My Strength

what do you like about this blog?

Thursday, July 4, 2013

ഗോകര്‍ണ: പരേതാത്മാക്കള്‍ക്ക് ശാന്തി

                                                                     Gokarna: May the soul rest in peace

പിതൃ പക്ഷ കാലത്ത് (ആഗസ്റ്റ്‌-സെപ്തംബര്‍)പരേതാത്മാക്കള്‍ക്ക് പിണ്‍ഠദാനവും, പൂജയും ചെയ്യാന്‍ നേപ്പാളികള്‍ ആദ്യമെത്തുന്നിടമാണ് ഗോകര്‍ണമഹാദേവ ക്ഷേത്രം: ഗോകര്‍ണം. ബൌദ്ധ, ജോര്‍പാട്ടി വഴി ഗോകര്‍ണത്തെത്താന്‍ പത്ത് പന്ത്രണ്ട് കിലോ മീറ്ററെയുള്ളൂ ലാസിം പാട്ടില്‍ നിന്ന്. മൈക്രോയില്‍ അങ്ങോട്ടും ഇങ്ങോട്ടും കൂടി 35 രൂപയാകും. ഉത്തര്‍വാഹിനിയായ ബാഗ്മതിയുടെ തീരത്താണ് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രം. ഇവിടെ ആദ്യം പിണ്‍ഠദാനം ചെയ്തിട്ട് മാത്രമേ ഇന്ത്യയിലെ ഗയയിലോ, ബനാറസിലോ പോകാന്‍ പാടുള്ളൂ എന്നാണ് നേപ്പാളികളുടെ വിശ്വാസരീതി. ഇവിടെ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് പോകും മുമ്പ് വേണമെങ്കില്‍ അതിര്‍ത്തിക്കടുത്തുള്ള ധരാന്‍ എന്ന സ്ഥലത്തെ വരാഹ ക്ഷേത്രത്തിലും പിണ്‍ഠ ദാനം ചെയ്യാം.
ഗോകര്‍ണത്തെ പൂജാരി സൌത്ത് ഇന്ത്യനാണ്. രാവിലെയും, വൈകീട്ടും പൂജയുണ്ടിവിടെ. വൈകുന്നേരം ക്ഷേത്രത്തിന്റെ പടവുകളിലിരുന്നു ധ്യാനനിരതനായാല്‍ മരണം എന്നത് നദിയുടെ അറിയാത്ത മറുകരയാണെന്ന് തോന്നും.

ഗോകര്‍ണ എന്ന വാക്കിനര്‍ത്‌ഥം "പശുവിന്റെ ചെവി" എന്നാണ്. ഇവിടെയാണ്‌ ഈ സ്ഥലത്തിന്റെ കഥ തുടങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാജാവ് ഒരു പുത്രനുവേണ്ടി സകല ദേവന്മാരെയും പ്രാര്‍ത്ഥിച്ചു. യാഗം നടത്തി. ഋഷിമാര്‍ നല്‍കിയ ആപ്പിള്‍ തന്റെ പത്നിയ്ക്ക് കഴിക്കാനേല്പിച്ചു. പത്നി നൃത്തത്തില്‍ താല്പര്യം വെച്ചിരുന്നതിനാല്‍ തന്റെ ശരീരത്തിന്റെ fitness നിലനിര്‍ത്താന്‍ ഗര്‍ഭം ധരിക്കാന്‍ വിസമ്മതിച്ചു. പക്ഷേ ഈ കാര്യം ഭര്‍ത്താവില്‍ നിന്നും മറച്ചു വെച്ചേ പറ്റൂ. ആ ആപ്പിള്‍ അവര്‍ ഒരു പശുവിന് നല്‍കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്ക് ഗര്‍ഭം ഉണ്ടെന്ന് കാണിക്കാന്‍ വയറില്‍ തുണി കെട്ടി അഭിനയിച്ചു. ഗര്‍ഭിണിയായ തന്റെ സഹോദരിയുമായി ധാരണയിലെത്തി. രണ്ട് പ്രസവങ്ങള്‍ നടന്നു. പശു പ്രസവിച്ചത് ഗോകര്‍ണ ദേവനെ--ചെവികള്‍ പശുവിന്റെത് പോലെ, ബാക്കി മനുഷ്യരൂപം. രാജ്ഞിയുടെ സഹോദരി പ്രസവിച്ചത് ദുന്ദുകാരി എന്ന പേരില്‍ പിന്നീടറിയപ്പെട്ട ആണ്‍കുട്ടിയെ. ദുന്ദുകാരിയെ സ്വന്തം കുഞ്ഞായി രാജ്ഞി രാജാവിനെ കാണിച്ചു. ദുന്ദുകാരി തെമ്മാടിയായി വളര്‍ന്നപ്പോള്‍ ഗോകര്‍ണ നന്മയുടെയും, പാണ്‍ഠിത്യത്തിന്റെയും മൂര്‍ത്തരൂപമായി. ദുന്ടുകാരി വേശ്യകളുമായി നിരന്തരം ബന്ധപ്പെട്ടു. അച്ചടക്കമില്ലാത്ത ജീവിതരീതിയില്‍ വരുത്തിയ സാമ്പത്തിക നഷ്ടങ്ങള്‍ അവനെ കൂടുതല്‍ വിഷമതകളിലാക്കി. വേശ്യകള്‍ ചേര്‍ന്നവനെ കൊന്നു. പിശാചായി മാറിയ ദുന്ദുകാരി വഴിപോക്കര്‍ക്കും, ജനങ്ങള്‍ക്ക് പൊതുവെയും ദ്രോഹകാരിയായി. അങ്ങിനെയൊരിക്കല്‍ ഗോകര്‍ണനെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ ഗോകര്‍ണ മന്ത്ര വിദ്യയിലൂടെ ദുന്ദുകാരിയെ മോചിപ്പിച്ചു.

ഗോകര്‍ണ ദേവന്റെ ഈ ക്ഷേത്രത്തില്‍ പരേതാത്മാക്കളുടെ ശാന്തിയ്ക്കു വേണ്ടിയുള്ള പ്രാര്‍തഥനകളും, പൂജകളും നടക്കുന്നു. രാമായണത്തിലെ സാക്ഷാല്‍ രാവണന്‍ ഗോകര്‍ണത്തുവന്ന് പൂജയും, തപസ്സും നടത്തിയിരുന്നത്രേ. ശിവഭക്തനല്ലേ?

എങ്ങിനെ രാവണന്‍ നേപ്പാളില്‍ എത്തി എന്ന് ചോദിച്ചാല്‍ Sri Lanka to Kathmandu direct flight വഴി എന്നും, പുഷ്പക എയര്‍ലൈന്‍സിലെന്നും തമാശയോടെ വിശദീകരിക്കാം!!

                                                                             ---സന്തോഷ്‌ കുമാര്‍ കാനാ 

No comments: