മത തീവ്രവാദമാണോ എന്നൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകനാണ്, പ്രേക്ഷകന്റെ നിരീക്ഷണങ്ങളാണ്. ഒരു പുസ്തകമാണെങ്കിൽ വായനയാണ്. ഒരു കലാസൃഷ്ടി പൂർത്തീകരിക്കപ്പെട്ട ഉത്പന്നമല്ല. നിരന്തരം കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ആ കണ്ടെത്തൽ നടക്കുന്നത് വിവിധ കാഴ്ചപ്പാടുകളിലൂടെയാണ്. മലയാള സിനിമയിൽ സ്ത്രീവിരുദ്ധ സിനിമകൾ ഉണ്ടാകുന്നത് രഞ്ജിത്തിന് ശേഷമോ, ഇതാദ്യമായിട്ടോ അല്ല. പക്ഷേ, അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ, കലയെ നോക്കിക്കാണുന്ന നിരൂപക/ആസ്വാദക രീതികൾ തുടങ്ങിയവ ഉണ്ടായിട്ടുള്ളത് ഈയടുത്തല്ലെങ്കിലും ഏറെ പഴയകാലത്തുമല്ല. ചരിത്രം മുഴുവൻ പരിശോധിച്ചാൽ സ്ത്രീ വിരുദ്ധ സിനിമകൾക്ക് ഏറെ ഉദാഹരണങ്ങൾ കാണാൻ കഴിയും. ഏതൊരു സമൂഹവും അതിന്റെതന്നെ പഴയ കാഴ്ചപ്പാടുകളിൽ നിന്ന് ചോദ്യങ്ങളിലൂടെയും, രാഷ്ട്രീയ-സാമൂഹിക മുന്നേറ്റങ്ങളിലൂടെയും പുതു കോണുകൾ തിരയാൻ നിർബന്ധിതമാകുമ്പോഴാണ് പുതിയ സമീപനങ്ങളും, വായനകളും ഉണ്ടാകുന്നത്. എങ്ങിനെയാണ് പൃഥ്‌വിരാജിന് താങ്കൾ ഇപ്പോൾ ചെയ്യുന്ന സിനിമയ്ക്ക് ഭാവിയിൽ എന്ത് അർത്ഥങ്ങളാണ് ഉണ്ടാകുക എന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നത്? അൽപം വർഷങ്ങൾക്കുമുമ്പ് താങ്കൾ തന്നെ പറഞ്ഞ ഡയലോഗുകൾ സ്ത്രീവിരുദ്ധമാണെന്ന് ഇപ്പോൾ താങ്കൾക്ക് തോന്നുന്നത് തന്നെ ഈ ഒരു പരിണാമത്തിന്റെ ഭാഗമായാണ്. ഇന്ന് സ്ത്രീ വിരുദ്ധമെന്നോ, സവർണമെന്നോ തോന്നിക്കാത്ത പലതും പിന്നീട് ആ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം. അതിനെയൊക്കെ മുൻകൂട്ടി കാണാതെ ഇങ്ങനെയൊരു പ്രസ്താവന അഥവാ തീരുമാനം എടുക്കുന്നത് ഒരു കലാകാരനെന്ന നിലയിൽ താങ്കൾക്ക് തന്നെ കെണിയൊരുക്കുന്നതിന് തുല്യമല്ലേ? അങ്ങിനെ ഒരു കലാകാരൻ സ്വയം പരിമിതപ്പെടുത്തേണ്ടതുണ്ടോ?
സ്നേഹത്തോടെ,
സന്തോഷ് കാന
No comments:
Post a Comment