My Strength
what do you like about this blog?
Thursday, February 23, 2023
മാൽഗുഡിയുടെ സ്രഷ്ടാവിന്റെ വീട്ടിൽ (At MALGUDI AUTHOR'S HOUSE IN MYSORE)
ദേവദാരുവിന് തീപിടിച്ചപോലെ---പ്രണയവും യാത്രയും സംഗമിക്കുമ്പോൾ
അവൾ സ്വന്തം നാട്ടിലേക്ക്, പട്യാലയിലേക്ക് പോകുന്നതിന് ഇനി വെറും നാല് ദിവസങ്ങളേ ഉളളൂ. കഴിഞ്ഞയാഴ്ച രാത്രി ഏറെ കരഞ്ഞു കൊണ്ടാണ് അവൾ ആ കാര്യം എന്നോട് ഫോണിൽ പറഞ്ഞത്. ഇപ്പോൾ പോയാൽ ഇനി ജൂണിലേ തിരിച്ചുവരൂ. അവളുടെ അച്ഛന്റെ സഹോദരന്മാരുമായി കുടുംബ സ്വത്തിന്റെ ചില തീരുമാനങ്ങൾ, പിന്നെ സ്ഥിരം വിശേഷങ്ങൾ, ആഘോഷങ്ങൾ. ബൈശാഖി എല്ലാ വർഷവും അവൾക്ക് പ്രിയപ്പെട്ടതാണ്. ഞങ്ങൾ രണ്ടുപേരും ഏറെ നേരം കരഞ്ഞു,നെടുവീർപ്പിട്ടു. ബിസിനെസ്സ്കാരനായ അച്ഛൻ ഈ സമുദ്രനഗരിയിലേക്ക് ചേക്കേറുന്നത് അവൾക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോളാണ്. അവൾക്കിപ്പോൾ ഇരുപത്തഞ്ച് വയസ്സായി. അവളുടെ മുത്തച്ഛൻ അവിഭാജിത പഞ്ചാബിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവരിലൊരാളായിരുന്നു. ഇന്നിവിടെ പഞ്ചാബികളുടെ ഒരു ചെറു കോളനി തന്നെയുണ്ട്. ഈ ഗ്രീഷ്മത്തിൽ ഞങ്ങളുടെ കണ്ടുമുട്ടലുകളുടെ വിവിധ രഹസ്യ ഇടങ്ങളിൽ എനിക്കെന്നും സർപ്രൈസ് നൽകാൻ ഇഷ്ടപ്പെടുന്ന അവൾ മക്കി റോട്ടിയും, സാഗ് കറിയും, ലസ്സിയും, അമൃത്‌സർ കുൽചയും, ചൂരിയുമൊക്കെ ചേർന്ന് വിവിധ പഞ്ചാബി രുചികളുമായി കഴിഞ്ഞ രണ്ടു മാസത്തോളം എന്നെ കീഴടക്കുന്നുണ്ട്.
നാട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് അവളുടെ ഫോൺ വന്നു. എടുത്തപ്പോൾ ബാൽക്കണിയിൽ വന്ന് നോക്കാൻ പറഞ്ഞു. അതാ അവൾ പഞ്ചാബി ഘാഗ്ര ചോളി ധരിച്ച് സ്‌കൂട്ടിയിൽ ഇരിക്കുന്നു. താഴേക്ക് വരാൻ എന്നോട് ആംഗ്യം കാണിക്കുന്നു. എന്റെ കാറിൽ ഞങ്ങൾ കുന്നിൻ പുറത്തുള്ള ചർച്ചിനടുത്തേക്ക് പോയി. വഴിയിൽ മുഴുവൻ ഒരു കൈകൊണ്ട് ഞാനിടയ്ക്കിടെ അവളുടെ കൈകൾ തലോടി, കവിളുകളും. ഓരോ തവണ തലോടുമ്പോഴും ഒരു കുട്ടിയെപ്പോലെ അവൾ കവിളുയർത്തി എനിക്ക് നേരെ നീട്ടിത്തന്നു. പഞ്ചാബിനെക്കുറിച്ചുള്ളതെല്ലാം എനിക്ക് പരിചയപ്പെടുത്താൻ എന്തോ ധൃതിയുള്ളതുപോലെ അവൾ മഞ്ഞയും പച്ചയും ഇടകലർന്ന ഘാഗ്ര ചോളിയെപ്പറ്റി പറഞ്ഞു തന്നു. പച്ചപ്പ് കൊണ്ട് സമ്പന്നമായ ആ മരങ്ങൾക്കിടയിൽ പഴുത്ത ഒരിലപോലെ അവൾ തെളിഞ്ഞു നിന്നു. ഞങ്ങൾ സൂര്യാസ്തമയം വരേയ്ക്കും ആ കുന്നിൻ ചരിവിലൊരിടത്ത് ഇരുന്നു. അവൾ ഇല്ലാത്ത ദിവസങ്ങളെപ്പറ്റി എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല. ഈ നഗരം മുഴുവൻ ശൂന്യമായപോലെയാകുമത്. അവളുടെ ലെഹെങ്ക ഉയർത്തി ഇടുപ്പിനു താഴെയുള്ള മറുകിൽ ഞാൻ ചുംബിച്ചു. അവൾ എന്നെ കൂടുതൽ ചേർത്ത് പിടിച്ചു.
യാത്ര തുടങ്ങിയ ചണ്ഡീഗഡിൽ നിന്ന് ആദ്യം പോയത് അമൃത്സറിലേക്കാണ്. ആ വഴിക്കാണ് ലുധിയാന. ലുധിയാന സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ എന്തോ അവളെ ഞാൻ വല്ലാതെ ഓർത്തു. ആ നഗരത്തിന്റെ സവിശേഷതകളെപ്പറ്റി അവൾ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. ചണ്ഡീഗഡിൽ ഒരു ഒറ്റ മുറി ലോഡ്ജിൽ രണ്ടു ദിവസം മാത്രം തങ്ങി. കാര്യമായി കാണാനൊന്നും ഉള്ളതായി തോന്നിയില്ല. പാരമ്പര്യവും, ആധുനികതയും ഒത്തുചേരുന്ന നഗരമായ പട്യാലക്കാരിക്ക് ചണ്ഡീഗഡിനോട് ഏറെ ഇഷ്ടമുണ്ടായിരുന്നില്ല. ശരിയാണ്. ചണ്ഡീഗഡിന് മറ്റ് നഗരങ്ങളുടെ തന്നെ ശീലങ്ങളും, രീതികളുമാണ് ഉപരിപ്ലവമായ സൗന്ദര്യങ്ങൾ ഉണ്ടെങ്കിലും. ഇ ഓട്ടോയും ഹോപ് ഓൺ-ഹോപ് ഓഫ് ബസിലുമായി നഗരം കണ്ടു തീർത്തു. വൈകുന്നേരം ബസിന്റെ മുകളിൽ ഒരു ചെറു പിറന്നാൾ ആഘോഷത്തിന്റെ ആരവം പുതിയ അനുഭവമായി. സുഖ്‌നാ തടാകക്കരയിൽ നേക് ചന്ദ് തീർത്ത ശില്പങ്ങളുടെയും, ഗുഹകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും ഉദ്യാനം വടക്കേ ഇന്ത്യൻ ഗ്രാമജീവിതത്തെയും, നാം വ്യർത്ഥമായി ഉപേക്ഷിക്കുന്നതിനെയുമൊക്കെ നൂതന അർത്ഥങ്ങളിൽ പ്രതിഷ്ഠിക്കുന്നു. ഇത് ചണ്ഡീഗഡിനെപ്പോലെ എല്ലാ നഗരങ്ങൾക്കുമുള്ളിലെ മരുപ്പച്ചപോലെ നിലകൊള്ളുന്നു. സാഹിർ ലുധിയാൻവിയെക്കുറിച്ച് അവളും ഞാനും സംസാരിച്ചിരുന്ന സമയത്ത് അവൾ നിർബന്ധിച്ചപ്പോൾ ഞാനവൾക്ക് അദ്ദേഹത്തിന്റെ പ്രണയിനി അമൃതാപ്രീതത്തിന്റെ കവിത 'മേം തേനു ഫിർ മിലാംഗി' കേൾപിച്ചുകൊടുത്തു. ആ കവിതയുടെ ഓരോ വരിയും അവൾ ഏറെ നേരം വ്യാഖ്യാനിച്ചു തന്നു. വരികൾക്കിടയിൽ പലപ്പോഴും അവളും ഞാനും വിങ്ങിപ്പൊട്ടി. ഞങ്ങൾ സത്ലജ് നദീ തടത്തിൽ നഗ്നരായി കിടന്നു.
പഞ്ചാബിലെ ദൊആബാ എന്നറിയപ്പെടുന്ന പ്രദേശത്താണ് ജലന്ധർ. സത്ലജിനും ബിയാസിനും ഇടയിൽ. സ്പോർട്സ് പ്രേമികൾക്ക് ജലന്ധർ അപരിചിതമായിരിക്കില്ല. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ഉറുദു ശായർ മിർസാ ഗാലിബിന്റെ ഹവേലി സന്ദർശിച്ചപ്പോൾ എന്റെ മനസ്സ് നിറയെ ഗുൽസാർ എഴുതി സംവിധാനം ചെയ്ത് എൺപതുകളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന മിർസാ ഗാലിബ് എന്ന സീരിയലിന്റെ ആത്മാവായി മാറിയ പാട്ടുകളായിരുന്നു. ജഗ്ജിത് സിങ്ങും ചിത്രാ സിങ്ങും ചേർന്നാലപിച്ച ഗാലിബിന്റെ ഗസലുകൾ. ജലന്ധർകാരനായ ആ മാസ്മരിക ഗായകനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുമാണ് അവൾ ഒരു രാത്രി കടൽക്കരയിലിരുന്ന് എന്നോട് പറഞ്ഞത്. അന്നവൾക്ക് വല്ലാത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ടു. എന്റെ കൈകൾ മുറുകെപ്പിടിച്ചു. ജഗ്ജിത് സിംഗിന്റെ പാട്ടുകൾ കേട്ടാൽ അവൾ വിഷാദത്തിന് അടിമപ്പെടും. മനസ്സ് നങ്കൂരമില്ലാത്ത കപ്പൽ പോലെ കടലിൽ അലയും. പലരും ഗാലിബിന്റെ ഗസലുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്, പാടിയിട്ടുണ്ട്, പക്ഷെ, അദ്ദേഹം ആ ഗസലുകളുടെ അർത്ഥവും അർത്ഥ വിശാലതയും സംവേദനക്ഷമതയോടെ സമീപിച്ച് സംഗീതം നൽകുകയും പാടുകയും ചെയ്തയാളാണ്. അല്ലാതെ തന്റെ പാണ്ഡിത്യം ആ ഗസലുകളിൽ അടിച്ചേൽപ്പിക്കുകയല്ല ചെയ്തത്. അവൾ പെട്ടെന്ന് ഉത്സാഹവതിയായി. കണ്ണുകളിൽ ഒരു പോരാളിയുടെ തീവ്രത ജ്വലിച്ചു നിന്നു. പൗർണമി രാത്രിയിൽ തിരമാലകൾ ക്ഷുബ്ധമായി. പഞ്ചാബിന്റെ നഷ്ടങ്ങളെക്കുറിച്ചും, മുറിവുകളെക്കുറിച്ചും അവൾ വാചാലയായി. പഞ്ചാബിൽ ഇന്ന് വേരുറപ്പിച്ചിരിക്കുന്ന ലഹരിയെക്കുറിച്ചും, ഉപരിപ്ലവമായ സന്തോഷങ്ങളും സുഖങ്ങളും മാത്രം തേടുന്ന മധ്യവർഗ്ഗത്തെയും, യുവതയെയും അവൾ പുച്ഛിച്ചു. പഞ്ചാബ് എന്നാൽ വെറും കടുകുപാടങ്ങളുടെ സൗന്ദര്യവും, ട്രാക്ടറും ബോളിവുഡ് സിനിമകളിലെ കാല്പനികതയുമല്ല, കൃഷി ചെയ്യാൻ മടിച്ച് സ്വന്തം നിലത്ത് ഫ്‌ളാറ്റുകളും കൊമേർഷ്യൽ കോംപ്ലക്സ്കളും കെട്ടി വിദേശത്ത് സുഖിച്ച് താമസിക്കുന്ന ഒരു വലിയ ജനവിഭാഗം കൂടിയാണ്. "മേം അപ്ണാ പഞ്ചാബ് ഗവായിയാ" ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു. മടിയിൽ കിടത്തി തലോടിയിട്ടും ആ കണ്ണുനീർ ഏറെ നേരത്തേക്ക് നിന്നില്ല. എന്റെ അരയിൽ മുഖമർത്തി അവൾ കരഞ്ഞു കൊണ്ടേയിരുന്നു. അവളുടെ മുടിയിൽ മുഖമമർത്തി ഞാനും. പ്രണയം എത്ര വിശുദ്ധമായ യാത്രയാണ്, അതിനില്ലാത്ത വൈവിധ്യങ്ങളില്ല, എത്ര തവണ നിർമിക്കപ്പെട്ടും, തകർക്കപ്പെട്ടും, ഉറഞ്ഞും അലിഞ്ഞുമാണ് ഈ യാത്ര.
അമൃതസർ എത്തുമ്പോഴേക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായിരുന്നു. പറഞ്ഞേല്പിച്ചതിനാൽ ഗുർദീപ് സിംഗ് എനിക്ക് വേണ്ടി കാത്തു നിന്നു. അദ്ദേഹത്തിന്റെ ബൈക്കിൽ സുവര്ണക്ഷേത്രത്തിനകത്തെ സത്രത്തിലേക്ക്. കുളിച്ച് തയ്യാറാകാനുള്ള സമയത്തിനുള്ളിൽ ഗുർദീപ് പുറത്തെവിടെയോ പോയി വന്നു. നല്ല ചൂടുണ്ട്. അമൃതസർ പഞ്ചാബിലെ ഏറ്റവും ചൂടുള്ള പ്രവിശ്യകളിൽ ഒന്നാണ്. നാട്ടിലെത്തി അവളെനിക്ക് രണ്ടു കയ്യിലും മൈലാഞ്ചിയിട്ട ചിത്രങ്ങൾ അയച്ചു തന്നു. വിവാഹവേളയിൽ വധു ധരിക്കുന്ന ചുവപ്പും വെളുപ്പും നിറമുള്ള ചൂട (വളകൾ) കൈ നിറയെ ധരിച്ച അവളുടെ ചിത്രം ഒരു നിമിഷം എനിക്ക് ഞെട്ടലുണ്ടാക്കിയെങ്കിലും ആ കൈകൾ അവളുടെ ബന്ധുവിന്റെ വിവാഹവേളയിലേതാണെന്ന് അടുത്ത ചിത്രത്തിലൂടെ അവൾ വിശദീകരിച്ചു. 'കിലാ മുബാറക്' എന്നെഴുതിയ മെസേജ് എന്നെ കുഴപ്പിച്ചു. ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടവൾ പറഞ്ഞു ആ വിവാഹം നടക്കുന്നത് പട്യാലയിലാണെന്ന്. രാജകീയമായതിനെ ഗൗരവത്തോടെയും, പരിഹസിച്ചും സൂചിപ്പിക്കാൻ പട്യാല ഒരു രൂപകമാകുന്നു പഞ്ചാബിൽ. അവളുടെ ശിരസ്സിൽ കലിരേ കൊണ്ട് അനുഗ്രഹിക്കുന്ന വധുവിന്റെ ചിത്രവും അയച്ചു തന്നു. കലിരയിലെ ഒരു കഷണം ശിരസ്സിൽ വീണാൽ അടുത്ത വിവാഹം അവളുടേതായിരിക്കുമത്രേ. നീല പട്യാല സ്യൂട്ട് ധരിച്ച അവൾ ഏറെ ഉല്ലാസവതിയായി കാണപ്പെട്ടു. വീട്ടിലെ പഴയ ആൽബത്തിൽ നിന്നും അവളുടെ കുഞ്ഞു നാളിലെ ചിത്രങ്ങൾ പിറ്റേ ദിവസം രാവിലെ എന്റെ ഫോണിൽ ഒന്നൊന്നായി വന്നു. 'പ്രെസെന്റിങ് യു ഡാഡ്‌സ് പ്രിൻസസ്' എന്ന മെസേജും.സുവർണ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഞാൻ ധരിച്ചത് അവളെനിക്ക് കൊണ്ടുവന്ന നീല നിറത്തിലുള്ള പഠാനി സ്യൂട്ട് ആണ്. ഗുർദീപ് എനിക്ക് ക്ഷേത്രത്തിന്റെ ചരിത്രവും, രീതികളും പറഞ്ഞു തന്നു. അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച സുവർണ ക്ഷേത്രം ഹർമന്ദർ സാഹിബ് എന്നറിയപ്പെടുന്നു. പ്രസിദ്ധമായ ലംഗർ കഴിച്ച്, വിശുദ്ധ ഗ്രന്ഥം 'ഗുരു ഗ്രന്ഥ സാഹിബ്' അകാൽ തക്തിലേക്ക് കൊണ്ടുപോകുന്ന 'സുഖാസൻ' എന്ന ചടങ്ങു തീരുന്നതുവരെ അവിടുത്തെ ശുദ്ധമായ കാറ്റേറ്റ് തടാകക്കരയിലിരുന്നു. രാത്രി മുറിയിലേക്ക് കയറുമ്പോൾ ഗുർദീപ് എന്റെ കയ്യിൽ സ്നേഹത്തോടെ സിഖുകാരുടെ 'കട' ഇട്ടു തന്നു. അവൾ വിഭജനത്തെക്കുറിച്ചും, അതുണ്ടാക്കിയ മുറിവുകളെക്കുറിച്ചും, ബ്ലൂസ്റ്റാർ ഓപ്പറേഷനെക്കുറിച്ചും അധികം സംസാരിച്ചിരുന്നില്ല. ഒന്നോ രണ്ടോ തവണ സംസാരിച്ചപ്പോൾ അതവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പഞ്ചാബിൽ എല്ലാവരും സിഖുകാരല്ല. അവൾ ഹിന്ദുവാണ്, പഞ്ചാബി ബ്രാഹ്മിൺ. വെടിയുണ്ടകളുടെ അടയാളങ്ങൾ പതിഞ്ഞ ജാലിയൻവാലാബാഗിൽ ഇന്നും ആയിരക്കണക്കിനാളുകളുടെ രോദനങ്ങൾ അലയടിക്കുന്നതുപോലെ തോന്നി. അടുത്തുള്ള പാർട്ടീഷൻ മ്യൂസിയത്തിൽ പോയി ഏറെ നേരം ചിലവഴിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് വേദനയുണ്ടാക്കുന്നതാണ് ആ ചരിത്രരേഖകൾ. വിവിധതരം ലസ്സികളോ, അമൃത്‌സറി കുൽച്ചയോ ഒന്നും ആസ്വദിക്കാനുള്ള മനസ്സുണ്ടായില്ല. വാഗാ ബോർഡറിലേക്ക് വിശാലിന്റെ ടാക്സിയിൽ എത്തുമ്പോൾ വൈകീട്ട് നാലര മണി. അതിർത്തിയുടെ രണ്ടു ഭാഗത്തും രണ്ടു രാജ്യങ്ങളിലെയും ആളുകൾ വന്നു ചേരുന്നു. ദേശസ്നേഹം ഉണർത്തുന്ന ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ ഒരു കൂട്ടുകുടുംബത്തിന്റെ വിഭജനവും, രക്തച്ചൊരിച്ചിലും, അനാഥത്വവും മനസിനെ വല്ലാതെ ഉലച്ചു.
ഇന്ന് വൈകുന്നേരം എവിടെക്കുമില്ല എന്ന് പിയൂഷിനെ വിളിച്ചുപറഞ്ഞ് കോട്ടേജിന്റെ ബാൽക്കണിയിൽ ഒരു ചായ കുടിച്ചുകൊണ്ടിരുന്നു. വീണ്ടും മഴ പെയ്യുന്നു. കൊക്കോ അടുത്തു വന്നു. അവന്റെ നെറുകയിൽ തലോടിയിരിക്കാൻ എന്ത് സുഖം. പഹാഡിലെ (കുന്നിൻ പ്രദേശങ്ങൾ) പട്ടികൾ അല്പം മൂഡിയായിരിക്കുമത്രെ. ശരിയാണ്, അവന് ഒരുന്മേഷമില്ല, ആ കണ്ണുകളിൽ എന്തോ ഒരു വിഷാദം. നല്ല മഴയുള്ള ഒരു പ്രഭാതത്തിലാണ് സ്‌കൂളിൽ വഴക്കുകേട്ട കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് കയറി വന്നത്. ഞാനാകെ തരിച്ചുനിന്നു. അവളുടെ വിവാഹാലോചന നടക്കുന്നു. ഡൽഹിയിൽ ആർമിയിൽ ഓഫീസറാണ് അയാൾ. അവളുടെ അച്ഛന്റെ കുടുംബത്തിലെ ഒരകന്ന ബന്ധു കൂടിയാണ്. പട്യാലയിലെ വിവാഹത്തിൽ അയാളുടെ അച്ഛനമ്മമാർ ഉണ്ടായിരുന്നത്രെ. പക്ഷെ അവൾ നാട്ടിലേക്ക് പുറപ്പെടുന്നതിനു തലേദിവസം വരെ അറിഞ്ഞിരുന്നില്ല ഈ വിഷയം. പല സാധ്യതകളെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തു. കെട്ടിപ്പിടിച്ച് നിസ്സഹായരായി കരഞ്ഞു. വിഭജനങ്ങൾ മണ്ണിലല്ല, മനസ്സിലാണ് മുറിവുകളുണ്ടാക്കുന്നത്. നമ്മുടെ കല്യാണത്തിന് അവളുടെ കുടുംബം ഒരിക്കലും സമ്മതിക്കില്ല, പ്രത്യേകിച്ചും ഒരു പ്രണയ വിവാഹം. അവളുടെ "നിനക്കോര്മയില്ലേ അന്ന് പട്യാലയിൽ വെച്ച് ഞാൻ ഒരു വധുവിനെപ്പോലെ ആഹ്ളാദിച്ചത്? അന്ന് രാത്രി ഒരു നിമിഷം ഞാൻ എന്റെ വിവാഹം വിഭാവനം ചെയ്തു. ഒരു പെൺകുട്ടി പ്രണയത്തിന്റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ബാല്യകാലത്തെപ്പോലെ സ്വാതന്ത്രയാകുന്നു, പട്ടം പറത്തിയും, ഷ്ഠാപൂ കളിച്ചും ഉല്ലസിച്ച കാലങ്ങൾ തിരിച്ചുപിടിച്ച സുഖം. പക്ഷെ."
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ എനിക്ക് ഒരു കോൾ വന്നു. അതവളായിരുന്നു. അവളുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാണത്രെ. അതുകൊണ്ടു തന്നെ ഇനി ആ പഴയ നമ്പറിലേക്ക് വിളിക്കരുത് എന്നവൾ വേദനയോടെ പറഞ്ഞു. എപ്പോഴും സൈലന്റ് മോഡിൽ വെച്ച് അവൾ പുതിയ മൊബൈലും നമ്പറും സൂക്ഷിച്ചു. "പ്രണയത്തെ പരിഹാസ്യമായ ഒരു മുറിവുപോലെ മറച്ചുവെക്കേണ്ടി വരുന്നത് എത്ര അപഹാസ്യമാണല്ലേ?" അവൾ ചോദിച്ചു. രാത്രിയും പകലും ഒറ്റയ്ക്ക് കിട്ടുന്ന അപൂർവം സമയങ്ങളിൽ മാത്രം ഞങ്ങൾ സംസാരിച്ചു. അവളുടെ മെസേജുകളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അത് ശരിയായിരുന്നു. പട്യാലയിൽ നിന്ന് അവളുടെ സഹപാഠിയായ പെൺകുട്ടി എന്നെ വിളിച്ചു. കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഞാനാകെ തകർന്നു. അവളിലേക്കെത്താൻ ഓരോ തവണ പുതു പുതു പാലങ്ങൾ പണിയുമ്പോഴും നദിയുടെ വീതി കൂടി വന്നു.
ഒരുച്ചനേരത്ത് അവൾ വീട്ടിൽ വന്നു. മുഖമൊക്കെ വല്ലാതെ വിളറിയിരിക്കുന്നു. മുടി അലസമായിട്ടിരിക്കുന്നു. വന്നയുടനെ സോഫയിലിരുന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു. പിന്നീട് കണ്ട വിചിത്രമായ മുഖഭാവങ്ങളും പെരുമാറ്റങ്ങളും എന്നിൽ ആഘാതവും ഭീതിയും വർധിപ്പിച്ചു. രണ്ടു കൈകളും പരസ്പരം തിരുമ്മി,കണ്ണ് മിഴിച്ച്, അതിവേഗത്തിൽ ശ്വാസമെടുത്ത് അവൾ മാറിയിരുന്നു. ഒരു കുട്ടിയെപ്പോലെ അവളെ മടിയിലിരുത്തി ഞാൻ തലയിൽ തലോടിക്കൊണ്ടിരുന്നു. അവളുടെ ബാഗിൽ ഡിപ്രെഷനുള്ള ഗുളികകളും, കുറിപ്പും ഞാൻ കണ്ടു. 'എന്റെ ഹൃദയം ഇടയ്ക്കിടെ കാണാക്കയങ്ങളിലേക്ക് ആണ്ടുപോകുന്നു. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ തോന്നാറില്ലേ? അതിന്റെ പത്തിരട്ടി, നൂറിരട്ടി. ഈ ഗുളികകൾ ആ അവസ്ഥയെ തരണം ചെയ്യാനാണ്.' 'പക്ഷെ എത്ര നാൾ?' എന്ന എന്റെ ചോദ്യത്തിന് ഒരു ചിരിമാത്രം. അവളുടെ അകത്ത് എന്തോ ഒന്ന് ശക്തി പ്രാപിക്കുന്നുണ്ട്. വേദനകളെ അവൾ ഭയക്കുന്നില്ല. ആ മുഖത്ത് ഒരു നിസ്സംഗത വർധിച്ചുവരുന്നു.
പിറ്റേന്ന് രാവിലെ അവളുടെ പഴയ ഫോണിൽ നിന്നും ഒരു കോൾ വന്നു. അതവളുടെ അച്ഛനായിരുന്നു. സൗമ്യമായി സംസാരിച്ച അദ്ദേഹം എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങൾ കടൽക്കരയിലെ ഒരു റെസ്റ്റോറന്റിൽ ഇരുന്നു. "അവൾ ട്രീട്മെന്റിൽ ആണ്. അതിന്റെ ഭാഗമായി ആദ്യം അവൾ ചെയ്യേണ്ടത് നിങ്ങളിൽ നിന്നും, നിങ്ങളുടെ ഓർമകളിൽ നിന്നും അകലങ്ങളിലേക്ക് പോവുക എന്നതാണ്. ഞങ്ങൾ അവളെയും കൂട്ടി കുറച്ചു നാളത്തേക്ക് പട്യാലയിലേക്ക് പോകുന്നു. അവിടെ ട്രീറ്റ്മെന്റ് തുടരും. എനിക്കും കുടുംബത്തിനും അവളെ വേണം. അവളുടെ ചേച്ചിയുടെ പ്രണയ വിവാഹം ഒരു മോചനത്തിൽ അവസാനിച്ച് രണ്ടു വർഷങ്ങളെ ആയുള്ളൂ. ആ കാലങ്ങളിലെ ഞങ്ങളുടെ വേദനകൾ, ദുഃഖങ്ങൾ എല്ലാം അവൾ അറിഞ്ഞതാണ്. പക്ഷേ, നിങ്ങൾ വന്നപ്പോൾ അവൾ ധർമസങ്കടത്തിലായി. നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്തു, പിരിയാതിരിക്കാനും കഴിയില്ല എന്ന അവസ്ഥ. നിങ്ങൾ സഹകരിക്കണം. എനിക്കറിയാം നിങ്ങളുടെ വേദന. ഒരു യാത്രയൊക്കെ പോയി വരൂ എവിടേക്കെങ്കിലും. എല്ലാം ശരിയാവും. അവളുടെ വിവാഹം നിശ്‌ചയം ചില കാരണങ്ങൾ പറഞ്ഞ് കുറച്ചു മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. പയ്യന്റെ വീട്ടുകാർ നല്ലവരാണ്. എന്റെ ഒരകന്ന ബന്ധുവും."
രണ്ടു മാസങ്ങൾ കടന്നു പോയി. മനോവേദന സഹിക്കാൻ കഴിയാതെ ഞാനും കൗൺസിലിംഗിലും, ഏകാന്ത യാത്രകളിലും അഭയം പ്രാപിച്ചു.
"പ്രണയത്തിൽ രോഗിയാവുക എന്നതിൽ കവിഞ്ഞ് എന്ത് പാരിതോഷികമാണ് പ്രണയത്തിന് നൽകാനുള്ളത്? ഞാൻ നിനക്ക് വേണ്ടി രോഗിയായി. കണ്ടില്ലേ?" അവളുടെ വാക്കുകൾ എനിക്ക് ചുറ്റും പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു.
എനിക്ക് ചുറ്റും, എന്നിലും അവൾ പെയ്തുകൊണ്ടേയിരുന്നു. അങ്ങിനെയിരിക്കെ അവളുടെ കത്ത് വന്നു. "എന്നോട് ക്ഷമിക്കുക. നീ എന്റെ കൂടെയില്ല എന്ന സത്യം ഞാൻ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ നീ എന്റേതല്ല എന്നെനിക്കൊരിക്കലും ഉൾകൊള്ളാൻ കഴിയില്ല. എന്റെ അവിഭാജ്യ പഞ്ചാബിന്റെ സുരഭിലമായ കാലം പോലെയും, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുപോലെയും ഈ പ്രണയം എന്നിൽ എന്നും ജീവനോടെ നിൽക്കും. പ്രണയത്തോളം ജീവനുള്ള ഒരു കവിതയുമില്ല." അവൾക്കേറെ പ്രിയപ്പെട്ട, പഞ്ചാബിന്റെ കീറ്റ്സ് എന്നറിയപ്പെടുന്ന ശിവകുമാർ ബടാൽവിയുടെ 'തുസ്സി കെഹ്‌രി രുതീ ആയോ മേരെ രാം ജിയോ' എന്ന കവിത സ്വന്തം കൈപ്പടയിൽ എഴുതി ചേർത്ത് അവൾ ആ കത്ത് അവസാനിപ്പിക്കുന്നു. കണ്ടുമുട്ടലിന്റെ, പ്രണയ പ്രയാണത്തിന്റെ ദുരന്തപൂർണമായ പരിണാമത്തെ, നിസ്സഹായതകളെ ആ കത്തിൽ ഞാൻ വായിച്ചറിഞ്ഞു.
ഒരു ദിവസം പട്യാലയിൽ നിന്നവളുടെ സഹപാഠി വിളിച്ച് കാര്യം അറിയിച്ചു. ഈ വരുന്ന ശിശിരത്തിൽ അവളുടെ കൈകൾ ചൂടയും, മെഹന്ദിയും അണിയും. ഞാൻ ഒരു കുട്ടിയെപ്പോലെ വീട്ടിലെ ഒരു ഇരുണ്ട മുറിയിലിരുന്ന് ആർത്തു കരഞ്ഞു. ഒന്നിനോടും താല്പര്യമില്ലാതായി. ആളുകളെ കാണുന്നത് തന്നെ വെറുക്കാൻ തുടങ്ങി. പട്യാലയിലേക്ക് പോയാലോ, അവളുടെ അച്ഛനോടും അമ്മയോടും ഒന്നുകൂടി സംസാരിച്ചാലോ എന്നൊക്കെയുള്ള സന്ദേഹങ്ങളിലും, അവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പേരിൽ അവൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള കാരുണ്യത്തിലും മനസ്സ് അസന്തുലിതമായി. അവൾക്ക് വേണ്ടി കവിതകൾ എഴുതി. ഞാനും അവളും നദിയുടെ ഇരു കരകളിലുമായി. കുറുകെയുള്ള ഏക പാലം തകർന്ന് ഒഴുകിപ്പോയിരിക്കുന്നു. പ്രണയം ഒരു പ്രകൃതിക്ഷോഭമാണ്, അതെന്തൊക്കെ പിഴുതെറിയുമെന്നാർക്കറിയാം !
നാളെ രാവിലെ നാല് മണിക്കെങ്കിലും തയ്യാറായാൽ മാത്രമേ റോഹ്‌തങ് പാസിലേക്കുള്ള യാത്ര സുഗമമാകൂ എന്ന് പിയൂഷ് വീണ്ടും വിളിച്ചോർമിപ്പിച്ചു. വിശപ്പില്ല. സൂപ്പ് മാത്രം കുടിച്ച് ഉറങ്ങാൻ കിടന്നു. നാല് മണിക്ക് പിയൂഷിന്റെ കൂടെ ഗുലാബ വരെയെത്തി. അവിടെ നിന്നും മറ്റൊരു വാഹനത്തിൽ മാടി വരെ. റോഹ്‌തങ് പാസിലേക്കുള്ള പ്രവേശനം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണത്രെ. മാടിയിലെ മഞ്ഞിൽ ഏറെ നേരം ചെലവഴിച്ചു. ഉച്ചയോടെ മുറിയിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച് അൽപനേരം മയങ്ങി. വൈകുന്നേരം മണാലിയിലെ ഏറ്ററ്വും മനോഹരമായ ഹഡിംബ ക്ഷേത്രം സന്ദർശിച്ചു. ഭീമാകാരമായ ദേവദാരുക്കളുടെ നിബിഢവനത്തിനു നടുവിലായി എന്തോ അതീന്ദ്രിയാനുഭൂതി തരുന്ന ക്ഷേത്രം. മൃഗങ്ങളെ ബലി കൊടുക്കുന്ന ആചാരങ്ങൾ ഇപ്പോഴുമുണ്ട്. ക്ഷേത്രത്തിന്റെ ചുവരിൽ മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ കാണാം. മരത്തിൽ പണിത ക്ഷേത്രത്തിന് കേരളത്തിന്റെ വാസ്തു രീതിയോട് എന്തോ സാമ്യമുള്ളതുപോലെ തോന്നി. അധികം ദൂരത്തല്ലാതെ ഘടോത്കച ക്ഷേത്രവുമുണ്ട്. ആ പരിസരത്ത് കേസർ (ഡ്യൂപ്ലിക്കേറ്റ് ആകാനാണ് സാധ്യത) കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ധാരാളം പേരുണ്ട്. കൂടാതെ ഔഷധസസ്യങ്ങളുടെ വേരുകളും മറ്റും വിൽക്കുന്ന രാജസ്ഥാനികളും. കാലം സ്പർശിക്കാത്ത വന്യത, പൗരാണികതയുടെ അത്ഭുതാവഹമായ സാന്നിധ്യം ഉളവാക്കുന്ന ചുറ്റുപാടുകൾ...എന്തോ ഞാൻ ഏറെക്കാലത്തിനു ശേഷമാണ് ഒരു ക്ഷേത്രത്തിൽ വന്ന് അവാച്യമായ എന്തോ ഒന്ന് അനുഭവിക്കുന്നത്.
രാത്രിയായപ്പോഴേക്കും തണുപ്പ് കൂടി വന്നു. നാളെ രാവിലെ തിരിച്ചു പുറപ്പെടേണ്ടതാണ്. അവൾ ഈ മുറിയിൽ എന്റെ കൂടെയുണ്ട്. ഓരോ നിമിഷവും ഞാനവളോട് സംസാരിക്കുന്നുണ്ട്. ഓർത്തു നോക്കൂ. നാം നടത്തുന്ന നിശബ്ദമായ എത്ര സംഭാഷണങ്ങൾ ഗഹനമായ അർത്ഥങ്ങളുള്ളവയാണ്! പാശ് എന്ന പഞ്ചാബി കവിയുടെ കവിതകൾ ഫോണിലൂടെ കേൾപ്പിച്ച രാത്രിയിൽ ഞങ്ങൾ രണ്ടുപേരും ഏറെ നേരം കരഞ്ഞിരുന്നു. എന്തിനാണെന്നറിയില്ല. ഒരു പക്ഷെ, ഒന്നിനും നിശബ്ദമാക്കാനാകാത്ത ആത്മാർത്ഥതയുടെ ഹൃദയഭേദകമായ ശക്തിയെ ഓർത്തിട്ടാകാം, അല്ലെങ്കിൽ ആ കവിയുടെ കണ്ണുകളിലെ തീജ്വാല ഒരായിരം ചോദ്യങ്ങളായി അനശ്വരമായി ഉയർന്നു വരുന്നത് കണ്ടിട്ടാവാം. പിന്നീടൊരിക്കൽ പാശിന്റെ കവിതാ സമാഹാരം എനിക്ക് സമ്മാനിച്ച അവൾ അതിലേതോ പേജിൽ നമ്മുടെ പ്രണയത്തിന്റെ അനശ്വരതയെക്കുറിച്ച് എന്തോ കുറിച്ചിട്ടിരുന്നുവത്രേ. അതേതു പേജിലാണെന്നും, എന്താണെന്നും ഞാനിന്നും തിരയുന്നു.
-സന്തോഷ് കാനാ
നീയും ഞാനും (NEEYUM NJAANUM) You & I
നമ്മൾ പിരിഞ്ഞിട്ടും നമ്മുടെ ചുവടുകൾക്ക് അൽപായുസ്സെന്തുകൊണ്ടെന്ന് നീ അറിയുന്നില്ലേ?
നിന്നിലും എന്നിലും അങ്ങോട്ടും ഇങ്ങോട്ടും ഇന്നും എന്തോ ഒന്ന് നിർത്താതെ തിരയടിക്കുന്നുണ്ട്.
എൻ്റെ സഹയാത്രികരുടെ തോണികൾ ചക്രവാളങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. നിന്റെ ഓർമകളിൽ നങ്കൂരമിട്ട് ഞാൻ ദൂരങ്ങളെ ശൂന്യതയോടെ നോക്കുന്നു.
നമ്മൾ പിരിയുന്നത് കൊണ്ട് മാത്രം എല്ലാം മാറുന്നില്ല. നിന്റെയും എന്റെയും നെഞ്ചിൻ കൂടിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആ ചിറകടി പുതിയ ആകാശങ്ങളിൽ മോചനം തേടുന്നതുവരെ നിത്യജീവിത വൃത്തികളിൽ നമുക്ക് അലസതയുടെ ദൂരം താണ്ടാനുണ്ട്.
ഉത്സവങ്ങൾ, ആഘോഷങ്ങൾ, പുഞ്ചിരി കൊണ്ടുള്ള മര്യാദകൾ എല്ലാം എന്നെ കൈപിടിച്ച് കൂടെ ചേർക്കുന്നുണ്ട്. പക്ഷെ, എല്ലാ ആഘോഷങ്ങളുടെയും ഒടുവിലത്തെ ശൂന്യത നീയാണ്. ബാഹ്യലോകങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഞാൻ നീയെന്ന സത്യഗേഹത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു.
ഭൂതകാലങ്ങൾക്ക് സ്മരണകുടീരങ്ങൾ പണിത് പലരും പുതു പ്രത്യാശകളുടെ ആടകളണിഞ്ഞ് ദിനചര്യാചരണപഥങ്ങളിൽ അദ്ധ്വാനിക്കുന്നു, സന്തോഷിക്കുന്നു. ഞാനാണെങ്കിൽ നീയില്ലാത്ത ഞാനോ ഞാനില്ലാത്ത നീയോ എന്ന് ഇഴപിരിച്ചും, കുരുക്കഴിച്ചും ദിനരാത്രങ്ങളുടെ അപര്യാപ്തതയിൽ പലതും പുലമ്പുന്നു.
കുന്നുകൾ കയറുന്നവരും, നദികൾ താണ്ടുന്നവരും ശക്തിയെക്കുറിച്ചും, നേട്ടങ്ങളെക്കുറിച്ചും ചിത്രങ്ങളിലൂടെയും, നിറങ്ങളിലൂടെയും ഉദ്‌ഘോഷിക്കുന്നുണ്ട്. നിൻറെ അസാന്നിധ്യത്തെ സഹിക്കാനും, വഹിക്കാനുമുള്ള ശക്തിയെയും, സംയമനത്തെയും നേട്ടമെന്നോർത്ത് ഞാൻ ആശ്വസിക്കുന്നു.
നീ ഏതു ദൂരത്താണെന്നെനിക്കറിയില്ല. നിൻറെ ദൂരങ്ങൾ താണ്ടുവാൻ വാക്കുകൾ കൊണ്ട് ഞാനുണ്ടാക്കുന്ന ചങ്ങാടങ്ങളും, ശകടങ്ങളും അറ്റകുറ്റപ്പണികളിൽ എൻ്റെ സമയങ്ങളെ അപഹരിക്കുന്നുണ്ട്. എൻ്റെ മിടുക്കിനെ ആരൊക്കെയോ പരിഹസിക്കുന്നുണ്ട്.
നീയില്ലായ്മയാണെന്റെ ദാരിദ്ര്യം
നീയുണ്ടെന്നതാണെന്റെ സാഹിത്യം
നിന്റെ നിശബ്ദ പടയേറ്റങ്ങളിൽ
എനിക്കെന്റെ പദവിയും, പ്രദേശങ്ങളും നഷ്ടപ്പെട്ടു
എന്റെ അധികാരമണ്ഡലങ്ങളും, സാമ്രാജ്യവും നഷ്ടപ്പെട്ടു
പക്ഷെ നിന്റേതാവുകയെന്നതാണെനിക്ക് രാജത്വം
പ്രണയത്തിന്റെ സാമ്രാജ്യത്തിന് അതിരുകളില്ല, ഭൂപടങ്ങളും.
നീയെന്ന സത്യത്തിന്റെ അനന്ത ജലാശയങ്ങൾ താണ്ടി
ഞാനെത്തുന്ന ഓരോ തുരുത്തും നീ വിഴുങ്ങുന്നു
ഞാൻ നിന്നിലലിയുന്നു, നഷ്ടപ്പെടുന്നു.
വഴി തെറ്റി എന്നെന്നെ എല്ലാവരും പരിഹസിക്കുന്നുണ്ട്
നിന്ദിക്കുന്നുണ്ട്
അപ്പോഴും ആരും കാണാതെ, അറിയാതെ
നിന്നെ ഞാൻ നെഞ്ചോടു ചേർത്ത് ഒളിപ്പിക്കുന്നുണ്ട്
രക്ഷിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലത്തെ ആണി കൊണ്ടെന്നെ തറക്കുമ്പോഴും
ഞാൻ നിന്നെ മാത്രം കാണും, നിന്നോട് മാത്രം മൊഴിയും.
നീ പിരിയുമ്പോൾ എന്തോ എഴുതി സമ്മാനിച്ച പാഷിന്റെ പുസ്തകം ഞാൻ തിരിച്ചും മറിച്ചും തിരഞ്ഞു കൊണ്ടേയിരിക്കുന്നു
ഇന്നും ആ വാക്കുകൾ തേടിക്കൊണ്ടേയിരിക്കുന്നു
ഈ അടുപ്പിലെ തീ അണഞ്ഞുവെന്നവർ
ആവർത്തിച്ചു.
പക്ഷെ
വാക്കുകൾ നീരാളികൈകൾ പോലെ
പുകയായി പുറത്തുവന്നതും
എന്നിലെ അണയാത്ത നീ/തീ
അവരെ നിശ്ശബ്ദരാക്കി.
നിന്റെ മണ്ണിൽ കുഴിച്ച് കുഴിച്ച്
ഞാനെന്റെ വേരുകൾ തേടുന്നു
തളർന്നു മണ്ണിലടിയുന്നു
എന്നോട് പറയാൻ മാത്രം നീ കരുതിവെച്ച
കഥകളുടെ വൻകരകളിലേക്കും, ദ്വീപുകളിലേക്കുമുള്ള
നിരന്തര വിഫല പ്രയാണങ്ങളാണ് എന്റെ ജീവിതം
ആത്മീയത അലൗകികമായ പ്രണയമാണ്
പ്രണയം ലൗകിക ആത്മീയതയും. ഞാനും നീയും പോലെ
ഇഴപിരിക്കാനാകാതെ.
ഓരോ തവണയും കടൽക്കരയിൽ നമ്മുടെ കാലുകളിലേക്ക്
ഓടിയെത്തിയ തിരമാലകളെ നോക്കി നമ്മൾ എത്ര ചിരിച്ചു, കരഞ്ഞു
ഇന്നേതോ കരയിൽ നിന്റെ കാലുകളെ തേടുന്ന, തഴുകുന്ന
തിരമാലയിൽ നീയെന്നെ അറിയുന്നുണ്ടോ?
ഈ മുറിവുമായി ഞാൻ തേടാത്ത ചികിത്സയില്ല
ഹൃദയമിടിപ്പറിയാത്ത വൈദ്യരില്ല, ഭിഷഗ്വരന്മാരില്ല
അകവും പുറവും പഠിച്ചും പരിശോധിച്ചും
പറഞ്ഞും പരീക്ഷിച്ചും ഒന്നും കാണാതെ
ഞാൻ തിരിച്ചയക്കപ്പെട്ടു
ഒരു സൂക്ഷ്മപ്രകാശത്തിനും കണ്ടുപിടിക്കാനാകാതെ
നീയെന്ന മുറിവ് എന്നിൽത്തന്നെ തുടരുന്നു
പടരുന്നു.
നിന്റെ ദേവാലയത്തിൽ (പുണ്യസങ്കേതത്തിൽ)
എല്ലാ മണിനാദങ്ങളും നിനക്കായി ഉയരുമ്പോൾ
നിന്നെ വിളിച്ചുകൊണ്ടുള്ള എന്റെ ദുർബല ശബ്ദം
പക്ഷിയുടെ കൊക്കിലെ അവസാനത്തെ
ജീവന്റെ തുള്ളിപോലെ കേൾക്കപ്പെടാതെ വീണടിയും.
നീ തന്ന ഉണങ്ങാത്ത മുറിവിൽ വിരൽ മുക്കിയാണ്
ഞാനെഴുതുന്നത്
പൊക്കിളുണങ്ങാത്ത കുട്ടി
കടൽക്കരയിൽ കരഞ്ഞലയുന്നുണ്ട്
പറയാതെ വച്ച വാക്കുകൾ നിന്നെ തിരയുന്നുണ്ട്
നിന്റെ ഓർമകളുടെ കടലിൽ
എന്റെ ഹൃദയത്തിന്റെ കപ്പൽച്ചേതം.
നീയല്ലാതായ നിന്നെ
വിസമ്മതിച്ച്
താരതമ്യങ്ങളിൽ ഞാൻ തകരുന്നുണ്ട്
എത്ര ആവർത്തി നിരസിച്ചാലും
നീ തന്നെയെന്നാവർത്തിച്ച്
ഞാൻ
നരച്ച ചിത്രങ്ങളിൽ തലോടി
പരിഹസിക്കപ്പെടുന്നുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയിൽ ഞാൻ
എന്നും
നിന്നെ ഉരുവിടുന്നുണ്ട്.
ഹൃദയം പൊട്ടി നീ വിങ്ങി വിതുമ്പുമ്പോൾ
പിടഞ്ഞുപിടഞ്ഞൊരു ചുമലിനായ് നീ പരിതപിക്കുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ ഹൃദയം നിനക്കായി ഞാനെന്നും തുറന്നിട്ടിരിക്കും
ഇന്ന് നിന്നെ സ്നേഹം കൊണ്ടാരാധിക്കാൻ
ആഡംബരങ്ങളിലാറാടിക്കാൻ
എത്രയോ പേരുണ്ട്
നിന്റെ യൗവനസൗന്ദര്യ തടാകങ്ങളിൽ
താമരകളേറെ വിരിയട്ടെ
നിന്റെ പുഷ്പിതയൗവന വസന്തം വഴിമാറുമ്പോൾ
കണ്ണാടി നിന്നെ ഭയപ്പെടുത്തുമ്പോൾ
എന്നെയോർക്കുക പ്രിയേ
എന്റെയടുത്ത് വരിക
ഈ വാതിൽ ഞാൻ നിനക്കായി തുറന്നിട്ടിരിക്കും
ഈ ദീപം നിനക്കായെന്നും എരിഞ്ഞുകൊണ്ടിരിക്കും.
ഇന്നലെകളെ അരിച്ചെടുത്തപ്പോൾ
കോപ്പയിൽ
നീ മാത്രം !!
പാതി ജീവൻ വെച്ച് തുരുമ്പെടുക്കുന്ന
ഗിറ്റാറുണ്ട് ഒരു മൂലയിൽ
തൊടുക്കുവാൻ ധനുസ്സില്ലാതെ
സ്നേഹത്തിന്റെ ആവനാഴിയുണ്ട് കുനിയുന്ന ചുമലിൽ
ഒന്നു തട്ടിയാലുണരുന്ന സ്വപ്നങ്ങളുണ്ട്
ആലസ്യത്തിന്റെ കമ്പിളിക്കുള്ളിൽ
ജ്വലിക്കുന്ന വാക്കുകളും, ചിന്തകളും
രജസ്വലയെപ്പൊലെ പുറത്തു നില്ക്കുന്നുണ്ട്
തല താഴ്ത്തി
എത്ര സുരഭില സ്പർശങ്ങൾക്കും
ഇല്ലാതാക്കാനാവാത്ത ദുർഗന്ധ വിധിയുണ്ട്
നിർഭാഗ്യമുണ്ട് ഉണങ്ങാ വ്രണം പോലെ
നിനക്ക് വേണ്ടി എഴുതിയ വാക്കുകൾ
ശരീരം വിട്ട ആത്മാവുപോലെ
സ്വന്തം ഗൃഹത്തിനു ചുറ്റും
കരുണ യാചിച്ചലയുന്നുണ്ട്
ഈ നെഞ്ചിൻ കൂടിലെ
ഒരായിരം പ്രാവുകളുടെ ചിറകടി നീ കേൾക്കുന്നില്ലേ ??
ഞാൻ വീണ്ടും ചെറിയ വാതിലുകളിലേയ്ക്കും
ജനാലകളിലേയ്ക്കും മടങ്ങും
ഒന്നുമുണർത്താൻ കഴിയാത്ത കാറ്റേറ്റ് ശൂന്യനായിരിക്കും.
ചോര പതിഞ്ഞ ചുമരുകളും
എന്റെ പേര് മൈലാഞ്ചിയിൽ
പകർത്തിയ നിന്റെ കൈയുടെ ചിത്രവും
ഉണർത്തിയ നിശ്വാസങ്ങളും
തപ്ത പ്രേമ ധൂമങ്ങളും കെട്ടടയും
തുറന്ന വാതിൽ പോലെ ഞാൻ ബാക്കിയാവും.
പക്ഷെ ചിലപ്പോളെങ്കിലും
നിന്റെ ഓർമ്മകൾ, നിന്റെ നനുത്ത കൈകൾ
അടക്കി വച്ചൊരഗ്നിപർവതം പോലെ
എന്റെ നെഞ്ച് പൊട്ടിയൊഴുകും
എന്റെ കണ്ണുകളിൽ പ്രവഹിക്കും
ഓരോ ഇടനാഴിയിലും
സൂര്യന്റെ മാറുന്ന നിഴൽ കാഴ്ചകൾ പോലെ നീയുണ്ട്
നിന്റെ അഗ്രസ്തമായ ഭാവഭേദങ്ങളുണ്ട്
ഓരോ നിമിഷത്തിലും പരന്നു കിടക്കുന്ന സമയ വ്യാപ്തി പോലെ
നീയുണ്ട്
നിന്നിൽ പ്രച്ഛന്നമായി മാറാരോഗം പോലെ ഞാനുണ്ട്
നമ്മുടെ പ്രേമമുണ്ട്
പ്രണയം കൊണ്ട് രോഗിയാകുന്നതിൽ
കവിഞ്ഞ്
പ്രണയത്തിന് നൽകാനൊന്നുമില്ല
നിന്റെ രക്തവും, ശ്വാസവും, ആത്മാവുമൊക്കെ ചേർത്ത് കുഴച്ചാണ്
ചൂരി കൊണ്ട് നീയെന്നെ ഊട്ടിയത്.
സ്നേഹവും, കാരുണ്യവും, പ്രണയത്തിന്റെ ഏതൊക്കെ നിഗൂഢ മാസ്മരിക ചേരുവകളും ചേർത്താണ് നിന്നെ എനിക്കായ് സൃഷ്ടിച്ചത്?
രതിയുടെ ചുവന്ന ജാലകങ്ങൾ എന്നെ മാടി വിളിക്കുന്നുണ്ട്. പ്രലോഭനങ്ങളുടെ ആ മട്ടുപ്പാവുകളിലേക്കുള്ള ഗോവണികൾ തകർത്തും, ആകസ്മികമായി എന്നിൽ നിസ്സംഗത്വം നിറച്ചും നിൻറെ പ്രത്യക്ഷ അപ്രാപ്യതകളിൽ ദുർബലമാകുന്ന എന്നെ നീ പുനരുജ്ജീവിപ്പിക്കുന്നു, എനിക്ക് ചുറ്റും പ്രണയത്തിൻറെ ഉദാത്ത സൗരഭ്യം പരത്തുന്നു.
ആളുകൾ എത്ര സന്തുഷ്ടരാണ്? ഏത് ഇല്ലായ്മകളെയും, ദുഖങ്ങളെയും, നഷ്ടങ്ങളെയും ആത്മഗതങ്ങളിലൂടെ അനുരഞ്ജനം ചെയ്ത് യാന്ത്രികതകളുടെ ഓരോ നിമിഷവും മിനുപ്പാക്കി നിർത്താനുള്ള ആ വിദ്യ നമുക്കെങ്ങിനെ കൈമോശം വന്നു? അതോ അത് ജന്മസിദ്ധമാണോ? നീയില്ലായ്മയാണെൻറെ നഷ്ടം. ബാഹ്യചലനങ്ങൾക്കുള്ള എല്ലാ പ്രേരണകളും തുരുമ്പെടുക്കുന്നു. എന്നിൽ ഞാൻ മാത്രമായി അവശേഷിക്കുന്നില്ല. ഞാനും നീയും മാത്രമായ എനിക്ക് ആത്മഗതമില്ല.
-സന്തോഷ് കാനാ
https://www.youtube.com/watch?v=TTHNy0jaGx0
പ്രണയം അവസാനിക്കുമ്പോൾ
വാമൊഴിയിൽ മാത്രം നില നിന്ന വർഗത്തിന് വംശനാശം സംഭവിക്കുന്നു.
അവസാനകണ്ണി മരിക്കുന്നു
കൈമാറിയതൊന്നും പകർത്താൻ ആകാതെ ഇരുവരും പകച്ചു നിൽക്കുന്നു
ഒരന്യഗ്രഹ സംപ്രേഷണം അറ്റുപോകുന്നു
രണ്ടുപേർക്കിടയിലെ തർജമ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നു
മഴയ്ക്കും മണ്ണിനും രാവിനും രഥ്യയ്ക്കും വിരസതയിലേക്ക് മടങ്ങേണ്ടി വരുന്നു
ആൾക്കൂട്ടത്തിൽ തിരഞ്ഞുപിടിച്ച മുഖം അതല്ലെന്നറിയുന്നു
കൊക്കൂണിൽ നിന്ന് പുറത്തുവന്ന ശലഭം തിരിച്ച് കൊക്കൂണിൽ തന്നെ അഭയം തേടുന്നു
പ്രണയം അവസാനിക്കുന്നത് വലിയ സ്ഫോടനങ്ങളോടെയല്ല,
ശബ്ദകോലാഹലങ്ങളുടെ, സ്ഥൂല ശബ്ദങ്ങളുടെ വാക്കുകൂട്ടത്തിൽ ഒരു നേർത്ത നിശ്വാസമായി, നെടുവീർപ്പായി മാത്രം
സഹസഞ്ചാരിക്കുപോലും അശ്രാവ്യമായ, അദൃശ്യമായ ഒരു സ്ഫോടനം, രക്തച്ചൊരിച്ചിൽ.
മീനാ കുമാരിയുടെ കവിതകൾ (Poems of Meena Kumari translated by Santhosh Kana)
നിമിഷങ്ങൾ
മഴത്തുള്ളികൾ പോലെയാണ്
കൈപ്പിടിയിലൊതുങ്ങാത്തവ.
നെഞ്ചിൽ വന്നാഞ്ഞു പതിക്കുന്നു,
കൈ നീട്ടിയാലോ
വഴുതി, ചിതറിത്തെറിച്ച് നഷ്ടമാകുന്നു.
ഒഴിഞ്ഞ കട (ഖാലി ദൂകാൻ)
ലോകം എന്ന ഈ വ്യാപാര ശാല എന്തിനാണെനിക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നത്?
കൃത്രിമ ആഹ്ളാദത്തിന്റെ കളിപ്പാട്ടങ്ങൾ,
ഖ്യാതിയുടെ ഈ കടലാസുപൂക്കൾ,
ഒരു മൃദു സ്പർശത്തിൽ ഉരുകിപ്പോകാവുന്ന,
കണ്ണാടിക്കൂടിനുള്ളിൽ അടച്ചുവെച്ച
സമ്പത്തിന്റെ ഈ മെഴുക് രൂപങ്ങൾ.
ഞാൻ വാങ്ങാൻ വന്നത് ഇതൊന്നുമല്ല
എന്റെ സന്തപ്ത നയനങ്ങളിൽ അല്പം കുളിരു
പകരുന്ന പ്രണയത്തിന്റെ രമണീയ സ്വപ്നം
എന്റെ നീറുന്ന ആത്മാവിൽ ശാന്തി
പകരുന്ന ഹൃദ്യമായ ഒരു അനുരാഗ നിമിഷം
ഇത്ര മാത്രം
ഇത്ര മാത്രമേ ഞാൻ വാങ്ങാൻ വന്നുള്ളൂ
പക്ഷെ,
ലോകമെന്ന ഈ വാണിഭ ശാലയിൽ നിന്ന്
ഞാൻ വെറും കയ്യോടെ മടങ്ങി.
(മീനാ കുമാരിയുടെ കവിതകൾ)
തർജമ: സന്തോഷ് കാനാ
മധുമിതയും ടാഗോറും
Sunday, February 19, 2023
സ്വപ്നങ്ങളുടെ ആയുസ്സ് : ഒരു സിനിമയുടെ പിന്നിലെ കഥ (In Search of Gandhi)
എട്ടോളം ഓസ്കാർ അവാർഡുകൾ ലഭിച്ച സിനിമയാണ്, റിച്ചാർഡ് ആറ്റൻബറോ (Richard Attenborough) സംവിധാനം ചെയ്ത 'ഗാന്ധി'. 1982 ൽ പുറത്തുവന്ന ഈ സിനിമ അഭിനയം കൊണ്ടും, സംഗീതം കൊണ്ടും, ഛായാഗ്രഹണം കൊണ്ടും ഏറെ സവിശേഷതകൾ ഉള്ള ഒരു മാസ്റ്റർപീസ് ആണ്. കുറച്ചു നാളുകൾക്ക് മുമ്പ് ഞാൻ ആറ്റൻബറോ എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം വാങ്ങി വായിച്ചു, 'ഇൻ സെർച്ച് ഓഫ് ഗാന്ധി' (ഗാന്ധിയെ തേടി). തന്റെ സ്വപ്ന ചിത്രമായ 'ഗാന്ധി' സഫലമാകാൻ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്ന ദുർഘടങ്ങളുടെ, നിരാശകളുടെ, പ്രതീക്ഷകളുടെ, മോഹഭംഗങ്ങളുടെ നീണ്ട ഇരുപത് വർഷങ്ങളെക്കുറിച്ചാണ് അദ്ദേഹം ഈ പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം വിവരിക്കുന്നത്. ഇരുപത് വർഷങ്ങളോ??? എന്ന് ആരും അത്ഭുതത്തോടെ ചോദിച്ചുപോകും. അതെ, ആ മനുഷ്യന്റെ ഇച്‌ഛാശക്തിയെ, സഹിഷ്ണുതയെ, ആത്മവീര്യത്തെ പ്രശംസിച്ചേ മതിയാകൂ.
നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി നിങ്ങൾ എത്ര കാലം നൽകാൻ തയ്യാറാണ്? ആഗ്രഹിച്ചതൊക്കെ ഉടൻ നടക്കണമെന്ന് വാശി പിടിക്കുന്ന, നടന്നില്ലെങ്കിൽ അക്രമാസക്തമാവുകയും, നിരാശരാവുകയും ചെയ്യുന്ന മനസ്സുകളെയാണ് നമ്മൾ കൂടുതലും കണ്ടു വരുന്നത്. ഒരു തരം ഇൻസ്റ്റന്റ് കോഫി ആറ്റിട്യൂഡ്. വർധിച്ചുവരുന്ന പല ക്രൂര കൃത്യങ്ങളും ഇതിനുദാഹരണമാണ്. എല്ലാം ഉടൻ നേടാനുള്ള വ്യഗ്രത. അതിനുവേണ്ടി എന്ത് കുറുക്കു വഴികളും അന്വേഷിക്കാൻ മടിയില്ലാത്ത മനോഭാവം.
കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ എന്തും നേടാൻ കഴിയൂ എന്ന സത്യത്തെ മനസ്സിലാക്കുമ്പോൾ നമ്മളിൽ ഇച്ഛാശക്തിയും, മനോബലവും ഉണ്ടാകുന്നു. കാരുണ്യത്തോടെ, വിശാലമായ മനസ്സോടെ കാത്തിരിക്കാൻ മനസ്സ് പാകപ്പെടുന്നു. ഒരു കടുവ ഒരിക്കലും ഒരു സിംഹമാകാനോ, കാക്ക കൊക്കാകാനോ (അങ്ങനെയൊരു ചൊല്ലുണ്ടെങ്കിലും) ശ്രമിക്കാറില്ല, ശ്രമിക്കേണ്ടതുമില്ല. നമ്മളുടെ ജീവിതത്തിനു അർത്ഥം നൽകാൻ നമുക്ക് കഴിയുക എന്നത് തന്നെയാണ് ജീവിത ലക്ഷ്യവും. സ്വന്തം സർഗാത്മകതയെയും, സ്വപ്നങ്ങളെയും തിരിച്ചറിയാനും അവയെ സംസ്കരിച്ചെടുക്കാനും, സാക്ഷാത്കരിക്കാനുമുള്ള ശ്രമങ്ങൾ തന്നെയാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. അതേ സമയം, ഒന്നും നടന്നില്ലെങ്കിലും അതിനെയൊക്കെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാനും തയ്യാറാകുമ്പോൾ നമ്മൾ 'എന്തെങ്കിലും ആകൂ, എന്തെങ്കിലും നേടൂ' എന്ന നെട്ടോട്ടത്തിൽ നിന്നും സ്വതന്ത്രരാകുന്നു. ജീവിതത്തെ, അത് നൽകുന്ന ദുഖങ്ങളോടെ, നിരാശകളോടെ, പരാജയങ്ങളോടെ സ്വീകരിക്കാൻ തയ്യാറാകുക എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.
-by സന്തോഷ് കാനാ / Santhosh Kana
പുസ്തകത്തെക്കുറിച്ചുള്ള എന്റെ യൂട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
കന്മദം സിനിമയുടെ ലൊക്കേഷനിലേക്ക് ഒരു യാത്ര (Kanmadam Movie location)
Saturday, February 11, 2023
ഭാലോ ബാംഗ്ലാ - ബംഗാൾ യാത്രകൾ, അനുഭവങ്ങൾ (Bhaalo Bangla-Bengal Memories)
കുണ്ടുദായുടെ കൂടെ അടുത്തുള്ള ഒരു ഗ്രാമത്തിൽ ജാത്ര കാണാൻ പോയ രാത്രി ഇപ്പോഴും ഓർക്കുന്നു. വിക്ടർ ബാനെർജി അഭിനയിച്ച 'ബാബാ ഠാക്കുറെർ ലാഠി' എന്ന നാടകം. നിലാവുള്ള ആ അർദ്ധരാത്രിയിൽ വിശാലമായ നെൽപാടങ്ങൾക്കിടയിലൂടെ തിരികെയുള്ള യാത്രയിൽ കുണ്ടുദായുടെ സൈക്കിളിന്റെ പുറകിലുരുന്ന് ഞാൻ ഭൂപെൻ ഹസാരികയുടെ 'ഓ ഗംഗാ ബോയ്‌ച്ചോ കെനോ..' (ഗംഗാ, നീയെന്തിനാണ് ഒഴുകുന്നത്?) എന്ന പാട്ട് അതിന്റെ മുഴുവൻ വേദനയും, ദുഖവും ആവാഹിച്ച് അദ്ദേഹം പാടിയത് കേട്ട് വികാരഭരിതനായി. ഒരു നിമിഷം ബഹാദൂർപൂറിലെ ആ നെൽപാടങ്ങൾ അനന്ത വിസ്തൃതമായ ഗംഗയായി പരിണമിച്ചു.
ഭൂപെൻ ഹസാരിക പാടിയ 'അമി ഏക് ജാജബോർ', 'സബാർ ഹൃദയേ റൊബീന്ദ്രനാഥ്, ചേതന തേ നസ്‌റുൽ' എന്ന ഗാനങ്ങളും, രബീന്ദ്ര സംഗീതത്തിൽ ഹേമന്ത് മുഖോപാധ്യായ്, കണികാ ബന്ദോപാധ്യായ്,ദേബബ്രൊതോ ബിശ്വാസ്,ശ്രീകാന്തോ എന്നീ പാട്ടുകാരും, നസ്‌റുൽ ഗീതയിൽ മാനബേന്ദ്ര മുഖോപാധ്യായ്, ഭാട്ടിയാലിയിൽ ഹേമംഗോ ബിശ്വാസ്, അബ്ബാസുദ്ദിൻ അഹമ്മദ്, സോഗതോ, ലോക് ഗീതിയിൽ അമർ പാൽ, കാലിക പ്രസാദ് ഭട്ടാചാര്യ, ബാവുൾ സംഗീതത്തിൽ പൂർണോ ദാസ് ബാവുൾ, കാർത്തിക് ദാസ് ബാവുൾ, പാർവതി ബാവുൾ തുടങ്ങി ഒരു വലിയ ശേഖരം തന്നെ എന്റെ കയ്യിലുണ്ടായിരുന്നു. 'തൊബു മൊനെ രാഖോ' എന്ന പാട്ട് ടാഗോറിന്റെ തന്നെ ശബ്ദത്തിൽ കേട്ടത് ഏറെ അത്ഭുതപ്പെടുത്തി. നീണ്ട താടിയും, മുടിയുമായി യോഗിതുല്യമായ ആ ഗാംഭീര്യത്തിന് പ്രത്യക്ഷത്തിൽ ചേരുന്ന ശബ്ദമല്ല, അദ്ദേഹത്തിന്റെ ലോലവും, സ്ത്രൈണവുമായ ശബ്ദം. നസ്‌റുൽ ഗീതിയ്ക്ക് ഹിന്ദുസ്ഥാനി ഗസലുകളുടെ സ്വഭാവമാണ്. മാനബേന്ദ്ര മുഖോപാധ്യായ് പാടിയ 'കേനോ കാദെ പൊറാൺ കീ ബേദൊനാ' ഒരു ഗുലാം അലി ഗസൽ കേൾക്കുന്ന സുഖം നൽകും. അസൻസോളിനടുത്താണ് കാസി നസ്‌റുൽ തന്റെ ജീവിതം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമുള്ള ചുരുളിയ എന്ന സ്ഥലത്ത് ഓരോ വർഷവും സംഗീത പരിപാടികൾ നടക്കാറുണ്ട്. നസ്‌റുൽ വിപ്ലവ കവിയെന്നും, ബംഗാളിന്റെ ദേശീയ കവിയെന്നും അറിയപ്പെടുന്നു. ഭൂപെൻ ഹസാരികയുടെ പാട്ടിൽ പറയുന്ന വരികൾ ഇത് വ്യക്തമാക്കുന്നു,
"സബാർ ഹൃദോയെ റൊബിന്ദ്രനാഥ്, ചേതന തെ നസ്‌റുൽ" അതായത്
"രബീന്ദ്രനാഥ് എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നു, നസ്‌റുൽ ചേതനയിലും.
ഒരു കയ്യിൽ അഗ്നിവീണയും (നസ്‌റുൽ), മറ്റേ കയ്യിൽ ഗീതാഞ്ജലിയും (ടാഗോർ) ഏന്തി ഞങ്ങൾ ജീവിത പാതയിലെ വിഘ്നങ്ങളെ നേരിടുന്നു".
കുടജാദ്രിയിലെ അവധൂതൻ (The Avadhuta of Kodachadri)
രമണ മഹർഷിയുടെ തിരുവണ്ണാമലൈയിലെ ആശ്രമം ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്താണ് ഒരു ഫ്രഞ്ച് സുഹൃത്തിന്റേയും, തമിഴ് സഹപാഠിയുടെയും കൂടെ ആ ആത്മീയ സാന്നിധ്യം പാദങ്ങൾക്ക് നൽകിയ കുളിർമയോടെ കുന്ന് കയറി കണ്ടത്. ആർതർ ഓസ്ബോൺ എഴുതിയ രമണ മഹർഷിയുടെ ജീവ ചരിത്രം ഞാൻ ആദ്യം വായിച്ചത് ബി.എയ്ക്ക് പയ്യന്നുർ കോളേജിൽ പഠിക്കുമ്പോഴായിരുന്നു. ആത്മാന്വേഷണം മാത്രമാണ് എല്ലാത്തിനും പരിഹാരം എന്ന സന്ദേശം ഒരു തരത്തിലുള്ള ആലങ്കാരികതകളുമില്ലാതെ, അതേ സമയം നിത്യജീവിത ഉദാഹരങ്ങളിലൂടെ സ്പഷ്ടമായി പറഞ്ഞു തരുന്ന അപൂർവം ഗുരുക്കന്മാരിൽ ശ്രേഷ്ഠനാണ് രമണ മഹർഷി. ആശ്രമ പരിസരത്തിരിക്കുമ്പോൾ അതു വഴി വന്ന ഒരു സന്ന്യാസി എന്നെ നോക്കി ചില ഭാവി പ്രവചനങ്ങൾ നടത്തുകയും, ഒരു രുദ്രാക്ഷ മാല സ്നേഹത്തോടെ സമ്മാനിക്കുകയും ചെയ്തു. ഞാൻ തിരിച്ച് എന്ത് നൽകണം എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ടാ എന്ന് വാത്സല്യത്തോടെ നിരസിച്ച് ഒരു പുഞ്ചിരിയോടെ കടന്നുപോവുകയും ചെയ്തു. അതിശയമെന്നു പറയട്ടെ, ഒരു വർഷത്തിനുശേഷം പോണ്ടിച്ചേരിയിലെ ഒരു തെരുവിൽ വെച്ച് "എന്നെ മനസിലായോ" എന്ന് ചോദിച്ച് അടുത്തുവന്ന സന്യാസി തിരുവണ്ണാമലയിൽ കണ്ട 'ഗണപതി' എന്ന് പേരുള്ള അതേ സന്യാസിയായിരുന്നു!!
ക്ലാസ്സ് മുറിയിൽ ഇരുന്നാൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ക്യാമ്പസ് എന്നതുകൊണ്ട് തന്നെ പോണ്ടിച്ചേരിയിൽ പുസ്തകപ്പുഴുക്കളാകാൻ വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. മിക്കവാറും അവധിക്കാലങ്ങൾ യാത്രകൾക്കായി കരുതിവെച്ച് തമിഴ് നാടിന്റെയും, ആന്ധ്രയുടെയും മണ്ണിലൂടെയും, മനസിലൂടെയും നടത്തിയ യാത്രകൾ തന്ന അളവറ്റ അനുഭവ സമ്പത്തിന് കാലത്തോട് നന്ദി പറയുന്നു. പുസ്തകങ്ങളിലെ വാക്കുകൾക്കും, പാത്രങ്ങൾക്കും ജീവൻ പകരുന്നത് ജീവിത പരിജ്ഞാനങ്ങളാകുമ്പോൾ മാത്രമാണ് സാഹിത്യ-കലാ പഠനം സമഗ്രമാകുന്നത്.
അങ്ങിനെ ഒരു വേനലവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ കൊല്ലൂരിലേയ്ക്ക്, കുടജാദ്രിയിലേയ്ക്ക് നടത്തിയ സാഹസിക-സാംസ്കാരിക തീർത്ഥാടനത്തിന്റെ കഥ പറയാം.
ചോദിച്ചറിഞ്ഞതുപ്രകാരം സൗപർണികാ തീരത്തെ താടിക്കാരനെ അന്വേഷിച്ച് ഞങ്ങൾ നീങ്ങി. നദീ തീരത്തെ ഒരു മണ്ഡപത്തിൽ കാവി മുണ്ടും കറുത്ത ഷർട്ടുമിട്ട് ഒരാൾ കൈത്തണ്ടകൊണ്ട് കണ്ണുകൾ മറച്ച് കിടക്കുന്നു. "വിജയേട്ടാ" എന്ന് വിളിച്ചപ്പോൾ ഉടൻ എഴുന്നേറ്റു. സ്നേഹത്തോടെ സംസാരം തുടങ്ങി. കുടജാദ്രിയിലേക്ക് കൂടെ വരാൻ തയ്യാറായി, അല്ല, കുടജാദ്രിയിലേക്ക് ഞങ്ങളെ കൊണ്ട് പോകാൻ തയ്യാറായി. "പാന്ഥർ പെരുവഴിയമ്പലം തന്നിലെ..." എന്ന പോലെ അതാ അല്പനേരത്തിനുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവർ കൂടെ ചേർന്നൊരു സംഘമാകുന്നു!
തിരിച്ചു വരുമ്പോൾ 'സന്തോഷ് ഹോട്ടലിൽ' നിന്നും ഭക്ഷണം കഴിച്ചു. മൂകാംബിക ക്ഷേത്രത്തിലെത്തുകയും പൂജ കഴിക്കാനും, ദർശനത്തിനുമായി കാത്തു നിൽക്കുകയും ചെയ്‍തപ്പോൾ "ശ്രീകരം" എന്ന വിശേഷ പൂജയെക്കുറിച്ച് വിജയേട്ടൻ എന്നോട് പറഞ്ഞു.
ശോക രോഗ നിവാരണം
കുളി കഴിഞ്ഞു വന്ന അദ്ദേഹത്തെ ഞാനും മൂർത്തിയും പ്രാതലിനായി മെസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭാഷാ വൈവിധ്യങ്ങളുടെ ചെറു ഘർഷണങ്ങളെ സ്നേഹസ്നിഗ്ദ്ധതകൊണ്ട് നിസ്സാരമാക്കി വിജയേട്ടനും, മൂർത്തിയും അൽപ നേരത്തിനുള്ളിൽ തന്നെ മാനസിക സഹയാത്രികരായി. സ്വതസിദ്ധമായ വാചാലതയോടെ അദ്ദേഹത്തോട് പലതും പറഞ്ഞും ചോദിച്ചും മൂർത്തി എന്റെ ആതിഥേയത്വം വിപുലവും, ബഹുലവുമാക്കി. ഒരു രാത്രി കഴിഞ്ഞു. വിജയേട്ടനെയും കൂട്ടി വൈകുന്നേരം ബീച്ചിൽ ഞങ്ങൾ ഏറെ സമയം ചെലവഴിച്ചു. വിജയേട്ടൻ അധികമൊന്നും സംസാരിച്ചില്ല. മൂർത്തിയാകട്ടെ തന്റെ നാടിനെയും, യൂണിവേഴ്സിറ്റിയെയും, വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് പലതും പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ കൂടെ നാട്ടിലേക്കും, കൊല്ലൂരിലേയ്ക്കും വന്ന കൂട്ടുകാരിൽ മൂർത്തി ഉണ്ടായിരുന്നില്ല. അവർ രണ്ടു പേരും ചില തിരക്കുകൾ കാരണം അൽപ നേരം ഹോസ്റ്റലിൽ വന്ന് വിജയേട്ടനോട് സംസാരിച്ച് തിരിച്ചുപോയി. രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം മൂർത്തിയും വിജയേട്ടനും തങ്ങി. "ഈ രാത്രി ത്രിമൂർത്തി സംഗമത്തിന്റേതാണ്" എന്ന് പറഞ്ഞ് വിജയേട്ടൻ മുറിയിൽ കൂട്ടച്ചിരി ഉയർത്തി. മൂർത്തിയും ഞാനും അദ്ദേഹത്തിന്റെ സന്ദർശന കാരണം പരസ്പരം ചർച്ച ചെയ്‌തെങ്കിലും ഒന്നും ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ല.
മൂർത്തി അന്നും ഇന്നും നല്ല സുഹൃത്തായി തന്നെ തുടരുന്നു. മൂർത്തിയെ പറ്റി ഹോസ്റ്റൽ മുറിയിലിരുന്ന് പ്രവചനസിദ്ധിയോടെ വിജയേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞ രണ്ട് കാര്യങ്ങൾ പിന്നീട് സത്യമായി എന്നത് ഇന്നും എന്നെ അത്ഭുദപ്പെടുത്തുന്നു.