My Strength

what do you like about this blog?

Friday, December 27, 2013

ആത്മഹത്യ (AATHMAHATHYA)



നിരാശയുടെ, നഷ്ടസ്വപ്നങ്ങളുടെ
ഭാരം
ഒരാൾ
സീലിംഗ് ഫാനിൽ കെട്ടിയ
ലുങ്കി കൊണ്ടളന്നു.

ഹാർമോണിയത്തിന് ശ്വാസം പകർന്ന
കൈകൾ
ഒരാൾ
കയ്പുള്ള മദ്യത്തിൽ മരണം ചേർത്ത്
ഒരു മധുര കൊക്റ്റൈലിൽ
നിശ്ചലമാക്കി.

മരണം നമ്മെ ഒരു വെള്ളച്ചാട്ടം പോലെ
കൊതിപ്പിക്കുന്നു
ഒരു വേശ്യയെപ്പോലെ കണ്ണും, കയ്യും കാട്ടി
പ്രലോഭിപ്പിക്കുന്നു.

മൈതാനത്തെ കയ്യടി അവസാനിച്ചപ്പോൾ
പത്രമാധ്യമങ്ങളിലെ ചിത്രങ്ങൾക്ക്‌ നിറം മങ്ങിയപ്പോൾ
അലമാരയിലെ തുരുമ്പെടുക്കുന്ന സമ്മാനങ്ങൾ
വൃഥാ തേച്ചു മിനുക്കാൻ ശ്രമിച്ചപ്പോൾ
രാപകലുകൾ
ശൂന്യതയുടെ മൈതാന ദൃശ്യം ആവർത്തിച്ചപ്പോൾ
അയാൾ തീവണ്ടിയുടെ പാച്ചലിനൊപ്പം ചേർന്നു.
വർഷങ്ങൾക്കുമുൻപ്
താനെടുത്ത ഒരു പെനാൽറ്റി കിക്കിന്റെ പിരിമുറുക്കമായിരുന്നു അപ്പോൾ.

ആത്മഹത്യ ചെയ്യുന്നവർ പറയുന്ന ഭാഷ
ആർക്കും അറിയില്ല.

                                                              --സന്തോഷ്‌ കുമാർ കാനാ


1 comment:

deeps said...

what a way to see off year 2013