My Strength

what do you like about this blog?

Monday, July 4, 2016

സത്യത്തിന്റെ ജാലകക്കാഴ്ചകൾ: സന്തോഷ് കാനയുടെ "കള്ളവണ്ടി" വായിക്കുമ്പോൾ

   
  -
  A critical reading of 'KALLAVANDI', anthology of poems in Malayalam by Santhosh Kana

"കള്ളവണ്ടി" എന്നാണ് സന്തോഷ് കാനയുടെ കവിതാ സമാഹാരത്തിന്റെ പേര്. "കള്ളവണ്ടി" കയറി യാത്ര തുടങ്ങുമ്പോൾ കൂടെയിരുന്നു അദ്ദേഹം കാണിച്ചു തരുന്നത് പക്ഷെ, നേരിന്റെ കാഴ്ചകളാണ്. ഒരു തീവണ്ടിയാത്രയിലൂടെ എന്നപോലെ മിന്നിമായുന്ന സത്യത്തിന്റെ ബഹുമുഖമായ ജാലകക്കാഴ്ചകളാണ് ഈ സമാഹാരത്തിലെ കവിതകൾ. 

ധ്വനിപ്പിക്കുന്നതാണല്ലോ കവിത. സന്തോഷ് കാനയുടെ ശക്തിയും ധ്വനിയാണ്. ഒരു കുഞ്ഞു മഞ്ഞുതുള്ളിയിൽ ലോകം മുഴുവൻ ഒതുക്കി പ്രതിഫലിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങളും, തോരാത്ത സങ്കടങ്ങളും ആണ് തന്നെ കവിയാക്കിയത് എന്ന് എത്ര ഭംഗിയായാണ് "കുട" എന്ന കവിതയിൽ അദ്ദേഹം പറയുന്നത്.

"കാഴ്ച" എന്ന കവിത ഞാനെന്റെ മകനെ വായിച്ചു കേൾപ്പിച്ചു. അവൻ മലയാളം പഠിച്ചിട്ടില്ല. മലയാള സാഹിത്യത്തിൽ ഒട്ടും ശിക്ഷണം ലഭിച്ചിട്ടില്ല. "എന്തു മനസ്സിലായി?" എന്ന ചോദ്യത്തിന് "വലിയ ആളായപ്പോൾ പഴയതൊക്കെ മറന്നു" എന്നായിരുന്നു അവന്റെ ഉത്തരം. അശിക്ഷിതമായ മനസ്സുകൾക്ക് പോലും എന്തെങ്കിലുമൊക്കെ കൊടുക്കാനുള്ള കഴിവ്, തന്റെ കവിതയെ സന്നിവേശിപ്പിക്കാനുള്ള സന്തോഷിന്റെ മിടുക്ക് എടുത്ത് കാണിക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞത്. നാട്യങ്ങളില്ലാതെ, ഹൃദയത്തിന്റെ ഭാഷയിൽ "എന്റെ ജീവിതാന്വേഷണ പരീക്ഷണ'ങ്ങളിൽ കാണുന്ന ഗാന്ധിയൻ സത്യസന്ധതയോടെ അദ്ദേഹം കാര്യങ്ങൾ പറയുന്നു.

നമുക്ക് ചുറ്റും കാണുന്ന തികച്ചും സാധാരണമായ കാര്യങ്ങളെ ശാന്തമായ ദൃശ്യ ബിംബങ്ങളാക്കി മാറ്റാൻ ഈ കവിക്ക് അസാധാരണമായ കഴിവുണ്ട്. 'കുട' കവിതയായി മാറുന്ന മാന്ത്രികത ഒരു നല്ല ഉദാഹരണമാണ്.

അതിശക്തമായ ഒരു ദൃശ്യശ്രാവ്യ ബിംബമായി കവിതകളിലുടനീളം നിറയുന്ന തീവണ്ടി ജീവിതത്തെയും അതിന്റെ നൈരന്തര്യത്തെയും അതിതീവ്രമായ ഒരു അനുഭവമാക്കി, നെഞ്ചിടിപ്പേറ്റുന്ന ഒരു ചക്രഗർജ്ജനമാക്കി നമ്മുടെ ചേതനയിലേയ്ക്ക് ഓടിക്കയറുന്നു. തീവണ്ടിയുടെ അതിശക്തമായ, അനിഷേധ്യവും, ആസുരവുമായ വരവിനെപ്പറ്റി പറയുന്നത് "എല്ലാവരും വഴിമാറി കൊടുക്കേണ്ട ജന്മിയാണ് തീവണ്ടി" എന്നാണ്. മലയാളി വായനക്കാർക്ക് മുമ്പിൽ ഇതിലും ശക്തമായി തീവണ്ടിയെ അവതരിപ്പിക്കാൻ കഴിയുമോ?

"ഗൃഹാതുരത്വത്തിന്റെ തുരുമ്പെടുക്കുന്ന ഇരുമ്പിൻ മണം"-ഉള്ള വണ്ടി. പ്രവാസ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് മലയാളികൾക്ക് പൊടുന്നനെ ആ തുരുമ്പ് മണം അനുഭവപ്പെടും. നാട്ടിലേക്ക് ഓടുന്ന ഓരോ തീവണ്ടിയിലും അവർ പറഞ്ഞു വിടുന്നത് ഗൃഹാതുരത്വം നിറഞ്ഞ സ്വന്തം ആത്മാവിനെയാണല്ലോ !!

"തീവണ്ടിക്കൊരിക്കലും മോഡേൺ ആകാൻ കഴിയില്ല" എന്നദ്ദേഹം പറയുന്നു. എന്തൊക്കെ പരിഷ്‌കാരങ്ങൾ വന്നാലും എത്രയൊക്കെ പുരോഗമിച്ചാലും മാറാതെ നിൽക്കുന്ന ജീവിതത്തിന്റെ അടിസ്ഥാന  ചോദനകളെപ്പറ്റിയാണോ അദ്ദേഹം പറയുന്നത്? ഒരേ നദിയിൽ രണ്ട് പേർക്ക് ഇറങ്ങാൻ പറ്റില്ല. ഒരേ കവിത രണ്ടുപേർക്ക് വായിക്കാൻ പറ്റില്ല. അങ്ങനെയാകുമ്പോഴാണ് അത് യഥാർത്ഥ കവിതയാകുന്നത്. "അവസാനിക്കുന്ന തീവണ്ടിപ്പാളങ്ങൾ ഞാൻ കണ്ടിട്ടില്ല, അതൊരലട്ടുന്ന കാഴ്ചയായിരിക്കും" സന്തോഷ് എഴുതുന്നു. എത്ര ശരിയാണ്, ജീവിതത്തിന്റെ മുറിയാത്ത പ്രയാണം!!

ജീവിതത്തിന്റെ കറുത്ത മഷി പരന്ന വഴികളിൽ നക്ഷത്രവെളിച്ചം വീശുന്ന വാക്കുകളെപ്പറ്റി "കറുത്ത മഷി"-യിൽ അദ്ദേഹം പറയുന്നു. വാക്ക് തരുന്ന വെളിച്ചമാണ് ശാശ്വതമായ വെളിച്ചം. ആദിയിൽ ഉണ്ടായതും വാക്ക് തന്നെയാണല്ലോ. ഒരു പ്രാർത്ഥനയുടെ സുഖം അനുഭവപ്പെട്ടു ഈ കവിതയിൽ.

'ഇത് ഞാനാണല്ലോ, ഇത് എന്നെപ്പറ്റിയാണല്ലോ, ഇത് ഞാൻ എഴുതാൻ വിചാരിച്ചതാണല്ലോ' എന്നിങ്ങനെയുള്ള തോന്നലുകൾ ഉണ്ടാക്കുന്നതാണ് 'കള്ളവണ്ടി' യിലെ ഓരോ കവിതയും. കവിതയും ജീവിതവും രണ്ടല്ല എന്നും കവിത ജീവിതം തന്നെയാണെന്നും ജീവിതം ഒരു കവിത പോലെയാണെന്നും ഉള്ള ധ്വനി "എഴുതുന്നത്' എന്ന കവിതയിൽ കാണാം.

നമ്മുടെ കുടുംബ ജീവിതത്തെയും, സാമൂഹിക ജീവിതത്തെയും--എത്രയോ പേര് ഇപ്പോൾ ജീവിക്കുന്നത് സോഷ്യൽ മീഡിയയിൽ മാത്രമാണല്ലോ--അതി സൂക്ഷ്മമായി നിരീക്ഷിച്ച് പഠിച്ചതിന്റെ ഫലമാണ് സന്തോഷിന്റെ കവിതകൾ. അദ്ദേഹത്തിന്റെ പ്രതിഭ സ്പർശിക്കാത്ത വിഷയമില്ല. ആ മാന്ത്രികസ്പർശത്തിൽ ജീവൻ വെക്കാത്ത വാക്കുമില്ല. എത്രയോ അത്ഭുതങ്ങളെ വായ്ക്കുള്ളിൽ ഒളിപ്പിച്ചുവെക്കുന്നു വാക്കുകൾ.

ഒരു സാധാരണ വായനക്കാരന്റെ ഒരു ലഘു ആസ്വാദനക്കുറിപ്പ് മാത്രമാണിത്. "കള്ളവണ്ടി' കയറി ഒന്ന് സഞ്ചരിച്ചു നോക്കൂ. നമ്മൾ കണ്ടിട്ടും കാണാതെ പോകുന്ന, അറിഞ്ഞിട്ടും അറിയാതെ പോകുന്ന നേരിന്റെ ഒരുപാട് കാഴ്ചകളിലേയ്ക്കുള്ള യാത്രയായിരിക്കുമത്. യാത്രാവസാനം ഒരുപാട് ദൃശ്യങ്ങൾ നിങ്ങളുടെ കൂടെ പോരുകയും, നന്മയുടെ നദികളെല്ലാം വറ്റിപ്പോകുന്ന ഈ ഊഷരകാലത്ത് വറ്റാത്ത കാത്തിരിപ്പുമായി വായനക്കാരുണ്ടാകും, സന്തോഷ് കാനയുടെ അടുത്ത പുസ്തകവും പ്രതീക്ഷിച്ച്.

സ്നേഹാദരങ്ങളോടെ,
മധുസൂദനൻ നന്നഞ്ചേരി















No comments: