എട്ടോളം ഓസ്കാർ അവാർഡുകൾ ലഭിച്ച സിനിമയാണ്, റിച്ചാർഡ് ആറ്റൻബറോ (Richard Attenborough) സംവിധാനം ചെയ്ത 'ഗാന്ധി'. 1982 ൽ പുറത്തുവന്ന ഈ സിനിമ അഭിനയം കൊണ്ടും, സംഗീതം കൊണ്ടും, ഛായാഗ്രഹണം കൊണ്ടും ഏറെ സവിശേഷതകൾ ഉള്ള ഒരു മാസ്റ്റർപീസ് ആണ്. കുറച്ചു നാളുകൾക്ക് മുമ്പ് ഞാൻ ആറ്റൻബറോ എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം വാങ്ങി വായിച്ചു, 'ഇൻ സെർച്ച് ഓഫ് ഗാന്ധി' (ഗാന്ധിയെ തേടി). തന്റെ സ്വപ്ന ചിത്രമായ 'ഗാന്ധി' സഫലമാകാൻ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്ന ദുർഘടങ്ങളുടെ, നിരാശകളുടെ, പ്രതീക്ഷകളുടെ, മോഹഭംഗങ്ങളുടെ നീണ്ട ഇരുപത് വർഷങ്ങളെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിക്കുന്നത്. ഇരുപത് വർഷങ്ങളോ??? എന്ന് ആരും അത്ഭുതത്തോടെ ചോദിച്ചുപോകും. അതെ, ആ മനുഷ്യന്റെ ഇച്‌ഛാശക്തിയെ, സഹിഷ്ണുതയെ, ആത്മവീര്യത്തെ പ്രശംസിച്ചേ മതിയാകൂ.
നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി നിങ്ങൾ എത്ര കാലം നൽകാൻ തയ്യാറാണ്? ആഗ്രഹിച്ചതൊക്കെ ഉടൻ നടക്കണമെന്ന് വാശി പിടിക്കുന്ന, നടന്നില്ലെങ്കിൽ അക്രമാസക്തമാവുകയും, നിരാശരാവുകയും ചെയ്യുന്ന മനസ്സുകളെയാണ് നമ്മൾ കൂടുതലും കണ്ടു വരുന്നത്. ഒരു തരം ഇൻസ്റ്റന്റ് കോഫി ആറ്റിട്യൂഡ്. വർധിച്ചുവരുന്ന പല ക്രൂര കൃത്യങ്ങളും ഇതിനുദാഹരണമാണ്. എല്ലാം ഉടൻ നേടാനുള്ള വ്യഗ്രത. അതിനുവേണ്ടി എന്ത് കുറുക്കു വഴികളും അന്വേഷിക്കാൻ മടിയില്ലാത്ത മനോഭാവം.
കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ എന്തും നേടാൻ കഴിയൂ എന്ന സത്യത്തെ മനസ്സിലാക്കുമ്പോൾ നമ്മളിൽ ഇച്ഛാശക്തിയും, മനോബലവും ഉണ്ടാകുന്നു. കാരുണ്യത്തോടെ, വിശാലമായ മനസ്സോടെ കാത്തിരിക്കാൻ മനസ്സ് പാകപ്പെടുന്നു. ഒരു കടുവ ഒരിക്കലും ഒരു സിംഹമാകാനോ, കാക്ക കൊക്കാകാനോ (അങ്ങനെയൊരു ചൊല്ലുണ്ടെങ്കിലും) ശ്രമിക്കാറില്ല, ശ്രമിക്കേണ്ടതുമില്ല. നമ്മളുടെ ജീവിതത്തിനു അർത്ഥം നൽകാൻ നമുക്ക് കഴിയുക എന്നത് തന്നെയാണ് ജീവിത ലക്ഷ്യവും. സ്വന്തം സർഗാത്മകതയെയും, സ്വപ്നങ്ങളെയും തിരിച്ചറിയാനും അവയെ സംസ്കരിച്ചെടുക്കാനും, സാക്ഷാത്കരിക്കാനുമുള്ള ശ്രമങ്ങൾ തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. അതേ സമയം, ഒന്നും നടന്നില്ലെങ്കിലും അതിനെയൊക്കെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാനും തയ്യാറാകുമ്പോൾ നമ്മൾ 'എന്തെങ്കിലും ആകൂ, എന്തെങ്കിലും നേടൂ' എന്ന നെട്ടോട്ടത്തിൽ നിന്നും സ്വതന്ത്രരാകുന്നു. ജീവിതത്തെ, അത് നൽകുന്ന ദുഖങ്ങളോടെ, നിരാശകളോടെ, പരാജയങ്ങളോടെ സ്വീകരിക്കാൻ തയ്യാറാകുക എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.
-by സന്തോഷ് കാനാ / Santhosh Kana
പുസ്തകത്തെക്കുറിച്ചുള്ള എന്റെ യൂട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
No comments:
Post a Comment