My Strength

what do you like about this blog?

Wednesday, April 19, 2017

മാൽഗുഡിയിലേക്ക് വന്ന പുതിയ തീവണ്ടി (the new train to Malgudi)

        (to my mentor, Dr.K.C.Muraleedharan, Head of the Department of English, Payyanur College

1994-97 കാലഘട്ടം. പയ്യന്നൂർ കോളേജിൽ ബി എ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന കാലം. ഭൂപടങ്ങളിൽ, ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോകുന്ന സാധാരണക്കാരന്റെ ജീവിതത്തിന് ഒരു രാജ്യവും, ഭൂപടവും സൃഷ്ടിച്ച ആർ കെ നാരായൺ എന്ന എഴുത്തുകാരന്റെ മാൽഗുഡി നോവലുകളിൽ ഒന്നായ "ദ ഗൈഡ്" ('The Guide' by R.K.Narayan) എന്ന നോവലിലെ രാജുവും, റോസിയും, മാർക്കോയുമൊക്കെ കാല്പനികമായി ഏറെ ആകർഷിച്ച സമയം. സാഹിത്യപഠനം സൗന്ദര്യാത്മകതയിലും, കഥയിലും, കഥാപാത്രങ്ങളിലും മാത്രം കേന്ദ്രീകരിച്ച് ഒരു പരമ്പരാഗത പാളത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോളാണ് കൂകി വിളിക്കാതെ, മുരളീ നാദം പോലെ മൃദുവായി ശബ്ദിച്ചൊരു തീവണ്ടി എന്റെ  മനസിന്റെ മാൽഗുഡിയിലേയ്ക്ക് കടന്നു വന്നത്. അപ്പോഴേക്കും പ്ലാറ്റ്ഫോമിന്റെ സ്വഭാവം മാറി. കഥയും, കഥാപാത്രങ്ങളും, സ്ഥിരം അനൗൺസ്‌മെന്റുകളും കൊണ്ട് മാത്രം പരിചയിച്ച അവിടം ചരിത്രത്തിന്റെയും, സാമൂഹിക-രാഷ്ട്രീയ പരിസരങ്ങളുടെയും വിശാല ലോകത്തിനു മുന്നിൽ പെട്ടെന്ന് ചെറുതായി. കഥയും, ആഖ്യാനവും, കഥാപാത്രങ്ങളും പുതു ജീവൻ വെച്ചു. നഗരവൽക്കരിക്കപ്പെടുന്ന മാൽഗുഡിയുടെ പുതിയ പരിച്‌ഛേദങ്ങളായി രാജുവും, റോസിയുമൊക്കെ. വളർന്നു വരുന്ന ദേശീയതയുടെ പ്രതിഫലനങ്ങൾ അവരുടെ ജീവിതത്തിൽ നവീന സാഹചര്യങ്ങൾ സൃഷ്ടിച്ചു. റോസിയുടെ നൃത്തം വിപണനസാധ്യതകൾ കണ്ടു, രാജുവിന് പുതിയ ജോലിയും, മാൽഗുഡിയ്ക്ക് പുതുമുഖവും കൈവന്നു. നാരായണന്റെ മാൽഗുഡിയിലൂടെ കെ.സി. മുരളീധരൻ മാഷ് ലോക്കോ പൈലറ്റ് ആയുള്ള തീവണ്ടി തലങ്ങും വിലങ്ങും കുതിച്ചോടി, വായന പുതു പാതകളും, പാളങ്ങളും കണ്ടു, കൂറ്റൻ പാറകൾ തുരന്ന് എനിക്ക് പുതു വെളിച്ചം കാണിച്ചു തന്നു. ചീവീടുകളെപ്പോലെ കഥാപാത്രങ്ങളും, ചരിത്രവും, കഥയും അർത്ഥങ്ങളുടെ കൂർത്ത ശബ്ദങ്ങൾ കൊണ്ട് തുരങ്കങ്ങളിൽ പ്രതിധ്വനിച്ചു. ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും, നിരീക്ഷണങ്ങൾക്കും ഹരിത സാധ്യതകളുടെ പച്ചക്കൊടികൾ വീശപ്പെട്ടു. 
'ടെക്സ്റ്റ് ഒരു കോൺടെക്സ്റ്റ്' ആണെന്ന് മൃദുവായ ശബ്ദത്തിൽ പറഞ്ഞു തന്നാണ് മുരളിമാഷ് എന്റെ വിദ്യാർത്ഥി ജീവിതത്തിൽ, സാഹിത്യ സമീപനത്തിൽ വിപ്ലവകരമായ മാറ്റത്തിന്റെ നൂതന സഞ്ചാരങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എഴുതിയ വാക്കിനേക്കാൾ വായന സജീവമാകുന്ന സാഹിത്യ ചർച്ചകളിലേക്ക് ക്ലാസ്സ്മുറിയെ മാറ്റിയെടുത്തു അദ്ദേഹം. ആജ്ഞാപകമായ അദ്ധ്യാപക സാന്നിധ്യം സജീവമായ ചിന്തകളിലേക്ക്, ചർച്ചകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ഉത്പ്രേരകശക്തി മാത്രമായി പരിണമിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടു. അധ്യാപകനും, വിദ്യാർത്ഥിയും തമ്മിലുള്ള പരമ്പരാഗത ഭയഭക്തി ദൂരങ്ങൾക്കിടയിൽ പാലങ്ങളും, പാളങ്ങളും ഉയർന്നു വന്നു. തീവണ്ടി അനേകം ബോഗികളെ കൂടെച്ചേർത്ത് വിവിധ നൂലുകളിൽ നിന്ന് നൂതന മാതൃകകൾ പണിയുന്ന നെയ്ത്തുകാരന്റെ തറിയുടെ ശബ്ദം പോലെ താളത്തിൽ യാത്ര തുടർന്നു. പലതും, പലരും തീവണ്ടിക്ക് വഴിമാറി നോക്കി നിന്നു. 
                                                                    -സന്തോഷ് കാന (santhosh kana)


No comments: