My Strength

what do you like about this blog?

Thursday, February 23, 2023

നീയും ഞാനും (NEEYUM NJAANUM) You & I



നീയും ഞാനും

നമ്മൾ പിരിഞ്ഞിട്ടും നമ്മുടെ ചുവടുകൾക്ക് അൽപായുസ്സെന്തുകൊണ്ടെന്ന് നീ അറിയുന്നില്ലേ?
നിന്നിലും എന്നിലും അങ്ങോട്ടും ഇങ്ങോട്ടും ഇന്നും എന്തോ ഒന്ന് നിർത്താതെ തിരയടിക്കുന്നുണ്ട്.

എൻ്റെ സഹയാത്രികരുടെ തോണികൾ ചക്രവാളങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. നിന്റെ ഓർമകളിൽ നങ്കൂരമിട്ട് ഞാൻ ദൂരങ്ങളെ ശൂന്യതയോടെ നോക്കുന്നു.

നമ്മൾ പിരിയുന്നത് കൊണ്ട് മാത്രം എല്ലാം മാറുന്നില്ല. നിന്റെയും എന്റെയും നെഞ്ചിൻ കൂടിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആ ചിറകടി പുതിയ ആകാശങ്ങളിൽ മോചനം തേടുന്നതുവരെ നിത്യജീവിത വൃത്തികളിൽ നമുക്ക് അലസതയുടെ ദൂരം താണ്ടാനുണ്ട്.

ഉത്സവങ്ങൾ, ആഘോഷങ്ങൾ, പുഞ്ചിരി കൊണ്ടുള്ള മര്യാദകൾ എല്ലാം എന്നെ കൈപിടിച്ച് കൂടെ ചേർക്കുന്നുണ്ട്. പക്ഷെ, എല്ലാ ആഘോഷങ്ങളുടെയും ഒടുവിലത്തെ ശൂന്യത നീയാണ്. ബാഹ്യലോകങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഞാൻ നീയെന്ന സത്യഗേഹത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു.

ഭൂതകാലങ്ങൾക്ക് സ്മരണകുടീരങ്ങൾ പണിത് പലരും പുതു പ്രത്യാശകളുടെ ആടകളണിഞ്ഞ് ദിനചര്യാചരണപഥങ്ങളിൽ അദ്ധ്വാനിക്കുന്നു, സന്തോഷിക്കുന്നു. ഞാനാണെങ്കിൽ നീയില്ലാത്ത ഞാനോ ഞാനില്ലാത്ത നീയോ എന്ന് ഇഴപിരിച്ചും, കുരുക്കഴിച്ചും ദിനരാത്രങ്ങളുടെ അപര്യാപ്തതയിൽ പലതും പുലമ്പുന്നു.

കുന്നുകൾ കയറുന്നവരും, നദികൾ താണ്ടുന്നവരും ശക്തിയെക്കുറിച്ചും, നേട്ടങ്ങളെക്കുറിച്ചും ചിത്രങ്ങളിലൂടെയും, നിറങ്ങളിലൂടെയും ഉദ്‌ഘോഷിക്കുന്നുണ്ട്. നിൻറെ അസാന്നിധ്യത്തെ സഹിക്കാനും, വഹിക്കാനുമുള്ള ശക്തിയെയും, സംയമനത്തെയും നേട്ടമെന്നോർത്ത് ഞാൻ ആശ്വസിക്കുന്നു.

നീ ഏതു ദൂരത്താണെന്നെനിക്കറിയില്ല. നിൻറെ ദൂരങ്ങൾ താണ്ടുവാൻ വാക്കുകൾ കൊണ്ട് ഞാനുണ്ടാക്കുന്ന ചങ്ങാടങ്ങളും, ശകടങ്ങളും അറ്റകുറ്റപ്പണികളിൽ എൻ്റെ സമയങ്ങളെ അപഹരിക്കുന്നുണ്ട്. എൻ്റെ മിടുക്കിനെ ആരൊക്കെയോ പരിഹസിക്കുന്നുണ്ട്.

നീയില്ലായ്മയാണെന്റെ ദാരിദ്ര്യം
നീയുണ്ടെന്നതാണെന്റെ സാഹിത്യം

നിന്റെ നിശബ്ദ പടയേറ്റങ്ങളിൽ
എനിക്കെന്റെ പദവിയും, പ്രദേശങ്ങളും നഷ്ടപ്പെട്ടു
എന്റെ അധികാരമണ്ഡലങ്ങളും, സാമ്രാജ്യവും നഷ്ടപ്പെട്ടു
പക്ഷെ നിന്റേതാവുകയെന്നതാണെനിക്ക് രാജത്വം
പ്രണയത്തിന്റെ സാമ്രാജ്യത്തിന് അതിരുകളില്ല, ഭൂപടങ്ങളും.

നീയെന്ന സത്യത്തിന്റെ അനന്ത ജലാശയങ്ങൾ താണ്ടി
ഞാനെത്തുന്ന ഓരോ തുരുത്തും നീ വിഴുങ്ങുന്നു
ഞാൻ നിന്നിലലിയുന്നു, നഷ്ടപ്പെടുന്നു.

വഴി തെറ്റി എന്നെന്നെ എല്ലാവരും പരിഹസിക്കുന്നുണ്ട്
നിന്ദിക്കുന്നുണ്ട്
അപ്പോഴും ആരും കാണാതെ, അറിയാതെ
നിന്നെ ഞാൻ നെഞ്ചോടു ചേർത്ത് ഒളിപ്പിക്കുന്നുണ്ട്
രക്ഷിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ ആണി കൊണ്ടെന്നെ തറക്കുമ്പോഴും
ഞാൻ നിന്നെ മാത്രം കാണും, നിന്നോട് മാത്രം മൊഴിയും.

നീ പിരിയുമ്പോൾ എന്തോ എഴുതി സമ്മാനിച്ച പാഷിന്റെ പുസ്തകം ഞാൻ തിരിച്ചും മറിച്ചും തിരഞ്ഞു കൊണ്ടേയിരിക്കുന്നു
ഇന്നും ആ വാക്കുകൾ തേടിക്കൊണ്ടേയിരിക്കുന്നു

ഈ അടുപ്പിലെ തീ അണഞ്ഞുവെന്നവർ
ആവർത്തിച്ചു.
പക്ഷെ
വാക്കുകൾ നീരാളികൈകൾ പോലെ 
പുകയായി പുറത്തുവന്നതും
എന്നിലെ അണയാത്ത നീ/തീ
അവരെ നിശ്ശബ്ദരാക്കി.

നിന്റെ മണ്ണിൽ കുഴിച്ച് കുഴിച്ച്
ഞാനെന്റെ വേരുകൾ തേടുന്നു
തളർന്നു മണ്ണിലടിയുന്നു

എന്നോട് പറയാൻ മാത്രം നീ കരുതിവെച്ച
കഥകളുടെ വൻകരകളിലേക്കും, ദ്വീപുകളിലേക്കുമുള്ള
നിരന്തര വിഫല പ്രയാണങ്ങളാണ് എന്റെ ജീവിതം

ആത്മീയത അലൗകികമായ പ്രണയമാണ്
പ്രണയം ലൗകിക ആത്മീയതയും. ഞാനും നീയും പോലെ
ഇഴപിരിക്കാനാകാതെ.

ഓരോ തവണയും കടൽക്കരയിൽ നമ്മുടെ കാലുകളിലേക്ക്
ഓടിയെത്തിയ തിരമാലകളെ നോക്കി നമ്മൾ എത്ര ചിരിച്ചു, കരഞ്ഞു
ഇന്നേതോ കരയിൽ നിന്റെ കാലുകളെ തേടുന്ന, തഴുകുന്ന
തിരമാലയിൽ നീയെന്നെ അറിയുന്നുണ്ടോ?


ഈ മുറിവുമായി ഞാൻ തേടാത്ത ചികിത്സയില്ല
ഹൃദയമിടിപ്പറിയാത്ത വൈദ്യരില്ല, ഭിഷഗ്വരന്മാരില്ല
അകവും പുറവും പഠിച്ചും പരിശോധിച്ചും
പറഞ്ഞും പരീക്ഷിച്ചും ഒന്നും കാണാതെ
ഞാൻ തിരിച്ചയക്കപ്പെട്ടു
ഒരു സൂക്ഷ്മപ്രകാശത്തിനും കണ്ടുപിടിക്കാനാകാതെ
നീയെന്ന മുറിവ് എന്നിൽത്തന്നെ തുടരുന്നു
പടരുന്നു.

നിന്റെ ദേവാലയത്തിൽ (പുണ്യസങ്കേതത്തിൽ)
എല്ലാ മണിനാദങ്ങളും നിനക്കായി ഉയരുമ്പോൾ
നിന്നെ വിളിച്ചുകൊണ്ടുള്ള എന്റെ ദുർബല ശബ്ദം
പക്ഷിയുടെ കൊക്കിലെ അവസാനത്തെ
ജീവന്റെ തുള്ളിപോലെ കേൾക്കപ്പെടാതെ വീണടിയും.

നീ തന്ന ഉണങ്ങാത്ത മുറിവിൽ വിരൽ മുക്കിയാണ്
ഞാനെഴുതുന്നത്
പൊക്കിളുണങ്ങാത്ത കുട്ടി
കടൽക്കരയിൽ കരഞ്ഞലയുന്നുണ്ട്
പറയാതെ വച്ച വാക്കുകൾ നിന്നെ തിരയുന്നുണ്ട്
നിന്റെ ഓർമകളുടെ കടലിൽ
എന്റെ ഹൃദയത്തിന്റെ കപ്പൽച്ചേതം.
നീയല്ലാതായ നിന്നെ
വിസമ്മതിച്ച്‌
താരതമ്യങ്ങളിൽ ഞാൻ തകരുന്നുണ്ട്
എത്ര ആവർത്തി നിരസിച്ചാലും
നീ തന്നെയെന്നാവർത്തിച്ച്
ഞാൻ
നരച്ച ചിത്രങ്ങളിൽ തലോടി
പരിഹസിക്കപ്പെടുന്നുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയിൽ ഞാൻ
എന്നും
നിന്നെ ഉരുവിടുന്നുണ്ട്.

 ഹൃദയം പൊട്ടി നീ വിങ്ങി  വിതുമ്പുമ്പോൾ
പിടഞ്ഞുപിടഞ്ഞൊരു ചുമലിനായ് നീ പരിതപിക്കുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ ഹൃദയം നിനക്കായി ഞാനെന്നും തുറന്നിട്ടിരിക്കും
ഇന്ന് നിന്നെ സ്നേഹം കൊണ്ടാരാധിക്കാൻ
ആഡംബരങ്ങളിലാറാടിക്കാൻ
എത്രയോ പേരുണ്ട്
നിന്റെ യൗവനസൗന്ദര്യ തടാകങ്ങളിൽ
താമരകളേറെ വിരിയട്ടെ
നിന്റെ പുഷ്പിതയൗവന വസന്തം വഴിമാറുമ്പോൾ
കണ്ണാടി നിന്നെ ഭയപ്പെടുത്തുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ വാതിൽ ഞാൻ നിനക്കായി തുറന്നിട്ടിരിക്കും
ഈ ദീപം നിനക്കായെന്നും എരിഞ്ഞുകൊണ്ടിരിക്കും.

ഇന്നലെകളെ അരിച്ചെടുത്തപ്പോൾ
കോപ്പയിൽ
നീ മാത്രം !!

 പാതി ജീവൻ വെച്ച് തുരുമ്പെടുക്കുന്ന
ഗിറ്റാറുണ്ട് ഒരു മൂലയിൽ

തൊടുക്കുവാൻ ധനുസ്സില്ലാതെ
സ്നേഹത്തിന്റെ ആവനാഴിയുണ്ട് കുനിയുന്ന ചുമലിൽ

ഒന്നു തട്ടിയാലുണരുന്ന സ്വപ്നങ്ങളുണ്ട്
ആലസ്യത്തിന്റെ കമ്പിളിക്കുള്ളിൽ

ജ്വലിക്കുന്ന വാക്കുകളും, ചിന്തകളും
രജസ്വലയെപ്പൊലെ പുറത്തു നില്ക്കുന്നുണ്ട്
തല താഴ്ത്തി

എത്ര സുരഭില സ്പർശങ്ങൾക്കും
ഇല്ലാതാക്കാനാവാത്ത ദുർഗന്ധ വിധിയുണ്ട്
നിർഭാഗ്യമുണ്ട് ഉണങ്ങാ വ്രണം പോലെ

നിനക്ക് വേണ്ടി എഴുതിയ വാക്കുകൾ
ശരീരം വിട്ട ആത്മാവുപോലെ
സ്വന്തം ഗൃഹത്തിനു ചുറ്റും
കരുണ യാചിച്ചലയുന്നുണ്ട്

ഈ നെഞ്ചിൻ കൂടിലെ
ഒരായിരം പ്രാവുകളുടെ ചിറകടി നീ കേൾക്കുന്നില്ലേ ??

ഞാൻ വീണ്ടും ചെറിയ വാതിലുകളിലേയ്ക്കും
ജനാലകളിലേയ്ക്കും മടങ്ങും
ഒന്നുമുണർത്താൻ കഴിയാത്ത കാറ്റേറ്റ് ശൂന്യനായിരിക്കും. 

ചോര പതിഞ്ഞ ചുമരുകളും
എന്റെ പേര് മൈലാഞ്ചിയിൽ
പകർത്തിയ നിന്റെ കൈയുടെ ചിത്രവും
ഉണർത്തിയ നിശ്വാസങ്ങളും
തപ്ത പ്രേമ ധൂമങ്ങളും കെട്ടടയും
തുറന്ന വാതിൽ പോലെ ഞാൻ ബാക്കിയാവും.

പക്ഷെ ചിലപ്പോളെങ്കിലും
നിന്റെ ഓർമ്മകൾ, നിന്റെ നനുത്ത കൈകൾ
അടക്കി വച്ചൊരഗ്നിപർവതം പോലെ
എന്റെ നെഞ്ച് പൊട്ടിയൊഴുകും
എന്റെ കണ്ണുകളിൽ പ്രവഹിക്കും

ഓരോ ഇടനാഴിയിലും
സൂര്യന്റെ മാറുന്ന നിഴൽ കാഴ്ചകൾ പോലെ നീയുണ്ട്
നിന്റെ അഗ്രസ്തമായ ഭാവഭേദങ്ങളുണ്ട്
ഓരോ നിമിഷത്തിലും പരന്നു കിടക്കുന്ന സമയ വ്യാപ്തി പോലെ
നീയുണ്ട്
നിന്നിൽ പ്രച്ഛന്നമായി മാറാരോഗം പോലെ ഞാനുണ്ട്
നമ്മുടെ പ്രേമമുണ്ട്
പ്രണയം കൊണ്ട് രോഗിയാകുന്നതിൽ
കവിഞ്ഞ്
പ്രണയത്തിന് നൽകാനൊന്നുമില്ല

നിന്റെ രക്തവും, ശ്വാസവും, ആത്മാവുമൊക്കെ ചേർത്ത് കുഴച്ചാണ്
ചൂരി കൊണ്ട് നീയെന്നെ ഊട്ടിയത്.
സ്നേഹവും, കാരുണ്യവും, പ്രണയത്തിന്റെ ഏതൊക്കെ നിഗൂഢ മാസ്മരിക ചേരുവകളും ചേർത്താണ് നിന്നെ എനിക്കായ് സൃഷ്ടിച്ചത്?

രതിയുടെ ചുവന്ന ജാലകങ്ങൾ എന്നെ മാടി വിളിക്കുന്നുണ്ട്. പ്രലോഭനങ്ങളുടെ ആ മട്ടുപ്പാവുകളിലേക്കുള്ള ഗോവണികൾ തകർത്തും, ആകസ്മികമായി എന്നിൽ നിസ്സംഗത്വം നിറച്ചും നിൻറെ പ്രത്യക്ഷ അപ്രാപ്യതകളിൽ ദുർബലമാകുന്ന എന്നെ നീ പുനരുജ്ജീവിപ്പിക്കുന്നു, എനിക്ക് ചുറ്റും പ്രണയത്തിൻറെ ഉദാത്ത സൗരഭ്യം പരത്തുന്നു.

ആളുകൾ എത്ര സന്തുഷ്ടരാണ്? ഏത് ഇല്ലായ്മകളെയും, ദുഖങ്ങളെയും, നഷ്ടങ്ങളെയും ആത്മഗതങ്ങളിലൂടെ അനുരഞ്ജനം ചെയ്ത് യാന്ത്രികതകളുടെ ഓരോ നിമിഷവും മിനുപ്പാക്കി നിർത്താനുള്ള ആ വിദ്യ നമുക്കെങ്ങിനെ കൈമോശം വന്നു? അതോ അത് ജന്മസിദ്ധമാണോ? നീയില്ലായ്മയാണെൻറെ നഷ്ടം. ബാഹ്യചലനങ്ങൾക്കുള്ള എല്ലാ പ്രേരണകളും തുരുമ്പെടുക്കുന്നു. എന്നിൽ ഞാൻ മാത്രമായി അവശേഷിക്കുന്നില്ല. ഞാനും നീയും മാത്രമായ എനിക്ക് ആത്മഗതമില്ല.
                                            -സന്തോഷ് കാനാ 

https://www.youtube.com/watch?v=TTHNy0jaGx0



No comments: