My Strength

what do you like about this blog?

Thursday, February 23, 2023

മാൽഗുഡിയുടെ സ്രഷ്ടാവിന്റെ വീട്ടിൽ (At MALGUDI AUTHOR'S HOUSE IN MYSORE)

മാൽഗുഡിയുടെ സ്രഷ്ടാവിന്റെ  വീട്ടിൽ 
(At MALGUDI AUTHOR'S HOUSE IN MYSORE)

മൈസൂരിലെ യാദവഗിരിയിലാണ് സാധാരണക്കാരന്റെ ആത്മകഥ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന 'മാൽഗുഡി ഡേയ്സ്' (Malgudi Days) എന്ന പുസ്തകം എഴുതിയ ആർ കെ നാരായൺ മൂന്നു നാല് പതിറ്റാണ്ടുകൾ താമസിച്ച വീട്. 1948 ൽ തുടങ്ങി 1952 ൽ പണിതീർന്ന വീട്  തൊണ്ണൂറുകളിൽ അദ്ദേഹം മദ്രാസിലേക്ക് താമസം മാറ്റിയതിനു ശേഷം ഏറെക്കാലം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. 2016 ൽ മൈസൂർ നഗര സഭ ഏറ്റെടുത്ത് ഒരു ചെറു സ്മാരകമാക്കി മാറ്റിയിരിക്കുന്നു. മൈസൂരിൽ ഈ വീട്ടിൽ മാത്രമായിരുന്നില്ല നാരായൺ തന്റെ സർഗാത്മക കാലങ്ങൾ ചെലവഴിച്ചത്. ഇതിനു മുമ്പ് ലക്ഷ്മിപുരത്തും മറ്റുമായി രണ്ടോ മൂന്നോ വീടുകളിലായാണ് സ്‌കൂൾ കാലഘട്ടം മുതൽ അദ്ദേഹം താമസിച്ചിരുന്നത്. വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ വെളുത്ത ചായം പൂശിയ ഈ ഇരുനിലക്കെട്ടിടത്തിന്റെ അകത്തും പുറത്തും ആ എഴുത്തുകാരന്റെ കാൽപാടുകളും, കൈപ്പാടുകളും തേടി നിരന്തരം എത്തിച്ചേരുന്നു. 

എൺപതുകളിൽ ദൂരദർശന്റെ പുഷ്കല കാലങ്ങളിൽ നിറഞ്ഞു നിന്ന 'മാൽഗുഡി ഡേയ്സ്' എന്ന ടി വി സീരിയൽ കണ്ടപ്പോഴാണ് ഞാൻ ആദ്യമായി ആർ കെ നാരായണന്റെ പുസ്തകങ്ങളിലേക്ക് ആകര്ഷിക്കപ്പെടുന്നത്. മുപ്പത്തിയാറാം വയസ്സിൽ ഒരപകടത്തിൽ അന്തരിച്ച ഉഡുപ്പി സ്വദേശി ശങ്കർ നാഗ് (Shankar Nag) എന്ന അതുല്യ പ്രതിഭയുടെ കാഴ്ചയിലൂടെ മാൽഗുഡി പുനർജനിച്ചപ്പോൾ അത് സാഹിത്യത്തിന്റെ അനുരൂപീകരണത്തിന് ഏറ്റവും ഉത്തമമായ ഉദാഹരണമായി. ലളിത സാധാരണമായ പരിസരങ്ങളും, മനുഷ്യരും നിറഞ്ഞു നിൽക്കുന്ന നാരായണന്റെ സാഹിത്യലോകത്തെ അതിന്റെ തനത് സൗന്ദര്യവും, ആഴവും നഷ്ടപ്പെടാതെ ദൃശ്യ ഭാഷ്യം നൽകാൻ ശങ്കർ നാഗിന് കഴിഞ്ഞു. കാന്തി മടിയ എന്ന ഗുജറാത്തി നടനും, ശങ്കർ നാഗിന്റെ ഭാര്യ അരുന്ധതി നാഗും അഭിനയിച്ച 'ഒരു കുതിരയും രണ്ട് ആടുകളും' (A Horse and two Goats)  'മാൽഗുഡി ഡേയ്സ്' (Malgudi Days) എന്ന കഥാ സമാഹാരത്തിലെ എന്നെ ഏറെ ആകർഷിച്ച കഥയാണ്. മുനി എന്ന ദരിദ്ര കർഷകനും, ഒരു വിദേശിയും തമ്മിൽ നടത്തുന്ന സംസാരം നർമത്തോടൊപ്പം, അധിനിവേശാനന്തര സാഹിത്യ പ്രത്യയശാസ്ത്രങ്ങളും, സിദ്ധാന്തങ്ങളും പ്രതിഫലിപ്പിക്കുകയും, സാഹിത്യലോകത്ത് നാരായണന്റെ സ്ഥാനം വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. മാൽഗുഡി എന്ന സാങ്കല്പിക ഭൂപ്രദേശം കോളനിവൽക്കരണത്തിന്റെ ക്ലിപ്തമായ പരിധികളെ വെല്ലുവിളിക്കുന്നു. 

'ദ മിസ്‌ഗൈഡഡ് ഗൈഡ്' (The Misguided Guide) എന്ന ലേഖനത്തിൽ. മൈസൂരിലെ യാദവഗിരിയിലെ ഈ വീട്ടിൽ വെച്ച് നടൻ ദേവാനന്ദുമായി നടത്തിയ കൂടിക്കാഴ്ച അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ഈ വീട്ടിലെ ഡൈനിങ്ങ് റൂമിൽ അദ്ദേഹത്തെ സൗത്ത് ഇന്ത്യൻ പ്രാതൽ കൊണ്ട് സൽകരിച്ചതിന്റെ വിവരണം ഞാനോർത്തു. അത് 'ദ ഗൈഡ്' (The Guide) എന്ന നോവൽ സിനിമയാക്കാനുള്ള പദ്ധതിയുടെ പ്രാരംഭഘട്ട ചർച്ചകളായിരുന്നു. അറുപതുകളുടെ മധ്യത്തിൽ പുറത്തിറങ്ങിയ 'ദ ഗൈഡ്' എന്ന സിനിമ ആ നോവൽ പ്രത്യക്ഷമായും, പരോക്ഷമായും മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടുകളും, രാഷ്ട്രീയവുമൊക്കെ ഫിൽമി ഫോർമുലകൾ കൊണ്ട് വിഴുങ്ങിക്കളയുന്നു എന്നാണെന്റെ അഭിപ്രായം. അഡാപ്റ്റേഷന്റെ നിരാശപ്പെടുത്തുന്ന ദൃശ്യഭാഷ്യമാണത്. ആർ കെ നാരായൺ ആ കാലങ്ങളെ വേദനയോടെ അനുസ്മരിക്കുന്നുണ്ട്.  സാഹിത്യത്തെയും, ചരിത്രത്തെയും സിനിമയുടെ വികലമായ രസതന്ത്രങ്ങൾ പുനഃസ്ഥാപിക്കുന്ന ശോചനീയമായ പ്രവണതകളുടെ കാലത്ത് ശങ്കർ നാഗിനെപ്പോലെയുള്ള പ്രതിഭകൾ ചെറുത്തുനിൽപ്പിന്റെ പ്രബലമായ ശബ്ദമാകുന്നു.  

രാശിപുരം കൃഷ്ണസ്വാമി നാരായണൻ എന്ന ആർ കെ നാരായണന്റെ വീടന്വേഷിച്ച് ഇറങ്ങിയ എനിക്ക് വേണ്ടി സിദ്ധാർത്ഥ ലേ ഔട്ടിൽ കാത്തുനിന്നത് കൃഷ്ണസ്വാമി എന്ന ഓട്ടോ ഡ്രൈവർ ആണെന്നത് ആശ്ചര്യകരമായ യാദൃശ്ചികതയായത് എന്നിലെ ഉന്മേഷം വർധിപ്പിച്ചു. രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കെയർ ടേക്കർ നേത്രാവതി 'അമ്മ ഗേറ്റ് തുറന്ന് എന്നെ നാരായണന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തു.

കൂറ്റൻ വേപ്പുമരം തണൽ പരത്തിയ, പിങ്കും ഓറഞ്ചും നിറത്തിലുള്ള ബോഗൺവില്ല പൂക്കൾ പൂത്തുനിന്ന ആ വീടിന്റെ മുന്നിലും ചുറ്റിലുമായി ധാരാളം പച്ചപ്പുണ്ട്. ചെറു വരാന്ത കടന്ന് അകത്തേക്ക് കയറിയാൽ ആദ്യം കാണുന്നത് ഒരു ഒഴിഞ്ഞ കസേര വെച്ച വലിയ ഹാൾ ആണ്. ചുമരുകളും, തട്ടുകളും നാരായണന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ പകർത്തിയ ചിത്രങ്ങൾ, അദ്ദേഹത്തിന് ലഭിച്ച ബഹുമതികൾ എന്നിവ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. ബുക്ക് ഷെല്ഫുകളിൽ 'മൈ ഡേയ്സ്' (My Days) എന്ന അദ്ദേഹത്തിന്റെ ആത്മകഥ മുതൽ വിവിധ സാഹിത്യ കൃതികൾ അടുക്കി വെച്ചിരിക്കുന്നു. നാരായണനും, ഭാര്യയുമൊത്തുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഒരു നിമിഷം 'ദി ഇംഗ്ലീഷ് ടീച്ചർ' (The English Teacher) എന്ന നോവലിലൂടെ അദ്ദേഹം ഏറെ വിഷാദത്തോടെ അവതരിപ്പിച്ച ജീവിതത്തിലെ ദുരന്തത്തെ ഓർമിപ്പിച്ചു. വെറും ആറു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 1939 ൽ അദ്ദേഹത്തിന്റെ ഭാര്യ രാജം മരിക്കുന്നതും (അത് ഈ വീട്ടിൽ വെച്ചായിരുന്നില്ല) അതിനു ശേഷം അദ്ദേഹം അനുഭവിക്കുന്ന ഏകാന്തതയും ആ നോവൽ  തീവ്രമായി വായനക്കാരിലേക്ക് പകരുന്നു. "A profound and unmitigated loneliness is the only truth of life, all else is false" എന്നദ്ദേഹം കുറിക്കുന്നു. വർഷങ്ങൾക്ക് ശേഷം മകളുടെ മരണത്തിലൂടെ ദുരന്തങ്ങളും ദുഃഖങ്ങളും വീണ്ടും നാരായണനെ പരീക്ഷിച്ചു. എങ്കിലും അദ്ദേഹത്തിന്റെ സാഹിത്യലോകത്ത് മുഖ്യമായും നില കൊണ്ടത് മിട്ടായി വില്പനക്കാരുടെയും, ചില്ലറ കച്ചവടക്കാരുടെയും, കർഷകരുടെയും പോലെ സാഹിത്യലോകത്തിന്റെ മുഖ്യധാരാ ഭൂപ്രദേശങ്ങളിൽ നിന്ന് മാറി അരികിൽ ജീവിക്കുന്ന മനുഷ്യരുടെ നിത്യജീവിത സംഘർഷങ്ങളും, നർമങ്ങളും, ചെറുത്തു നില്പുകളുമാണ്. ഈ ഇരുനില വീടിന്റെ താഴത്തെ ബാക്കി രണ്ടു മുറികളിൽ നാരായൺ ഉപയോഗിച്ച വസ്ത്രങ്ങളും, അദ്ദേഹത്തെക്കുറിച്ച് ഖുശ്വന്ത് സിംഗ്, ഗ്രഹാം ഗ്രീൻ, എൻ റാം തുടങ്ങി വിവിധ മേഖലകളിലെ വ്യക്തികൾ  നടത്തിയ അനുസ്മരണങ്ങളും കാണാം. 

മുകളിലത്തെ നിലയിൽ മൂന്നു മുറികളിലായി വിവിധതരം സ്മരണികകൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു. 'മാൽഗുഡി ഡേയ്സ്' എന്ന സീരിയൽ ചിത്രീകരണ സമയത്തെ ലൊക്കേഷൻ ചിത്രങ്ങളും, അലമാരകളിലെ അല്പം പുസ്തകങ്ങളിൽ 'സ്വാമി ആൻഡ് ഫ്രണ്ട്‌സ്' (Swami and Friends) എന്ന നോവലിന്റെ മലയാളം തർജ്ജമയും കണ്ടു. നാഷണൽ ബുക്ക് ട്രസ്റ്റ് പുറത്തിറക്കിയ "സ്വാമിയും കൂട്ടുകാരും" എന്ന പുസ്തകം  പ്രൊഫസർ കെ എം തരകനാണ് തർജമ ചെയ്തിരിക്കുന്നത്. ഹർഭജൻ സിംഗ് ചെയ്ത പഞ്ചാബി തർജ്ജമയുമുണ്ട് കൂട്ടത്തിൽ. ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി നാരായണന്റെ സാഹിത്യത്തെ കുറിച്ചുള്ള ഒരു പ്രബന്ധവും കണ്ടു. മുകളിലത്തെ വരാന്തയിൽ നിന്ന് നോക്കിയാൽ ചെമ്പകപ്പൂക്കൾ നിറഞ്ഞ അങ്കണവും ഉന്നത മധ്യവർഗ കോളനിയായ യാദവഗിരിയിലെ വിസ്തൃതമായ വീഥിയും കാണാം.


സാഹിത്യ വിദ്യാർത്ഥികൾക്കും, സാഹിത്യ പ്രേമികൾക്കും ഒരു കാല്പനിക കൗതുകമെന്ന രീതിയിൽ സന്ദർശിക്കാൻ പറ്റിയ ഇടമാണ് ഈ വീട്. അതിൽ കവിഞ്ഞ് നാരായണന്റെ സാഹിത്യലോകത്തെക്കുറിച്ച് പഠനം നടത്തുന്നവർക്ക് ഒരുപാടൊന്നും സഹായകരമാകില്ല ഇവിടം. അതെന്നെ ചിന്തിപ്പിച്ചു, എഴുത്തുകാർക്കും, കലാകാരന്മാർക്കും സ്മാരകങ്ങൾ ഉണ്ടാകുന്നതെന്തുകൊണ്ടാണ്? അവരുടെ ഭൗതിക ജീവിത പരിസരങ്ങൾ സംരക്ഷിക്കപ്പെടുന്നത് തികച്ചും ശ്‌ളാഘനീയം തന്നെ. അത്തരം ഇടങ്ങളിലേക്ക് നടത്തുന്ന കാല്പനികവും , പ്രബോധകരവുമായ സാംസ്കാരിക തീര്ഥയാത്രകളും. പക്ഷെ, ഒരെഴുത്തുകാരന്റെ മേൽവിലാസം അന്വേഷിക്കേണ്ടത് അയാളുടെ പുസ്തകങ്ങളിലാണ്. അയാളുടെ വിരൽപാടുകളും, കാൽപാടുകളും പതിഞ്ഞിരിക്കുന്നത് വാക്കുകളുടെ മഷികൊണ്ടുണ്ടാക്കിയ പുസ്തകങ്ങളുടെ ഭാവനാസമ്പന്നമായ വിശാല ലോകത്താണ്. അവിടെ മനുഷ്യർക്കും, ഭൂപ്രദേശങ്ങൾക്കും ഒറ്റമുഖമല്ല. വായനക്കാരന്റെ ഭാവനയുടെ ഫലഭൂയിഷ്ഠമായ ലോകത്ത് ആ മനുഷ്യർ സ്വതന്ത്രമായി, ഓരോ വ്യാഖ്യാനത്തിലൂടെ ജീവിച്ചും അതിജീവിച്ചും വിഹരിക്കുന്നു. സ്മാരക നിർമിതികളും, സംരക്ഷണവുമൊക്കെ എഴുത്തിലേക്കും, എഴുത്തുകാരന്റെ ദർശനങ്ങളിലേക്കും, മനുഷ്യരിലേക്കും, അവരുടെ ജീവിത  പരിസരങ്ങളിലേക്കും, സാമൂഹിക യാഥാർഥ്യങ്ങളിലേക്കുമുള്ള യാത്രകളുടെ പ്രാഥമിക ചുവടുവെപ്പുകൾ മാത്രമാകട്ടെ എന്നും വരും കാലങ്ങളിൽ ഇതൊരു ശ്രേഷ്ഠമായ പഠന കേന്ദ്രം കൂടിയായി മാറട്ടെ എന്നും പ്രത്യാശിക്കാം. 

നാരായണന്റെ വീട്ടിൽ നിന്നും തിരിക്കുമ്പോൾ കൂടെ താല്പര്യത്തോടെ മണിക്കൂറുകൾ ചെലവഴിച്ച കൃഷ്ണസ്വാമി എന്ന ഡ്രൈവറിലും, ജഗ്മോഹൻ പാലസ് ആർട് ഗാലറിയുടെ മുന്നിലുള്ള നടപ്പാതയിൽ പഴയ ടൈപ്പ് റൈറ്റിംഗ് മെഷീനിൽ നിത്യജീവിത വ്യവഹാര പ്രമാണങ്ങൾ തയ്യാറാക്കി ഉപജീവനം നടത്തുന്ന പാണ്ഡുരംഗനിലുമൊക്കെ മാൽഗുഡി തെളിഞ്ഞു നിന്നു. എഴുത്തുകാരൻ ആ വീടിനകത്തല്ല എന്നും, അകത്തിരുന്ന് സൃഷ്ടിച്ച പുറം ലോകത്താണെന്നും അവർ ആവർത്തിച്ച് ഓർമിപ്പിക്കുന്നു. 

-സന്തോഷ് കാനാ 
 Santhosh Kana

published on Mathrubhumi.com (May 2019) 

also in English
video link

No comments: