My Strength

what do you like about this blog?

Thursday, February 9, 2023

മുഖലോകം

മുഖലോകം 

മുഖപുസ്തകം എന്തിനുമാകട്ടെ, പക്ഷെ മുഖം ഒരു മഹാ സംഭവമാണ്.ആകാശം പോലെ നിരന്തരം മാറി മാറി വരുന്ന വിസ്മയകരമായ കാഴ്ചയും, ലോകവുമാണത്. മുഖം മനസ്സിനെ പ്രതിഫലിപ്പിക്കുമ്പോൾ തന്നെ അതിനെ മറച്ചുവെക്കുന്നുമുണ്ട്. ചില മുഖങ്ങൾ "വാസ്തുഹാര"യിലെ നീലാഞ്ജന മിത്രയുടേതു പോലെയാണ്. ദുരിതങ്ങളുടെ ഒരു സംഗ്രഹം തന്നെ അവിടെ വായിക്കാം. ഒരു കുസൃതിചിരിയിൽ, കുസൃതിയുടെ വെള്ളിക്കിലുക്കം കണ്ണുകളിലൂടെ കേൾപ്പിക്കുന്ന മുഖങ്ങൾ ചിലപ്പോൾ ആയാസക്ഷീണിതമായ മനസ്സിനെ ഒറ്റനിമിഷത്തിൽ ഉന്മേഷത്തോടെ ഉണർത്തും. ചില മുഖങ്ങൾ എന്നെന്നേക്കുമായി നിലച്ചുപോയ ഘടികാരങ്ങൾ പോലെയാണ്. അവിടെ ഒരു ചലനവുമില്ല, പച്ച മാംസം മാത്രം. ഒരു എലിയെപ്പോലെ എന്തോ തിരഞ്ഞു കൊണ്ടിരിക്കുന്ന അസ്വസ്ഥമായ മനസ്സാണ് മറ്റു ചില മുഖങ്ങൾ. ഒരു സൂചിമുനപോലെ കൃത്യമായ നോട്ടം പക്ഷികളുടെ മുഖത്താണ് കണ്ടിട്ടുള്ളത്. പല വശങ്ങളിലേക്കും സ്ത്രൈണ മനോഹരമായി പുരികം വെട്ടിച്ച് നോക്കുന്ന സൗന്ദര്യമാണ് ഇത്തരം വിഹഗ മുഖങ്ങൾക്ക്. കഥകളിയിലെ സ്ത്രീവേഷങ്ങളിൽ പലപ്പോഴും ഈ ഭംഗി ആസ്വദിച്ചിട്ടുണ്ട്. ആരുടെ മുഖത്തും ഒരു പ്രണയ മന്ദസ്മിതം പടർത്താൻ കഴിയുന്നവയാണിത്. ഹസ്രത് ജയ്‌പുരി എഴുതി ഗുലാം അലി പാടിയ അതിമനോഹരമായ ഒരു ഗസൽ പ്രണയിനിയുടെ മുഖത്തെ വർണിക്കുന്നുണ്ട് :

"വോ അപ്നേ ചെഹരേ മേം സൗ ആഫ്താബ് രഖ്തേ ഹെ
ഇസിലിയേ തോ വോ രുഖ് പേ നകാബ് രഖ്തേ ഹെ"
 (അവൾ അവളുടെ മുഖത്ത് നൂറു സൂര്യനെ സൂക്ഷിക്കുന്നു 
അതുകൊണ്ടാണവൾ മുഖത്തെ മറച്ചു പിടിച്ചിരിക്കുന്നത്)

അചഞ്ചലമായ മുഖങ്ങളുണ്ട്. പ്രത്യക്ഷത്തിൽ ഒരു ഭാവവും പ്രകടമാകാത്ത കാൻവാസ്‌. സൂക്ഷിച്ചു നോക്കിയാൽ കണ്ണുകളിൽ, ചുണ്ടിൻ കോണുകളിൽ ഒരു നിഗൂഢ മന്ദഹാസം തെളിഞ്ഞുവരുന്നത് കാണാം. അത് വൂ ദാഒസിയുടെ പെയിന്റിംഗ് പോലെ നവീന വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു. പുച്ഛവും, പരിഹാസവും, എത്ര അടച്ചുവെച്ചാലും തിളച്ചുപൊങ്ങി അടപ്പു തെറിപ്പിക്കുന്ന അസൂയയും മാത്രം നീട്ടിയും പരത്തിയും പ്രതിഫലിക്കുന്ന മുഖങ്ങൾ ഒരുപാട് കാണാൻ കഴിയും. പലതും മുഖങ്ങൾ പോലുമല്ല, മുഖം മൂടികളാണ്. നിഷ്കളങ്കമായ അമ്പരപ്പോടെ വാ തുറന്ന് എല്ലാത്തിനെയും നോക്കുന്ന ഗ്രാമീണ ശാലീനതയുടെ മുഖങ്ങളുണ്ട്. ശീലങ്ങളുടെയും, വിശ്വാസങ്ങളുടെയും കുറി തൊട്ട് ചിട്ടകളെയും, അച്ചടക്കത്തെയും അടയാളപ്പെടുത്തുന്ന മുഖങ്ങളാണ് മറ്റു ചിലത്. എത്ര ശ്രമിച്ചിട്ടും കയ്യിലൊതുങ്ങാത്ത ജീവിത വേഗത്തോട് പൊരുതി വിയർക്കുന്ന മുഖങ്ങളുണ്ട്. അടങ്ങാത്ത ലൈംഗിക ദാഹം കൊണ്ട് മാത്രം ചൈതന്യം നഷ്ടപ്പെട്ട മുഖങ്ങളുമുണ്ട്. സാത്വികമായ മുഖങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണ്. ജീവിതത്തിന്റെ ശബ്ദകോലാഹലങ്ങളിൽ നിന്ന്, അശാന്തികളിൽ നിന്ന് നഷ്ടപ്പെട്ടുപോകുന്ന നിശബ്ദതയുടെ മധ്യബിന്ദുവിനെ തൊട്ടറിയുന്ന പോലെ ഒരു ഹിമാലയൻ ശാന്തത, ആത്മസാന്ത്വനം തരുന്ന മുഖങ്ങൾ. അത്തരം മുഖങ്ങൾക്ക് ചതിക്കാനാവില്ല, വേദനിപ്പിക്കാനും. അവ മനോവ്രണങ്ങൾക്കുള്ള ഔഷധങ്ങളാണ്. ദുഖഭാരഹാരി, സർവ്വവേദനാ സംഹാരി. ഒരു പക്ഷെ ആത്യന്തികമായി എല്ലാ തേടലുകളും അത്തരം മുഖങ്ങൾക്കു വേണ്ടിയാണ്.
                                                                 ---സന്തോഷ് കാന




No comments: