My Strength

what do you like about this blog?

Friday, March 24, 2023

കള്ളവണ്ടി-യിൽ ഒരു യാത്ര (Rema Perikamana)


സന്തോഷ് കാനയുടെ 'കള്ളവണ്ടി' എന്ന പുസ്തകത്തെക്കുറിച്ച് 

-ശ്രീമതി രമ പെരികമന 


ശ്രീ സന്തോഷ് കാനയുടെ നാൽപത്തിയൊന്ന് ചെറു കവിതകൾ സമാഹരിച്ച 'കള്ളവണ്ടി' വായിച്ചു. കാച്ചിക്കുറുക്കിയ വാക്കുകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് അദ്ദേഹം നിസ്സംശയം തെളിയിക്കുന്നു.  

"ഒരു പേനയുടെ സിരയിൽ ഉറഞ്ഞുകൂടിയ ചിന്തകളും വികാരങ്ങളും പ്രേരണയുടെ സന്തപ്തതയിൽ താളുകളിലേക്ക് അലിഞ്ഞൊഴുകുമ്പോഴാണ്,

ചിന്തയുടെ ഒരു വിത്ത് പരിചിതമായ ഉർവ്വരഭൂമി(ക)യിൽ പതിക്കുമ്പോഴാണ്,

ഒറ്റവാക്കിൽ അത് പറയാനാകില്ല എന്ന് തിരിച്ചറിയുമ്പോഴാണ്...." 

ശ്രീ സന്തോഷ് കാനാ എന്ന കവിയിൽ കവിത ജനിക്കുന്നത് എന്ന് അദ്ദേഹം തന്നെ പറയുന്നു. 

"വാക്കുകളേൽപിച്ച പരിക്ക്

പരിക്കേൽപ്പിച്ച വാക്കുകൾ" 

വാക്കുകളുടെ മാസ്മരികത !!! ചുരുങ്ങിയ വാക്കുകൾക്ക് വിശാലമായ അർത്ഥതലങ്ങൾ നൽകുകയല്ലേ "പരിക്ക്" എന്ന ഈ കുഞ്ഞു കവിതയിലൂടെ? 

"വറ്റിയ നദി" എന്ന കവിതയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന നദിയുടെ സുരഭിലമായ ഓർമ്മകൾ നമ്മിൽ നഷ്ടബോധം സൃഷ്ടിക്കുന്നു. 

സങ്കീർണമായ വികാര വിചാരങ്ങളെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുകയാണ് "അവൻ കാണുന്നത്" -ലെ അവന്റെ കാഴ്ചകളിലൂടെ. 

"പരികല്പന" ഏതോ മധുര സ്വപ്നത്തെ, പ്രണയത്തെ ഓർമിപ്പിക്കുന്നു. 

"നിന്നിലേക്ക്" ജീവിതയാത്രയുടെ നിരന്തര, വിഷമ, പരീക്ഷണ ഘട്ടങ്ങളെ വ്യക്തമാക്കുന്നു. വളർന്നും, പെരുത്തും, മെലിഞ്ഞും, ഞെരുങ്ങിയും, അടങ്ങിയും, ഒതുങ്ങിയും, കുനിഞ്ഞും, താഴ്ന്നും, താണ്ടിയും, കവിഞ്ഞും നിന്നിലേക്കെത്തിച്ചേരുന്ന ലോകസത്യം വെളിവാക്കുന്ന കവി പ്രപഞ്ചനിഗൂഢതകളിലേക്ക് വിരൽ ചൂണ്ടുന്നു.

"ബാല്യപാഠങ്ങൾ'-ളിലൂടെ നഗരത്തിന്റെ യാന്ത്രികതയും, മാന്ത്രികതയും, ഗ്രാമവിശുദ്ധിയും വ്യക്തമാക്കുന്നു. 

"എല്ലാവരും വഴിമാറിക്കൊടുക്കേണ്ട ജന്മിയാണ് തീവണ്ടി" എന്ന് തുടങ്ങുന്ന തീവണ്ടിയെക്കുറിച്ചുള്ള കവിതയും ചിന്തനീയം തന്നെ. തീവണ്ടി വെറുമൊരു യാത്രാമാധ്യമമല്ല, മറിച്ച് പല ജീവിതസത്യങ്ങളെയും വെളിവാക്കുന്ന വലിയ ലോകത്തിന്റെ ചെറു പതിപ്പാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. തീവണ്ടിയുടെ രൗദ്രഭാവത്തെ കഥകളിയിലെ ചുവപ്പുവേഷത്തോട് ഉപമിക്കുകയാണ് കവി.

"വിയർപ്പിന്റെ മഷി കൊണ്ട് മണ്ണിൽ മനോഹര കവിത രചിക്കുന്ന കർഷകനും, നിശാദുഖത്തിന്റെ ഗഹനാന്ധകാരത്തിൽ നിന്ന് വലിച്ചെറിയപ്പെട്ട നിലവിളിക്കുള്ള സാന്ത്വന ഹസ്തമായി പ്രഭാത സൂര്യന്റെ ആദ്യ കിരണത്തെയും" കാണുന്ന കവിയുടെ ഭാവന എത്ര സുന്ദരം!

നഷ്ടസ്വപ്നങ്ങളുടെ ആവിഷ്കാരം തന്നെയാകുന്നു "നഷ്ടപ്പെട്ടത്" എന്ന കവിത. നഷ്ടസ്വപ്നങ്ങളുടെ ഓർമകളിൽ ഭ്രാന്തമായി പകച്ചുനിൽക്കുകയാണ് വായനക്കാരും. 

"ഉറക്കം" എന്ന കവിത ഉറക്കത്തിന്റെ വിവിധ തലങ്ങൾ, ഭാവങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു. 

"കള്ളവണ്ടി" എന്ന കവിത ആക്ഷേപ ഹാസ്യത്തിന് ഒരു വ്യത്യസ്തമായ രൂപകം മുന്നോട്ട് വെക്കുന്നു. വണ്ടിയിലല്ല കള്ളം, യാത്രയിലാണ് എന്ന് രസകരമായി സന്തോഷ് പറഞ്ഞുവെക്കുന്നു. 

ഓരോ കവിതയിലും ജീവിതാനുഭവങ്ങളുടെ തീഷ്ണതയും, ബാല്യകാല ഓർമകളും, സാമൂഹിക ജീവിതാവസ്ഥകളും അവയെക്കുറിച്ചുള്ള സന്ദേഹങ്ങളും, അസ്തിത്വപരമായ ആശങ്കകളും, ആക്ഷേപ ഹാസ്യത്തിന്റെ മൂർച്ചയേറിയ വാക്കുകളും എല്ലാം സന്തോഷ് കാനയുടെ കവിതകളിൽ പ്രതിഫലിക്കുന്നു. 

ഇനിയും ചിന്തകൾ അദ്ഭുതകരമായ വാക്കുകളായി പരിണമിക്കട്ടെ എന്ന് ആശംസിക്കുന്നു. 

എന്നെന്നും നന്മകൾ ഉണ്ടാകട്ടെ ,

പ്രാർത്ഥനകളോടെ,

രമ പെരികമന 

Rema Perikamana



No comments: