selected verses
ഒമർ ഖയ്യാമിന്റെ രുബൈയാത്
പരിഭാഷ (തിരഞ്ഞെടുത്ത കവിതകൾ)
1. ഉണരുക !!
നിശയുടെ കുമ്പിളിൽ നിന്നും പകൽ
നക്ഷത്രങ്ങളെ കല്ലെറിഞ്ഞ് തുരത്തിയിരിക്കുന്നു.
നോക്കൂ!! കിഴക്കിന്റെ വേട്ടക്കാരൻ
സുൽത്താന്റെ കോട്ടയെ
പ്രകാശത്തിന്റെ കുരുക്കിൽ കുടുക്കിയിരിക്കുന്നു.
2. സ്വപ്നത്തിൽ പ്രഭാതത്തിന്റെ ഇടതു വിരൽ
ആകാശത്തെ സ്പർശിച്ചപ്പോൾ
ഞാൻ
സത്രത്തിൽ നിന്നും ആ ശബ്ദം കേട്ടു:
"കുട്ടികളേ, ഉണരുക !! ചഷകം നിറയ്ക്കുക!!
ജീവിത ലഹരി വറ്റുന്നതിനു മുൻപ്" !!
3. കോഴി കൂവിയപ്പോൾ സത്രത്തിനു മുന്നിൽ നിന്നവർ
ഉറക്കെപ്പറഞ്ഞു:
"വാതിൽ തുറക്കുക!! അറിയില്ലേ,
നമുക്കല്പനേരമേ ചെലവഴിക്കാനുള്ളൂ.
ഒരിക്കൽ യാത്ര തിരിച്ചാൽ
പിന്നീട് തിരിച്ചുവരവില്ല" .
4. ഇപ്പോളിതാ പുതുവർഷം അതിന്റെ
പഴയ മോഹങ്ങളെ നവീകരിക്കുന്നു ,
ചിന്താമഗ്നമായ മനസ്സ്
എകാന്തതയിലേയ്ക്ക് മടങ്ങുന്നു.
മോശയുടെ വെളുത്ത കരങ്ങൾ
വള്ളിക്കുടിലിന്മേൽ പതിക്കുന്നു,
ജീസസ്സിന്റെ നിശ്വാസം മണ്ണിൽ നിന്നുയരുന്നു.
5. ഇറാം അതിന്റെ പുഷ്പങ്ങളുമായി പോയ് മറഞ്ഞു.
ജാംഷ്യാഡിന്റെ സപ്തവലയ ചഷകം എവിടെ??
എന്നിട്ടും മുന്തിരി അതിന്റെ പുരാതന മധുരം ചൊരിയുന്നു
അത് നീരുറവയ്ക്കരികിലെ പൂന്തോട്ടത്തെ നിറയ്ക്കുന്നു.
6. ഡേവിഡിന്റെ അധരങ്ങൾ ഉറഞ്ഞിരിക്കുന്നു
പക്ഷെ, ദിവ്യമായ ഈ പെഹ്ലവിയിലൊന്ന്:
"വീഞ്ഞ്, വീഞ്ഞ്, ചുവന്ന വീഞ്ഞ്"
വാനമ്പാടി റോസാ പുഷ്പത്തോട്
അവളുടെ പീതാധരത്തെ ചുവപ്പിയ്ക്കാൻ കേഴുന്നു.
7. വരൂ !! ചഷകം നിറയ്ക്കൂ.
വസന്തത്തിന്റെ ജാജ്വല്യതയിൽ
ദുഖത്തിന്റെ ശിശിര വസ്ത്രം വലിച്ചെറിയൂ.
സമയത്തിന്റെ പതംഗത്തിന് പറക്കാൻ
അല്പം സമയമേ ബാക്കിയുള്ളൂ--
അതാ നോക്കൂ!!!
അത് അതിന്റെ ചിറക് വിടർത്തിക്കഴിഞ്ഞു.
8. നോക്കൂ, പ്രഭാതത്തോടൊപ്പം ആയിരം മുകുളങ്ങൾ ഉണർന്നു,
ആയിരങ്ങൾ മണ്ണിലടിഞ്ഞു.
റോസാ പുഷ്പത്തെ കൊണ്ടു വരുന്ന ഈ ഗ്രീഷ്മം
ജാംഷ്യാദിനെയും, കൈക്കൊബാദിനെയും കൊണ്ടുപോകും.
9. ഖയ്യാമിന്റെ കൂടെ വരൂ,
കൈക്കൊബാദിന്റെയും, കൈക്കൊഷ്രുവിന്റെയും
വിധിയെ വെടിയൂ,
രെസ്റ്റം അവന്റെ ഇഷ്ടാനുസരണം ശയിക്കട്ടെ,
ഹതിം തായി അത്താഴത്തിനായി കരയട്ടെ,
അത് മറക്കൂ, വെടിയൂ, എന്നോടൊപ്പം വരൂ.
10. എന്റെ കൂടെ ഔഷധങ്ങൾ വിതറുന്നു,
അത് വിതച്ചതിനെയും, മരുഭൂമിയെയും വേർതിരിക്കുന്നു.
അടിമയുടെയും, സുൽത്താന്റെയും നാമങ്ങൾ
ഒരുപോലെ നഷ്ടപ്പെട്ട ഇവിടെ
സിംഹാസനസ്ഥനായ സുൽത്താനോട് സഹതപിയ്ക്കാം.
11. ഇവിടെ വള്ളിക്കുടിലിൻ കീഴിൽ
ഒരു കഷണം റൊട്ടിയും, ഒരു കോപ്പ വീഞ്ഞും
ഒരു കാവ്യ സമാഹാരവും,
പിന്നെ ഈ വനമധ്യത്തിൽ എന്നരുകിലിരുന്നു പാടുന്ന നീയും--
ഈ വന്യത തന്നെ എന്റെ പറുദീസ.
12. "ഭൌതികാധികാരം എത്ര മനോഹരം" എന്ന് ചിലർ
"വരാനിരിക്കുന്ന പറുദീസ എത്ര അനുഗ്രഹീതം" മറ്റു ചിലർ.
കാശ് കയ്യിലെടുക്കൂ, ബാക്കിയെല്ലാം ഉപേക്ഷിയ്ക്കൂ,
ഓ, മദ്ദളത്തിന്റെ വിദൂരധീര സംഗീതം!
13. നമുക്ക് ചുറ്റും വളരുന്ന റോസയെ നോക്കൂ,
അവൾ പറയുന്നു:
"നോക്കൂ, പുഞ്ചിരി തൂകി ഞാനിതാ
ഈ ലോകത്ത് നില്ക്കുന്നു.
നിമിഷങ്ങൾക്കകം എന്റെ പണസഞ്ചിയുടെ പട്ടുനൂൽതൊങ്ങൽ
കീറിപ്പോകും,
അതിലെ അമൂല്യശേഖരം പൂന്തോട്ടത്തിൽ ചിതറും".
14. മനുഷ്യൻ ഹൃദയമർപ്പിക്കുന്ന ഭൌതികസ്വപ്നങ്ങൾ
ചാരങ്ങളാകുന്നു, അഥവാ അഭിവൃദ്ധിപ്പെടുന്നു:
ഉടനെ
മരുഭൂമിയുടെ പൊടിയടഞ്ഞ മുഖത്തെ മഞ്ഞുതുള്ളിപോലെ
അൽപനേരം തിളങ്ങി അപ്രത്യക്ഷമാകുന്നു.
15. ധാന്യമണികൾ വിതച്ചവരും
അവ മഴപോലെ കാറ്റിൽ വലിച്ചെറിഞ്ഞവരും
ഒരുപോലെ
സുവർണഭൂമിയിലേയ്ക്കല്ല തിരിഞ്ഞതെന്നപോലെ
മനുഷ്യർ അവരെ മറവു ചെയ്യപ്പെട്ടിട്ടും മാന്തിയെടുക്കുന്നു.
16. ചിന്തിയ്ക്കുക!
ഇടവിട്ടു വരുന്ന രാവും, പകലും വാതിലുകളായ
ഈ തകർന്ന സത്രത്തിൽ
എത്ര സുൽത്താന്മാരാണ് ഒന്നിനു പിറകെ ഒന്നായി വന്ന്
ഒന്നോ രണ്ടോ മണിക്കൂർ തങ്ങി മറഞ്ഞു പോയത്.
17. അവർ പറയുന്നു:
ജാംഷ്യാദ് കുടിച്ചു മദിച്ചതും,
കൊടികുത്തിവാണതുമായ ഇവിടം
സിംഹവും, പല്ലിയും പാർക്കുന്നു.
അഹ്രാം എന്ന വലിയ വേട്ടക്കാരൻ!-
ആ വന്യ മൃഗം അവന്റെ തലയ്ക്ക് മീതെ ചാടുന്നു,
ജാംഷ്യാദ് മതിമറന്നുറങ്ങുന്ന ഇവിടെ.
18. സീസറുടെ രക്തം ചിന്തിയ മണ്ണിൽ വളരുന്ന
റോസയുടെ ചുവപ്പ് മറ്റൊരിടത്തും വരില്ല.
പൂന്തോട്ടം ധരിക്കുന്ന ഓരോ പുഷ്പവും
ആരുടെയോ ഒരിയ്ക്കലെ മനോഹര ശിരസ്സിൽ നിന്ന്
അതിന്റെ മടിയിലേയ്ക്ക് വീണതാണ്.
19. നമ്മൾ ചായുന്ന ഈ നദിയുടെ ചുണ്ടുകളിൽ
ഔഷധങ്ങൾ അവയുടെ ഇളം ഹരിത
തൂവൽ സ്പർശമേല്പ്പിയ്ക്കുമ്പോൾ
ആഹ് ...
അതിനു മുകളിൽ വീണ്ടും വീണ്ടും ചായുക.
ആർക്കറിയാം !!
ഇതാരുടെ എപ്പോഴത്തെ മനോഹര അധരത്തിൽ നിന്ന്
അദൃശ്യമായി വിടർന്നതാണെന്ന്.
20. പ്രാണസഖീ !
ഗതകാല ദുഖത്തെയും, ആസന്ന ഭയത്തെയും ഇല്ലാതാക്കുന്ന
ഈ ചഷകം നിറയ്ക്കൂ.
നാളെയോ?
എന്തിന്?
ഇന്നലെയുടെ ഏഴായിരം വർഷങ്ങൾ കൊണ്ട്
ഞാൻ ഞാൻ തന്നെയാകും.
21. നോക്കൂ!
നമ്മൾ സ്നേഹിച്ചവർ,
ഉത്തമവും, മനോഹരവും
സമയവും, വിധിയും ആ നല്ലതിനെയൊക്കെ ഞെരുക്കി
അവർ ചഷകങ്ങൾ എത്ര തവണ കാലിയാക്കി
മെല്ലെ മെല്ലെ
ഓരോരുത്തരായി
നിശബ്ദമായി
വിശ്രമിയ്ക്കുന്നു.
22. നമ്മൾ ഇപ്പോൾ ഈ മുറിയിൽ ആഘോഷിയ്ക്കുന്നു.
അവർ പോയ് മറഞ്ഞു.
ഗ്രീഷ്മമിതാ പുതിയ മുകുളങ്ങളുടെ ആടകളണിയുന്നു.
നാം ഭൂമിയുടെ മടിത്തട്ടിലേയ്ക്ക് മടങ്ങിയേ തീരൂ..
നമ്മളും ഒരു മടിത്തട്ടാകും-പക്ഷേ,
ആർക്കുവേണ്ടി?
23.അതെ, മണ്ണിനടിയിലെയ്ക്ക് താഴും മുമ്പേ
നമുക്കും ഈ നിമിഷങ്ങളിൽ പൂർണമായും ജീവിയ്ക്കാം.
മണ്ണിൽ നിന്നും മണ്ണിലേയ്ക്ക് ചായുവാൻ
വീഞ്ഞില്ലാതെ, സംഗീതമില്ലാതെ, ഗായകൻ ഇല്ലാതെ
പിന്നെ-- അന്ത്യമില്ലാതെ!
24. ഇന്നിനുവേണ്ടി തയ്യാറെടുക്കുന്നവർക്കും,
നാളെയിലേയ്ക്ക് കണ്ണുനട്ടിരിക്കുന്നവർക്കും
ഒരുപോലെ
അന്ധകാരത്തിന്റെ ഗോപുരത്തിൽ നിന്ന്
മുയസിൻ വിളിച്ചു പറയുന്നു:
"വിഡ്ഢികളേ!! നിങ്ങൾക്കുള്ള പ്രതിഫലം
ഇവിടെയല്ല, അവിടെയും" !
25. എന്തുകൊണ്ട്
ഇരുലോകങ്ങളെപ്പറ്റി ധൈഷണികമായി ചർച്ച ചെയ്ത ദിവ്യരും,
പണ്ഡിതരുമൊക്കെ
വിഡ്ഢികളായ പ്രവാചകരെപ്പോലെ
വെളിയിലേയ്ക്ക് തള്ളപ്പെട്ടു?
അവരുടെ വാക്കുകൾ പുച്ഛത്തോടെ വലിച്ചെറിഞ്ഞിരിക്കുന്നു.
അവരുടെ ജിഹ്വകൾ മണ്ണിനാൽ നിറഞ്ഞിരിക്കുന്നു.
26. വരൂ, വൃദ്ധനായ ഈ ഖയ്യാമിന്റെ കൂടെ,
പണ്ഡിതർ സംസാരിയ്ക്കട്ടെ.
ഒന്നു തീർച്ചയാണ്
ജീവിതം പറന്നകലുന്നു, ബാക്കിയെല്ലാം മിഥ്യ.
ഒരിയ്ക്കൽ വിടർന്ന പുഷ്പം
എന്നെന്നേക്കുമായി മരിക്കുന്നു.
27.ഞാനും ചെറുപ്പകാലത്ത്
വൈദ്യനെയും, ദിവ്യനെയും കണ്ടിരുന്നു,
അവരുടെ വാഗ്വാദങ്ങൾ കേട്ടിരുന്നു.
എന്നിട്ടും, ഞാൻ
പോയ വാതിലിലൂടെ തന്നെ തിരിച്ചു വന്നു.
28. അവർക്കൊപ്പം ഞാൻ ബുദ്ധിയുടെ വിത്തുകൾ വിതച്ചു
എന്റെ കരങ്ങളാൽ അവയെ വളർത്തി
ഒടുവിൽ ഞാൻ കൊയ്തെടുത്ത വിളവിതാണ്:
"ജലം പോലെ ഞാൻ വന്നു
കാറ്റുപോലെ പോകുന്നു"
29. ഈ പ്രപഞ്ചത്തിലേയ്ക്ക്
"എന്തുകൊണ്ട്" എന്നറിയാതെ
"എവിടെനിന്ന്" എന്നറിയാതെ
ജലം പോലെ സ്വപ്രേരണയാലല്ലാതെ പ്രവഹിയ്ക്കുന്നു.
പാഴ് പ്രദേശത്തെ കാറ്റുപോലെ
"എങ്ങോട്ട്" എന്നറിയാതെ
സ്വപ്രേരണയാലല്ലാതെ വീശുന്നു.
30.എന്ത്? ചോദിക്കാതെ എവിടെ നിന്നാണ്
ഇങ്ങോട്ട് ധൃതി കൂട്ടിയത്?
ചോദിക്കാതെ തന്നെ ഇവിടെ നിന്നെങ്ങോട്ടാണ് ധൃതി കൂട്ടിയത്?
ഈ അസംബന്ധത്തിന്റെ സ്മൃതിയെ മുക്കിക്കൊല്ലുവാൻ
ഇനിയും ഇനിയും ചഷകങ്ങൾ.
31. ഭൂമിയുടെ കേന്ദ്രത്തിൽ നിന്നും
സപ്ത കവാടത്തിലൂടെ ഞാനുയർന്നുവന്ന്
ശനിയുടെ സിംഹാസനത്തിലിരുന്നു.
കുരുക്കഴിക്കപ്പെട്ട എത്രയോ കെട്ടുകൾ പാതയിൽ.
പക്ഷേ, ഒന്നു മാത്രം കുരുക്കഴിക്കപ്പെടാതെ കിടക്കുന്നു
--- മരണത്തിന്റെയും, വിധിയുടെയും കെട്ട്.
32. തുറക്കാൻ താക്കോലില്ലാതെ
ഞാനൊരു വാതില്ക്കലെത്തി.
താണ്ടിപ്പോയിട്ടും ഒരു മൂടുപടം ഞാൻ കണ്ടില്ല.
എന്നെയും, നിന്നെയും പറ്റി
അല്പനേരത്തെ സംസാരം മാത്രം.
പിന്നെ, ഞാനും നീയുമില്ല.
33. തിരിയുന്ന സ്വർഗത്തോട് ഞാൻ ഉറക്കെ ചോദിച്ചു:
"വിധി ഏതു ദീപത്താലാണ് ഇരുട്ടിൽ തപ്പുന്ന
അവളുടെ കുട്ടികളെ നയിക്കുന്നത്? "
"അന്ധമായ ഒരു ഊഹം"-- സ്വർഗം മറുപടി നല്കി.
34. ജീവിതത്തിന്റെ നീരുറവകൾ അറിയാൻ ഞാൻ
ഈ ചഷകത്തിൽ നിന്നുമെന്റെ അധരം മാറ്റിവെച്ചു.
പക്ഷേ, ഓരോ അധരത്തോടും അത് മന്ത്രിച്ചു:
"ജീവിതത്തിന്റെ ഓരോ നിമിഷവും കുടിക്കൂ!!
ഒരിയ്ക്കൽ യാത്രയായാൽ പിന്നെ തിരിച്ചു വരവില്ല".
35. പിന്നെ ആ ചഷകം അഗ്രാഹ്യമായ ഭാഷയിൽ
ഉത്തരം നല്കി:
ഒരിയ്ക്കൽ ജീവിച്ചു; സുഖിച്ചു;
ഞാൻ ചുംബിച്ച നിർജീവ അധരങ്ങൾ
എത്ര ചുംബനങ്ങൾ വാങ്ങിയിരിക്കാം,
കൊടുത്തിരിക്കാം!!
36. ചന്തയിൽ ഒരു വൈകുന്നേരം
കളിമണ്ണിൽ ആഞ്ഞടിച്ച് കുഴയ്ക്കുന്ന കുശവനെ കണ്ടു.
അതിന്റെ നശിച്ച നാക്കിനാൽ അത് മന്ത്രിച്ചു:
"ദയവു ചെയ്ത്, മെല്ലെ സഹോദരാ..മെല്ലെ".
37. ഹാ! ചഷകം നിറയ്ക്കൂ--
കാലടിയിൽ സമയത്തിന്റെ മണ്ണൊലിപ്പിനെപ്പറ്റിയുള്ള
വ്യാകുലത നിരർത്‌ഥകം.
ഇനിയും പിറക്കാത്ത നാളെ,
മരിച്ച ഇന്നലെ,
വർത്തമാനത്തിന്റെ നിമിഷങ്ങളെ മാധുര്യമുള്ളതാക്കൂ!!
38. സർവനാശത്തിന്റെ അവശേഷ്യങ്ങളിൽ ഒരു നിമിഷം,
ജീവിതത്തിന്റെ നീരുറവ ആസ്വദിക്കാൻ ഒരു നിമിഷം.
വേഗമാകട്ടെ,
താരങ്ങളതാ മറയുന്നു
ശൂന്യതയുടെ പ്രഭാതത്തിലേയ്ക്കതാ യാത്രാ സംഘം
നീങ്ങിയിരിക്കുന്നു.
39. ഇനിയും എത്ര നാൾ, എത്ര നേരം
നിരർത്ഥകമായ ലക്ഷ്യങ്ങളുടെ
നിതാന്ത അന്വേഷണത്തിൽ കലഹിച്ച് തളരണം?
ഇല്ലാത്ത കനിയുടെ, കയ്പ്പുള്ള കനിയുടെ
സന്താപത്തേക്കാൾ ഉത്തമം
മധുര മുന്തിരി നുണയുന്നതല്ലേ?
40. സ്നേഹിതരേ, അറിയുമോ,
നവ വിവാഹത്തിന്റെ ആനന്ദം ഞാൻ
എന്നുമുതൽ ആഘോഷിച്ചുവെന്ന്?
മെത്തയിൽ നിന്നും ഊഷര യുക്തിയെ ത്യജിച്ച്,
വേർപിരിഞ്ഞ് മധുര മുന്തിരിയുടെ മകളെ വരിച്ചു.
42. പിന്നെ സത്രത്തിന്റെ വാ തുറന്ന കവാടത്തിൽ
സന്ധ്യയിൽ ചുമലിലേന്തിയ കുടവുമായി
ഒരു ദേവദൂതൻ മന്ദം വന്നു--
അതാജ്ഞയാൽ നുകർന്ന ഞാൻ അറിഞ്ഞു---
മധുര മുന്തിരി.
46. അകവും, പുറവും
അടുത്തും, ചുറ്റിലും, എല്ലായിടവും
ഇത് ഒരു പെട്ടിയിൽ സൂര്യൻ മെഴുകുതിരിയായുള്ള
മാന്ത്രിക നിഴൽ നാടകം.
ചുറ്റും
വന്നും, പോയും നിഴൽ ചിത്രങ്ങളായി നാം.
47. നീ കുടിക്കുന്ന വീഞ്ഞും, നീ ചുംബിക്കുന്ന അധരവും
ശൂന്യതയിൽ അവസാനിയ്ക്കുമെങ്കിൽ
അതെ--- അറിയുക
നീ നിന്റെ ആസന്ന ശൂന്യത മാത്രം,
മറ്റൊന്നുമല്ല.
48. നദീ തടത്തിൽ റോസാ കാറ്റാസ്വദിക്കുമ്പോൾ
ഖയ്യാമിനോടും, റൂമിയോടും ചേർന്ന്
വിശിഷ്ട വീഞ്ഞ് കുടിയ്ക്കൂ--
ദേവദൂതൻ തന്റെ വീഞ്ഞുപാത്രവുമായടുക്കുമ്പോൾ
മടിക്കരുത്.
49. എല്ലാം,
മനുഷ്യക്കരുക്കളെ വച്ച് വിധി കളിക്കുന്ന
ദിനരാത്രങ്ങളുടെ ചതുരംഗം.
അവിടിവിടെ നീങ്ങി, ഇണഞ്ഞ്, ഹനിച്ച്
ഒടുവിൽ
ഒന്നൊന്നായി
തിരിച്ചണിയറയിലേയ്ക്ക്.
50. ശരി തെറ്റുകളെ പന്ത് ആരായുന്നില്ല.
കളിക്കാരന്റെ കാൽ പ്രയോഗത്തിൽ ഇടവും, വലവും.
നിന്നെ ഈ കളിക്കളത്തിൽ
വലിച്ചെറിഞ്ഞവനറിയാം,
എല്ലാം അവനറിയുന്നു.
51. ചലിക്കുന്ന അംഗുലീയങ്ങൾ
എഴുതി, എഴുതി നീങ്ങുന്നു..
നിന്റെ ഭക്തിയ്ക്കോ, യുക്തിയ്ക്കോ
ആ അംഗുലീയങ്ങളെ തിരിച്ചു പിടിച്ച്
എഴുതിയ അർധവാക്യങ്ങൾ പോലും മായ്ക്കാൻ കഴിയില്ല.
കണ്ണുനീരിനൊന്നും ഒരു വാക്കു പോലും മായ്ക്കാൻ കഴിയില്ല.
52. നഭസ്സെന്ന ആ കമിഴ്ത്തിയ കുമ്പിളിൻ കീഴിൽ
നാം നിരങ്ങി ഞെരുങ്ങി പിറക്കുന്നു, മരിക്കുന്നു.
അതിന്റെ നേർക്കുള്ള സഹായാർത്ഥിത ഹസ്തം പിൻ വലിയ്ക്കൂ
നിന്റെയും, എന്റെയും മേലത് ഒരു പോലെ ഉരുളുന്നു.
53. ധരിത്രിയുടെ ആദ്യ കളിമണ്ണിൽ നിന്നത്രേ
അന്തിമ മനുഷ്യനെ ഉരുവാക്കിയത്.
അന്ത്യക്കൊയ്ത്തിൽ വിത്തും വിതച്ചു.
അതേ,
സൃഷ്ടിയുടെ പ്രഥമ പ്രഭാതം എഴുതിയത്
അന്ത്യപ്രഭാതം വായിക്കും.
54. ഞാനിതു പറയട്ടെ--
ലക്ഷ്യത്തിൽ നിന്ന് തപിക്കുന്ന കുതിരപ്പുറത്ത് പുറപ്പെടുമ്പോൾ
എന്റെ എഴുതപ്പെട്ട വിധി പഥങ്ങളിൽ
സ്വർഗത്തിന്റെ പർവീണും, മുഷ്താരിയും
അവർ വലിച്ചെറിഞ്ഞു.
----
സന്തോഷ് കുമാർ കാനാ
Fitzgerald's first edition:
http://www.omarkhayyamrubaiyat.com/text.htm