അധ്യാപകനും യാത്രികനുമായ സന്തോഷ് കാനയുടെ ആദ്യ കവിതാസമാഹാരം "കള്ളവണ്ടി"
എറണാകുളത്ത് പ്രകാശനം ചെയ്തുകൊണ്ട് മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഞാന്‍
നടത്തിയ പ്രസംഗത്തിന്റെ അല്ലെങ്കില്‍ പറച്ചിലിന്റെ ഏകദേശ രൂപം:
നാം
നമ്മുടെ പൊതുജീവിതത്തിന്റെ മിക്കവാറും എല്ലാ തുറകളിലും
ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഏതൊക്കെയോ തരം കള്ളവണ്ടികളില്‍
യാത്ര ചെയ്യുന്നവരാണ്. പിടിക്കപ്പെടുമോ എന്ന ആശങ്കയോടെയുള്ള ഇത്തരം
യാത്രകളിലാണ് നമ്മളില്‍ ഭൂരിപക്ഷവും എന്ന അനുഭവയാഥാര്‍ത്ഥ്യമാവാം സന്തോഷ്
കാനയുടെ കള്ളവണ്ടി എന്ന സമാഹാരത്തിലെ ഈ കവിതകള്‍ മുന്നോട്ടുവയ്ക്കുന്നത്.
"കള്ളവണ്ടി" എന്ന് ഈ കാവ്യസമാഹാരത്തിന് സന്തോഷ് കാന പേരിട്ടത്, അതേ പേരില്‍ ഈ
പുസ്തകത്തിലുള്ള കവിത, ഈ സമാഹാരത്തിലെ മൊത്തം കവിതകളുടെയും
അസ്തിത്വത്തിന്റെ വിളംബരം നടത്തുന്നുണ്ട് എന്ന തോന്നല്‍ കൊണ്ടാവണം.
കള്ളവണ്ടി എന്ന കവിത തുടങ്ങുന്നതു തന്നെ, ടിക്കറ്റെടുത്ത് തീവണ്ടിയില്‍
കയറുകയാണെന്ന വ്യാജേന ടിക്കറ്റില്ലാതെ കയറുന്നവരുടെ മുഖഭാവം എന്താണോ അതേ
ചിതറലോടെയാണ്. അത് ഒരേ സമയം ഒരു നേരേവാ നേരേ പോ കവിതയാണെന്ന്
നമ്മളെക്കൊണ്ട് തോന്നിപ്പിക്കും. ആദ്യത്തെ വരികള്‍ നോക്കൂ.
'മദിരാശിക്ക് കള്ളവണ്ടി കയറിയത്രേ
പല താരങ്ങള്‍ക്കും രാശി തെളിഞ്ഞത്.
പയ്യന്നൂര്‍ സ്റ്റേഷനില്‍ ഞാനും ചോദിച്ചു
മദിരാശിക്ക് കള്ളവണ്ടി എത്ര മണിക്കാ.'
ഇവിടെ കള്ളവണ്ടി എന്നത് സാമൂഹ്യമായി അംഗീകരിക്കപ്പെട്ട ഒരു
യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ഉട്ടോപ്യയിലേയ്ക്ക്, നമ്മളെയെല്ലാം
താരങ്ങളും കോടീശ്വരന്മാരും പ്രശസ്തരും ആക്കി ഉയര്‍ത്തുന്ന
നക്ഷത്രപ്രഭയിലേക്ക്, വാഗ്ദത്ത ഭൂമിയിലേക്ക്, അത് സ്വച്ഛഭാരതമാവാം,
സോഷ്യലിസ്റ്റ് ഭാരതമെന്ന കാലഹരണപ്പെട്ട വിപ്ലവകാല്പനിക മോഹരാജ്യമാവം,
അല്ലെങ്കില്‍ എല്ലാവരും പച്ചക്കറി മാത്രം കഴിക്കാന്‍
നിര്‍ബന്ധിക്കപ്പെടുന്ന ഒരു രാജ്യമാവാം, അവിടേക്ക് നമ്മളെയെല്ലാം
ഉയര്‍ത്തുന്ന ഒരു ലക്ഷ്യസ്ഥാനമുണ്ടെന്നും അവിടേക്ക് കള്ളവണ്ടി കയറിപ്പോയാലേ
രക്ഷയുള്ളൂവെന്നും ആ കള്ളവണ്ടിയില്‍ എളുപ്പം അങ്ങനെ യാത്ര
ചെയ്യാനാകില്ലെന്നും പ്ലാറ്റ്‌ഫോമില്‍ വച്ചുതന്നെ, നമ്മുടെ അടിസ്ഥാന
നിലപാടുതറയില്‍ വച്ചുതന്നെ, നമ്മള്‍ പിടിക്കപ്പെട്ടേക്കാമെന്നും, ഇനി അഥവാ
കള്ളവണ്ടിയില്‍ കയറിപ്പറ്റിയാല്‍ തന്നെ, അധികാര പരിശോധകര്‍ നമ്മളെ പിടിച്ച്
തടവിലിട്ടേക്കാമെന്നുമെല്ലാം നല്ല ഉറപ്പുണ്ടായിട്ടുതന്നെയും,
കള്ളവണ്ടിയിലൂടെ ലോട്ടറിഭാഗ്യം തേടിയുള്ള യാത്രയാണ് നമ്മുടെ ജീവിതമെന്ന്
നാം തെറ്റിദ്ധരിക്കുകയും, നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം
നിര്‍ണ്ണയിക്കാനുള്ള ഒരു സൗകര്യവും നമ്മുടെ നികുതിപ്പണം കൊണ്ട് നമ്മെ
ഭരിക്കുന്ന ഭരണകൂടങ്ങള്‍ക്കില്ല എന്ന് കരുതുകയും അവരെ സുഖകരമായി ഭരിക്കാന്‍
വിട്ടുകൊടുക്കുകയും നാം നമ്മുടെ ലോട്ടറി ഭാഗ്യങ്ങളിലേക്കുള്ള
ജീവിതത്തിന്റെ കള്ളവണ്ടികളില്‍ വരും വരും എന്ന പ്രതീക്ഷയോടെ യാത്ര
തുടരുകയും ട്രെയിന്‍ എവിടെയും എത്തുന്നതിന് മുമ്പ് അമ്പതോ അറുപതോ വയസ്സില്‍
വീണുമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു.
(ആത്മഹത്യയും
മൃത്യുബോധവും സന്തോഷ്‌കാനയുടെ കവിതകളിലെ പ്രധാനപ്പെട്ട ഒരു ജീവതാളമാണെന്ന്
തോന്നുന്നതുകൊണ്ടാണ് ഇത് പറയുന്നത്.) ജീവിതം അന്തസ്സുള്ള ഒരു
കള്ളമായിരുന്നു എന്ന് അപ്പോള്‍ മാത്രമാണ് നമ്മള്‍ തിരിച്ചറിയുക.
ജീവിതത്തിന്റെ കള്ളവണ്ടികളിലെ പലതരം കമ്പാര്‍ട്ട്‌മെന്റുകളിലെ പലതരം
കള്ളയാത്രക്കാരെയാവാം ഒരു തരം നിര്‍മ്മമതയോടെ കള്ളവണ്ടി എന്ന കവിതയില്‍
സന്തോഷ് കാന കാണിച്ചുതരുന്നത്. ഇതൊരു ഒഴുവുദിവസത്തെ കളിയോ ഒഴിവുദിവസത്തെ
യാത്രയോ അല്ല, ഇത് നാം പിറന്നുവീഴുന്ന നാള്‍ മുതല്‍ തുടങ്ങിത്തുടരുന്ന
പതിവുദിവസങ്ങളിലെയും കള്ളക്കളിയാണ്. അതുകൊണ്ടാണ്, കള്ളവണ്ടി എന്ന ഈ
കവിതയില്‍ ക്ലാസ്മുറിയില്‍ അധ്യാപകന്‍ ആവേശത്തോടെ നേതാജി
സുഭാഷ്ചന്ദ്രബോസിന്റെ വരികളായ "എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്
സ്വാതന്ത്ര്യം തരാം" എന്നത് ഉദ്ധരിക്കുമ്പോള്‍, "സാര്‍ അദ്ദേഹം രക്തഗ്രൂപ്പ്
പറഞ്ഞില്ലല്ലോ" എന്ന് ഒരു കുട്ടി എഴുന്നറ്റ് ചോദിക്കുന്നത്. അതുകൊണ്ട്
ചോര തുടിക്കും ചെറുകയ്യുകളേ പേറുകവന്നീ പന്തങ്ങള്‍ എന്ന് ഇനി
വൈലോപ്പിള്ളിക്കെന്നല്ല ആര്‍ക്കും പഴയതുപോലെ യുവാക്കളെ ഒരു സാംസ്‌കാരിക
വിപ്ലവത്തിലേക്കോ കേരളീയ നവോത്ഥാനത്തിന്റെ രണഭൂമിയിലേക്കോ കവിതയുടെ
മുദ്രാവാക്യങ്ങള്‍ കൊണ്ട് ആഹ്വാനം ചെയ്ത് ആനയിക്കാന്‍ കഴിയില്ലെന്നും, ചോര
തുടിക്കുന്ന എല്ലാ ചെറുകയ്യുകളിലും ശുദ്ധമായ ചോരയാണെന്ന് എങ്ങനെ
ഉറപ്പിക്കുമെന്നും, ആ ചോരയില്‍ ചിലതെങ്കിലും എച്ച്‌ഐവി
ബാധിച്ചതായിരിക്കില്ലേ സാര്‍ എന്നും, കറുത്ത നിറമുള്ളവര്‍ക്കും വെളുത്ത
നിറമുള്ളവര്‍ക്കും ചോരയുടെ ചുവപ്പ് ഒന്നുതന്നെയാണെങ്കിലും കറുത്തവന്റെ,
കറുത്തവളുടെ വായിലേക്ക് ടോയ്‌ലറ്റ് ലോഷന്‍ ഒഴിക്കാന്‍ തോന്നിപ്പിക്കുന്ന
തരം വര്‍ണ്ണവെറിയുള്ളിടത്തോളം കാലം, പേറുക വന്നീ പന്തങ്ങള്‍ പോലുള്ള
ആഹ്വാനങ്ങള്‍ എങ്ങനെയാണ് സാര്‍ ഏല്‍ക്കുക, തുടങ്ങിയ മറുചോദ്യങ്ങളും
ഉയര്‍ന്നുവന്നേക്കാം.ഈ ചോദ്യങ്ങള്‍ ഈ കാലത്ത് ഉയര്‍ന്നുവരും എന്ന്
തിരിച്ചറിവുണ്ടായിരുന്നതുകൊണ്ടാണ് ചോരതുടിക്കും ചെറുകയ്യുകളെപ്പറ്റി
ആവേശപൂര്‍വ്വം എഴുതിയ വൈലോപ്പിള്ളി തന്നെ പുഞ്ചിരി ഹാ കുലീനമാം കള്ളം
നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടാം എന്ന് തിരിച്ചും എഴുതിയത്. സന്തോഷ്
കാനയുടെ കള്ളവണ്ടി എന്ന കവിത, നമ്മുടെ ജീവിതത്തിന്റെ കള്ള അറകളിലെ ഓരോ
കള്ളയാത്രാനുഭവത്തെയും പുറത്തേകെടുത്തിട്ടുതരാന്‍ ശ്രമിക്കുന്നു. ഒരു
ടിക്കറ്റ് എക്‌സാമിനറുടെ അധികാരഗര്‍വ്വോടെയല്ല, ഈ കവിയിലെ
കള്ളിവെളിവാക്കുന്ന എഴുത്തുകാരന്റെ ഇടപെടല്‍. കള്ളവണ്ടിയാണല്ലേ,
ടിക്കറ്റെടുക്കാതെയാണല്ലേ യാത്ര, ഞാനും ടിക്കറ്റെടുത്തിട്ടില്ല എന്ന്
കണ്ണിറുക്കുന്ന സമഭാവനയുടെ, നിസ്സഹായതയുടെ പക്ഷത്ത് നിന്നുകൊണ്ടാണ് ഈ
കവിതയിലെ ഞാന്‍ എന്ന കവി പെരുമാറുന്നത്. അതുകൊണ്ടാണ് തിരുപ്പതി
ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ കവി ദര്‍ശനത്തിന് മുമ്പ്, തന്നെ ആരോ
പോക്കറ്റടിച്ചുവെന്ന് മനസ്സിലാക്കി പരാതി കൊടുക്കാന്‍ പരാതിക്കാര്‍ക്കുള്ള
ക്യൂവിലേക്ക് പോവുന്നത്. അപ്പോളാണ് മനസ്സിലാവുന്നത്, ദര്‍ശനത്തിനുള്ളവരുടെ
ക്യൂവിനെക്കാള്‍ വലിയ ക്യൂ പോക്കറ്റടിക്കപ്പെട്ടവരുടെ പരാതിക്കുള്ള
ക്യൂവാണെന്ന്. അതുകൊണ്ട്, അതുകൊണ്ട് മാത്രം ദര്‍ശനത്തിനുള്ളവരുടെ ചെറിയ
ക്യൂവിലേക്ക് അയാള്‍ മാറിനില്‍ക്കുന്നു. അതുകൊണ്ടുതന്നെയാണ്, "ബൈസിക്കിള്‍
തീവ്‌സ്" എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍, ജീവിക്കാനുളള ഒരേയൊരു മാര്‍ഗ്ഗമായ
സൈക്കിള്‍ മോഷ്ടിക്കപ്പെടുന്ന അച്ഛന്റെയും മകന്റെയും അതേ സ്ഥാനത്താണ്
തങ്ങളുമെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നതും, ജീവിതം തന്നെ
മോഷ്ടിക്കപ്പെട്ടുപോയവരുടെ വലിയ നീണ്ട ക്യൂവിന്റെ ഇങ്ങേ അറ്റത്താണ് തങ്ങള്‍
എന്നു മനസ്സിലാക്കുകയും ആ വലിയ ക്യൂവില്‍ നില്‍ക്കുന്നതിനേക്കാള്‍
എളുപ്പവും സുഖകരവും കാറിന് ലോണെടുത്തവരുടെ ക്യൂവാണെന്ന് മനസ്സിലാക്കുന്നതും
തിയ്യറ്ററില്‍ നിന്ന് പുറത്തിറങ്ങി നാം വീണ്ടും പതിവുപോലെ
ലോണെടുത്തുവാങ്ങിയ കാറില്‍ കയറി യാത്ര തുടരുന്നതും. പതിവുദിവസത്തെ
കള്ളവണ്ടി യാത്രകള്‍ നാം തുടരുന്നു.സനല്‍കുമാര്‍ ശശിധരന്‍ ഈ പുസ്തകം എന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങാനിരുന്നതും അദ്ദേഹം എത്താതിരുന്നതും ഇന്ന് ഈ പ്രകാശനദിവസം ഞായറാഴ്ച്ചയെന്ന ഒഴിവുദിവസം ആയതുകൊണ്ടുമാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. പതിവുദിവസത്തെ ഈ കള്ളവണ്ടി യാത്രയില്‍ സന്തോഷ് കാന പരിചയപ്പെടുത്തുന്നത് ഒരു കമ്പാര്‍ട്ട്‌മെന്റ് പള്ളിമുറിയാണ്. സന്തോഷ് കാനയുടെ വരികള്‍ നോക്കൂ
.
'പള്ളിയില്‍ പാതിരിയില്‍ നിന്ന്
അനുഗ്രഹത്തിന്റെ മധുരം നുണയാന്‍
ഞാനും കൂടി.
സംശയിച്ച് അച്ചന്‍ ചോദിക്കുകയാണ്
ക്രിസ്ത്യാനിയാണോ.
അല്ലെന്നറിഞ്ഞ് മാറിപ്പോകാന്‍ ആംഗ്യം.
അവസാനം വാരാണസിയില്‍ ദര്‍ശനത്തിന് ചെന്നു.
അവിടെ പക്ഷേ,
ലോകരക്ഷകന്റെ രക്ഷയ്ക്ക് കാവല്‍ പട്ടാളം'
അതിശയത്തോടെ വേദനിച്ചു" എന്നു പറഞ്ഞുകൊണ്ടാണ് കള്ളവണ്ടി എന്ന ഈകവിത സന്തോഷ് കാന അവസാനിപ്പിക്കുന്നത്.
അതിശയത്തോടെ ഒരാള്‍ക്ക് എങ്ങനെയാണ് വേദനിക്കാന്‍ കഴിയുക? വേദനിക്കുമ്പോള്‍ നാം വേദന മാത്രമേ അറിയൂ. പക്ഷേ ചില നിമിഷങ്ങളില്‍ വേദനയേക്കാള്‍ ആ വേദനക്ക് കാരണക്കാര്‍ ആരെന്നറിയുമ്പോളുണ്ടാകുന്ന ഒരു നെടുവേദനയുണ്ട്. അതുകൊണ്ടാണ് ഏറ്റവും മാരകമായ കുത്ത് ബ്രൂട്ടസിന്റേതാണെന്ന് ജൂലിയസ് സീസറിന് പറയേണ്ടിവരുന്നതും "യൂ ടൂ ബ്രൂട്ടസ്" എന്ന് വിലപിക്കേണ്ടിവരുന്നതും. അതിശയിച്ചുകൊണ്ടുള്ള വേദനയാണത്. സര്‍പ്രൈസ് അല്ല ഈ അതിശയം. വേദനയുടെ ചങ്കിലേക്ക് തിരിച്ചറിവ് കുത്തിക്കയറ്റുന്ന അവസാനത്തെ കഠാരയാണ് അതിശയിപ്പിക്കുന്ന വേദന. അതുകൊണ്ടാണ്, കള്ളവണ്ടി എന്ന കവിതയിലെ ഏറ്റവും കവിതയുള്ള വരി "അതിശയത്തോടെ വേദനിച്ചു"വെന്നതാണെന്ന് ഞാന്‍ കരുതുന്നത്.
സന്തോഷ്‌കാനയുടെ ഈ കവിതാസമാഹാരത്തിലെ ആദ്യകവിതയുടെ പേര് "കുട" എന്നാണ്. താന്‍ എഴുതുന്ന കവിതകള്‍ എന്താണെന്നും ഇനി എഴുതാന്‍ പോകുന്ന കവിതകള്‍ എന്താണെന്നും തന്റെ കവിതയുടെ ധര്‍മ്മം എന്താണെന്നും കാവ്യാത്മകമായി ആദ്യമേ പറഞ്ഞുവയ്ക്കുകയാണ് പ്രവേശിക എന്നൊക്കെ പറയാവുന്ന ഈ കവിത.
'കുട.
കവിത മടക്കിവെച്ച കുടയായിരുന്നു.
കടുത്ത വെയിലിലും
കനത്ത മഴയിലുമാണ്
നിവര്‍ത്തിയത്.'
അത്രമേല്‍ എഴുതാന്‍ തോന്നിയപ്പോളല്ലാതെ ഒരു വരിപോലും താന്‍ എഴുതിയിട്ടില്ലെന്ന് ഇതിലും നന്നായി എങ്ങനയാണ് എഴുതാന്‍ കഴിയുക എന്ന് തോന്നിയേക്കാം. മലയാള കവിതയില്‍ കുട ഒരു പ്രതീകമായും രൂപകമായും ഉപമകളായുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ചരിത്ര സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്.
"കുടതാഴ്ത്തുക, എതിരേ വരുന്നവന്‍ അവന്റെ വഴിയേ പോയിട്ടുയര്‍ത്താം, വേണ്ട കുശല ശല്യം" എന്ന് എഴുതിയിട്ടുള്ളത് കെജി ശങ്കരപ്പിള്ളയാണ്. "ഒരു മഴയും നേരേ നനഞ്ഞിട്ടില്ല" എന്ന് എഴുതിയത് പി രാമനാണ്. "ഈ മഴ നനയാന്‍ നീ കൂടെയുണ്ടായിരുന്നെങ്കില്‍ ഓരോ തുള്ളിയെയും ഞാന്‍ നിന്റെ പേരിട്ട് വിളിച്ചേനെ" എന്ന് എഴുതിയത് ഡി വിനയചന്ദ്രന്‍മാഷാണ്. ചെറുമഴകളിലും ചാറ്റല്‍മഴകളിലും ഇളംവെയിലുകളും കാറ്റുംമഴയും പൊന്‍വെയിലും ഇടകലരുന്ന നിമിഷങ്ങളിലും സന്തോഷ് കാന സ്വന്തം കവിതയുടെ കുടകള്‍ തുറക്കില്ല എന്നാണോ ഇതിനര്‍ത്ഥം. മഴയുടെയും വെയിലിന്റെയും മേല്‍ നാം നിവര്‍ത്തുന്ന വാക്കുകളുടെ കുടകളാവാം സന്തോഷ് കാനക്ക് കവിത. ഏത് പെരുമഴയും ഏത് മരുവെയിലും നേരെ നിന്ന് കൊളളണമെന്ന അരാജകഭാവന ഒരു പക്ഷേ ഈ കവിയെ സ്വാധീനിക്കുന്നില്ലായിരിക്കാം. കുടനിവര്‍ത്തലില്‍ സാമൂഹികമായ സഹവര്‍ത്തിത്വത്തിന്റെയും സുരക്ഷയുടെയും ഒരു അബോധ ഘടകം പ്രവര്‍ത്തിക്കുന്നുണ്ട്. കവിത സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഒരു മേല്‍ക്കുടയാകണമെന്നും അതേസമയം നമ്മെ പിന്നോട്ടടിക്കുന്ന മറക്കുടകള്‍ ഭാഷയിലും സംസ്‌കാരത്തിലും അനുഭവത്തിലും ഉണ്ടാവരുതെന്നും സന്തോഷ് കാനയ്ക്ക് നിര്‍ബന്ധമുണ്ടെന്ന് തോന്നുന്നു.
കവിതയില്‍ നിരന്തരം ഇടപെടുകയും കവിത തന്നെയാണ് ജീവിതമെന്ന് ഉറപ്പായും വിശ്വസിക്കുകയും അത് സ്വയം ബോധ്യപ്പെടുകയും ചെയ്യുന്ന കവികളില്‍ ഉണ്ടാവുന്നതരം ഭാഷയെയും അനുഭവത്തെയും ദര്‍ശനത്തെയും നിരന്തരം പുതുകാലം കൊണ്ട് പരീക്ഷിക്കാനും പുതുസ്വരൂപങ്ങള്‍ കണ്ടെത്താനുമുള്ള തരത്തിലുള്ള പരീക്ഷണങ്ങള്‍ സന്തോഷ്‌കാനയില്‍ ഇപ്പോള്‍ കാണുന്നില്ലെങ്കിലും ഇനിയുള്ള കവിതകളിലും തുടര്‍ന്നുള്ള സമാഹാരങ്ങളിലും അതുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു.. ഒരു കാവ്യസമാഹാരം അച്ചടിച്ച രൂപത്തിലിറക്കുക എന്ന ആദ്യദൗത്വത്തിലേക്ക് ഇപ്പോളാണ് സന്തോഷ് എത്തിയിരിക്കുന്നത്. ഇയാള്‍, കവിതയുടെ കള്ളവണ്ടിയില്‍ കയറിയ ആളല്ല എന്ന് തെളിയിക്കുന്നതാണ് ഈ പുസ്തകം. ഭാഷയുടെയും അനുഭവത്തിന്റെയും കള്ളത്തരങ്ങള്‍ ഈ കവിതയില്‍ ഇല്ല. കവിതയിലേക്ക് നിരന്തരം പ്രേരിപ്പിക്കുന്ന നന്മയുള്ള ഒരു മനസ്സുമായി ഇത്രയും കാലം ജീവിച്ചതിന്റെ കന്മദമായി ഉറവ വന്നതാവാം ഈ കവിതകള്‍.
അതുകൊണ്ട് ആദ്യകവിതാ സമാഹാരമെന്ന തീവണ്ടിയില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ടിക്കറ്റെടുത്ത് നേരാംവണ്ണം യാത്ര ചെയ്യുന്ന ഈ എഴുത്തുകാരന്റെ വണ്ടി ഔപചാരികമായി ഫ്‌ളാഗ് ഓഫ് ചെയ്തതായി പ്രഖ്യാപിക്കുന്നു. നന്ദി.
എം.എസ്.ബനേഷ് (MS Banesh)
No comments:
Post a Comment