കല്ലുടക്കിയ എത്ര വഴികളിലൂടെ
തട്ടിയും, തടഞ്ഞും, വളഞ്ഞും, വലഞ്ഞും, തിരിഞ്ഞും
ഒഴുകിയാണ് ഞാൻ
നിന്നിലേയ്ക്കെത്തുന്നത് ?
ആരണ്യാന്ധകാരങ്ങളിലൂടെ
മൃദുലമായി, ഭീതിയിൽ
ഒറ്റയ്ക്കൊഴുകിയാണ്
നിന്നിലേയ്ക്കെത്തുന്നത് ?
കുറുകെ നിന്ന എത്ര മണ്‍ തിട്ടുകൾ
അലിഞ്ഞാണ്
നിന്നിലേയ്ക്കെത്തുന്നത് ?
മണ്ണിടിച്ചിലുകളിൽ, മഴയിൽ
കണ്ണു കലങ്ങിയും, നിറം മങ്ങിയും
ഉയരങ്ങളിൽ നിന്നുമാഞ്ഞു പതിച്ചും
ചിന്നിച്ചിതറിയുമാണ്
നിന്നിലേയ്ക്കെത്തുന്നത്
എത്ര രാപകലുകളുടെ, ഋതുക്കളുടെ
സ്ഥൂല, സൂക്ഷ്മങ്ങളും, രൂപഭേദങ്ങളും,
എകാന്തതകളും, വേദനകളുമറിഞ്ഞാണ്
നിന്നിലേയ്ക്കെത്തുന്നത്?
അടിയൊഴുക്കിലെ നിശ്വാസങ്ങൾ;
വിദൂര, നിഗൂഢ പർവത സ്രോതസ്സിൽ
നിനക്കായി ഉറവിട്ട സ്നേഹ പ്രവാഹമായാണ്
നിന്നിലേയ്ക്കെത്തുന്നത്
വളർന്നും, പെരുത്തും,
മെലിഞ്ഞും, ഞെരുങ്ങിയും,
അടങ്ങിയും, ഒതുങ്ങിയും, കുനിഞ്ഞും,
താഴ്ന്നും, താണ്ടിയും, കവിഞ്ഞുമാണ്
നിന്നിലേയ്ക്കെത്തുന്നത്
നിന്നിൽ
ഞാനും, നീയുമാകാതെ
എന്റെ വേദനകളെ, സ്വപ്നങ്ങളെ,
നിറഭേദങ്ങളെ,
ഞാൻ കാത്തുകൊണ്ടുവന്ന സ്രോതശുദ്ധിയെ
നീ
ലയിപ്പിക്കുമ്പോഴാണ്
നിന്നിലെത്തുന്നത്.
----സന്തോഷ് കുമാർ കാനാ
No comments:
Post a Comment