My Strength

what do you like about this blog?

Thursday, February 9, 2023

തീവ്രമായ മനുഷ്യത്വം ഉണ്ടായാൽ കലാകാരനായി



ലോഹിയുടെ സിനിമകൾ: നന്മ തിന്മകളുടെ ഘർഷണം 

മലയാള സിനിമയിൽ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഇടം എവിടെയാണ്? എൺപതുകളുടെ അവസാനത്തിലാണ് 'തനിയാവർത്തനം' എന്ന സിനിമയുടെ തിരക്കഥയെഴുതി ലോഹിതദാസ് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. തിരക്കഥയുടെ കൃത്യമായതും, സഹജമായതുമായ വികാസം അദ്ദേഹത്തിന്റെ എഴുത്തിൽ കാണാം.അതുകൊണ്ടു തന്നെ അവയിൽ പലതും തിരക്കഥാ പഠനത്തിന് ഉപയോഗപ്രദവുമാണെന്നു ഞാൻ വിശ്വസിക്കുന്നു. 

ലോഹിയുടെ നായകന്മാർ എല്ലാം തികഞ്ഞ മാതൃകാ പുരുഷന്മാരല്ല, മറിച്ച് ദുർബലരും, മാനുഷികമായ സകല ഗുണദോഷങ്ങളും കലർന്ന പച്ചയായ മനുഷ്യരാണ്. ജീവിതമെന്ന ഉരകല്ലിൽ മിനുക്കപ്പെടുകയും തേഞ്ഞു തേഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്ന ചിലർ. ലോഹിയുടെ കഥാ തന്തു പരിചിത ജീവിത സന്ദർഭങ്ങളിൽ നിന്നും ഉടലെടുക്കുകയും, അതിൽ വൈകാരികതയും, അതിവൈകാരികതയും ചേരുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളും കലർന്നുണ്ടായതാണ്. കന്മദത്തിലെയോ, ഭൂതക്കണ്ണാടിയിലെയോ നായകന്മാരെ നോക്കൂ അവരൊക്കെ ഏതോ ദൗർബല്യങ്ങളും സംഘർഷങ്ങളും, സന്ദേഹങ്ങളും വേട്ടയാടുന്നവരാണ്. അവർ അഭിമുഖീകരിക്കുന്ന ജീവിത സന്ദർഭങ്ങൾ തന്നെയാണ് വില്ലൻ. പലപ്പോഴും അതൊരു കഥാപാത്രം പോലുമാകേണ്ടതില്ല.കന്മദത്തിലെ നായകനെപ്പോലെ തന്നെ സ്വന്തമായ കാഴ്ചപ്പാടും സ്നേഹവും മനുഷ്യത്വവുമൊക്കെ ഉള്ള ആൾ തന്നെയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ജോണി. ജോണിയുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ അദ്ദേഹത്തിന്റെ ബാല്യകാലവുമായും, ജീവിത സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാതെ പറയുന്നിടത്താണ് ലോഹിയുടെ പാത്രസൃഷ്ടി സ്ഥിരം ശൈലിയിൽ നിന്ന് മാറുന്നത്. പിന്നീട് നാം കാണുന്നത് രണ്ടു വ്യക്തികളെയല്ല, പരസ്പര വിരുദ്ധവും, തന്നിടത്തിൽ സത്യസന്ധവുമായ രണ്ടു വിശ്വാസങ്ങളെയാണ്. ലോഹിയുടെ നായകനും, നായികയും, കഥയും ഇത്തരം വൈരുധ്യങ്ങളോട് മല്ലടിച്ച് നന്മയുടെ ജീവിത സന്ദേശം പകരുന്നവയാണ്. ആ സംഘർഷങ്ങളിൽ പ്രേക്ഷകനും സ്വന്തം സങ്കല്പങ്ങളെ വിലയിരുത്താൻ നിര്ബന്ധിക്കപ്പെടുകയാണ്. അതിന്റെ പാരമ്യതയിൽ പ്രേക്ഷകൻ യഥാർത്ഥ വികാര വിരേചനം അനുഭവിക്കുന്നു. നന്മ തിന്മകളുടെ തീവ്രമായ ഘർഷണം ആണ് ലോഹിയുടെ രചനകൾ എന്ന് പറയാം. വാത്സല്യം, ദശരഥം എന്ന സിനിമകളിലൊന്നും ഒരു സ്ഥിരം വില്ലൻ പോലുമില്ല. നായകൻറെ പരമ്പരാഗത നായകത്വത്തെ 'രാജ്യമില്ലാത്ത രാജാക്കന്മാരെ'ക്കൊണ്ട്  മനുഷ്യഗന്ധിയാക്കി  സിനിമാ ഇതിവൃത്തങ്ങളുടെ, നായികാ-നായക സങ്കല്പങ്ങളുടെ തനിയാവർത്തനങ്ങൾ ഭേദിച്ച കലാകാരനാണദ്ദേഹം. 

സിനിമയെ മനുഷ്യജീവിതത്തിനോട് ചേർത്തുവെയ്ക്കാനുള്ള ആത്മാർത്ഥമായ സർഗാത്മക പ്രവർത്തനമാണ് ലോഹിയുടേത്. ഇന്ന് നമ്മുടെ സിനിമകളിൽ  കൈമോശം വന്നുകൊണ്ടിരിക്കുന്ന നിത്യ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ അഭാവം അടയാളപ്പെടുത്തുന്നു. തനിയാവർത്തനത്തിൽ ബാലൻ മാഷിന് സ്വന്തം വീട്ടിലേക്ക് കയറി വന്ന് അതിഥികളോട് സ്വയം അയൽപക്കക്കാരനായി പരിചയപ്പെടുത്തേണ്ടിവരുന്ന സന്ദർഭം, കിരീടത്തിൽ മകൻ ആൾക്കൂട്ടത്തിൽ ഒരു ഭ്രാന്തനെപ്പോലെ കത്തിയൂന്നി  നിൽക്കുന്നത് കാണേണ്ടി വരുന്ന അച്ഛന്റെ അവസ്ഥ, കന്മദത്തിൽ താൻ ചെയ്ത തെറ്റ് ഭാനുമതിയുടെ കുടുംബത്തെ അറിയിക്കേണ്ടി വരികയും അതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് വിരാമം ഇടുകയും ചെയ്യേണ്ട വിഷമ സന്ധി തുടങ്ങി അസംഖ്യം ഉദാഹരങ്ങളുണ്ട് ഓരോ ചിത്രത്തിലും. ഒരിടത്തുപോലും പ്രേക്ഷകന് ഇത് തനിക്ക് പരിചയമില്ലാത്ത കൃത്രിമ ജീവിത സന്ദര്ഭങ്ങളാണെന്ന് തോന്നുകയില്ല എന്നത് ആ രചനയുടെ ആഴത്തെ, സംവേദനക്ഷമതയെ കാണിച്ചു തരുന്നു. തന്റെ കഥാപാത്രങ്ങളുടെ മുന്നിലേക്ക് തികച്ചും ആകസ്മികമായ വിഷമഘട്ടങ്ങൾ നൽകി അവരുടെ നന്മ തിന്മകളെ പരീക്ഷണവിധേയമാക്കുന്ന രീതിയാണ് ലോഹിയുടെ തിരക്കഥകൾ. അതുകൊണ്ടു തന്നെ ആ കഥാപാത്രങ്ങൾക്കും, സന്ദര്ഭങ്ങൾക്കും, പരിഹാരങ്ങൾക്കുമൊക്കെ മനുഷ്യമനസ്സിന്റെ വിവിധ വ്യാകുലതകൾക്ക് സാന്ത്വനം നൽകാൻ കഴിഞ്ഞു എന്നത് ഒരു കലാസൃഷ്ടി എന്ന നിലയിൽ മഹത്തായ സാമൂഹിക സേവനമാണ്. പ്രേക്ഷകനെ കംഫോര്ട് സോണിൽ നിർത്തിയുള്ള കഥാ പുരോഗതിയോ കഥാപാത്ര സ്വഭാവമോ നൽകാതെ സമ്മർദങ്ങളിലൂടെ പ്രേക്ഷകനെ തീവ്ര ജീവിത യാഥാർഥ്യങ്ങളിലൂടെ നടത്തിക്കുന്ന രീതി. ഹൃദയമിടിപ്പുകളില്ലാതെ, കണ്ണുനീരില്ലാതെ ഈ സിനിമകൾ കാണാൻ കഴിയുകയില്ല. ആകസ്മികതകളുടെ മുൾമുനകളിൽ നിർത്താതെ കഥ പറയുന്ന രീതി ലോഹിക്കറിയില്ല. എത്ര കാലങ്ങളായി മലയാളികൾ തീയേറ്ററിൽ ഒന്ന് കരഞ്ഞിട്ട്? 

ഉന്മാദമുള്ള ഒരു കഥാപാത്രമെങ്കിലും ലോഹിയുടെ ഏറെക്കുറെ തിരക്കഥകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരക്കഥാകൃത്തായ താൻ തന്നെ സൃഷ്ടിക്കുന്ന ജീവിത പരിസരങ്ങളോട് പരിഹാസത്തോടെയും, നർമത്തോടെയും  പ്രതികരിക്കാൻ കെല്പുള്ള ഇത്തരം കഥാപാത്രങ്ങൾ ഒരു ബൃഹദാഖ്യാനത്തിന്റെ സ്വഭാവം ഉണ്ടാക്കുന്നു എന്നത് ആ  എഴുത്തുകാരന്റെ ആഖ്യാന നൈപുണ്യവും, അലൗകിക കാഴ്ചപ്പാടും വെളിവാക്കുന്നു. മച്ചിലെ ഭ്രാന്തിയെപ്പോലെ (Madwoman in the attic) 'മച്ചിലെ ശ്രീധരമ്മാമ(Madman in the attic-തനിയാവർത്തനം)യും, ഭ്രാന്തുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങളും ഭ്രാന്തിന്റെ ഉൾപ്രവാഹത്തെ (Madness in the attic/an undercurrent of insanity-എന്ന് പറയാം) അദ്ദേഹത്തിന്റെ രചനകളിൽ അടയാളപ്പെടുത്തുന്നു. ഭ്രാന്ത് എന്ന ഒരു വിഷയത്തെ മുഖ്യ വിഷയമാക്കി എഴുതിയ 'തനിയാവർത്തനം' മുതൽ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് മാനസികമായി പരിണമിക്കുന്ന 'ഭൂതക്കണ്ണാടി'യിലെ നായകനിൽ വരെ ഭ്രാന്തിന്റെ വിവിധ ഭാവങ്ങൾ കാണാം. ഭ്രാന്ത് എന്ന സാമൂഹിക നിർമിതിയെ തീവ്രമായി വരച്ചുകാട്ടുന്ന തനിയാവർത്തനം, നഷ്ടപ്പെട്ട മകനെയോർത്ത് ഭ്രാന്തായ അമ്മ(ഹിസ് ഹൈനെസ്സ് അബ്ദുള്ള), മകൻ വിശ്വംഭരനെ കാത്തിരിക്കുന്ന  വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭ്രാന്തിയായ 'അമ്മ തുടങ്ങി ഒരുപാട് കഥാപാത്രങ്ങൾ മാതൃ-പുത്ര/പിതൃ-പുത്ര  ദുഃഖങ്ങളും, സംഘർഷങ്ങളും ആവർത്തിക്കുന്നു എന്നത് എഴുത്തുകാരന്റെ മനസ്സിന്റെ ലോകത്തേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സൃഷ്ടിയിൽ സൃഷ്ടാവിന്റെ അംശം തീർച്ചയായും ഉണ്ടാകുമല്ലോ. അത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാവാം, ചുറ്റും കണ്ടു പരിചയിച്ച ജീവിതങ്ങളാവാം. ഒന്നുറപ്പാണ്, ഈ തിരക്കഥകൾ  മനഃശാസ്ത്ര പഠനത്തിന് ഏറെ സാധ്യതകൾ ഒരുക്കുന്നു. ഭ്രാന്തിന്റെ വൈകാരികവും, ദാര്ശനികവുമായ സമീപനമാണ് ചിലതിലെങ്കിൽ മറ്റു ചിലതിൽ ഭ്രാന്തുള്ള  കഥാപാത്രങ്ങളെക്കൊണ്ട് മറ്റു കഥാപാത്രങ്ങളുടെ ജീവിതരീതികളെയും, ചിന്തകളെയും പരിഹസിക്കാൻ ശ്രമിക്കുന്നു. ഇത് ആർക്കാണ് ഭ്രാന്ത് എന്ന പ്രസക്തമായ ചോദ്യവും സന്ദേഹവും പ്രേക്ഷകനിൽ ഉയർത്തുന്നു.

പാത്രസൃഷ്ടിയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന അനേകം ഘടകങ്ങളിലൊന്ന് സംഭാഷണങ്ങളാണ്. കഥാപാത്രഘടന നല്ലതെങ്കിലും സംഭാഷണങ്ങൾ അതിനെ ദുര്ബലമാക്കുന്നത് സിനിമയിൽ പലപ്പോഴും കാണാവുന്നതാണ്. സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ ജീവിതപരിസരങ്ങളുമായി ബന്ധമില്ലാതാകുകയോ, അത്തരം ജീവിതപരിസരങ്ങളെക്കുറിച്ചോ കഥാപാത്രത്തിന്റെ മാനസികഘടനയെക്കുറിച്ചോ എഴുത്തുകാരന് വേണ്ടത്ര പരിജ്ഞാനം ഇല്ലാതാകുമ്പോഴോ ആണ് അത് സംഭവിക്കുന്നത്. വെറും പൊള്ളയായ പാത്രസൃഷ്ടി. ലോഹിതദാസിന്റെ കഥാപാത്രങ്ങളുടെ കരുത്ത് അവരുടെ അനന്യമായ വ്യക്തിത്വമാണ്. ഒരു ചെറു കഥാപാത്രം പോലും മൗലികമായ ജീവിതാനുഭവം പകർന്നു നൽകുന്നു. സംഭാഷണങ്ങളുടെ വേര് കഥയുടെയും കഥാപാത്രങ്ങളുടെയും മാനസിക, സാമൂഹിക പരിസരവുമായി അഭേദ്യമായി നിലകൊള്ളുന്നു എന്നത് അവരെ ശക്തരാക്കുന്നു. അവയിൽ പുരാണം, ഇതിഹാസം, മുത്തശ്ശിക്കഥകൾ, നാട്ടുഭാഷ തുടങ്ങിയവയുടെ സമൃദ്ധിയും മാനുഷികമായ  ദാർശനികതയുടെ  സ്വാധീനവും തെളിഞ്ഞുകാണാം. "പട്ടവും കുട്ടിയും" എന്ന കഥ, "ചോക്കുമലയിൽ ഇരുന്നവൻ ചോക്ക് തേടിപ്പോയ കഥ" തുടങ്ങി ഒരുപാട് ഉദാഹരണങ്ങൾ.

ഒരുപക്ഷെ, എം.ടി.യ്ക്ക് ശേഷം മലയാള സിനിമ എഴുത്തിന്റെ ശക്തിയിൽ അറിയപ്പെട്ടത് ലോഹിതദാസിന്റെ രചനകളിലൂടെയാണ്. വിവര സാങ്കേതിക വിദ്യ എത്ര വളർന്നാലും മനുഷ്യസ്പര്ശത്തിന്റെ മാസ്മരികതയെ ഒന്നിനും പകരം വെയ്ക്കാൻ കഴിയില്ല എന്ന് നിരന്തരം ഓര്മപ്പെടുത്തുന്നുണ്ട് ലോഹിയുടെ രചനകൾ. ഒരു യോഗിയുടെ ശരീരഭാഷ കൊണ്ട്, പ്രബോധകരമായ ഉൾക്കാഴ്ചകളോടെ നമ്മളോട് സംവദിക്കാൻ (അദ്ദേഹവുമായുള്ള ഇന്റർവ്യൂകൾ ഉദാഹരണം) അദ്ദേഹത്തിന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ തന്നെ സഹജമായ ദാര്ശനികതയുള്ള വാക്കുകളിൽ ആവർത്തിക്കാം "തീവ്രമായ മനുഷ്യത്വം ഉണ്ടായാൽ കലാകാരനായി". ഇത് മലയാള സിനിമയോട് ഇന്ന് വീണ്ടും ചിലത് പ്രസക്തമായി ഓർമ്മപ്പെടുത്തുന്നു. 
                                           -സന്തോഷ് കാനാ / Santhosh Kana

No comments: