My Strength

what do you like about this blog?

Sunday, April 9, 2017

ഡിപ്രഷൻ: പറയാതെ അറിയാതെ (Depression: Parayathe Ariyathe)

ഡിപ്രഷൻ നിശബ്ദമാണ്. അതുകൊണ്ടു തന്നെ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. എന്നെയും നിങ്ങളെയും എപ്പോഴും ഒരു നിർവചനത്തിൽ, ഒരു പ്രത്യേക വിഭാഗത്തിൽ ഒതുക്കാൻ ഇഷ്ടപ്പെടുന്ന സമൂഹത്തിന് ഇത് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. സമൂഹത്തിലെ പലർക്കും നിങ്ങൾ സങ്കിയാണോ, ലുങ്കിയാണോ, മാവോയാണോ, പ്ലാവോയാണോ, കവിയാണോ, സിനിമാക്കാരനാണോ, ജോലിയുണ്ടോ, കല്യാണം കഴിഞ്ഞതാണോ, അല്ലെങ്കിൽ എന്തെ കഴിഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങളേ ഉള്ളൂ. അത് സ്വാഭാവികമായിരിക്കാം. പക്ഷെ ഡിപ്രഷൻ അനുഭവിക്കുന്ന ഒരാൾ കടന്നുപോകുന്ന അവസ്ഥ ഭീകരമാണ്, അപകടകരമാണ്.

1 . ഡിപ്രഷൻ ഉള്ളവർ പലരും അലസമായിരിക്കാൻ ഇഷ്ടപ്പെടുന്നു. ഏറെ നേരം ഉറങ്ങാൻ, ഒന്നിനോടും ഒരു താല്പര്യവുമില്ലാതെ വെറുതെ ഇരിക്കാൻ.
2 . ഓരോ പ്രഭാതവും പുതു ശൂന്യതയിലേക്കുള്ള പ്രവേശനമാണ്. സന്ധ്യകൾ അവരെ കൂടുതൽ അലട്ടുന്നു.
3 . ആൾക്കൂട്ടത്തിൽ നിന്നോ, ആഘോഷങ്ങളിൽ നിന്നോ വിട്ടു നിൽക്കാൻ അവർ ഏറെ ഇഷ്ടപ്പെടുന്നു.
4 . വർണങ്ങൾ ഒന്നുമില്ലാത്ത മനസ്സ്. എല്ലാത്തിനോടും അകൽച്ച, ഒന്നിനോടും ഒരു ആകർഷണം തോന്നാത്ത അവസ്ഥ. സ്വയം ഒരു ഭാരമായി തോന്നുന്ന അവസ്ഥ. ഒരു നിമിഷം ലോകം മുഴുവൻ കൂടെയുണ്ടെന്ന തോന്നൽ, തൊട്ടടുത്ത നിമിഷം ഒറ്റപ്പെടലിന്റെ പാരമ്യത. ഒരിക്കലും വരാത്ത എന്റെ തീവണ്ടിക്ക് വേണ്ടി സ്റ്റേഷനിൽ ഒറ്റയ്ക്ക് ഒരിടത്ത് കാത്തുനിൽക്കുന്നതുപോലെ. 

നമ്മുടെ സമൂഹത്തിൽ ഡിപ്രഷൻ ചെറിയ തോതിലും, വലിയ തോതിലും അനുഭവിക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ അവരെ മനസ്സിലാക്കാൻ, അവർക്ക് വേണ്ട രീതിയിൽ ആശ്വാസം നൽകാൻ, കരുത്ത് നൽകാൻ ഒരു പക്ഷെ ആരുമില്ല. കൗൺസലിംഗ് അവിടെയിരിക്കട്ടെ. ഒരു സുഹൃത്ത് എന്ന നിലയിലോ, ബന്ധു എന്ന നിലയിലോ, സഹപ്രവർത്തകൻ/ക എന്ന നിലയിലോ ആരുമില്ല. നമുക്ക് ചുറ്റും എത്രയോ കലാ സാംസ്കാരിക പരിപാടികൾ നടക്കുന്നു. സാഹിത്യ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നു. ഒരിക്കലെങ്കിലും മാനസിക ആരോഗ്യത്തെക്കുറിച്ച് ഒരു ചർച്ചയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. മതപരമോ, ആത്മീയമോ അല്ല. തികച്ചും സെൻസിറ്റീവ് ആയി ഒരു സംഭാഷണം. അത്രയൊക്കെ സമയം ആരുടെ പക്കലുണ്ട് അല്ലെ?
നമുക്ക് കോക്കസ് ഉണ്ടാക്കാം വ്യക്തി ഹത്യ നടത്താം, ആളുകളെ നിശബ്ദമായി ഓൺലൈനിലും ഓഫ്‌ലൈനിലും ഒതുക്കാം, സ്വഭാവ സർട്ടിഫിക്കറ്റ് വിതരണം നടത്താം, അസൂയകൊണ്ട് ഗൂഢാലോചന നടത്താം, നമ്മുടെ അറിവിന്റെ പരിമിതികൾ മാത്രം ഉപയോഗിച്ച് മറ്റുള്ളവരെക്കുറിച്ച് എല്ലാം തീരുമാനിച്ചുറപ്പിക്കാം. കഷ്ടം. "ഞാൻ ഈ ലോകത്തിൽ, സമൂഹത്തിൽ ആരുമല്ല, എന്റെ അറിവ് എത്ര നിസ്സാരമാണ്" എന്ന് ഇടയ്ക്കൊക്കെ മനസ്സിലാക്കുന്നത് വലിയ കലാ -സാംസ്കാരിക-സാഹിത്യ-രാഷ്ട്രീയ പ്രവർത്തനമാണ്. (santhosh kana)

No comments: