My Strength

what do you like about this blog?

Thursday, February 23, 2023

മധുമിതയും ടാഗോറും

മധുമിതയും ടാഗോറും 
(മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചോക്കുപൊടി എന്ന കോളത്തിൽ പ്രസിദ്ധീകരിച്ചത്) 17 .7 .2018 



ഒരു ക്ലാസ് മുറിയെ അതീവ സുന്ദരവും ആവേശജനകവുമാക്കുന്നത് അവിടെ അധ്യാപകനെ കാത്തിരിക്കുന്ന പ്രവചനാതീതമായ നിരന്തരാത്ഭുതങ്ങളാണ്. എത്രത്തോളം അതിനെ വാച്യതയുടെ കാർക്കശ്യങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവോ അത്രത്തോളം സർഗാത്മകതയുടെ അനന്ത സാധ്യതകളെ അയാൾ നഷ്ടപ്പെടുത്തുകയാണ്. അങ്ങിനെയുള്ള അനേകം വെളിപാടുകളുടെ പറുദീസയിലേക്കുള്ള എന്റെ യാത്രകളുടെ കഥകളിലൊന്ന് ഇവിടെ പറയാം. 

പശ്ചിമ ബംഗാളിലെ ഖരഗ്‌പൂർ  എന്ന സ്ഥലത്തെ ഒരു കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന കാലം. പ്ലസ് വൺ കുട്ടികൾക്ക് പഠിക്കാനുള്ള ഇംഗ്ലീഷ് കവിതകളിലൊന്ന് ടാഗോറിന്റെ ഗീതാഞ്ജലിയിലെ അൻപതാമത് ഗീതകമായ "എ ലിറ്റിൽ ഗ്രേയ്ൻ ഓഫ് ഗോൾഡ്" (ഒരു കൊച്ചു സുവർണ ധാന്യം) ആയിരുന്നു. അറിവില്ലാത്തവനും, സ്വാർത്ഥനുമായ ഒരു യാചകന് അനന്തമായ ദൈവകാരുണ്യത്തിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിട്ടാണ് ഈ കവിത മുഖ്യമായും, അധികമായും വായിച്ചു കണ്ടിട്ടുള്ളത്. ദിവസം മുഴുവൻ യാചിച്ച് കിട്ടിയ ധാന്യശേഖരവുമായി വഴിവക്കിലിരിക്കുമ്പോൾ സുവർണരഥത്തിൽ ആ വഴി വന്ന രാജാവിനെക്കാണുന്ന അയാളുടെ പ്രതീക്ഷകളുയരുന്നു. പക്ഷേ, അയാളോട് യാചിക്കുന്ന രാജാവിന്റെ 'രാജകീയ ഫലിതം' മനസിലാകാതെ അയാൾ ഒരു കൊച്ചുധാന്യം നൽകുന്നു. ദിനാന്ത്യത്തിൽ തന്റെ ഭാണ്ഡത്തിൽ ഒരു 'കൊച്ചു സുവർണ ധാന്യം' കാണുന്ന യാചകൻ ഖേദിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. "എനിക്കുള്ളതെല്ലാം അങ്ങേയ്ക്ക് നൽകാൻ എനിക്ക് മനസ്സു വന്നില്ലല്ലോ" എന്നോർത്ത് കരയുന്ന അയാൾ രാജാവിനെ ദൈവകാരുണ്യത്തിന്റെ ആൾരൂപമായി കാണുന്നു എന്നാണീ വായനകൾ ഊന്നിപ്പറയുന്നത്. പുസ്തകത്തിലെ ചോദ്യങ്ങളും വ്യാഖ്യാനങ്ങളും ഇതേ കാഴ്ചപ്പാടിലായിരുന്നു. 

പക്ഷേ, ആ ദിവസം ക്ലാസ് മുറിയിൽ ഈ വ്യാഖ്യാനങ്ങളിലൂടെ ഞാൻ കെട്ടിപ്പടുത്ത ബാബേൽ ഗോപുരം തകർന്നുവീണു. മധുമിത, അതെ, ആ ബംഗാളി പെൺകുട്ടിയുടെ ഒറ്റച്ചോദ്യത്തിൽ ആ കവിത അപനിർമിക്കപ്പെട്ടു. 

യാചകന്റെ ഭാണ്ഡത്തിലെ 'കൊച്ചുസുവർണ ധാന്യ'ത്തിന് രാജാവിന് നൽകിയ 'കൊച്ചു ധാന്യമണി'യുമായി ആത്മീയബന്ധമുണ്ടെന്നതിന് കവിതയിൽ എന്തു തെളിവാണുള്ളതെന്ന് ചോദിച്ച് എന്റെ നിർമിതിയുടെ വ്യർത്ഥതയെ മധുമിത തുറന്നുകാട്ടി. അപ്പോഴേക്കും കവിതയിലെ വിള്ളലുകൾ ദൃശ്യമായി. ഞാനും, മറ്റു കുട്ടികളും മധുമിതയെ കയ്യടിച്ച് അഭിനന്ദിച്ചു. മനോഹരം!! ഒരു കവിതയുടെ കാലാകാലങ്ങളായ വായനയെ, കാഴ്ചയുടെ കേന്ദ്രബിന്ദുവിനെ അവൾ തകിടം മറിച്ചിരിക്കുന്നു. ആ കവിതയെ ഞങ്ങൾ വിശദമായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിശകലനങ്ങൾക്ക് വിധേയമാക്കി. അത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഒരു പുതുപ്രയാണത്തിന് തുടക്കം കുറിച്ചതിന്റെ സന്തോഷം മധുമിത മറച്ചുവെച്ചില്ല. 

അന്ന് ഞാൻ വീട്ടിലേക്ക് നടന്നപ്പോൾ എന്റെ അധ്യാപനജീവിതത്തിലെ ഏറ്റവും മനോഹരദിനങ്ങളിലൊന്നായി അതിനെ മനസ്സിൽ കുറിച്ചു. ഞാൻ എന്നും ആത്മാർത്ഥമായി വിശ്വസിക്കുന്നു, അദ്ധ്യാപകൻ കുട്ടിയെ മാത്രമല്ല കുട്ടി അധ്യാപകനെയും പ്രചോദിപ്പിക്കുന്നു, സർഗാത്മകതയുടെ നൂതനാനുഭവങ്ങൾ കൊണ്ട്. വർഷങ്ങൾക്ക് ശേഷം ഞാൻ ആ ക്ലാസ്മുറിയിൽ തുടങ്ങിയ ചർച്ചയെ ഒരു വിശദമായ പഠനമായി 'എതിർദിശ' എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു. മധുമിതയെ വിവരമറിയിച്ചു. അവൾ ഏറെ സന്തോഷിച്ചു. 

ഒരു അദ്ധ്യാപകൻ നിരന്തരം നവീകരിക്കപ്പെടുന്ന മാസ്മരികതകളുടെ ലോകമാണെനിക്ക് അന്നും ഇന്നും ക്ലാസ്മുറിയിലേക്കുള്ള ഓരോ പ്രവേശനവും. ഞാൻ ആവർത്തിക്കട്ടെ, ഒരേ ക്ലാസ് മുറിയിൽ നിങ്ങൾക്ക് ഒന്നിലധികം തവണ പ്രവേശിക്കാനാകില്ല! 

-സന്തോഷ് കാനാ 





















No comments: