My Strength

what do you like about this blog?

Sunday, March 5, 2023

‘മുന്നറിയിപ്പ്’ നൽകുന്ന മുന്നറിയിപ്പ് (Munnariyippu, a Malayalam movie)


‘മുന്നറിയിപ്പ്’ എന്ന സിനിമ ഒരു വ്യക്തിയും സമൂഹം നിഷ്കർഷിക്കുന്ന രീതികളും തമ്മിലുള്ള സംഘർഷത്തെ തീവ്രമായി അവതരിപ്പിക്കുന്നു. ജയിൽ എന്ന ഒരു സാമൂഹിക സ്ഥാപനം നൽകുന്ന സ്വാതന്ത്ര്യത്തെ സമൂഹം എന്ന തുറന്ന ജയിൽ എത്രത്തോളം ഇല്ലാതാക്കുകയും ഒരു വ്യക്തിയെ കുറ്റ കൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് രാഘവന്റെ ജീവിതത്തിലൂടെ കാണിച്ച് തരുന്നു. 

ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന രാഘവൻ “who wants freedom?” എന്ന ബഷീറിന്റെ ചോദ്യത്തിന്റെ അർത്ഥ തലങ്ങൾ തന്റെ ഭാവങ്ങളിലൂടെ കാണിച്ചു തരുന്നുണ്ട്. ജയിലിനു പുറത്തുകൊണ്ടുവന്നത്തിനു ശേഷം "നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഈ മുറിയിൽ ഉണ്ട്. പുറത്തു പോകരുത്" എന്ന് ആജ്ഞാപിക്കുന്ന അഞ്ജലിയോട് "ജയിലിലും ഇങ്ങനെയാ" എന്ന രാഘവന്റെ മറുപടിയിൽ ഈ സത്യമുണ്ട്.

അഞ്ജലിയടങ്ങുന്ന സമൂഹത്തിന്റെ പൊതുബോധം ചൂഷണത്തിന്റേതാണ്. രാമ മൂർത്തി എന്ന ജയിൽ സൂപ്രണ്ടിന്റെ വിരസമായ ജീവിതത്തിൽ ഇല്ലാത്ത സർഗാത്മകത ഉണ്ടാക്കി അദ്ദേഹത്തെ സമൂഹത്തിൽ പ്രതിഷ്ഠിക്കുക എന്ന ജോലി ഒരു പ്രതിലോമ സാംസ്കാരിക സാഹിത്യ പ്രവർത്തനമാണെന്ന് അഞ്ജലിക്കറിയാം. ഉണ്ണി ആർ എന്ന എഴുത്തുകാരൻ ഇവിടെ തുറന്നുകാട്ടുന്നത് സ്വയം മഹത്വവൽക്കരിക്കുന്ന ചില ജീവചരിത്രങ്ങളെയും, അതൊക്കെ സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പ്രദർശിപ്പിക്കാൻ ചിലർ നടത്തുന്ന പൊള്ളയായ പ്രവർത്തനങ്ങളെയുമാണ്. അഞ്ജലിക്ക് രാഘവനുമായുള്ള ഇടപെടലിൽ വ്യത്യസ്തമായ ജീവിത ദർശനം കാണാൻ കഴിയുന്നു. അയാളുടെ ജീവിതവും കാഴ്ചപ്പാടും കാപട്യങ്ങളില്ലാത്തതാണ്. അതുകൊണ്ടു തന്നെ ബാഹ്യമായ കൂറ്റൻ ചുവരുകളുള്ള ജയിലിനകത്തും അയാൾ സ്വതന്ത്രനാണ്. സമൂഹത്തിലെ അദൃശ്യമായ അനേകം മതിലുകൾ അയാൾക്ക് കാണാം. അതുകൊണ്ടു തന്നെയാണയാൾ പുറത്തുപോകാൻ ആഗ്രഹിക്കാത്തതും. അയാളുടെ ജീവിതത്തെയും ചിന്തകളെയും ചേർത്ത് അഞ്ജലി എഴുതുന്ന ലേഖനത്തിനും പേര് "ബ്രെയിൻ ബിഹൈൻഡ് ബാർസ്" എന്നാണ്. അതിൽ തന്നെ ഈ വിരോധാഭാസം അറിഞ്ഞോ അറിയാതെയോ പ്രതിഫലിക്കുന്നു. പുറത്തിറക്കിയ ശേഷം രാഘവനോട് "എങ്ങിനെയുണ്ട് പുതിയ ജീവിതം" എന്ന ചോദ്യത്തിന് "പുതിയ ജീവിതമെന്നും പഴയ ജീവിതമെന്നും ഒന്നുമില്ല. ജീവിതം ഒന്നേയുള്ളൂ" എന്ന ഗഹനമായതും അതെ സമയം ഏറെ സരളമായതുമായ മറുപടിയാണയാൾ നൽകുന്നത്. വേർതിരിവിന്റെ (പൂർവാശ്രമം എന്നും സന്യാസം എന്നുമൊക്കെ ഒറ്റ ജീവിതത്തെത്തന്നെ പവിത്രവൽക്കരിക്കാറുണ്ടല്ലോ) പൊള്ളത്തരങ്ങളെ പരിഹസിക്കുക കൂടി ചെയ്യുകയാണയാൾ. സിനിമയുടെ തുടക്കത്തിൽ ചത്ത പല്ലിയെ വഹിച്ചുകൊണ്ടുപോകുന്ന ഉറുമ്പിൻ കൂട്ടം പ്രതീകാത്മകമായി പറയുന്നത് മൃതമായതിനെ ഭക്ഷിക്കുന്ന, ആഘോഷിക്കുന്ന സാംസ്കാരിക അപചയത്തെയാണ്. രാഘവന്റെ മൃതമായ ഭൂതകാലമാണ് സമൂഹത്തിനും മാധ്യമങ്ങൾക്കും ഭക്ഷണം ആഘോഷം. രാഘവനാകട്ടെ അത് പിന്നിൽ വെടിയാനാഗ്രഹിക്കുന്നു.

പുറത്തിറങ്ങുന്ന രാഘവന് നേരിടേണ്ടി വരുന്നത് കോർപ്പറേറ്റ് സമ്മർദങ്ങളെയാണ്. അഞ്ജലിയെപ്പോലുള്ളവർ പ്രതിനിധീകരിക്കുന്നത് കോർപ്പറേറ്റ് രക്ഷാധികാരത്തിന്റെ ചൂഷണസ്വഭാവത്തെയാണ്. തന്റെ ജീവിതത്തെക്കുറിച്ച് എഴുതാനല്ല അത് സമാധാനത്തോടെ, നിസ്വാർത്ഥമായി ജീവിക്കാനാണ് രാഘവൻ ആഗ്രഹിക്കുന്നത്. അതിനെക്കുറിച്ച് എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്ന ഓരോ നിമിഷവും അതിനെ നമ്മൾ നഷ്ടപ്പെടുത്തുകയാണ്. സ്വാതന്ത്ര്യമുള്ള ജീവിതമാണ് ഏറ്റവും സർഗാത്മകം എന്നയാൾ പറയാതെ പറയുന്നു. പക്ഷെ ഏറി വരുന്ന, വീർപ്പുമുട്ടിക്കുന്ന നിബന്ധനകളും, ശാസനങ്ങളും അയാൾക്ക് താങ്ങാൻ കഴിയുന്നില്ല. താൻ ഏതു കാരണത്താലാണോ ഒരു കുറ്റകൃത്യം ചെയ്തത് അതിലേക്ക് തന്നെ വീണ്ടും വീണ്ടും വലിച്ചിഴക്കുന്ന ഈ സമൂഹത്തോട് അയാൾക്ക് അല്പം പോലും കാരുണ്യമില്ല. ബാറിൽ വെച്ച് അയാൾ പറയുന്നു "വിപ്ലവം..അത് കുടുംബത്തിലായാലും ക്യൂബയിലായാലും ചോര പൊടിയും". വിപ്ലവം മനുഷ്യന്റെ ചൂഷണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. അയാൾ തന്റെ സ്വാതന്ത്ര്യത്തെ തടഞ്ഞുവെച്ച് നിരന്തരം ജീവിതം ദുസ്സഹമാക്കുന്ന അഞ്ജലിമാരുടെ തലയ്ക്കടിച്ച് ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ് നൽകുന്നു. ജയിൽ സ്വാതന്ത്ര്യത്തിന് ഇടം നൽകുമ്പോൾ സമൂഹം അത് തടഞ്ഞുവെക്കുന്ന ജയിലായി പരിണമിക്കുന്ന ഭയാനകമായ കാഴ്ച. "കൈത്തിരി കരിന്തിരി" യിലൂടെ വയലാർ പറഞ്ഞ മൈക്കലാഞ്ജലോയുടെ അനുഭവ കഥപോലെ.

--സന്തോഷ് കാനാ (Santhosh Kana) Munnariyippu Malayalam movie

No comments: